page

Saturday, 3 February 2018

ആധുനിക ശിയാക്കള്‍

ഇറാന്‍, ഇറാഖ്, ഇന്ത്യ, പാകിസ്ഥാന്‍, സിറിയ, ലബനാന്‍ എന്നീ രാജ്യങ്ങളില്‍ ഇപ്പോഴും ശീഇസം നിലനില്‍ക്കുന്നു. വിവിധ കാലഘട്ടങ്ങളിലുണ്ടായ ഭിന്നതകളും ഉള്‍പിരിവുകളും ശീഇസത്തെ വിവിധ കഷ്ണങ്ങളാക്കി മാറ്റിയെങ്കിലും അവയില്‍പലതും നാമാവശേഷമായി. ഇപ്പോഴത്തെ ശീഇകള്‍ പ്രധാനമായും രണ്ടു വിഭാഗമാണ്. ഇസ്‌നാ അശ്‌രിയ്യ, ഇമാമിയ്യ.
ശീഇകളിലെ മഹാഭൂരിപക്ഷവും ഇസ്‌നാ അശ്‌രികളാകുന്നു. ഇറാന്റെ ഔദ്യോഗിക മദ്ഹബാണ് ഇസ്‌നാ അശ്‌രിയ്യ. ഇറാഖിലെ ജനസംഖ്യയില്‍ അറുപതു ശതമാനത്തോളം ഇവരാണത്രെ. ബഹ്‌റൈന്‍ സഊദി അറേബ്യയുടെ കിഴക്കന്‍ മേഖല തുടങ്ങിയ സ്ഥലങ്ങളില്‍ ഇവര്‍ക്കു സ്വാധീനമുണ്ട്. ഇന്ത്യയിലും പാകിസ്ഥാനിലും മധ്യാഫ്രിക്കയിലും തൈക്കനാഫ്രിക്കയിലും മറ്റുമുള്ള ശീഈ വിഭാഗമാണ് ഇസ്മാഈലിയ്യ. സിറിയയുടെ രാഷ്ട്രീയ മേഖലകളിലും ഭരണ സിരാകേന്ദ്രങ്ങളിലും ഇസ്മാഈലികളിലെ നുസൈരിയ്യാ വിഭാഗത്തിനു വലിയ സ്വാധീനമുണ്ട്.
ഇസ്‌നാ അശ്‌രിയ്യ
നബി(സ)യുടെ ശേഷം സമുദായത്തിന്റെ മത-രാഷ്ട്രീയ നേതൃത്വം പന്ത്രണ്ടു ഇമാമുകളില്‍ പരിമിതമാണെന്നു ഇസ്‌നാ അശ്‌രികള്‍ വാദിക്കുന്നു. ഇമാമുകളില്‍ ഒന്നാമന്‍ അലി(റ)യാണ്. പന്ത്രണ്ടാമത്തെയാള്‍ മുഹമ്മദ് മഹ്ദിയും. ഇദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നാണ് ഇസ്‌നാ അശ്‌രികളുടെ വിശ്വാസം. ഹിജ്‌റ 256ല്‍ ജനിച്ച മുഹമ്മദ് മഹ്ദി പത്താം വയസ്സില്‍ ബഗ്ദാദിലെ സാമിറ (സര്‍റമന്റആ) എന്ന സ്ഥലത്തുവെച്ച് മാതാവ് നോക്കി നില്‍ക്കേ ഒരു ഗുഹയിലൂടെ അപ്രത്യക്ഷനായി. പിന്നീട് തിരിച്ചു വന്നില്ല. ആകാശത്തേക്കു ഉയര്‍ത്തപ്പെടുകയാണുണ്ടായത്. അവസാനകാലത്ത് ഭൂമിയില്‍ അക്രമവും അനീതിയും കളിയാടുമ്പോള്‍ അദ്ദേഹം തിരിച്ചുവന്നു. ഇവിടെ സല്‍ഭരണം സ്ഥാപിക്കും.. എന്നിങ്ങനെ പോകുന്നു അവരുടെ വിശ്വാസം.
ഇസ്‌നാ അശ്‌രികള്‍ ഇമാമുകളായി കാണുന്ന പന്ത്രണ്ടു മഹാത്മാക്കള്‍ ഇവരാണ്.
1.     അലി മുര്‍തളാ (മരണം എ.ഡി. 661)
2.     ഹസന്‍ മുജ്തബാ (624-670)
3.     ഹുസൈന്‍ ശഹീദ് (6250680)
4.     സൈനുല്‍ ആബിദീന്‍ സജ്ജാദ് (658-712)
5.     മുഹമ്മദ് ബാഖിര്‍ (676-731)
6.     ജഅ്ഫര്‍ സ്വാദിഖ് (699-765)
7.     മൂസല്‍ കാദ്വിം (745-799)
8.     അലി റിളാ (770-818)
9.     മുഹമ്മദ് ജവാദ് തഖി (811-835)
10.     അലിയ്യുല്‍ ഹാദി നഖി (824-868)
11.     ഹസനുല്‍ അസ്‌ക്കരി സഖി (845-874)
12.     മുഹമ്മദ് മഹ്ദി മുന്‍തളര്‍ (868-)
ശിയാക്കള്‍ അതിമാനുഷരാക്കി വാഴ്ത്തുന്ന അഹ്‌ലുല്‍ ബൈത്തിലെ ഈ പന്ത്രണ്ടു മഹാന്മാരും മുസ്‌ലിം പൊതുസമൂഹം ആദരിക്കുന്ന ഇമാമുകള്‍ തന്നെയാണ്. ഭക്തിയും നന്മയും നിറഞ്ഞതായിരുന്നു അവരുടെ ജീവിതം. പക്ഷേ, അവര്‍ പോലും അറിയാതെ അവരുടെ മേല്‍ അനര്‍ഹമായ മഹത്വം ചാര്‍ത്തുകയും പരിശുദ്ധിയിലേക്ക് ഉയര്‍ത്തുകയുമായിരുന്നു.
ഇമാം ഹുസൈന്‍(റ)ന്റെ പുത്രന്‍ സൈനുല്‍ ആബിദീന്‍(റ) ഓരോ രാപ്പകലിലും ആയിരം റക്അത്ത് വീതം നിസ്‌കരിച്ചതുകൊണ്ടാണ് സജ്ജാദ് (കൂടുതല്‍ പ്രണാമങ്ങള്‍ അര്‍പ്പിക്കുന്നവന്‍) എന്ന് വിളിക്കപ്പെട്ടത്. അഞ്ചാമത്തെ ഇമാമായി അവര്‍ ഗണിക്കുന്ന ഇമാം ബാഖിര്‍ (റ) താബിഇയും ഫഖീഹും ആരിഫുമായിരുന്നു. ഇമാം ജഅ്ഫര്‍ സ്വാദിഖ് (റ) അറിയപ്പെട്ട സൂഫിയും ഹദീസ് പണ്ഡിതനുമായിരുന്നു. അതുകൊണ്ട് തന്നെ ആദരണീയ ഈ മഹാത്മാക്കളെ സുന്നീ സമൂഹവും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ശീഇകള്‍ വാദിക്കുന്നതുപോലുള്ള ഇമാമത്തോ അതിമാനുഷികത്വമോ അവര്‍ക്കില്ലെന്നാണ് സുന്നി നിലപാട്.
ഇസ്‌നാ അശ്‌രികളുടെ പ്രധാന ആശയങ്ങള്‍
1.     ഇമാമത്ത്: നബി(സ)ക്കു ശേഷം മത-രാഷ്ട്രീയ രംഗത്തു സമുദായത്തിനു നേതൃത്വം നല്‍കാന്‍ പന്ത്രണ്ടു നേതാക്കന്മാര്‍ (ഇമാമുകള്‍) നിയോഗിക്കപ്പെട്ടിട്ടുണ്ട്. ഒന്നാമന്‍ അലി(റ)യാണ്. അദ്ദേഹമാണ് തന്റെ പിന്‍ഗാമിയെന്ന് നബി(സ) ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. അത് പിന്നീട് അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍ തുടങ്ങിയ സ്വഹാബികള്‍ മറച്ചുവെക്കുകയായിരുന്നു.
2.     ഇസ്വ്മത്ത്: ഇമാം പരിശുദ്ധരും പാപസുരക്ഷിതനുമാണ്. മറവി, അബദ്ധം തുടങ്ങിയവയൊന്നും ഇമാമിനുണ്ടാവുകയില്ല. ഇമാമിന്റെ വാക്കുകള്‍ ഇസ്‌ലാമിന്റെ നിയമമാണ്. ഇവര്‍ നബി(സ)യുടെ വസ്വിയ്യുമാരാണ്. ശരീഅത്തിന്റെ രഹസ്യങ്ങളെല്ലാം നബി(സ) ഇവരുടെ കയ്യില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. നബി(സ) അലിയാരെ ഏല്‍പ്പിച്ചു. അലി അടുത്ത ഇമാമിനെയും. ഇങ്ങനെ ഓരോരുത്തരും പിന്‍ഗാമിയെ ഏല്‍പ്പിക്കുന്നു. ഇവരെല്ലാം വന്നതിനു ശേഷമാണ് ശരീഅത്ത് പൂര്‍ത്തിയാകുക.
3.     ഇല്‍മുല്ലദുന്നി: ഇമാമിന് നബി(സ)യില്‍ നിന്നു ശരീഅത്തിന്റെ പൂര്‍ത്തീകരണത്തിനാവശ്യമായ അഭൗതികജ്ഞാനം ലഭിക്കുന്നു. ഇതുകൊണ്ടവര്‍ പ്രവാചകന്മാരെ പോലെ ശരീഅത്ത് വ്യാഖ്യാനിക്കുന്നു. നബിയുടെയും ഇമാമിന്റെയും ഇടയിലെ വ്യത്യാസം വഹ്‌യ് മാത്രമാണ്.
4.     മുഅ്ജിസത്ത്: ഇമാമില്‍ നിന്നു പ്രകടമാകുന്ന അമാനുഷിക സംഭവങ്ങള്‍ പ്രവാചകന്മാരുടേതു പോലെ മുഅ്ജിസത്താണ്. ഒരു ഇമാം തന്റെ പിന്‍ഗാമിയെ ഖണ്ഡിതമായി പ്രഖ്യാപിച്ചില്ലെങ്കില്‍, അടുത്ത ഇമാം അമാനുഷിക പ്രകടനങ്ങള്‍ കൊണ്ട് തന്റെ ‘ഇമാമിയ്യത്ത്’ തെളിയിക്കണം.
5.     തഖിയ്യ: ആവശ്യഘട്ടങ്ങളില്‍ അത്മ രക്ഷാര്‍ത്ഥം സത്യം മറച്ചുവെക്കലാണിത്. ഇത് പുണ്യകര്‍മ്മവും മതത്തിന്റെ അടിത്തറയുമാണ്. അലി(റ) ആദ്യത്തെ മൂന്ന് ഖലീഫമാരെ ബൈഅത്തു ചെയ്തത് ‘തഖിയ്യ’ പ്രകാരമാണ്. ‘തഖിയ്യ’ അനുസരിച്ച് ഒരു ശീഇക്ക് സുന്നികള്‍ക്കിടയില്‍ സുന്നിവേഷവും ഖവാരിജുകള്‍ക്കിടയില്‍ ആവേഷവും കെട്ടാം. ക്രിസ്ത്യാനികള്‍ക്കിടയില്‍ സൂപ്പര്‍ ക്രിസ്ത്യാനിയാകലും ജൂതന്മാര്‍ക്കിടയില്‍ ഉത്തമ ജൂതനാകലും തഖിയ്യ അനുസരിച്ച് പുണ്യം.
6.     റജ്അ: മുമ്പ് ‘സിര്‍ദാബി’ല്‍ അപ്രത്യക്ഷനായ പന്ത്രണ്ടാമത്തെ ഇമാം അന്ത്യനാളില്‍ മടങ്ങിവരും.
7.     ബറാഅ: അലിയെ ഒന്നാം ഖലീഫയായി അംഗീകരിക്കാത്ത അബുബക്കര്‍, ഉമര്‍, ഉസ്മാന്‍ എന്നീ സ്വഹാബികളില്‍ നിന്നു ഒഴിഞ്ഞുനില്‍ക്കുന്നു. അലി(റ)ക്ക് മുമ്പ് ഖലീഫമാരായതിലൂടെ അവര്‍ ചെയ്തത് മഹാ അപരാധമാണെന്നും ശാപവചനങ്ങള്‍ക്ക് അര്‍ഹരാണെന്നും വാദിക്കുന്നു.
8.     ബദാഅ്:ഏതെങ്കിലും പുതിയ സംഭവങ്ങളുണ്ടായാല്‍ അല്ലാഹു തന്റെ മുന്‍ തീരുമാനത്തില്‍ മാറ്റം വരുത്തും എന്ന വിശ്വാസമാണിത്. ആറാമത്തെ ഇമാമായ ജഅ്ഫര്‍ സ്വാദിഖ് മകന്‍ ഇസ്മാഈലിനെ ആദ്യം പിന്‍ഗാമിയായി നിശ്ചയിക്കുകയും പിന്നീട് ഇസ്മാഈല്‍ മരിച്ചപ്പോള്‍ മറ്റൊരു പുത്രനായ മൂസല്‍ കാളിമിനെ പിന്‍ഗാമിയായി നിശ്ചയിച്ചതും ‘ബദാഅ്’ പ്രകാരമാണത്രെ.
9.     മുത്അ: തുറന്ന ലൈംഗികതക്കു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള താല്‍കാലിക വിവാഹമാണിത്. മുത്അയുടെ പ്രത്യേകത ഇവയാണ്.
എ) ആര്‍ക്കും എപ്പോഴും എവിടെവെച്ചും ആകാം. (ബി) വിവാഹ വാക്യം ഉരുവിട്ടാല്‍ മതി, സാക്ഷികളുടെ ആവശ്യമില്ല. (സി) പ്രത്യേക കാലവധിയില്ല. അഞ്ചു മിനിട്ടോ ഒരു ദിവസമോ നൂറു വര്‍ഷമോ ആകാം. (ഡി) ഒരു ഘട്ടത്തിലും പിതാവിന്റെ സമ്മതം ആവശ്യമില്ല. (ഇ) ഭര്‍ത്താവ് പാര്‍പ്പിടം, വസ്ത്രം, മറ്റു ചെലവുകള്‍, ഒന്നും തന്നെ ഭാര്യക്കു നല്‍കേണ്ടതില്ല. (എഫ്) പുരുഷന് എത്ര ഭാര്യമാരെ വേണമെങ്കിലും ഒരു ഉപാധിയും ഇല്ലാതെ വെച്ചുകൊണ്ടിരിക്കാം (ജി) ഏതവസ്ഥയിലും ഇടപാട് ദുര്‍ബലപ്പെടുത്താം. (എച്ച്) ദീക്ഷാ (ഇദ്ദ) കാലത്ത് ജീവിത ചെലവ് ഭര്‍ത്താവ് നല്‍കേണ്ടതില്ല. സാമൂഹ്യ-ധാര്‍മ്മിക പ്രശ്‌നങ്ങള്‍ക്കു വഴിതുറക്കുന്ന ഈ മുത്അ വിവാഹം ശീഇകള്‍ ഇറാനില്‍ നടപ്പാക്കിയതാണ്.
10.     മുസ്ഹഫു ഫാത്വിമ: തങ്ങളുടെ കയ്യില്‍ ‘മുസ്ഹഫു ഫാത്വിമ’ എന്ന പേരില്‍ ഒരു പ്രത്യേക മുസ്ഹഫ് ഉണ്ടെന്ന വാദം. നബി(സ) യുടെ ശേഷം സമുദായത്തിന്റെ നായകത്വം വഹിക്കേണ്ടത് അലിയും സന്താനപരമ്പരയുമാണെന്നു ഖുര്‍ആനിലുണ്ടായിരുന്നു. ‘ശൈഖാനി’യും ഉസ്മാനും അടക്കമുള്ള സ്വഹാബികള്‍ ഖുര്‍ആനില്‍ നിന്നും ആ ഭാഗം വെട്ടിമാറ്റി. ഇമാമുകളുടെ കയ്യിലുള്ള മുസ്ഹഫു ഫാത്വിമയില്‍ അതെല്ലാം ഉണ്ടത്രെ. (ഖുര്‍ആന്‍ തിരിമറി നടന്നു എന്ന ഈ വാദം വളരെ അപകടകരമാണ്. അതു തിരിച്ചറിഞ്ഞതുകൊണ്ടാവണം ആധുനിക ശീഈ പണ്ഡിതന്മാര്‍ പലരും മുസ്ഹഫു ഫാത്വിമയെ നിഷേധിക്കുന്നത്. സ്വാഗതാര്‍ഹം! പക്ഷേ, കുലൈനിയുടെ ‘കാഫി’യില്‍ അതിനെ സ്ഥിതീകരിക്കുകയാണ്).
ഇതു കൂടാതെ നിരവധി ആചാരാനുഷ്ഠാനങ്ങളിലും ആഘോഷ ചടങ്ങുകളിലും ‘ഇസ്‌നാ അശ്‌രികള്‍’ പൊതു മുസ്‌ലിംകളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു.
ജഅ്ഫരീ മദ്ഹബ്
അനുഷ്ഠാന കാര്യങ്ങളില്‍ ഇസ്‌നാ അശ്‌രികള്‍ പിന്തുടരുന്ന കര്‍മ്മശാസ്ത്ര സരണിയാണ് ജഅ്ഫരി മദ്ഹബ്. ഇമാം ജഅ്ഫര്‍ സ്വാദിഖ് (699-765) ക്രോഡീകരിച്ച മദ്ഹബാണ് ഇതെന്നു ശീഇകള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തിലേക്കുള്ള അതിന്റെ ബന്ധം ദുരൂഹമാണ്.
പിതാവ് വഴി അലി(റ)യുടെയും മാതാവ് വഴി അബൂബക്കര്‍ (റ)ന്റെയും പൗത്രനായി വരുന്ന ഇമാം ജഅ്ഫര്‍ സ്വാദിഖ്(റ) ഫിഖ്ഹിലും ഹദീസിലുമെല്ലാം വലിയ പാണ്ഡിത്യമുള്ള മഹനായിരുന്നു. അതുകൊണ്ടാണല്ലോ, ഇമാം അബൂഹനീഫ(റ)യെ പോലുള്ളവര്‍ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചത്. ശീഇകളുടെ റജ്അ, ബാദാഅ്, പുനര്‍ജന്മ വാദം തുടങ്ങിയ ആശയങ്ങളെ ശക്തിയുക്തം വിമര്‍ശിച്ച ജഅ്ഫര്‍സ്വാദിഖ്(റ), തനിക്കുമേല്‍ അവര്‍ ചാര്‍ത്തിയ അതിമാനുഷ വര്‍ണ്ണകളെല്ലാം പൊട്ടിച്ചെറിഞ്ഞു. എന്നിട്ടും മരണശേഷം ശീഇകള്‍ അദ്ദേഹത്തിന്റെ പേരില്‍ പുതിയ നമ്പറുകള്‍ ഇറക്കി. അതിന്റെ ഭാഗമായാണ് ജഅ്ഫരീ മദ്ഹബ് എന്ന പേരില്‍ നൂറ്റാണ്ടുകള്‍ക്കു ശേഷം പുതിയ കര്‍മ്മശാസ്ത്ര സരണി പടച്ചുണ്ടാക്കിയത്.
ജഅ്ഫരി മദ്ഹബിന്റെ പേരില്‍ ഇന്നു ശിയാക്കള്‍ നിരവധി ആചാരാനുഷ്ഠാനങ്ങളും മറ്റും കൊണ്ടുനടക്കുന്നു. ചിലതു കാണുക:
A.     ഭൂമിയിലോ ഭൂമിയുടെ ഉല്‍പന്നമായ കല്ല്, മുള, മരത്തടി പോലുള്ളവയിലോ മാത്രമാണ് സുജൂദ് ചെയ്യേണ്ടത്. മറ്റുള്ളവയില്‍ സാധുവല്ല.
B.     കര്‍ബലയിലെ ഹുസൈന്‍(റ)ന്റെ ഖബ്‌റിടത്തില്‍ നിന്നുകൊണ്ടുവരുന്ന മണ്ണിന്‍മേല്‍ സുജൂദ് ചെയ്യല്‍ വളരെ പുണ്യമുള്ളതാണ്.
C.     ഇപ്പോള്‍ ഇമാം തിരോധാനത്തിലായതു കൊണ്ട് ജുമുഅ നിര്‍ബന്ധമില്ല. പ്രതീക്ഷപ്പെടുന്ന ഇമാം തിരിച്ചുവന്നാല്‍ മാത്രമേ ജുമുഅ നിര്‍വ്വഹിക്കേണ്ടതുള്ളൂ.
D.     അഞ്ചു സമയത്തെ നിസ്‌കാരം മൂന്നു സമയത്തു നിസ്‌കരിക്കണം. ളുഹ്ര്‍, അസ്വര്‍, എന്നീ നിസ്‌കാരങ്ങളും മഗ്‌രിബ്, ഇശാ എന്നിവയും യാതൊരു കാരണമില്ലെങ്കിലും ജംഅ് ചെയ്യാം. യാത്രക്കാരനാകണമെന്നൊന്നുമില്ല.
E.     മുത്വലാഖ് അസാധുവാണ്. മൂന്ന് ത്വലാഖ് ഒന്നിച്ചു ചൊല്ലിയാല്‍ അത് ഒരു ത്വലാഖായിട്ടാണ് പരിഗണിക്കപ്പെടുക.
F.     മുത്അ വിവാഹം അനുവദനീയം.
G.     തറാവീഹ് സംഘടിതമായി (ജമാഅത്ത്) നടത്തേണ്ടതില്ല. അത് ഉമര്‍(റ) കൊണ്ടുവന്ന ബിദ്അത്താണ്.
H.     വാങ്കിന്റെ അവസാന വാക്യത്തിന് മുമ്പ് ഹയ്യഅലല്‍ ഖൈര്‍ (നന്മയിലേക്ക് വരൂ) എന്നു ചേര്‍ക്കുന്നു.
I.     നിസ്‌കാരത്തില്‍ കൈ തൂക്കിയിടുന്നു.
J. ഖിയാസ് പ്രമാണമല്ല.
എന്നിങ്ങനെ നിരവധി ചെറുതും വലുതുമായ കാര്യങ്ങളാല്‍ അനുഷ്ഠാന മുറകളില്‍ ‘ഇസ്‌നാ അശ്‌രികള്‍’ വേറിട്ടുനില്‍ക്കുന്നു.
മൂസല്‍കാദ്വിമിന്റെ ‘അല്‍ ഹറാം വല്‍ ഹലാല്‍’ എന്ന ഗ്രന്ഥമാണ് ജഅ്ഫരികളുടെ പ്രഥമ ഫിഖ്ഹീ ഗ്രന്ഥം. നജ്മുദ്ദീന്‍ ഹിലിയ്യി (1250 – 1325) ന്റെ ‘മുഖ്തസ്വറുന്നാഫിഅ്’ ആണ് അവര്‍ക്കിടയിലെ ആധികാരിക കര്‍മ്മശാസ്ത്ര ഗ്രന്ഥം. ശീഇകളുടെ ഹദീസ് പണ്ഡിതനായ കുലൈനി (മരണം 941) ജഅ്ഫരീ മദ്ഹബിലും പ്രമുഖനാണ്. കുലൈനിയുടെ ‘അല്‍ കാഫീ’ എന്ന ഗ്രന്ഥത്തെ, നാം ‘സ്വഹീഹുല്‍ ബുഖാരി’യെ അംഗീകരിക്കുന്നതു പോലെയാണ് ശീഇകള്‍ സ്വീകരിക്കുന്നത്. അതില്‍ 16199 ഹദീസുകളുണ്ടത്രെ.
ഖുമൈനിയുടെ അരങ്ങേറ്റം
1979ല്‍ നടന്ന ഇറാന്‍ വിപ്ലവത്തിന്റെ നായകനാണ് ഖുമൈനി. സാമ്രാജ്യത്വ ശക്തികളുടെ ദല്ലാളന്മാരായി പ്രവര്‍ത്തിക്കുന്ന ‘ഷാറിസാ പഹ്‌ലവി’യുടെ പാവ സര്‍ക്കാറിനെതിരെ തന്റെ അനുയായികളില്‍ ഖുമൈനി മതകീയ ആവേശം ഇളക്കിവിട്ടതിന്റെ ഫലമാണത്രെ ഇറാന്‍ വിപ്ലവം.
ഇറാനിലെ ഭൂരിപക്ഷം വരുന്ന ഇസ്‌നാ അശികള്‍ ഖുമൈനിയെ കേവലമൊരു നേതാവായിട്ടല്ല കണക്കാക്കിയിരുന്നത്. ഇമാമിന്റെ തിരോധാനകാലഘട്ടത്തില്‍ ഇമാമിന്റെ നിര്‍ദ്ദേശമനുസരിച്ച് ഭരണം നടത്തുന്ന പകരക്കാരനായ ‘ഫഖീഹ്’ ആണദ്ദേഹം. ‘ഇമാം ആയത്തുല്ലാ റൂഹുല്ലാഹ് ഖുമൈനി’ എന്നാണ് ഇസ്‌നാ അശ്‌രികള്‍ തങ്ങളുടെ ആചാര്യനെ വിശേഷിപ്പിക്കാറ്. ഇറാനിയന്‍ സമൂഹത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന ഈ പദവിയും മഹത്വവും വിപ്ലവ വിജയത്തില്‍ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. അതോടൊപ്പം ഖുമൈനിയുടെ അരങ്ങേറ്റം ഇസ്‌നാ അശ്‌രികളില്‍ ചില മാറ്റങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. അവയില്‍ ക്രിയാത്മകവും നിഷേധാത്മകവുമുണ്ട്.
ഖുമൈനിയുടെ ആഹ്വാന പ്രകാരം ഇസ്‌നാ അശ്‌രികള്‍ പൊതു മുസ്‌ലിംകളുമായി കൂടുതല്‍ അടുത്തു പ്രവര്‍ത്തിക്കാനും ഇടപഴകാനും തയ്യാറായി എന്നത് എടുത്തു പറയേണ്ട കാര്യമാണ്. മുമ്പ് ഹജ്ജ് വേളകളില്‍ പോലും വേറിട്ടുനിന്നു പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരായിരുന്നു ഇവര്‍. ഇമാമിന്റെ തിരോധാന ഘട്ടത്തില്‍ ജുമുഅ നിസ്‌കാരം നിര്‍ബന്ധമില്ലെന്നു പറഞ്ഞു. ജുമുഅയില്‍ നിന്നു വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ചകളില്‍ ഇവര്‍ ളുഹ്‌റ് നിസ്‌കാരം മാത്രമായിരുന്നു നിര്‍വ്വഹിച്ചിരുന്നത്. എന്നാല്‍ ഇറാനില്‍ ഫഖീഹുകള്‍ അധികാരത്തിലേറുകയും രാജ്യം ഇസ്‌ലാമിക് റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തതോടെ ഈ സമീപനത്തില്‍ പതുക്കെ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. ഇസ്‌ലാമിന്റെ പൊതുധാരയോട് അടുക്കാനുള്ള അവസരമാണ് ഇതിലൂടെ കൈവന്നത്. മുസ്‌ലിം ഐക്യം വേദികളിലെല്ലാം പിന്നീട് ഇവരുടെ സാന്നിധ്യം കണ്ടുതുടങ്ങി.
എന്നാല്‍ മുമ്പ് ശീഇകളില്ലാത്ത ചില പുതിയ വാദങ്ങളും ആശയങ്ങളും ഖുമൈനി അവതരിപ്പിക്കുകയും നിശ്ചലമായ ചില ശീഈ ആചാരങ്ങള്‍ തിരിച്ചുകൊണ്ടുവരികയും ചെയ്തിട്ടുണ്ട്. എതിരാളികള്‍ ഇതിനെ ‘ഖുമൈനിസം’ എന്നു വിമര്‍ശിക്കാറുണ്ട്.
അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ‘വിലായതെ ഫഖീഹ്’ ആണ്. ഫഖീഹിന്റെ അധികാരം എന്നാണതിന്റെ ഭാഷാര്‍ത്ഥം. ഇപ്പോള്‍ ശീഇകള്‍ക്കു ഇമാം ഇല്ല. അദ്ദേഹം തിരോധാനം ചെയ്യപ്പെട്ടിരിക്കുകയാണ്. ഇനി തിരിച്ചുവന്നാലേ ഇമാമുണ്ടാകൂ. അതുവരെ ഇമാമിന്റെ പകരക്കാരനാണ് ഫഖീഹ്. അദ്ദേഹത്തിനു ഇമാമുമായി നേരിട്ടു ചില ബന്ധങ്ങളും ഇടപാടുകളുമുണ്ട്. അതുകൊണ്ട് രാഷ്ട്രം ഫഖീഹിനു വിധേയമാകണം. ഭൂമിയില്‍ വെച്ചു ഫഖീഹ് എടുക്കുന്ന തീരുമാനങ്ങളെല്ലാം ആകാശത്തുവെച്ച് ഇമാം എടുക്കുന്ന തീരുമാനത്തിന്റെ പകര്‍പ്പുകളാണ്. ഇതനുസരിച്ച് ഇറാനില്‍ ഇപ്പോഴും പരമാധികാരം ‘വാലിയേ ഫഖീഹി’നാണ്. 1989ല്‍ ഖുമൈനി അന്തരിച്ചതിനു ശേഷം ആ പദവിയില്‍ അലി ഖാമിനിയാണ്.
ഖുമൈനിയുടെ അരങ്ങേറ്റത്തോടെയാണ് ഇറാനില്‍ ആശൂറാ ആഘോഷം പുനര്‍ജനിച്ചത്. ഇമാം ഹുസൈന്‍ കര്‍ബലയില്‍ വധിക്കപ്പെട്ടതിന്റെ ഓര്‍മ്മക്കുവേണ്ടി മുഹര്‍റം പത്തിനു ശാരീരിക പീഡനം നടത്തുന്നത് ‘വാലിയേ ഫഖീഹ്’ പ്രോത്സാഹിപ്പിച്ചു. ആശൂറാ നാളില്‍ ചങ്ങല കൊണ്ട് തോളിലടിക്കുകയും വാളുകൊണ്ട് ശരീരത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്യുന്ന ഈ സമ്പ്രദായം ഇസ്‌ലാമിക് ഗവണ്‍മെന്റ് പുനരുജ്ജീവിപ്പിച്ചു. അതിനുവേണ്ട സര്‍വ്വ സഹായങ്ങളും ശീഈ സംഘങ്ങള്‍ക്ക് അവര്‍ നല്‍കുകയും ചെയ്തു. ഈ ശൈലി ‘ഖുമൈനിസ’ ത്തിന്റെ യാഥാസ്ഥിതിക പിന്തിരിപ്പന്‍ നിലപാടിന്റെ ഭാഗമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
‘തഹ്‌റീറുല്‍ വസീല’ എന്ന ഖുമൈനിയുടെ കര്‍മ്മശാസ്ത്ര ഗ്രന്ഥത്തില്‍ മുമ്പില്ലാത്ത പല നിയമങ്ങളും കൂട്ടിച്ചേര്‍ത്തിട്ടുണ്ടത്രെ. ശുദ്ധീകരണത്തിനുപയോഗിച്ച വെള്ളം ശുദ്ധിയുള്ളത് തന്നെയാണ്. കൈകെട്ടിയാല്‍ നിസ്‌കാരം അസാധുവാകും. ശുദ്ധിയുണ്ടായിരിക്കണമെന്നത് നിസ്‌കാരത്തിന്റെ നിബന്ധനയല്ല. സുജൂദില്‍ മാത്രമാണ് ശുദ്ധിയുണ്ടായിരിക്കേണ്ടത്. ഭാര്യയെ ഗുദമൈഥുനം നടത്താം. ഒരു സ്ത്രീയെയും അവളുടെ മാതൃ സഹോദരിയെയും ഒന്നിച്ചു വിവാഹം കഴിക്കാം… മുതലായ കാര്യങ്ങള്‍ ഇതില്‍പ്പെടുന്നു.
ഇതര മുസ്‌ലിം നാടുകളിലേക്ക് ശീഈ ആശയങ്ങളും വിപ്ലവ ചിന്തയും കയറ്റുമതി ചെയ്യുന്നതില്‍ ‘ഖുമൈനിസം’ ശക്തമായ പങ്കു വഹിച്ചിട്ടുണ്ട്. മുസ്‌ലിം യുവാക്കളില്‍ തീവ്രവാദ ചിന്തകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അത് വഴിമരുന്നിട്ടു എന്നു പറയാതെ വയ്യ. ഇറാനിയന്‍ ബുദ്ധിജീവിയും എഴുത്തുകാരനുമായ ഡോ. അലി ശരീഅത്തിയുടെ ഗ്രന്ഥങ്ങള്‍ പലതും ഇത്തരത്തിലുള്ളതാണ്. ഈജിപ്തിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍, ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി, സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി), നാഷണല്‍ ഡവലപ്പ്‌മെന്റ് ഫ്രണ്ട് (എന്‍.ഡി.എഫ്) തുടങ്ങിയ സംഘടനകളില്‍ ശീഈ സ്വാധീനം ഉണ്ടായതായി ആരോപിക്കപ്പെടുന്നു.
ഇസ്മാഈലിയ്യ:
ഇമാമീ ശീഇകളിലെ മറ്റൊരു വിഭാഗമാണ് ഇസ്മാഈലികള്‍. ജഅ്ഫര്‍ സ്വാദിഖിന്റെ പുത്രന്‍ ഇസ്മാഈല്‍ ഏഴാമത്തെ ഇമാമാണെന്ന് ഇവര്‍ വാദിക്കുന്നു. ഇവര്‍ ഇസ്‌നാ അശ്‌രികളില്‍ നിന്നു വേര്‍പിരിയുന്നത് ഇവിടെ വെച്ചാണ്. ജഅ്ഫര്‍ സ്വാദിഖിന്റെ മറ്റൊരു പുത്രനായ മൂസാ കാള്വിം ഏഴാമത്തെ ഇമാമാണെന്ന് ഇസ്‌നാ അശ്‌രികള്‍ വാദിക്കുന്നു. സീമന്ത പുത്രനായ ഇസ്മാഈലിനെയാണ് ഏഴാമത്തെ ഇമാമായി ജഅ്ഫര്‍ സ്വാദിഖ് വസ്വിയ്യത്ത് ചെയ്തത് എന്ന് ഇരുവിഭാഗവും അംഗീകരിക്കുന്നു. എന്നാല്‍ ഇസ്മാഈലിന്റെ ദുര്‍വൃത്തി കാരണം പിതാവ് അദ്ദേഹത്തെ മാറ്റി പകരം മൂസാ ക്വാളിമിനെ നിയമിച്ചു എന്നാണ് ഇസ്‌നാ അശ്‌രികള്‍ പറയുന്നത്. പിതാവിന്റെ ജീവിത കാലത്തു തന്നെ ഇസ്മാഈല്‍ മരണപ്പെട്ടു എന്നതും അവര്‍ കാരണമായി പറയുന്നു. പക്ഷേ, ഇതൊന്നും ഇസ്മാഈല്‍ ഇമാമാകുന്നതിനു തടസ്സമല്ലെന്നാണ് വിവിധ ന്യായങ്ങളുയര്‍ത്തി ഇസ്മാഈലികള്‍ സമര്‍ത്ഥിക്കുന്നത്.
ഇസ്മാഈലിന്റെ പുത്രന്‍ മുഹമ്മദ് ആയിരുന്നു അദ്ദേഹത്തിന്റെ പിന്‍ഗാമി. രഹസ്യജീവിതം നയിച്ച ഇമാമുകളില്‍ പ്രഥമന്‍ മുഹമ്മദാണത്രെ. അബ്ബാസീ ഭരണാധികാരികളുടെ അക്രമങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ വേണ്ടിയായിരുന്നു ഇദ്ദേഹം രഹസ്യജീവിതം നയിച്ചിരുന്നത്. സബ്ഇയ്യ (സപ്തമികള്‍), ബാത്വിനിയ്യ (മറഞ്ഞു നില്‍ക്കുന്നവര്‍), തഅ്‌ലിമിയ്യ (അധ്യാപനക്കാര്‍) തുടങ്ങിയ നിരവധി പേരുകളില്‍ ഇസ്മാഈലുകള്‍ അറിയപ്പെടുന്നുണ്ട്.
മധ്യേഷ്യ, യമന്‍, പശ്ചിമാഫ്രിക്ക തുടങ്ങിയിടങ്ങളിലാണ് ഇസ്മാഈലിസം വളര്‍ന്നതും സ്വാധീനം സൃഷ്ടിച്ചതും. ഇന്ത്യാ – പാക് ഉപഭൂഖണ്ഡത്തിലും ആഫ്രിക്കയിലും ഇപ്പോഴും ഭൂരിപക്ഷമുള്ള ശീഈ വിഭാഗം ഇസ്മാഈലികളാണ്. മുസ്‌ലിം ലോകത്ത് കേഡര്‍ സ്വഭാവമുള്ള പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവരുന്നതിലും എല്ലാ വിഷയത്തിലും ബാഹ്യവും ആന്തരികവുമായ അര്‍ത്ഥങ്ങള്‍ സൃഷ്ടിക്കുന്നവര്‍ ഉടലെടുക്കുന്നതിലും മുന്‍മാതൃക ഇസ്മാഈലികളാണ്. കൃത്യമായ അധ്യാപന രീതിയും ആചാര മുറകളും പുലര്‍ത്തിയ ഇവര്‍ അനുയായികളെ ഏഴു ശ്രേണികളിലായി തരം തിരിച്ചു. ഓരോ വിഭാഗത്തിനും മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തമായ പരിശീലനം നല്‍കി. ഇവരുടെ പരമാധികാരി ദാഇ, ഹുജ്ജത്ത് എന്നീ പേരുകളില്‍ അറിയപ്പെട്ടു. മുസ്‌ലിം ലോകത്ത് നിരവധി നന്മകള്‍ കൊണ്ട് ജ്വലിച്ചുനിന്ന ഫാത്വിമീ ഭരണകൂടം ഇസ്മാഈലി ശീഈകളുടെ ഗണത്തില്‍പ്പെട്ടവരാണ്. ഈജിപ്തിലെ കയ്‌റോ നഗരവും വിശ്വവിഖ്യാതമായ അല്‍ അസ്ഹര്‍ സര്‍വ്വകലാശാലയും രൂപകല്‍പ്പന ചെയ്തതും സമൂഹത്തിനു സമര്‍പ്പിച്ചതും ഫാത്വിമികളാണ്. ഇസ്മാഈലികളുടെ വികലമായ ചില ആശയങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ശരീഅത്ത് അനുസരിച്ച് ഭരണം നടത്തുകയും മുസ്‌ലിം മുഖ്യധാരയോട് ഇഴകിച്ചേരാന്‍ ശ്രമിക്കുകയും ചെയ്തവരാണ് ഫാത്വിമികള്‍.
മറ്റുള്ളവരെ പോലെ തന്നെ ഇസ്മാഈലികളും കാലാന്തരങ്ങളില്‍ വിവിധ ചേരികളും കക്ഷികളുമായി വേര്‍പിരിഞ്ഞു. ഫാത്വിമികള്‍, ഹശാശികള്‍, ഖര്‍മത്തുകള്‍, നുസൈരികള്‍, ദുറൂസുകള്‍, ആഗാഖാന്റെ അനുയായികള്‍, ഖോജകള്‍, ബോറുകള്‍.. ഇങ്ങനെ നീണ്ടുപോകുന്നു. അവയില്‍ പ്രമുഖ വിഭാഗങ്ങളെ പരിചയപ്പെടാം.
ദുറൂസുകള്‍
ഇസ്മാഈലി വിഭാഗത്തിലെ ഒരു പറ്റം തീവ്രവാദികളാണ് ദുറൂസുകള്‍. ഫാത്വിമി ഭരണാധികാരിയായിരുന്ന അല്‍ഹാകിം ബി അംറില്ലാഹ് (985-1021) ദൈവമാണെന്ന് ഇവര്‍ വിശ്വസിക്കുന്നു. പേര്‍ഷ്യക്കാരനായ ഹംസബിന്‍ അലി സൗസനിയാണ് ഇതിന്റെ സ്ഥാപകന്‍. ഹിജ്‌റ 395ല്‍ അല്‍ഹാകിം കൈറോവില്‍ സ്ഥാപിച്ച ‘ദാറുല്‍ ഹിക്മ’യിലെ അധ്യാപകനായിരുന്നു സൗസനി. അതേ സ്ഥാപനത്തിലെ മുഹമ്മദ് ബിന്‍ ഇസ്മാഈല്‍ ദര്‍സി, ഹസന്‍ ബിന്‍ ഹൈദര്‍ ഫര്‍ഗാനി എന്നിവര്‍ സൗസനിയോടൊപ്പം ചേരുകയും ദുറൂസ്വിയ്യത്തിന്റെ ആശയാടിത്തറ ഒരുക്കുകയും ചെയ്തു.
ഹിജ്‌റ 408ലാണ് അല്‍ഹാകിം ദൈവമാണെന്ന് ഹംസ പരസ്യമായി പ്രഖ്യാപിച്ചത്. ദൈവാത്മാവ് ആദ്യം ആദമില്‍ പ്രവേശിച്ചു. പിന്നീടത് അലിയ്യില്‍ പുനരവതരിച്ചു. അലിയാരില്‍ നിന്നത് പൗത്രനായ അല്‍ഹാക്കിമില്‍ പ്രവേശിച്ചു. എന്നിങ്ങനെ അയാള്‍ സിദ്ധാന്തിച്ചു. ഈജിപ്തിലാണ് ദുറൂസികളുടെ ഉത്ഭവമെങ്കിലും പിന്നീടത് സിറിയന്‍ പ്രദേശങ്ങളില്‍ വ്യാപിക്കുകയായിരുന്നു. ലബനാനിലും സിറിയയിലും ഇപ്പോഴും ദുറൂസികള്‍ക്ക് വലിയ സ്വാധീനമുണ്ട്. ലബനാനില്‍ രാഷ്ട്രീയ രംഗത്തു വലിയ സ്വാധീനമുള്ള ദുറൂസികളാണ് കാലങ്ങളായി അവിടെ പൊതുമരാമത്ത് മന്ത്രിസ്ഥാനം വഹിക്കുന്നത്.
ദുറൂസികള്‍ മതപരമായി രണ്ടു വിഭാഗമാണ്. റൂഹാനിയ്യൂന്‍ (ആത്മീയന്മാര്‍), ജിസ്മാനിയ്യൂന്‍ (ശാരീരികന്മാര്‍) എന്നീ പേരുകളില്‍ അവര്‍ അറിയപ്പെടുന്നു. റൂഹാനികളാണ് ദുറൂസികളിലെ ഉന്നതന്മാര്‍. ഇവര്‍ വീണ്ടും മൂന്നു ശ്രേണികളായിത്തിരിക്കപ്പെട്ടിരിക്കുന്നു. റുഅസാഅ് (നേതാക്കള്‍), ഉഖലാഅ് (ബുദ്ധിജീവികള്‍), അജാവീദ് (ധര്‍മ്മ നിഷ്ഠയുള്ളവര്‍). ദുറൂസുകളുടെ സര്‍വ്വ രഹസ്യങ്ങളും സൂക്ഷിക്കുന്നത് നേതാക്കളാണ്. ബുദ്ധിജീവികള്‍ പ്രസ്ഥാനത്തിന്റെ ആന്തരിക ഘടന നിയന്ത്രിക്കുന്നു. അജാവിദുകള്‍ പുറത്തുള്ള ബുദ്ധിജീവികളുമായി ബന്ധം പുലര്‍ത്തുകയും സംവാദത്തിലേര്‍പ്പെടുകയും ചെയ്യുന്നു. ഇപ്രകാരം ജിസ്മാനികളും രണ്ടു വിഭാഗമുണ്ട്. ഉമറാഅ്, ജുഹ്ഹാല്‍. ഭരണകാര്യങ്ങളും മറ്റു സമൂഹ്യ പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുന്ന ഭരണാധികാരികളാണ് ഉമറാഅ്. മറ്റു പൊതു ജനങ്ങളെല്ലാം മതത്തെക്കുറിച്ചും പ്രസ്ഥാനത്തെക്കുറിച്ചും ഒന്നുമറിയാത്ത ജുഹ്ഹാലുകള്‍.
ദുറൂസികള്‍ അവരെ മുവഹ്ഹിദുകള്‍ (ഏക ദൈവ വിശ്വാസികള്‍) എന്നാണ് സ്വയം വിശേഷിപ്പിക്കാറ്. പ്രസ്ഥാനത്തിന്റെ താത്വികാചാര്യനായിരുന്ന മുഹമ്മദ് ബിന്‍ ഇസ്മാഈല്‍ ദര്‍സിയുടെ പേരുമായി ബന്ധപ്പെട്ടാണ് ഇവരെ ദുറൂസികള്‍ എന്നു വിളിക്കപ്പെടുന്നത്. മുസ്‌ലിം സമൂഹത്തിന്റെ പൊതുധാരക്കു വിരുദ്ധമായി നിരവധി നയനിലപാടുകള്‍ ദുറൂസുകള്‍ വെച്ചുപുലര്‍ത്തുന്നു. ചിലതു കാണുക:
A.     അല്‍ ഹാകിം ബി അംറില്ലാഹ് (985-1021) ദൈവമാണെന്നു വിശ്വസിക്കുന്നു. അദ്ദേഹം മരണപ്പെട്ടപ്പോള്‍ അത് മരണമല്ല, കേവല തിരോധാനം മാത്രമാണെന്നും പിന്നീട് മടങ്ങിവരുമെന്നും വാദിച്ചു.
B.     സ്വന്തമായി ഒരു കലണ്ടര്‍ സ്വീകരിക്കുന്നു. അല്‍ ഹാകിമിനെ ഹംസ ദൈവമായി പ്രഖ്യാപിച്ച ഹിജ്‌റ 408 (എ.ഡി. 1017) മുതലാണ് ഇത് ആരംഭിക്കുന്നത്.
C.     ബഹുഭാര്യത്വത്തെ എതിര്‍ക്കുന്നു. ഏക പത്‌നിയെ മാത്രമേ സ്വീകരിക്കാവൂ എന്നു നിര്‍ബന്ധിക്കുന്നു.
D.     പുനര്‍ വിവാഹത്തെ എതിര്‍ക്കുന്നു. വിവാഹമോചിതയായ ആദ്യ ഭര്‍ത്താവ് വീണ്ടും വിവാഹം കഴിക്കാന്‍ പാടില്ലെന്നു പറയുന്നു.
E.     അനന്തര സ്വത്തില്‍ പെണ്‍മക്കള്‍ക്കു അവകാശമില്ലെന്നു വാദിക്കുന്നു.
F.     പൗത്രനു സ്വത്തവകാശം ഉണ്ടെന്നു പറയുന്നു. പിതാമഹന്റെ സ്വത്തില്‍ മക്കളെ പോലെ പേരമക്കളും അവകാശികളാണെന്നു വാദിക്കുന്നു.
G..    അവതാരത്തിലും പുനര്‍ജന്മത്തിലും വിശ്വസിക്കുന്നു. മനുഷ്യന്‍ അവന്റെ കര്‍മ്മഫലങ്ങള്‍ക്ക് അനുസരിച്ച് ഇവിടെത്തന്നെ മറ്റൊരു മനുഷ്യനായി പുനര്‍ജനിക്കുന്നു. ഹിന്ദുമതത്തിലെ പുനര്‍ജന്മ വാദത്തിനു സമാനമാണിത്.
രണ്ടര ലക്ഷത്തിലധികം ദുറൂസുകള്‍ ഇപ്പോഴും നിലവിലുണ്ടെന്നു കണക്കാക്കപ്പെടുന്നു. ഭൂരിപക്ഷവും സിറിയ, ലബനാന്‍, പ്രദേശങ്ങളിലാണ് ബാക്കിയുള്ളവര്‍ ആധുനിക ഇസ്രയേലില്‍ ജൂത മേധാവിത്വം അംഗീകരിച്ച് സൈനിക സേവനവും മറ്റും നടത്തുന്നു.
നുസൈ്വരികള്‍
ഇസ്മാഈലി ശിയാക്കളിലെ മത ഭ്രാന്തന്മാരെന്നു വിശേഷിപ്പിക്കപ്പെടുന്ന വിഭാഗമാണ് നുസൈ്വരികള്‍. അലി(റ) ദൈവാവതാരമാണെന്ന് ഇവര്‍ വാദിക്കുന്നു. സിറിയന്‍ ജനസംഖ്യയില്‍ പന്ത്രണ്ടു ശതമാനത്തോളം വരുന്ന ഈ വിഭാഗത്തിന് രാജ്യത്തിന്റെ രാഷ്ട്രീയ ഭരണ രംഗങ്ങളിലെല്ലാം ശക്തമായ ആധിപത്യമുണ്ട്. 1972ല്‍ സിറിയ സ്വാതന്ത്ര്യം നേടിയതു മുതല്‍ മുപ്പതു വര്‍ഷത്തോളം പ്രസിഡന്റായിരുന്ന ഹാഫിസുല്‍ അസദും അദ്ദേഹത്തിന്റെ പുത്രനും ഇപ്പോഴത്തെ പ്രസിഡണ്ടുമായ ബശാറുല്‍ അസദുമെല്ലാം നുസൈ്വരികളാണ്. ഇപ്രകാരം സൈനിക മേഖലകളിലും ഔദ്യോഗിക രംഗങ്ങളിലുമെല്ലാം ഇവര്‍ക്കു ശക്തമായ സ്വാധീനമുണ്ട്. ഒന്നാം ലോക മഹായുദ്ധാനന്തരം രാജ്യത്ത് ഫ്രഞ്ച് അധിനിവേശം ഉണ്ടായപ്പോള്‍, ഭൂരിപക്ഷം വരുന്ന സുന്നി മുസ്‌ലിംകള്‍ക്കെതിരെ അധിനിവേശ സേനയോടൊപ്പം നുസൈ്വരികളും പോരാടി. ഇതിന്റെ പ്രതിഫലമായാണ് ഫ്രഞ്ചു ഭരണകൂടം ഔദ്യോഗിക മേഖലകളിലെല്ലാം നുസൈ്വരികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കിയത്.
നുസൈ്വരികള്‍ എന്ന പേര് ഈ വിഭാഗം ഇഷ്ടപ്പെടുന്നില്ല. നസ്വാറാനി (ക്രിസ്ത്യാനി) എന്നതില്‍ നിന്നും ഉടലെടുത്തതാണീ നൂസൈ്വരി (കൊച്ചു ക്രിസ്ത്യാനി) എന്ന പ്രയോഗമന്ന് വിമര്‍ശിക്കപ്പെടുന്നു. ക്രിസ്ത്യാനികളുടെ ആചാര സംസ്‌കാരങ്ങളുമായി കൂടുതല്‍ അടുപ്പവും ബന്ധവും ഈ വിഭാഗത്തിനുണ്ടായതുകൊണ്ടാണ് നുസൈ്വരികള്‍ എന്നു വിളിക്കപ്പെട്ടത്. ഈ വിമര്‍ശനം ഇഷ്ടപ്പെടാത്തതു കൊണ്ട് നുസൈ്വരികള്‍ അവരെ അലവിയ്യാക്കള്‍ എന്നാണ് വിശേഷിപ്പിക്കാറ്. ഫ്രഞ്ചു അധിനിവേശകാലം മുതല്‍ ഔദ്യോഗിക രേഖകളിലെല്ലാം ഇവര്‍ അലവിയ്യാക്കള്‍ എന്നാണ് അറിയപ്പെടുന്നത്.
ഹിജ്‌റ 270ല്‍ അന്തരിച്ച മുഹമ്മദ് ബിന്‍ നുസൈ്വര്‍ ആണ് ഈ വിഭാഗത്തിന്റെ സ്ഥാപകന്‍. ശീഇകള്‍ പൊതുവില്‍ ഇമാമുകളായി ഗണിക്കുന്ന അലിയ്യുല്‍ ഹാദി (പത്താമത്തെ ഇമാം), ഹസനുല്‍ അസ്‌ക്കരി (പതിനൊന്നാമന്‍), മുഹമ്മദുല്‍ മഹ്ദി (അവസാനത്തെയാള്‍) എന്നിവരുടെ സമകാലിനായിരുന്നു നുസൈ്വര്‍. ഈ ഇമാമുകളുടെ യഥാര്‍ത്ഥ പിന്‍ഗാമിയും വിജ്ഞാനങ്ങളുടെ അനന്തരവകാശിയും താനാണെന്നു വാദിച്ചുകൊണ്ടാണ് നുസൈ്വറിന്റെ അരങ്ങേറ്റം. പിന്നീടാണ് അലി (റ) ദൈവാവതാരമാണെന്നു വാദിച്ചുതുടങ്ങിയത്. നുസൈ്വറിനു ശേഷം ഈ പ്രസ്ഥാനത്തിനു നേതൃത്വം നല്‍കിയത് ഹുസൈന്‍ ബിന്‍ അഹ്മദ് ഖുസൈബിയാണ്. ഇദ്ദേഹമാണ് നുസൈ്വരിയ്യത്തിന്റെ ചിന്താസരണി രൂപപ്പെടുത്തിയതും സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിച്ചതും. ഇസ്‌ലാമിന്റെ പൊതുധാരയില്‍ നിന്നു തെറിച്ചുപോകുന്ന നിരവധി നയനിലപാടുകള്‍ ഇവര്‍ക്കുണ്ട്. ചിലത് കാണുക:
A. അലി(റ) ദൈവാവതാരമാണെന്നു വിശ്വസിക്കുന്നു. അദ്ദേഹം മനുഷ്യരൂപം പ്രാപിച്ചത് സൃഷ്ടികളുടെ ഇണക്കത്തിനു വേണ്ടിയാണ്. ജിബ്‌രീല്‍ (അ) ചില സമയങ്ങൡ ചില മനുഷ്യരുടെ രൂപം സ്വീകരിച്ചതിനു തുല്യമാണിത്.
B. അലി(റ)യുടെ ഘാതകനായ അബ്ദുര്‍റഹ്മാന്‍ ബിന്‍ മുല്‍ജിം അനുഗ്രഹീതനാണ്. ദൈവത്തെ സൃഷ്ടികളില്‍ രക്ഷിക്കുകയാണല്ലോ അയാള്‍ ചെയ്തത്. അതുകൊണ്ട് ഇബ്‌നു മുല്‍ജിമിനെ ശപിക്കുന്നവര്‍ കുറ്റവാളികളാണ്.
C. അലി(റ) മുഹമ്മദ് നബി(സ)യെ സൃഷ്ടിച്ചു. മുഹമ്മദ്, സല്‍മാനുല്‍ ഫാരിസിയെയും, അദ്ദേഹം പിന്നെ പ്രപഞ്ചത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന അഞ്ച് നായകന്മാരെ സൃഷ്ടിച്ചു. ആ നായകന്മാര്‍ ഇവരാണ്.
1.     മിഖ്ദാദ് ബിന്‍ അസ്‌വദ്: ഇദ്ദേഹം മനുഷ്യരുടെ സൃഷ്ടാവും രക്ഷിതാവുമാണ്.
2.     അബൂദര്‍റുല്‍ ഗിഫാരി: നക്ഷത്രങ്ങളേയും ഗോളങ്ങളേയും നിയന്ത്രിക്കുന്നു.
3.     അബ്ദുല്ലാഹിബിന്‍ റവാഹ: കാറ്റിന്റെ ഗതി നിയന്ത്രിക്കുകയും മനുഷ്യരുടെ ആത്മാവ് പിടിച്ചെടുക്കുകയും ചെയ്യുന്നു.
4.     ഉസ്മാന്‍ ബിന്‍ മള്ഊന്‍: മനുഷ്യരുടെ ശാരീരിക പ്രശ്‌നങ്ങളും രോഗങ്ങളും നിയന്ത്രിക്കുന്നു.
5.     ഖന്‍ബര്‍ ബിന്‍ കാദാന്‍: മനുഷ്യ ശരീരത്തില്‍ ജീവന്‍ നല്‍കുന്നു.
D.     ആരാധനാ ചടങ്ങുകളിലും മറ്റും മദ്യം ഉപയോഗിക്കുന്നത് പുണ്യകര്‍മ്മമായി കാണുന്നു. മദ്യത്തെ നൂര്‍ (പ്രകാശം) എന്നു വിശേഷിപ്പിക്കുന്നു.
E.     ഇസ്‌ലാമിക വിരുദ്ധമായ ആഘോഷങ്ങളും പെരുന്നാളുകളും സംഘടിപ്പിക്കുന്നു. റബീഉല്‍ അവ്വല്‍ ഒമ്പതിന് മുബാഹല ആഘോഷിക്കുന്നു. നബിതിരുമേനി(സ) നജ്‌റാനിലെ ക്രിസ്ത്യാനികളെ മുബാഹലക്കു വേണ്ടി ക്ഷണിച്ചതിന്റെ സ്മരണാര്‍ത്ഥമാണത്രെ ഈ ആഘോഷം. ദുല്‍ഹജ്ജ് പന്ത്രണ്ടിനാണ് ഇവരുടെ ബലി പെരുന്നാള്‍. ക്രിസ്തുമസ്, ഈസ്റ്റര്‍, പെന്തക്കോസ് ദിനം തുടങ്ങിയ ക്രൈസ്തവ പുണ്യദിനങ്ങളും ഇവര്‍ ആഘോഷിക്കുന്നു.
ഇങ്ങനെ നിരവധി വിചിത്രമായ നിലപാടുകളാണ് നുസൈ്വരികള്‍ക്കുള്ളത്. വിവിധ മതങ്ങളും സംസ്‌കാരങ്ങളും നുസൈ്വരികളെ സ്വാധീനിച്ചതിന്റെ അടയാളങ്ങളാണ് അവരുടെ നിലപാടുകളില്‍ പ്രതിഫലിക്കുന്നത്. ക്രൈസ്തവ ആഘോഷ നാളുകളെ കടമെടുത്തതും ക്രിസ്ത്യന്‍ പുണ്യവാളന്മാരായ മത്തായി, യോഹന്നാന്‍, ഗബ്രിയേല്‍, ഹെലന്‍ എന്നിവരുടെ പേരുകള്‍ സ്വീകരിച്ചതും ക്രൈസ്തവ സ്വാധീനത്തിന്റെ വ്യക്തമായ തെളിവുകളാണ്. അതുകൊണ്ട് തന്നെയാകാം നുസൈ്വരികള്‍ (കൊച്ചു ക്രിസ്ത്യാനികള്‍) എന്നു വിളിപ്പേര് ലഭിച്ചതും.
ഹൈന്ദവ സംസ്‌കാരത്തിലെ സൃഷ്ടി, സ്ഥിതി സംഹാരം എന്നിവയുമായി ബന്ധപ്പെട്ട ത്രിമൂര്‍ത്തി സിദ്ധാന്തവും അവതാര വാദവുമെല്ലാം ഇവരെ സ്വാധീനിച്ചിട്ടുണ്ട്. സിറിയക്കു പുറമെ ലബനാന്‍, ഇസ്രയേല്‍ തുര്‍ക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലും നുസൈ്വരികള്‍ ന്യൂനപക്ഷങ്ങളായി അറിയപ്പെടുന്നു.
റാഫിളത്ത്
അലി(റ)യെ അതിമാനുഷനാക്കി ചിത്രീകിരച്ചതും പ്രവാചക കുടുംബത്തോടുള്ള സമുദായത്തിന്റെ സ്‌നേഹം ചൂഷണം ചെയ്തതുമാണ് ശീഇകള്‍ പിഴച്ചുപോകാനുള്ള മുഖ്യകാരണമെന്നു വ്യക്തം. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും അവലംബിക്കേണ്ടതിനു പകരം സ്വന്തം വീക്ഷണങ്ങള്‍ക്ക് അപ്രമാദിത്വം കല്‍പ്പിച്ചപ്പോള്‍ അവര്‍ എണ്ണമറ്റ കഷ്ണങ്ങളായി ചിന്നിതെറിച്ചതും നാം കണ്ടു. ‘ശീഅത്തു അലി’ എന്നു അറിയപ്പെടുന്ന ഈ വിഭാഗത്തെ അഹ്‌ലുസ്സുന്ന:യുടെ ഇമാമുകള്‍ ‘റാഫിള’ എന്നാണ് വിശേഷിപ്പിച്ചത്. വലിച്ചെറിഞ്ഞവര്‍ എന്നര്‍ത്ഥം. പ്രവാചകന്റെ പിന്‍ഗാമികളായ അബൂബക്കര്‍(റ), ഉമര്‍(റ) എന്നിവരെ അവര്‍ വലിച്ചെറിഞ്ഞു. ഉമ്മത്തിന്റെ ഇജ്മാഇനെയും ഏക ഖണ്ഡമായ വിശ്വാസത്തെയും വലിച്ചെറിഞ്ഞു. അലി(റ)യും അഹ്‌ലുല്‍ ബൈത്തും സ്‌നേഹിക്കപ്പെടേണ്ടവര്‍ തന്നെയാണെന്നും എന്നാല്‍ ആ സ്‌നേഹം വഴിതെറ്റി സഞ്ചരിച്ചതും, ചൂഷണം ചെയ്യപ്പെട്ടതുമാണ് യഥാര്‍ത്ഥ പ്രശ്‌നമെന്നും അവര്‍ ഉണര്‍ത്തി. ‘ഇജ്മാഇ’നെയും ശൈഖാനിയെയും വലിച്ചെറിഞ്ഞതു കാരണം ‘റാഫിള’ എന്ന പേരില്‍ ശീഇകള്‍ വിശേഷിപ്പിക്കപ്പെട്ടു. ഇസ്‌ലാമിക ഗ്രന്ഥങ്ങളില്‍ ശീഇകളെ പരിചയപ്പെടുത്തുന്നത് ‘റാഫിളി’കള്‍ എന്നാകുന്നു.
കേരളത്തില്‍ ഒരു കാലഘട്ടത്തില്‍ ശീഇകളുടെ ആഗമനമുണ്ടായിട്ടുണ്ട്. കൊണ്ടോട്ടി ആസ്ഥാനമാക്കി അവര്‍ പ്രവര്‍ത്തിച്ചിരുന്നു. പക്ഷേ, മമ്പുറം തങ്ങന്മാരുടെയും പൊന്നാനിയിലെ മഖ്ദൂമുമാരുടെയും ശക്തമായ പ്രതിരോധം കാരണം അവര്‍ക്ക് ഇവിടെ പിടിച്ചുനില്‍ക്കാന്‍ സാധിച്ചിരുന്നില്ല. ഇന്ത്യയില്‍ പല ഭാഗത്തും ശീഈ ഭരണകൂടങ്ങള്‍ തന്നെ നിലവില്‍ വന്നിരുന്നു. ഗുജ്‌റാത്തും ഉത്തപ്രദേശും അവയില്‍ എടുത്തു പറയേണ്ടവയാണ്. ഉത്തര്‍ പ്രദേശിന്റെ തലസ്ഥാനമായ ലക്‌നോവില്‍ ശീഈ പ്രതാപത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കാണാം. ശീഈ ഭരണാധികാരിയായിരുന്ന ആസിഫ് ദൗല (1748-1797) യുടെ ആസ്ഥാനവും ബുല്‍ബുലയ്യയും ഇമാം ബാഡയും ശീഈ പുണ്യ പുരുഷന്മാരുടെ മഖ്ബറകളും അവിടെ തല ഉയര്‍ത്തി നില്‍ക്കുന്നു. മുഹറം ആഘോഷം ഇന്നും ലക്‌നോവിലെ പ്രസിദ്ധമായ ചടങ്ങാണ്. അശ്ഹദു/അന്ന/അമീറല്‍/മുഅ്മിനീന്‍, വ/ഇമാമല്‍/മുത്തഖീന്‍, അലിയന്‍/വലിയ്യുല്ലാഹ്, വസിയ്യ/റസൂലില്ലാഹ്, വ/ഖലീഫത്തു/ഹു/ബിലാ/ഫസ്വ്ല്‍ എന്ന ശീഈ വാങ്കുകളിലെ പ്രത്യേക വചനം ലക്‌നോവിലെ ശീഈ പള്ളിയില്‍ നിന്നാണ് ഈ വിനീതന്‍ ആദ്യമായി ശ്രവിച്ചത്. ശിയാക്കളുടെ സവിശേഷതകളെക്കുറിച്ച് പഠിക്കാന്‍ പ്രേരിപ്പിച്ച ഒരു ഘട്ടമായിരുന്നു 2007ലെ ആ സന്ദര്‍ശനം.