page

Friday, 8 September 2017

ലാത -ഉസ്സ- മനാത്ത

മുശ്രിക്കുകളുടെ ദേവസഭയില്‍ ഒരു വലിയ്യുല്ലാഹിയെ അംഗമാക്കാനുള്ള തത്രപ്പാടില്‍ ബിദഇകള്‍ പിന്നെ പിടികൂടിയിട്ടുള്ളത് ലാതയെയാണ്. ലാതയെ അല്ലാഹു പരിചയപ്പെടുത്തിയിട്ടുണ്ട്. സൂറതുന്നജ്മ് 19 മുതല്‍ 27 വരെ സൂക്തങ്ങള്‍ ലാത, ഉസ്സാ, മനാത തുടങ്ങിയ വിഗ്രഹങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരണമാണ്. ഇവ മൂന്നിനെയും എടുത്തുപറഞ്ഞ ശേഷം അല്ലാഹു ചോദിച്ചു: നിങ്ങള്‍ക്ക് ആണ്‍മക്കളും ദൈവത്തിന് പെണ്‍മക്കളും അല്ലേ?
തുടര്‍ന്ന് പുത്രിവാദത്തിന്‍റെയും ശഫാഅത്തിനുള്ള സ്വതന്ത്രാധികാരത്തിന്‍റെയും കണ്ഠനാളിയറുക്കുന്ന പ്രസ്താവനകളാണു കാണുക. മക്കാ മുശ്രികുകള്‍ സങ്കല്‍പിച്ചാരാധിച്ചിരുന്ന മൂന്നു വിഗ്രഹങ്ങളാണ് ലാത്, ഉസ്സാ, മനാത്. അവരുടെ ഭാഷയില്‍ ഇവ മലക്കുകളുടെ നാമങ്ങളാണ്, അവര്‍ അല്ലാഹുവിന്‍റെ പെണ്‍മക്കളാണത്രെ! അവയുടെ രൂപമാണത്രെ ആ വിഗ്രഹങ്ങള്‍ക്ക്!?
വിശുദ്ധ ഖുര്‍ആന്‍റെ സ്പഷ്ടമായ പദഘടന പറയുന്ന പ്രകാരം ഇവ മൂന്നും മക്കാ മുശ്രികുകളുടെ മലക്കുദേവികളായാണു പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. എന്നിട്ടും ലാത ദേവിയെപ്പിടിച്ചു വലിയ്യാക്കാനാണ് ചിലരുടെ ശ്രമം. മക്കാ മുശ്രികുകളുടെ വിശ്വാസത്തില്‍ മഹോന്നത തരുണീമണികളാണവര്‍ മൂവരും. ജമാഅത്തു നേതാവ് അമീന്‍ അഹ്സന്‍ ഇസ്വ്ലാഹിയുടെ സമര്‍ത്ഥനം വായിക്കാം: മേല്‍ സൂക്തങ്ങളില്‍ (നജ്മ്1923) പ്രസ്താവിച്ച ലാതയും ഉസ്സയും മനാതയും മലക്കുകളുടെ പ്രതിമകളാണ്. മൂവരുടെയും നാമധേങ്ങള്‍ സ്ത്രീകള്‍ക്ക് വിളിക്കപ്പെടുന്ന നാമങ്ങളാകുന്നു. അവരുടെ ശിപാര്‍ശയില്‍ മുശ്രികുകള്‍ക്ക് ശക്തിയായ പ്രതീക്ഷയും വിശ്വാസവുമുണ്ടായിരുന്നു. അറബികളവര്‍ക്കു ചുറ്റും പ്രദക്ഷിണം വെച്ചുകൊണ്ടു ആവര്‍ത്തിച്ചു ഉരുവിട്ടിരുന്നതിങ്ങനെയാണ്: മഹോന്നത തരുണീമണികളാണിവര്‍. ഇവരുടെ ശിപാര്‍ശ സുപ്രതീക്ഷിതമത്രെ (തില്‍കല്‍ ഗറാനീഖുല്‍ ഉലാ, വഇന്ന ശഫാഅതഹുന്ന ലതുര്‍ജാശിര്‍ക്, പേ 21).
മൂവരില്‍ ഉസ്സ പുണ്യവൃക്ഷമായിരുന്നു എന്ന ഒറ്റപ്പെട്ട അഭിപ്രായവുമുണ്ട്. അവയിലാണ് അമാനി, ചെറിയമുണ്ടം മൗലവി സംഘം പിടികൂടിയത്. അമാനി മൗലവി എഴുതുന്നു: ഉസ്സ ഒരു പ്രത്യേക ആരാധ്യവൃക്ഷമായിരുന്നു. അതിന്മേല്‍ (ഏതിന്മേല്‍?) ഒരു ക്ഷേത്രവും നിര്‍മിക്കപ്പെട്ടിരുന്നു (വിവരണം 31414). സൂറതുന്നജ്മിലെ സുവ്യക്തമായ പരാമര്‍ശത്തെ അവഗണിച്ചാണ് മക്കാ മുശ്രികുകളുടെ ദേവിയുടെ വിലാസം മൗലവി മാറ്റിയെഴുതുന്നത്. ഉസ്സ എന്ന പദം ഇസ്സത്തിന്‍റെ തത്ഭവവും അസീസിന്‍റെ സ്ത്രീലിംഗ രൂപവുമാണെന്ന് പ്രസിദ്ധമായ വിശദീകരണമുണ്ട്. മൗദൂദി പറയുന്നു: ഇത് ഖുറൈശികളുടെ സവിശേഷ ദേവതയായിരുന്നു. മക്കക്കും ത്വാഇഫിനുമിടയില്‍ വാദി നഖ്ലയിലെ ഹുറാജ് എന്ന സ്ഥലത്താണതിന്‍റെ സന്നിധാനം. ഹാശിം ഗോത്രത്തിന്‍റെ സഖ്യഗോത്രമായ ശൈബാന്‍ വംശം ഇതിന്‍റെ പരിസരത്താണ് വസിച്ചിരുന്നത്. ഖുറൈശികളും മറ്റു ഗോത്രങ്ങളും ഈ സന്നിധാനം സന്ദര്‍ശിക്കുകയും നേര്‍ച്ച വഴിപാടുകളും ബലികളും അര്‍പിക്കുകയും ചെയ്തിരുന്നു. കഅ്ബയിലേക്കെന്ന പോലെ ഉസ്സാ സന്നിധിയിലേക്കും ബലിമൃഗങ്ങളെ കൊണ്ടുവരാറുണ്ടായിരുന്നു. ആളുകള്‍ മറ്റു വിഗ്രഹങ്ങളേക്കാളേറെ ഉസ്സയെ ആദരിച്ചിരുന്നു (തഫ്ഹീം 1905).
കൂടുതല്‍ വിശദീകരണങ്ങളുമായി ജമാഅത്ത് വിജ്ഞാന കോശം രംഗത്തുണ്ട്: അറേബ്യക്ക് പുറത്തും ഉസ്സാ ആരാധിക്കപ്പെട്ടിരുന്നു. പ്രത്യേകിച്ചും ഹീറയിലെ ലഖ്മികള്‍. മുന്‍ദിര്‍ നാലാമന്‍ ഉസ്സയുടെ പേരില്‍ പ്രതിജ്ഞ ചെയ്യാറുണ്ടായിരുന്നു. അദ്ദേഹം 400 കന്യകമാരെ അവര്‍ക്ക് കുരുതി കൊടുത്തതായി പറയപ്പെടുന്നു. ഗ്വത്ഫാന്‍ ഗോത്രക്കാര്‍ ആരാധിച്ചിരുന്ന ഒരു മുള്‍ച്ചെടിയായിരുന്നു അതെന്നും അഭിപ്രായമുണ്ട്. ഇത് ഖുറൈശികളുടെ സവിശേഷ ദേവതയായിരുന്നു എന്നാണ് പ്രബല അഭിപ്രായം. ജാഹിലീ കാലഘട്ടത്തില്‍ ഉസ്സായെ ദൈവമാക്കി സ്വീകരിക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്ത സൈദ്ബ്നു അംറുബ്നു നുഫൈല്‍ പാടുന്നു: ഞാന്‍ ലാതിനെയും ഉസ്സായെയും ഉപേക്ഷിച്ചിരിക്കുന്നു… ഉസ്സായേയോ അവളുടെ രണ്ടു പെണ്‍മക്കളെയോ ഞാന്‍ അനുസരിക്കുകയില്ല (1197).
മൂവരില്‍ മനാതയുടെ വിലാസം മാറ്റിയെഴുതാന്‍ ഒരു വഴിയും കാണുന്നില്ലെന്നു കണ്ടപ്പോള്‍, ലാതിനെയും ഉസ്സയെയും തട്ടിയെടുത്ത അമാനി മൗലവി സംഘം ഇങ്ങനെ എഴുതാന്‍ നിര്‍ബന്ധിതരായി: മക്കയുടെയും മദീനയുടെയും ഇടയില്‍ മുശല്ലല്‍ എന്ന സ്ഥലത്തായിരുന്നു മനാത്. ഫുദൈല്‍, ഖുസാഅ, ഔസ്, ഖസ്റജ് മുതലായ ഗോത്രക്കാരുടെ വിഗ്രഹമായിരുന്നു അത്. ഇങ്ങനെയുള്ള പല വിഗ്രഹങ്ങളും ചില മലക്കുകളുടെ പ്രതിഷ്ഠകളാണെന്നും മലക്കുകള്‍ അല്ലാഹുവിന്‍റെ പെണ്‍മക്കളാണെന്നുമായിരുന്നു മുശ്രികുകളുടെ സങ്കല്‍പം. അതുകൊണ്ട് അല്ലാഹു ചോദിക്കുന്നു: നിങ്ങള്‍ക്ക് ആണും അവന് പെണ്ണുമോ? (വിവരണം 31414).
ഈ ചോദ്യം മനാതയെക്കുറിച്ചു മാത്രമായിരുന്നെന്ന് പറയാന്‍ എന്പാടും തൊലിയുറപ്പുവേണ്ടി വരുമെന്നവര്‍ക്കറിയാം. എന്നാല്‍ ചെറിയമുണ്ടത്തിന് ഇതൊന്നും അശേഷം പ്രശ്നമല്ല. അദ്ദേഹത്തിന്‍റെ കുറിപ്പ് ഇങ്ങനെ: “ഹുദൈല്‍ ഗോത്രക്കാര്‍ പൂജിച്ചിരുന്ന ഒരു പാറക്കല്ലാണ് മനാത്.’ പ്രതിഷ്ഠയല്ല, മലക്കുകളുടേതല്ല, മഹാദേവന്‍റെ പെണ്‍കുട്ടികളുടേതല്ല. എങ്കില്‍ ലാതയോ? അമാനി സംഘത്തിന്‍റെ പ്രചാരണം ഇങ്ങനെ: ലാത്ത, സഖീഫ് ഗോത്രക്കാരുടെ വക ത്വാഇഫിലെ ഒരു വിഗ്രഹമാണ്. മുന്‍കാലത്ത് ഹജ്ജിനു പോകുന്നവര്‍ക്ക് ഗോതമ്പത്തരികൊണ്ട് ഭക്ഷണമുണ്ടാക്കിക്കൊടുത്തിരുന്ന ഒരു നല്ല മനുഷ്യന്‍റെ സ്മാരകമായി സ്ഥാപിക്കപ്പെട്ടതായിരുന്നു അത് (വിവരണം 43141).
ചരിത്രത്തോടും വിശുദ്ധ ഖുര്‍ആന്‍റെ പ്രബലവും പ്രകടവുമായ പദഘടനയോടും ചെയ്യുന്ന ഒരനീതിയാണ് ലാതയെ “നല്ല മനുഷ്യനാ’ക്കാനുള്ള ശ്രമം. ഇസ്ലാമിലെ ഇസ്തിഗാസയെ തള്ളിപ്പറയാന്‍ രംഗസൗകര്യം വരുത്തുകയാണ് മൗലവിമാരിതിലൂടെ. ഈ ദുഷ്പ്രചാരണത്തിന്‍റെ പശ്ചാതലം ഇനി പറയാം: ഇബ്നു അബ്ബാസ്(റ)ല്‍ നിന്നും ലാതിനെ കുറിച്ചുള്ള ഒറ്റപ്പെട്ട അഭിപ്രായം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹാജിമാര്‍ക്ക് പായസം വിളമ്പിയിരുന്ന ഒരു നല്ല മനുഷ്യന്‍റെ പേരാണ് ലാത. അയാള്‍ മരിച്ച ശേഷം അവിടെ ഖബ്ര്‍ ഉണ്ടാക്കി ആരാധിക്കപ്പെട്ടതായിരുന്നു. ഇതാണ് ആ റിപ്പോര്‍ട്ടിലുള്ളത്.
ലാത്ത എന്ന പദം ലത്തയലിത്തു എന്ന ക്രിയാപദത്തിന്‍റെ ഇസ്മുല്‍ ഫാഇല്‍ (ൗെയഷലരശേ്ല ളീൃാ) ആണെന്നും അതുപ്രകാരം ലാത്തയിലെ താഇന് ശദ്ദ് (ദ്വിത്വം) നല്‍കിയുള്ള പാരായണം ഉണ്ടെന്നും അവര്‍ (ഇബ്നു അബ്ബാസ്, മുജാഹിദ്, റബീഅ്) പറഞ്ഞു. പക്ഷേ, ഈ പാഠഭേദം ശാദ്ദ് (ഒറ്റപ്പെട്ട വീക്ഷണം) മാത്രമാണ്. ഇബ്നുജരീര്‍ ലാത എന്ന പദത്തെക്കുറിച്ച് എത്തിച്ചേര്‍ന്ന അഭിപ്രായ പ്രകാരം അല്ലാഹു എന്ന പദത്തിന്‍റെ ഒടുവില്‍ സ്ത്രീലിംഗ പ്രതീകമായ പുള്ളിയുള്ള “ഹാ’ ചേര്‍ത്ത് “അല്ലാഹത്’ എന്നാണതിന്‍റെ മൂലരൂപം. അതില്‍ നിന്നാണ് “അല്ലാത്’ ഉണ്ടായത്. ഇതാണു പ്രബലവീക്ഷണം. അതുകൊണ്ടുതന്നെ, വെളുത്ത പാറയില്‍ കൊത്തിയെടുത്ത പ്രതിഷ്ഠയാണ് അല്ലാത് എന്നും അതിനുമേല്‍ വലിയ കെട്ടിടമുണ്ടായിരുന്നെന്നും കഅ്ബാലയത്തെപോലെ അതിനെ ആദരിച്ചു പരിചരിച്ചിരുന്നുവെന്നും പറഞ്ഞുറപ്പിച്ച ശേഷമാണ്, വഹുകിയ എന്ന ആമുഖത്തോടെ ഇബ്നു അബ്ബാസ്, മുജാഹിദ്, റബീഉമാരില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒറ്റപ്പെട്ട വീക്ഷണത്തെ കുറിച്ച് ഇബ്നു കസീര്‍ പരാമര്‍ശിക്കുന്നത്.
“അല്ലാഹുവിനു പുറമെ അവര്‍ ചില പെണ്ണുങ്ങളെയല്ലാതെ പ്രാര്‍ത്ഥിക്കുന്നില്ല’ (4117) എന്ന സൂക്തത്തിന്‍റെ വിശദീകരണമായി ഇബ്നു കസീര്‍ എഴുതുന്നു: “ളഹ്ഹാകിനെ ഉദ്ധരിച്ച് ജുവൈബിര്‍ പറഞ്ഞു: അല്ലാഹുവിന്‍റെ മേല്‍വചനത്തിന്‍റെ താല്‍പര്യമിതാണ്; മലക്കുകള്‍ അല്ലാഹുവിന്‍റെ പെണ്‍മക്കളാണെന്നും നിശ്ചയം, അവയെ പൂജിക്കുന്നത് അല്ലാഹുവിങ്കലേക്ക് പ്രത്യേകം അവര്‍ തങ്ങളെ അടുപ്പിക്കാന്‍ മാത്രമാണെന്നും മക്കാ മുശ്രികുകള്‍ പറയാറുണ്ട്. അവര്‍ ആ മലക്കുകളെ റബ്ബുകളായി സ്വീകരിച്ചു. അവരെ പെണ്‍കുട്ടികളുടെ രൂപത്തില്‍ പ്രതിഷ്ഠിച്ചു. എന്നിട്ടവര്‍ പറഞ്ഞു: ഞങ്ങളീ പൂജിക്കുന്ന പ്രതിഷ്ഠകളുടെ രൂപമാണ് അല്ലാഹുവിന്‍റെ പെണ്‍മക്കളുടേത്. ഈ വിശദീകരണം നജ്മ്1923, സുഖ്റുഫ്19, സ്വാഫാത്158,159 ലെ പരാമര്‍ശങ്ങളോടു സാദൃശ്യമുള്ള തഫ്സീറാകുന്നു (2413). നജ്മിലെ മൂവരും മക്കാ മുശ്രികുകളുടെ ദേവികളായിരുന്നു എന്നു തന്നെയാണ് ഇബ്നു കസീറിന്‍റെ സമര്‍ത്ഥനം.
“അല്ലാഹുവിന്‍റെ സുന്ദര നാമങ്ങളില്‍ കൃത്രിമം കാണിക്കുന്നവരെ ഒഴിവാക്കൂ’ എന്ന സൂക്തത്തിന്‍റെ (7180) വ്യാഖ്യാനമായി ഇബ്നു അബ്ബാസില്‍ നിന്നു ഔഫ് ഉദ്ധരിക്കുന്നു: അല്ലാഹു എന്ന നാമത്തില്‍ അപരാധം ചെയ്തു ഭേദഗതി വരുത്തി അതിനു സ്ത്രീലിംഗ രൂപമുണ്ടാക്കി അല്ലാത് എന്നു വിളിച്ച നിഷേധികളെ കുറിച്ചാണിവിടെ സൂക്തത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഇപ്പോള്‍ വ്യക്തമാകുന്നത് ഇബ്നു അബ്ബാസ് ആ വീക്ഷണത്തിലായിരുന്നില്ല എന്നാണ്. മുജാഹിദിന്‍റെ പക്ഷവും മറ്റൊന്നല്ല. ഇബ്നു കസീര്‍ തുടരുന്നു: ഇബ്നു ജുറൈജ് മുജാഹിദിനെ ഉദ്ധരിച്ചു പറയുന്നു: അല്ലാഹുവില്‍ നിന്നും അല്ലാത് എന്ന പദമുണ്ടാക്കി അവര്‍, അല്‍ അസീസില്‍ നിന്നും ഉസ്സാ എന്ന പദവും. ലത്തയലിത്തുവില്‍ നിന്നും ലാത്തയുണ്ടായി എന്ന നേരത്തെ പരാമര്‍ശിച്ച അഭിപ്രായം ഒറ്റപ്പെട്ടതു തന്നെയാണെന്നു വീണ്ടും തെളിയുകയാണ്. അതിനാല്‍ താഇന് ഇരട്ടിപ്പു നല്‍കിയുള്ള പാരായണഭേദം സ്ഥിരപ്പെട്ടില്ല.
മൗദൂദിയുടെ വിശദീകരണം കൂടിയാകാം: ലാത്ത എന്ന തകാരത്തിന് ദ്വിത്വം കൊടുത്താണ് ഇബ്നു അബ്ബാസിന്‍റെ പാഠം. അദ്ദേഹത്തിന്‍റെ വീക്ഷണത്തില്‍ ലത്തയലിത്തു എന്ന ക്രിയാപദത്തില്‍ നിന്നാണ് ഇതുണ്ടായത്. ഇത് ത്വാഇഫിനടുത്ത ഒരു പാറക്കെട്ടില്‍ താമസിച്ചിരുന്ന ഒരാളായിരുന്നുവെന്നാണ് അദ്ദേഹവും മുജാഹിദും പറയുന്നത്. അയാള്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് അന്ന പാനീയങ്ങളൊരുക്കി കൊടുത്തിരുന്നു. അയാള്‍ മരിച്ചപ്പോള്‍ ആളുകള്‍ ആ പാറയില്‍ അയാളുടെ പ്രതിമ പ്രതിഷ്ഠിച്ച് ആരാധിച്ചു തുടങ്ങി. ഇബ്നു അബ്ബാസ്, മുജാഹിദ് തുടങ്ങിയ മഹാന്മാരില്‍ നിന്നുദ്ധരിക്കപ്പെട്ടതാണെങ്കിലും ലാതയുടെ ഈ വ്യാഖ്യാനം രണ്ടു കാരണങ്ങളാല്‍ സ്വീകാര്യയോഗ്യമല്ല. ഒന്ന്: ഖുര്‍ആന്‍ ഇതിനെ ലാത എന്നേ പറയുന്നുള്ളൂ. ലാത്ത എന്നു പറയുന്നില്ല. രണ്ട്: ഖുര്‍ആന്‍ ഇവ മൂന്നിനെയും ദേവികളായാണ് വിവരിക്കുന്നത്. ഈ വ്യാഖ്യാന പ്രകാരമാകട്ടെ ലാത്ത പുരുഷനാണ്, സ്ത്രീയല്ല…. (തഫ്ഹീം 5189).
ഖുര്‍ആനിലെ ലാത സ്ത്രീലിംഗമാണെന്നു അമാനി സംഘവും ഒടുവില്‍ സമ്മതിക്കാന്‍ നിര്‍ബന്ധിതരായി: “അറബികള്‍ അവരുടെ ദേവതകളെക്കുറിച്ച് മലക്കുകള്‍ എന്നു പറഞ്ഞുവന്നിരുന്നു. അഥവാ മലക്കുകളുടെ പ്രതിഷ്ഠകളാണു തങ്ങളുടെ വിഗ്രഹങ്ങളെന്നായിരുന്നു അവരുടെ സങ്കല്‍പം. മലക്കുകളെക്കുറിച്ചാവട്ടെ, അവര്‍ അല്ലാഹുവിന്‍റെ പെണ്‍മക്കളാണെന്നും അവര്‍ വാദിച്ചിരുന്നു. ലാത്ത, ഉസ്സ, മനാത മുതലായ വിഗ്രഹനാമങ്ങള്‍ പോലും സ്ത്രീനാമങ്ങളായിട്ടാണ് അവര്‍ ഉപയോഗിച്ചുവന്നിരുന്നത്’ (വിവരണം 1738).
ഒരു ഘട്ടത്തില്‍, മക്കാ മുശ്രികുകളോട് ദ്യേത്തോടെ പ്രതികരിക്കേണ്ടിവന്ന അബൂബക്ര്‍(റ) പ്രയോഗിച്ച ഇംസ്വസ് ബി ബള്രില്ലാത് മാത്രം പോരേ, അറേബ്യര്‍ക്ക് “അല്ലാത്’ ആണായിരുന്നോ പെണ്ണായിരുന്നോ എന്നറിയാന്‍?
ഇമാം ബുഖാരി 2732ാം നമ്പര്‍ ഹദീസായി ഉദ്ധരിച്ച സംഭവത്തിന്‍റെ വ്യാഖ്യാനത്തില്‍ ഹാഫിളുദ്ദുന്‍യാ അസ്ഖലാനി എഴുതുന്നു: “ഇബ്നുല്‍ മുനീര്‍ പറഞ്ഞു: അബൂബക്ര്‍(റ)ന്‍റെ പഴിവാക്കുകളില്‍, ശത്രുവിനെ നിസ്സാരപ്പെടുത്തലുണ്ട്. അവരുടെ വാദം കള്ളമാണെന്നു വരുത്തലുണ്ട്. “അല്ലാത്’ അല്ലാഹുവിന്‍റെ മകളാണെന്ന വാദപ്രകാരം അനിവാര്യമായുണ്ടാകേണ്ട അവയവത്തെക്കുറിച്ച് വെളിപ്പെടുത്തലുണ്ട്; കാരണം പെണ്‍കുട്ടിയാകുമ്പോള്‍ പെണ്ണിനുള്ളതെല്ലാം അവള്‍ക്കും ഉണ്ടാകണമല്ലോ’ (ഫത്ഹുല്‍ബാരി).
എങ്കില്‍ ദേവസഭയിലെ പുണ്യാത്മാക്കള്‍ പിന്നെയാരാണ്? മരണപ്പെട്ട ഒരു പുണ്യപുരുഷനോടു ഇസ്തിഗാസ ചെയ്ത കാരണത്താലല്ല അവര്‍ മുശ്രികുകളായത്; പുത്രപുത്രിമാരുള്ള ഒരു സര്‍വേശ്വരനാണ് അല്ലാഹു; ആ പുത്രപുത്രിമാര്‍ക്ക് സ്വതന്ത്രാധികാരങ്ങളുണ്ട്. പുത്രപുത്രിമാരെന്ന നിലക്ക് അവര്‍ക്ക് ആരാധനക്കര്‍ഹതയുണ്ട് എന്നിങ്ങനെയുള്ള വിശ്വാസമാണ് അവരെ മുശ്രിക്കുകളാക്കിയത്. മറ്റു പ്രചാരണങ്ങള്‍ ദുരുപദിഷ്ഠിതമാണ്; അപ്രമാണികമാണ്