page

Wednesday, 29 September 2021

മൗലിദാഘോഷം; ആദരവാണ് അനാചാരമല്ല


════════════
നിങ്ങൾ അല്ലാഹുവിലും അവന്റെ 
റസൂലിലും വിശ്വസിക്കുവാനും 
അവിടുത്തെ ആദരിക്കാനും ബഹുമാനിക്കാനും പ്രഭാത പ്രദോഷങ്ങളിൽ 
അല്ലാഹുവിന്റെ മഹത്വം പ്രകീർത്തിക്കുവാനുമാണ്
അവരെ നാം നിയോഗിച്ചത്.
[ വി.ഖു 48:8-9]

"അല്ലാഹുവാണ് സത്യം പല രാജാക്കൻമാരെയും ഞാൻ സന്ദർശിച്ചിട്ടുണ്ട്. കിസ്റ,കൈസർ,
നജ്ജാശി തുടങ്ങിയ പലരും അതിൽപ്പെടുന്നു. അല്ലാഹുവാണ് സത്യം. മുഹമ്മദ് ﷺ ന്റെ അനുചരൻമാർ അവിടത്തെ ആദരിക്കുന്നത് പോലെ ഒരു രാജാവിന്റെയും അനുയായികൾ  അവരെ ആദരിക്കുന്നതായി ഞാൻ കണ്ടില്ല. അല്ലാഹുവാണ് സത്യം. അവിടുന്ന് തുപ്പുകയാണെങ്കിൽ അനുചര വൃന്ദത്തിലെ ഒരു വ്യക്തിയുടെ കൈയ്യിലത് വീഴും. 
എന്നിട്ട് അത് മുഖത്തും ശരീരത്തിലും ലേപനം നടത്തുകയും ചെയ്യും. 
അവിടുന്ന് വല്ലതും കൽപ്പിച്ചാൽ അത് നിർവഹിക്കുന്നതിൽ ആരും വൈമനസ്യം കാണിക്കുകയില്ല. അവിടുന്ന് അംഗശുദ്ധി വരുത്തിയാൽ ശേഷിച്ച വെള്ളത്തിനായി യുദ്ധ വക്കോളമെത്തും. അവിടുന്ന് സംസാരിക്കുമ്പോൾ അവർ നിശബ്ദ രാവുന്നു. അവിടുത്തോടുള്ള ആദരവ് നിമിത്തം അവർ നേർക്കുനേർ നേർ നോക്കുക പോലുമില്ല"
 [ബുഖാരി. 2529]

തിരുനബി ﷺ യോടൊത്ത് ജീവിച്ച സ്വഹാബത്ത് അവിടത്തെ എത്രമാത്രം ബഹുമാനിച്ചുവെന്ന് ഇതിൽ നിന്നും നമുക്ക് ബോധ്യമാവും. അവിടുത്തെ തിരുകേശം, നഖം ,വിയർപ്പ് തുടങ്ങി... അവിടുത്തോട് ബന്ധപ്പെട്ട  ഏതിനും സ്വഹാബത്ത് മഹത്വവും, പവിത്രതയും നല്കിയിരുന്ന കാര്യം ബുഖാരി, മുസ്‌ലിം അടക്കം നിരവധി ഹദീസ് ഗ്രന്ഥങ്ങളും അവക്കുള്ള പണ്ഡിത വിശദീകരണങ്ങളും സാക്ഷ്യപ്പെടുത്തുന്നു.

ഇമാം മുസ്‌ലിം [റ] ഉദ്ധരിച്ച ഹദീസ്[3747]വിശദീകരിച്ച് 
ഇമാം നവവി(റ) എഴുതി: നബി ﷺ സ്പർശിച്ചതോ മറ്റെന്തോ വിധേന അവിടുന്ന് നിമിത്തമായ ഏതിനും ശ്രേഷ്ഠതയുണ്ടെന്നത് പണ്ഡിതൻമാരും മുൻഗാമികളും പിൻഗാമികളും ഏകോപിച്ച കാര്യമാണ്.
[ശറഹു മുസ്‌ലിം.7 : 40 ]

എന്നാൽ ഇമാം ഖാളി ഇയാള് [റ] 
പറയുന്നത് ഇപ്രകാരം: 
നബി ﷺ യെ വന്ദിക്കുന്നതിന്റെയും ആദരിക്കുന്നതിന്റെയും ഭാഗമാണ് അവിടുത്തോട് ബന്ധപ്പെട്ടതിനെയല്ലാം ആദരിക്കുക എന്നത്
[അശ്ശിഫാ.56]

തിരുനബിയെ ആദരിക്കണമെന്ന് ഇസ്‌ലാമിക പ്രമാണങ്ങളെക്കൊണ്ട് സ്ഥിരപ്പെട്ട അനിഷേധ്യമായ പരമാർത്ഥമാണ്.

ഈ ആദരവിന്ചില പ്രത്യേക രൂപമോ, ശൈലിയോ വേണമെന്ന് ഇസ്‌ലാമിക പ്രമാണങ്ങൾ എവിടെയും പറയുന്നില്ല.

എന്നാൽ അവിടുന്ന് ബന്ധപ്പെട്ട ഏതിനെയും ആദരിക്കണമെന്നും അത് അവിടുത്തെ ആദരിക്കലാണെന്നും സ്ഥിരപ്പെട്ടപ്പോൾ  ലോകത്തിനാകെയും അനുഗ്രഹമായ മുത്ത് നബി ﷺ ജനിച്ച ദിവസത്തെയും അതുൾക്കൊള്ളുന്ന മാസത്തെയും മറ്റുള്ളവരുടെ ജനനത്തെ അപേക്ഷിച്ച് പ്രത്യേകം പരിഗണിക്കുന്നതും അതിനെ ആഘോഷമാക്കി മഹത്വവൽകരിക്കുന്നതും അവിടുത്തോടുള്ള ആദരവിന്റെ വ്യത്യസ്ത പതിപ്പുകളാണെന്നത് നിസ്തർക്കം പറയാം.

ഈ വസ്തുത മൗലിദാഘോഷത്തെ ചർച്ച  ചെയ്ത നിരവധി പണ്ഡിത മഹത്തുക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്. 

ഇമാം നവവി [റ] യുടെ ഗുരുവര്യനും, വിശ്വവിഖ്യാത പണ്ഡിതനുമായ ഇമാം അബൂ ശാമ [റ] ബിദ്അത്തുകളെ വിമർശിക്കുന്നതിനായി രചിച്ച ഗ്രന്ഥത്തിൽപ്പോലും മൗലിദാഘോഷം പുണ്യകരമാണെന്നതിന് പല കാരണങ്ങൾ പറഞ്ഞ കൂട്ടത്തിൽ നമുക്ക് കാണാം: 
"മൗലിദാഘോഷിക്കുന്നവന്റെ മനസ്സിൽ നബിയോടുള്ള ആദരവും, മഹത്വവും കുടിയിരിക്കുന്നുണ്ടെന്ന് അറിയിക്കുന്നു" 
[അൽബാഇസ്.1: 23 ] 

ഇതിനു പുറമെ പ്രഗത്ഭ പണ്ഡിതനും 
ഒരു ലക്ഷം ഹദീസ് ഹൃദ്യസ്ഥമുള്ളവരും, നൂറിലധികം വ്യത്യസ്ത ശാഖകളിലായി കനപ്പെട്ട ഗ്രന്ഥങ്ങൾ ലോകത്തിന് സമ്മാനിച്ച ഇമാം സുയൂത്വി മൗലിദാഘോഷത്തിന്റെ പ്രാമാണികത ചർച്ച ചെയ്യാൻ മാത്രം രചിച്ച ഹുസുനുൽ മഖ്സ്വിദ് എന്ന കിതാബും ഈ ആഘോഷം പ്രതിഫലാർഹമാണെന്നതിന്ന് പല കാരണങ്ങളിൽ ആദ്യം പറഞ്ഞത്: 
"അതിൽ നബി ﷺ യുടെ സ്ഥാനത്തെ ആദരിക്കലുണ്ട്" എന്നതാണ് 
[അൽഹാവി. 1:176]

അതുപോലെത്തന്നെ പ്രസിദ്ധ തഫ്സീർ ഗ്രന്ഥം          
[റൂഹുൽ ബയാനി. 9:56 ] ത്തിലും മൗലിദാഘോഷം നബി ﷺ യെ ആദരിക്കുന്നതിന്റെ  ഭാഗമാണെന്ന് വ്യക്തമായി പറഞ്ഞതായി കാണാം. 

എന്തിലേറെപ്പറയണം വിമർശകരുടെ പ്രസ്ഥാന ശിൽപിയും,ഇതഃപര്യന്തം അവരുടെ ആശയാചാര്യനുമായ സാക്ഷാൽ ഇബ്നുതൈമിയ്യ പോലും ഈ യാഥാർത്ഥ്യം അംഗീകരിക്കേണ്ടിവന്നു:
"മൗലിദിനെ ആദരിക്കലും അതിനെ ആഘോഷമാക്കലും പലയാളുകളും ചെയ്യാറുണ്ട്. അവർക്കതിൽ 
വണ്ണമായ പ്രതിഫലവുമുണ്ട്.
കാരണം ഉദ്ദേശ്യം നല്ലതായതോടൊപ്പം,       
അതിൽ നബി ﷺ യെ ആദരിക്കലുമുണ്ട് "
 [ഇഖ്തിള്വാഅ്. 296 ]

ചുരുക്കത്തിൽ നബിയെ ആദരിക്കുന്നതിന്നുള്ള പരസഹസ്രം തെളിവുകളുടെ അർത്ഥവ്യാപ്തിയിലാണ് മൗലിദാഘോഷത്തെ പൂർവ്വസൂരികളായ ഇമാമുമാരും, ഉൽപതിഷ്ണുക്കളുടെ  ആശയ സോതസ്സായ ഇബ്നുതൈമിയ്യ വരേക്കും ഉൾപ്പെടുത്തിയിട്ടുള്ളത്. 

പൂർവികരായ പണ്ഡിത മഹത്തുക്കളെ തള്ളിപ്പറയാൻ സ്ഥിരം ഹോബിയാക്കിയവർ സ്വന്തം നേതാവിനെയെങ്കിലും അംഗീകരിക്കേണ്ടിവരും
കാരണം ഇയാളുടെ ആശയങ്ങൾ
വിഷലിപ്തമാണെന്ന് പറയുന്നത് ഖുർആൻ വിഷലിപ്തമാണെന്ന് പറയുന്നതിന് തുല്യമാണെന്ന് ഇവരുടെ 
ഔദ്വേഗിക പത്രം തിരുത്തപ്പെടാതെ ഇന്നും വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുകയാണ്.
[വിചിന്തനം  2005 ഫെബ്രുവരി 23-പേജ് 7 ]

മതവിജ്ഞാന ആവശ്യാർത്ഥം ധാരാളം 
പണം മുടക്കി പ്രതിഫലം പ്രതീക്ഷിച്ച് മൗലിദ് വിമർശകരും നിർമ്മിക്കുന്ന മദ്റസകളും കോളേജുകളും നബി ﷺ യും സ്വഹബത്തും ചെയ്യാത്ത കാര്യങ്ങളാണെന്നതിൽ ആർക്കും സംശയമില്ല.
എന്നാൽ അറിവ് പകർന്നുകൊടുക്കൽ 
എന്ന അടിസ്ഥാന കാര്യം നബി ﷺ യുടെയും സ്വഹാബത്തിന്റെയും കാലത്ത് ഉള്ളതിനാൽ. പിൽക്കാലത്ത് വന്ന പുതിയ രീതികൾ ഇസ്‌ലാമികമായി ഗണിക്കപ്പെടുന്നു.

എന്നത് പോലെ തന്നെ
ഇന്ന് മൗലിദാഘോഷങ്ങളിൽ
മുത്ത് നബി ﷺ യോടുള്ള ആദരവിന്റെ ഭാഗമായി ചെയ്യുന്ന കാര്യങ്ങൾ ഉത്തമ നൂറ്റാണ്ടിൽ ഇല്ലെങ്കിൽ പോലും 
മുത്ത് നബി ﷺ യെ ആദരിക്കൽ എന്ന
അടിസ്ഥാന കാര്യം സ്വഹാബത്ത് ചെയ്തതും ഇസ്‌ലാമിൽ അവിതർക്കിതവുമാണ്.

നബി ﷺ യുടെയും സ്വഹാബത്തിന്റെയും കാലത്ത് ഒരു ഈത്തപ്പഴം കൊടുത്തെങ്കിലും ജന്മദിനത്തെ  ആദരിക്കാൻ നമ്മേക്കാൾ നബി ﷺ യോട് ബഹുമാനമുള്ള മുൻഗാമികൾ തന്നെ ആ കാലത്ത് സൗകര്യമായ രൂപത്തിൽ  ഈന്തപ്പന മട്ടലും ഓലയും ഉപയോഗപ്പെടുത്തി പള്ളികൾ നിർമ്മിച്ചത് പോലെ നമ്മേക്കാൾ മതം പഠിപ്പിക്കാൻ താല്പര്യമുള്ള മുൻഗാമികൾ അക്കാലത്ത് യോജിച്ച മദ്റസകളും കോളേജുകളും നർമ്മിക്കാത്തിരുന്നത്
എന്തുകൊണ്ട് വിമർശകർക്ക് മതവിജ്ഞാന പ്രബോധന പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നില്ല.??

ചുരുക്കത്തിൽ ഇസ്‌ലാമിക അടിസ്ഥാനങ്ങൾ ശരി വെക്കുന്നതും ചില പ്രത്യേക രൂപ ഭാവങ്ങൾ നിർദ്ദേശിക്കപ്പെടാത്തതുമായ 
നബി ﷺ യെ ആദരിക്കൽ,
മത വിജ്ഞാനം പകർന്നു കൊടുക്കൽ, തുടങ്ങിയ ഏതു മത കാര്യങ്ങളിലും പ്രമാണങ്ങൾക്ക് എതിരില്ലാത്ത വിധം പിൽക്കാലത്ത് പുതിയ രൂപങ്ങൾ സ്വീകരിക്കുന്നത് ഇസ്‌ലാമിൽ ആക്ഷേപം ഇല്ലെന്ന് മാത്രമല്ല.
ചിലത് മതപരമായി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണ്.
ഈ യാഥാർഥ്യം വിമർശകർ പല കാര്യത്തിലും അനുവർത്തിക്കുന്നുണ്ടെങ്കിലും 
മൗലിദാഘോഷത്തിന്റെ കാര്യത്തിൽ മാത്രം ഇവന്മാർ ഇബ്‌ലീസിന്റെ വഴി സ്വീകരിക്കുന്നത് സത്യത്തിൽ ആരോടുള്ള വിദ്വേഷമാണ്..?
 
✍   റാഷിദ് സഖാഫി കൊടിഞ്ഞി