page

Wednesday, 24 November 2021

ഹലാല്‍ വിവാദം -മതപക്ഷത്ത് നിന്ന് പറയുമ്പോള്‍

*ഹലാല്‍ വിവാദം: മതപക്ഷത്ത് നിന്ന് പറയുമ്പോള്‍*

ഏതൊരു വിഷയത്തിലും ഇസ്ലാമില്‍ ഹലാലും ഹറാമുമുണ്ട്. ഹലാല്‍ എന്നാല്‍ അനുവദിക്കപ്പെട്ടത് എന്നും ഹറാം എന്നാല്‍ നിഷിദ്ധമായത് എന്നുമാണര്‍ഥം. തൊഴില്‍, വസ്ത്രം, ആഭരണം, വിവാഹം, ഭക്ഷണം, പാനീയം തുടങ്ങിയവയിലെല്ലാം ഹലാലും ഹറാമും കാണാം. ഇസ്ലാമില്‍ നിഷിദ്ധമാക്കപ്പെട്ട ഏതൊരു കാര്യവും ഏതെങ്കിലും തരത്തില്‍ നമുക്ക് അപകടമുണ്ടാക്കുന്നതാണെന്ന് കണ്ടെത്താന്‍ കഴിയും. അതേസമയം, അനുവദിക്കപ്പെട്ടതെല്ലാം നമുക്ക് ഗുണകരമായതും ആയിരിക്കും.

*റഹ്മത്തുല്ലാഹ് സഖാഫി എളമരം*

(SIRAJ DAILY - 25/11/2021)

ഒരര്‍ഥത്തില്‍ പുതിയ ഹലാല്‍ വിവാദം ഇസ്ലാമിന് വലിയ നേട്ടമുണ്ടാക്കുന്ന കാര്യമാണ്. ഇസ്ലാമിന്റെ നിയമസംഹിതയെ കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ ബുദ്ധിജീവികളെ ഇത് പ്രേരിപ്പിക്കും. അതിന്റെ സമഗ്രതയും മനുഷ്യ ജീവിതത്തെ അത് എത്രത്തോളം സ്പര്‍ശിക്കുന്നു എന്ന തിരിച്ചറിവും ആളുകളെ ഇസ്ലാമിലേക്ക് എത്തിക്കും. ഇസ്ലാമിനെതിരെ 'ഭീകരത' ആരോപിച്ചതിന് ശേഷം യൂറോപ്പിലും അമേരിക്കയിലും വന്‍ തോതിലാണ് ചിന്താശേഷിയുള്ളവര്‍ ഇസ്ലാമിലേക്ക് ഒഴുകിയെത്തുന്നത്. ഈ ആരോപണം ഇസ്ലാമിനെ കുറിച്ച് പഠിക്കാന്‍ കാരണമായിത്തീരുകയായിരുന്നു.

*എന്താണ് ഹലാല്‍?*
ഏതൊരു വിഷയത്തിലും ഇസ്ലാമില്‍ ഹലാലും ഹറാമുമുണ്ട്. ഹലാല്‍ എന്നാല്‍ അനുവദിക്കപ്പെട്ടത് എന്നും ഹറാം എന്നാല്‍ നിഷിദ്ധമായത് എന്നുമാണര്‍ഥം. തൊഴില്‍, വസ്ത്രം, ആഭരണം, വിവാഹം, ഭക്ഷണം, പാനീയം തുടങ്ങിയവയിലെല്ലാം ഹലാലും ഹറാമും കാണാം.
ഉദാഹരണത്തിന് സ്വന്തം മകള്‍, പെങ്ങള്‍, സഹോദരി പുത്രി, മാതൃ പിതൃ സഹോദരിമാര്‍ തുടങ്ങിയവരെ വിവാഹം ചെയ്യല്‍ ഹറാമാണ്. എന്നാല്‍ അകന്ന ബന്ധുക്കളിലെ സ്ത്രീകളെയും മറ്റും കുടുംബങ്ങളിലുള്ളവരെയും വിവാഹം ചെയ്യല്‍ അനുവദനീയമാണ്. ഇസ്ലാമില്‍ നിഷിദ്ധമാക്കപ്പെട്ട ഏതൊരു കാര്യവും ഏതെങ്കിലും തരത്തില്‍ നമുക്ക് അപകടമുണ്ടാക്കുന്നതാണെന്ന് കണ്ടെത്താന്‍ കഴിയും. അതേസമയം, അനുവദിക്കപ്പെട്ടതെല്ലാം നമുക്ക് ഗുണകരമായതും ആയിരിക്കും. ദൈവിക നിയമമായത് കൊണ്ടാണിതെന്ന് സ്പഷ്ടമാകും.

*ഹലാല്‍ ഭക്ഷണം*
അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ അനുവദനീയവും നല്ലതുമായ ആഹാരത്തില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുക (മാഇദ-88). പ്രവാചകര്‍ അവര്‍ക്ക് നല്ലതിനെ അനുവദിക്കുകയും മോശപ്പെട്ടവയെ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്തു (അല്‍അഅ്റാഫ് 157). മനുഷ്യര്‍ക്ക് ഗുണകരമായവയെ മാത്രമാണ് അല്ലാഹു ഹലാലാക്കി തന്നതെന്നും അപകടകരമായവയെയാണ് നിഷിദ്ധമാക്കിയതെന്നും വ്യക്തമായി.
വേട്ടയാടി ഇരകളെ പിടിക്കുന്ന ഹിംസ്ര ജീവികളായ സിംഹം, പുലി, കടുവ, കരടി, കുറുക്കന്‍, പൂച്ച തുടങ്ങിയവയും അപകടകാരികളായ അണുക്കളുള്ള പന്നി, പട്ടി തുടങ്ങിയവയും ഹറാമായതില്‍ പെടുന്നു. പക്ഷികളില്‍ കാല് കൊണ്ടും മറ്റും ഇരപിടിക്കുന്ന കഴുകന്‍, പ്രാപിടിയന്‍, കാക്ക, പരുന്ത് തുടങ്ങിയവ നിഷിദ്ധമാണ്. കരിവണ്ട്, ഓന്ത്, പല്ലി, തവള, പാമ്പ്, മുതല, ആമ തുടങ്ങി മനുഷ്യര്‍ അറപ്പോടെ കാണുന്ന മ്ലേഛ ജീവികളും നിഷിദ്ധമാക്കപ്പെട്ടതില്‍ പെടുന്നു.
ആട്, മാട്, ഒട്ടകം, കുതിര, മുയല്‍, മാന്‍ തുടങ്ങിയ മൃഗങ്ങളും കോഴി, കാട, താറാവ്, ഒട്ടകപ്പക്ഷി, പ്രാവ് തുടങ്ങിയ പക്ഷികളും ഹലാലായ ഭക്ഷണത്തില്‍ പെടുന്നു. എന്നാല്‍ ഇവ ഭക്ഷ്യ യോഗ്യമാകണമെങ്കില്‍ നിയമപ്രകാരം അറുത്തതായിരിക്കണം. എല്ല്, പല്ല്, നഖം ഒഴികെയുള്ള മൂര്‍ച്ചയുള്ള ആയുധം കൊണ്ടായിരിക്കണം ഒരു മുസ്ലിം അറവ് നടത്തേണ്ടത്. ശ്വാസനാളവും അന്നനാളവും പൂര്‍ണമായി മുറിയുന്ന വിധത്തില്‍ അറുക്കുകയും വേണം. ശ്വാസം മുട്ടി ചത്തത്, അടിച്ചു കൊന്നത്, ഉയരത്തില്‍ നിന്ന് താഴേക്ക് പതിച്ച് ജീവന്‍ നഷ്ടപ്പെട്ടത്, പരസ്പരം കുത്തുകൂടി ചത്തുവീണത്, രോഗം വന്ന് ചത്തത്, ഹിംസ്ര ജീവികള്‍ കൊന്നിട്ടത് ഇവയെല്ലാം നിഷിദ്ധമാണ്.
ഇസ്ലാമിക നിയമപ്രകാരം അറുക്കുന്നതാണ് ഏറ്റവും ഉത്തമമെന്ന് എല്ലാവരാലും അംഗീകരിക്കപ്പെട്ടതാണ്. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും സെക്കന്‍ഡുകള്‍ മാത്രമേ പ്രയാസമനുഭവിക്കേണ്ടതുള്ളൂ. മൂര്‍ച്ചയേറിയ കത്തികൊണ്ട് കഴുത്തറുക്കുന്നതോടെ വേദന ബോധ്യപ്പെടുത്തുന്ന തലച്ചോറിന്റെ ഭാഗവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നു. ഇത് അവയോട് കാണിക്കുന്ന ദയയാണ്. തലക്കടിച്ചും ശ്വാസം മുട്ടിച്ചും കൊല്ലുമ്പോള്‍ ഒരുപാട് സമയം അവ പ്രയാസപ്പെടേണ്ടി വരുന്നു.
അറവ് നടത്തുമ്പോള്‍ ശരീരത്തില്‍ നിന്ന് രക്തം നന്നായി വാര്‍ന്നു പോകുന്നതിനാല്‍ മാംസം ശുദ്ധമാകുകയും പെട്ടെന്ന് കേട് വരാതിരിക്കുകയും കൂടുതല്‍ പോഷക മൂല്യമുള്ളതാകുകയും ചെയ്യുന്നു. മറ്റു വിധത്തില്‍ കൊല്ലുമ്പോള്‍ രക്തം മാംസത്തില്‍ കട്ടപിടിച്ച് നില്‍ക്കുന്നത് കാരണം മനുഷ്യര്‍ക്ക് നിരവധി രോഗങ്ങളുണ്ടാകാനും മാംസം പെട്ടെന്ന് കേട് വരാനും കാരണമാകുന്നു.
മൈസൂരിലെ സെന്‍ട്രല്‍ ഫുഡ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേധാവി ഡോ. വി കെ മോദിയുടെ നേതൃത്വത്തില്‍ നടന്ന പഠനം 2012ല്‍ ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിരുന്നു. ഹലാല്‍ അറവാണ് ഏറ്റവും ആരോഗ്യകരമെന്ന് അതില്‍ സലക്ഷ്യം സ്ഥാപിച്ചിട്ടുണ്ട്.

*ഹലാല്‍ മുദ്ര*
പണ്ടൊക്കെ കശാപ്പ് ശാലകളില്‍ ചെന്ന് മാംസം നേരിട്ട് വാങ്ങുന്നതായിരുന്നു പതിവ്. അല്ലെങ്കില്‍ കോഴി പോലുള്ളവയെ ജീവനോടെ വാങ്ങി സ്വയം അറുത്ത് ഭക്ഷിക്കും. കേട് കൂടാതെ ദിവസങ്ങളോളം സൂക്ഷിച്ച് വെക്കാന്‍ പറ്റിയ ടെക്നോളജി കണ്ടെത്തിയതോടെ മാംസം കയറ്റുമതി തുടങ്ങി. സ്വാഭാവികമായും ഇത് ഏത് ജീവിയുടെ മാംസമാണ്, ഏത് വിധം തയ്യാറാക്കപ്പെട്ടതാണ് എന്നൊക്കെ ഉപഭോക്താക്കള്‍ അന്വേഷിക്കും. മുസ്ലിംകള്‍ ഇസ്ലാമിക നിയമപ്രകാരമുള്ളത് മാത്രമേ ഭക്ഷിക്കൂ എന്നതിനാല്‍ വ്യവസായികള്‍ കയറ്റുമതി ചെയ്യുന്ന പാക്കറ്റുകളുടെ മേല്‍ ഹലാല്‍ എന്ന് മുദ്രണം ചെയ്യാന്‍ തുടങ്ങി.
മുസ്ലിം നാടുകളില്‍ വിപണി പിടിക്കുക എന്നതല്ലാതെ ഇതിന്റെ പിന്നില്‍ ഇസ്ലാമികവത്കരണമോ തീവ്രവാദ പ്രചാരണമോ ഇല്ലെന്ന് ആഹാരം കഴിക്കുന്ന എല്ലാ മനുഷ്യര്‍ക്കും അറിയാം. അതുകൊണ്ടാണ് ഇന്ത്യയില്‍ നിന്ന് ഏറ്റവുമധികം ബീഫ് കയറ്റി അയക്കുന്ന ഹൈന്ദവ വിഭാഗത്തില്‍ പെട്ടവര്‍ അവരുടെ ഉത്പന്നത്തിന്റെ പാക്കറ്റുകളില്‍ അല്‍ഹലാല്‍ എന്ന് മുദ്രണം ചെയ്യുന്നത്.
യാത്രാ സൗകര്യങ്ങള്‍ വര്‍ധിച്ചതോടെ ടൂറിസം വ്യാപകമായി. കേരളം ഉള്‍പ്പെടെയുള്ള നാടുകളിലേക്ക് മുസ്ലിം നാടുകളില്‍ നിന്നടക്കം നിരവധി പേര്‍ വിവിധ ലക്ഷ്യങ്ങളോടെ ടൂറിസ്റ്റുകളായി വരാന്‍ തുടങ്ങി. അവരുടെ കച്ചവടം പിടിക്കുന്നതിനായി ഹോട്ടലുടമകള്‍ 'ഹലാല്‍' മുദ്രകള്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കാനും തുടങ്ങി. ഇതിലെല്ലാം വര്‍ഗീയത കാണുന്നവരുടെ മനസ്സിനാണ് ആദ്യം ചികിത്സ നടത്തേണ്ടത്. എറണാകുളത്ത് ലുലു ജംഗ്ഷനില്‍ ചെന്നാല്‍ പല കടകളുടെയും പേര് അറബിയിലാണ് കാണുന്നത്. അറബികള്‍ ധാരാളം വന്ന് താമസിക്കുന്ന ഏരിയ ആയതിനാല്‍ അവരുടെ കച്ചവടം പിടിക്കുകയാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം. ഇതും 'ജിഹാദി'കളുടെ ഇസ്ലാമികവത്കരണമാണെന്ന് പറയാന്‍ വര്‍ഗീയത എന്ന മാനസിക രോഗം ബാധിച്ചവര്‍ മുതിരാതിരിക്കില്ല.

*തുപ്പല്‍ വിവാദം*
കാസര്‍കോട് ജില്ലയില്‍ ഒരു സയ്യിദ് തന്റെ പിതാവിന്റെ ആണ്ടനുസ്മരണ പരിപാടിയുടെ ഭാഗമായി അവിടെ എത്തിച്ചേര്‍ന്ന തന്റെ സ്നേഹ ജനങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് അവര്‍ക്ക് വിളമ്പുന്ന ഭക്ഷണത്തില്‍ മന്ത്രിച്ചൂതി കൊടുക്കുന്ന ഒരു വീഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു. വല്ലഭന് പുല്ലും ആയുധം എന്ന് പറഞ്ഞത് പോലെ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഇതെടുത്ത് പോസ്റ്റ് ചെയ്തു- ഇതാണ് ഹലാല്‍ ഭക്ഷണം! ഹോട്ടലുകളില്‍ നാം കാണുന്ന ഹലാല്‍ ഭക്ഷണം ഇവര്‍ തുപ്പിത്തരുന്ന ഭക്ഷണമാണ്! കോഴിക്കോട് മുസ്ലിംകള്‍ക്കിടയില്‍ ജീവിച്ചുവളര്‍ന്ന, അവരുടെ സംസ്‌കാരത്തെ അനുഭവിച്ചറിഞ്ഞ സുരേന്ദ്രനെ പോലുള്ള ഒരാള്‍ ഈ വിധത്തില്‍ ദുര്‍വ്യാഖ്യാനിക്കുന്നത് ഖേദകരമെന്നേ പറയാനുള്ളൂ.  കേരളീയര്‍ എല്ലാവരും വര്‍ഗീയാന്ധത ബാധിച്ചവരല്ല എന്നതില്‍ സമാധാനിക്കുകയും ചെയ്യുന്നു.
ചികിത്സയുടെ ഭാഗമായി ആവശ്യപ്പെടുന്നവര്‍ക്ക് വെള്ളം, ഭക്ഷണം, പഴം, നൂല്‍ തുടങ്ങിയ വസ്തുക്കളില്‍ മന്ത്രിച്ചൂതി കൊടുക്കുന്നത് മറ്റു മതങ്ങളില്‍ ഉള്ളത് പോലെ ഇസ്ലാമിലുമുണ്ട്. വിശുദ്ധ വചനങ്ങള്‍ ഉരുവിട്ട ശ്വാസ സ്പര്‍ശനം രോഗശമനത്തിന് കാരണമാകുമെന്ന വിശ്വാസത്തിന്റെ ഭാഗമാണിത്. അമുസ്ലിംകളടക്കം മുസ്ലിം പണ്ഡിതന്മാരെ സമീപിച്ച് വെള്ളം ജപിച്ച് വാങ്ങുന്ന കാഴ്ച ഇന്നും നമുക്ക് കാണാം.
ഇതിനെ തുപ്പലായി ചിത്രീകരിക്കുകയും മുസ്ലിംകള്‍ വൃത്തിയില്ലാത്തവരാണെന്ന് പ്രചരിപ്പിക്കുകയും ചെയ്ത് അവരെ സാമൂഹികമായും സാമ്പത്തികമായും ഒറ്റപ്പെടുത്തുക എന്നതായിരിക്കും വ്യാജ പ്രചാരകരുടെ ലക്ഷ്യം. നേരും നെറിയും വേര്‍തിരിച്ചു മനസ്സിലാക്കാന്‍ കെല്‍പ്പുള്ള കേരളീയരുടെ മുമ്പില്‍ അത് വിലപ്പോകില്ല.
വൃത്തിയും ശുദ്ധിയും ലോകത്തെ പഠിപ്പിച്ചത് ഇസ്ലാം മതമാണ്. ഒരു സമ്പൂര്‍ണ മുസ്ലിം ഒരു ദിവസം ഏഴ് തവണയെങ്കിലും പല്ല് തേക്കുന്നു. അഞ്ച് തവണ നിസ്‌കാരത്തിന് വേണ്ടി അംഗസ്നാനം (വുളൂഅ്) ചെയ്യുമ്പോഴും ഉറങ്ങാന്‍ പോകുമ്പോഴും ഉറക്കില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോഴും പല്ല് തേക്കുന്നു. അഞ്ച് നേരത്തെ വുളൂഇന്റെ ഭാഗമായി മാത്രം 30 തവണ മുന്‍കൈ കഴുകുന്നു. ഉറങ്ങിയെഴുന്നേറ്റാല്‍ മൂന്ന് തവണ കൈകള്‍ കഴുകുകയെന്നതാണ് ഒരു മുസ്ലിമിന്റെ ആദ്യ പ്രവൃത്തി.
വിസര്‍ജനാനന്തരം ശൗച്യം ചെയ്യല്‍ മുസ്ലിംകള്‍ക്ക് നിര്‍ബന്ധമാണ്. മൂത്രമൊഴിച്ച് കുടഞ്ഞെഴുന്നേറ്റ് പോകാന്‍ മതം അനുവദിക്കുന്നില്ല. അതുകൊണ്ട് തന്നെ റോഡ് സൈഡിലും ബസ്സ്റ്റാന്‍ഡുകളിലും ഊടുവഴികളിലും നിന്ന് മുസ്ലിംകള്‍ മൂത്രമൊഴിക്കാറില്ല. പള്ളികളോട് ചേര്‍ന്ന് ശാസ്ത്രീയമായി ഒരുക്കിയ ശൗചാലയങ്ങളില്‍ മാത്രമാണ് അവര്‍ വിസര്‍ജനം നടത്തുന്നത്. ഒരിറ്റ് മൂത്രം തന്റെ വസ്ത്രത്തിലുണ്ടായാല്‍ നിസ്‌കാരം പോലും സ്വീകാര്യമല്ല.
ഭക്ഷണ പാനീയങ്ങളില്‍ അനാവശ്യമായി ഊതുന്നത് പ്രവാചകന്‍ നിരോധിച്ച കാര്യമാണ്. വെള്ളം കുടിക്കുമ്പോള്‍ അതേ പാത്രത്തിലേക്ക് ശ്വാസം വിടാതെ, തവണകളായി, ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ടാണ് പ്രവാചകര്‍ വെള്ളം കുടിക്കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ ചികിത്സാവശ്യാര്‍ഥമാകുമ്പോള്‍ ചില ശ്വാസങ്ങള്‍ അമൃതാണ്. ഹാര്‍ട്ട് അറ്റാക്ക് വന്നവന് കൃത്രിമ ശ്വാസം കൊടുക്കലുണ്ട്. രോഗിയുടെ ചുണ്ടില്‍ ചുണ്ടമര്‍ത്തിയാണ് ഇത് നല്‍കുന്നത്. ചികിത്സയുടെ ഭാഗമായി ഇത് ലോകം അംഗീകരിച്ചതുമാണ്. തനിക്ക് ഇഷ്ടപ്പെട്ട ഒരു ആത്മീയ നേതാവില്‍ നിന്ന് ഒരാള്‍ മന്ത്രിച്ചൂതിയത് വാങ്ങിക്കുടിക്കുന്നതിനെ വിമര്‍ശിക്കേണ്ടതില്ല. ഇഷ്ടമില്ലാത്തവര്‍ക്ക് ചെയ്യാതിരിക്കാം. താന്‍ ഇഷ്ടപ്പെടുന്ന ഇണയുടെ ശ്വാസവും ഉമിനീരുമെല്ലാം തന്റെ വായിലാക്കുന്ന കാര്യമെങ്കിലും ഓര്‍ക്കുക.
നാടിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കേണ്ട രാഷ്ട്രീയ നേതാക്കള്‍ വിദ്വേഷ പ്രചാരകരും വിഭാഗീയത സൃഷ്ടിക്കുന്നവരും ആയി മാറരുത്. വര്‍ഗീയത ഒരു അഗ്‌നിപര്‍വതമാണ്. ചെറിയൊരു തീപ്പൊരി മതി അത് ആളിക്കത്തും. കത്തിച്ചവര്‍ക്ക് പോലും കെടുത്താന്‍ കഴിയില്ല. ആരൊക്കെ ബാക്കിയാകും എന്നും പറയാന്‍ സാധിക്കില്ല. കുപ്രചാരണങ്ങള്‍ക്കെതിരെ അതേ രീതിയില്‍ പ്രതികരിക്കുന്ന മുസ്ലിം സുഹൃത്തുക്കളോടും പറയാനുള്ളത് അത് തന്നെയാണ്. ''തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കുക. നിങ്ങളുടെ എതിരാളികള്‍ ആത്മ മിത്രങ്ങളായി മാറുന്നതായിരിക്കും''  എന്ന വിശുദ്ധ ഖുര്‍ആന്‍ വചനമാകണം നമ്മുടെ വഴികാട്ടി.