page

Wednesday, 9 February 2022

മോതിരം ധരിക്കൽ

 പുരുഷൻ വെള്ളിമോതിരം ധരിക്കൽ സുന്നത്താണല്ലോ. എന്നാൽ ഒന്നിൽ കൂടുതൽ വെള്ളിമോതിരം ധരിക്കുന്നതിന്റെ വിധിയെന്താണ് ? ചെറിയ വിരലിൽ തന്നെ ധരിക്കണമെന്നുണ്ടോ ? വെള്ളിയും സ്വർണവുമല്ലാത്ത പ്ലാറ്റിനം പോലുള്ള ലോഹങ്ങൾ കൊണ്ടും പ്ലാസ്റ്റിക്ക് പോലെയുള്ളവ കൊണ്ടുമുള്ള ഒന്നോ അതിലധികമോ മോതിരങ്ങൾ പുരുഷന് ധരിക്കാമോ ?


✅️ : പുരുഷൻ വലതുകൈയിന്റെ ചെറുവിരലിലോ ഇടതുകൈയ്യിന്റെ ചെറുവിരലിലോ വെള്ളി മോതിരം ധരിക്കൽ സുന്നത്താകുന്നു. വലതു കൈയിലാണ് ഏറെ ശ്രേഷ്ഠം. ഒന്നിലേറെ മോതിരം ധരിക്കൽ അനുവദനീയമല്ല. ( ഫത്ഹുൽ മുഈൻ 166 ) ചെറുവിരലില്ലാതെ മറ്റു വിരലുകളിൽ ധരിക്കൽ കറാഹത്താണെന്നാണ് പ്രബലം ( തുഹഫ 3/276 ). സ്വർണവും വെള്ളിയുമല്ലാത്ത മോതിരം ധരിക്കൽ ഹറാമോ കറാഹത്തോ ഇല്ലെന്നും അനുവദനീയമാണെന്നും എന്നാൽ കറാഹത്താണെന്ന് പ്രബലമല്ലാത്ത അഭിപ്രായമുണ്ടെന്നും അൽ മത്വാലിബ് 2/278 , അൽഗുററുൽ ബഹിയ്യ 2/47 , ഹാശിയത്തുൽ ജമൽ 2/256 തുടങ്ങിയ ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. അത് ഉപേക്ഷിക്കലാണ് ഉത്തമമെന്ന് ഇമാം ഇബ്നു ഹജർ (റ) ശറഹു ബാഫള്ൽ 2 / 83 -ൽ പറഞ്ഞിരിക്കുന്നു.


ചില കല്ലുകൾക്ക് ചില പ്രത്യേകതയുള്ളതും അത്തരം കല്ലുകളുള്ള മോതിരം ധരിക്കുന്നതിലൂടെ ചില ഗുണങ്ങൾ ലഭിക്കു ന്നതും ഇമാമുകൾ പലരും വ്യക്തമാക്കിയിട്ടുണ്ട്. ഉദാഹരണമായി ഇമാം അബ്ദുർറഊഫുൽ മുനാവി (റ) എഴുതുന്നു യാഖൂതിന് (മാണിക്യം) ധാരാളം പ്രത്യേകതകളുണ്ട്. അതുകൊണ്ട് മോതിരം ധരിക്കുന്നത് പ്ലേഗ് രോഗത്തെ തടയുന്നതാണ്. മനസ്സിന് ശക്തിയും സന്തോഷവും ലഭിക്കാൻ അത് കാരണമാണെന്നത് പ്രസിദ്ധമാണ്. ( ഫൈളുൽ ഖദീർ : 1/232 )

ഇമാം ബുജൈരിമി (റ) എഴുതുന്നു യാഖൂത് മോതിരമായി ഉപയോഗിക്കുന്നത് ദാരിദ്രം നീങ്ങാൻ കാരണമാകുമെന്നത് അതിന്റെ ഗുണങ്ങളിൽ പെട്ടതാണ്. ജീവിതകാര്യങ്ങൾ എളുപ്പമാകാനും ആവശ്യസഫലീകരണത്തിനും യാഖൂത് മോതിരമായി ഉപയോഗിക്കുന്നത് കാരണമാണ്. ( ബുജൈരിമി അലൽ ഖത്വീബ് : 1/116 ). ഇമാം സുലൈമാനുൽ ജമൽ (റ) ഹാശിയതുൽ ജമൽ 1/56 ലും അല്ലാമാ അബ്ദുൽ ഹമീദു ശ്ശർവാനി (റ) ഹാശിയതുത്തുഹ്ഫ 1/124 ലും ഇക്കാര്യം ഉദ്ധരിച്ചിട്ടുണ്ട്.