page

Thursday, 19 May 2022

പിരിവിനെ ആക്ഷേപിക്കുന്നവരോട്

 *പിരിവിനെക്കുറിച്ച്..*

നിങ്ങൾ എന്തുകരുതിയാലും ശരി, പിരിവ് ഒരു സാമൂഹിക പ്രവർത്തനമാണ്; പിരിക്കുക എന്നത് ഒരു കലയുമാണ്. പിരിവ് എന്ന് കേൾക്കുമ്പോൾ ഒരു മാതിരി മലയാളിയുടെയും മുഖം ചുളിയാത്തത് ഈ വസ്‌തുത നന്നായി അറിയാവുന്നതുകൊണ്ടാണ്. ബക്കറ്റിലും തുണിയിലും റെസിപ്റ്റിലും അക്കൗണ്ടിലും പിരിച്ചുപിരിച്ചുതന്നെയാണ് നമ്മൾ കേരളം പണിതത്. മതസംഘടനകളും രാഷ്ട്രീയസംഘടനകളും ആസ്ഥാനങ്ങളും മറ്റു കേന്ദ്രങ്ങളും പണിതത്. ഒരർത്ഥത്തിൽ ഒരാളുടെ പണത്തെ സാമൂഹിക വികാസത്തിനുവേണ്ടി ഉപയോഗപ്പെടുത്തുന്ന പ്രക്രിയ കൂടിയാണ് പിരിവ്. ഒരാൾ പിരിവ് കൊടുക്കുമ്പോൾ അയാൾ സാമൂഹികമായ ഒരു നിക്ഷേപം നടത്തുകയാണ്‌. സമൂഹത്തിൽ ആർക്കെങ്കിലും ഉപകാരപ്പെടുന്ന ഒരാവശ്യത്തിലേക്ക് അയാൾ ഒരുകൈ സഹായിക്കുകയാണ്. അങ്ങനെ പലരിൽ നിന്നായി പിരിച്ചെടുത്ത്, ഒരാൾക്ക് തനിച്ചുചെയ്യാൻ കഴിയാത്തത് സംഘടനകളോ സ്ഥാപനങ്ങളോ സാധ്യമാക്കുകയാണ്. അങ്ങനെ പരസ്‌പരം ആശ്രയിച്ചും സഹകരിച്ചുമാണ് സമൂഹം നിലനിൽക്കുന്നത്, സാമൂഹിക സ്ഥാപനങ്ങൾ നിലനിൽക്കുന്നത്. പരശുരാമൻ മഴു എറിഞ്ഞല്ല, പരശ്ശതം മനുഷ്യർ സങ്കുചിതത്വങ്ങളില്ലാതെ ഒത്തുചേർന്നാണ് കേരളം സാധ്യമാക്കിയത്. അതിൽ മുഖ്യമായ പങ്കുവഹിച്ചത് ഗൾഫ് മലയാളികളാണ്. അവർ മാത്രമാണോ? അല്ല, പിന്നെയോ? അവരുടെ സമ്പാദ്യത്തെ ഒരു സാമൂഹിക നിക്ഷേപത്തിലേക്ക് വഴിതിരിച്ചുവിട്ടതിലൂടെ അവരുടെ പണത്തിന് വലിയ മൂല്യം നേടിക്കൊടുത്ത 'പിരിവാളന്മാർ' കൂടിയാണ്. പിരിക്കുക എന്നത് മിടുക്കാണ്, അതിന് അസാമാന്യമായ ക്ഷമയും സഹനവും വേണം. കൊടുക്കുക എന്നത് ത്യാഗമാണ്. അതിന് സങ്കുചിതത്വമില്ലാത്ത മനസും സമർപ്പണവും ആവശ്യമുണ്ട്. ഈ മിടുക്കും ത്യാഗവും, ക്ഷമയും സമർപ്പണവും ഒന്ന് ചേർന്നപ്പോഴാണ് ഇക്കണ്ട കേരളം ഉണ്ടായത്. നമ്മൾ ഇന്ന് കാണുന്ന പല സ്ഥാപനങ്ങളും തലയുയർത്തിനിൽക്കുന്നത് പല പേരുകളിലാണെങ്കിലും അവ പങ്കുവയ്ക്കുന്ന പൊതുവായ ഒരു സന്ദേശമുണ്ട്- 'ഈ തലയെടുപ്പ് തനിയെ ഉണ്ടായതല്ല, നിങ്ങൾ ഉദാരമനസ്കർ സാധ്യമാക്കിയതാണ്, ഇതിന്റെ അവകാശികൾ നിങ്ങളാണ്...'

ചുരുക്കമിതാണ്:

പിരിവെടുക്കുക എന്നത് മോശം ഏർപ്പാടല്ല,

പിരിവ് കൊടുക്കുക എന്നത് നിഷ്‌ഫല യത്നവുമല്ല.