page

Wednesday, 30 June 2021

സമസ്തയും ഡൽഹിയിലേക്കുള്ള മുതലക്കുളം യാത്രയും

 OM തരുവണ 🖋


*ഡൽഹി യാത്ര മുതലക്കുളമാക്കിയതാര്*


1985 ആഗസ്ത്  എട്ടിനു ചേർന്ന സമസ്ത മുശാവറ യോഗത്തിന്റെ ആദ്യത്തെ മൂന്നു തീരുമാനങ്ങൾ ശരീഅത്ത് വിവാദം സംബന്ധിച്ചായിരുന്നു. ആദ്യത്തെ രണ്ടു തീരുമാനങ്ങൾ വിഷയത്തിന്റെ ഗൗരവവും പ്രശ്നത്തിൽ സമസ്ത ഇടപെടേണ്ടതിന്റെ അനിവാര്യതയും പരാമർശിക്കുന്നതാണു്.

ശരീഅത്ത് പ്രശ്നം സംബന്ധിച്ച് പ്രധാനമന്ത്രിയെ കാണാനായിരുന്നു മൂന്നാമത്തെ തീരുമാനം. ദീർഘമായ ചർച്ചക്കുശേഷം ശംസുൽ ഉലമ, ഉള്ളാൾ തങ്ങൾ, കാന്തപുരം ഉസ്താദ് എന്നിവരെ ഡൽഹിക്ക് അയക്കാനും തീരുമാനിച്ചു.  


പ്രധാനമന്ത്രിയെക്കാണാനുള്ള ഒരുക്കങ്ങൾ സമസ്ത ഓഫീസ് ദ്രുതഗതിയിൽ നടത്തി.

PM ഓഫീസിൽ നിന്ന് സന്ദർശനാനുമതി ലഭിച്ചു, മൂന്നു പേർക്കുള്ള വിമാന ടിക്കറ്റ് റെഡിയായി, കൊണ്ടു പോകാനുള്ള പ്രമേയം തയാറാക്കാൻ ദിവസങ്ങളെടുത്തു - ഇസ് ലാമിക ശരീഅത്തും വൈവാഹിക നിയമങ്ങളും മുഹമ്മദൻ ലോയുടെ നിലപാടുകളും കോടതി ദുർവ്യാഖ്യാനം ചെയ്ത ഖുർആൻ വചനത്തിന്റെ പൊരുളും

എല്ലാം സവിസ്തരം വിശകലനം ചെയ്യുന്നതായിരുന്നു ആ മെമ്മോറാണ്ടം.


പക്ഷേ, സമസ്തയുടെ സുചിന്തിതമായ ആ തീരുമാനം നടപ്പായില്ല! ശംസുൽ ഉലമയും ഇന്ത്യൻ പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച എന്ന ചരിത്ര സംഭവവും നടന്നില്ല!! ആരാണതു തടഞ്ഞത്? എന്തിനാണതു തടഞ്ഞത്? 


ശരീഅത്ത് വിഷയത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയെ കാണണമെന്നു തീരുമാനിച്ചത് മാത്രമേ സമസ്തയുടെ തീരുമാനത്തിൽ കാണുന്നുള്ളൂ; ആ തീരുമാനം മാറ്റിവച്ചതായോ മരവിപ്പിച്ചതായോ ഉപേക്ഷിച്ചതായോ സമസ്തയുടെ തീരുമാനങ്ങളിലോ രേഖകളിലോ കാണുന്നില്ല! ശംസുൽ ഉലമയും കണ്ണിയത്തുസ്താദും ഉൾകൊള്ളുന്ന സമസ്ത മുശാവറ കൈകൊണ്ട ചരിത്രപ്രധാനമാകുമായിരുന്ന ഒരു തീരുമാനം ആരാണ് അട്ടിമറിച്ചത്?


ഡൽഹിയിൽ പോയി രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കാണുന്നതിനു പകരം മുതലക്കുളത്തു പോയി നദ് വി സാഹിബിനെ കണ്ടാൽ മതിയെന്നു തീരുമാനിച്ചതാരാണ്? സമസ്തയുടെ ഒരു രേഖയിലും ഡൽഹി യാത്ര മുതലക്കുളം യാത്രയാക്കാൻ തീരുമാനിച്ചതായി കാണുന്നില്ല. മാത്രമല്ല,

നിലവിലുണ്ടായിരുന്ന നയമനുസരിച്ച് ബിദ്അത്തുകാരുമായി വേദി പങ്കിടാൻ സമസ്തക്ക് കഴിയുമായിരുന്നില്ല. പങ്കിടേണ്ട ഒരു നിർബന്ധിത സാഹചര്യം ഉണ്ടായാൽ വേണ്ടിവരും, അതുപക്ഷേ, മുശാവറ യോഗം ചേർന്നു ചർച്ച ചെയ്തു തീരുമാനിച്ച ശേഷമാകാമായിരുന്നു, അതുണ്ടായിട്ടില്ല!

എന്തുകൊണ്ടുണ്ടായില്ല? സമസ്തയുടെ ഒരു വേദിയിലും ഉണ്ടായതല്ല പ്രസ്ഥാനത്തെ നാണം കെടുത്തിയ ഈ തീരുമാനങ്ങൾ. രാഷ്ട്രീയത്തിന്റെ ഏതോ കരിമുറിയിലോ 

ഇടിമുറിയിലോ ആണ് ഈ ജാരസന്താനങ്ങൾ പറന്നത്!


സമസ്തയുടെ ഡൽഹിയാത്ര മുടക്കിയതും നയപരമായ 'തർക്കുൽ മുവാലാതി' ൽ വെള്ളം ചേർത്തതും ആരാണ്? സമസ്തയുടെ പണ്ഡിതന്മാർ കല്ലായിപ്പാലത്തിന്റെ അപ്പുറത്തേക്കു പോകേണ്ടെന്നു കൽപ്പിച്ചരുളിയത് ഏതു കോലോത്തെ തമ്പുരാക്കന്മാരാണ്? 

അവരാണു സമസ്തയെ പിളർത്തിയത്,

അവരാണ് നമ്മുടെ ആലിമീങ്ങളെ രണ്ടായി പകുത്തത്, അവരാണ് മഹല്ലുകളിൽ ഇന്നു കാണുന്ന സകല കുഴപ്പത്തിനും കാരണക്കാർ - സമസ്തയിലെ കുഴപ്പക്കാരെ ഇനിയാരും കുടത്തിൽ തെരയേണ്ട.


1989 ൽ സംഭവിക്കേണ്ടതെന്തോ അതു സംഭവിച്ചു, അതേക്കുറിച്ചു പറഞ്ഞു അന്ത്യനാൾ വരെ കലഹിക്കണം എന്ന് ആർക്കും താത്പര്യമില്ല. എന്നാൽ കള്ളക്കഥകൾ പറഞ്ഞു പരത്തി കുഴപ്പങ്ങൾ ലൈവായി നിലനിറുത്താൻ ഒരു വിഭാഗം ബോധപൂർവം ശ്രമിച്ചാൽ സംഭവങ്ങളുടെ സത്യാവസ്ഥ

തുറന്ന് പറയാൻ ചരിത്രമറിയുന്നവർക്കു ബാധ്യതയുണ്ട്. വ്യാജം പറഞ്ഞു പരത്തുന്നതു എന്ന് നിറുത്തുന്നോ അന്നോളം സത്യം ഞങ്ങൾ വിളിച്ചു പറയും, ആരും കെറുവിച്ചിട്ടോ ബഹളം വച്ചിട്ടോ കാര്യമില്ല; പടച്ച തമ്പുരാനാണ പറയും! തെറി പറയുന്നവർ തെറിയുടെ കൂമ്പാരവുമായി പരലോകത്ത് വരും.


ഒരു ഡൽഹി യാത്ര തടയാൻ സുന്നി പ്രസ്ഥാനത്തെ പിളർത്തിയവർക്കു കുന്നോളം തെറ്റി. വരയ്ക്കൽ മുല്ലക്കോയ തങ്ങളുടെ ശരിയായ അവകാശികൾ നിയമാനുസൃതം സമസ്ത പുനസ്സംഘടിപ്പിച്ചു. ശരിയായ ആ നേതൃത്വം ഡൽഹി യാത്രയുടെ എല്ലാ കടവും തീർത്തു. 89 നു ശേഷം രാജ്യത്ത് അധികാരമേറ്റ എല്ലാ പ്രധാനമന്ത്രി മാരെയും നമ്മുടെ നേതാക്കൾ കണ്ടു!

'ഏലം ചുക്കാദി'യെക്കുറിച്ചു ചർച്ച ചെയ്യാനല്ല; സമുദായത്തിന്റെ കാര്യം പറയാൻ. കല്ലായിപ്പുഴയുടെ അപ്പുറം തടഞ്ഞു നിറുത്തപ്പെട്ടവർ ഇപ്പോഴും അവിടെ തന്നെയൊക്കെ ഉണ്ടട്ടോ...


OMTharuvana fb Post.