page

Thursday, 1 July 2021

സമസ്ത-1989ൽ എന്ത് സംഭവിച്ചു ?

 *ഒരിറങ്ങിപ്പോക്കിൻ്റെ_കഥ;*

*പുറത്താക്കലിൻ്റെയും.*


സൊസൈറ്റിസ് ആക്ട് പ്രകാരം റജിസ്ത്ര് ചെയ്തു പ്രവർത്തിക്കുന്ന എല്ലാ സംഘടനകളും നിശ്ചിത സമയത്ത് ജനറൽ ബോഡി ചേരണം, ഭാരവാഹികളെ തെരഞ്ഞെടുക്കണം, ഭരണഘടന അനുശാസിക്കും വിധം മെമ്പർഷിപ്പ് പ്രവർത്തനം നടത്തണം. ഒരു സംഘടന ഇതൊന്നും ചെയ്തില്ലെന്നു വച്ച് സാധാരണയിൽ  പ്രശ്നമൊന്നുമില്ല. സംഘടനയ്ക്കകത്തോ പുറത്തോ വല്ല പ്രശ്നമുണ്ടാവുകയും ആരെങ്കിലും നിയമത്തിൻ്റെ വഴിക്കു പോവുകയും ചെയ്താൽ പ്രശ്നമാണ്. അങ്ങനെ ഒരു ക്ലൈമാക്സാണ് 1989ൽ സമസ്തയിൽ സംഭവിച്ചത്.


സൊസൈറ്റീസ് ആക്ട് പ്രകാരം റജിസ്ത്ര് ചെയ്ത സംഘടനയാണു സമസ്ത. ഈ ആക്ട് പ്രകാരം റജിസ്ത്ര് ചെയ്ത മറ്റേതു സംഘടയേയും പോലെ സമസ്തയും സമയാസമയം ജനറൽ ബോഡി യോഗം ചേരുകയും തെരഞ്ഞെടുപ്പും മെമ്പർഷിപ്പ് പ്രവർത്തനവും മറ്റും നടത്തുകയും ചെയ്യണം. സംഗതിവശാൽ വർഷങ്ങളോളം നിയമപരമായ ഈ നടപടി ക്രമങ്ങളൊന്നും സമസ്തയിൽ ഉണ്ടായില്ല. മെമ്പർഷിപ്പ് പ്രവർത്തനമില്ല, ജനറൽ ബോഡി യോഗമില്ല. തെരഞ്ഞെടുപ്പിനു പകരം മരിച്ചോ മറ്റോ പിരിയുന്ന അംഗങ്ങൾക്കു പകരം ആളുകളെ നോമിനേറ്റ് ചെയ്യും. ആരും പരാതിപ്പെടാത്തതു കൊണ്ട് പ്രശ്നങ്ങളൊന്നുമുണ്ടായില്ല. 89ൽ പ്രശ്നങ്ങളുണ്ടായി, പരാതിപ്പെടാൻ ആളുണ്ടായി, സ്വാഭാവികമായും കേസുമുണ്ടായി.


രാഷ്ട്രീയ അധിനിവേശമായിരുന്നു 1989ൽ സമസ്തയിൽ ഉടലെടുത്ത പ്രശ്നങ്ങളുടെ കാതൽ. ഇന്നത്തെ ചേളാരി വിഭാഗം സമസ്തയെപ്പോലെ മുസ്ലിംലീഗിൻ്റെ ഉപഗ്രഹമായി സമസ്ത നിലകൊണ്ടാൽ മതി എന്നായിരുന്നു ലീഗിൻ്റെ താത്പര്യം. സമുദായത്തിൽ ലീഗല്ലാത്ത മറ്റൊരു അധികാര കേന്ദ്രം ഉണ്ടാകാൻ പാടില്ല. സമുദായത്തിൻ്റെ മുമ്പിൽ എഴുന്നേറ്റ് നിൽക്കുന്നത് ലീഗ് മാത്രമായിരിക്കണം. സമസ്തക്ക് സമ്മേളനം നടത്താം. പക്ഷേ, വേദിയുടെ ഒന്നാംനിരയും പരിപാടിയുടെ നടുക്കഷ്ണങ്ങളും ലീഗിനു വേണം -ഏതാണ്ട് പട്ടിക്കാട് സമ്മേളനം പോലെ. പിന്നെ, രാഷ്ടീയം ഒരക്ഷരം മിണ്ടരുത്, ഭരണാധികാരികളെ ചെന്നുകാണരുത്, പൊതുരംഗത്തൊന്നും ഇടപെടരുത്. അതൊെക്കെ പാർട്ടിക്കു പറഞ്ഞതാണ്. മുസ്ലിയാന്മാർ വല്ല പള്ളിമൂലയിലും ചൊറിമാന്തി കഴിഞ്ഞുകൊള്ളണം. കാണക്കാണെ ഈ തിട്ടൂരങ്ങൾക്കെതിരെ സമസ്തയിൽ ഒരു മുസ്ലിയാർ തലപൊക്കി. അങ്ങനെയാണ്  പ്രശ്നങ്ങൾ ഉടലെടുക്കുന്നത്.


സ്വതന്ത്ര അസ്ഥിത്വമുള്ള, സ്വന്തം നിലപാടുകളുള്ള ആരുടെയും ഊരബലം ആവശ്യമില്ലാത്ത പുത്രികാ പദവിയിലല്ലാത്ത പരമാധികാര സഭയാകണം സമസ്തയെന്ന് ഈ മുസ്ലിയാർ ശഠിച്ചു. ശഠിച്ചുവെന്നു മാത്രമല്ല; മുഖാമുഖം നിൽക്കാനും മറുചോദ്യങ്ങൾ ഉന്നയിക്കാനും തുടങ്ങി. ഇതൊന്നും പാർട്ടിക്കു പരിചയമുള്ള കാര്യമല്ല. ഇങ്ങനെ ചില ഒറ്റയാന്മാർ മുമ്പും ഇടഞ്ഞു നിന്നിട്ടുണ്ട്. തോട്ടിക്കിട്ടു പിടിച്ചു പാർട്ടി അവരെ മെരുക്കിയിട്ടുമുണ്ട്. പക്ഷേ, ഈ മുസ്ലിയാർ ഇണങ്ങുന്നില്ല;മെരുങ്ങുന്നുമില്ല. പാർട്ടിക്ക് അനുസരിപ്പിച്ചേ ശീലമുള്ളൂ, അനുസരിച്ചു ശീലമില്ല. പ്രീതിപ്പെടുത്തിയും പ്രീണിപ്പിച്ചും വേണ്ടിവന്നാൽ ഭീഷണിപ്പെടുത്തിയും നിലയ്ക്കു നിറുത്താനറിയാം. മഹ്ബൂബെ മില്ലത്തിനെ ഒറ്റ രാത്രി കൊണ്ട് മക്റൂഹെമില്ലത്താക്കി നാടുകടത്തിയ പാർട്ടിയാണ്. പക്ഷേ, മുസ്ലിയാരുടെ മുമ്പിൽ നമ്പറുകളൊന്നും ഏശുന്നില്ല. സുന്നികളിലെ വിദ്യാർത്ഥി യുവജന വിഭാഗങ്ങളെ മുസ്ലിയാർ ശാക്തീകരിച്ചു കൂടെ നിറുത്തന്നത് പാർട്ടി കാണുന്നുണ്ട്, തടയാനാകുന്നില്ല. ബദലായി ഒരു ഫെഡറേഷൻ ഉണ്ടാക്കി നോക്കി, ആലിൻചുവട്ടിൽ നട്ട തെങ്ങിൻതൈ പോലെ അതു നാലിലത്തൂമ്പിൽ മുരടിച്ചുനിന്നു. മലപ്പുറം ജില്ലയ്ക്കകത്ത് രാഷ്ട്രീയം വരുതിയിൽ നിറുത്തിയതുപോലെ മലപ്പുറത്തെ സമസ്തയേയും പാർട്ടി ഒതുക്കി നിറുത്തിയിട്ടുണ്ട്, പക്ഷേ മലപ്പുറമല്ലല്ലോ കേരളം. മുസ്ലിയാർ മലപ്പുറം വിട്ടതുമില്ല, കേരളം നിറഞ്ഞു കളിയും തുടങ്ങി.


സുന്നി സമ്മേളനങ്ങൾ പാർട്ടിക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഏർപ്പാടാണ്, അതൊരു തെരുവു യോഗമാണെങ്കിലും മുടക്കാൻ നോക്കും. ചരിത്രപ്രസിദ്ധമായ 1985ലെ അറുപതാം വാർഷിക മഹാസമ്മേളനം മുടക്കാൻ പതിനെട്ടടവും പൂഴിക്കടകനും പയറ്റിനോക്കിയതാണ്, നൈസായി തോറ്റു.1989ൽ വീണ്ടുമതാ എറണാകുളത്ത് എസ് വൈ എസ് സംസ്ഥാന സമ്മേളനം. ഇത്തവണ ബദൽ സമ്മേളനം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഉടക്ക്. വകയ്‌ക്ക് കൊള്ളരുതാത്ത ഒരാളിനെ മുന്നിൽ നിറുത്തി നടത്തിയ ബദൽ നാടകം വെടിപ്പായി തോറ്റു. പണ്ടാരോ പറഞ്ഞതുപോലെ ഒടുവിൽ അറ്റകൈ പ്രയോഗിക്കാൻ തന്നെ തീരുമാനമായി. അമ്പിനും വില്ലിനും അടുക്കാത്ത മുസ്ലിയാരെയും കൂടെയുള്ള ചിലരെയും സമസ്തയിൽ നിന്നു പുറത്താക്കാനും സുന്നീശാക്തീകരണത്തിൻ്റെ പ്രതീകമായ എസ് വൈ എസിനെ പിരിച്ചുവിട്ട്  നാലിലത്തൂമ്പിൽ മുരടിച്ചു നിൽകുന്ന ഫെഡറേഷനെ പകരം വാഴിക്കാനും പാർട്ടി തലത്തിൽ ധാരണയായി. പാർട്ടി ഇഛിക്കുംവിധം സംഹാര നടപടികൾ നടപ്പാക്കാൻ പാകത്തിൽ പാർട്ടിക്കുവേണ്ടി മുശാവറ വിളിക്കാൻ ജന.സെക്രട്ടറി ഇതിനകം പാർട്ടിയുടെ കുപ്പായക്കീശയിൽ കയറിക്കഴിഞ്ഞിരുന്നു.


അങ്ങനെയാണ് 1988ഡിസമ്പർ 2ന് അടിയന്തര മുശാവറ വിളിക്കുന്നത്. എന്താണു നടക്കാൻ പോകുന്നതെന്നു സുന്നി പക്ഷത്തിന് നല്ല ധാരണയുണ്ടായിരുന്നു. അതിനെ നേരിടാൻ അൽപം സാവകാശം ആവശ്യമായിരുന്നു. അതിനു വേണ്ടി, അതിനു വേണ്ടി മാത്രമായിരുന്നു നടേപറഞ്ഞ നിയമത്തിൻ്റെ  സാധ്യത ഉപയോഗപ്പെടുത്തി വിവാദമുശാവറ യോഗം സ്റ്റേ ചെയ്യിച്ചത്. ജനറൽ ബോഡിയോ തെരഞ്ഞെടുപ്പോ നടത്താത്ത സംഘടന യോഗം ചേരുന്നത് തടയണമെന്നാവശ്യപ്പെട്ടു കൊണ്ടായിരുന്നു സ്റ്റേ. ഇത് തീർത്തും ശരിയായിരുന്നു, നിയമപരമായിരുന്നു, അതു കൊണ്ട് തന്നെ ന്യായവുമായിരുന്നു. രാജ്യത്തെ നിയമമനുസരിച്ചും മതനിയമമനുസരിച്ചും ചെയ്തതിൽ ഒരു തെറ്റുമില്ല. ഒടുവിൽ സ്റ്റേ നീങ്ങി -സ്റ്റേ നീങ്ങാനുള്ളതാണ്. ഈസാനബി ഇറങ്ങുന്നതു വരെയൊന്നും ഒരു കോടതി സ്റ്റേയും നീണ്ടുനിൽക്കുകയില്ല, സ്റ്റേ നീക്കുന്നത് കേസിലെ വിജയമോ തോൽവിയോ ഒന്നുമല്ല; നിയമപ്രക്രിയയുടെ സ്വാഭാവിക നടപടിക്രമം മാത്രം.


അങ്ങനെ 89ജനുവരി 16ന്  മുശാവറ യോഗം ചേർന്നു. കേസ് സംബന്ധിച്ച വിഷയം ചർച്ചക്കു വന്നു. കേസ് സംബന്ധിച്ചു താൻ ഇതുവരെ ചെയ്ത കാര്യങ്ങൾക്ക് യോഗം അംഗീകാരം നൽകണമെന്നും ചെയ്യാൻ പോകുന്ന കാര്യങ്ങൾക്കു മുൻകൂർ അനുമതി നൽകണമെന്നും ജന.സെക്രട്ടറി ആവശ്യപ്പെട്ടു. സ്റ്റേ നീക്കാൻ വേണ്ടി ചെയ്ത കാര്യങ്ങൾ എന്തൊക്കെയാണെന്ന ചോദ്യം സ്വാഭാവികമായും യോഗത്തിൽ ഉണ്ടായി.

-അതു പറയില്ല.!

ഇനി കേസിനെ നേരിടാൻ എന്താണു ചെയ്യാൻ പോകുന്നത്? പടച്ചതമ്പുരാനെ, അതിശയം! 

-അതും പറയില്ല!!

സംഘടനയുടെ സുപ്രീം കൗൺസിലാണ് സമസ്തയുടെ കേന്ദ്ര മുശാവറ, അതിനുംമേലേ പടച്ചോനെയുള്ളു. ആ മുശാവറ യോഗമാണു നടക്കുന്നത്, അവിടെ പറയാൻ പാടില്ലാത്ത ഒരു രഹസ്യവും സമസ്തക്ക് ഉണ്ടാകാൻ പാടില്ല. പക്ഷേ, പറയാനാവില്ല, പറയാൻ പറ്റില്ല, പറഞ്ഞാൽ കേൾക്കാനും കൊള്ളില്ല. നാലാള് കേട്ടാൽ 'ഛേ' എന്നു പറയുന്ന  പണിയല്ലേ ചെയ്തത് -വ്യാജരേഖ ചമയ്ക്കൽ!


അതായത്, നടക്കാത്ത മെമ്പർഷിപ്പ് പ്രവർത്തനം നടന്നു എന്നു രേഖയുണ്ടാക്കി, ചേരാത്ത ജനറൽ ബോഡി യോഗം ചേർന്നതായി മിനുട്സുണ്ടാക്കി, തെരഞ്ഞെടുപ്പു നടന്നതിന്നും ഭാരവാഹികളെ

തെരഞ്ഞെടുത്തതിനും രേഖ നിർമിച്ചു. അങ്ങനെ തീർത്തും വ്യാജമായി നിർമിച്ച രേഖകളുടെ ബലത്തിലാണ് സ്റ്റേ നീക്കിയത്. മതപരമായും രാജ്യത്തെ നിയമമനുസരിച്ചും ചെയ്തത് ക്രിമിനൽ കുറ്റമാണ്. ഒരു കുറ്റകൃത്യം എങ്ങനെയാണ് മാന്യന്മാർ ഇരിക്കുന്ന സഭയിൽ പറയുക. ജന.സെക്രട്ടറിയും കൂട്ടരും മിണ്ടാട്ടം മുട്ടി നിന്നു. ആകെ പറയാനുണ്ടായിരുന്നത് 'ഞങ്ങൾക്ക് ഭൂരിപക്ഷമുണ്ട്' എന്ന ഒരേയൊരു ന്യായം മാത്രം -ഇപ്പോൾ മോദി സർക്കാർ പറയുന്ന അതേ ന്യായം.

ഒരു കാര്യം ഉറപ്പായി. ആ യോഗം ഒന്നവസാനിപ്പിക്കണമെങ്കിൽ, ഒന്നുകിൽ ചോദ്യം ചെയ്തവർ സ്വയം ഇറങ്ങിപ്പോകണം, അല്ലെങ്കിൽ ശേഷിക്കുന്നവർ ചേർന്നു ചോദ്യംചെയ്തവരെ പുറത്താക്കണം.

ഒടുവിൽ! 

-അല്ലാഹുവിൻ്റെ മഹത്തായ അനുഗ്രഹം,

ആദ്യം പറഞ്ഞതു സംഭവിച്ചു -വ്യാജരേഖ ചമയ്ക്കാൻ കൂട്ടുനിൽക്കില്ലെന്നു പ്രഖ്യാപിച്ചു കൊണ്ട് പങ്കെടുത്ത 23അംഗങ്ങളിൽ 11പേർ ഇറങ്ങിപ്പോന്നു.!! എല്ലാ തിട്ടൂരങ്ങളെയും വലിച്ചെറിഞ്ഞു എറണാകുളം സമ്മേളന നഗരിയിലേക്ക് മുസ്ലിം കേരളം കൂലംകത്തിയൊഴുകി. 18-2-89ന് അവിശിഷ്ട സമസ്ത യോഗം ചേർന്നു ഒരു മാസം മുമ്പ് ഇറങ്ങിപ്പോയ 11പേരിൽ ആറു പേരെ പുറത്താക്കി -അകത്തില്ലാത്തവരെ പുറത്താക്കിയ ലോകത്തെ ഏക സംഘടന!


#വാൽക്കുറ്റി:

സമസ്ത:യുടെ ഭരണഘടനയും ഇന്നോളമുണ്ടായിട്ടുള്ള നടപടിക്രമങ്ങളുടെ രേഖകളും തലങ്ങും വിലങ്ങും പല ആവർത്തി പരിശോധിച്ചു നോക്കി. മുശാവറ അംഗങ്ങളെ പുറത്താക്കാൻ ഒരു നിയമവും ചട്ടവും എവിടെയും കാൺമാനില്ല. രാഷ്ട്രീയം തലയിൽ കയറിയാൽ പിന്നെന്തു നിയമം, പിന്നെന്തു ചട്ടം!

       OMTharuvana fb Post 13/2/2021.