page

Saturday, 3 February 2018

ശിയാ ആരോപണം വഹാബികളെ തിരിഞ്ഞു കൊത്തുന്നു!

*കര്‍മശാസ്ത്രത്തില്‍ ഹനഫി, മാലികി, ശാഫിഈ, ഹമ്പലീ മദ്ഹബുകള്‍ പിന്തുടരുന്ന അഹ്‌ലുസ്സുന്നയുടെ നിലപാടില്‍ നിന്ന് വ്യത്യസ്തമായി ശിയാക്കള്‍ക്ക് സൈദിയ്യഃ, ജഅഫരിയ്യഃ എന്നിങ്ങനെ രണ്ട് മദ്ഹബുകളാണ് ഉള്ളത്. അതിനാല്‍ തന്നെ പല വിഷയങ്ങളിലും നാല് മദ്ഹബുകള്‍ക്ക് വിരുദ്ധമായ അഭിപ്രായങ്ങള്‍ അവര്‍ സ്വീകരിക്കുന്നതായി കാണാന്‍ കഴിയും.ഒരുപാട് വിഷയങ്ങളില്‍ അഹ്‌ലുസ്സുന്നയുടെ നിലപാടുകളില്‍ നിന്ന് തീര്‍ത്തും വിഭിന്നമായ നിലപാടുകള്‍ സ്വീകരിച്ചവരാണ് ശിയാക്കള്‍. എന്നാല്‍ ശിയാക്കള്‍ ചെയ്യുന്നതും വിശ്വസിക്കുന്നതുമായ മുഴുവന്‍ കാര്യങ്ങളും ശീഈസമാകുന്നില്ല. സുന്നികള്‍ ചെയ്യുന്ന അനുഷ്ഠാനാചാരങ്ങള്‍ ശിയാക്കള്‍ ചെയ്താല്‍ അവര്‍ സുന്നികളുമാകുന്നില്ല. കേരളത്തിലെ സുന്നികള്‍ ചെയ്യുന്ന വല്ല കാര്യവും ശിയാക്കള്‍ ചെയ്യുന്നുണ്ടെങ്കില്‍ സുന്നികള്‍ ശിയാക്കളോ മറിച്ചോ ആകുന്നില്ലെന്ന് ചുരുക്കം. അടിസ്ഥാനപരമായുള്ള ചില വിശ്വാസ വൈകല്യങ്ങളാണ് ശിഈസത്തെ അഹ്‌ലുസ്സുന്നഃയില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നത്.*
*ശിയാക്കള്‍ സ്വീകരിക്കുന്ന ചില വികലമായ ആശയങ്ങള്‍ വഹാബികള്‍ സ്വീകരിച്ചാല്‍ വഹാബികള്‍ ശിയാക്കളായി മാറുമോ? മുത്വലാഖ് അസാധുവാണെന്നും മൂന്ന് ത്വലാഖും ഒന്നിച്ച് ചൊല്ലിയാലത് ഒന്നായിട്ടാണ് പരിഗണിക്കപ്പെടുകയെന്ന ശീഈ ജഅഫരീ മദ്ഹബിന്റെ വാദം തന്നെ (മജ്മൂഅത്തു ഫതാവാ ഇബ്‌നി തീമിയ്യ 8:33, ഫത്ഹുല്‍ ബാരി 9:362) വഹാബിസവും ആവര്‍ത്തിക്കുന്നത് കാരണം വഹാബികള്‍ ശീഈകളാവുമോ?  തറാവീഹ് എന്നൊരു പ്രത്യേക നിസ്‌കാരമില്ലെന്നും തഹജ്ജുദും വിത്‌റും തറാവീഹും രാത്രിയിലുള്ള നിസ്‌കാരത്തിന്റെ വ്യത്യസ്ത പേരുകളാണെന്നുമുള്ള ശീഈ വാദം ( അല്‍ മബസൂത്വ് 2:142) അടുത്ത കാലത്തായി വഹാബികള്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചതിനാല്‍ അവര്‍ ശിയാക്കളായി മാറുമോ?*
*വഹാബികളുടെ പുസ്തകങ്ങളിലും പ്രസിദ്ധീകരണങ്ങളിലും ആധികാരിക പണ്ഡിതനായി വാഴ്ത്തപ്പെടുന്ന മുഹമ്മദ് ബ്‌നു അലിയ്യിശൗകാനി ശീഈ ഉള്‍വിഭാഗങ്ങളില്‍ പെട്ട സൈദി സരണിയുടെ വക്താവും അലി(റ) നബി(സ്വ)യുടെ പ്രത്യേക വസ്വിയ്യാണെന്ന് സമര്‍ത്ഥിക്കുന്ന 'അല്‍ ഇഖ്ദുസ്സമീന്‍ ഫീ ഇസ്ബാതി വിസ്വായാത്തി അമീരില്‍ മുഅമിനീന്‍' എന്ന് ഗ്രന്ഥത്തിന്റെ രചയിതാവുമാണ്. ഇദ്ദേഹത്തെ കുറിച്ചുള്ള വഹ്ഹാബികളുടെ അഭിപ്രായ പ്രകടനം കാണാം: '1172-ല്‍ ഭൂജാതനായി 1250-ല്‍ അന്തരിച്ച ശൗകാനി യമനില്‍ ഉദ്ദാരണ പ്രവര്‍ത്തനം നടത്തി. തഖ്‌ലീദിനെ വിമര്‍ശിച്ചു കൊണ്ട് അദ്ദേഹം ഒരു ഗ്രന്ഥം രചിച്ചപ്പോള്‍ അദ്ദേഹത്തിനെതിരില്‍ കാലഘട്ടത്തിലെ പണ്ഡിതന്മാര്‍ കടുത്ത ആക്ഷേപശരങ്ങള്‍ അഴിച്ചുവിട്ടു. ചെറുതും വലുതുമായ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ശൗക്കാനിയുടെ നൈലുല്‍ ഒൗതാര്‍ എന്ന ഹദീസ് വ്യാഖ്യാന ഗ്രന്ഥം മതവിധികള്‍ കണ്ടുപിടിക്കാനുള്ള ഒരു ആധികാരിക ഗ്രന്ഥമാണ്. ഇമാം സനൂസി ഹജ്ജിനു വന്നതോടെ ഇബ്‌നു അബ്ദില്‍ വഹാബിന്റെ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി അല്‍ജീരിയയിലും അബുല്‍ അബ്ബാസുത്തീജാനി മൊറോക്കോവിലും ഉദ്ദാരണ പ്രവര്‍ത്തനം നടത്തി. (ഇസ്‌ലാഹീ പ്രസ്ഥാന ചരിത്രത്തിനൊരാമുഖം, പേജ് 15)*
*സുന്നികള്‍ക്കെതിരെ ശീഈ ആരോപണം ഉന്നയിക്കുന്നവര്‍ തന്നെ ശീഈ പണ്ഡിതനെ മഹത്വവല്‍ക്കരിക്കുന്ന വൈരുദ്ധ്യമാണ് ഇവിടെ പ്രകടമാവുന്നത്. സുന്നികള്‍ക്കുള്ള ചില വിശ്വാസങ്ങളും കര്‍മങ്ങളും ശിയാക്കള്‍ ഏറ്റെടുക്കുന്നത് കാരണം സുന്നികള്‍ ശിയാക്കളായി മാറുന്നുവെന്ന ആരോപണം എത്ര കടുത്താണ്. അഹ്‌ലുബൈത്തിനോടുള്ള അദമ്യമായ സ്‌നേഹം കാരണം ഇമാം ശാഫിഈ(റ)വിനെതിരെ ശീഈ ആരോപണങ്ങള്‍ വന്നപ്പോള്‍ അഹ്‌ലുബൈത്തിനോടുള്ള സ്‌നേഹമാണ് ശീഈ വിശ്വാസമെങ്കില്‍ ഞാന്‍ ശീഇയാണെന്നതിന് മനുഷ്യവര്‍ഗവും ജിന്ന് വര്‍ഗവും സാക്ഷിയാകട്ടെ എന്ന് പ്രഖ്യാപിച്ച ഇമാം ശാഫിഈ(റ)വിന്റെ അനുയായികള്‍ ഈ ആരോപണങ്ങളെ മുഖവിലക്കെടുക്കുന്നില്ല.*
*മഹാന്മാരുടെ ഖബ്‌റുകള്‍ കെട്ടിപൊക്കുന്നത് ശീഇസമാണെന്നും അക്കാരണത്താല്‍ അത് നടത്തുന്നവര്‍ ശിയാക്കളാണെന്നുമാണ് സുന്നികള്‍ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ ഒന്ന്. അവര്‍ എഴുതുന്നു: ഖബ്‌റിടങ്ങള്‍ കെട്ടിപ്പൊക്കലും നേര്‍ച്ചകള്‍ എന്ന പേരില്‍ അവിടങ്ങളില്‍ പൂരങ്ങള്‍ സംഘടിപ്പിക്കലും തനിച്ച ശീഈ ആചാരമാണ്. സുന്നികളെന്ന പേരില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സമസ്തക്കാരാണ് ഇതിന്റെ വക്താക്കള്‍. (ഇസ്വലാഹ് ഏപ്രില്‍ 2017) കേരളീയ മുസ്‌ലിംകള്‍ ഖബ്‌റ് കെട്ടിപ്പൊക്കുന്നത് ഇമാം നവവി(റ), ഇമാം ഇബ്‌നു ഹജര്‍ അസ്ഖലാനി(റ), ഇമാം ബ്‌നു ഹജര്‍ ഹൈതമി(റ), അല്ലാമാ ബുജൈരിമി(റ), ഇമാം റംലി(റ), ഇമാം ശര്‍ഖാവി(റ),അല്ലാമാ ശര്‍വാനി(റ)തുടങ്ങിയ പ്രമുഖരായ ശാഫിഈ പണ്ഡിതന്മാര്‍ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വ്യക്തമാക്കിയത് കൊണ്ടാണ്. *

 *സുന്നികളെ പോലെ ശിയാക്കളും ഇസ്തിഗാസ ചെയ്യുന്നവരാണെന്നാണ് മറ്റൊരാക്ഷേപം. അതിനാല്‍ സുന്നികളില്‍* *ശീഇസം കടന്നുകൂടിയുട്ടുണ്ടെന്ന ആരോപണം മറ്റൊരു വിവരക്കേടാണ്. കാല് കോച്ചിയാല്‍ യാ മുഹമ്മദ് എന്ന് വിളിക്കണമെന്ന ആശയം* *അബ്ദുല്ലാഹിബ്‌നു ഉമര്‍(റ)വില്‍ നിന്നുള്ള ഹദീസായി ഇബ്‌നു തൈമിയ്യ തന്നെ തന്റെ അല്‍ കലിമുത്ത്വയ്യിബില്‍ ഉദ്ധരിച്ചതെങ്കിലും വിമര്‍ശകര്‍ അറിയുന്നത് നല്ലതാണ്.*
 *കേരളീയ മുസ്‌ലിം സമൂഹത്തിന് നേതൃത്വം നല്‍കിയ സാത്വികരായ പണ്ഡിതന്മാരും പ്രഗത്ഭരായ സാദാത്തുമാരും ശീഇസത്തിനെതിരെ പോരാടിയവരായിരുന്നു.* *ഈ യാഥാര്‍ത്ഥ്യം കൊണ്ടോട്ടി-പൊന്നാനി കൈ തര്‍ക്കമെന്ന പേരില്‍ പ്രസിദ്ധമായ സംവാദ ചരിത്രത്തില്‍ നിന്ന് ബോധ്യപ്പെടുന്നതാണ്.* *കോഴിക്കോട്ടെ ജീഫ്‌രീ തങ്ങന്മാരും പൊന്നാനിയിലെ മഖ്ദൂമുമാരും ഒരു പക്ഷത്തും കൊണ്ടോട്ടി തങ്ങന്മാരുടെ പിന്മുറക്കാരില്‍ ചിലര്‍ മറുപക്ഷത്തുമായാണ് വിവാദം നടന്നത്.* *കൊണ്ടോട്ടിയില്‍ നടന്നിരുന്ന ശീഈ ആചാരാനുഷ്ടാനങ്ങള്‍ക്കെതിരെ അതിശക്തമായ നിലപാട് സ്വീകരിച്ച ശൈഖ് ജിഫ്‌രി തങ്ങള്‍(റ) അവര്‍ക്കെതിരെ അല്‍ ഇര്‍ശാദാത്തുല്‍ ജിഫ്രിയ്യ, കന്‍സുല്‍ ബറാഹീനില്‍ കസ്ബിയ്യ തുടങ്ങിയ ഗ്രന്ഥങ്ങളെഴുതിയിട്ടുണ്ട്.* *അത് പോലെ മമ്പുറം സയ്യിദ് അലവി തങ്ങളുടെ പ്രധാന ശിഷ്യനായ വെളിയങ്കോട് ഉമര്‍ ഖാളി(റ)വും അവര്‍ക്കെതിരെ ശക്തമായി രംഗത്ത് വരികയും അവരുടെ വാദങ്ങളുടെ പൊള്ളത്തരങ്ങള്‍ വിവരിച്ച് കൊണ്ട് ഒരു ഖസ്വീദഃ രചിക്കുകയും ചെയ്തിട്ടുണ്ട്.*
*ചുരുക്കത്തില്‍, കേരളീയ പാരമ്പര്യ മുസ്‌ലിംകള്‍ ശീഇസത്തിനെതിരെ അന്നും ഇന്നും ശക്തമായ പ്രതിരോധം സൃഷ്ടിക്കുന്നവരാണെന്ന യാഥാര്‍ത്ഥ്യം പകല്‍ വെളിച്ചം പോലെ വ്യക്തമാണ്. ഐ.എസിന്റെ പേരില്‍ വഹാബിസം ഭീകരവാദത്തിന്റെ കരിനിഴലില്‍ നില്‍ക്കുമ്പോള്‍ സ്വാഭാവികമായും പിടിച്ച് നില്‍ക്കാനുള്ള കച്ചിത്തുരുമ്പായേ സുന്നികള്‍ക്കെതിരെയുള്ള ആരോപണങ്ങളെ മനസ്സിലാക്കേണ്ടതുള്ളൂ.*