page

Tuesday, 20 February 2018

ഇസ്തിഗാസ - വഹാബികൾ ഉദ്ധരിക്കാത്ത ആയത്തുകൾ

ബഹുദൈവ വിശ്വാസികള്‍ക്കെതിരെ വിശുദ്ധ ഖുര്‍ആനില്‍ ഇറങ്ങിയ ആയത്തുകള്‍ ശിര്‍ക്കിനെതിരെ എന്ന് പറഞ്ഞു വഹാബികള്‍ പല ആയത്തുകളും ഉദ്ദരിക്കാറുണ്ട്. പക്ഷെ വഹാബികള്‍ ചില ആയത്തുകള്‍ ഉദ്ധരിക്കാറില്ല. എന്ത് കൊണ്ട്?


അല്ലാഹുവിന്റെ ഔലിയാഇനോട് സഹായം തേടുന്ന സുന്നികളെ കാഫിറാക്കാന്‍ വേണ്ടി വഹാബികള്‍ കൊണ്ട് വരാറുള്ള ആയത്തുകളുടെ വിശദീകരണമാണ് യഥാര്‍ത്ഥത്തില്‍ ഈ ആയത്തുകള്‍. അത് കൊണ്ട് തന്നെ ഈ ആയത്തുകള്‍ ഉദ്ദരിച്ചാല്‍ അവരുടെ ഡ്യൂപ്ലിക്കേറ്റ്‌ തൌഹീദിന്റെ പുട്ടുകച്ചവടം നടക്കില്ലല്ലോ???


സുന്നികള്‍ക്കെതിരെ വഹാബികള്‍ കൊണ്ട് വരുന്ന ആയതുകളില്‍ ഒന്ന് മാത്രം ഉദാഹരണത്തിന് ഇവിടെ കൊടുക്കുന്നു. (സുന്നികള്‍ക്കെതിരെ അവര്‍ ഓതുന്ന, മുശ് രികുകള്‍ക്കെതിരെ ഇറങ്ങിയ എല്ലാ ആയതുകളുടെയും

അവസ്ഥ ഇത് തന്നെയാണ്).


സൂറത്ത് ജിന്നിലെ പതിനെട്ടാമത്തെ ആയത്ത്: "പള്ളികള്‍ അല്ലാഹുവിനു ഉള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അവിടെ അല്ലാഹുവിനോട് കൂടെ ആരോടും ദുആ ചെയ്യരുത്" എന്ന് അര്‍ഥം വരുന്ന ആയത്ത്. (വിളിച്ചു പ്രാര്തിക്കരുത് എന്ന് വളഞ്ഞ വഹാബി അര്‍ഥം വെക്കും) - 'തദ്ഊ' എന്ന അറബി പദത്തിന് തഫ്സീറില്‍ വന്നത് ആരാധിക്കുക എന്ന അര്‍ത്ഥമാണ്. അപ്പോള്‍ അല്ലാഹുവിനോട് കൂടെ നിങ്ങള്‍ മറ്റാരെയും ആരാധിക്കരുത്. അവനില്‍ പങ്കു ചേര്‍ക്കരുത് എന്ന് സാരം.


ആരോടും ദുആ ചെയ്യരുത് എന്ന് പറഞ്ഞാല്‍ ആരെയാണ് ഉദ്ദേശം? ആരെയും ആരാധിക്കരുത് എന്ന വിശദീകരണത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം വേറെ ഒരു ഇലാഹിനോടും ദുആ ചെയ്യരുത് എന്നാണെന്ന്.

മറ്റു ഇലാഹുകളെ സങ്കല്പിച്ചവരോടാണ് ഈ കല്പന. ഇലാഹാണെന്ന വിശ്വാസത്തോടെ തേടിയാല്‍ അത് ആരാധനയാണ്. അത് കുഫ്റാണ്. അങ്ങനെ മറ്റു ഇലാഹുകളെ സങ്കല്പിച്ചവരാണ് ജൂതന്മാരും ക്രിസ്ത്യാനികളും.

അവരെ സംബന്ധിച്ചാണ് ഈ ആയത്ത് ഇറങ്ങിയതും. ഏതായാലും സുന്നികള്‍ ചെയ്യുന്ന ഇസ്തിഘാസയും ഈ ആയതും തമ്മില്‍ ഒരു ബന്ധവും ഇല്ല. കാരണം ഇസ്തിഘാസയില്‍ സൃഷ്ടി എന്ന വിശ്വാസം ആണ് ഉള്ളത്. ഇലാഹു എന്ന വിശ്വാസം ഇല്ലേ ഇല്ല തന്നെ.


അപ്പോള്‍ മറ്റൊരു ഇലാഹു ഉണ്ടെന്ന വിശ്വാസമാണ് ശിര്‍ക്ക്. ഇത് ഈ ആയതിന്റെ വിശദീകരണമെന്നോണം വന്ന മറ്റു ചില ആയത്തുകള്‍ പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാക്കാവുന്നതുമാണ്.

ആയത്ത് ഒന്ന്: സൂറത്ത് ശുഅറാഅ: (213)


{ فَلاَ تَدْعُ مَعَ ٱللَّهِ إِلَـٰهاً آخَرَ فَتَكُونَ مِنَ ٱلْمُعَذَّبِينَ }

يقول تعالـى ذكره لنبـيه مـحمد صلى الله عليه وسلم: { فَلا تَدْعُ } يا مـحمد { مَعَ اللَّهِ إلَها آخَرَ }: أي لا تعبد معه معبوداً غيره

{ فَتكُونَ مِنَ الـمُعَذَّبِـينَ } فـينزل بك من العذاب ما نزل بهؤلاء الذين خالفوا أمرنا وعبدوا غيرنا


“അല്ലാഹു സുബ്ഹാനഹു വതആലാ മുഹമ്മദ്‌ നബി(സ)യോട് കല്പിക്കുന്നു - താങ്കള്‍ അല്ലാഹുവിനോട് കൂടെ മറ്റൊരു ആരാധ്യനെയും ആരാധിക്കരുത്. അങ്ങനെ ചെയ്യുന്ന പക്ഷം നമ്മുടെ കല്പന ലംഘിക്കുകയും നമ്മെ അല്ലാത്തവരെ ആരാധിക്കുകയും ചെയ്ത അക്കൂട്ടര്‍ക്ക് ഇറങ്ങിയതു പോലുള്ള ശിക്ഷ താങ്കള്‍ക്കും ഇറങ്ങുക തന്നെ ചെയ്യും”. (തഫ്സീര്‍ ത്വിബ്രി)

“ആകയാല്‍ അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെയും നീ വിളിച്ചു പ്രാര്‍ഥി ക്കരുത്. എങ്കില്‍ നീ ശിക്ഷിക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും”. (പരിഭാഷ - അബ്ദുല്‍ഹമീദ് & പറപ്പൂര്‍ മദനിമാര്‍)


ആയത്ത് രണ്ട്: അല്‍-മുഅമിനൂന്‍ (117)


{وَمَن يَدْعُ مَعَ ٱللَّهِ إِلَـهَا آخَرَ لاَ بُرْهَانَ لَهُ بِهِ}

يقول تعالـى ذكره: ومن يدع مع الـمعبود الذي لا تصلـح العبـادة إلا له معبوداً آخر، لا حجة له بـما يقول ويعمل من ذلك ولا بـينة.


ഇമാം ത്വിബ്രി(റ) വ്യാഖ്യാനിക്കുന്നു - "ആരാധനകളെല്ലാം സമര്‍പിക്കേണ്ട ഒരേ ഒരു ആരാധ്യനായ അല്ലാഹുവിനെ കൂടാതെ മറ്റു ആരാധ്യന്മാരെ ആരാധിക്കുന്നവര്‍ക്ക്, അവര്‍ പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന കാര്യത്തില്‍ ഒരു തെളിവും ഇല്ല തന്നെ".

മൌലവിമാരുടെ പരിഭാഷയില്‍ നിന്ന് - "വല്ലവനും അല്ലാഹുവോടൊപ്പം മറ്റു വല്ല ദൈവത്തെയും വിളിച്ചു പ്രാര്‍ത്തിക്കുന്ന പക്ഷം അതിനു അവന്റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ല തന്നെ".


ആയത്ത് മൂന്ന്: അല്‍-ഫുര്‍ഖാന്‍ (68)


{ وَٱلَّذِينَ لاَ يَدْعُونَ مَعَ ٱللَّهِ إِلَـٰهًا آخَرَ}

يقول تعالـى ذكره: والذين لا يعبدون مع الله إلها آخر، فـيشركون فـي عبـادتهم إياه، ولكنهم يخـلصون له العبـادة ويفردونه بـالطاعة


ഇമാം ത്വിബ്രി(റ) വിശദീകരിക്കുന്നു - " ആ കൂട്ടര്‍ അല്ലാഹുവിനോട് കൂടെ മറ്റൊരു ഇലാഹിനെ ആരാധിക്കാത്തവരും അല്ലാഹുവിനെ ആരാധിക്കുന്നതില്‍ ആരെയും പങ്കുകാരാക്കാത്തവരും ആണ്. എന്നാല്‍ അവര്‍ ആരാധനയുടെയും വഴിപ്പെടലിന്റെയും കാര്യത്തില്‍ അല്ലാഹുവിനെ മാത്രം തനിപ്പിക്കുന്നവരാണ്".


"അല്ലാഹുവോടൊപ്പം വേറൊരു ദൈവത്തെയും വിളിച്ചു പ്രാര്‍ഥിക്കാത്തവര്‍" (മൌലവിമാരുടെ പരിഭാഷയില്‍ നിന്ന്)


ആയത്ത് നാല്: സൂറത്ത്‌ ഖാഫ് (26)


{ ٱلَّذِي جَعَلَ مَعَ ٱللَّهِ إِلَـٰهاً آخَرَ فَأَلْقِيَاهُ فِي ٱلْعَذَابِ ٱلشَّدِيدِ }

{ ٱلَّذِي جَعَلَ مَعَ ٱللَّهِ إِلَـٰهاً ءَاخَرَ } أي أشرك بالله، فعبد معه غيره


“അഥവാ അക്കൂട്ടര്‍ അല്ലാഹുവില്‍ പങ്കു ചേര്‍ത്തിരിക്കുന്നു. അല്ലാഹുവിനോട് കൂടെ മറ്റുള്ളവരെയും ആരാധിചിരിക്കുന്നു”.

(ഇബ്നു കസീര്‍)


“അതെ, അല്ലാഹുവോടൊപ്പം വേറെ ദൈവത്തെ സ്ഥാപിച്ച ഏതൊരുവനെയും. അതിനാല്‍ കഠിനമായ ശിക്ഷയില്‍ അവനെ നിങ്ങള്‍ ഇട്ടേക്കുക”. (മൌലവിമാരുടെ പരിഭാഷ)


ഈ സൂക്തങ്ങളിലോക്കെ പൊതുവായി കാണാം إِلَـٰهاً آخَرَ

(ഇലാഹന്‍ ആഖറ) എന്ന പദം. അഥവാ 'മറ്റൊരു ഇലാഹിനെ' എന്ന്.

അപ്പോള്‍ ഖുര്‍ആന്‍ നിരോധിച്ച ദുആ അല്ലെങ്കില്‍ പ്രാര്‍ത്ഥന അല്ലെങ്കില്‍ വിളിച്ചു പ്രാര്‍ത്ഥന അല്ലെങ്കില്‍ വിളി അല്ലെങ്കില്‍ തേട്ടം അല്ലെങ്കില്‍ സഹായാഭ്യാര്‍ത്ഥന എന്നത് മറ്റൊരു ഇലാഹിനെ സംബന്ധിചാണെന്ന് ഖുര്‍ആന്‍ തന്നെ വളരെ വ്യക്തമായി പ്രഖ്യാപിക്കുന്നു.

അല്ലാതെ അല്ലാഹുവിന്റെ സൃഷ്ടികളായ അന്ബിയാ ഇനിയും ഔലിയാ ഇനിയും വിളിക്കലോ വിളിച്ചു സഹായം തേടലോ അല്ല. അതെ സമയം അവര്‍ ഇലാഹുകള്‍ ആണെന്ന വിശ്വാസത്തോടെ ആ വിളി ആരാധനയായി. ആ വിശ്വാസം ശിര്‍ക്കും ആയി. വിളിച്ചവന്‍ മുഷ് രികും കാഫിറും ആയി. അതാണ്‌ ക്രിസ്ത്യാനികള്‍ക്ക് സംഭവിച്ചത്.


അവര്‍ ഈസാ നബി(അ) യെ ദൈവമാക്കി എന്നാണു ഖുര്‍ആന്‍ പറഞ്ഞത്. മുസ്‌ലിംകള്‍ അന്ബിയാ-ഔലിയാഇനെ വിളിക്കുന്നത് അല്ലാഹുവിന്റെ സൃഷ്ടികള്‍ എന്ന വിശ്വാസത്തിലാണ്. രണ്ടു വിളിയും രണ്ടു തന്നെയാണ്, ഒന്നല്ല.


അപ്പോള്‍ ഇലാഹ് എന്ന വിശ്വാസത്തോടെ വിളിച്ചാല്‍ ആ വിശ്വാസമാണ് ശിര്‍ക്ക് അല്ലെങ്കില്‍ ബഹു ദൈവ വിശ്വാസം. അങ്ങനെ ചെയ്യുന്നവര്‍ മുശ്രിക് ആയി തീരും. അല്ലാതെ സൃഷ്ടി എന്ന വിശ്വാസത്തോടെ എന്തെങ്കിലും ചോദിച്ചത് കൊണ്ടൊന്നും ഇവിടെ ശിര്‍ക്ക് വരുന്നില്ല.

ഇക്കൂട്ടര്‍ക്ക് ആ വിളിയില്‍ തന്നെ ശിര്‍ക്ക് വരുന്നത് വിളിക്കപ്പെടുന്നവര്‍ മരിച്ചവര്‍ ആകുമ്പോഴാണ്. അതെ സമയം അതെ വിളി ജീവിചിരിക്കുന്നവരോട് ആകുമ്പോള്‍ ഇവര്‍ക്ക് അത് ശിര്‍ക്ക് ആകുന്നില്ല താനും. നല്ല തമാശ തന്നെ.


ശിര്‍ക്കിന്റെയും തൌഹീദിന്റെയും ഇടയിലാണ് ഇവര്‍ അസ്റാഈലിനു(അ) ഇടം നല്‍കിയിരിക്കുന്നത്.

ഇലാഹാണെന്ന വിശ്വാസത്തോടെ വിളിക്കരുതെന്നതിനു ഇനിയും പല സൂക്തങ്ങളും ഉദ്ദരിക്കാനുണ്ട്.


{وَرَبَطْنَا عَلَىٰ قُلُوبِهِمْ إِذْ قَامُواْ فَقَالُواْ رَبُّنَا رَبُّ ٱلسَّمَٰوَٰتِ وَٱلأَرْضِ لَن نَّدْعُوَاْ مِن دُونِهِ إِلـٰهاً لَّقَدْ قُلْنَا إِذاً شَطَطاً}


സൂറത്തുല്‍ കഹ്ഫിലെ 14-)മത്തെ സൂക്തത്തില്‍ 'അസ്ഹാബുല്‍ കഹ്ഫിന്റെ' നിലപാട് ഖുര്‍ആന്‍ വ്യക്തമാക്കുന്നു.

ഇമാം ത്വിബ്രി(റ) രേഖപ്പെടുത്തുന്നു:


{ لَنْ نَدْعُوَ منْ دُونِه إلَهاً } يقول: لن ندعو من دون ربّ السموات والأرض إلها، لأنه لا إله غيره، وإن كلّ ما دونه فهو خـلقه


"ഇലാഹെന്ന നിലക്ക് ആകാശ ഭൂമികളുടെ നാഥനല്ലാത്തവരെ ഞങ്ങള്‍ വിളിക്കുകയില്ല. പ്രാര്‍ഥിക്കുകയില്ല. കാരണം അവനല്ലാതെ ഒരു ഇലാഹ് ഇല്ല തന്നെ. അവന്‍ അല്ലാത്തതെല്ലാം അവന്റെ സൃഷ്ടികള്‍ മാത്രമാണ്”.

മൌലവിമാരുടെ പരിഭാഷയില്‍: "അവന്നു പുറമേ യാതൊരു ദൈവത്തോടും ഞങ്ങള്‍ പ്രാര്‍ഥിക്കുന്നതേ അല്ല”.


സൂറത്തുല്‍ കഹ്ഫില്‍ തന്നെ തൊട്ടടുത്ത സൂക്തത്തില്‍

മുഷ് രികുകളുടെ അവസ്ഥ ഖുര്‍ആന്‍ വിശദീകരിക്കുന്നു:


{ هَـٰؤُلاۤءِ قَوْمُنَا ٱتَّخَذُواْ مِن دُونِهِ آلِهَةً لَّوْلاَ يَأْتُونَ عَلَيْهِم بِسُلْطَانٍ بَيِّنٍ فَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِباً }


ഇമാം ത്വിബ്രി(റ) രേഖപ്പെടുത്തുന്നു:


هؤلاء قومنا اتـخذوا من دون الله آلهة يعبدونها من دونه


"ഞങ്ങളുടെ ഈ ജനത (അസ്ഹാബുല്‍ കഹ്ഫിന്റെ ജനത) അല്ലാഹുവിനു പുറമേ അവര്‍ ആരാധിക്കുന്നവരായ ധാരാളം ഇലാഹുകളെ സ്വീകരിച്ചിരിക്കുന്നു".


"ഞങ്ങളുടെ ഈ ജനത അവന്നു പുറമേ പല ദൈവങ്ങളെയും സ്വീകരിച്ചിരിക്കുന്നു". പരിഭാഷയില്‍ മൌലവിമാര്‍ എഴുതുന്നു.

സൂറത്തു ന്നംലില്‍ തുടര്‍ച്ചയായ അഞ്ചു സൂക്തങ്ങളില്‍ അല്ലാഹു മുഷ് രികുകളോട് ചോദിക്കുന്നു:


أإلاه مع الله


"അല്ലാഹുവിനോട് കൂടെ മറ്റൊരു ഇലാഹോ?" അല്ലാഹു എന്നാല്‍ അല്‍-ഇലാഹു. ആ ഇലാഹിനോട് കൂടെ മറ്റൊരു ഇലാഹ് ഉണ്ടോ എന്നതാണ് ചോദ്യം? ഉണ്ട് എന്ന വിശ്വാസമാണ് ശിര്‍ക്ക്.

ഇനി നിഷ്പക്ഷമതികളായ എന്റെ സുഹൃത്തുക്കള്‍ ചിന്തിക്കുക. ശിര്‍ക്കിനെതിരെ എന്ന് പറഞ്ഞു, അല്ലാഹുവിന്റെ ഔലിയാഇനോട് സഹായം അഭ്യര്‍ഥിക്കുന്ന മുസ്‌ലിംകളെ മുശ്രികാക്കുവാന്‍ വേണ്ടി ഇവിടെ വഹാബികള്‍ പല ആയത്തുകളും ഉദ്ദരിക്കാറുണ്ടല്ലോ? ആ ആയത്തുകളുടെ കൂട്ടത്തില്‍ ഇവിടെ വിശദീകരിച്ച ആയത്തുകള്‍ അവര്‍ ഉദ്ദരിക്കാറുണ്ടോ?


ഈ ആയത്തുകളും ഖുര്‍ആനില്‍ തന്നെയല്ലേ ഉള്ളത്? ഈ ആയത്തുകളും ശിര്‍ക്കിനെതിരെയുള്ള അല്ലാഹുവിന്റെ കലാം തന്നെയല്ലേ?


എന്ത് കൊണ്ട് "മറ്റൊരു ഇലാഹിനെ വിളിക്കരുത്" എന്ന അര്‍ഥം ഉള്‍കൊള്ളുന്ന ആയതുകളൊന്നും തന്നെ ഇവര്‍ ഉദ്ദരിക്കുന്നില്ല? ശിര്‍ക്കിനെതിരെ ചില ആയത്തുകള്‍ ഉദ്ദരിക്കുകയും അതിന്റെ വിശദീകരണമായ മറ്റു ആയത്തുകള്‍ മൂടി വെക്കുകയും ചെയ്യുന്നത് എന്ത് കൊണ്ട്????


മറ്റൊന്ന് കൊണ്ടുമല്ല. ഈ ആയത്തുകള്‍ ഉദ്ദരിച്ചാല്‍, അവയുടെ ഉദ്ദേശം ആളുകള്‍ക്ക് മനസ്സിലായാല്‍, ഇവരുടെ തട്ടിപ്പ്, ഖുര്‍ആനില്‍ ഇവര്‍ നടത്തുന്ന തിരിമറികള്‍ വെളിച്ചത്താകും. അത് കൊണ്ട് തന്നെ.  യഥാര്‍ത്ഥത്തില്‍ ശിര്‍ക്ക് എന്താണ് എന്ന് കുഞ്ഞാടുകള്‍ പഠിച്ചാല്‍ പിന്നെ, ശിര്‍ക്കാക്കല്‍ കലാപരിപാടി വേണ്ട പോലെ എശുകയില്ലല്ലോ???