page

Tuesday, 17 October 2017

നബിദിനം മൗലിദ് സദസ് പുണ്യ സദസ് - അൽ മുർശിദ് മാസിക

 ”….. ഇങ്ങനെയുള്ള മഹല്‍മതത്തിന്റെ പ്രബോധകന്‍, പ്രജാവത്സലനായ ഭരണാധികാരി, ദീനദയാലുവായ പ്രഭു, ഉല്‍കൃഷ്ട പരിശീലകനായ ഉത്തമ ഗുരു, ദൈവ സന്ദേശവാഹി ജനിച്ച മാസമാണ് റബീഉല്‍ അവ്വല്‍. അതിനാല്‍ ആ മാസത്തെ മുസ്‌ലിം ലോകം ആ കമാനം കൊണ്ടാടുന്നു. ലോകം മുഴുവനും കൊണ്ടാടുന്നതുമാണ്. ഈ കൊണ്ടാട്ടം പല നല്ല കാര്യങ്ങളും സാധിപ്പിക്കുന്നുണ്ട്. തിരുമേനിയോടുള്ള സ്‌നേഹത്തെ മനുഷ്യഹൃദയങ്ങളില്‍ ഊന്നിപ്പിടിപ്പിക്കുന്നു. അദ്ദേഹത്തിന്റെ സച്ചരിതങ്ങളെയും സല്‍സ്വഭാവങ്ങളെയും സ്മരിക്കുന്നതിന് വഴിവെക്കുന്നു. അവ ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുന്നതിന് അവസരം നല്‍കുന്നു. ഇസ്‌ലാം ദീനിന്റെ പ്രാചരണത്തിന് അത് ഉപകരിക്കുന്നു. മുസ്‌ലിംകളില്‍ ഐക്യവും സംഘടനയും പരസ്പര സഹായവും വര്‍ദ്ധിപ്പിക്കുന്നതിനും അതു ഉതകുന്നു. ഇസ്‌ലാമിന്റെ പാഠങ്ങള്‍ നബിചര്യയില്‍ സ്ഥിതി ചെയ്യുന്നു.
അല്ലാഹുവിനെ പേടിക്കുന്നവര്‍ക്ക്, അന്ത്യനാളിനെ കുറിച്ച് ശങ്കിക്കുന്നവര്‍ക്ക്, അല്ലാഹുവിന്റെ സ്മരണ അധികമായുള്ളവര്‍ക്ക്, നബി(സ)യില്‍ നല്ല മാതൃകയുണ്ട് എന്നാകുന്നു അല്ലാഹു പറയുന്നത്. അപ്പോള്‍ അല്ലാഹുവിനെ പറ്റി ഭയമില്ലാത്തവന്‍ നബി(സ)യെ അനുകരിക്കുവാന്‍ തുനിയുകയില്ല. പരലോകത്തില്‍ വിശ്വാസമില്ലാത്തവനും നബിയില്‍ അനുകരണ അര്‍പ്പിക്കുവാനുള്ള സന്നദ്ധത ഉണ്ടായിരിക്കുകയില്ല. അല്ലാഹുവിനെപ്പറ്റി അധികമായി വിചാരമില്ലാത്തവരും റസൂല്‍ തിരുമേനി (സ)യെ മാതൃകയാക്കി സ്വീകരിക്കുകയില്ല. നബിയെ മാതൃകയാക്കി, നബിയുടെ ചര്യയെ പഠനം ചെയ്ത് അതിനെ തുടര്‍ന്നു പ്രവര്‍ത്തിക്കുന്നവര്‍ അല്ലാഹുവിനെയും അവസാന ദിവസത്തെയും പറ്റി പേടിയുള്ളവരും പടച്ചവനെ അധികമായി വിചാരമുള്ളവരുമാണ്. ഇത്തരക്കാര്‍ മൗലിദ് യോഗത്തില്‍ വന്ന് ചേരുകയും നബിചര്യകളെ കേട്ട് മനസ്സിലാക്കി പ്രവര്‍ത്തിക്കുകയും ചെയ്യും. അന്ന് മുസ്‌ലിം ലോകം ഒന്നായി കൊണ്ടാടുന്ന മൗലിദ് യോഗത്തില്‍ നബിയുടെ ശരിയായ നടപടിക്രമം വിശദമായി പറഞ്ഞുകൊടുക്കും. അങ്ങയുടെ ഉത്തമങ്ങളായ സ്വഭാവഗുണങ്ങള്‍ വിവരിക്കും.

നബിയെ പിന്തുടരുവാനുള്ള ഉല്‍ബോധനങ്ങള്‍ നല്‍കും സദസ്സില്‍ നബിയോടുള്ള പ്രിയം വളര്‍ത്തും. നബിയുടെ അനുയായികളായ സ്വഹാബത്തിന്റെ മതനിഷ്ഠ, ഭക്തി മുതലായവ വിവരിക്കും. അവിടെ കൂടിയിരുന്നവരുടെ നാവുകളെല്ലാം സ്വലാത്ത് ചൊല്ലുന്നതിന് പ്രേരിപ്പിക്കും. അല്ലാഹുവിന്റെ സ്‌നേഹം കരസ്ഥമാക്കുവാന്‍ പര്യാപ്തങ്ങളായ ഉപദേശങ്ങള്‍ നല്‍കും. അല്ലാഹു പറയുന്നത് നോക്കുക: ”നബിയെ, ജനങ്ങളോട് പറയുവിന്‍- നിങ്ങള്‍ അല്ലാഹുവിനെ യഥാര്‍ത്ഥത്തില്‍ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ അനുകരിക്കുവിന്‍. എന്നാല്‍ അല്ലാഹു നിങ്ങളെയും സ്‌നേഹിക്കും. നിങ്ങളുടെ കുറ്റങ്ങള്‍ മാപ്പു ചെയ്യുകയും ചെയ്യും. അല്ലാഹു പൊറുക്കുന്നവനും കരുണയുള്ളവനുമാണ്” ഈ ആയത്ത് മൂലം ചിലത് നമുക്ക് മനസ്സിലാക്കാം. നബിതിരുമേനിയെ അനുകരിക്കലാണ് അല്ലാഹുവിനെ സ്‌നേഹിക്കുന്നു എന്നതിനുള്ള ലക്ഷണം..
മേല്‍പറഞ്ഞ സംഗതികള്‍ പ്രദാനം ചെയ്യുന്ന ഒന്നാണ് മൗലിദിന്റെ മജ്‌ലിസ്. ഈ കാര്യങ്ങള്‍ സാധിക്കുന്ന ഒരു സദസ്സ് ഒരു പുണ്യ സദസ്സ് തന്നെയാണ്. അതില്‍ സംബന്ധിക്കുവാന്‍ തൗഫീഖ് ലഭിക്കുന്നവന്‍ ഭാഗ്യവാന്‍മാരുമാണ്. ഈ മജ്‌ലിസുല്‍ മൗലീദില്‍- മൗലിദ് സദസ്സില്‍- ദീനീയായ സ്വഹീഹായ ദീന്‍ അറിയുന്ന ആലിമുകള്‍ ധാരാളം കൂടിയുണ്ടായിരിക്കണം. അവരുടെ ഉപദേശങ്ങള്‍ മുറക്ക് നടക്കണം. മുസ്‌ലിംകളില്‍ ദീനിയ്യായ ചൈതന്യം അനുകരിപ്പിക്കണം….”
(അല്‍മുര്‍ശിദ്, 1357 റബീഉല്‍ അവ്വല്‍, പേ: 22,23).