page

Monday, 15 January 2018

പെണ്‍കുഞ്ഞ് സമ്മാനമാണ്.

ഒന്നര വയസ്സുള്ള കൈകുഞ്ഞുമായാണു റുബീന ഡോക്ടറുടെ മുറിയിലെത്തിയത്. ഇരുപത്തഞ്ജ് വയസ്സ് മാത്രമുള്ള യുവതി. ഭര്‍ത്താവ് അവധി കഴിഞ്ഞ് രണ്ട് ദിവസം മുംബ് ഗള്‍ഫിലേക്ക് തിരിച്ചുപോയി. പരിശോധനാറിപ്പോര്‍ട്ട് നോക്കി ഡോക്ടര്‍ പറഞ്ഞു. “പോസിറ്റീവാണു റിസല്‍ട്ടെന്ന് കഴിഞ്ഞാഴ്ച പറഞ്ഞതാണല്ലോ, സംശയിക്കാനൊന്നുമില്ല, വീണ്ടുമൊരമ്മയാകാന്‍ പോകുന്നു”. റുബീന ഒരല്പം പരിഭ്രമത്തിലാണ്, അവള്‍ക്ക് സ്വകാര്യമായി എന്തോ പറയാനുള്ളതുപോലെ. സിസ്റ്റര്‍ കേള്‍ക്കരുതെന്ന താല്പര്യത്തോടെ ശബ്ധം താഴ്ത്തി അവള്‍ പറഞ്ഞു – “ഡോക്ടര്‍, ഞങ്ങള്‍ മറ്റൊരു കുഞ്ഞിനെ ഇപ്പോള്‍ ആഗ്രഹിച്ചിട്ടില്ലായിരുന്നു.”

റുബീനയുടെ മനസ്സ് വായിക്കാന്‍ ഡോക്ടര്‍ക്ക് വിശദീകരണം ആവശ്യമില്ലായിരുന്നു. “ഉം. അബോര്‍ഷന്‍ ചെയ്യാന്‍ പറ്റുമോ എന്നായിരിക്കും റുബീനയുടെ ചോദ്യം! അല്ലേ?” ഡോക്ടര്‍ വളച്ചുകെട്ടില്ലാതെയാണു ചോദിച്ചത്. “ഇനിയിപ്പോ വേറെ വഴിയില്ലല്ലോ, ഡോക്ടര്‍”. റുബീന കാര്യം വ്യക്തമാക്കി. “ഭര്‍ത്താവിനു കൂടി സമ്മതമാണോ?” ഡോക്ടര്‍ കാര്യത്തിലേക്ക് കടന്നു. “അതെ ഡോക്ടര്‍, അദ്ധേഹത്തിന്റെ സമ്മതപ്രകാരമാണു ഞാന്‍ വന്നത്” റുബീന  പൂര്‍ണ്ണസമ്മതം നല്‍കി. തുടര്‍ന്നെന്തു സംഭവിച്ചെന്ന് പറയുന്നതിനു മുംബ് ചില കാര്യങ്ങളിലേക്ക് വരാം.

റുബീനയുടേത് ഒരൊറ്റപ്പെട്ട സംഭവമല്ല. ലിംഗനിര്‍ണ്ണയവും ഭ്രൂണഹത്യയുമെല്ലാം നിത്യ സംഭവങ്ങളാകുന്ന ഒരു പരിശ്ക്ര്ത സമൂഹത്തിന്റെ പ്രതീകമാണു റുബീന. ആദ്യകുഞ്ഞിന്റെ കൂടെ തന്നെ മറ്റൊരു കുഞ്ഞിനെ വളര്‍ത്താനുള്ള വിഷമം, രണ്ടാമത്തേതും പെണ്‍കുഞ്ഞായിപ്പോയാലോ എന്ന ആശങ്ക, ഒപ്പം വീണ്ടുമൊരു ഗര്‍ഭകാലം കഴിയാനുള്ള മടി – ഇങ്ങനെ  പല കാരണങ്ങളാലാണു റുബീനമാര്‍ ഭ്രൂണ ഹത്യക്കു വേണ്ടി ഡോക്ടര്‍മാരെ സമീപിക്കുന്നത്. തമിഴ്നാട്ടിലെ ഉസിലാമ്പെട്ടി എന്ന പ്രദേശം പെണ്‍ഭ്രൂണഹത്യക്ക് പേരുകേട്ട സ്ഥലമാണു. ലോകത്ത് പെണ്‍ അനുപാതം പുര്‍ഷ അനുപാതത്തേക്കാള്‍ എത്രയോ മുകളിലായി ലോകാരോഗ്യ സംഘടന കാണിക്കുംബോള്‍ ഇന്ത്യയില്‍ പെണ്‍ അനുപാതം കുറയുന്നതിന്റെ കാരണം മറ്റൊന്നുമല്ല. അന്‍പത് ലക്ഷത്തിലധികം പെണ്‍കുരുന്നുകള്‍ ഇന്ത്യയില്‍ ഗര്‍ഭാവസ്ഥയില്‍ ഇല്ലാതാക്കപ്പെട്ടിട്ടുണ്ടെന്ന സത്യമറിയുംബോഴാണു അതിന്റെ ഗൌരവം നമുക്ക് ബോധ്യപ്പെടുക.

ഒന്നിലധികം പെണ്‍കുഞ്ഞുണ്ടാകുന്നത് ഇന്ന് ഭാരമായിമാറുകയാണ്. എന്നല്ല, മൂന്നുപെണ്മക്കളുടെ മാതാപിതാക്കളാവുകയെന്നത് അപമാനമായി പലര്‍ക്കും അനുഭവപ്പെടുന്നു. പെണ്‍കുഞ്ഞുങ്ങള്‍ ബാധ്യത മാത്രമാണെന്ന് ആരൊക്കെയോ നമ്മെ വിശ്വസിപ്പിച്ചിരിക്കുന്നു. ഇവിടെയാണു ഇസ്ലാമിലെ ‘പെണ്‍കുഞ്ഞ്’ ആരാണെന്ന് പഠിക്കാന്‍ നാം കുറച്ച് സമയം ചെലവഴിക്കേണ്ടത്.  കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടിയെ അനന്തരാവകാശം നല്‍കി ഉയര്‍ത്തിയ മതമാണു ഇസ്ലാം. ഒന്നിലധികം പെണ്‍കുഞ്ഞുങ്ങള്‍ ഭാഗ്യമാണെന്ന് ഇസ്ലാം നമ്മെ പഠിപ്പിക്കുന്നുണ്ട്. ഒരു ഹദീസില്‍ ഇങ്ങനെ കാണാം. “ഒരാള്‍ മൂന്ന്‌ പെണ്‍മക്കളെയോ സഹോദരിമാരെയോ സംരക്ഷിക്കുകയും വിദ്യാഭ്യാസം നല്‍കുകയും സ്വാശ്രയരാകുന്നതു വരെ അവരോട്‌ കാരുണ്യം പുലര്‍ത്തുകയും ചെയ്‌താല്‍ അയാള്‍ക്ക്‌ പ്രതിഫലം സ്വര്‍ഗമാണ്‌ ലഭിക്കുക. അപ്പോള്‍ ഒരു സ്വഹാബി ചോദിച്ചു: പ്രവാചകരേ, രണ്ടു പെണ്‍കുട്ടികളെയാണെങ്കിലോ? അവിടുന്ന്‌ പറഞ്ഞു: രണ്ടു പെണ്‍കുട്ടികളാണെങ്കിലും.” (മിശ്‌കാത്ത്‌).  മറ്റൊരു ഹദീസില്‍ കാണാം “ഒരാള്‍ക്ക്‌ ഒരു പെണ്‍കുഞ്ഞ്‌ ജനിക്കുകയും അവളെ ജീവിക്കാനനുവദിക്കുകയും അപമാനിക്കാതിരിക്കുകയും ആണ്‍മക്കള്‍ക്ക്‌ അവളെക്കാള്‍ പ്രാധാന്യം നല്‍കാതിരിക്കുകയും ചെയ്‌താല്‍ അല്ലാഹു ആ പിതാവിനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും.” (അബൂദാവൂദ്‌).

അല്ലാഹു മക്കളിലൂടെ മാതാപിതാക്കള്‍ക്ക് പരീക്ഷണങ്ങള്‍ നല്‍കാം. അത് ആണ്മക്കളിലൂടെയും പെണ്മക്കളിലൂടെയുമാവാം. നമ്മുടെ ജീവിതരീതിയും ആചാരങ്ങളും ‘സ്ത്രീധന’മെന്ന വിപത്തിനെ വ്യാപ്കമാക്കിയപ്പോള്‍ പെണ്‍കുഞ്ഞുങ്ങള്‍ പലര്‍ക്കും ഭാധ്യതയാണെന്ന് വന്നു. പക്ഷെ, മുത്ത് നബി(സ) പറയുന്നത് കാണാം “പെണ്‍കുഞ്ഞുങ്ങള്‍ മുഖേന ഒരു പിതാവ് പരീക്ഷിക്കപ്പെടുകയും എന്നാല്‍ ആ പെണ്‍കുട്ടികളോട്‌ അയാള്‍ നല്ല നിലയില്‍ പെരുമാറുകയുമാണെങ്കില്‍ ആ മക്കള്‍ പിതാവിന്‌ നരകത്തിലേക്കുള്ള തടസ്സമായിത്തീരുന്നതാണ്‌.” (ബുഖാരി, മുസ്‌ലിം). ഈ ഹദീസുകളൊക്കെയും നമ്മെ പഠിപ്പിക്കുന്നത് പെണ്‍കുഞ്ഞ് അല്ലാഹുവിന്റെ സമ്മാനമാണെന്നാണു. ആ സമ്മാനം പവിത്രമായി കാത്തുസൂക്ഷിക്കുന്നവനാണു യഥാര്‍ത്ഥ വിശാസി. ഒട്ടകപ്പുറത്ത് ഒരു സ്ത്രീയെയുമായി വേഗതയില്‍ പോകുന്ന മനുഷ്യനോട് ‘സ്ത്രീ പളുങ്കാണു, ഒട്ടകം മെല്ലെ ഓടിക്കുക’ എന്നുപദേശിച്ച പ്രാവാചപ്രഭുവിന്റെ വാക്കുകള്‍ കൂടി ചേര്‍ത്തുവായിക്കുംബോള്‍ ആ സമ്മാനത്തിന്റെ ശ്രേഷ്ടത നമുക്ക് ബോധ്യപ്പെടും.

പക്ഷെ, ഇതൊന്നും റുബീനമാര്‍ക്കുള്ള പാഠങ്ങളാകുന്നില്ല. കേവലം രണ്ടോ മൂന്നോ ആളുകള്‍ തന്നെ എങ്ങനെ കാണുന്നുവെന്ന ചിന്ത മാത്രം മതി ചില റുബീനമാര്‍ക്ക് കുഞ്ഞുങ്ങളെ ഇല്ലാതാക്കാന്‍. ഇവിടെ നമ്മുടെ ഡോക്ടര്‍ക്ക് ചിലത് അറിയാനുണ്ടായിരുന്നു. അവര്‍ പറഞ്ഞു “റുബീനാ, നമുക്ക് അബോര്‍ഷന്‍ ചെയ്യാം. പക്ഷെ, മൂന്നു കാര്യങ്ങള്‍ ഗൌരവത്തിലെടുക്കണം. ഒന്നു, കുഞ്ഞിനെ ഇല്ലാതാക്കുന്ന ശസ്ത്രക്രിയ അമ്മയ്ക്കും ഹാനികരമായി ബാധിക്കും. ഒരു പക്ഷെ, നിങ്ങളുടെ ജീവനെവരെ അത് ബാധിച്ചേക്കാം. രണ്ട്, ശസ്ത്രക്രിയ ഒരല്പം ചിലവേറിയതും വളരെ രഹസ്യമായി ചെയ്യേണ്ടതുമാണു. മൂന്ന്, അബോര്‍ഷന്‍ ചെയ്താല്‍ കുറച്ച് വര്‍ഷങ്ങളിലേക്ക് നിങ്ങള്‍ ഗര്‍ഭം ധരിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. എന്തു പറയുന്നു?”. റുബീനക്ക് തടസ്സമില്ലായിരുന്നു. അപകര്‍ഷതാബോധം അവളെ അധമയാക്കിയിരുന്നുവെന്നു പറയാം. “സാരമില്ല, ഡോക്ടര്‍” അവള്‍ സങ്കോചമില്ലാതെ പറഞ്ഞു. കുറച്ചാലോചിച്ച ശേഷം ഡോക്ടര്‍ പറഞ്ഞു. “ഈ മൂന്ന് പ്രശ്നങ്ങളൊന്നുമില്ലാതെ മറ്റൊരു രീതിയില്‍ നമുക്കിത് പരിഹരിക്കാം. തയാറാണോ”. ഉത്കണ്ടയോടെ റുബീന പറഞ്ഞു “തീര്‍ച്ചയായും ഡോക്ടര്‍. എന്താണത്?”. “ഇപ്പോള്‍ നിങ്ങളുടെ കയ്യിലുള്ള ഈ ഒന്നരവയസുകാരിയെ നമുക്ക് കൊന്നുകളയാം. ഓപ്പറേഷന്‍ വേണ്ട, നിങ്ങളുടെ ജീവനു ഭീഷണിയില്ല. ചെലവില്ല. ഗര്‍ഭത്തിലെ കുഞ്ഞിനെ ബുദ്ധിമുട്ടില്ലാതെ നിങ്ങള്‍ക്ക് വളര്‍ത്താം”. റുബീന പൊട്ടിക്കരഞ്ഞു. “അയ്യോ എന്റെ മോള്‍! ഡോക്ടര്‍ എന്താണു പറയുന്നത്?” കുഞ്ഞിനെ നെന്‍ജോട് ചേര്‍ത്ത് അവള്‍ നിലവിളിച്ചു. ഡോക്ടര്‍ വിശദീകരിച്ചു “റുബീന, രണ്ടും നിങ്ങളുടെ മക്കള്‍ തന്നെയാണു. ഒന്നു കയ്യിലുണ്ട്, മറ്റൊന്ന് ഉദരത്തിലുണ്ട്. രണ്ടിനും ജീവനുണ്ട്. രണ്ടായാലും കൊലപാതകമാണു. പിന്നെന്തിനു കരയണം?” ബുദ്ധിപരമായ ഡോക്ടറുടെ ഇടപെടലാണു റുബീനയെ ശരി മനസ്സിലാക്കിയത്. ഇന്നവള്‍ രണ്ട് പെണ്‍കുഞ്ഞുങ്ങളുടെ ഉമ്മയാണു. അല്ലാഹു നല്‍കിയ സമ്മാനത്തില്‍ പരിപൂര്‍ണ്ണ സംത്ര്പ്തയാണവള്‍.