page

Tuesday, 15 August 2017

ശഫാഅത്തും നബികുടുംബവും

നബി(സ്വ) തങ്ങള്‍ക്ക് പരലോകത്ത് ശഫാഅത്തിനുള്ള അധികാരവും അവസരവും നല്‍കപ്പെടുമെന്നുള്ളത് യാഥാഥ്യമാണ്. നബി(സ്വ)യുടെ ഈ ശഫാഅത്ത് അവിടുത്തെ കുടും ബത്തിനും മാതാപിതാക്കള്‍ക്കും ലഭ്യമാണോ  എന്നതു കൂടിയാലോചിക്കേണ്ടതുണ്ട്. നബി(സ്വ) പറയുന്നു:
“ഞാനുമായുള്ള ബന്ധവും നിമിത്തവുമല്ലാത്ത എല്ലാ ബന്ധങ്ങളും നിമിത്തങ്ങളും അന്ത്യനാളില്‍ നിലച്ചു പോവുന്നതാണ്”(ബൈഹഖി 13172).
ഈ ഹദീസിന്റെ ആശയം നമ്മെക്കാള്‍  സ്വഹാബിവര്യന്‍മാര്‍ക്കു സുഗ്രഹമായിരിക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. അവര്‍ നബി(സ്വ)യുമായുള്ള ബന്ധത്തെ എങ്ങനെയാണു വീക്ഷിച്ചതെന്നു പരിശോധിക്കാം. ഉമര്‍(റ)വിനെ സംബന്ധിച്ചുള്ള ഒരു സംഭവം ഇങ്ങനെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്:
ഉമര്‍(റ) അലി(റ)വിന്റെ പുത്രിയെ വിവാഹാലോചന നടത്തി. അന്ന് ഉമര്‍(റ)വിന് ഏറെ പ്രാ യമുണ്ട; അലി(റ)വിന്റെ പുത്രിയാവട്ടെ വളരെ കുറഞ്ഞ പ്രായക്കാരിയുമാണ്. അലി(റ) കുട്ടിയുടെ പ്രായക്കുറവ് പറഞ്ഞ് വിവാഹാഭ്യര്‍ഥന നിരാകരിച്ചു. അതിനു  പ്രതികരണമായി അദ്ദേഹം തന്റെ സുഹൃത്തുക്കളായ സ്വഹാബിവര്യന്‍മാരോട്  ഇങ്ങനെ പറഞ്ഞു:‘നബി(സ്വ) തങ്ങളുമായി സഹവാസത്തിന്റെ ബന്ധം എനിക്കുണ്ട്. ഇനി ഇങ്ങനെ ഒരു ബന്ധം കൂടി എനിക്കുണ്ടാവണമെന്നു ഞാനാഗ്രഹിക്കുന്നു.” (വിവാഹാഭ്യര്‍ഥയുടെ ലക്ഷ്യമറിഞ്ഞപ്പോള്‍ വിവാഹത്തിന് സാഹചര്യമൊരുങ്ങി) അങ്ങനെ 40,000 മഹ്ര്‍ (ദിര്‍ഹമെന്നോ ദീനാറെന്നോ വ്യക്തമല്ല) നല്‍കി ആ വിവാഹം നടന്നു” (കന്‍സുല്‍ഉമ്മാല്‍: 37586-588).
നബി(സ്വ) തങ്ങളുമായുള്ള ബന്ധത്തിന്റെ പാരത്രിക നേട്ടത്തെക്കുറിച്ച് നല്ല ബോധ്യമുള്ള ഉമര്‍(റ)വിന്റെ നടപടിയാണിത്. ബന്ധത്തിന് മഹത്വവും ഗുണഫലങ്ങളുമുണ്ടെമെന്നു വ്യ ക്തം. എങ്കില്‍ നബി(സ്വ)തങ്ങളുമായി അവിടുത്തെ മാതാപിതാക്കളെക്കാള്‍ അടുത്തബന്ധം മറ്റാര്‍ക്കാണുള്ളത്? അവര്‍ക്കതിന്റെ ഗുണഫലം ലഭിക്കില്ല എന്ന് എങ്ങനെ പറയും?
“ശേഷം അല്ലാഹു അങ്ങേക്ക് നല്‍കും, അപ്പോള്‍ അങ്ങ് സംതൃപ്തനാവും”(ആശയം; അള്ളുഹാ:5)എന്ന ഖുര്‍ആന്‍ സൂക്തം നബി(സ്വ)തങ്ങള്‍ക്ക് പാരത്രികമായി കൂടുതല്‍ സംതൃപ്തി നല്‍കുന്നതിനെക്കുറിച്ചും ഭൌതികമായ മനഃപ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിനെക്കുറിച്ചും അവതരിച്ചതാണ്. ഇതിന്റെ വ്യാഖ്യാനത്തില്‍ അല്ലാമാ ഇബ്നുകസീര്‍(റ) എഴുതുന്നു:
“സദിയ്യ്(റ) ഇബ്നുഅബ്ബാസ്(റ)വില്‍ നിന്നു നിവേദനം: കുടുംബത്തില്‍ നിന്ന് ഒരാളും നരകത്തില്‍ പ്രവേശിക്കാതിരിക്കുക എന്നത് നബി(സ്വ)യുടെ സംതൃപ്തിയില്‍പെട്ടതാണ്”(തഫ്സീര്‍ ഇബ്നുകസീര്‍: 4/675).
ഇമാം ഹാകിം(റ), ഇബ്നുമസ്ഊദ്(റ)വില്‍ നിന്നു മുസ്തദ്റക്കില്‍ ഉദ്ധരിക്കുന്നു: “ഒരു അന്‍സ്വാരി യുവാവ് നബി(സ്വ) തങ്ങളോട്- അദ്ദേഹം ധാരാളം ചോദ്യങ്ങളും അന്വേഷണങ്ങളും നടത്തുന്ന ആളായിരുന്നു- ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, അങ്ങയുടെ മാതാപിതാക്കളെ അങ്ങ് നരകാവകാശികളായിട്ടാണോ കാണുന്നത്? അപ്പോള്‍ നബി(സ്വ) തങ്ങള്‍ പ്രതിവചിച്ചു: ഞാന്‍ അല്ലാഹുവിനോട് (അക്കാര്യം) ചോദിച്ചിട്ടില്ല. ചോദിച്ചാലല്ലേ അല്ലാഹു അവരുടെ കാര്യത്തില്‍ എനിക്ക്  നല്‍കുകയുള്ളൂ. എന്നാല്‍ ഞാന്‍ അന്ത്യനാളില്‍ ‘മഖാമുമഹ്മൂദി’ല്‍ ആയിരിക്കും” (കന്‍സുല്‍ഉമ്മാല്‍: 39109).
മാതാപിതാക്കളുടെ പുനര്‍ജന്‍മവും സത്യവിശ്വാസവും നടക്കുന്നതിനു മുമ്പാണിതെന്നു വ്യക്തമാണ്. ആ സംഭവം വിവരിക്കുന്ന ഹദീസില്‍ നബി(സ്വ)തങ്ങള്‍ ആവശ്യപ്പെട്ടു എന്നുണ്ട്.  നബി(സ്വ) അക്കാര്യം ആവശ്യപ്പെടാനുള്ള സാധ്യതയും അവസരവും പരലോകത്തു വെച്ചു ശിപാര്‍ശ ചെയ്യാനുള്ള സാധ്യതയും ഈ ഹദീസില്‍ വ്യക്തവുമാണ്. അര്‍ഹരല്ലാത്തവരുടെ കാര്യത്തില്‍ ഇതു രണ്ടും നബി(സ്വ) തങ്ങളില്‍ നിന്ന് ഉണ്ടാവില്ല എന്നതുറപ്പാണല്ലോ.
ഇംറാനുബ്നുല്‍ഹുസ്വൈന്‍(റ)വില്‍ നിന്നു നിവേദനം ചെയ്യപ്പെട്ട ഒരു ഹദീസ് കാണുക. ന ബി(സ്വ) പറഞ്ഞു: എന്റെ കുടുംബത്തില്‍ നിന്ന് ആരെയും നരകത്തില്‍ പ്രവേശിപ്പിക്കാതിരിക്കണമെന്ന് ഞാന്‍ അല്ലാഹുവിനോട് ആവശ്യപ്പെട്ടു. അപ്പോള്‍  അല്ലാഹു എനിക്കതു നല്‍കുകയുണ്ടായി (കന്‍സുല്‍ഉമ്മാല്‍: 34149).
നബി(സ്വ) തങ്ങള്‍ക്ക് പരലോകത്തു ലഭ്യമാവുന്ന അത്യുന്നതപദവിയാണ് മഖാമു മഹ്മൂദ്. ശഫാഅത്തിനായി ലഭ്യമാവുന്ന അവസരവും ഈ പദവിയും കുടുംബത്തിനു കൂടി ഉപകാരപ്പെടുത്തുമെന്നതിന് ഒന്നാമത്തെ ഹദീസ് സാക്ഷിയാണെങ്കില്‍, രണ്ടാമത്തെ ഹദീസനുസരിച്ച് നബി(സ്വ) തങ്ങള്‍ക്ക് അതിപ്പോള്‍ തന്നെ നല്‍കിക്കഴിഞ്ഞു എന്നു വ്യക്തമാവുന്നു. തന്റെ ശഫാഅത്ത് സമുദായത്തിലെ പാപികള്‍ക്കാണെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. ആ നിലക്ക് നബി(സ്വ) തങ്ങളുടെ പ്രബോധനത്തിനുമുമ്പ് മരണപ്പെട്ട മാതാപിതാക്കളുടെ കാര്യത്തില്‍ അത് റസൂല്‍(സ്വ)പ്രത്യേകം ചോദിച്ചു വാങ്ങിയിരിക്കയാണ്.
“അല്ലാമാ ഇസ്മാഈലുല്‍ഇജ്ലൂനി(റ) അല്ലാമാ ഖഫാജി(റ)യെ ഉദ്ധരിക്കുന്നു: “ഖഫാജി തന്റെ അല്‍മജാലിസിന്റെ അവസാനഭാഗത്ത്  പറയുന്നു: നബി(സ്വ)യുടെ സവിശേഷത വിവരിക്കുന്ന ഭാഗത്ത് അവിടുത്തെ അവശിഷ്ടങ്ങളില്‍ നിന്നു വല്ലതും അകത്തു ചെന്നിട്ടുള്ളവര്‍ നരകത്തില്‍ പ്രവേശിക്കുന്നതല്ല’ എന്ന് ഹദീസ് പണ്ഢിതര്‍ രേഖപ്പെടുത്തിയതു ഞാന്‍ പാരായണം ചെയ്തിട്ടുണ്ട്. എങ്കില്‍ നബി(സ്വ)യെ വഹിച്ച ഉദരം എങ്ങനെയാണ് ശി ക്ഷിക്കപ്പെടുന്നത്? തുടര്‍ന്നദ്ദേഹം ഈ ആശയം വിവരിക്കുന്നു മൂന്നു വരി കവിത ചൊല്ലി” (കശ്ഫുല്‍ഖഫാ: 1/65).
സുപ്രസിദ്ധ അറബ് പണ്ഢിതനായ മുഹമ്മദ് അബ്ദുയമാനി തന്റെ ‘ഇന്നഹാ ഫാത്വിമ’ എ ന്ന സുപ്രസിദ്ധ കൃതിയില്‍ ആമിന(റ)യെ മുനാജാത് ചെയ്തുകൊണ്ടുള്ള ഒരു കവിത ഉള്‍ പ്പെടുത്തിയിട്ടുണ്ട്.
‘ഉത്തമപ്രവാചക മാതാവാകാന്‍ അങ്ങയെ അല്ലാഹു തിരഞ്ഞെടുത്തിരിക്കുന്നു. മനുഷ്യ രി ലുത്തമരായ അങ്ങയുടെ പുത്രന്റെ പൂമേനി കിടക്കുന്നിടമാണ് ഭൂമിയിലെ ഏറ്റവും ശ്രേഷ്ഠമായ സ്ഥലമെങ്കില്‍, അവിടുത്തെ ശരീരത്തെ ഉള്‍ക്കൊള്ളുന്നു എന്നതാണല്ലോ  ആ സ്ഥലത്തിന്റെ പ്രത്യേകത. എന്നാല്‍ അങ്ങയുടെ ഉദരത്തിലാണല്ലോ ആ കുഞ്ഞ് രൂപം പ്രാപിച്ചതു തന്നെ!’ (ഇന്നഹാഫാത്വിമ: പേ:41).
അശ്ശൈഖ് മുഹമ്മദ്ത്വാഹിറുല്‍കുര്‍ദി(റ) തന്റെ അത്താരീഖുല്‍ഖവീം എന്ന ചരിത്രഗ്രന്ഥത്തില്‍(പേ. 105) പറയുന്നു: ‘അറിയുക, നബി(സ്വ) തങ്ങളുടെ പിതാക്കള്‍ ഏക വിശ്വാസിക ളും മോക്ഷത്തിനര്‍ഹരുമാണ്. കാരണം അവര്‍ ഇബ്റാഹീം(അ)ന്റെ മില്ലത്തനുസരിച്ച് ആരാധന നടത്തിയവരായിരുന്നു. അവര്‍ പ്രവാചകശൂന്യകാലഘട്ടക്കാരായിരുന്നു. നിശ്ചയം, നബി(സ്വ) തങ്ങളുടെ മാതാപിതാക്കളെ നരകത്തിലാക്കുക എന്നതില്‍ നിന്ന് അല്ലാഹു മാന്യനാണ്. നബി(സ്വ) തങ്ങള്‍ അവര്‍ രണ്ടു പേരിലൂടെയാണല്ലോ ഈ ലോകത്തേക്ക് ജാതനായത്. ലോകത്തിനാകമാനം കരുണയായി ആ നബി(സ്വ)യെ അല്ലാഹു നിയോഗിക്കുകയുമുണ്ടായി. നബി(സ്വ) തങ്ങളുടെ ആദരവിന്റെയും  പദവിയുടെയും ഔന്നത്യം ‘സൂറത്തുള്ളുഹായി’ലെ അഞ്ചാം സൂക്തത്തിലൂടെ- പിന്നീട് അങ്ങേക്ക് നാം നല്‍കും അപ്പോള്‍ അങ്ങ് സംതൃപ്തനാവും- അല്ലാഹു വ്യക്തമാക്കിയിട്ടുമുണ്ട്. അതു കൊണ്ടുതന്നെ അവിടുന്നു പരലോകത്ത് സ്വര്‍ഗീയ സുഖത്തിലും മാതാപിതാക്കള്‍ നരകത്തിലും കഴിയുന്നത് ഒരിക്കലും ഇഷ്ടപ്പെടുകയില്ല’ (ഉദ്ധരണം: അല്‍വഫാ പേ.164,165).
ശൈഖുല്‍ ഇസ്ലാം ശറഫുദ്ദീനില്‍ മനാവി(റ)യോട് ‘നബി(സ്വ)തങ്ങളുടെ പിതാവ് നരകത്തിലാണോ’ എന്നു ചോദിച്ചപ്പോള്‍ അദ്ദേഹം വളരെ ഗൌരവപൂര്‍വ്വം പ്രതികരിച്ചു. ചോദ്യകര്‍ത്താവ് വീണ്ടും. ‘അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ടെന്നത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടോ’ എന്നു ചോദിച്ചു അപ്പോള്‍ ശൈഖ് മനാവീ(റ) പറഞ്ഞു: “പ്രവാചകശൂന്യകാല ത്താണദ്ദേഹം മരണപ്പെട്ടത്. പ്രവാചകനിയോഗത്തിനു മുമ്പ് ശിക്ഷയില്ല”. ഇബ്നുല്‍ജൌസിയുടെ പൌത്രന്‍ സിബ്ത്വ്ബ്നുല്‍ജൌസി തന്റെ മിര്‍ആതുസ്സമാനില്‍ ഇത് ഉദ്ധരിച്ചിട്ടുണ്ട് (അല്‍വഫാ :പേജ്: 144).
ഉമറുബ്നുഅബ്ദില്‍അസീസ്(റ)വിന്റെ ഗുമസ്തനായി ഒരാളുടെ പേര്‍ നിര്‍ദ്ദേശിക്കപ്പെട്ടു. അദ്ദേഹത്തിന്റെ പിതാവ് അവിശ്വാസിയായിരുന്നു. ഉമറുബ്നുഅബ്ദില്‍അസീസ്(റ) ആ പേ ര് നിര്‍ദ്ദേശിച്ചയാളോട്  ചോദിച്ചു: “നിനക്ക് മുഹാജിറുകളുടെ കൂട്ടത്തില്‍പെട്ട ആരെയെങ്കിലും കൊണ്ടുവന്നുകൂടായിരുന്നോ?”. ഇതുകേട്ടപ്പോള്‍ ആ നിര്‍ദ്ദേശിക്കപ്പെട്ട വ്യക്തി ന ബി(സ്വ) തങ്ങളുടെ പിതാവിന്റെ സത്യനിഷേധം സൂചിപ്പിച്ചു കൊണ്ടു:’നബി(സ്വ) തങ്ങള്‍ക്ക് അത് ഒരു പ്രതിസന്ധിയുമുണ്ടാക്കിയിട്ടില്ലല്ലോ’ എന്ന് അഭിപ്രായപ്പെട്ടു. ഇതു കേട്ട ഉമറുബ്നുഅബ്ദില്‍അസീസ്(റ) പറഞ്ഞു: ‘നീ നിന്നെ നബി(സ്വ) തങ്ങളോടാണോ ഉപമിക്കുന്നത്? നീ എന്റെയടുത്ത് ഒരു കാലത്തും ഒന്നും എഴുതേണ്ട’(തന്‍സീഹുല്‍അമ്പിയാഅ്, അല്‍ റസാഇലുത്തിസ്ഉ്: 2631, 264).
ഡോ.സുലൈമാന്‍ ഫറജ് തന്റെ അല്‍വഫാ എന്ന കാവ്യത്തില്‍ പറയുന്നു. “നബി(സ്വ) യുടെ മാതാപിതാക്കള്‍ക്ക് രക്ഷയുണ്ടെന്നതത്രെ സത്യം. അതിന് സൂര്യത്തിളക്കമുള്ള പ്രമാണങ്ങളുണ്ട് താനും. അവര്‍ ഫത്റത്തിന്റെ കാലത്ത്  സല്‍സരണിയില്‍ ജീവിച്ചവരായിരുന്നു. അല്ലാഹു അവരെ പുനര്‍ജ്ജനിപ്പിച്ചിട്ടുണ്ടെന്നതിന് സത്യസന്ധമായ രേഖകളുമുണ്ട്” (അല്‍വഫാ: 21).