page

Thursday, 11 January 2018

വൈലത്തൂര്‍ തങ്ങള്‍ എന്ന ആത്മീയ ജ്യോതിസ്സ്

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഹജ്ജ് വേളയില്‍ തിരക്കില്‍ പെട്ട് ഒരാളെ കാണാതായി. മലപ്പുറം ജില്ലക്കാരനായ അയാള്‍ക്ക് വേണ്ടി മൂന്ന് ദിവസത്തോളം മക്കയിലെ വീഥികളിലും ആശുപത്രികളിലും കൂടെയുള്ളവര്‍ തിരച്ചില്‍ നടത്തി. ഒരു വിവരവും ലഭിച്ചില്ല. നിരാശരായ ബന്ധുക്കള്‍ അവസാനം ഒരു തീരുമാനത്തിലെത്തി. വിഷയം നമുക്ക് വൈലത്തൂര്‍ തങ്ങളോട് പറയാം. ആ സമയത്ത് നാട്ടിലായിരുന്ന തങ്ങള്‍ക്ക് മക്കയില്‍ നിന്ന് ഫോണ്‍ കാള്‍ വന്നു: ‘തങ്ങളെ, മരിച്ചിട്ടുണ്ടോ ജീവിച്ചിരിപ്പുണ്ടോ എന്ന് മാത്രം അറിഞ്ഞാല്‍ മതി.’ ഉടനെ തങ്ങള്‍ തിരിച്ചു പറഞ്ഞു: ‘അയാള്‍ മരിച്ചിട്ടില്ല. അവിടെയുള്ള ആശുപത്രിയിലുണ്ട്. ‘ ഒരു പ്രാവശ്യം മുഴുവന്‍ തിരഞ്ഞതാണെങ്കിലും തങ്ങളുടെ വാക്കുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് അവര്‍ വീണ്ടും ആശുപത്രികളില്‍ കയറി അന്വേഷണം നടത്തി. അത്ഭുതം…..! അയാള്‍ അവിടെയുണ്ട്. എങ്കിലും സ്ഥിതി പരിതാപകരമാണ്. നാട്ടിലേക്ക് കൊണ്ടുപോകാനൊക്കില്ല. എന്ത് ചെയ്യും? വീണ്ടും തങ്ങളോട് തന്നെ വിഷയം പറഞ്ഞു. ഉടന്‍ മറുപടിയും വന്നു: ‘നാളെ പത്തുമണിക്ക് മുമ്പ് ഓന്റെ രോഗൊക്കെ മാറും.’ പിറ്റേ ദിവസം വീണ്ടും അത്ഭുതം സംഭവിച്ചു. രാവിലെ 9.30 വരെ വെന്റിലേറ്ററില്‍ കിടന്ന വ്യക്തി 10 മണിയായപ്പോഴേക്ക് പൂര്‍ണ ആരോഗ്യവാനായി ആശുപത്രി വിട്ടു. ഇതായിരുന്നു സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ തങ്ങള്‍. ആത്മീയതയുടെ മഹാ വിഹായസ്സില്‍ നിന്ന് അശരണര്‍ക്കു സാന്ത്വനത്തിന്റെ തെളിനീര് നല്‍കിയ അത്ഭുത ജ്യോതിസ്സ്.

ഖുതുബുല്‍ അക്താബ് സയ്യിദ് അബ്ദുല്‍ ഖാദിര്‍ ജീലാനി തങ്ങളുടെ പരമ്പരയില്‍ സയ്യിദ് കോയഞ്ഞി തങ്ങളുടെയും സയ്യിദത് ആഇശ ബീവിയുടെയും മകനായി 1946 ലാണ് വൈലത്തൂര്‍ തങ്ങള്‍ ജനിക്കുന്നത്. ചെറുപ്പം മുതലേ ആത്മ സംസ്‌കരണത്തിന്റെ സ്വഭാവ ശീലങ്ങള്‍ പ്രകടിപ്പിച്ച തങ്ങള്‍ ഇലാഹി മാര്‍ഗത്തിലായി ജീവിതം ചിട്ടപ്പെടുത്തി. മഹാ ഗുരുക്കളുടെ സന്നിധിയില്‍ നിന്നാണ് മഹാനവര്‍കള്‍ വിജ്ഞാനം നുകര്‍ന്നത്. മഹാനായ കരിങ്കപ്പാറ ഉസ്താദ്, വേങ്ങര കോയപ്പാപ്പ, വാളക്കുളം അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ തുടങ്ങിയവരൊക്കെ ആത്മീയ ലോകത്തേക്ക് തങ്ങളെ കൈപിടിച്ചുയര്‍ത്തിയവരാണ്. ആത്മീയ ലോകത്തിന്റെ മഹാ ഗുരു സി എം വലിയ്യുല്ലാഹിയുടെ ഖാദിമായി നീണ്ട 18 വര്‍ഷം തങ്ങള്‍ സേവനം ചെയ്തു. അവിടുത്തെ ആത്മീയ ശിക്ഷണം കൂടിയായപ്പോള്‍ തങ്ങളുടെ ജീവിതം കൂടുതല്‍ വെളിച്ചമായി മാറി.
സുബ്ഹിക്ക് മുമ്പ് എഴുന്നേറ്റ് തുടങ്ങുന്ന പതിവ് ദിക്‌റുകളും ഔറാദുകളും രാത്രി വരെ നീണ്ടു നില്‍ക്കും. എത്ര ബുദ്ധിമുട്ടേണ്ടി വന്നാലും അതിനൊരു മുടക്കവും സംഭവിക്കില്ല. ഖാദിരിയ്യ, രിഫാഇയ്യ, സുഹറവര്‍ദിയ്യ തുടങ്ങിയ 18 ത്വരീഖത്തുകളിലും തങ്ങള്‍ക്ക് സനദോടുകൂടിയ ഇജാസത്തുകളുണ്ട്. മഹാന്മാരായ സൂഫി വര്യന്മാരുമായി നല്ല ആത്മീയ ബന്ധം തങ്ങള്‍ കാത്തുസൂക്ഷിച്ചു. മടവൂരിലെ നിത്യ സന്ദര്‍ശകനും ഖാദിമുമായിരുന്നു തങ്ങള്‍. മഹാനായ റഈസുല്‍ ഉലമ സുലൈമാന്‍ ഉസ്താദിനെ എല്ലാ ആഴ്ചയും സന്ദര്‍ശിക്കുകയും ഉസ്താദില്‍ നിന്ന് ഇജാസത്തുകള്‍ സ്വീകരിക്കുകയും ചെയ്തു. അവസാന നാളിലൊരിക്കല്‍ തങ്ങള്‍ ഉസ്താദിനോട് ചോദിച്ചുവത്രെ: ‘ഉസ്താദെ….. ഇനി വല്ലതും എനിക്ക് തരാനുണ്ടോ? ‘ഉസ്താദ് പറഞ്ഞു: ‘എനിക്ക് ഓര്‍മ്മയുള്ളതെല്ലാം ഇപ്പോള്‍ നിങ്ങള്‍ക്ക് തന്നു കഴിഞ്ഞു. ‘ആത്മീയ മധുരം ആവോളം നുകര്‍ന്നാണ് മഹാനവര്‍കള്‍ ജീവിച്ചത്.

ആ മധുപാത്രം സമൂഹത്തിന് പകര്‍ന്ന് നല്‍കുന്നതിലും തങ്ങള്‍ മുന്നിട്ട് നിന്നു. ദിനം പ്രതി ആയിരത്തിലധികം ആളുകളാണ് തങ്ങളെ കാണാനെത്തിയിരുന്നത്. അശരണരും നിരാലംബരും രോഗികളുമായി ആ സന്നിധിയിലെത്തുന്ന ആര്‍ക്കും പരിഹാരം അവിടെ ഉണ്ടായിരുന്നു. തങ്ങളുടെ ഒരു വാക്ക് മാത്രം മതിയായിരുന്നു എത്ര വലിയ പ്രതിസന്ധികളും മറികടക്കാന്‍. അത്രമാത്രം ഊര്‍ജവും ഫലവും ഉണ്ടായിരുന്നു ആ വാക്കുകള്‍ക്ക്.
ലാളിത്യം തങ്ങളുടെ ജീവിത മുഖമുദ്രയായിരുന്നു. എന്തിനും ഏതിനും അനുയായികള്‍ കൂടെയുണ്ടായിട്ടും തങ്ങള്‍ മാതൃകാ ജീവിതം കാഴ്ചവെച്ചു. വഫാത്തിന്റെ തൊട്ടു മുമ്പ് വരെ വീട്ടിലെ തറയില്‍ പുല്‍പായ വിരിച്ചാണ് തങ്ങള്‍ കിടന്നിരുന്നത്. കാവി പാകിയ വീടിന്റെ നിലം മോടി പിടിപ്പിക്കാന്‍ പലരും മുന്നോട്ട് വന്നെങ്കിലും തങ്ങള്‍ സമ്മതിച്ചില്ല. സമൂഹത്തില്‍ വലിയ നേതാവായ ശേഷവും ബസിലും ഓട്ടോയിലുമാണ് തങ്ങള്‍ യാത്ര ചെയ്തിരുന്നത് എന്നത് നമ്മെ അത്ഭുതപ്പെടുത്തും.
ആരെയും കീഴ്‌പെടുത്തുന്ന സ്വഭാവ ശൈലിയാണ് തങ്ങളുടേത്. കാണുന്നവരോടൊക്കെ പുഞ്ചിരിച്ചും കുശലം പറഞ്ഞും നടന്ന് നീങ്ങുന്ന സയ്യിദ് അവര്‍കളെ മറക്കാന്‍ മുസ്‌ലിം കൈരളിക്കാവില്ല. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സമ്പന്നര്‍ക്കും അശരണര്‍ക്കും തങ്ങള്‍ സ്വന്തക്കാരനായിരുന്നു. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ പിന്നെ അവര്‍ തങ്ങളുടെ സ്വന്തം ആളുകളാവും. ചെറിയവരോട് പോലും തോളില്‍ കൈയിട്ടാണ് തങ്ങള്‍ സംസാരിക്കാറ്. ഒരാളെയും ആക്ഷേപിക്കുകയോ പരിഗണിക്കാതിരിക്കുകയോ ചെയ്തിട്ടില്ല. ‘മോനെ’ എന്ന വാക്കുകൊണ്ടായിരുന്നു തങ്ങള്‍ എല്ലാവരെയും അഭിസംബോധന ചെയ്തിരുന്നത്.

ആര്‍ക്ക് മുന്നിലും അടിയറവ് പറയാത്ത ആദര്‍ശശാലിയായിരുന്നു തങ്ങള്‍. അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ നെടും തൂണായി തങ്ങള്‍ ജീവിതകാലമത്രയും നിലകൊണ്ടു. പ്രസ്ഥാനം പ്രതിസന്ധികളിലകപ്പെട്ട സമയത്തെല്ലാം ധീര ശബ്ദമായി തങ്ങള്‍ തിളങ്ങി നിന്നു. പണ്ഡിതന്മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും ആവേശവും ഊര്‍ജവും നല്‍കി. സമസ്തയില്‍ പ്രശ്‌നങ്ങളുണ്ടായ കാലത്ത് മലപ്പുറം ജില്ലയുടെ എസ് വൈ എസ് കമ്മിറ്റിയെ പുനഃസംഘടിപ്പിക്കുന്നതിന് മുന്‍കൈ എടുത്തത് തങ്ങളായിരുന്നു. അങ്ങനെ പരിശുദ്ധ ദീനിന്റെ ആശയങ്ങള്‍ തങ്ങളിലൂടെ കേരളക്കരയാകെ മുഴങ്ങിക്കേട്ടു. വഫാത്തിന്റെ സമയത്ത് കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡന്റുകൂടിയായിരുന്നു തങ്ങള്‍. മഹാനായ എ പി ഉസ്താദിന് വലിയ പിന്തുണ നല്‍കിയ നേതാവായിരുന്നു തങ്ങള്‍. ഉസ്താദിനെ അതിരറ്റ് സ്‌നേഹിച്ച തങ്ങളുടെ ജീവിതത്തിലെ അവസാന പരിപാടിയിലെ വസ്വിയ്യത്ത് ഇതായിരുന്നു: ‘നിങ്ങള്‍ എ പി ഉസ്താദിന്റെ കൂടെ നില്‍ക്കണം’
വിദ്യാര്‍ഥികള്‍, ചെറുപ്പക്കാര്‍, പണ്ഡിതര്‍ തുടങ്ങി എല്ലാവര്‍ക്കും തങ്ങളില്‍ മാതൃകയുണ്ട്. ആത്മീയതയുടെ മഹാ സാഗരത്തില്‍ മുങ്ങി മുത്തും പവിഴവും നമുക്ക് കാഴ്ചവെച്ചിട്ടാണ് മഹാനായ തങ്ങള്‍ വിടവാങ്ങിയത്. അവര്‍ക്ക് നാം എത്ര സേവനം ചെയ്താലും മതിയാകില്ല. നബി(സ) അരുളി: ‘എന്റെ കുടുംബത്തെ സ്‌നേഹിക്കലല്ലാതെ നിങ്ങളോട് ഞാനൊന്നും പകരം ചോദിക്കുന്നില്ല. അവിടുത്തെ പാത പിന്തുടരാന്‍ അല്ലാഹു നമുക്ക് തൗഫീഖ് നല്‍കട്ടെ. ആമീന്‍


അബ്ദുല്‍ ഖാദര്‍ അഹ്‌സനി മമ്പീതി
 January 12, 2018
സിറാജ് ഡെയ്ലി