page

Tuesday, 27 July 2021

തിരുനബി സ്നേഹം അടിത്തറയാക്കിയ കൽത്തറ ഉസ്താദ്

 ബലിപെരുന്നാൾ കഴിഞ്ഞ് മലപ്പുറം കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ യാത്ര ചെയ്ത് വീട്ടിൽ തിരിച്ചെത്തി. കിടന്നെഴുന്നേറ്റപ്പോഴേക്കും ആ വിളി എന്നെ തേടി എത്തി...

കൽത്തറ ഉസ്താദെന്ന പേരിൽ വ്യഖ്യാതനായ പണ്ഡിത തേജസ് മൗലാനാ അബ്ദുൽ ഖാദിർ മുസ്ലിയാരുടേതായിരുന്നു വിളി.

മടവൂർ സി എം വലിയുല്ലാഹിയുടെ മഖാമിന് സമീപത്താണ്  ഉസ്താദിൻ്റെ വീട്.മടവൂരിലെത്തിയ ഞങ്ങൾ ഉസ്താദിനെ കാണാനായി വീട്ടിലെത്തി.

ബേക്കൽ ഉസ്താദിൻ്റെ സ്മരണികയുടെ ആവശ്യാർത്ഥം ഉസ്താദിൻ്റെ ശിഷ്യന്മാരിൽ പ്രധാനികളായ ബഷീർ സഖാഫി കൊല്യം, അബ്ദുൽ അസീസ് സൈനി മരുതടുക്കം, ഖാസിം നഈമി കിന്നിംഗാർ എന്നിവർക്കൊപ്പമാണ് കൽത്തറ ഉസ്താദിൻ്റെ വീട്ടിലെത്തിയത്. പ്രിയ സ്നേഹിതൻ കൊമ്പോട് ഇബ്രാഹിം ഹിമമിയും കൂടെ ഉണ്ടായിരുന്നു.

വീട്ടിലെത്തിയ ഞങ്ങളെ സ്വീകരിക്കാൻ രണ്ട് മൂന്ന് മുതഅല്ലിംകളും വരാന്തയിൽ ഇരുപ്പുണ്ട്...

ബേക്കറിയും ചായയും കുടിക്കുന്നതിനിടയിൽ കൽത്തറ ഉസ്താദ് ഞങ്ങൾക്കിടയിലെത്തി.ഉദ്ദിഷ്ട കാര്യത്തിൽ വാചാലനായ ഉസ്താദ് തിരുനബി സ്നേഹത്തെ പറ്റിയും മഹത്തുകളുടെ ജീവിതത്തെ കുറിച്ചുമാണ് ഏറെ നേരം സംസാരിച്ചത്.ദിവസവും  മഗ്രിബ് നിസ്കാരം കഴിഞ്ഞ് നടക്കുന്ന മൻഖൂസ് മൗലിദിലും അവിടുത്തെ പ്രാർത്ഥനയിലും സംബന്ധിക്കാൻ അവസരം ലഭിച്ചു.ഊഷ്മള സ്വീകരണവും അനിർവചനീയ സൽക്കാരവും കഴിഞ്ഞ് നാട്ടിലേക്ക് യാത്ര തിരിച്ചു. യാത്രയിലുടനീളം ഉസ്താദായിരുന്നു പ്രാതിപാദ്യ വിഷയം. യാത്രയിലെ സുഖവിവരം അന്വേഷിക്കാനായിരുന്നു ഉസ്താദിൻ്റ വിളി എത്തിയത്.

ഉസ്താദിൻ്റെ ആഥിത്യ സ്നേഹവും സൽക്കാരവും എന്നും മനസ്സിൽ പ്രകാശിച്ച് കൊണ്ടേയിരിക്കും...

വശ്യമായ സംസാരം.ഗാംഭീര്യ ശബ്ദം,ഓമനത്വം സ്ഫുരിക്കുന്ന വദനം,വിനയം നിറഞ്ഞ പെരുമാറ്റം, തഖ് വയിലധിഷ്ഠിത ജീവിതം, ആഴമേറിയ അറിവ്, മഹാന്മാരുടെ ഇഷ്ട തോഴൻ... ഇങ്ങനെ നീളുകയാണ് അവിടുത്തെ സവിശേഷത.

സി എം വലിയുല്ലാഹിയുടെ ഖിദ്മത്തെടുക്കാനും അവരുടെ പൊരുത്തം സമ്പാദിക്കാനും സൗഭാഗ്യം ലഭിച്ച പണ്ഡിത വര്യനാണ് മൗലാനാ കൽത്ത ഉസ്താദ്.

ബാല്യകാലം മുതൽ മടവൂർ സി എം വലിയുല്ലാഹിയുമായി ബന്ധം സ്ഥാപിക്കാൻ അവസരം ലഭിച്ച അപൂർവ്വ വ്യക്തിത്വങ്ങളിൽ ഒരാളാണ്  ഉസ്താദ്.

കൽത്തറ ഉസ്താദിൻ്റെ വിവാഹാലോചന നടത്തിയതും കല്യാണം നടത്തി കൊടുത്തതുമെല്ലാം മഹാനായ സി എം വലിയുല്ലയാണ്.

നികാഹിൻ്റെ സദസ്സിൽ മുഴുസമയം  അവിടുത്തെ തിരു സാന്നിധ്യമുണ്ടായിരുന്നു.

കല്യാണ നിശ്ചയയും തുടർന്നുള്ള സൽക്കാരവുമെല്ലാം സി എം വലിയുല്ലാൻ്റ തീരുമാനപ്രകാരമാണ് നടന്നതെന്ന പ്രത്യേകതയും കൽത്തറ ഉസ്താദിൻ്റെ വിവാഹത്തിനുണ്ട്.

മദ്റസ പoനം കഴിഞ്ഞ് സ്കൂൾ ഏഴാം ക്ലാസിലെത്തിയപ്പോൾ പിതൃസഹോദരൻ അബൂബക്കർ മുസ്ലിയാരാണ് കൽത്തറ ഉസ്താദിനെ ഇമ്പിച്ചാലി ഉസ്താദിൻ്റെ ദർസിൽ കിതാബോതാൻ പറഞ്ഞയച്ചത്. പിതാവ് അഹ്മദ് കുട്ടി ഹാജിക്ക് ദീനീ പണ്ഡിതരോട് വലിയ ആദരവും സ്നേഹവുമാണ്. തൻ്റെ മകനെ പണ്ഡിതനാക്കണമെന്നായിരുന്നു ആഗ്രഹം. പിതാവിൻ്റെ ആഗ്രഹ സാഫല്യത്തിൻ്റെയും പ്രാർത്ഥനയുടെയും ഫലമാണ് കൽത്തറ ഉസ്താദെന്ന പണ്ഡിത വര്യൻ.  

ഇമ്പിച്ചാലി ഉസ്താദിൻ്റെ ദർസിലെ  മുതഅല്ലിംകൾക്കിടയിൽ വേറിട്ട സ്വാധീനമായിരുന്നു കൽത്തറ ഉസ്താദിന്.ഗുരുവര്യനായ ഇമ്പിച്ചാലി ഉസ്താദിൻ്റെ ഖാദിമാകാൻ ലഭിച്ച അവസരം കൽത്തറ ഉസ്താദിൻ്റെ ഉയർച്ചക്ക് നിമിത്തമായി.

ഇമ്പിച്ചാലി ഉസ്താദിന് പട്ടിക്കാട്ടേക്ക് ക്ഷണം വന്നപ്പോൾ പിതൃസഹോദരനായ(എളാപ്പ) അബൂബക്കർ മുസ്ലിയാരുടെ കീഴിൽ പഠിച്ചു.

ചില കാരണങ്ങളാൽ പട്ടിക്കാട്ടേക്കുള്ള പോക്ക് ഒഴിവാക്കി ഇമ്പിച്ചാലി ഉസ്താദ് മറ്റൊരിടത്ത് ദർസ് ആരംഭിക്കുകയും രണ്ട് വർഷത്തെ സേവനത്തിന് ശേഷം ഉള്ളാളത്തേക്ക് പോവുകയും ചെയ്തു.

4വർഷത്തെ പoനത്തിന് ശേഷം ഇമ്പിച്ചാലി ഉസ്താദിനൊപ്പം കൽത്തറ ഉസ്താദും ഉള്ളാളത്തേക്ക് മാറി.

താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി തങ്ങളാണ് ഇമ്പിച്ചാലി ഉസ്താദിനെ അങ്ങോട്ടേക്ക് ക്ഷണിച്ചത്.കരുവൻ തിരുത്തി ആലിക്കുട്ടി മുസ്ലിയാരുടെ ദർസിൽ സതീർത്ഥ്യരായിരുന്നു അവരിരുവരും. താജുൽ ഉലമയും

ഇമ്പിച്ചാലി മുസ്ലിയാരും ഉളളാളത്ത് ദർസ് സജീവമാക്കിയതോടെ കേരള കർണ്ണാടകക്കാർക്കിടയിൽ ഉള്ളാൾ ദർസിൻ്റെ പെരുമ പ്രസിദ്ധമായി.

 ഉളളാളത്ത് എത്തിയ കൽത്തറ ഉസ്താദ് താജുൽ ഉലമയുടെ പ്രിയങ്കരനായ ശിഷ്യനായി മാറി.

പഠിക്കാൻ മിടുക്കരായ മുതഅല്ലിംകളോട് താജുൽ ഉലമക്ക് ഏറെ പ്രിയമാണ്. ആ ശൃംഖലയിലൊരാളാണ് കൽത്തറ അബ്ദുൽ ഖാദിർ മുസ്ലിയാർ.

ജ്ഞാനസാഗരമായ താജുൽ ഉലമയിൽ നിന്നും അറിവിൻ ഗോപുരമായ ഇമ്പിച്ചാലി ഉസ്താദിൽ നിന്നും  നുകർന്ന വിജ്ഞാന മുത്തുമണികളും ജീവിത ചിട്ടയുമാണ് കൽത്തറ ഉസ്താദിനെ അത്യുന്നതിയിലെത്തിച്ചത്.

തിരു നബി സ്നേഹവും ഗുരുവര്യരുടെ പൊരുത്തവുമാണ് ഉസ്താദിൻ്റെ ആദർശ മൊഞ്ച്.

ഉള്ളാൾ സയ്യിദ് മദനി അറബിക് കോളേജിൽ നിന്ന് 1973ൽ മദനി ബിരുദം നേടി പ്രബോധന ഗോഥയിൽ സജീവമായി. പൂവ്വാട്ടുപറമ്പ്, മടക്കോയിൽ, കിനാലൂർ, കർണ്ണാടക ഉച്ചില, കാഞ്ഞങ്ങാട് ചിത്താരി, കുറ്റിക്കാട്ടൂർ, എറണാകുളം പടമുകൾ, ഇടപ്പള്ളി എന്നീ സ്ഥലങ്ങളിൽ സേവനമനുഷ്ഠിച്ച ഉസ്താദ് പിന്നീട് മമ്പഉൽ ഉലും എന്ന മത ഭൗതിക വൈജ്ഞാനിക സ്ഥാപനത്തിൻ്റെ ശിൽപ്പിയായി.

ത്യാഗോജ്ജ്വലമായ ജീവിത വഴികളായിരുന്നു ഉസ്താദിൻ്റേത്.

ദർസ് രംഗത്ത് സജീവമായ പ്പോഴെല്ലാം ബിദഇകളുടെ ഭീഷണിയും പരാക്രമങ്ങളും ഉണ്ടായി.

പുനൂരിലാണ് ദർസ് ആരംഭിച്ചത്.

ദർസ് സജീവമായതോടെ ബിദഇകൾക്ക് കലിപ്പേറി.

കൽത്തറ ഉസ്താദിനെ തല്ലാനും കൊല്ലാനും അവർ തന്ത്രങ്ങൾ മെനഞ്ഞു.

സി എം വലിയുല്ലാഹിയോട് കാര്യം ഉണർത്തി.അവരുടെ ആശീർവാദത്തോടെയാണ് ഉസ്താദ് എല്ലാം ചെയ്യുന്നത്. കാര്യം ഉണർത്തിയപ്പോൾ

ഉസ്താദിൻ്റെ പുറം തട്ടി അവർ ഇങ്ങനെ പറഞ്ഞു

"ഇവിടെത്തെ രോമം ആരും തൊടൂല." 

തളരുന്ന മനസ്സിന് ആത്മബലമേകാൻ ആ വാക്കുകൾക്ക് സാധിച്ചു. അവരേകിയ കരുത്തിൽ ദർസ് തുടർന്നു. ജനങ്ങളുടെ ഖൽബിൽ ആദർശം അചഞ്ചലമാക്കാൻ രാപ്പകൽ പ്രവർത്തിച്ചു.

എ പി ഉസ്താദിൻ്റെ പ്രചോദനം പ്രവർത്തനങ്ങൾക്ക് ശക്തി പകർന്നു.

പുനൂരിൽ നിന്ന് താജുൽ ഉലമയുടെ നിർദ്ദേശപ്രകാരം കർണാടകയിലെ ഉച്ചിലയിൽ എത്തി. അവിടെ രണ്ട് വർഷം ദർസ് നടത്തി. പിന്നീട് താജുൽ ഉലമ 

ചിത്താരി പള്ളിയിലേക്ക് അയച്ചു. അവിടെ അഞ്ച് വർഷവും കുറ്റിക്കാട്ടൂരിൽ ഒരു വർഷവും മുദരിസായി സേവനം ചെയ്തതിന് ശേഷം

 എറണാകുളത്തെ പടമുകൾ എന്ന സ്ഥലത്തേക്കാണ് പോയത്.

ഖാദിയാനികൾക്ക് ആധിക്യമുണ്ടായിരുന്ന മേഖലയായിരുന്നു അത്.

ഖാദിയാനിസത്തോട് യുദ്ധം പ്രഖ്യാപിച്ച കൽത്തറ ഉസ്താദ് നാട്ടിൽ അഹ്ലുസ്സുന്നയുടെ ആദർശ പ്രചരണ രംഗത്ത് അവിശ്രമ സേവകനായി ജീവിതം സമർപ്പിച്ചു.

ഉസ്താദിൻ്റെ പുഞ്ചിരിയും സൗമ്യ സമീപവും ജനങ്ങൾക്കിടയിൽ പ്രിയങ്കരനാക്കി.പലരും ഖാദിയാനിസം വലിച്ചെറിഞ്ഞ് നന്മയുടെ തീരത്തണഞ്ഞു. ഖാദിയാനികൾ ഉസ്താദിനെതിരെ ശത്രുത പുലർത്തി.ഇല്ലാ കഥകൾ മെനഞ്ഞും അക്രമം അഴിച്ച് വിട്ടും തളർത്താൻ ശ്രമിച്ചു. 

വിവരം മഹാനായ സി എം വലിയുല്ലാഹിയോട് പങ്കുവെച്ചപ്പോൾ " ഖാദിയാനി ശർറ് നിങ്ങൾക്ക് ഉണ്ടാവില്ലെന്ന്'' പറഞ്ഞ് ധൈര്യം നൽകി.അവരുടെ കറാമത്തെന്നോണം പിന്നീട് ഖാദിയാനി ശർറ് ഉസ്താദിനുണ്ടായില്ല.

  അവിടെ നിന്നും ഇടപ്പള്ളിയിലേക്ക് പോയി.

ഇടപ്പള്ളിയിലെ സേവനം പ്രസ്ഥാനത്തിന് വളക്കൂറേകാൻ നിമിത്തമായി.

താജുൽ ഉലമയും എ പി ഉസ്താദുമാണ് കൽത്തറ ഉസ്താദിനെ ഇടപ്പള്ളിയിലെത്തിച്ചത്. അവരുടെ ആശീർവാദത്തോടെ

കൽത്തറ ഉസ്താദ് സേവനവും സംഘടനാ പ്രവർത്തനവും തുടർന്നപ്പോൾ ആഹ്ലുസ്സുന്നയുടെ ആദർശത്തിന് അസൂയാർഹമായ വേരോട്ടം ലഭിച്ചു.

കാലക്രമേണ എറണാകുളത്തുകാരുടെ ഇടപ്പള്ളി ഉസ്താദായി കൽത്തറ അബ്ദുൽ ഖാദിർ മുസ്ലിയാർ മാറി.

കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന ഹുബ്ബുറസൂൽ കോൺഫ്രൻസിൻ്റെ പ്രധാന സംഘാടകനായി കൽത്തറ ഉസ്താദ് മാറിയതിൻ്റെ രഹസ്യം അദ്ദേഹത്തിൻ്റെ പ്രവർത്തന മികവും ജനകീയതയുമാണ്.

1989 ലെ എറണാകുളം സമ്മേളനത്തിന് ശേഷം സുന്നീ പ്രസ്ഥാനത്തിന് മറ്റു ജില്ലകളിൽ ലഭിച്ച വേരോട്ടം  എറണാകുളത്തുണ്ടായില്ലെന്നതാണ് വസ്തുത.

ടി എസ് കെ തങ്ങളുടെയും കൽത്തറ ഉസ്താദിൻ്റെയും നേതൃത്വത്തിൽ എറണാകുളത്ത് നടന്ന സംഘടനാ പ്രവർത്തനത്തിൻ്റെ ഫലമായി പ്രൊഫഷണലുകൾക്കിടയിൽ പോലും സുന്നിസം ഉയർന്നു വന്നു. താജുൽ ഉലമയും കാന്തപുരം ഉസ്താദും നിരന്തരം ഇടപെടലുകൾ നടത്തി.

*ഉള്ളാളം കഴിഞ്ഞാൽ താജുൽ ഉലമ ഏറ്റവും കൂടുതൽ താമസിച്ചത്  കൽത്തറ ഉസ്താദിൻ്റെ സ്ഥാപനമായ മമ്പഉൽ ഉലൂമിലാണെന്ന സത്യം പലരും അറിയാതെ പോയി.*

കൽത്തറ ഉസ്താദ് ഇടപ്പള്ളിയിലായിരിക്കുമ്പോൾ താജുൽ ഉലമ വന്ന് താമസിക്കും. താജുൽ ഉലമയുടെ വരവ് ജില്ലക്കാർക്കെല്ലാം ആശ്വാസവും അഭയവുമായിരുന്നു. പ്രാസ്ഥാനിക വളർച്ചയുടെ മുഖ്യ ഘടകവും തങ്ങളുടെ വരവും താമസവുമാണെന്ന് കൽത്തറ ഉസ്താദ് പങ്കുവെച്ചു.

കൽത്തറ ഉസ്താദിനോട് താജുൽ ഉലമക്കുണ്ടായിരുന്ന അദമ്യമായ സ്നേഹത്തിൻ്റെ നേർ ചിത്രങ്ങളായിരുന്നു അതെല്ലാം.

താജുൽ ഉലമയെ സ്നേഹിക്കുന്നവരോട് പ്രത്യേക മതിപ്പും സ്നേഹവുമാണ് ഉസ്താദിന്.

താജുൽ ഉലമയെപ്പോലെയുള്ള മഹാന്മാർക്കിടയിൽ കൽത്തറ ഉസ്താദിന് ലഭിച്ച സ്വാധീനത്തിനും അംഗീകാരത്തിനും പിന്നിൽ തിരുനബി സ്നേഹവും ആത്മാർത്ത പ്രവർത്തനവുമാണെന്നതിൽ സംശയമില്ല.തിരുനബി(സ)യുടെ കുടുംബത്തിൽപ്പെട്ട സയ്യിദന്മാരായ ചെറിയ കുട്ടികളോടുപോലും ഉസ്താദ് കാണിക്കുന്ന ആദരവും ബഹുമാനവും വേറിട്ട അനുഭവമാണ്.

അഹ്ലുസ്സുന്നയുടെ ആദർശ പ്രചരണ രംഗത്ത് ഉസ്താദിൻ്റെ നേതൃത്വത്തിൽ എറണാകുളത്ത് നടക്കുന്ന പ്രവർത്തനത്തിൽ നിന്ന് ഉൾഭവിച്ച് വന്നതാണ് മമ്പഉൽ ഉലൂം എന്ന വൈജ്ഞാനിക ഗേഹം.

വാടക കെട്ടിടത്തിൽ ആരംഭിച്ച സ്ഥാപനം ചുരുങ്ങിയ കാലയളവിൽ വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. മത ഭൗതിക സമന്വയ വിദ്യാഭ്യാസം നേടിയ നിരവധി പ്രതിഭകളെ സമൂഹത്തിന് സമ്മാനിക്കാൻ മമ്പഉൽ ഉലൂമിനും കൽത്തറ ഉസ്താദിനും സാധിച്ചിട്ടുണ്ട്.

നിരവധി പദ്ധതികൾ സ്ഥാപനം ലക്ഷ്യമിടുന്നുണ്ട്. എല്ലാം നാഥൻ വിജയിപ്പിക്കട്ടെ... ആമീൻ

1951 ഒക്ടോബറിലാണ് ജനനം.അഹമദ് കുട്ടി ഹാജിയാണ് പിതാവ്.

താഴെക്കോട് അബ്ദുല്ല മുസ്ലിയാർ, ബൈത്താർ അഹ്മദ് മുസ്ലിയാർ, അഹമദ് ബാവ മുസ്ലിയാർ ഉള്ളാൾ, മൊയ്തീൻ കുട്ടി മുസ്ലിയാർ, ഇരുമ്പുഞ്ചോല ബാവ മുസ്ലിയാർ, കുഞ്ഞിക്കോയ മുസ്ലിയാർ, മൊയ്തീൻ കുട്ടി മുസ്ലിയാർ, ഇബ്റാഹിം മുസ്ലിയർ എരിഞ്ഞോളി, അബ്ദുല്ല മുസ്ലിയാർ എന്നിവർ മറ്റ് ഗുരുനാഥന്മാരാണ്.

കൽത്തറ ഉസ്താദിനും കുടുംബത്തിനും നാഥൻ ദീർഘായുസ്സും ആഫിയത്തും നൽകട്ടെ... ആമീൻ

ഹാഫിള് എൻ കെ എം മഹ്ളരി ബെളിഞ്ച