page

Friday, 9 March 2018

മുടിയുടെ സൗന്ദര്യവും മസ്അലകളും


ശരീര രോമങ്ങൾ മനുഷ്യ സൗന്ദര്യത്തിലെ പ്രധാന ഘടകമാണ്. ഒഴിവാക്കേണ്ടതും വളർത്തേണ്ടതും അതിലുണ്ട്. തൽവിഷയകമായി കൃത്യമായ മാർഗദർശനം ഇസ്ലാം നൽകുന്നുണ്ട്.
മനുഷ്യന്റെ ഭൗതികവും ആത്മീയവുമായ ഉന്നമനത്തിന് അത് അനുസരിക്കൽ നിദാനമാണ്.

മുടി കറുപ്പിക്കല്‍

യുദ്ധാവശ്യത്തിനുവേണ്ടിയല്ലാതെ തലമുടി, താടി രോമം എന്നിവ കറുപ്പിക്കല്‍ നിഷിദ്ധമാണ്. ഇബ്‌നു അബ്ബാസ് (റ) വില്‍നിന്ന് നിവേദനം: പ്രവാചകന്‍ പറഞ്ഞു: (തലമുടിക്കും താടി രോമത്തിനും) കറുപ്പ് ചായം പിടിപ്പിക്കുന്ന ഒരു വിഭാഗം അവസാന കാലം ഉണ്ടാകും. അവര്‍ക്ക് സ്വര്‍ഗത്തിന്റെ പരിമണം പോലും ലഭിക്കുകയില്ല (അബൂ ദാവൂദ്, ഹാകിം).

വെള്ളം ചേരുന്നതിനെ തടയുന്ന- ചായം എന്നോ അല്ലാത്തതെന്നോ ഇവിടെ വിത്യാസമില്ല- ഏതു വിധത്തിലുള്ള വസ്തുകൊണ്ട് കറുപ്പിക്കലും ഹറാമാണ്.

വെള്ളം ചേരുന്നതിനെ തടയുന്ന രീതിയിലുള്ള ചായംകൊണ്ട് തലമുടിയോ മീശയോ താടിരോമമോ കറുപ്പിച്ചാല്‍ (ഇന്ന് വിപണിയിലുള്ളത് അത്തരത്തിലുള്ളതാണെന്ന് പറയപ്പെടുന്നു) നിഷിദ്ധമായ ഒരു കാര്യം ചെയ്തു എന്നതിലുപരി ഒട്ടേറെ അപകടങ്ങള്‍ അതുമൂലം സംഭവിക്കുന്നു.
അങ്ങനെ അനവധി നിഷിദ്ധകാര്യങ്ങള്‍ വന്നുചേരുന്നു. അവന്റെ വുളൂ, കുളി തുടങ്ങിയവയൊന്നും സാധുവാകുകയില്ല. കുളി നിര്‍ബന്ധമായവന്റെ ശുചീകരണം ശരിയാവാതെ വരുമ്പോള്‍ വലിയ അശുദ്ധി നിലനില്‍ക്കുന്നു.
അതിനാല്‍, പള്ളിയില്‍ പ്രവേശിക്കല്‍ നിഷിദ്ധമാകുന്നു. പള്ളിയില്‍ ചെലവഴിച്ച അത്രയും സമയം നിഷിദ്ധം ചെയ്ത കുറ്റം ലഭിക്കുന്നു. ജുമുഅയോ ജമാഅത്തോ നിസ്‌കാരംപോലുമോ ലഭിക്കുന്നില്ല.

വിവാഹിതയായ സ്ത്രീക്ക് ഭര്‍ത്താവിന്റെ സമ്മതത്തോടുകൂടി കറുപ്പിക്കാവുന്നതാണ്. അവള്‍ അഴകും സൗന്ദര്യവും ഭര്‍ത്താവിന്റെ മുമ്പില്‍ പ്രകടമാക്കല്‍ അവന്റെ ആവശ്യമാണല്ലോ.
 ഇമാം ശിഹാബുദ്ധീന്‍ റംലി (റ) വും ഈ കാര്യം പ്രസ്താവിച്ചിട്ടുണ്ട്.
 (ശര്‍വാനി: 9/375, ഇആനത്ത്: 2/331).

വെള്ളം ചേരുന്നതിനെ തടയുന്ന രീതിയിലുള്ളതുകൊണ്ടാണവള്‍ മുടി കറുപ്പിച്ചതെങ്കില്‍ ശുചീകരണവേളയില്‍ അത് നീക്കം ചെയ്യല്‍ നിര്‍ബന്ധമാണ്.

ചുകപ്പിക്കൽ സുന്നത്ത്

നരച്ച താടിരോമത്തിനും തലമുടിക്കും ചുകപ്പു വര്‍ണത്തിലുള്ള ചായംകൊടുക്കല്‍ സുന്നത്താണ്.  നരച്ച താടി രോമത്തിന് പലരും മൈലാഞ്ചിയണിയുന്നത് ഈ അടിസ്ഥാനത്തിലാണ്.
ചുകപ്പിക്കുന്നത് മൈലാൃ്ചി കൊണ്ട് തന്നെ ആവണമെന്നില്ല. പക്ഷെ ശുദ്ധീകരണങ്ങളുടെ വെള്ളങ്ങൾ ചേരുന്നതിനെ തടയാത്തത് ആവണം.
അതിന് മൈലാഞ്ചിയാണ് ഏറ്റവും ഉത്തമമെന്ന് മാത്രം.

വെപ്പുമുടി അണിയല്‍

നജസായ മുടിയോ മനുഷ്യരുടെ മുടിയോ തന്റെ മുടിയോട് കൂട്ടിച്ചേര്‍ത്തുവെക്കല്‍ സ്ത്രീ പുരുഷ ഭേദമന്യേ ഹറാമാണ്.
 സ്വന്തം തലയില്‍നിന്നു വേര്‍പ്പെട്ട മുടിതന്നെയായാലും അത് മുടിയോട് ചേര്‍ത്തുവെക്കാവുന്നതല്ല. കാരണം മനുഷ്യ മുടിക്ക് പ്രത്യേകം ആദരവുണ്ട്. അത് കുഴിച്ചുമൂടാനാണ് കല്‍പന.

 മനുഷ്യ മുടി വില്‍പന നടത്തല്‍ അനുവദനീയമല്ല. മനുഷ്യരുടെതല്ലാത്ത ശുദ്ധമായ മുടി അല്ലെങ്കില്‍ മുടിയോട് തുല്യമായ കൃത്രിമമായ മുടി ഭര്‍ത്താവിന്റെ അനുമതിയോടെ ഭാര്യക്ക് തന്റെ മുടിയോട് കൂട്ടിച്ചേര്‍ത്തുവെക്കാവുന്നതാണ്.
 (ശര്‍വാനി: 2/128, ഇആനത്ത്: 2/33).

കഷണ്ടിത്തലയുള്ളവന്‍ വെപ്പു മുടി വെച്ച് അലങ്കാരം നടത്തുന്ന സമ്പ്രദായം ഇന്നു വ്യാപകമായിട്ടുണ്ട്. മനുഷ്യരുടെ മുടിയോ നജസായ മുടിയോ ആണ് വെപ്പുമുടി എങ്കില്‍ അതു നിഷിദ്ധമാണ്. മനുഷ്യരുടേതല്ലാത്ത ശുദ്ധമായ മുടിയോ മറ്റു ശുദ്ധമായ കൃത്രിമ മുടിയോ വെക്കുന്നവര്‍ തലയുടെ തൊലിയിലേക്ക് വെള്ളം ചേരുമോ ഇല്ലയോ എന്ന കാര്യം ശ്രദ്ധിക്കണം.

രണ്ടു രൂപത്തില്‍ വെപ്പു മുടി പിടിപ്പിക്കലുണ്ടെന്നാണ് പറയപ്പെടുന്നത്. ഇഷ്ടാനുസരണം തലയില്‍നിന്നെടുത്തുമാറ്റാന്‍ പറ്റുന്ന വിധവും പറ്റാത്ത വിധവും. എടുത്തുമാറ്റാന്‍ സാധിക്കുന്നതാണെങ്കില്‍ കുളിക്കുമ്പോള്‍ എടുത്തുമാറ്റുന്ന പക്ഷം വെള്ളം ചേരാത്ത പ്രശ്‌നം ഉദിക്കുന്നില്ല.
 എന്നാല്‍, എടുത്തുമാറ്റാന്‍ കഴിയാത്ത വിധം പിടിപ്പിക്കുന്നത് തലയുടെ രോമക്കുത്തില്‍ ഉറപ്പിച്ചുകൊണ്ടാണത്രെ ചെയ്യുന്നത്. ഇങ്ങനെയുള്ള മുടിവെപ്പില്‍ ഓരോ രോമക്കുത്തിലേക്കും വെള്ളം ചേര്‍ന്നിട്ടില്ലെങ്കില്‍ കുളി സാധുവല്ല.
അതുമൂലം മുകളില്‍ വവരിച്ച അപകടങ്ങളെല്ലാം ഇവിടെയും സംഭവിക്കുന്നു. വെപ്പുമുടി ശരീരത്തിന്റെ ഭാഗമായി ഒരിക്കലും പരിഗണിക്കപ്പെടില്ല.

താടി വളർത്തണം.

താടി വെക്കാനും മീശ വെട്ടിച്ചെറുതാക്കാനും പ്രോത്സാഹിപ്പിക്കുന്ന ഹദീസുകള്‍ ധാരാളമുണ്ട്. റസൂല്‍(സ)യും സ്വഹാബതും ജീവിത ചര്യയായി സ്വീകരിച്ചതും അതു തന്നെയാണ്.
അവിടുന്ന് പറഞ്ഞതായി ഇബ്നു ഉമർ (റ) പറയുന്നു :
“ നിങ്ങൾ മീശ കളയുകയും താടി വളരാനനുവദിക്കുകയും ചെയ്യുക ” ( ബുഖാരി )

അബൂഹുറൈര (റ) പറയുന്നു ; നബി (സ) പറഞ്ഞു :
“ നിങ്ങൾ മീശ നന്നായി വെട്ടുക ; താടി വലർത്തുകയും ചെയ്യുക ; അഗ്നിയാരാധകരോട്‌ എതിരാവുക ”(മുസ്ലിം, അഹ്‌ മദ്‌).
ശാഫീഈ മദ്ഹബിലെ പ്രബലമായ അഭിപ്രായം താടിവടിക്കല്‍ കടുത്ത കറാഹത് ആണെന്നാണ്. എന്നാല്‍ മറ്റു ചില മദ്ഹബുകളില്‍ അത് നിഷിദ്ധമെന്ന അഭിപ്രായമാണ് പ്രബലം.

താടി വടിക്കല്‍ 

പുരുഷന്‍ താടിരോമം വടിക്കല്‍ ഹറാമാണ് എന്ന് ഫതഹുല്‍ മുഈനില്‍ വ്യക്തമാക്കിയിട്ടുണ്ട്. കറാഹത്താണെന്നാണ് പണ്ഡിതരില്‍ ചിലരുടെ പക്ഷം. തലമുടി, താടി രോമം എന്നിവയില്‍നിന്നു നരച്ച മുടി പറിക്കലും കറാഹത്താണ്. സ്ത്രീക്ക് താടി രോമം മുളച്ചാല്‍ അതു നീക്കം ചെയ്യാം.


അബൂഷാമ പറഞ്ഞു :
“ താടി വടിക്കുന്ന ഒരു ജനത ഉണ്ടായിരിക്കുന്നു. അവർ മജൂസികളേക്കാൾ (അഗ്നിയാരാധകർ) മോശമാണു. മജൂസികൾ അതു വെട്ടിക്കളയുമായിരുന്നു. ”
( ഫത്‌ ഹുൽ ബാരി- 13: 352)
നിർബന്ധിതമായ കാരണങ്ങളാൽ താടി വടിച്ചേ മതിയാകൂ എന്ന് തീരുമാനിക്കാൻ തിടുക്കം കാട്ടുന്നവർ- വടിക്കാതെ ,ഡ്രിമ്മർ ഉപയോഗിച്ച് പറ്റെ വെട്ടി- താടി വടിക്കുക എന്ന പ്രവണതയിൽ നിന്ന് ഒഴിവാക്കാൻ ശ്രദ്ധിക്കുമല്ലോ!

മീശ വെട്ടണം.

ചുണ്ടിന്റെ ചുകപ്പ് വെളിവാകും വിധത്തില്‍ മീശ വെട്ടല്‍ സുന്നതാണ്. മീശ പൂര്‍ണമായി വടിച്ചുകളയല്‍  കറാഹത്താണ്. (തുഹ്ഫ 2/476)

അനസ് (റ) പറയുന്നു: 'മീശ വെട്ടുക, നഖം മുറിക്കുക, കക്ഷരോമം നീക്കുക, ഗുഹ്യരോമം നീക്കുക എന്നിവ നാൽ പ്പതു ദിവസത്തിലധികം നീട്ടിക്കൊണ്ടു പോകരുതെന്ന് മുസ്ലിംകൾക്ക് സമയം നിർണ്ണയിക്കപ്പെട്ടിരിക്കുന്നു. (മുസ്ലിം).

മീശ വെട്ടി ചുരുക്കൽ മനുഷ്യ പ്രകൃതിക്ക  അനുഗുണമാണ്.  കാരണം മീശ അൽപം വളർന്നാൽ പിന്നെ കൊഴിച്ചിലുണ്ടാകും. അത് ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും  നാം അറിയാതെ വയറിനകത്ത്‌ പോകും അത്  ആരോഗ്യപ്രശ്നങ്ങലുണ്ടാക്കും . അതിനാലാണ്  നബി [ സ ] ശുദ്ധമായ പ്രകൃതി ചര്യയാണ് നമ്മെ പഠിപ്പിച്ചത് .

കക്ഷ-ഗുഹ്യ രോമങ്ങൾ

 അബൂഹുറൈറ (റ) യിൽ നിന്നുദ്ധരിക്കപ്പെട്ട ഒരു ഹദീസിൽ നബി (സ) ഇപ്രകാരം പറഞ്ഞിരിക്കുന്നു. ' ശുദ്ധപ്രകൃതിയുടെ താൽപര്യം അഞ്ചു കാര്യങ്ങളാണ്. ചേലാകർമ്മം, ഗുഹ്യരോമം നീക്കൽ, മീശ വെട്ടൽ, നഖം മുറിക്കൽ, കക്ഷരോമം നീക്കൽ എന്നിവ.' (ബുഖാരി, മുസ്ലിം)

അനസ് (റ) പറയുന്നു: 'മീശ വെട്ടുക, നഖം മുറിക്കുക, കക്ഷരോമം നീക്കുക, ഗുഹ്യരോമം നീക്കുക എന്നിവ നാൽ പ്പതു ദിവസത്തിലധികം നീട്ടിക്കൊണ്ടു പോകരുതെന്ന് മുസ്ലിംകൾക്ക് സമയം നിർണ്ണയിക്കപ്പെട്ടിരിക്കുന്നു. (മുസ്ലിം)

 നസാഈ, അഹ്മദ്, അബൂദാവൂദ്, തിർമിദി എന്നിവരുടെ റിപ്പോർട്ടിൽ 'നബി (സ) ഞങ്ങൾക്ക് സമയനിർണ്ണയം ചെയ്തു തന്നിട്ടുണ്ട്' എന്ന് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

കക്ഷ രോമം ,ഗുഹൃ രോമം എന്നിവ നീക്കൽ സുന്നത്താണ്.വൃാഴാഴ്ച്ച ഉച്ചക്ക് ശേഷമോ ,വെളളിയാഴ്ച്ചയോ നീക്കലാണ് ഉത്തമം.നാൽപ്പത് ദിവസമെങ്കിലും ഈ രോമങ്ങൾ നീക്കാത്തവരുടെ ദുആക്ക് ഉത്തരം ലഭിക്കില്ലന്ന് പണ്ടിതൻമാർ പറഞ്ഞിട്ടുണ്ട്.

തലമുടി കളയൽ

തലമുടി കളയല്‍ നിരുപാധികം സുന്നത്തില്ല. എന്നാല്‍ കളയാധിരിക്കല്‍ കൊണ്ട് ബുദ്ധിമുട്ടുണ്ടാവുകയോ മുടി പരിപാലിച്ചു നിര്‍ത്താന്‍ പ്രയാസകരമാവുകയോ ചെയ്താല്‍ കളയല്‍ സുന്നത്താണ്.അതുപോലെ ഹജ്ജ്-ഉംറ, ഇസ്‌ലാം മതം സ്വീകരിക്കുക എന്നിവയുമായി ബന്ധപ്പെട്ടു തലമുടി കളയല്‍ സുന്നത്താണ്. പ്രസവിക്കപ്പെട്ട കുഞ്ഞിന്റെ മുടി കളയലും സുന്നത്താണ്. മുടി കളയാതിരിക്കല്‍ മോശമായി കണക്കാക്കപ്പെടുന്ന വേളയിലും കളയല്‍ സുന്നത്തുണ്ട്. (അലിയ്യുശബ്‌റാ മല്ലിസി (2/342 നോക്കുക.)

പുരികം വെട്ടൽ

സൗന്ദര്യവര്‍ദ്ധവിനുവേണ്ടി വെട്ടിയോ വടിച്ചോ പൂര്‍ണമായോ ഭാഗികമായോ പുരികം നീക്കുന്നത് നിഷിദ്ധമാണ്. പുരികം നീക്കുന്നവരെയും നീക്കിക്കൊടുക്കുന്നവരെയും അല്ലാഹു ശപിച്ചിരിക്കുന്നുവെന്ന്  പ്രവാചകന്‍ പറഞ്ഞിട്ടുണ്ട് (മുസ്‌ലിം: 2/205). എന്നാല്‍, വിവാഹിതയായ സ്ത്രീക്കു ഭര്‍ത്താവിന്റെ അനുമതിയോടെ സൗന്ദര്യവര്‍ദ്ധനവിനു വേണ്ടി പുരികങ്ങള്‍ വെട്ടി അലങ്കാരം നടത്താവുന്നതാണ് (ശര്‍വാനി: 2/128).  മുഖവിശാലതക്കും സൗന്ദര്യത്തിനുവേണ്ടി കഴനെറ്റിയുടെ അടുത്തുള്ള മൃതുലമായ രോമങ്ങള്‍ നീക്കുന്ന പതിവ് ചില സ്ത്രീകള്‍ക്കുണ്ട്. അറബ് നാടുകളിലാണത്രെ ഇത് കൂടുതലായി കാണപ്പെടുന്നത്. ഭര്‍തൃമതിക്കു മാത്രമേ ഇതും അനുവദനീയമാവൂ. അതുതന്നെ അയാളുടെ സമ്മതത്തോടെമാത്രം (ശര്‍വാനി: 2/128 കാണുക).

മുടി ക്രോപ്പ് ചെയ്യരുത് 

തലമുടി ഭാഗികമായി കളയുന്നത് കറാഹത്താണ്. ഇമാം ഇബ്‌നുഹജറുല്‍ അസ്ഖലാനി പറയുന്നു: ”തലമുടി മുഴുവനായി കളയണം. മുടി ക്രോപ് ചെയ്യുന്നത് നബി(സ്വ) വിരോധിച്ചതാണ് കാരണം” (ഫത്ഹുല്‍ബാരി 12/386). ഇബ്‌നു ഉമര്‍(റ)യില്‍ നിന്ന് നിവേദനം: ‘ക്രോപ് ചെയ്യുന്നത് നബി(സ്വ) വിരോധിക്കുന്നതായി ഞാന്‍ കേട്ടു’ (ബുഖാരി).

ഇമാം നവവി(റ) പറയുന്നു: ക്രോപ് എന്നാല്‍ കുട്ടിയുടെ തലമുടി ഭാഗികമായി കളയലാണ്. നാഫിഅ്(റ) ഇങ്ങനെ വിശദീകരിച്ചിട്ടുണ്ട്, അതാണ് പ്രബലം. ഇമാം അബ്ദുറസാഖ്(റ) തന്റെ മുസ്വന്നഫില്‍ ഉദ്ധരിക്കുന്നു: ‘ഒരു കുട്ടിയുടെ തലമുടി അല്‍പം കളഞ്ഞതായി നബി(സ്വ) കാണാനിടയായി. നബി(സ്വ) അതിനെതൊട്ട് അവരെ വിരോധിച്ചു. അവിടുന്ന് പറഞ്ഞു: ഒന്നുകില്‍ നിങ്ങള്‍ പൂര്‍ണമായും കളയുക, അല്ലെങ്കില്‍ പൂര്‍ണമായും ഉപേക്ഷിക്കുക’.
സിനിമകളിലും ചാനലുകളിലും പ്രത്യക്ഷപ്പെടുന്ന ഫാഷനുകള്‍ക്കൊപ്പിച്ച് മക്കളുടെ തലമുടിയും വസ്ത്രധാരണ രീതിയും രൂപപ്പെടുത്തുന്ന രക്ഷിതാക്കള്‍ ഇത് ഓര്‍ക്കണം. നബിചര്യയും കല്‍പനയും മറികടന്നുകൊണ്ടാണ് നിങ്ങള്‍ കളിക്കുന്നത്. ഇത് കുട്ടിയുടെ സ്വഭാവവും സംസ്‌കാരവും ദുഷിക്കാനാണ് ഇടവരുത്തുക.

വലിയ അശുദ്ധിയുടെ സമയം
വലിയ അശുദ്ധി സമയങ്ങളില്‍ ശരീരത്തില്‍നിന്ന് മുടി, നഖം പോലോത്തവ നീക്കം ചെയ്യാതിരിക്കല് സുന്നതാണ്.

നരച്ച മുടി പറിക്കരുത്.

ഇമാം നവവി (റ) പറയുന്നു : നരച്ച മുടി (രോമം) പറിക്കല്‍ കരാഹത്താണ് നബി(സ്വ) തങ്ങള്‍ പറഞ്ഞു "നിങ്ങള്‍ നെരച്ചതിനെ പറിക്കരുത്‌ അത് അന്ത്യ നാളില്‍ മുസ്ലിമിന്റെ പ്രകാശമാണ് " ഇമാം അബൂദാവൂദും മറ്റുള്ളവരും ഉദ്ധരിച്ച ഹദീസാണിത് . ഇപ്രകാരം നമുടെ അസ്ഹാബുകളും കറാഹത്താനെന്നാണ് പറഞ്ഞത് , ഇമാം ഗസ്സാലി (റ) യും ബഗവി (റ) യും അങ്ങനെ വ്യക്തമാക്കിയിട്ടുണ്ട് . ഇനി സ്വഹീഹും വ്യക്തവുമായ ഹദീസിന്റെ വിലക്കുണ്ടായതിനാല്‍ അത് ഹറാമാണെന്ന് പറയപ്പെട്ടാല്‍ ആ അഭിപ്രായവും വിദൂരമല്ല. (സ്വീകരിക്കാവുന്നതാണ്) നെരച്ചത് പറിക്കുന്നത്‌ താടിയില്‍ നിന്നായാലും തലയില്‍ നിന്നായാലും വിധി ഒന്നുതന്നെ. (ശറഹുൽ മുഹദ്ദബ്)

തലമുടി ചീകിവെക്കണം.

നബി (സ) പറഞ്ഞു :"മുടിയുള്ളവൻ അതിനെ ആദരിക്കട്ടെ".(അബൂദാവൂദ്‌)
 അനസുബ്നു മാലിക്ക്‌ (റ) പറയുന്നു :  നബി (സ)യുടെ മുടി ചീകിവെച്ചതായിരുന്നു. അത്‌ പൂർണ്ണമായും നിവർന്നതോ മുഴുവനായി ചുരുണ്ടതോ ആയിരുന്നില്ല. അത്‌ അവിടുത്തെ ഇരു ചെവികളുടേയും ചുമലിന്റേയും ഇടയിലായിരുന്നു.
(ബുഖാരി).
 അബൂഖതാദ (റ) പറയുന്നു : തന്റെ തലമുടി നീണ്ടു തോൾ വരെ എത്തിയിരുന്നു. അതിനേക്കുറിച്ച്‌ നബി (സ)യോട്‌ ചോദിച്ചു. അപ്പോൾ അതിനെ നല്ല നിലയിൽ പരിചരിക്കാനും എല്ലാ ദിനവും ചീകിവെക്കാനും അദ്ദേഹം കൽപ്പിച്ചു
  (നസാഇ)
എന്നാൽ അമിതമായി മുടി ചീകിയൊതുക്കുന്നതിനെ നബി (സ) നിരോധിച്ചു.  ഉബൈദ്‌ (റ) പറയുന്നു :  അമിതമായി തലമുടി ചീകുന്നത് നബി തങ്ങൾ വെറുത്തിരുന്നു.
(നസാഇ). 
അതുപോലെ മുടി ചീകുമ്പോൾ വലത്‌ ഭാഗത്ത്‌ നിന്നും ആരംഭിക്കുന്നതാണ് ഉത്തമം. ആയിശ (റ) പറയുന്നു :   നബി (സ) മുടി ചീകുന്നതിലും അംഗ സ്നാനത്തിലും കഴിയുന്നത്ര വലതുഭാഗത്ത്‌ നിന്ന് തുടങ്ങാൻ ഇഷ്ടപ്പെട്ടിരുന്നു.
(ബുഖാരി)

തിരുമുടി

ബർറാ (റ) പറയുന്നു; നബി (സ)ക്ക്‌ ചെവിക്കുന്നിയുടെ മേൽ മുടിയുണ്ടായിരുന്നു.(ബുഖാരി, മുസ്‌ലിം).  ആയിശ (റ) പറയുന്നു : നബി (സ)യുടെ തലമുടി 'വഫ്‌റത്തി'ന്റെ മേലെയും 'ജുമ്മത്തി'ന്റെ താഴെയുമായിരുന്നു.
(ലിമ്മത്ത്)
(അബൂദാവൂദ്‌, തുർ മുദി). ചെവിക്കുന്നിയിലേക്ക്‌ എത്തുന്ന മുടിക്ക്‌ 'വഫ്‌റത്ത്‌' എന്നും ചുമലിന്റെ അടുത്തേക്ക്‌ എത്താവുന്ന മുടിക്ക്‌ 'ജുമ്മത്ത്‌' എന്നും പറയുന്നു. (ഫത്‌ഹുൽബാരി)
മറ്റ് പല റിപ്പോർട്ടുകളും ഈ വിഷയത്തിലുണ്ട്.
അതിൽ നിന്നെല്ലാം മനസ്സിലാകുന്നത് ഈ മൂന്ന് രൂപത്തിലും(ജുമ്മത്ത,ലിമ്മത്ത്,വഫ്റത്ത്) പല സന്ദർഭങ്ങളിലായി നബി(സ) തങ്ങൾ മുടി വളർത്തിയിരുന്നു എന്നാണ്.