page

Wednesday, 26 May 2021

ലക്ഷദ്വീപ്-കാന്തപുരത്തെ വേട്ടയാടുന്നവരോട് !

 സാധുക്കളേ, നിങ്ങൾക്കും ദ്വീപിനുമിടയിൽ ഒരറബിക്കടലുണ്ട്


സമുദായത്തിനകത്തെ ആഭ്യന്തര യുദ്ധങ്ങൾ ജയിക്കാൻ മുസ്‌ലിംകൾക്ക് ബി ജെ പിയെ കൂടിയേ തീരൂ എന്ന നിലയിലെത്തിയിട്ടുണ്ട് കാര്യങ്ങൾ. പല സ്വയം പ്രഖ്യാപിത ഫാസിസ്റ്റ് വിരുദ്ധ പോരാളികൾക്കും, സ്വന്തം സമുദായത്തിലെ സഹോദരന്മാരെ ഫാസിസത്തോട് മാർഗം കൂട്ടിയാലല്ലാതെ ഫാസിസത്തിനെതിരെ നേരെച്ചൊവ്വെ നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. അത്രമേൽ ദുർബലമായി കൊണ്ടിരിക്കുകയാണ് പലരുടെയും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾ. അതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ലക്ഷദ്വീപിലെ ഭരണകൂട ഭീകരതക്കെതിരെയുള്ള ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങൾക്കിടെ ചിലർ കൊണ്ടുവരാൻ ശ്രമിക്കുന്ന, ദ്വീപിലെ ബി ജെ പിക്കാർ പോലും വിശ്വസിക്കാത്ത, ബി ജെ പി ക്ക് ലക്ഷദ്വീപിൽ ഉള്ള സ്വാധീനത്തെ കുറിച്ചുള്ള കെട്ടുകഥ. “സമസ്തക്കാരനായ”, “ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്‌ലിയാരുമായി അടുത്ത ബന്ധമുള്ള” (ഇതൊക്കെ ഒരാളെ കണ്ണും പൂട്ടി തിരഞ്ഞെടുപ്പിൽ ജയിപ്പിക്കാനുള്ള എല്ലാ വോട്ടർമാരുടെയും മാനദണ്ഡങ്ങളാണോ എന്ന ചോദ്യം അവിടെ നിൽക്കട്ടെ) പി എം സഈദ് 2004 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ തോറ്റ സംഭവമാണ് ഇവരുടെ “മുൻകാല പ്രാബല്യത്തോടെയുള്ള” പ്രകോപനത്തിന് ഹേതു.


1967 മുതൽ പത്തു തവണയായി, 42 വർഷക്കാലം ദ്വീപിനെ ലോക്സഭാ യിൽ പ്രതിനിധീകരിച്ചത് പി എം സഈദ് ആണ്. (42 വർഷമൊക്കെ ഒരാളെ തന്നെ ഇങ്ങനെ ലോക്സഭയിലേക്ക് വിടാമോ എന്ന ചോദ്യവും അവിടെ നിൽക്കട്ടെ. അധികാര തുടർച്ച ആളുകളെ അഹങ്കാരികളാക്കും എന്ന വാദവും കുടുംബ ഭരണം എന്ന വാദവുമൊക്കെ ചിലരുടെ കാര്യത്തിൽ മാത്രമാണല്ലോ ബാധകം). ആ സഈദ് ജനതാദൾ (യു) വിലെ പി. പൂക്കുഞ്ഞിയോട് 71 വോട്ടുകൾക്ക് തോൽക്കുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനു പുറമെ ജനതാദള്ളിലെ സോഷ്യലിസ്റ്റ് ധാരക്ക് വലിയ വേരോട്ടമുള്ള പ്രദേശമാണ് ലക്ഷദ്വീപ്. 1990 കൾക്ക് ശേഷമുള്ള തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. 2009 ലെ ഇലക്ഷനിൽ പി എം സഈദിന്റെ മകൻ മുഹമ്മദ് ഹംദുല്ല സഈദ് ജനതാദൾ യുവിലെ പി. പൂക്കുഞ്ഞിയോട് മത്സരിച്ച് വീണ്ടും ജയിക്കുന്നു. ഭൂരിപക്ഷം 2198. 2014 ലും 2019 ലും ആകട്ടെ, എൻ സി പി യിലെ മുഹമ്മദ് ഫൈസൽ യഥാക്രമം 1535, 823 വോട്ടുകൾക്ക് പി എം സഈദിന്റെ മകൻ മുഹമ്മദ് ഹംദുല്ല സഈദിനെ പരാജയപ്പെടുത്തുന്നു. കഴിഞ്ഞ മൂന്നു തവണ മത്സരിച്ച ബി ജെ പി ക്കു കിട്ടിയ വോട്ടുകൾ ആകട്ടെ യഥാക്രമം 245, 187, 125 എന്നിങ്ങനെയാണ്. ഏറ്റവും ഒടുവിലെ ഇലക്ഷനിൽ (125 വോട്ടുകൾ) 0.27 ശതമാനമാണ് ബി ജെ പിയുടെ ലക്ഷദ്വീപിലെ വോട്ടു ഷെയർ. 52 വർഷമായി ഒരു ഉപ്പയും മകനുമാണ് ലക്ഷദീപിലെ കോൺഗ്രസ്സിന്റെ സ്ഥാനാർഥികൾ എന്നുമോർക്കണം. ഇതാണ് ലക്ഷദ്വീപിലെ ഒരു ഹൃസ്വമായ ഒരു രാഷ്ട്രീയ ചരിത്രം.



ഈ കുടുംബ വാഴ്ചയുടെ ചരിത്രത്തെ മറികടക്കാൻ, “സമസ്തക്കാരനായ”, “ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്‌ലിയാരുമായി അടുത്ത ബന്ധമുള്ള” തുടങ്ങിയ നരേറ്റിവുകൾ ഒന്നും മതിയാകില്ല. കാരണം ലക്ഷദ്വീപ് എന്നാൽ ഏതെങ്കിലും സമസ്തയുടെ ഒരു യൂണിറ്റ് കമ്മറ്റിയായി പ്രവർത്തിക്കുന്ന ഇടമല്ല. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരോട് അനുഭാവം പുലർത്തുന്ന സംഘടനകൾക്കും സ്ഥാപനങ്ങൾക്കും ദ്വീപിൽ കൂടുതൽ ശക്തമായ സാനിധ്യം ഉണ്ട് എന്നതു നേരാണ്. എന്നാൽ ദ്വീപുകാർ ഏതെങ്കിലും ഒരു സമസ്തയിലെ അംഗങ്ങൾ മാത്രമല്ല. സുന്നികൾ മാത്രം പോലുമല്ല അവർക്കിടയിൽ ഉള്ളത്. വിവിധ ത്വരീഖത്തുകൾ, വിശ്വാസ ധാരകൾ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങി വൈവിധ്യം നിറഞ്ഞ ഒരിടമാണത്. മുസ്‌ലിംകൾ മാത്രമുള്ള ഒരിടത്ത് എങ്ങിനെ സോഷ്യലിസ്റ് ചിന്തകൾക്ക് വലിയ വേരോട്ടമുണ്ടായി എന്നത് കൗതുകകരമായ ഒരന്വേഷണ വിഷയം കൂടിയാണ്.


ഈ ഓണത്തിനിടക്കാണ് ഇ കെ സമസ്തയിലെ ചില സാധുക്കളുടെ പുതിയ പുട്ടു കച്ചവടം. അതേറ്റു പിടിക്കാൻ മുസ്‌ലിം ലീഗ് സൈബർ പോരാളികൾ മുതൽ ജമാഅത്ത്‌ മൗദൂദാതി സകല വെട്ടുകിളികൾ വരെ നിരന്നു നിൽക്കുകയാണ്. “പുണ്യ സമസ്തക്കാരനെ” തോൽപ്പിക്കാൻ ഫാസിസ്റ്റുകളെ കൂട്ടുപിടിച്ചു, “അമുസ്‌ലിം ജനിക്കാത്ത മണ്ണിൽ ബി ജെ പി യെ ചേർത്തു നിർത്തി”, തുടങ്ങിയ വിലാപങ്ങളൊക്കെ കേരളത്തിലെ കരയിലിരുന്നു പാടാൻ കൊള്ളാം. അതൊന്നും ദ്വീപിൽ വേരോടില്ല. അല്ലെങ്കിലും കേരളത്തിൽ വിളയുന്നതെല്ലാം വളരുന്ന മണ്ണല്ല ദ്വീപിലേത്. കേരളത്തിന പ്പുറത്തും ലോകവും മുസ്‌ലിംകളും മുസ്‌ലിം അനുഭവങ്ങളും ഉണ്ടെന്ന് മനസ്സിലാക്കൽ ആണ് പ്രതിരോധത്തിൻ്റെ ആദ്യ പാഠം.


സ്വയം നിർണ്ണയാവകാശത്തിനു വേണ്ടിയുള്ള ദ്വീപുകാരുടെ അവകാശത്തിനു വേണ്ടിയാണ് ഇപ്പോൾ നടക്കുന്ന സമരം. ആ സമരത്തെ, ദ്വീപുകാരുടെ സ്വയം നിർണ്ണയവകാശ അനുഭവങ്ങളെ പരിഹസിച്ചു കൊണ്ട് ദയവു ചെയ്ത് കൊഞ്ഞനം കുത്തരുത്. നിങ്ങൾക്ക് ദ്വീപിൽ യൂണിറ്റും, സ്ഥാപനങ്ങളും നേതാക്കൾക്ക് സ്വീകരണവും ഒക്കെ വേണമെന്നുണ്ടെങ്കിൽ ഈ ബഹളമൊക്കെ കഴിഞ്ഞു പൊയ്ക്കോളൂ. ആതിഥ്യ മര്യാദയോടെ അവർ സ്വീകരിക്കും. അല്ലാതെ ഇല്ലാത്ത ബി ജെ പി സ്വാധീനകഥയും പറഞ്ഞു അങ്ങോട്ട് പോയേക്കരുത്. ദ്വീപുകാർക്ക് അഭിമാനത്തോടെ ജീവിക്കാൻ ഇപ്പൊൾ തടസ്സം നിൽക്കുന്നതും മേൽപറഞ്ഞ സ്വയം പ്രഖ്യാപിത പോരാളികൾക്ക് ദ്വീപിൽ നിലയുറപ്പിക്കാൻ ഇപ്പൊൾ ആവശ്യമുള്ളതും ബി ജെ പിയുടെ പിടിമുറുക്കലാണ് . ബി ജെ പിക്കാരെക്കാളും ഇപ്പോൾ ഇക്കൂട്ടരെ ആഹ്ലാദഭരിതരാക്കുന്നത് ആ ബി ജെ പിയുടെ (ഇനിയും സാധ്യമാകാത്ത) സ്വാധീന ക്കഥയാണല്ലോ എന്നതിൽ തന്നെയുണ്ട് ഇവരുടെ മാനസികാവസ്ഥയുടെ നിലവാരവും ദ്വീപ് ജനതയോടുള്ള കരുതലിന്റെ ആത്മാർഥതയും.


സാധുക്കളെ, നിങ്ങൾക്കും ദ്വീപിനും ഇടയിൽ ഒരറബിക്കടലുണ്ട്. അതാണ് നിങ്ങളുടെ ഇത്തരം നറേറ്റിവുകൾക്ക് പറ്റിയ ഇടം. ഊഹാപോഹങ്ങ ളിൽ പൊതിഞ്ഞ നിങ്ങളുടെ രാഷ്ട്രീയ ആഗ്രഹങ്ങളെ മുൻ നിർത്തിയല്ല, ദ്വീപു കാരുടെ രാഷ്ട്രീയ സാമൂഹിക അനുഭവങ്ങളെ മുൻ നിർത്തിയുള്ള പിന്തുണയാണ് ലക്ഷ്വദീപ് ആവശ്യപ്പെടുന്നത്. അതു കൊടുക്കാൻ കഴിയുമെങ്കിൽ കൊടുക്കുക. നിങ്ങളുടെ സ്വപ്നങ്ങൾ പണിയാനുള്ള അവസരമായി ദ്വീപുകാരുടെ വേദനകളെ ഉപയോഗിക്കാതിരിക്കുക. അതാണ് അവരോട് ചെയ്യാനുള്ള മിനിമം മര്യാദയും നീതിയും.

എം പി ഫവാസ്

http://www.sirajlive.com/2021/05/25/480767.html