page

Thursday, 9 November 2017

സ്റ്റേജില്‍ സീറ്റ് പിടിക്കുന്നവരോട്

നമുക്ക് പല സഭകളിലും പങ്കെടുക്കേണ്ട സന്ദര്‍ഭങ്ങളുണ്ടാകാറുണ്ട്. അറിവ് പഠിക്കുക, ജുമുഅ ഖുതുബ ശ്രവിക്കുക, ദൈവസ്മരണക്കായുള്ള ദിക്‌റിന്റെ സദസ്സ്, നികാഹിന്റെ സദസ്സ് തുടങ്ങിയവ ഇവയില്‍ ചിലത് മാത്രം. ഇത്തരം ഘട്ടങ്ങളില്‍ നാം പാലിക്കേണ്ട ചില മര്യാദകളുണ്ട്.

വേദി ഒരുക്കുമ്പോള്‍ അല്‍പം വിശാലമായി തന്നെ സജ്ജീകരിക്കണം. സദസ്സ് തിങ്ങിനിറയാന്‍ വേണ്ടി ഇടുങ്ങിയ സ്ഥലത്തായാല്‍ ആ സദസ്സില്‍ നിന്നും ഉദ്ദേശിച്ച ഫലം ലഭിക്കില്ല. അല്‍പം സൗകര്യത്തോടെ ഇരിക്കാന്‍ കഴിയുമ്പോള്‍ മാത്രമാണ് ഏകാഗ്രതയും ശ്രദ്ധയും ലഭിക്കുക. ‘സദസ്സില്‍ ഏറ്റവും ഉത്തമമായത് ഏറ്റവും വിശാലമായ മജ്‌ലിസാണ്'(അബൂദാവൂദ്) എന്ന തിരുവചനം ശ്രദ്ധേയമാണ്. വീണ്ടും വീണ്ടും അടുപ്പിച്ച് പരസ്പരം തൊട്ടുരുമ്മി ഇരിക്കേണ്ടിവന്നാല്‍ ആ സദസ്സിന്റെ ഫലം കുറയുമെന്ന് തീര്‍ച്ച.

നിസ്‌കാരത്തിന് വേണ്ടി ഒരുക്കിയ വേദിയില്‍ മുന്‍നിരയില്‍ സ്ഥലം പിടിക്കുന്നതാണ് ഉത്തമം. ഇത് നാട്ടുമൂപ്പന്മാര്‍ക്കോ മറ്റോ സംവരണം ചെയ്യപ്പെട്ടിട്ടില്ല. ആദ്യം എത്തിയ ആള്‍ക്ക് ആ സ്ഥലത്ത് ഇരിക്കാന്‍ അവകാശമുണ്ട്. പള്ളി പ്രസിഡന്റടക്കം വൈകിവന്നാലും അവര്‍ക്ക് ഒഴിഞ്ഞുകൊടുക്കേണ്ടതില്ല. ആദ്യം ഇരുന്നവരെ എഴുന്നേല്‍പ്പിക്കാനും പാടില്ല. തിരുനബി(സ) പറഞ്ഞു: നിങ്ങളില്‍ ഒരാളും മറ്റൊരാളെ അയാളുടെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേല്‍പ്പിച്ച് അവിടെ ഇരിക്കരുത്. എന്നാല്‍, നിങ്ങള്‍ വിശാലത ചെയ്ത് മറ്റുള്ളവര്‍ക്ക് സൗകര്യമൊരുക്കുക. (ബുഖാരി, മുസ്‌ലിം). രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്നിരിക്കുമ്പോള്‍ അവര്‍ക്കിടയില്‍ അവരുടെ സമ്മതമില്ലാതെ കയറി ഇരിക്കുന്നതും നബി(സ) നിരോധിച്ചിട്ടുണ്ട്.

ജുമുഅ നിസ്‌കാരത്തിന് വേണ്ടി തയ്യാറാക്കപ്പെട്ട സദസ്സില്‍ ഏറെ ശ്രദ്ധയോടെ വേണം പ്രവേശിക്കാന്‍. അങ്ങോട്ടു പ്രവേശിക്കുമ്പോള്‍ സലാം പറയല്‍ പോലും പാടില്ലാത്തതാണ്. ഖുതുബ ശ്രദ്ധിക്കുന്നവര്‍ക്ക് ഇതൊരു ശല്യമാകുമെന്നതാണ് കാരണം. മറ്റു സദസ്സുകളിലേക്ക് വരുന്നവരും പ്രഭാഷണം, നികാഹ് പോലുള്ളവ നടക്കുമ്പോള്‍ അവര്‍ക്ക് പ്രയാസമുണ്ടാവുന്ന വിധത്തില്‍ ഉറക്കെ സലാം പറയരുത്. സദസ്സിലേക്ക് വരുന്നവരൊക്കെ ഇങ്ങനെ ഉച്ചത്തില്‍ സലാം ചൊല്ലിയാലുണ്ടാകുന്ന ബുദ്ധിമുട്ട് പറയേണ്ടതില്ലല്ലോ.

പള്ളിയിലേക്ക് വരുന്നവര്‍ ആളുകളുടെ തലക്കു മുകളിലൂടെ കാലെടുത്ത് വെച്ച് നടക്കരുത്. തൊട്ടുമുമ്പിലുള്ള ഒന്നാമത്തെയോ രണ്ടാമത്തെയോ സ്വഫ്ഫില്‍ വിടവുണ്ടായാല്‍ പതുക്കെ കാലെടുത്തുവെച്ച് മുന്നോട്ട് കയറി ആ വിടവുകള്‍ നികത്താം. തൊട്ടുപിന്നിലുള്ള സ്വഫ്ഫിലുള്ളവര്‍ ഈ വിടവ് നികത്തേണ്ടതായിരുന്നു. അവര്‍ അത് നിര്‍വഹിക്കാത്തതിനാലാണ് അവരെ വകഞ്ഞുമാറ്റി മുന്നോട്ട് കയറാന്‍ അനുവദിച്ചത്. എന്നാല്‍ മൂന്നാം സ്വഫ്ഫിലോ അതിനപ്പുറത്തോ ആണ് വിടവു കാണുന്നതെങ്കില്‍ അതിന് വേണ്ടി മറ്റുള്ളവരെ ചാടിക്കടക്കാന്‍ പാടില്ല. അപ്പോള്‍ എവിടെയാണോ സദസ്സ് അവസാനിച്ചത് അവിടെ ഇരിക്കണം. സ്വഹാബികള്‍ പറയുന്നു: ഞങ്ങള്‍ തിരുനബി(സ)യുടെ സദസ്സിലേക്ക് ചെല്ലുമ്പോള്‍ എവിടെയാണോ സദസ്സ് അവസാനിച്ചത് അവിടെ ഇരിക്കുക എന്നതായിരുന്നു ഞങ്ങളുടെ രീതി.(തുര്‍മുദി)

നേരത്തെ ഒരിടത്തു ഇരുന്നയാള്‍ എന്തെങ്കിലും ആവശ്യത്തിന് വേണ്ടി എഴുന്നേറ്റു പോയി, വീണ്ടും തിരിച്ചുവന്നാല്‍ ആ ഇരിപ്പിടത്തിന് അയാള്‍ തന്നെയാണ് കൂടുതല്‍ അര്‍ഹന്‍.(മുസ്‌ലിം) പള്ളിയിലിരിക്കുമ്പോള്‍ ജുമുഅക്ക് വന്നയാള്‍, രണ്ട് നിതംബവും കാല്‍പാദവും നിലത്ത് വെച്ച് രണ്ട് മുട്ടുകള്‍ ഉയര്‍ത്തി, ഇരു കരങ്ങള്‍ കൊണ്ടും അതിനെ ചുറ്റിപ്പിടിച്ചുകൊണ്ടുള്ള ‘മുട്ടുകെട്ടിയിരുത്തം’ നബി(സ) നിരോധിച്ചിരിക്കുന്നു. ഈ ഇരുത്തം ചിലപ്പോള്‍ വുളു മുറിയാന്‍ കാരണമാകും. വൃത്താകൃതിയില്‍ സംവിധാനിച്ച സദസ്സിന്റെ നടുവില്‍ ഇരിക്കുന്നതിനെയും റസൂല്‍ കരീം (സ) നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്.

ഒരു പൊതു വേദിയില്‍ എപ്പോഴും സാധാരണക്കാരോടൊപ്പമിരിക്കാനാണ് നാമിഷ്ടപ്പെടേണ്ടത്. പ്രസംഗിക്കാനുള്ളവരും പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികളും സ്റ്റേജ് നിയന്ത്രിക്കാന്‍ ഏല്‍പ്പിക്കപ്പെട്ടവരുമാണ് അവിടെ ഇരിക്കേണ്ടത്. സ്‌റ്റേജില്‍ മാത്രം ഇരുന്നു ശീലിച്ച ചിലരുണ്ട്. തീരെ ഔചിത്യബോധമില്ലാതെ അത്തരക്കാര്‍ തള്ളിക്കയറുകയും വീഡിയോ പിടിക്കുന്നുണ്ടെങ്കില്‍ അതില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ള ശ്രദ്ധേയമായ സ്ഥലത്ത് തന്നെ ഇരിപ്പുറപ്പിക്കുകയും ചെയ്യും. പത്രക്കാര്‍ ഫോട്ടോ എടുത്തുപോയാല്‍ സ്‌റ്റേജ് വിടുന്നവരുമുണ്ട്. ചില പാര്‍ട്ടി പരിപാടികളില്‍ സദസ്സിനേക്കാള്‍ വലിയ ജനക്കൂട്ടം സ്റ്റേജില്‍ കാണാം. അങ്ങനെ സ്റ്റേജ് തകര്‍ന്ന് വീണ് ഊര തകര്‍ന്ന നേതാക്കളുമുണ്ടായിട്ടുണ്ട്. അത്തരക്കാര്‍ മുത്ത് നബിയുടെ ഉപദേശം ശ്രദ്ധിക്കുക: ‘ഒരാളുടെ വിനയത്തിന്റെ അടയാളമാണ് ഇരിപ്പിടത്തില്‍ ഏറ്റവും താഴ്ന്നതുകൊണ്ട് തൃപ്തിപ്പെടല്‍’ (ഇഹ്‌യാ)

എന്നാല്‍, ആദരിക്കപ്പെടേണ്ടവര്‍ക്ക് അര്‍ഹമായ ഇരിപ്പിടം കൊടുക്കേണ്ടത് സംഘാടകരുടെ ചുമതലയാണ്. പല വേദികളുടെയും പരിമിതികള്‍ നേതാക്കള്‍ ഉള്‍ക്കൊള്ളുകയും വേണം.

നികാഹിന്റെ സദസ്സിലിരിക്കുമ്പോള്‍ ബന്ധപ്പെട്ട കുടുംബക്കാരും കാരണവന്മാരും സാക്ഷികളാകേണ്ട മാന്യന്മാരുമാണ് വരന്റെയും വലിയ്യിന്റെയും അടുത്തിരിക്കേണ്ടത്. മറ്റു ക്ഷണിക്കപ്പെട്ടവര്‍ ഇത് പരിഗണിച്ചുവേണം സ്ഥലം പിടിക്കാന്‍. മുസ്‌ലിംകള്‍ സംഘടിപ്പിക്കുന്ന ഏതൊരു നല്ല സദസ്സിലും ആത്മീയ അന്തരീക്ഷം മുറ്റിനല്‍ക്കണം. നബി(സ) പറഞ്ഞു:”ഒരു പറ്റമാളുകള്‍ ഒരു വേദിയില്‍ ഒരുമിച്ചുകൂടിയിട്ട്, അവിടെ അല്ലാഹുവിനെ സ്മരിക്കുകയോ അവന്റെ നബിയുടെ പേരില്‍ സ്വലാത്ത് ചൊല്ലാതെ പരിഞ്ഞുപോകുകയോ ചെയ്താല്‍ ആ സദസ്സ് അപൂര്‍ണമാണ്. അല്ലാഹു ഉദ്ദേശിച്ചാല്‍ അവരെ ശിക്ഷിക്കുകയോ മാപ്പ് കൊടുക്കുകയോ ചെയ്‌തേക്കാം. (തുര്‍മുദി)

മദ്‌റസകള്‍ വിടുമ്പോഴും യോഗങ്ങളും അറിവിന്റെ സദസ്സുകളും അവസാനിപ്പിക്കുമ്പോഴും സ്വലാത്ത് ചൊല്ലി പിരിയുന്നത് ഇതുകൊണ്ടാണ്. ഇനി നല്ലതിന് വേണ്ടി ഒരുക്കിയ സദസ്സാണെങ്കിലും ചര്‍ച്ചകള്‍ കാടുകയറി ബഹളമാകുന്ന പതിവുണ്ട്. ഇത്തരം ഏത് സദസ്സില്‍ നിന്നും പിരിഞ്ഞുപോകുന്നതിന് മുമ്പ് ‘സുബ്ഹാനകല്ലാഹുമ്മ വബിഹംദിക അശ്ഹദു അല്ലാ ഇലാഹ ഇല്ലാ അന്‍ത വ അസ്തഗ്ഫിറുക വ അതൂബു ഇലൈക്ക്’ എന്ന് ചൊല്ലണമെന്നാണ് തിരുനബി(സ)യുടെ നിര്‍ദേശം. എന്നാല്‍ ആ സദസ്സില്‍ വെച്ച് സംഭവിച്ച പാപങ്ങള്‍ അല്ലാഹു മാപ്പ് ചെയ്യും.(തുര്‍മുദി)

 റഹ്മത്തുല്ലാഹ് സഖാഫി എളമരം
   [10-11-2017] സിറാജ് ദിനപ്പത്രം