page

Saturday, 5 August 2017

ഹദീസ് സമാഹരണവും സംരക്ഷണവും

ഇസ്ലാമിക മതനിയമങ്ങള്‍ നിര്‍ദ്ധാരണം ചെയ്യാന്‍  ആശ്രയിക്കപ്പെടുന്ന ആധികാരികവും ദ്വിതീയവുമായ അവലംബമാണ് ഹദീസുകള്‍. ഒരര്‍ഥത്തില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഗ്രഹിക്കുന്നതിന് അല്‍ പബുദ്ധിയായ മനുഷ്യന് ലഭിച്ച അടിക്കുറിപ്പുകളാണ് ഇവ. സൂക്ഷ്മമായ പല മതനിയമങ്ങളും ഖുര്‍ആനില്‍ നിന്നു സ്വയം ഗ്രഹിച്ചെടുക്കാന്‍ നാം അശക്തരാണ്. ഇസ്ലാമിന്റെ അടിസ്ഥാന സ്തൂപങ്ങളില്‍പെട്ട നിസ്കാരം, സകാത് എന്നിവ തന്നെ ഉദാഹരണം. ഇവയില്‍ ഓരോന്നിന്റെയും നിയമങ്ങള്‍ വിശദീകരിക്കാന്‍ പ്രത്യേക ഗ്രന്ഥങ്ങള്‍ തന്നെ ആവശ്യമാണെന്നിരിക്കെ, ഇവയെ സംബന്ധിച്ച പ്രത്യക്ഷ പരാമര്‍ശങ്ങള്‍ ഖുര്‍ആനില്‍ പരിമിതവുമാണ്. ഇത്തരം അവസരങ്ങളില്‍ അവയുടെ വിശദാംശങ്ങള്‍ നല്‍കപ്പെട്ടത് ഹദീസുകളില്‍ നിന്നായിരുന്നു. ഇസ്ലാം ഒരു ജീവിതവ്യവസ്ഥയാണെന്നതിനാല്‍ ഇതു പോലോത്ത അനേകായിരം മതനിയമങ്ങള്‍ ആവശ്യമായി വന്നു. ഇവക്കുള്ള മുസ്ലിം സമൂഹത്തിന്റെ എക്കാലത്തേയും അവലംബമായിരുന്നു ഹദീസുകള്‍.
ഹദീസുകളുടെ പ്രചാരവും കൈമാറ്റവും പ്രവാചകരുടെ കാലത്തു തന്നെ അനിവാര്യമായിത്തീര്‍ന്നിരുന്നു. മുഹമ്മദ് നബി (സ്വ) തന്നെ ഹദീസുകള്‍ പ്രചരിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി കാണാം. മദീന യിലെ ആദ്യ നാളുകളില്‍ റബീഅ് ഗോത്രത്തില്‍ നിന്ന് ഒരു നിവേദക സംഘം പ്രവാചകരെ സന്ദര്‍ ശിച്ചപ്പോള്‍ അവിടുന്ന് ഇങ്ങനെയാണ് പറഞ്ഞവസാനിപ്പിച്ചത്: “ഇതോര്‍മിക്കുകയും നിങ്ങള്‍ ഉപേക്ഷിച്ചു പോന്നവര്‍ക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുക” (മിശ്കാത്ത്, ഭാഗം 1 അധ്യായം 1). ഇതുപോലെ തന്നെയായിരുന്നു മറെറാരു സന്ദര്‍ഭത്തിലും പ്രവാചകരുടെ ഉപദേശം: “നിങ്ങളുടെ ജനതയിലേക്കു തിരിച്ചു പോവുകയും അവരെ ഇക്കാര്യങ്ങള്‍ പഠിപ്പിക്കുകയും ചെയ്യുക”(ബുഖാരി, ഭാഗം 3 അധ്യായം 25). ഹജ്ജത്തുല്‍ വിദാഇന്റെയവസരത്തിലുള്ള ഹദീസും പ്രസിദ്ധമാണല്ലോ? (ബുഖാരി, ഭാഗം 24 അധ്യായം 39). ഇവ കൂടാതെ പല സമൂഹങ്ങളിലേക്കും റസൂല്‍ തന്നെ പ്രതിനിധികളെ നിയോഗിക്കുകയും അവര്‍ ഖുര്‍ആനും ഹദീസും പഠിപ്പിക്കുകയും ചെയ്തിരുന്നു. യമനിലെ ഗവര്‍ണറായി നിയമിതനായപ്പോള്‍ മുആദുബ്നു ജബലുമായി  പ്രവാചകന്‍ നടത്തിയ സംഭാഷണവും ഇവിടെ പ്രസക്തമാണ് (അബൂദാവുദ്, ഭാഗം 3 അധ്യായം 11).
ഖുര്‍ആനില്‍ നിന്നു മതവിധി നിര്‍ദ്ധാരണം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രവാചകരുടെ ഹദീസുകളില്‍ നിന്നു വിധി പ്രഖ്യാപിക്കുമെന്ന മുആദ്ബ്നു ജബല്‍ (റ) വിന്റെ പ്രതികരണത്തില്‍ നിന്നു വ്യക്തമാകുന്നത് പ്രവാചകരുടെ കാലത്തു തന്നെ മതവിധികളില്‍ ഹദീസുകള്‍ക്ക് അനിഷേധ്യമായ സ്വീകാര്യതയുണ്ടായിരുന്നെന്നാണ്.
മതവിധികള്‍ക്ക് ഹദീസുകളെ ആശ്രയിക്കേണ്ടി വന്നതും ഹദീസ് ശേഖരണം ആരംഭിച്ചതും റസൂലിന്റെ  വിയോഗ ശേഷമാണെന്ന പാശ്ചാത്യരുടെ വാദത്തിനുള്ള മറുപടികളാണ് പ്രസ്തുത വിവരങ്ങള്‍. ചിലര്‍ എഴുതിയ പോലെ ഹദീസ് സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നത് മുസ്ലിംകളില്‍ വൈകിയുദിച്ച ഒരു ചിന്തയായിരുന്നില്ല. കാരണം, സ്വഹാബാക്കള്‍ ആദ്യം മുതലേ ഹദീസുകള്‍ മനഃപാഠമായും ലിഖിത രൂപത്തിലും ശേഖരിക്കാനും സംരക്ഷിക്കാനും ശീലിച്ചിരുന്നു. (പ്രവാചക വിയോഗമാണ് ഇത്തരം പ്രവര്‍ത്തനങ്ങളുടെ കാരണമെന്ന ഗില്ലോമിന്റെയും വില്യംമൂറിന്റെയും ആരോപണങ്ങള്‍ക്കുള്ള മറുപടി. (Life of mohamed  by muir, Traditions of Islam  by Guillaume). പ്രവാചകരുടെ വാക്കുകളും പ്രവര്‍ത്തനങ്ങളും ആധികാരികങ്ങളാണെന്നും പില്‍ക്കാലത്തേക്കു വേണ്ടി സംരക്ഷിക്കപ്പെടേണ്ടതാണെന്നും പ്രവാചകരുടെ കാലത്തു തന്നെ സ്വഹാബാക്കള്‍ മനസ്സിലാക്കിയിരുന്നു. അബൂ ഹുറൈറഃ (റ) ഉദ്ധരിച്ച ഒരു ഹദീസില്‍ ഇങ്ങനെ കാണാം:”അന്‍സ്വാറുകളില്‍പ്പെട്ട ഒരാള്‍ മറവി കാരണം ഹദീസുകള്‍ സൂക്ഷിച്ചുവെക്കാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ചു പ്രവാചകരോടു പരാതി പറഞ്ഞപ്പോള്‍ വലതു കൈ ഉപയോഗിക്കാനായിരുന്നു പ്രവാചകരുടെ നിര്‍ദ്ദേശം” (തിര്‍മിദി ഭാഗം 39 അധ്യായം 12). (പേനയുടെ ഉപയോഗത്തിലേക്കു സൂചിപ്പിച്ചു കൊണ്ട്). അബ്ദുല്ലാഹിബ്നു അംറില്‍ നിന്നു മറെറാരു സംഭവം കാണാം: ഹദീസുകള്‍ എഴുതിവച്ചിരുന്ന അബ്ദുല്ലാഹിബ്നു അംറ് ഇതേക്കുറിച്ചു റസൂലിനോടു പറഞ്ഞപ്പോള്‍ അവിടുത്തെ പ്രതികരണം ഇപ്രകാരമായിരുന്നു: “എഴുതുക, ഞാന്‍ സത്യം മാത്രമേ പറയുന്നുള്ളൂ” (അബൂദാവൂദ് ഭാഗം 24 അധ്യായം 3). ഈ ഹദീസ് പ്രശസ്തവും മുപ്പതോളം വ്യത്യസ്ത ഉറവിടങ്ങളില്‍ നിന്നും ലഭ്യവുമാണ്. അബൂ ഹുറൈറഃ (റ) പറയുന്നു : “എന്നെപ്പോലെ സ്വഹാബികളില്‍ ആരും തന്നെ ഹദീസുകള്‍ സംരക്ഷിച്ചിരുന്നില്ല, അബ്ദുല്ലാഹിബ്നു അംറ് ഒഴികെ, കാരണം അദ്ദേഹം എഴുതി സൂക്ഷിച്ചിരുന്നു” (ബുഖാരി ഭാഗം 3 അധ്യായം 39).  അബൂബക്കര്‍ (റ), അലി (റ) തുടങ്ങിയവര്‍ ഹദീസുകള്‍ എഴുതി വച്ചിരുന്നതായി ഗ്രന്ഥങ്ങളില്‍ കാണാം. (ബുഖാരി ഭാഗം 3 അധ്യായം 39, ഭാഗം24 അധ്യായം 39).
മക്കാ ഫത്ഹിന്റെ വര്‍ഷത്തില്‍ പ്രവാചകര്‍ ഒരു പ്രസംഗം നടത്തിയപ്പോള്‍ യമന്‍ ദേശക്കാരനായ ഒരു സ്വഹാബി ആ നിര്‍ദേശങ്ങള്‍ എഴുതിത്തരണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നു. അപ്പോള്‍ അതിനു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്ന പ്രവാചകന്‍ ചെയ്തത് (ബുഖാരി, ഭാഗം 3 അധ്യായം 39). സംരക്ഷണത്തിനു വേണ്ടി എഴുത്ത് ഒരുപാധിയായി സ്വീകരിക്കല്‍ പ്രവാചകരുടെ കാ ലത്തു തന്നെ ആരംഭിച്ചിരുന്നുവെന്നത് സുവ്യക്തമാണ്. എങ്കിലും ഹദീസ് രേഖപ്പെടുത്തിവയ്ക്കല്‍ പ്രവാചകരുടെ കാലത്ത് വ്യാപകമായി പ്രചരിച്ചിരുന്നില്ല. ഹദീസ് എഴുതല്‍ പ്രവാചകര്‍ക്കു അനിഷ്ടമാണെന്നു ധ്വനിപ്പിക്കുന്ന ഒരു ഹദീസ് അബൂ ഹുറൈറഃ (റ) വില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ കാരണം ഹദീസുകള്‍ രേഖപ്പെട്ടാല്‍ അവ ഖുര്‍ആനുമായി കൂടിക്കലരുമെന്ന ഭയമായിരുന്നു. ശേഷം പ്രവാചകര്‍ തന്നെ ഹദീസ് രേഖപ്പെടുത്തി വെക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.
ഹദീസ് സംരക്ഷണത്തിനു പ്രധാനമായും മനഃപാഠമാക്കി വയ്ക്കുന്ന രീതിയാണ് ആശ്രയിക്കപ്പെട്ടിരുന്നത്. മനഃപാഠമാക്കി വയ്ക്കല്‍ കൂടുതല്‍ വിശ്വസ്തവും വ്യാപകവുമായിരുന്നു. അത്ഭുതകരമായ തോതില്‍ ഓര്‍മശക്തി സ്വന്തമായുള്ളവരായിരുന്നു അറബികള്‍. ആയിരക്കണക്കിനു അറേബ്യന്‍ കവിതകള്‍ പലരും മനഃപാഠമാക്കിയിരുന്നു. പലപ്പോഴും ഏററവും ആധികാരികമായി വര്‍ത്തിച്ചിരുന്നത് മനഃപാഠമാക്കുന്ന രീതിയായിരുന്നു. രേഖപ്പെടുത്തപ്പെട്ട പ്രതികളിലെ തെറ്റുകള്‍ തിരുത്തുന്നതും സംശയ നിവാരണത്തിനു അവലംബമാക്കുന്നതും വരെ മനഃപാഠമാക്കിയിരുന്ന ഹദീസുകള്‍ അടിസ്ഥാനപ്പെടുത്തിയായിരുന്നു. വ്യത്യസ്ത സവിശേഷതകളുടെ അടിസ്ഥാനത്തില്‍ ഹദീസ് ശേഖരണം, സംരക്ഷണം എന്നിവയുടെ ഘടകങ്ങളെ അഞ്ചായി തിരിക്കാം.
ഒന്നാം ഘട്ടം
ഹദീസ് ശേഖരത്തിന്റെ ഒന്നാം ഘട്ടം പ്രവാചകര്‍ (സ്വ) യുടെ ജീവിത കാലമായിരുന്നു. മുഴുവന്‍ സ്വ ഹാബാക്കളും തുല്യ തോതില്‍ ഹദീസ് ശേഖരണ പ്രവര്‍ത്തനങ്ങളില്‍ പങ്കു കൊണ്ടില്ല. അതിനുള്ള അവസരം ഇല്ലായിരുന്നുവെന്നു വേണം പറയാന്‍. ഓരോരുത്തര്‍ക്കും അവരുടെ ജീവിതോപാധികള്‍ കണ്ടെത്താന്‍ സമയം ചെലവഴിക്കേണ്ടിയിരുന്നു. മാത്രമല്ല, ശത്രുക്കളില്‍ നിന്നു മുസ്ലിം സമൂഹത്തെ സംരക്ഷിക്കുക എന്ന ദൌത്യം കൂടി പലര്‍ക്കും ഏറ്റെടുക്കേണ്ടിയിരുന്നു. മത വിജ്ഞാന ലക്ഷ്യത്തോടെ പള്ളിയില്‍ കഴിഞ്ഞു കൂടിയിരുന്ന അസ്വ്ഹാബു സ്വുഫ്ഫഃ എന്ന വിഭാഗമായിരുന്നു പൊതുവേ ഇത്തരം വിജ്ഞാന ശാഖകളില്‍ സദാ വ്യാപൃതരായിരുന്നത്. ഇവരില്‍ നിന്നും ചിലര്‍ അങ്ങാടികളിലേക്കു പോവുകയും ഭക്ഷണ മാര്‍ഗം തേടുകയും ചെയ്യുമായിരുന്നു. അസ്വ്ഹാബു സ്വുഫ്ഫഃ യില്‍ പെട്ട പ്രധാന അംഗമായിരുന്നു അബൂഹുറൈറഃ (റ). പ്രവാചകന്റെ വാക്കുകളും പ്രവൃത്തികളും അതേപടി അദ്ധേഹം മനഃപാഠമാക്കി. ആദ്യം മുതലേ ഹദീസ് സംരക്ഷണത്തിനു വേണ്ടിയുള്ള അദ്ധേഹത്തിന്റെ ശ്രമങ്ങള്‍ എടുത്തു പറയത്തക്കതാണ്. അദ്ധേഹം തന്നെ പറയുന്നു: “നിങ്ങള്‍ പറഞ്ഞേക്കും; അബൂഹുറൈറഃ ധാരാളം ഹദീസുകള്‍  ഉദ്ധരിച്ചിട്ടുണ്ടല്ലോ? മുഹാജിറുകള്‍ക്കും, അന്‍സ്വാറുകള്‍ക്കും കഴിയാത്ത വിധം എങ്ങനെയാണ് അബൂഹുറൈറ ഇവ ഉദ്ധരിച്ചത് എന്ന്? യഥാര്‍ഥ്യം ഇതായിരുന്നു. അവരില്‍ പലര്‍ക്കും ജീവിത മാര്‍ഗം കണ്ടെത്തേണ്ടതുണ്ടായിരുന്നു. പക്ഷേ, ഞാന്‍ സദാ സമയം പ്രവാചകരുടെ കൂടെ താമസിച്ചു. അതിനാല്‍ അവരില്‍ പലര്‍ക്കും ലഭിക്കാത്തവ എനിക്കു ലഭിക്കുകയും  ഞാന്‍ മനഃപാഠമാക്കുകയും ചെയ്തു. അസ്വ്ഹാബു സ്വുഫ്ഫഃ യില്‍ പെട്ട പലര്‍ക്കും കൃഷിയിടങ്ങളില്‍ ജോലി ചെയ്യേണ്ടതുണ്ടായിരുന്നു. എന്നാല്‍ എനിക്കതൊന്നുമില്ലാത്തതിനാല്‍ മുഴു സമയവും പ്രവാചക സാമീപ്യം ലഭിച്ചു. (ബുഖാരി ഭാഗം 34 അധ്യായം 1).
അബൂഹുറൈറഃ (റ) വിനെക്കുറിച്ചു മറെറാരു സ്വഹാബിയായ ത്വല്‍ഹത്ബ്നു ഉബൈദുല്ല (റ) പറയുന്നു : “ഞങ്ങള്‍ കേള്‍ക്കാത്ത ഹദീസുകള്‍ അബൂഹുറൈറഃ കേട്ടിട്ടുണ്ടെന്നതില്‍ സംശയമില്ല. കാരണം, പാവമായിരുന്ന അദ്ദേഹം മിക്കപ്പോഴും റസൂലിന്റെ സമീപത്തായിരുന്നു” (ഫത്ഹുല്‍ബാരി ഭാഗം 1 പുറം 191). അബൂഹുറൈറഃ (റ) വിന്റെ  ഓര്‍മ ശക്തിയേയും ഹദീസ് വിജ്ഞാനത്തെയും പ്രശംസിക്കുന്ന മുഹമ്മദ്ബ്നു അമ്മാറയുടെ വാക്കുകളും പ്രസിദ്ധമാണ് (ബൈഹഖി).
പ്രവാചക പത്നിയായിരുന്ന ആഇശ (റ) യും ഈ ഘട്ടത്തില്‍ തന്റേതായ പങ്കു വഹിച്ചു. അത്ഭുതകരമായ ഓര്‍മ ശക്തിക്കും വിവേകത്തിനും ഉടമയായിരുന്നു ആഇശ (റ). ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ചോദിക്കുക അവരുടെ പതി വായിരുന്നു. അബ്ദുല്ലാഹിബ്നു ഉമര്‍ (റ), അബ്ദുല്ലാഹിബ്നു അബ്ബാസ് എന്നിവരും ഹദീസ് ശേഖരണത്തില്‍ മുഖ്യരായിരുന്നു. ഹദീസുകള്‍ ശേഖരിക്കാന്‍ എഴുത്ത് ഉപാധിയായി സ്വീകരിച്ചവരില്‍ അബ്ദുല്ലാഹിബ്നു അംറ് (റ) വും ഉള്‍പ്പെടുന്നു. ഹദീസ്  ശേഖരിക്കാന്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവാചകരെ പിന്തുടരാന്‍ അയല്‍വാസികളുമായി ധാരണയുണ്ടാക്കിയ സംഭവവും ഗ്രന്ഥങ്ങളില്‍ കാണാം (ബുഖാരി ഭാഗം 3 അധ്യായം27). ഇങ്ങനെ പ്രവാചകരില്‍ നിന്നു നേരിട്ട് ഹദീസ് ശേഖരിക്കുന്നതിനായിരുന്നു ഒന്നാം ഘട്ടത്തില്‍ പ്രാധാന്യം.
രണ്ടാം ഘട്ടം
പ്രവാചകരുടെ വിയോഗത്തിനു ശേഷമാണ് ഹദീസ് സംരക്ഷണത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്. പ്രവാചക കാല ശേഷം പണ്ഢിതരുടെ  അടുത്തേക്കു പരിഹാരത്തിനു വന്ന പ്രശ്നങ്ങള്‍ക്ക്  ഖുര്‍ആനിനെയോ ഹദീസിനെയോ അവലംബിക്കേണ്ടി വന്നു. പല പ്രശ്നങ്ങളിലും ഹദീസുകള്‍ മാനദണ്ഡമാക്കി വിധി നടത്തി. ഇതിനാല്‍ തന്നെ ഹദീസുകളുടെ ആധികാരികതക്കു തെളിവുകള്‍ സംഘടിപ്പിക്കേണ്ടതും അനിവാര്യമായി. ഇങ്ങനെ ഹദീസ് ശേഖരണത്തില്‍  രണ്ടു പ്രക്രിയകള്‍ ഉത്ഭവിച്ചു. തെളിവുകള്‍ ഖണ്ഢിതമായി സ്ഥിരപ്പെട്ട ഹദീസുകള്‍ മാത്രം തുടര്‍ന്ന് സ്വീകരിക്കപ്പെടാന്‍ തുടങ്ങി. ഈ ഘട്ടത്തില്‍ ഹദീസ് വിജ്ഞാനീയത്തിന്റെ വളര്‍ച്ചക്കുള്ള പ്രധാന ഘടകമാണ് ഇസ്ലാമിലേക്കുള്ള  അമുസ് ലിംളുടെ കുത്തൊഴുക്ക്. റസൂലിന്റെ വിയോഗ ശേഷം ഇസ്ലാം സ്വീകരിച്ചവര്‍ക്ക് അവിടുത്തെ കാണാന്‍ കഴിഞ്ഞിരുന്നില്ല. കാണാന്‍ കഴിയാത്ത തങ്ങളുടെ നേതാവിനെക്കുറിച്ചുള്ള സര്‍വ വിവരങ്ങളും അറിയാനുള്ള അന്വേഷണത്വര കലാശിച്ചത് ഹദീസ് ശേഖരണത്തിലായിരുന്നു. ഇങ്ങനെ പലരും സ്വഹാബാക്കളെ ആശ്രയിക്കുകയും അവരില്‍ നിന്നു സൂക്ഷ്മ വിവരങ്ങള്‍ കൃത്യതയോടെ ശേഖരിക്കുന്നതില്‍ കണിശത പാലിക്കുകയും ചെയ്തു. ഇസ്ലാമിന്റെ ധ്രുതഗതിയിലുള്ള വളര്‍ച്ചയും ഹദീസുകളുടെ കൃത്യതക്കു കാരണമായ ഘടകമായിരുന്നു. പ്രവാചക വിയോഗത്തിന്റെ അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ തന്നെ പ്രവാചകര്‍ മിക്കയിടങ്ങളിലും  അറിയപ്പെട്ടിരുന്നതിനാല്‍ പ്രവാചക വിശേഷങ്ങള്‍ വന്‍തോതില്‍ ചര്‍ച്ചക്കു  വിധേയമാക്കപ്പെട്ടു. ഹദീസുകള്‍ ഇത്തരുണത്തില്‍ അഗാധമായ പഠനങ്ങള്‍ക്കു വിധേയമാക്കപ്പെട്ടു.
സ്വഹാബാക്കളുടെ ഇസ്ലാമിനോടുള്ള അകമഴിഞ്ഞ പ്രതിബദ്ധതയും ഈ ഘട്ടത്തിലെ ഹദീസ് വിജ്ഞാന പുരോഗതിയുടെ ഒരു കാരണമാണ്. മതത്തിനു വേണ്ടി വീടും കുടുംബവും ഉപേക്ഷിക്കാന്‍ തയാറായവര്‍ ഹദീസ് വിജ്ഞാനവും തങ്ങളുടെ ജീവിത ലക്ഷ്യമായെടുത്തു. അവര്‍ കൂട്ടം കൂട്ടമായി പാശ്ചാത്യ പൌരസ്ത്യ ദേശങ്ങളിലേക്കു ചേക്കേറാന്‍ തുടങ്ങി. ഇവരിലൂടെയും ഹദീസുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചരിക്കപ്പെട്ടു. ഇതിനു പുറമേ ഹദീസ് പണ്ഢിതരെയന്വേഷിച്ച് വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ ഒഴുകാന്‍ തുടങ്ങി. അബൂ ഹുറൈറഃ (റ) വിനു ഏകദേശം 800 ഓളം  ശിഷ്യന്മാരുണ്ടായിരുന്നു. ഇവരുടെ താമസ സ്ഥലങ്ങള്‍ ഹദീസ് വിജ്ഞാന ദാഹികളെക്കൊണ്ടു നിറഞ്ഞു. ഹദീസ് ശേഖരണത്തിനു വേണ്ടി ദീര്‍ഘയാത്രകളും സംഘടിപ്പിക്കപ്പെട്ടു. ഒരൊറ്റ ഹദീസിനു വേണ്ടി മദീനയില്‍ നിന്നു സിറിയയിലേക്കു യാത്ര ചെയ്ത മഹാനാണ് ജാബിറ്ബ്നു അബ്ദുല്ല (റ). ഈ യാത്രയുടെ കാലാവധി ഒരു മാസമായിരുന്നുവെന്ന് ഗ്രന്ഥങ്ങളില്‍ കാണാം (ബുഖാരി ഭാഗം 3 അധ്യായം19). ഇത്തരം സംഭവങ്ങള്‍ ഫത്ഹുല്‍ ബാരിയില്‍ ഉദ്ധരിച്ചിട്ടുണ്ട്.
മൂന്നാം ഘട്ടം
പ്രവാചകരെ നേരിട്ടു കാണുകയും കേള്‍ക്കുകയും ചെയ്തിരുന്നവരുടെ തലമുറ അവസാനിച്ചതോടെ ഹദീസ് ശേഖരണവും അതിന്റെ മൂന്നാം ഘട്ടത്തിലേക്കു പ്രവേശിക്കുന്നു. വ്യത്യസ്ത കേന്ദ്രങ്ങളില്‍ അധ്യാപനം നടത്തിയിരുന്ന പണ്ഢിതരായിരുന്നു ഹദീസുകള്‍ക്കു വേണ്ടി ഇക്കാലത്ത് ആശ്രയിക്കപ്പെട്ടിരുന്നത്. പക്ഷേ, ഏതെങ്കിലും ഒരു കേന്ദ്രത്തില്‍ മുഴുവന്‍ ഹദീസുകളും ലഭ്യമായിരുന്നില്ല. ഹദീസ് പണ്ഢിതര്‍ ലോകത്തിന്റെ പല ഭാഗത്തും വ്യാപിച്ചതാണിതിന്നു കാരണം. ഈ ഘട്ടത്തിലാണ് ഹദീസ് സംരക്ഷണത്തിന് എഴുത്ത് ഒരു പൊതു ഉപാധിയായി സ്വീകരിക്കപ്പെട്ടത്. എഴുത്തിനുള്ള സാങ്കേതിക സൌകര്യങ്ങളും ഇക്കാലത്ത് വികസിച്ചിരുന്നു. മാത്രമല്ല, സമാഹരിക്കപ്പെട്ടിരുന്ന ഹദീസുകള്‍ ഖുര്‍ആനുമായി കൂടിക്കലരുമെന്ന ഭീതിയും ഇക്കാലത്തില്ലായിരുന്നു. ഓര്‍മിച്ചു വയ്ക്കുന്ന ഹദീസുകള്‍ ക്കുള്ള ഒരു സഹായോപാധിയായാണ് ആദ്യം എഴുത്ത് ഉപയോഗിക്കപ്പെട്ടത്. കയ്യെഴുത്തു പ്രതികളില്‍ നിശ്ചിത ഹദീസുകള്‍ ലഭ്യമായിരുന്നെന്നത് ഒരു ഹദീസിന്റെ ആധികാരികതക്കു മാനദണ്ഡമായിരുന്നില്ല. മറിച്ച് ആധികാരികതക്ക് സ്വീകാര്യരായ ഉദ്ധാരകരെ (റാവി) അവലംബിക്കേണ്ടിയിരുന്നു. ഉമയ്യദ് രാജവംശത്തിലെ ഭരണാധികാരിയായിരുന്ന ഉമറ്ബ്നു അബ്ദുല്‍ അസീസായിരുന്നു, ഹദീസിന്റെ ലിഖിത സമാഹാരങ്ങള്‍ സംഘടിപ്പിക്കണമെന്ന് ആജ്ഞ പുറപ്പെടുവിച്ച ആദ്യത്തെ ഭരണാധികാരി. ഇദ്ദേഹം അബൂബക്കറുബ്നു ഹസ്മ്ന് ഇപ്രകാരമെഴുതി: “വിജ്ഞാന നഷ്ടവും പണ്ഢിതരുടെ വിയോഗവും ഞാന്‍ ഭയപ്പെടുന്നു. അതിനാല്‍ താങ്കള്‍ ഹദീസുകള്‍ അന്വേഷിക്കുകയും അവ രേഖപ്പെടുത്തി വയ്കുകയും ചെയ്യുക. യഥാര്‍ത്ഥ ഹദീസുകള്‍ മാത്രമേ സ്വീകരിക്കാവൂ. ജനങ്ങള്‍ വിജ്ഞാനം പരസ്യമാക്കുകയും കൂട്ടമായി ഇരിക്കുകയും വേണം. കാരണം പൊതു ജനങ്ങളില്‍ നിന്നു തടയപ്പെടുന്നതു വരെ ഒരു വിജ്ഞാനവും അപ്രത്യക്ഷമാകുന്നില്ല” (ബുഖാരി ഭാഗം 3 അധ്യായം34).
ഉമര്‍ബ്നു അബ്ദുല്‍ അസീസിന്റെ മദീനയിലെ ഗവര്‍ണറായിരുന്നു അബൂബക്ര്‍ബ്നു ഹസ്മ്. ഇത്തരം കത്തുകള്‍ മററു കേന്ദ്രങ്ങളിലേക്കും അയച്ചതിന് തെളിവുകള്‍ കാണാം (അഹ്മദ്ബ്നു അലി ഭാഗം 1 പുറം). പക്ഷേ, രണ്ടര വര്‍ഷത്തെ ഭരണ ശേഷം ഉമര്‍ രണ്ടാമന്‍ മൃതിയടയുകയും പിന്തുടര്‍ച്ചക്കാരില്‍ ഇത്തരം താല്‍പര്യങ്ങള്‍ പൊതുവെ ഇല്ലാതാവുകയും ചെയ്തു. തുടര്‍ന്നു വന്ന നൂറ്റാണ്ടില്‍ ഹദീസ് ശേഖരണ പ്രവര്‍ത്തനങ്ങള്‍ ഭരണ കൂടത്തില്‍ നിന്നു സ്വതന്ത്രമായാണ് നടത്തപ്പെട്ടത്. അങ്ങനെ ഹദീസ് ശേഖരണം നാലാം ഘട്ടത്തിലേക്കു പ്രവേശിക്കുന്നു.
നാലാംഘട്ടം
രണ്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിനു മുമ്പേ ഹദീസ് വിജ്ഞാനത്തിന് ഒരു സ്ഥിരമായ പൊതുരൂപം ലഭിച്ചിരുന്നു. നൂറുകണക്കിനു വിദ്യാര്‍ഥികള്‍ വ്യത്യസ്ത കേന്ദ്രങ്ങളില്‍ നിരന്തര ഹദീസ് പഠനങ്ങളില്‍ ഏര്‍പെട്ടിരുന്നു. ഹദീസുകളോടു കൂടെ ഉദ്ധാരകരുടെ പേരുകളും ശേഖരിച്ച് സംരക്ഷിക്കല്‍ ഈ ഘട്ടത്തില്‍ അനിവാര്യമായിത്തീര്‍ന്നു. ഇതിനു വേണ്ടി ഹദീസ് എഴുതിവെക്കലും അത്യന്താപേക്ഷിതമായി. ഇങ്ങനെ അറിയപ്പെട്ട ഗ്രന്ഥമാണ് ഇമാം അബ്ദുല്‍ മാലിക്ബ്നു അബ്ദില്‍ അസീസ്ബ്നു ജുറൈജിന്റെ (ഇബ്നു ജുനൈദ്) സമാഹാരം. ഇബ്നു ജുറൈജ് മക്കയിലും മററു ഗ്രന്ഥകര്‍ത്താക്കളായ മാലിക്ബ്നു അനസ് (റ), സുഫ്യാനുബ്നു ഉയൈനഃ (റ) എന്നിവര്‍ മദീനയിലും അബ്ദുല്ലാഹിബ്നു വഹ്ബ് (റ) ഈജിപ്തിലും സുഫ്യാനുബ്നു സൌരി (റ), മുഹമ്മദ്ബ്നു ഫുളൈല്‍ (റ) എന്നിവര്‍ കൂഫയിലും മഅ്മര്‍, അബ്ദു റസാഖ് എന്നിവര്‍ യമനിലുമായിരുന്നു ജീവിച്ചിരുന്നത്. ഹമ്മാദ്ബ്നു സല്‍മഃ, റൌഅ്ബ്നു ഉബാദഃ എന്നിവര്‍ ബസ്വറഃയിലും ഹുശൈം വാസിത്വിലും അബ്ദുല്ലാഹിബ്നു മുബാറക് ഖുറാസാനിലും ജീവിച്ചു. ഇവരുടെ ഗ്രന്ഥങ്ങളില്‍ മാലിക് (റ) വിന്റെ ‘മുവത്വാ’ വളരെയധികം പ്രശസ്തിയാര്‍ജിച്ചു. മുസ്ലിംകളുടെ ദൈനംദിന ജീവിത പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട  ഹദീസ് സമാഹാരം എന്ന നിലയിലായിരുന്നു ഇവയില്‍ മിക്കതും രചിക്കപ്പെട്ടത്. മുഴുവന്‍ ഹദീസുകളുടെയും സമാഹാരമെന്ന നിലക്ക് ഒരു ഗ്രന്ഥ രചന അസാധ്യമായിരുന്നു. ഹദീസുകള്‍ വിശാലമായി വ്യാപിച്ചിരുന്നുവെന്നതാണ് ഇതിന്റെ പ്രധാന കാരണം.
അഞ്ചാം ഘട്ടം
ഹദീസുകളുടെ ശേഖരണം മുസ്നദ്, ജാമിഅ് എന്നീ രണ്ടു തരത്തില്‍ ആരംഭിച്ചു. ‘സനദ്’ എന്ന പദത്തില്‍ നിന്നാണ് ‘ഇസ്നാദി’ന്റെ ഉത്ഭവം. ഒരു ഹദീസിന്റെ വ്യത്യസ്ത ഉദ്ധാരകരിലൂടെ അതിനെ പ്രവാചകരില്‍ നിന്നു കേട്ട സ്വഹാബിയിലേക്കുള്ള പരമ്പര സ്ഥാപിക്കുന്നതിനെയാണ് ഇസ്നാദെന്നു പറയുന്നത്. മുസ്നദ് ഇനത്തിലെ ഹദീസുകള്‍, അവയിലെ വിഷയ വിവര ക്രമപ്രകാരം തയ്യാറാക്കപ്പെട്ടവയല്ല. മറിച്ച് സ്വഹാബാക്കളുടെ പ്രത്യേക ക്രമപ്രകാരം തയ്യാറാക്കപ്പെട്ടവയാണ്. ഇമാം അഹ്മദ്ബ്നു ഹമ്പല്‍ (റ) ന്റെ മുപ്പതിനായിരത്തോളം ഹദീസുകള്‍ ഉള്‍കൊള്ളുന്ന മുസ്നദാണ് ഇവയില്‍ പ്രധാനപ്പെട്ടത്. എല്ലാതരത്തിലുള്ള ഹദീസുകളും ജാമിഇല്‍ സമാഹരിക്കപ്പെട്ടിരിക്കുന്നു. ആറ് ഹദീസ് സമാഹാരങ്ങള്‍ പൊതുവെ അഹ്ലുസ്സുന്ന പണ്ഢിതരാല്‍ അംഗീകരിക്കപ്പെട്ടതാണ്. ബുഖാരി (മ: 256 ഹിജ്റ), മുസ്ലിം (മ: 261), തിര്‍മുദി (മ: 279), ഇബ്നുമാജഃ (മ: 473), നസാഈ (മ: 303) എന്നിവയാണവ.
ഹദീസുകളും കഥകളും
ജൂതര്‍, ക്രൈസ്തവര്‍, പേര്‍ഷ്യര്‍ എന്നിവരില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന കഥകളും അവയിലെ വിവരണങ്ങളും പ്രവാചകരുടെ ഹദീസായി തെററിദ്ധരിക്കപ്പെടരുത്. ഇത്തരം സംഭവ വിവരണങ്ങള്‍ സമാഹരിച്ചവരെ മുഹദ്ദിസീങ്ങളില്‍ നിന്നു വേര്‍ തിരിച്ചു മനസ്സിലാക്കാന്‍ പല മാനദണ്ഡങ്ങളുമുണ്ട്. ഭാഷാ ശൈലി തന്നെ ഒരുദാഹരണം. എന്നാല്‍, വില്യം മൂറിനെപ്പോലുള്ള പല ഓറിയന്റലിസ്റ്റുകളും പലപ്പോഴും ഇവയെല്ലാം ഹദീസുകളാണെന്ന രൂപത്തിലാണ് കൈകാര്യം ചെയ്തിട്ടുള്ളത്.
ഹദീസിന്റെ യൂറോപ്യന്‍ വിമര്‍ശം
പല യൂറോപ്യന്‍ എഴുത്തുകാരും ഹദീസുകളെയും ഉദ്ധാരകരേയും അടച്ചാക്ഷേപിച്ചിട്ടുണ്ട്. പല സ്വഹാബാക്കളും ഹദീസുകള്‍  കൃത്രിമമായി നിര്‍മിക്കാന്‍ പോലും മടിക്കാത്തവരായിരുന്നുവെന്ന് സമര്‍ഥിക്കാന്‍ പലരും വിഫല ശ്രമം നടത്തിയിരിക്കുന്നു. അബൂ ഹുറൈറഃ(റ) ഇത്തരത്തില്‍ കൃത്രിമ ഹദീസുകള്‍ നിര്‍മിക്കുന്നയാളായിരുന്നുവെന്ന് ഇൃശശേരശാ ീള ഒമറശവേ യ്യ ങൌഹെശാ’ എന്ന ഗ്രന്ഥത്തില്‍ ഏൌശഹഹമൌാല രേഖപ്പെടുത്തുന്നു. ഇത്തരം വാദങ്ങള്‍ അടിസ്ഥാന രഹിതങ്ങളും അല്‍പജ്ഞാനത്തിന്റെ അടയാളങ്ങളുമാണ്. സ്വഹാബാക്കള്‍ മുഴുവന്‍ വിശ്വസ്തരാണെന്നാണ് അഹ്ലുസ്സുന്നയുടെ ഐക്യ കണ്‍ഠേനയുള്ള അഭിപ്രായം’ എന്നാണ് ഇബ്നു ഹജറുല്‍ ഹൈതമി (റ) രേഖപ്പെടുത്തിയിട്ടുള്ളത്. ഇസ്ലാമിന്റെ ഭദ്രമായ ചട്ടക്കൂട്ടില്‍ വിള്ളലുകള്‍ വീഴ്ത്തുന്നതിലാണ് ഇത്തരം ആരോപണങ്ങള്‍ ലക്ഷ്യം വച്ചിരിക്കുന്നത്. മുസ്ലിം ചരിത്രകാരന്മാരെന്നറിയപ്പെടുന്ന പലരും ഇത്തരം അടിസ്ഥാന രഹിതങ്ങളായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടണ്ട്.
ചരിത്രത്തിന്റെ ശരിയായ അവബോധം ഇത്തരം ആരോപണങ്ങള്‍ക്കുള്ള ഉത്തരങ്ങളായി മാറുന്നത് കാണാം. വ്യവസ്ഥാപിതവും അതി സൂക്ഷ്മവുമായ മാനദണ്ഡങ്ങള്‍ക്കു വിധേയമായാണ് ഹദീസ് വിജ്ഞാനം ഉത്ഭവിച്ചതും വളര്‍ച്ച പ്രാപിച്ചതും. ഹദീസിന്റെയും സമാഹര്‍ത്താക്കളുടെയും വിശ്വസ്തതയും നിഷ്കര്‍ഷതയും സംശ യലേശമന്യേ സ്ഥിരപ്പെട്ടാല്‍ മാത്രമേ അവ ഹദീസ് പണ്ഢിതര്‍ക്കിടയില്‍ സ്വീകാര്യമായിരുന്നുള്ളൂ. ഇത്തരം ഹദീസുകള്‍ മാത്രമാണ് ഇന്നത്തെ ആധികാരിക ഗ്രന്ഥങ്ങളിലുള്ളതും പ്രമാണങ്ങളായി സ്വീകരിക്കപ്പെടുന്നതും.