page

Wednesday, 16 August 2017

ഇസ്തിഗാസ - ചോദ്യവും മറുപടിയും - 3

ഇസ്തിഗാസ എന്നാല്‍ എന്ത് ? ———————————- ഉത്തരം: ഇസ്തിഗാസ എന്ന വാക്കിന്റെ ഭാഷാര്‍ത്ഥം സഹായം തേടല്‍ എന്നാണ്. അല്ലാഹുവിനോടും ജനങ്ങളോടും ഇസ്തിഗാസ ചെയ്യാറുണ്ട്. ഈ രണ്ട് സന്ദര്‍ഭങ്ങളിലും സാങ്കേതികാര്‍ത്ഥം മാറുന്നു. ചോദിക്കുന്നവന്‍ അടിമയാണെന്നും ചോദിക്കപ്പെടുന്നവന്‍ അല്ലാഹുവാണെന്നുമുള്ള വിശ്വാസത്തോടെ, സ്വയം സഹായിക്കുമെന്ന രൂപത്തില്‍ ചെയ്യുന്ന സഹായാര്‍ത്ഥനയാണ് അല്ലാഹുവിനോടു ചെയ്യുന്ന ഇസ്താഗസ. ഈ ഇസ്തിഗാസ അല്ലാഹു അല്ലാത്തവരോട് അനുവദനീയമല്ല. എന്നാല്‍ അമ്പിയാക്കള്‍, ഔലിയാക്കളോട് സുന്നികള്‍ ചെയ്യുന്ന ഇസ്തിഗാസ കൊണ്ട് ഉദ്ദേശിക്കുന്നത് അവര്‍ക്ക് അല്ലാഹു നല്‍കുന്ന മുഅ്ജിസത് കറാമത്തിന്റെ അടിസ്ഥാനത്തില്‍ അവരോട് ചോദിക്കുക എന്നാണ്. 

ചോദ്യം (2) അമ്പിയാക്കള്‍, ഔലിയാക്കള്‍ എന്നിവരോട് ഇസ്തിഗാസ ചെയ്യല്‍ അവരോട് പ്രാര്‍ത്ഥിക്കലാവുകയില്ലെ.? ————————————- 
ഉത്തരം: ഒരടിമ അവന്റെ റബ്ബിനോട് ചോദിക്കലാണ് പ്രാര്‍ത്ഥന (ദുആഅ്) (റാസി 3/23). ശര്‍ഇന്റെ ഭാഷയില്‍ പ്രാര്‍ത്ഥന എന്താണ് എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഇവിടെ കാണുന്നത. ഈ രൂപത്തിലുള്ള സാങ്കേതികമായ പ്രാര്‍ത്ഥന ഒരിക്കലും അല്ലാഹു അല്ലാത്ത ആരോടും സുന്നികള്‍ നടത്തുന്നില്ല. അത് വെറും ആരോപണം മാത്രമാണ്. അതേ സമയം സുന്നികള്‍ ചെയ്യുന്നത് വെറും സഹായം തേടല്‍ മാത്രമാണ്. ഈ സഹായാര്‍ത്ഥനക്ക് വേ ണമെങ്കില്‍ പ്രാര്‍ത്ഥന എന്ന് ഭാഷാര്‍ത്ഥത്തില്‍ പറയാം. കാരണം, പ്രാര്‍ത്ഥന എന്നതിന്റെ ഭാഷാര്‍ത്ഥം എന്തൊക്കെയാണെന്ന് പരിശോധിച്ചാല്‍ അത് വ്യക്തമാവും. അത് മലയാള ഭാഷ പണ്ഡിതര്‍ പറയട്ടെ, പ്രാര്‍ത്ഥന: അപേക്ഷ, യാചന, നേര്‍ച്ച, സ്തുതി, ഹര്‍ജി (കേരള ഭാഷാ നിഘണ്ടു 117) ശബ്ദ സാഗരം 3/2712, ശബ്ദതാരാവലി 1308. ചുരുക്കത്തില്‍ ശരീഅത്തിന്റെ സാങ്കേതികാര്‍ത്ഥത്തിലുള്ള പ്രാര്‍ത്ഥന(ദുആഅ്) അല്ലാഹുവിനോട് മാത്രമേ ആകാവു. അതേസമയം സുന്നികള്‍ ചെയ്യുന്നത് സഹായാര്‍ത്ഥന മാത്രമാണ്. ഈ സഹായാര്‍ത്ഥനക്ക് ചില പണ്ഡിതന്‍മാര്‍ പ്രാര്‍ത്ഥന എന്ന് പറഞ്ഞത് ഭാഷാര്‍ത്ഥത്തിലുള്ള പ്രാര്‍ത്ഥന എന്ന അര്‍ത്തത്തിലാണ്്.

 ചോദ്യം (3) അമ്പിയാക്കള്‍ ഔലിയാക്കളോടുള്ള സഹായാര്‍ത്ഥന അവരെ ആരാധിക്കലാണെന്ന ആരോപണത്തെ കുറിച്ച് എന്ത് പറയുന്നു.? ———————————————- 
ഉത്തരം: മുമ്പ് പറഞ്ഞതില്‍ നിന്ന് തന്നെ ഇതിന്റെ ഉത്തരം ലഭിക്കും. ഈ വിഷയം ഒന്നുകൂടി മനസ്സിലാവണമെങ്കില്‍ എന്താണ് ആരാധന (ഇബാദത്ത്) എന്നു പഠിച്ചാല്‍ മതി. ഇബാദത്ത് എന്നാല്‍ എന്താണെന്ന് പണ്ഡിതര്‍ വ്യക്തമായി പറയുന്നു. അങ്ങേ അറ്റത്തെ വണക്കവും താഴ്മയും പ്രകടിപ്പിക്കലാണ് ഇബാദത്ത് (തഫ്സീര്‍ ബൈളാവി 1/8, അബുസ്സുഊദ് 1/10). അല്ലാഹു അല്ലാത്തവര്‍ക്ക് ഒരിക്കലും അങ്ങേയറ്റത്തെ വണക്കവും താഴ്മയും സുന്നികള്‍ പ്രകടിപ്പിക്കുന്നില്ല. അതുകൊണ്ട് തന്നെ സുന്നികള്‍ അല്ലാഹു അല്ലാത്തവര്‍ക്ക് ആരാധനയും ചെയ്യുന്നില്ല. അടിമയാണെന്നും ഉടമയാണെന്നുമുള്ള വിശ്വാസമുണ്‍ടാകുമ്പോഴാണ് അങ്ങേയറ്റത്തെ വണക്കമുണ്‍ടാകുന്നത്. പ്രാര്‍ത്ഥനയില്‍ (ആരാധന) ഈ ആശയമാണ് കിട്ടുന്നതെന്ന് ഇമാം റാസി(റ)യും വ്യക്തമായി പറയുന്നു (റാസി 14/135). 


ചോദ്യം (4) നിന്നോട് മാത്രമാണ് ഞങ്ങള്‍ സഹായം തേടുന്നത് എന്ന് സൂറ: ഫാതിഹയില്‍ പറയുന്നതിനോട് എതിരല്ലെ സുന്നികള്‍ നടത്തുന്ന ഇസ്തിഗാസ ? —————————— 
ഉത്തരം: ഒരിക്കലുമല്ല. സര്‍വ്വ കഴിവും അല്ലാഹുവിനാണെന്നും അടിസ്ഥാനപരമായ സഹായം അല്ലാഹുവില്‍ നിന്നാണെന്നും വിശ്വസിക്കുന്നവരാണ് സുന്നികള്‍. ഒരു യഥാര്‍ത്ഥ മുസ്ലിം ഒരു ഡോക്ടറെ സമീപിച്ച് എന്റെ രോഗം മാറ്റിത്തരണം എന്ന് പറയുന്നതും മുഹ്യദ്ദീന്‍ ശൈഖെ രക്ഷിക്കണെ എന്ന് പറയുന്നതും ഡോക്ടറോ ശൈഖവറുകളോ അടിസ്ഥാന പരമായി സഹായിക്കും എന്ന നിലക്കല്ല. മറിച്ച് ഇവര്‍ കാരണക്കാരാണെന്നും യഥാര്‍ത്ഥ സഹായം അല്ലാഹുവില്‍ നിന്നാണെന്നും വിശ്വസിച്ചുകൊണ്ടാണ്. ഇതൊരിക്കലും നിന്നോട് മാത്രം സഹായം തേടുന്നു എന്നതിനോടെതിരല്ല. ഈ ആയത്ത് മനസ്സിലാക്കാത്തവര്‍ നവീന വാദികളാണ്. സുന്നികളല്ല. കാരണം സുന്നികള്‍ പറയുന്നത് എല്ലാ വിഷയത്തിലും അല്ലാഹുവെ നിന്നോട് മാത്രമാണ് സഹായം തേടുന്നത് എന്നാണ്. മുഫസ്സിറുകളും ഇങ്ങനെത്തന്നെയാണ് പറയുന്നത്. ഇതിനെ വിശദീകരിച്ച ഇബ്നു കസീര്‍(റ) പറയുന്നത് കാണുക. നിന്നോട മാത്രം സഹായം തേടുന്നു എന്നാല്‍ നിന്നെ വഴിപ്പെടുന്നതിന്റെ മേലിലും ഞങ്ങളുടെ സര്‍വ വിഷയങ്ങളിലും നിന്നോട് സഹായം തേടുന്നു എന്നാണ്. എന്നാല്‍ സുന്നികളെ മുശ്രിക്കാക്കാന്‍ മൌലവിമാര്‍ ഇത് തിരുത്തി എഴുതുന്നത് നോക്കുക. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു എന്ന വാക്യം മനുഷ്യ ശക്തിക്ക് അപ്പുറത്തുള്ള കാര്യങ്ങളില്‍ ദൈവത്തോടല്ലാതെ മറ്റാരോടും നാം സഹായം അര്‍ത്ഥിക്കരുതെന്ന് പഠിപ്പിക്കുന്നു (ഫാതിഹയുടെ തീരത്ത് 83 ഉമര്‍ മൌലവി). മനുഷ്യ ശക്തിക്ക് അപ്പുറത്തുള്ള കാര്യങ്ങളില്‍ എന്നാണ് മൌലവി വിശദീകരിച്ചത്. മുന്‍കാല മുഫസ്സിറുകളില്‍ അംഗീകൃതരായ ഒരാള്‍ പോലും ഇങ്ങിനെ ഒരു വിഭജനം നടത്തിയിട്ടില്ല. മനുഷ്യ ശക്തിക്ക് അപ്പുറത്തുള്ളതില്‍ അല്ലാഹുവിനോട് മാത്രവും ഇപ്പുറത്തുള്ള വിഷയങ്ങളില്‍ ആരോടുമാവാം എന്ന വാദമാണ് തൌഹീദിനു വിരുദ്ധമാവുന്നത്. സുന്നികളെ മുശ്രിക്കാക്കാനാണ് ഇങ്ങനെ ഒരു വിഭജനം മൌലവി നടത്തിയത്. ചുരുക്കത്തില്‍ ഈ ആയത്തിന്റെ ആശയത്തിനോട് എതിരായത് നവീന വാദികളാണ്. സുന്നികളല്ല. 

ചോദ്യം (5) സുന്നികള്‍ നടത്തുന്ന ഈ ഇസ്തിഗാസക്ക് ഖുര്‍ആനിന്റെ പിന്തുണ ഉള്ളതായി തെളിയിക്കാമോ? ——————————————————— 
ഉത്തരം: അമ്പിയാക്കള്‍, ഔലിയാക്കള്‍ക്ക് അല്ലാഹു നല്‍കുന്ന മുഅ്ജിസത്ത്, കറാമത്തിന്റെ അടിസ്ഥാനത്തില്‍ സുന്നികള്‍ അവരോട് നടത്തുന്ന സഹായാര്‍ത്ഥനക്ക് ഖുര്‍ആനിലുടനീളം പ്രോല്‍സാഹനങ്ങളുണ്ട്. ഒരു ആയത്ത് മാത്രം ഇവിടെ ഉദ്ധരിക്കാം. വിശ്വാസികളെ, നിങ്ങള്‍ നബി(സ്വ)യോടു റാഇനാ എന്നു പറയരുത്, ഉന്‍ളുര്‍നാ എന്ന് പറയുഞ്ഞുകൊള്ളുക. (അല്‍ബഖറ 104) ഉന്‍ളുര്‍നാ എന്നാല്‍ അങ്ങയുടെ തിരുനോട്ടം ഞങ്ങള്‍ക്കുണ്ടാകണേ എന്നാണല്ലോ അര്‍ത്ഥം. ഈ രുപത്തിലുള്ള സഹായാര്‍ത്ഥന നബിയോട് നടത്തണമെന്നാണ് ഖുര്‍ആന്‍ വ്യക്തമായി പറയുന്നത്. ഖുര്‍ആന്‍ ശിര്‍ക്ക് പഠിപ്പിക്കുന്ന ഗ്രന്ഥമാണോ? 

ചോദ്യം (6) നബി(സ്വ)യുടെ ക്ളാസ്സുകളില്‍ പങ്കെത്തിരുന്ന സ്വഹാബികള്‍ ഞങ്ങള്‍ക്ക് ഒന്നുകൂടി മനസ്സിലാക്കിത്തരണം എന്ന അര്‍ത്ഥത്തില്‍ റാഇനാ എന്ന് പറഞ്ഞിരുന്നു. ജൂതന്‍മാര്‍ ഈ അവസരം മുതലെടുത്ത് നബി(സ്വ)യോട് റാഇനാ എന്ന് പറഞ്ഞു. വിഡ്ഢി എന്നാണ് അതുകൊണ്ടവര്‍ ഉദ്ദേശിച്ചിരുന്നത്. ഈ സന്ദര്‍ഭത്തില്‍ റാഇനാ എന്ന് പറയരുതെന്നും ഉന്‍ളുര്‍നാ എന്ന് പറഞ്ഞാല്‍ മതിയെന്നും പറഞ്ഞ ആയത്ത് ഇസ്തിഗാസക്ക് എങ്ങനെ തളിവാകും? —————————– 
ഉത്തരം: നബി(സ്വ) തങ്ങളുടെ ക്ളാസ്സുകളില്‍ റാഇനാ എന്ന് സ്വഹാബികള്‍ പറഞ്ഞപ്പോള്‍ അത്മാറ്റി ഉന്‍ളുര്‍നാ എന്ന് പറയാന്‍ അല്ലാഹു നിര്‍ദേശിച്ചു എന്ന് ചോദ്യത്തില്‍ പറഞ്ഞത് ശരിയാണ്. പക്ഷേ, ക്ളാസ്സുകളില്‍ മാത്രമായിരുന്നു ഇങ്ങനെ പറഞ്ഞിരുന്നത് എന്നത് കൂടുതല്‍ തഫ്സീര്‍ നോക്കാത്തത് കൊണ്ട് വന്ന തെറ്റിദ്ധാരണയാണ്. മുജാഹിദുകള്‍ കൂടി അംഗീകരിക്കുന്ന ശൌക്കാനി പോലും അദ്ദേഹത്തിന്റെ തഫ്സീറില്‍ ഇങ്ങനെ പറയുന്നു. നബി(സ്വ) തങ്ങളോട് എന്ത് ആവശ്യമുള്ള മുഅ്മിനീങ്ങളും നബിയെ വിളിച്ചിരുന്ന വാചകമായിരുന്നു റാഇനാ (തഫ്സീര്‍ ശൌക്കാനി). അപ്പോള്‍ രണ്ട് കാര്യം ഇവിടെ നിന്ന് മനസ്സിലായി. 1) നബി(സ്വ)യുടെ ക്ളാസ്സുകളില്‍ മാത്രമല്ല, ആവശ്യങ്ങള്‍ നിറവേറ്റാനും സ്വഹാബികള്‍ നബി(സ്വ)യെ വിളിച്ചിരുന്ന വാചകമായിരുന്നു റാഇന 2) പക്ഷേ, ജൂതന്‍മാര്‍ ഈ അവസരം ചുഷണം ചെയ്തപ്പോള്‍ അല്ലാഹു അറിയിച്ചു. നിങ്ങള്‍ ആ വാചകം മാറ്റി പകരം ഉന്‍ളുര്‍നാ എന്നാക്കണം. നബി(സ്വ)യെ ക്ളാസ്സുകളിലും ആവശ്യങ്ങള്‍ നിറവേറ്റാനും ഉന്‍ളുര്‍നാ എന്ന് വിളിക്കാന്‍ മുഅ്മിനീങ്ങള്‍ക്ക് സമ്മതം നല്‍കുകയാണ് അല്ലാഹു തആല. ഇതുതന്നെയാണ് ഇസ്തിഗാസ കൊണ്ട് സുന്നികള്‍ ഉദ്ദേശിക്കുന്നതും. പിന്നെയുളള ഒരു വിഷയം ഒരു പ്രത്യേക വിഷയത്തിലാണല്ലോ ആയത്ത് ഇറങ്ങിയത്. പിന്നെയെങ്ങനെയാണ് അത് ഇസ്തിഗാസക്ക് തെളിവാകുക എന്നതാണ്. ഖുര്‍ആനിന്റെ ആയത്തുകളെ കുറിച്ച് ബാലപാഠം പഠിച്ച ആര്‍ക്കും ഇങ്ങനെ ഒരു സംശയം വരാന്‍ സാധ്യതയില്ല. ഇമാം റാസി(റ) അടക്കമുള്ള സര്‍വ്വ പണ്ഡിതന്‍മാരും പറയുന്ന ഒരു വസ്തുത, ആയത്തിന്റെ അവതരണ കാരണം പ്രതേക സംഭവമാണെങ്കിലും ആയത്തിന്റെ നിയമം ആ സംഭവത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. മറിച്ച് ആ ആയത്തിന്റെ വാചകം പറയപ്പെടാന്‍ പറ്റുന്ന എല്ലാ സ്ഥലത്തേക്കും ആയത്ത് ബാധകമാവുന്നതാണ്. ഈ ആയത്തും ഇങ്ങനെ മനസ്സിലാക്കേണ്ടതാണ്. 


ചോദ്യം (7) ജീവിച്ചിരിക്കുന്ന സ്വഹാബികളോട് പറഞ്ഞതാണല്ലോ ഇത്. അതുകൊണ്ട് തന്നെ നബി(സ്വ)യുടെ മരണ ശേഷം ഇത് പറയാന്‍ ആയത്തില്‍ തെളിവുണ്ടോ? ————————————-
 ഉത്തരം: നേരത്തെ തന്ന വിശദീകരണത്തില്‍ നിന്ന് രണ്ട് കാര്യങ്ങള്‍ മനസ്സിലായി (1) ആവശ്യങ്ങള്‍ വരുമ്പോള്‍ നബി(സ്വ)യോട് ഉന്‍ളുര്‍നാ (അങ്ങയുടെ തിരുനോട്ടം ഞങ്ങള്‍ക്കുണ്ടാവണേ) എന്ന് പറയാന്‍ അല്ലാഹു പറയുന്നു. (2) ഉന്‍ളുര്‍നാ എന്നത് ഇസ്തിഗാസയുടെ ഒരിനമാണ്. ഇത് നബിയോട് പറയാന്‍ ഖുര്‍ആന്‍ ആവശ്യപ്പെട്ടതോടെ ഇസ്തിഗാസക്ക് ഖുര്‍ആന്‍ അംഗീകാരം തന്നു എന്ന് വ്യക്തമായി. ഇപ്പോള്‍ ചോദിച്ചിരിക്കുന്നത് വഫാതായ നബിയോട് അങ്ങനെ പറയാന്‍ പറ്റുമോ എന്നാണ്. ഇവിടെ ഒരു കാര്യം മനസ്സിലാക്കണം. ഒരു കാര്യം ഒരാളോട് ചോദിക്കുന്നത് ശിര്‍ക്കാകണമെങ്കില്‍ അത് ജീവിതകാലം മരണശേഷം എന്ന വ്യത്യാസം ഉണ്ടാവുകയില്ല. ഇനി ചോദ്യത്തിലേക്ക് വരാം. ഈ ആയത്ത് നബി(സ്വ)യുടെ വഫാത്തിന് ശേഷം വിളിക്കാന്‍ തെളിവാകുമോ എന്ന് പരിശോധിക്കുമ്പോള്‍ ആയത്ത് ഒന്നുകൂടി മനസ്സിലാക്കിയാല്‍ മതി. ആയത്ത് തുടങ്ങുന്നത് തന്നെ യാ അയ്യുഹല്ലദീന ആമനൂ, എന്ന് പറഞ്ഞാണ്. ഒരു ആയത്ത് ഈ രൂപത്തില്‍ തുടങ്ങിയാല്‍ അത് ഉമ്മത്തിനോട് മുഴുവനായുള്ള കല്‍പനയാണെന്ന് ഈ ആയത്ത് വിശദീകരിച്ച് ഇമാം റാസി(റ)തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ വ്യക്തമായി മനസ്സിലായി, അന്ത്യനാള്‍ വരെയുള്ള എല്ലാ മുഅ്മിനീങ്ങളെയും വിളിച്ച് അല്ലാഹു പറയുകയാണ്. നിങ്ങള്‍ നബിയോട് അദബില്ലാത്ത റാഇന എന്ന് പറയരുത്. ഉന്‍ളുര്‍നാ എന്ന് പറഞ്ഞുകൊള്ളുക. ഇത് സശ്രദ്ധം വീക്ഷിച്ച്, അനുസരിക്കുന്ന ഒരു മുഅ്മിന്‍ പറയുന്ന, ഉന്‍ളുര്‍നാ യാ റസൂലുള്ളാ, എങ്ങനെ ശിര്‍ക്കാകും.? 


ചോദ്യം (8) ഈ ആയത്ത് വഫാത്തിനുശേഷവും വിളിക്കാന്‍ തെളിവാണെന്നാണല്ലോ വിശദീകരിച്ചത്. എന്നാല്‍ ആയത്തിന്റെ ബാക്കി ഭാഗത്ത് വസ്മഊ എന്നുണ്ടല്ലോ. വസ്മഊ എന്നാല്‍ നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കൂ എന്നാണല്ലോ. ഇത് നബിയുടെ കാലത്തുള്ളവര്‍ക്കെല്ലെ കഴിയൂ ? ———————— 
ഉത്തരം: തഫ്സീര്‍ പൂര്‍ണ്ണമായി നോക്കാത്തത് തന്നെയാണ് ഇതിനും കാരണം. വസ്മഊ എന്ന് പറഞ്ഞാല്‍ നിങ്ങള്‍ കേള്‍ക്കൂ എന്ന് മാത്രമല്ല ഉദ്ധേശ്യം. നേരത്തെ പരഞ്ഞ ശൌകാനി തന്നെ പറഞ്ഞു. വസ്മഊ എന്നാല്‍ അത്വീഊ; വഴിപ്പെടൂ എന്നാണ്. വഴിപ്പെടുക എന്നത് അന്ത്യനാള്‍വരെ എല്ലാവര്‍ക്കും ഒരു പോലെ ബാധകവുമാണ്. കൃത്യമായി വിഷയം മനസ്സിലാക്കിയാല്‍ ഇക്കാര്യം വ്യക്തമാവും. 


ചോദ്യം (9) ഈ ആയത്ത് ഉദ്ധരിച്ച് ഏതെങ്കിലും മുഫസ്സിറുകള്‍ ഇത് ഇസ്തിഗാസക്ക് തെളിവാണെന്ന് പറഞ്ഞിട്ടുണ്ടോ? ———————————— ഉത്തരം: നേരത്തെ വിശദീകരിച്ചതില്‍ തന്നെ ഇതിന്റെ മറുപടിയുണ്ട്. ഈ ആയത്തില്‍ നിന്ന് നബി(സ്വ)യോട് ഖിയാമത്ത് നാള്‍ വരെയുള്ള മുഅ്മിനീങ്ങള്‍ക്ക് ഉന്‍ളുര്‍നാ എന്ന് പറയാമെന്ന് കിട്ടുന്നതായി ഇമാം റാസി(റ) യെപോലെയുള്ള സര്‍വ്വ പണ്ഡിതരും പറഞ്ഞിട്ടുണ്ട്. ഉന്‍ളുര്‍നാ എന്നത് ഇസ്തിഗാസയുടെ ഒരു ഇനവുമാണ്. അപ്പോള്‍ ഇസ്തിഗാസയുടെ ഒരിനമായ ഉന്‍ളുര്‍നാ (അങ്ങയുടെ തിരുനോട്ടം ഞങ്ങള്‍ക്കുണ്ടാവണെ) എന്നത് നബിയോട് അവിടത്തെ വഫാതിന് ശേഷവും പറയാമെന്ന് മുഫസ്സിറുകള്‍ വിശദീകരിച്ചതില്‍ നിന്ന് കാര്യം ഏവര്‍ക്കും വ്യക്തമാവും. കാരണം ഇത് ഇസ്തിഗാസക്ക് തെളിവാണെന്ന് പറയുന്നതും വഫാത്തിന് ശേഷം നബിയോട് ഉന്‍ളുര്‍നാ എന്ന് പറയാന്‍ തെളിവാണെന്ന് പറയുന്നതും ഒരു പോലെയാണ്. ഇത് മുഫസ്സിറുകള്‍ പറഞ്ഞിട്ടുണ്ട്. തഫ്സീറുത്വബ്രി, റാസി പോലെയുള്ള എല്ലാ തഫ്സീറുകളിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. 


ചോദ്യം (10) നബി(സ്വ) തങ്ങള്‍ നിങ്ങള്‍ എന്നോട് സഹായം തേടൂ എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ———————– ഉത്തരം: ഉണ്ട്. അവിടുത്തെ ഹദീസുകള്‍ പഠിച്ച ആര്‍ക്കും ഇത് ഗ്രഹിക്കാനാവും. നബി(സ്വ) തങ്ങള്‍ പറയുന്നത് കാണുക. അന സയ്യിദു വുല്‍ദി ആദം. ഇമാം മുസ്ലിം സ്വഹീഹില്‍ ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. ഞാന്‍ ആദം സന്തതികളുടെ സയ്യിദാണെന്നാണ് ഇവിടെ നബി(സ്വ) പറയുന്നത്. ആദം സന്തതികള്‍ എന്നതില്‍ എല്ലാ കാലത്തുമുള്ള സര്‍വ്വ മനുഷ്യരും ഉള്‍പ്പെടും എന്ന് പറയേണ്ടതില്ലല്ലോ. ഈ ഹദീസിന്റെ അര്‍ത്ഥം പരിശോധിക്കാം. സയ്യിദാണ് എന്നാണല്ലോ നബി(സ്വ) പറയുന്നത്. എന്താണീ സയ്യിദ് കൊണ്ട് ഉദ്ധേശിക്കുന്നത്. ഇമാം നവവി (റ) ശറഹ് മുസ്ലിമില്‍ പറയുന്നു. സയ്യിദ് എന്നാല്‍ വിശമ ഘട്ടങ്ങളിലും ആപല്‍ ഘട്ടങ്ങളിലും അഭയം തേടുന്ന ആള്‍ എന്നാണ്. അങ്ങനെ അഭയം തേടിയാല്‍ അവരുടെ കാര്യത്തില്‍ ഇടപെടുകയും ബുദ്ധിമുട്ടുകളെ നീക്കി കൊടുക്കുകയും ചെയ്യും. ഇങ്ങനെയുള്ള ആളാണ് സയ്യിദ്. അപ്പോള്‍ നബി(സ്വ) ഇവിടെ പഠിപ്പിക്കുന്നത് ഇങ്ങനെയാണ്. ഞാന്‍ മുഴുവന്‍ ആദം സന്തതികളുടെയും അഭയകേന്ദ്രമാണ്. അവരുടെ പ്രയാസങ്ങളിലും വിപല്‍സമയങ്ങളിലും അവര്‍ക്ക് അഭയം നല്‍കാനുള്ള നേതാവാണ് ഞാന്‍. വ്യക്തമായ തെളിവാണല്ലോ ഇത്. 

ചോദ്യം (11) ഈ ഹദീസിന്റെ ബാക്കി ഭാഗത്ത് യൌമല്‍ ഖിയാമ എന്നുണ്ടല്ലോ. ഖിയാമത്ത് നാളില്‍ സയ്യിദാണ് എന്നല്ലേ ഈ ഹദീസ് പഠിപ്പിക്കുന്നത? ———————————————- ഉത്തരം: ഈ ചോദ്യത്തിന്റെ ഉത്തരം ഇമാം നവവി(റ)യും ഇമാം ഖാളി ഇയാള്(റ)വും തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സയ്യിദിന് മേല്‍പറഞ്ഞ വിശദീകരണം രേഖപ്പെടുത്തിയ ശേഷം അവര്‍ പറഞ്ഞു. ഖിയാമത്ത് നാളില്‍ എന്ന് പറഞ്ഞത് കൊണ്ട് ഖിയാമത് നാളില്‍ മാത്രമാണ് സയ്യിദ് എന്ന് പറയരുത്. ഇത് അന്ത്യനാളിന്റെ ഉടമസ്ഥന്‍ അല്ലാഹുവാണ് എന്ന് പറയും പോലെയാണ്. അല്ലാഹു രണ്ട് ലോകത്തിന്റെയും ഉടമസ്ഥനായിട്ടും ഖിയമാത് നാളിന്റെ ഉടമസ്ഥന്‍ എന്ന് പറഞ്ഞത് അവിടെ ഉടമസ്ഥനായി ആരും ഉണ്ടാവില്ല എന്നത് കൊണ്ടാണ്. ഇത് പോലെ നബി(സ്വ) ദുന്‍യാവിലും പരലോകത്തും സയ്യിദ് തന്നെയാണ്. പക്ഷേ, അവിടെ സയ്യിദാണെന്ന് പറയാന്‍ വേറെ ആരും ഉണ്ടാവാത്തത് കൊണ്ടാണ് പ്രത്യേകം പറഞ്ഞത് (ശറഹ് മുസ്ലിം 2/245, അശ്ശിഫാ (ഖാളി ഇയാള്) 1/75). 


ചോദ്യം(12) സഹായം തേടിക്കോളൂ എന്ന് ഈ ഹദീസില്‍ ഇല്ല. അഭയ കേന്ദ്രമാണെന്നല്ലെ പറഞ്ഞിട്ടുള്ളൂ? —————————————- ഉത്തരം: ഈ ചോദ്യം തികച്ചും അപ്രസക്തമാണ്. അഭയകേന്ദ്രമാണെന്ന് പറഞ്ഞാല്‍ പിന്നെ അഭയം തേടാമെന്ന് പറയേണ്ടതുണ്ടോ. പണ്ഡിതന്‍മാര്‍ തന്നെ ഇക്കാര്യവും പറഞ്ഞിട്ടുണ്ട്. മേല്‍ പറഞ്ഞ ഹദീസും അര്‍ത്ഥവും രേഖപ്പെടുത്തിയ ശേഷം ഇമാം നവവി(റ) തന്നെ പറഞ്ഞു. നബി(സ്വ) ഇങ്ങനെ പറഞ്ഞത് ഈ ഹദീസിന്റെ ആശയമനുസരിച്ച് ജനങ്ങള്‍ അമല്‍ ചെയ്യാന്‍ വേണ്ടിയാണ് (ശറഹ് മുസ്ലിം). 


ചോദ്യം (13) നേരത്തെ ഉദ്ധരിച്ച ആയത്തും ഹദീസും ആദ്യം പറഞ്ഞത് സ്വഹാബത്തിനോടല്ലേ. ഈ സ്വഹാബത്ത് നബി(സ്വ)യോട് സഹായം തേടിയ വല്ല സംഭവവും ഉദ്ധരിക്കാന്‍ കഴിയുമോ? ———————————————–
 ഉത്തരം: തര്‍ക്കമുള്ള ഒരു വിഷയത്തില്‍ ആയത്തും ഹദീസും ഉദ്ധരിച്ച് വിഷയം സ്ഥിരീകരിക്കപ്പെട്ടാല്‍ അത് സ്ഥിരപ്പെട്ടു. സ്വഹാബത്ത് ചെയ്തോ എന്ന് പരിശോധിക്കുന്നതിനു വിരോധമില്ല. എന്നാല്‍ സ്വഹാബത്ത് ചെതതായി നാം കണ്ടില്ലെങ്കിലും ആയത്ത് കൊണ്ടോ ഹദീസ് കൊണ്ടോ തെളിഞ്ഞാല്‍ വിശയം സ്ഥിരപ്പെട്ടു. സ്വഹാബത്ത് നബി(സ്വ)യോട് സഹായം തേടിയോ എന്ന് പരിശോധിക്കുകയാണെങ്കില്‍ ധാരാളം സംഭവങ്ങള്‍ കാണാന്‍ കഴിയും. വെള്ളമില്ലാത്ത സമയം വെള്ളം ചോദിച്ചതും മഴ ചോദിച്ചതും; എന്തിനധികം സ്വര്‍ഗത്തിലെ ഉന്നത പദവി ചോദിച്ചതുമായ സംഭവങ്ങള്‍ സ്വഹീഹുല്‍ ബുഖാരിയിലും മുസ്ലിമിലും കാണാന്‍ കഴിയും 


ചോദ്യം(14) നബി(സ്വ)യോട് സഹായം തേടി എന്ന് പറഞ്ഞ എല്ലാ സംഭവങ്ങളും അവിടുത്തെ ജീവിത കാലത്താണല്ലോ. അവിടുത്തെ വഫാതിനു ശേഷം ഇങ്ങനെ വല്ല സംഭവവും ഉണ്ടോ? ————————————— 
ഉത്തരം: വഫാത്തിനു ശേഷം സഹായം തേടിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് തന്നെ ധാരളമുണ്ട്. പ്രസിദ്ധമായ ഒരു സംഭവം ഉദ്ധരിക്കാം. ഉമര്‍(റ)ന്റ കാലത്ത് ശക്തമായ വെള്ള ക്ഷാമമുണ്ടായി. അപ്പോള്‍ ഒരു മനുഷ്യന്‍ നബി(സ്വ) യുടെ ഖബറിലേക്ക് വന്നു പറഞ്ഞു. അല്ലാഹുവിന്റെ റസൂലെ, നിങ്ങളുടെ സമൂഹം വെള്ളമില്ലാതെ നശിച്ചിട്ടുണ്ട്. അവര്‍ക്ക് വെള്ളത്തിന് വേണ്ടി താങ്കള്‍ തേടുക നബിയെ, ഇതിന് ശേഷം അദ്ദേഹം ഉറങ്ങിയപ്പോള്‍ നബി(സ്വ) സ്വപ്നത്തില്‍ വന്ന് പറഞ്ഞു. നീ ഖലീഫ ഉമര്‍(റ)വിന്റെ അടുത്തുപോവണം. എന്റെ സലാം പറയണം. അവര്‍ക്ക് മഴ ലഭിക്കുമെന്ന് സന്തേഷ വാര്‍ത്ത അറിയിക്കുകയും വേണം. അങ്ങനെ ആ മനുഷ്യന്‍ ഈ സംഭവം ഉമര്‍(റ)വിനോട് വന്ന് പറയുകയും ഉമര്‍(റ) അത് കേട്ട് കരഞ്ഞ് പറഞ്ഞു. എനിക്ക് അശക്തമായ കാര്യത്തിലെല്ലാതെ ഞാന്‍ വീഴ്ച വരുത്തിയിട്ടില്ല (അല്‍ബിദായതുവന്നിഹായ 7/111, ഫത്ഹുല്‍ ബാരി 3/587, ദലാഇലുന്നുബുവ്വ 7/47, താരീഖുല്‍ കബീര്‍ 7/34, ശിഫാഉസ്സഖാം 173, ഇബ്നുകസീര്‍ 1/533). അല്ലാഹുവിന്റെ റസൂലിന്റെ ഖബറിന്റെ സമീപത്ത് വന്ന് ഇസ്തിഗാസ ചെയ്യുകയും അത് ഉമര്‍(റ)അംഗീകരിക്കുകയും ചെയ്ത സംഭവമാണ് ഇവിടെ നാം കണ്ടത്. ഈ ഹദീസിന്റെ പരമ്പര സ്വീകാര്യയോഗ്യമാണെന്ന് ഇമാം ഇബ്നുഹജര്‍(റ) ഫത്ഹുല്‍ ബാരിയിലും, ഇബ്നുകസീര്‍ അല്‍ബിദായയിലും വ്യക്തിമാക്കിയിട്ടുണ്ട്. 


ചോദ്യം(15) ഈ ഹദീസിന്റെ പരമ്പരയില്‍ മാലികുദ്ധാര്‍ എന്ന ഒരു വ്യക്തിയുണ്ടെന്നും അദ്ദേഹം അറിയപ്പെടാത്ത ആളാണെന്നുമുള്ള ആരോപണത്തെ കുറിച്ച് എന്തുപറയുന്നു? ————————————- ഉത്തരം: മഹാനായ ഇബ്നുഹജര്‍(റ)യെപ്പോലുള്ളവര്‍ ഹദീസ് സ്വഹീഹാണെന്ന് രേഖപ്പെടുത്തിയ സ്ഥിതിക്ക് ഈ ചോദ്യം അനാവശ്യമാണ്. ചോദ്യത്തില്‍ പറഞ്ഞ മാലിക്കുദ്ധാര്‍ എന്ന വ്യക്തി അറിയപ്പെടാത്ത ആളാണെന്നത് വെറും ആരോപണമാണ്. ഇബ്നു ഹജര്‍ തന്നെ മാലികുദ്ധാര്‍(റ)യുടെ ചരിത്രം പറയുകയും അദ്ദേഹം ഉമര്‍(റ)വിന്റെ സൂക്ഷിപ്പുകാരനാണെന്ന് വരെ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. (അല്‍ഇസ്വാബ ഫീ തംയീസി സ്വഹാബ) 


ചോദ്യം (16) : ഈ സംഭവത്തില്‍ നബി(സ്വ)യുടെ ഖബറിന്റെ സമീപത്ത് വന്നു എന്ന് പറഞ്ഞ ആള്‍ ആരാണെന്ന് സ്വഹീഹായി ഉദ്ധരിക്കപ്പടാത്ത സാഹചര്യത്തില്‍ ഇതെങ്ങനെ രേഖയാകും? ————————————————–
 ഉത്തരം: നബി(സ്വ)യുടെ ഖബറിന്റെ സമീപത്ത് വന്ന് ഇസ്തിഗാസ ചെയ്ത ആളുടെ പ്രവര്‍ത്തനമാണ് നാം രേഖയായി കാണുന്നതെങ്കില്‍ മാത്രമേ ഇങ്ങനെ ഒരു പ്രശ്നം വരൂ. അതേ സമയം നമ്മുടെ തെളിവ് ഈ വന്ന മനുഷ്യന്റെ പ്രവര്‍ത്തനമല്ല, നബി(സ്വ)യുടെ ഖലീഫയായ ഉമര്‍(റ) അംഗീകരിച്ചു എന്നതാണ്. വന്നയാള്‍ ആരായാലും കുഴപ്പമില്ല. ഉമര്‍(റ) അത് അംഗീകരിച്ചതാണ് നമുക്ക് രേഖ. ഇത് ശിര്‍ക്കായിരുന്നുവെങ്കില്‍ ഒരിക്കലും ഉമര്‍(റ) അംഗീകരിക്കുമായിരുന്നില്ല. 


ചോദ്യം(17) ഈ സംഭവത്തില്‍ ഒരു സ്വപ്നം ഉണ്ടായത് കൊണ്ട് ഇത് രേഖയല്ല എന്ന പറയുന്നതിനെ കുറിച്ചെന്ത് പറയുന്നു. ? 

ഉത്തരം: സത്യം അംഗീകരിക്കാനുള്ള പ്രയാസം കൊണ്ടാണ് ഇങ്ങനെയെല്ലാം പ്രയാസപ്പെടുന്നത്. ഒരു സംഭവത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് ഒരു സ്വപ്നം ഉണ്ട് എന്നത് കൊണ്ട് ആ സംഭവം മുഴുവനും ആസ്വീകാര്യമാവുമെന്ന് ആരാണ് പഠിപ്പിച്ചത്. ഇവിടെ നമ്മുടെ രേഖ ഉമര്‍(റ) അംഗീകരിച്ചതാണ്. ഇത് സ്വപ്നത്തിലല്ല. അത്കൊണ്ട് തന്നെ ഈ രേഖ നമുക്ക് തള്ളേണ്ടതുമില്ല. 


ചോദ്യം(18) സുന്നികള്‍ ചെയ്യുന്ന ഇസ്തിഗാസ അനുവദനീയമാണെന്ന് മുന്‍കാല പണ്ഡിതര്‍ ആരെങ്കിലും പറഞ്ഞതായി തെളിയിക്കാനാവുമോ? ——————————————- 
ഉത്തരം: സത്യത്തില്‍ ഖുര്‍ആനും സുന്നത്തും അംഗീകരിച്ചിട്ടുള്ള ഈ വിഷയം, ആദ്യ കാലത്ത് ഒരു തര്‍ക്ക വിഷയമേ ആയിരുന്നില്ല. ഇബ്നുതൈമിയ്യ എന്ന മനുഷ്യന്‍ വരുന്നതിനു മുമ്പ് ഇതിനെ ആരും ചോദ്യം ചെയ്തിട്ടുമില്ല. ഇമാം സുബ്കി(റ) പറയുന്നത് നോക്കൂ. നീ അറിയണം. നബി(സ്വ) തങ്ങളോട് ഇസ്തിഗാസ ചെയ്യലും തവസ്സുല്‍ ചെയ്യലുമൊക്കെ അനുവദനീയവും നല്ല കാര്യവുമാണ്. ഇക്കാര്യം ദീനറിയുന്ന എല്ലാവര്‍ക്കുമറിയുന്ന കാര്യവുമാണ്. സച്ചരിതരായ അമ്പിയാ മുര്‍സലുകളുടെയും സലഫ്ഫു സ്സ്വാലിഹുകളുടെയും പ്രവര്‍ത്തനത്തില്‍ നിന്നു ഇത് അറിയപ്പെട്ട കാര്യവുമാണ്. ഇബ്നുതൈമിയ്യ വരുന്നതിനു മുമ്പ് ഈ വിഷയം ആരും എതിര്‍തിട്ടുമില്ല. (ശിഫാഉസ്സഖാം 133) ഇപ്രകാരം ഇമാം റംലി(റ) ഫതാവയുടെ 4/382ലും രേഖപ്പെടുത്തിയിട്ടുണ്ട്. 


ചോദ്യം (19) നിങ്ങള്‍ അവരെ വിളിച്ചാല്‍ അവര്‍ കേള്‍ക്കുകയില്ല, കേട്ടു എന്നു സങ്കല്‍പ്പിച്ചാല്‍ തന്നെ അവര്‍ ഉത്തരം ചെയ്യുകയുമില്ല, അന്ത്യനാളില്‍ നിങ്ങള്‍ ചെയ്ത ശിര്‍ക്കിനെ അവര്‍ നിഷേധിക്കുകയും ചെയ്യും. എന്ന ആയത്ത് ഇസ്തിഗാസ ശിര്‍ക്കാണെന്ന് തെളിയിക്കുന്നതല്ലെ? —————————————- ഉത്തരം: അല്ല. ആയത്തിന്റെ ഉദ്ധേശ്യം നിഷ്പക്ഷമായി വിലയിരുത്തുന്ന ആര്‍ക്കും ഈ വസ്തുത മനസ്സിലാക്കാന്‍ കഴിയും. അവരെ വിളിച്ചാല്‍ എന്ന് പറഞ്ഞതിലെ അവര്‍ എന്ന് പറഞ്ഞത് ആരെക്കുറിച്ചാണെന്ന് നമുക്ക് പരിശോധിക്കാം. മുജാഹിദുകള്‍ കൂടി അംഗീകരിക്കുന്ന ഇബ്നു കസീര്‍ തന്നെ എഴുതുന്നു. ആ മുശ്രിക്കീങ്ങള്‍ ആരാധിച്ചുകൊണ്ടിരിക്കുന്ന ഇലാഹുകളെ വിളിച്ചാല്‍ അവര്‍ കേള്‍ക്കുകയില്ല. ഇബ്നുകസീര്‍ 3/559 റാസി 12/26. അപ്പോള്‍ ആയത്തിന്റെ അര്‍ത്ഥം അവര്‍ ആരാധിച്ചുകൊണ്ടിരിക്കുന്ന ആരാധ്യ വസ്തുക്കളെ വിളിച്ചാല്‍ അവര്‍ കേള്‍ക്കുകയില്ല എന്നാണ്. ഇത് നമുക്ക് ഒരു നിലക്കും എതിരുമല്ല.


 ചോദ്യം(20) ഈ ആയത്തിന്റെ പരിധിയില്‍ അമ്പിയാക്കളും ജിന്നുകളും ഉള്‍പ്പെടുമെന്ന് ഇമാം ഖുര്‍ത്വുബി പറഞ്ഞതിനെ കുറിച്ചെന്തുപറയുന്നു? ———————————————- 
ഉത്തരം: സുന്നികള്‍ അമ്പിയാക്കള്‍ ഔലിയാക്കളോട് ചെയ്യുന്ന ഇസ്തിഗാസ ഇതിന്റെ പരിധിയില്‍ വരുമെന്ന് ഇമാം ഖുര്‍ത്വുബി എന്നല്ല ഒരാളും പറഞ്ഞിട്ടില്ല. മറിച്ച് ബിംബങ്ങള്‍ തന്നെയാണ് ഇവിടെ ഉദ്ധേശ്യമെന്നു പറഞ്ഞ ഇമാം ഖുര്‍ത്വുബി(റ) ശേഷം ഇങ്ങനെ വിശദീകരിച്ചു. ഇപ്പറഞ്ഞത് ആരാധിക്കപ്പെടുന്ന ജിന്ന്, ശൈത്വാന്‍, അമ്പിയാഅ് എന്നിവര്‍ക്കും ബാധകമാണ്. ഇവിടെ ആരാധിക്കപ്പെടുന്നവര്‍ എന്ന് പ്രത്യേകം പറഞ്ഞത് ശ്രദ്ധിക്കാതെയാണ് ഇവര്‍ ഈ ആരോപണം ഉന്നയിക്കുന്നത്. നബിയായാലും ജിന്നായാലും ആരാധിക്കപ്പെടുന്നുവെങ്കില്‍ അത് ശിര്‍ക്ക് ചെയ്യല്‍ തന്നെയാണ്. പക്ഷേ, സുന്നികള്‍ ഒരിക്കലും അങ്ങനെ ചെയ്യുന്നില്ല. ഈസ(അ)ന്ന് ആരാധന ചെയ്ത കൃസ്ത്യാനികളും മറ്റും ചെയ്യുന്നതിനെയാണ് ഇമാം ഖുര്‍ത്വുബി ഇവിടെ പരാമര്‍ശിക്കുന്നത്.


 ചോദ്യം (21) കേരളത്തിലെ സുന്നികള്‍ വിശ്വസിക്കുന്ന പോലെ തന്നെയാണ് മക്കയിലെ മുശ്രിക്കുകളും വിശ്വസിച്ചിരുന്നത് എന്ന് ബിദഇകള്‍ ശക്തമായിവാദിക്കുന്നു. എന്ത് പറയുന്നു? ——————————————— ഉത്തരം: സുന്നികളെ മുശ്രികാക്കാന്‍ മക്കയിലെ മുശ്രിക്കീങ്ങളെ നന്നാക്കുകയാണ് ഇവരുടെ തൊഴില്‍. എന്നാല്‍, മക്കയിലെ മുശ്രിക്കുകള്‍ എന്തായിരുന്നു വിശ്വസിച്ചിരുന്നത് എന്നത് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും വ്യക്തമായി പഠിപ്പിച്ചതാണ്. അല്ലാഹുവിനു പുറമെ ധാരാളം ഇലാഹുകളായ ബിംബങ്ങളുണ്ടെന്ന് വിശ്വസിച്ചിരുന്ന അവരെ ഖണ്ഡിച്ചു കൊണ്ട് അല്ലാഹു പറയുന്നത് നോക്കൂ. ആകാശത്തോ ഭൂമിയിലോ അല്ലാഹു അല്ലാത്ത ഒരു ഇലാഹ് ഉണ്ടായിരുന്നുവെങ്കില്‍ അവരണ്ടും ഫസാദാവുമായിരുന്നു(അമ്പിയാഅ് 22). ഇത് പറയുന്നത് മുശ്രിക്കീങ്ങളോടാണ്. അല്ലാഹുവിനെപ്പോലെ കഴിവുള്ള ഇലാഹുകളില്‍ തന്നെയാണ് അവര്‍ വിശ്വസിച്ചിരുന്നത് എന്ന് ഇവിടെ നിന്ന് പകല്‍ വെളിച്ചം പോലെ വ്യക്തമാണ്. കാരണം മറ്റൊരു ഇലാഹുള്ളത് മൂലം ലോകം നശിക്കണമെങ്കില്‍ ആ ഇലാഹും സ്വയം കഴിവുള്ളവനായിരിക്കണം. അല്ലാഹുവിന്റെ കീഴിലുള്ള വെറും അടിമയായ ഇലാഹ് മാത്രമാണെങ്കില്‍ പിന്നെ എങ്ങനെ ലോകം ഫസാദാകും?. അല്ലാഹുവിന്റെ തീരുമാനത്തിനെതിരെ പറയുമ്പോള്‍ മാത്രമാണല്ലോ ലോകം നശിക്കുക എന്നത് ഉണ്ടാവുന്നത്. ഇത് മുശ്രിക്കീങ്ങളോടാണ് അല്ലാഹു പറയുന്നത് എന്ന് വരുമ്പോള്‍, അവര്‍ എന്തായിരുന്നു വിശ്വസിച്ചിരുന്നത് എന്ന് ഇവിടെ നിന്നും വളരെ വ്യക്തമാണ്. 


ചോദ്യം(22) മക്കയിലെ മുശ്രിക്കുകള്‍ അവരുടെ ദൈവങ്ങളില്‍ സ്വയം കഴിവ് ചുമത്തിയിരുന്നു എന്ന് മുന്‍കാല പണ്ഡിതര്‍ ആരെങ്കിലും വ്യക്തമായി രേഖപ്പെടുത്തിയത് ഉദ്ദരിക്കാമോ? —————————————– ഉത്തരം: ഖുര്‍ആനും സുന്നത്തും പഠിച്ച എല്ലാ പണ്ഡിതരും അക്കാര്യം പറഞ്ഞിട്ടുണ്ട്. ഹാഫിളുദ്ധുന്‍യാ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഇമാം ഇബ്നു ഹജറില്‍ അസ്ഖലാനി പറയുന്നത് ശ്രദ്ധിക്കുക. നീ ഒരു കല്ലാണ്. ഉപകാരവും ഉപദ്രവവും ചെയ്യാന്‍ നിനക്ക് കഴിയില്ല എന്ന് ഹജറുല്‍ അസ്വദിനോട് ഉമര്‍(റ)പറഞ്ഞ വാക്ക് വിശദീകരിച്ചുകൊണ്ട് ഇബ്നു ഹജര്‍(റ) ഇങ്ങനെ എഴുതി. ഉമര്‍(റ) ഇപ്രകാരം ചെയ്തത് ഈ കല്ല് സ്വയം നിലക്ക് ഉപകാരവും ഉപദ്രവവും ചെയ്യില്ല എന്ന് ജനങ്ങളെ പഠിപ്പിക്കാന്‍ വേണ്ടിയാണ്. ജാഹിലിയ്യാ കാലത്തുള്ളവര്‍ അങ്ങനെയായിരുന്നു അവരുടെ ബിംബങ്ങളില്‍ വിശ്വസിച്ചിരുന്നത് (ഫത്ഹുല്‍ ബാരി 3/462). ഇപ്പറഞ്ഞതില്‍ നിന്ന് എന്താണ് അവരുടെ വിശ്വാസം എന്നത് വളരെ വ്യക്തമാണ്. 


ചോദ്യം(23) വിശുദ്ധ ഖുര്‍ആനില്‍ ധാരളം നബിമാരുടെ പ്രാര്‍ത്ഥന ഉദ്ധരിച്ചിട്ടുണ്ടല്ലോ. ഇതിലെവിടെയും അല്ലാഹു അല്ലാത്തവരോട് പ്രാര്‍ത്ഥിച്ചതായി കാണുമോ? ——————————————-
 ഉത്തരം: ചോദ്യത്തില്‍ പറഞ്ഞ പ്രാര്‍ത്ഥന എന്ന വാക്കുകൊണ്ട് ഉദ്ദേശിച്ചത് നേരത്തെ വിശദീകരിച്ച സാങ്കേതിക പ്രാര്‍ത്ഥനയാണെങ്കില്‍ അത് അല്ലാഹു അല്ലാത്തവരോട് ചെയ്തതായി കാണാന്‍ കഴിയില്ല. അങ്ങനെ ചെയ്യല്‍ അനുവദനീയവുമല്ല. സുന്നികളോട് അതുചോദിക്കുന്നത് ന്യായവുമല്ല. കാരണം ഈ പ്രാര്‍ത്ഥന അല്ലാഹുവിനോട് മാത്രമേ ആകാവൂ എന്ന് വിശ്വസിക്കുന്നവരാണവര്‍. ഇനി പ്രാര്‍ത്ഥന എന്നത് കൊണ്ട്, സഹായം തേടിയിട്ടുണ്ടോ എന്നാണെങ്കില്‍ അതിന് നിര്‍ദേഷിച്ച ധാരാളം തെളിവുകളുണ്ട്. നബിയോട് സഹായം തേടാന്‍ മുഅ്മിനുകളോട് ആവശ്യപ്പെട്ട ആയത്ത നേരത്തെ ഉദ്ധരിച്ച് വിശദീകരിച്ചട്ടുണ്ട്. തീര്‍ച്ചയായും നിങ്ങളുടെ സഹായി അല്ലാഹുവും റസൂലും മുഅ്മിനുകളുമാകുന്നു (മാഇദ55) എന്ന ആയത്ത് ഇതിനോട് ചേര്‍ത്ത് വായിക്കുക