page

Sunday, 30 May 2021

പേടിപ്പിക്കുന്ന സോഷ്യൽ മീഡിയ

 പ്രിയപ്പെട്ട മുഅ്മിനീങ്ങളെ,

സോഷ്യൽ മീഡിയയിൽ ചുറ്റിത്തിരിഞ്ഞ്  നമ്മുടെ മനോവീര്യം തകർക്കുന്ന വിധം ശരിയായതും വ്യാജമായതുമായി വരുന്ന കാര്യങ്ങളിൽ വ്യഥ പൂണ്ട് അസ്വസ്ഥരാവാതിരിക്കുക.

അതെല്ലാം ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്ത് ഭീതി പരത്തി മറ്റുള്ളവരെക്കൂടി അശക്തരാക്കാതിരിക്കുക. അത്തരം കാര്യങ്ങൾ കാണാതെ കേൾക്കാതെ ഷെയർ ചെയ്യാതെ  അവഗണിക്കുക. 


നമുക്ക് ചില പ്രതിസന്ധികൾ തീർച്ചയായും വരാനുണ്ട്. അതിനെ നാം നേരിടുകയും അതിജയിക്കുകയും  തന്നെ ചെയ്യും.


പൂർവ്വികർ അതിജയിച്ച മാർഗ്ഗങ്ങളിലൂടെ തന്നെ അതിജയിക്കും. മലികുൽ മുലൂക് (സർവ്വ അധികാരികളുടെയും മേലെയുള്ള സർവ്വാധികാരി) നമ്മോട് എത്രമേൽ അടുക്കുമെന്നറിയുമോ? 

അവൻ നമ്മോടും നാം അവനോടും അടുത്താൽ പിന്നെന്ത്?


സോഷ്യൽ മീഡിയയിൽ കറങ്ങിത്തിരിഞ്ഞ് മനക്ലേശം സമ്പാദിച്ച് നിർവ്വീര്യമാവാതെ ആ സമയം ആത്മീയ വഴിയിൽ സഞ്ചരിച്ച് അവനോട് അടുക്കൂ. ഖുർആൻ പാരായണം ചെയ്യൂ. ദിക്റും സ്വലാത്തും വർദ്ധിപ്പിക്കൂ.

വിശ്വാസം സുദൃഢമാവും. മന:ധൈര്യം കൂടും. ആരാധനകളിൽ മന:സാന്നിദ്ധ്യം വർദ്ധിക്കും. വരുന്ന ക്ലേശങ്ങൾ സഹിക്കുന്നത് തന്നെ ഒരു ഹരമായി മാറും.


അല്ലാഹുവോട് നമുക്ക് അടുത്തിരിക്കാം. ആത്മീയ ശക്തിയുള്ള ഒരു ഉമ്മത്തായി നമുക്ക് കാത്തിരിക്കാം. 

വരട്ടെ, എല്ലാവരും എല്ലാ കുതന്ത്രങ്ങളുമായി വരട്ടെ. വരുന്നിടത്ത് വച്ച് കാണാം. 


(സോഷ്യൽ മീഡിയയെ നിരീക്ഷിച്ച് സത്യാസത്യങ്ങളെയും കുതന്ത്രങ്ങളെയും തിരിച്ചറിയാനും ആവശ്യമായ, ഫലപ്രദമായ ഇടപെടലുകൾ നടത്താനും കഴിയുന്നവർ മാത്രം അത് നിർവ്വഹിച്ചാൽ മതി.)

[ശൗക്കത്ത് നഈമി അൽ ബുഖാരി]