page

Sunday, 16 July 2017

മുഅജിസത്തും കറാമത്തും മരണത്തോടെ മുറിയില്ല.

അമ്പിയാക്കളുടെ മുഅ്ജിസത്ത് മരണശേഷം മുറിഞ്ഞുപോകാത്തപോലെ ഔലിയാക്കളുടെ കറാമത്തും മരണത്തോടെ മുറിഞ്ഞുപോവുകയില്ല. വിശുദ്ധഖുര്‍ആനിലും സുന്നത്തിലും ഇതിന് ധാരാളം തെളിവുകള്‍ കണ്ടെത്താനാകും. ഔലിയാക്കളില്‍ പ്രമുഖരായ ശുഹദാക്കളെ (രക്തസാക്ഷികള്‍) കുറിച്ച് അല്ലാഹു പറയുന്നു: “അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വധിക്കപ്പെട്ടവര്‍, അവര്‍ മരണപ്പെട്ടവരാണെന്ന് നിങ്ങള്‍ ധരിക്കരുത്. പക്ഷേ, അവര്‍ ജീവിച്ചിരിക്കുന്നവരും റബ്ബിന്റെ അടുക്കല്‍ പ്രത്യേക സ്ഥാനമുള്ളവരും ഭക്ഷണം നല്‍കപ്പെടുന്നവരുമാണ്” (ആലു ഇംറാന്‍, 169).

വീണ്ടും ഖുര്‍ആന്‍ പറയുന്നു: ‘(ശത്രുക്കള്‍ വധിച്ച ഹബീബുന്നജ്ജാറിനോട്) പറയപ്പെട്ടു. നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുക. അദ്ദേഹം പറഞ്ഞു. എന്റെ റബ്ബ് എനിക്ക് പൊറുത്തു തരികയും കറാമത്തുള്ളവരില്‍ എന്നെ ഉള്‍പ്പെടുത്തുകയും ചെയ്ത വിവരം എന്റെ ജനങ്ങള്‍ അറിഞ്ഞുവെങ്കില്‍ നന്നായിരുന്നു’ (യാസീന്‍ 28, 29). അങ്ങനെ ഹബീബിനെ വധിച്ച ശത്രുക്കളില്‍ അല്ലാഹു ശിക്ഷ ഇറക്കുകയും അവരെ നാമാവശേഷമാക്കുകയും ചെയ്തു (ഖുര്‍തുബി 15/20). ഇവ അല്ലാഹുവിന്റെ ഇഷ്ടദാസനായ ഹബീബുന്നജ്ജാറിന്റെ കറാമത്താണെന്ന് പറയേണ്ടതില്ലല്ലോ. ഖുര്‍ആന്‍ വീണ്ടും വ്യക്തമാക്കുന്നു. ‘സജ്ജനങ്ങളെപ്പോലെ ജീവിതവും മരണവും തുല്യമാകുന്ന വിധത്തില്‍ കുറ്റവാളികളെയും നാം ആക്കുമെന്ന് അവര്‍ വിചാരിക്കുന്നുവോ, അവരുടെ വിധി വളരെ ചീത്തയാകുന്നു’ (അല്‍ ജാസിയ 27).

ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം ബൈളാവി(റ) പറയുന്നതു കാണുക: “ജീവിത കാലത്തും മരണശേഷവും സന്തോഷത്തിലും കറാമത്തിലും സജ്ജനങ്ങളെ ആക്കുന്നതുപോലെ കുറ്റവാളികളെ അല്ലാഹു ആക്കുന്നതല്ല” (ബൈളാവി, 5/71).

ഇങ്ങനെ തുടങ്ങി ഒട്ടനവധി ആയത്തുകളില്‍ നിന്ന് കറാമത്തുകള്‍ മരണശേഷം മുറിഞ്ഞുപോവുകയില്ലെന്ന് ഗ്രഹിക്കാം.

മഹത്തുക്കളില്‍ നിന്ന് മരണശേഷം കറാമത്തുണ്ടായതായി ഹദീസ് ഗ്രന്ഥങ്ങളില്‍ ധാരാളമായി കാണാം. ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നു. ‘ഉഹ്ദ് യുദ്ധത്തില്‍ ശഹീദായ അബ്ദുല്ലാ(റ)വിന് അദ്ദേഹത്തിന്റെ ജനാസ എടുക്കുന്നതുവരേക്കും മലകുകള്‍ നിഴലിട്ടു കൊടുത്തിരുന്നുവെന്ന് നബി(സ്വ)പറഞ്ഞു (ബുഖാരി 1/166). മഹാനായ അബൂബക്കര്‍ സ്വിദ്ദീഖ്(റ)ന്റെ ജനാസ പ്രവാചക പ്രഭുവിന്റെ ഖബറിങ്ങല്‍ വെച്ച് അവിടുത്തെ സമീപത്ത് മറവുചെയ്യാന്‍ ചോദിച്ചപ്പോള്‍ ഒരു വിളിയാളം ശ്രദ്ധയില്‍പെട്ടു. സ്നേഹിതനെ സ്നേഹിതന്റെ കൂടെ മറവുചെയ്യുക (തഫ്സീര്‍ റാസി 5/478).

ഖുര്‍ആന്‍ അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന വാദത്തിനെതിരെ ശബ്ദിച്ചതിന്റെ പേരില്‍ വധിക്കപ്പെട്ട അഹ്മദുബ്നു നസ്വ്റില്‍ ഖുസാഇ(റ)ന്റെ ശിരസ്സ് ബഗ്ദാദില്‍ നാട്ടപ്പെടുകയും ശിരസ്സ് സൂക്ഷിക്കാന്‍ ശത്രുക്കള്‍ ഒരാളെ ഏല്‍പ്പിക്കുകയും ചെയ്തു. പക്ഷേ, രാത്രിയില്‍ മഹാനവര്‍കളുടെ ശിരസ്സ് ഖിബ്ലയിലേക്ക് സ്വയം തിരിയുകയും യാസീന്‍ പാരായണം ചെയ്യുകയും ചെയ്യുന്നതായി കാവല്‍ക്കാരന് കാണാന്‍ കഴിഞ്ഞു. ഇമാം സുയൂഥി(റ) തന്റെ താരീഖുല്‍ ഖുലഫാഅ് 236- റാം പേജില്‍ ഈ സംഭവം ഉദ്ധരിച്ചിട്ടുണ്ട്.

മഹാനായ ആസ്വിം(റ)നെ ശത്രുക്കള്‍ പിടിച്ചു വധിച്ച ശേഷം അദ്ദേഹത്തിന്റെ ശരീരത്തിന്റെ ചില ഭാഗങ്ങള്‍ മുറിച്ചു ശത്രുനേതാക്കളുടെ അടുത്തേക്ക് കൊണ്ടുപോകാന്‍ വേണ്ടി അവര്‍ ശ്രമിച്ചെങ്കിലും അല്ലാഹു അവര്‍ക്കെതിരെ ഒരു കടന്നല്‍ കൂട്ടത്തെ പറഞ്ഞയച്ചു അവരെ തുരത്തിയ സംഭവം ഇമാം ബുഖാരി(റ) തന്റെ സ്വഹീഹ് 2/569ല്‍ രേഖപ്പെടുത്തിയതാണ്. ഈ സംഭവങ്ങളില്‍ നിന്നെല്ലാം മരണപ്പെട്ട ശേഷവും ഔലിയാക്കളില്‍ നിന്ന് കറാമത്തുണ്ടാകുമെന്നും വ്യക്തമായി. അതുകൊണ്ടുതന്നെ അല്ലാമാ ഇമാം റംലി(റ) പറയുന്നു: ‘അമ്പിയാക്കളുടെ മുഅ്ജിസതും ഔലിയാക്കളുടെ കറാമത്തും മരണത്തോടെ മുറിയുകയില്ല’ (ഫതാവാറംലി 4/382).

https://visionofahlussunna.blogspot.in/?m=0