page

Friday, 23 March 2018

ഖാജാ മുഈനുദ്ദീന്‍ ചിശ്തി[റ]

സുല്‍ത്താനുല്‍ ഹിന്ദ് അജ്മീര്‍ ഖാജാ


ലോക പ്രശസ്ത തീര്‍ഥാടന കേന്ദ്രമാണ് അജ്മീര്‍. സുല്‍ത്താനുല്‍ ഹിന്ദ് (ഇന്ത്യന്‍ ചക്രവര്‍ത്തി) എന്ന അപരനാമത്തില്‍ വിശ്രുതനായ സൂഫി പ്രമുഖന്‍ ഖാജാ മുഈനുദ്ദീന്‍ ചിശ്തി യുടെ അന്ത്യവിശ്രമസ്ഥാനമാണ് അജ്മീര്‍. വിശുദ്ധ ജീവിതത്തിലൂടെ ആത്മീയ ചക്രവാളങ്ങള്‍ കീഴടക്കിയ ഖാജാ (റ) ലക്ഷങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കി. അശരണര്‍ക്കും അഗതികള്‍ക്കും താങ്ങും തണലുമായിരുന്ന ഖാജാ തങ്ങളുടെ പ്രബോധന കേന്ദ്രമായിരുന്ന അജ്മീര്‍ ജാതിമതഭേദമന്യേ ഇന്നും ലക്ഷങ്ങള്‍ക്ക് ആശ്വാസകേന്ദ്രമാണ്.

അസ്സയ്യിദ് ശൈഖ് മുഈനുദ്ദീന്‍ ഹസന്‍ (റ) ഹിജ്‌റ 522 ല്‍ ഇറാനിലെ സജിസ്ഥാനിലാണ് ജനിച്ചത്. പണ്ഡിതനും ധര്‍മിഷ്ഠനുമായിരുന്ന പിതാവ് സയ്യിദ് ഗിയാസുദ്ദീന്‍ സന്‍ജരിയുടെ ശിക്ഷണത്തിലാണ് പ്രാഥമിക പഠനം. ഒരിക്കല്‍ അദ്ദേഹം തോട്ടം നനച്ചുകൊണ്ടിരിക്കെ, സദ്‌വൃത്തരില്‍പെട്ട ശൈഖ് ഇബ്‌റാഹീം അവിടേക്ക് കടന്നുവന്നു. അദ്ദേഹത്തെ സ്വീകരിച്ച ഖാജ പഴങ്ങളും മറ്റും നല്‍കി ആദരിച്ചു. ഈ സംഭവം ഖാജയുടെ ഉയര്‍ച്ചയുടെ നിമിത്തമായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. ശൈഖ് ശിഹാബുദ്ദീന്‍ ശാലിയാത്തി മവാഹിബുര്‍റബ്ബില്‍ മതീന്‍ എന്ന രിസാലയില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.

ഖാജായുടെ സ്വഭാവത്തില്‍ സന്തുഷ്ടനായ ശൈഖ് തന്റെ ഭാണ്ഡത്തില്‍ നിന്ന് ഒരു പഴം നല്‍കി. ഇത് ഭക്ഷിച്ച ശേഷം ഈ ബാലനില്‍ വലിയ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. ഭൗതികാഢംബരങ്ങളോട് വിരക്തി തോന്നിയ ഖാജാ തന്റെ മുഴുവന്‍ സമ്പത്തും ദാനം ചെയ്തു. ശൈഖ് നിസാമുദ്ദീന്‍ (റ)വില്‍ നിന്ന് വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കുകയും മതവിജ്ഞാനങ്ങളില്‍ അവഗാഹം നേടുകയും ചെയ്തു. ശേഷം ഇറാഖില്‍ ശൈഖ് ഉസ്മാന്‍ ഹാറൂനി (റ)യുടെ ശിഷ്യത്വം തേടി 20 വര്‍ഷം കഴിച്ചുകൂട്ടി. ശൈഖ് ഉസ്മാന്‍ (റ)വിനെ ബൈഅത്ത് ചെയ്ത് സ്ഥാനവസ്ത്രം (ഹിര്‍ക) സ്വീകരിച്ച് വിഖ്യാതമായ ചിശ്തി ത്വരീഖത്തില്‍ പ്രവേശിച്ചു.

ശൈഖ് ഖാജാ പിന്നീട് നൂഹ് നബിയുടെ കപ്പല്‍ കരക്കടിഞ്ഞ ജൂദി പര്‍വതത്തിലെത്തി. ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനിയുമായികണ്ടു. ആത്മജ്ഞാനം സ്വന്തമാക്കികൊണ്ട് ഏഴ് മാസത്തോളം കഴിഞ്ഞു. ശൈഖ് ശിഹാബുദ്ദീന്‍ സുഹ്‌റവര്‍ദി, ശൈഖ് ളിയാഉദ്ദീന്‍ (റ), ശൈഖ് യൂസുഫുല്‍ ഹമദാനി തുടങ്ങി നിരവധി ആത്മജ്ഞാനികളുമായി ബന്ധപ്പെടുകയും ആശീര്‍വാദങ്ങള്‍ നേടുകയും ചെയ്തു.
നിരവധി അസാധാരണ സംഭവങ്ങള്‍ ഖാജയുടെ ചരിത്രത്തില്‍ കാണാം. മരിച്ച മകനെ അല്ലാഹുവിന്റെ അനുമതിയില്‍ തിരിച്ചുവിളിച്ചതും അഗ്നി ആരാധകരെ വെല്ലുവിളിച്ചുകൊണ്ട് ഒരു ചെറുപ്പക്കാരനെ തീയില്‍ കിടത്തി ഒരു പോറലുമേല്‍പ്പിക്കാതെ തിരിച്ചുവിളിച്ചതും അക്രമിയായ രാജാവ് നിഷ്‌കരുണം വധിച്ച ചെറുപ്പക്കാരനെ എഴുന്നേല്‍പ്പിച്ചതുമെല്ലാം ഖാജയുടെ കറാമത്തുകളില്‍ ചിലതാണ്. നിരവധി അവിശ്വാസികള്‍ ഇത്തരം കറാമത്തുകളിലൂടെ ഇസ്‌ലാമിലേക്ക് കടന്നുവന്നു.

ഒരിക്കല്‍ നബി(സ)യെ സിയാറത്ത് ചെയ്ത് വിശ്രമത്തിനിടെ ഉറങ്ങിപ്പോയ ഖാജാ (റ)വിന് സ്വപ്‌നദര്‍ശനമുണ്ടായി. നബി(സ)നിര്‍ദേശിച്ചു. നിങ്ങള്‍ ഹിന്ദുസ്ഥാനിലേക്ക് പുറപ്പെടുക, അവിടെ വിശ്വാസത്തിന്റെ വെളിച്ചം പകരുക. ഈ നിര്‍ദേശം ചുമലിലേറ്റിയ ശൈഖ് 40 അനുയായികള്‍ക്കൊപ്പം ഹിജ്‌റ 561 മുഹര്‍റം മാസത്തില്‍ ഇന്ത്യയിലേക്ക് യാത്ര തിരിച്ചു അജ്മീറിലെത്തി. ഉത്തരേന്ത്യയില്‍ രജപുത്ര രാജാക്കന്മാരുടെ ഭരണകാലമായിരുന്നു അത്.

അത്ഭുത സംഭവങ്ങളും വ്യക്തിവൈശിഷ്ട്യവും ആകര്‍ഷണീയമായ പെരുമാറ്റച്ചട്ടങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കാരണം നിരവധി പേര്‍ ഇസ്‌ലാമിലേക്കാകര്‍ഷിക്കപ്പെട്ടുവെന്നതിന് ചരിത്രം സാക്ഷിയാണ്. ഹിജ്‌റ 633 റജബ് ആറിന് തിങ്കളാഴ്ചയാണ് മഹാന്‍ ഈ ഭൗതിക ലോകത്തോട് വിട പറയുന്നത്. ആ ദിവസം പൂര്‍ണമായും വാതിലടച്ചു കഴിയുകയായിരുന്നു. വാതില്‍ തുറന്നുനോക്കിയപ്പോള്‍ പുറത്ത് കാത്തിരുന്ന സ്‌നേഹജനങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത് നെറ്റിത്തടത്തില്‍ പ്രകാശത്താല്‍ എഴുതപ്പെട്ട ഒരു ലിഖിതമായിരുന്നു. ഹാദാ ഹബീബുല്ലാഹി, മാത്ത ഫീ ഹുബ്ബില്ലാഹ് (അല്ലാഹുവിന്റെ ഹബീബ് ഇതാ, അവന്റെ പ്രീതിയിലായി മരിച്ചിരിക്കുന്നു. (മവാഹിബു റബ്ബില്‍ മത്തീന്‍, പേജ് 26).

© #SirajDaily | Read more @ http://www.sirajlive.com/2018/03/24/314825.html


🔚🔚🔚🔚🔚🔚🔚🔚🔚🔚

അജ്മീർ ഖാജ (റ) ചരിത്രം
🌷🌷🌷🌷🌷🌷🌷🌷🌷
ഇറാനിലെ സഞ്ചർ എന്ന ഗ്രാമത്തിൽ ഹസ്രത്ത് ഗിയാസുദ്ദീൻ (റ)വിന്റെയും ഉമ്മുൽവറ മാഹിനൂർ ബീവി (റ) യുടെയും സ്നേഹമസ്രണമായ ദാമ്പത്യജീവിതത്തിൽ ഒരു ആൺകുഞ്ഞ് ജനിച്ചു . ഹിജ്റ 537 റജബ് 14ന്നായിരുന്നു അത് .ഈ കുഞ്ഞാണ് പിൽകാലത്ത് ലോകപ്രശസ്തനായിത്തീർന്ന ഹസ്രത്ത് ഖാജാമുഈനുദ്ദീൻ ചിശ്ത്തീ(റ).പണ്ഡിതനും സൂഫിവര്യനുമായിരുന്ന ഗിയാസുദ്ദീൻ (റ) ഒരു കച്ചവടക്കാരനായിരുന്നു .കച്ചവട സൗകര്യാർത്ഥം അദ്ദേഹം സ്വദേശമായ സഞ്ചറിൽ നിന്ന് സിജിസ്താനിലേക്ക് താമസം മാറ്റി. സൽജൂഖിയ ഭരണം ബലഹീനമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമായിരുന്നു അത് .ഈ ബലക്ഷയം മനസ്സിലാക്കിയ താർത്താരികൾ വലിയൊരു സൈന്യത്തോടുകൂടി സൽജൂഖിയയെ ആക്രമിച്ചു. സൽജൂഖിയാ സൈന്യവും താർത്താരികളും തമ്മിൽ പോരാട്ടം അതിരൂക്ഷമായിരുന്നു .സീസ്താനിലെ ഭരണാധികാരി സൻജൂഖിയയെ സഹായിക്കാൻ സൈന്യസമേതം വന്നെങ്കിലും താർത്താരികളുടെ ചെറുത്ത്നിൽപ്പ് കാരണം ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഈ ഘോര സമരത്തിൽ താർത്താരികളെയാണ് വിജയം തുണച്ചത്. സൽജൂഖിയ, താർത്താരികളുടെ ആധിപത്യത്തിൻ കീഴിലായിരുന്നു .ഈ ഘട്ടത്തിൽ അവിടെ നിന്നു രക്ഷപ്പെടാൻ വേണ്ടി ഹസ്രത്ത് ഗിയാസുദ്ദീൻ (റ) തന്റെ സ്വദേശമായ സഞ്ചറിലേക്ക് തന്നെ മടങ്ങി. അതിനിടക്കാണ് അദ്ദേഹത്തിനു കുഞ്ഞു പിറന്നത്. കുഞ്ഞിന് ഹസൻ എന്നാണ് പിതാവ് പേര് നൽകിയതെങ്കിലും പിൽക്കാലത്ത് ഖാജാ മുഈനുദ്ദീൻ എന്ന പേരിലാണദ്ദേഹം അറിയപ്പെട്ടത്. ആയിടയ്ക്കാണ് ഇറാനിൽ വ്യാപകമായ കലാപം പൊട്ടിപുറപ്പെട്ടത്. തന്നിമിത്തം ഗിയാസുദ്ദീനും കുടുംബവും സ്വദേശം വിട്ട് ഖുറാസാനിലേക്ക് മാറിത്താമസിച്ചു.

‬: ഭാഗം 2

അജ്മീർ ഖാജ (റ) ചരിത്രം
🌾🌾🌾🌾🌾🌾🌾🌾🌾
ഖാജാ മുഈനുദ്ദീൻ ചിശ്ത്തി(റ) പ്രാഥമിക വിദ്യാഭ്യാസം നേടിയത് ഖുറാസാനിൽ വെച്ചാണ്. പണ്ഡിതനും സൂഫിവര്യനുമായ പിതാവ് തന്നെയാണ് അതിന് മേൽനോട്ടം വഹിച്ചത് .പിന്നീട് ഹസ്രത്ത് ഹുസാമുദ്ദീൻ (റ)യുടെ സന്നിധിയിൽ വെച്ച് വിശുദ്ധ ഖുർആൻ ഹൃദിസ്ഥമാക്കി. തുടർന്ന് ഫാർസി,അറബി തുടങ്ങിയ ഭാഷകൾ അഭ്യസിച്ചു. ഖുർആൻ,ഹദീസ്,ഫിഖ്ഹ്, മൻത്വിഖ് തുടങ്ങിയ അനേകം വിജ്ഞാന ശാഖകളിൽ അദ്ദേഹം വ്യുൽപത്തി നേടിയ ഹസ്രത്ത് ഖാജാമുഈനുദ്ദീൻ ചിശ്ത്തി (റ) തന്റെ വിദ്യാഭ്യാസ കാര്യങ്ങൾക്കു വേണ്ടി വർഷങ്ങളോളം ചിലവഴിച്ചു .

എന്നാൽ തങ്ങളുടെ പൊന്നോമന പുത്രനെ അധികകാലം ലാളിച്ചു വളർത്താൻ ആ മാതാപിതാക്കൾക്ക് യോഗമുണ്ടായില്ല. ഖാജാ മുഈനുദ്ദീൻ (റ) വിന് 14 വയസ്സ് പ്രായമായപ്പോൾ അദ്ദേഹത്തിന്റെ വന്ദ്യ പിതാവ് ഗിയാസുദ്ദീൻ (റ) ഈ ലോകത്തോട് വിടപറഞ്ഞു. ഹിജ്റ 551-ൽ ആയിരുന്നു അത്. അധികം താമസിയാതെ അദ്ദേഹത്തിന്റെ വന്ദ്യമാതാവ് മാഹിനൂർ ബീവിയും ഈ ലോകത്തോടു വിട പറഞ്ഞു

: ഭാഗം -3⃣
അജ്മീർ ഖാജ ചരിത്രം തുടരുന്നു
🕌🕌🕌🕌🕌🕌🕌

മാതാവിന്റെയും പിതാവിന്റെയും പരിപാലനം ഇളംപ്രായത്തിൽ തന്നെ നഷ്ടപ്പെട്ട ഖാജാ മുഈനുദ്ദീൻ ചിശ്ത്തി അവർകൾ വിശ്വാസ ദാർഢ്യത്തോടൊപ്പം ക്ഷമയും സഹനവും കൈമുതലാക്കി ജീവിച്ചു. പിതൃസ്വത്തായി ഒരു മുന്തിരിതോട്ടവും ഒരു ആസ്സ്കല്ലും കുറച്ചു പണവും ലഭിച്ചു. പണമെല്ലാം അദ്ദേഹം ദീനിയ്യായ ആവശ്യത്തിനുവേണ്ടി ചിലവഴിച്ചു. തന്റെ ഉപജീവനമാർഗത്തിന് മുന്തിരിത്തോട്ടവും ആസ്സ്കല്ലും മതിയെന്ന് അദ്ദേഹം വിചാരിച്ചു. മുന്തിരിത്തോട്ടത്തിലെ ജോലിയെല്ലാം അദ്ദേഹം തന്നെയാണ് നിർവ്വഹിച്ച് പോന്നിരുന്നത്. തൊഴിലിന് ഇസ്ലാം കൽപിച്ച മഹത്വം അദ്ദേഹം ശരിക്കും മനസ്സിലാക്കിയിരുന്നു. ഇതിനിടക്കാണ് സവിശേഷമായ ഒരു സംഭവം ഉണ്ടായത്.

പ്രസിദ്ധ സൂഫിവര്യനായിരുന്ന ഹസ്രത്ത് ഇബ്രാഹിം ഖൻദൂസി(റ) ഒരു ദിവസം ഖാജാമുഈനുദ്ദീൻ(റ)യുടെ മുന്തിരിത്തോപ്പിലേക്ക് കടന്നുവന്നു . ഖാജാ (റ) അദ്ദേഹത്തെ അത്യാവേശപൂർവം സ്വീകരിച്ചിരുത്തി. കഴിക്കാൻ കുറച്ച് കാരക്ക എടുത്തു കൊടുത്തു. അദ്ദേഹം കാരക്ക ഭക്ഷിച്ചു. അതിനുശേഷം തന്റെ സഞ്ചിയിൽ നിന്ന് ഒരു ഉണങ്ങിയ റൊട്ടിക്കഷ്ണമെടുത്ത് ഖാജാ മുഈനുദ്ദീൻ (റ) വിന് നൽകി. റൊട്ടിക്കഷ്ണം ഖൻദൂസി(റ) വായിലിട്ട് ചവച്ചതിനു ശേഷമാണ് നല്കിയത് . ഖാജ (റ) സന്തോഷപൂർവ്വം അത് വാങ്ങി കഴിച്ചു. അതിനുശേഷം ആത്മീയകാര്യങ്ങളെകുറിച്ച് ഖൻദൂസി (റ) ഒരു ലഘു ഉപദേശം നടത്തി. അപ്പോൾ ഖാജ മുഈനുദ്ദീൻ (റ)യുടെ മനസ്സിൽ എന്തെന്നില്ലാത്ത ചില പ്രവർത്തനങ്ങൾ ദൃശ്യമായി. അല്ലാഹുവിനോടുള്ള ഇശ്ഖിന്റെയും, തഖ്‌വയുടെയും, ദിവ്യശോഭയാൽ അദ്ദേഹത്തിന്റെ ഹൃദയം പ്രകാശസമാനമായി. ഭൗതിക സുഖാനുഭൂതികളോട് വെറുപ്പും ദേഷ്യവും തോന്നി . വിജ്ഞാനം, സൽക്കർമ്മങ്ങൾ,സുഹ്ദ് , എന്നിവയിലായി ആത്മീയ ജീവിതത്തോട് ആഗ്രഹം വർദ്ധിച്ചു വന്നു. ഖാജാമുഈനുദ്ദീൻ ചിശ്ത്തി (റ)യുടെ ജീവിതത്തിൽ ഇതൊരു പ്രധാന വഴിത്തിരിവായിരുന്നു. നശ്വരമായ ഈ ലോകവുമായുള്ള ഭൗതികബന്ധം പൂർണ്ണമായി അദ്ദേഹം ഉപേക്ഷിച്ചു. തന്റെ വിലപ്പെട്ട മുന്തിരി തോട്ടം സാധുക്കൾക്കായി അദ്ദേഹം ദാനം ചെയ്തു. ഹസ്രത്ത് ഖാജാ മുഈനുദ്ദീൻ (റ) പിന്നീടുള്ള ജീവിതം ആത്മീയോൽക്കർഷത്തിന്റെ പാതയിലൂടെയുള്ള പ്രയാണമായിരുന്നു.

ഭാഗം 4⃣
അജ്മീർ ഖാജ ചരിത്രം തുടരുന്നു.........

ആത്മീയ ദർശനത്തിൽ ഉന്നത നിലവാരത്തിലെത്തിയ ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ) ഒരിക്കൽ റസൂൽ (സ) തങ്ങളെ സ്വപ്നത്തിൽ ദർശിക്കുകയുണ്ടായി.
എന്റെയടുത്തേക്ക് വരണമെന്നായിരുന്നു ആ ദർശന സന്ദേശം.
റസൂൽ (സ)യുടെ വിളിക്കുത്തരം ചെയ്തുകൊണ്ട് അദ്ദേഹം മക്കയിലേക്ക് പുറപ്പെട്ടു. ത്വവാഫും മറ്റും നിർവഹിച്ചുകൊണ്ട് കുറച്ചുനാൾ അവിടെ കഴിച്ചുകൂട്ടി. പിന്നീട് റസൂൽ (സ)യുടെ പുണ്യ റൗളയിലെത്തിച്ചേർന്നു. ദിവസങ്ങളോളം അവിടെ റൗളാശരീഫിന് സമീപം താമസിച്ചു. ഒരു രാത്രി ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ) പതിവുപ്രകാരം റൗളാശരീഫിനടുത്ത് ഇബാദത്തിൽ മുഴുകി കഴിയുകയായിരുന്നു. പെട്ടെന്ന് റൗളാശരീഫിൽ നിന്ന് ഒരശരീരി...
يا معين ددين
انت سلطانلهند
...ഓ മുഈനുദ്ദീൻ! താങ്കളെ നാം ഇന്ത്യയിലെ സുൽത്താനായി നിശ്ചയിച്ചിരിക്കുന്നു!!! താങ്കൾ അജ്മീറിൽ പോവുക. താങ്കളുടെ വാസസ്ഥലവും ഖബർസ്ഥാനവും അവിടെത്തന്നെയാണ് .അവിടെചെന്ന് ഇസ്ലാം മത പ്രബോധനം നടത്തുക........

നബി (സ) തങ്ങൾ ഖാജാ മുഈനുദ്ദീൻ
ചിശ്ത്തിയോട് ഇന്ത്യയിൽ ചെന്ന് ഇസ്ലാം മത പ്രബോധനം ചെയ്യാൻ ആജ്ഞാപിക്കുകയായിരുന്നു. മുൻപരിചയമില്ലാത്ത അജ്മീർ പ്രദേശം നബി (സ) മുറാഖബ യിലൂടെ അറിയിച്ചു കൊടുക്കുകയും ചെയ്തു

ഭാഗം 5⃣
അജ്മീർ ഖാജ ചരിത്രം തുടരുന്നു......
🕌🕌🕌🕌🕌🕌

റസൂൽ (സ)യുടെ ആത്മീയ നിർദ്ദേശമനുസരിച്ച് ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ) ഇന്ത്യയിലേക്ക് യാത്ര പുറപ്പെട്ടു. കൂടെ ധർമ്മ ധീരരും സദ് വൃത്തരുമായ നാൽപത് മുരീദുമാരുമുണ്ടായിരുന്നു. ബുഖാറ, ഡമസ്കസ്, ധിസ്നീൻ, ലാഹോർ, ബൽഖ് തുടങ്ങിയ രാജ്യങ്ങൾ വഴിയാണ് ശൈഖും മുരീദുമാരും യാത്ര ചെയ്തത്. യാത്രാ മദ്ധ്യേ പല ഔലിയാക്കളെയും കാണുകയും പല മഖ്ബറകളും സന്ദർശിക്കുകയും ചെയ്തു. പുണ്യാത്മാക്കളിൽ നിന്നും വിജ്ഞാനങ്ങളും അനുഗ്രാഹാശിസ്സുകളും നേടിക്കൊണ്ട് അവർ ലാഹോറിലെത്തിച്ചേർന്നു. കുറച്ചുനാൾ അവിടെ തങ്ങി. പ്രസിദ്ധ വലിയ്യും "ദാദാഗഞ്ച് ബഖ്ഷ് " എന്നപേരിൽ അറിയപ്പെട്ടിരുന്നവരുമായ അലിയ്യുബ്നു ഉസ്മാൻ (ഖ.സി) എന്നിവരുടെ വഫാത്തിന്റെ ഉടനെയാണ് ഖാജാ മുഈനുദ്ദീൻ ചിശ്ത്തിയും സംഘവും അവിടെ എത്തിയത് . അവർ പ്രസ്തുത മഹാന്റെ മഖ്ബറയിൽ കുറച്ചു ദിവസം താമസിക്കുകയും പിന്നീട് ഇന്ത്യയിലേക്ക് പോരുകയും ചെയ്തു.

ഖാജാ മുഈനുദ്ദീൻ ചിശ്ത്തിയും സംഘവും ലാഹോറിൽ നിന്ന് നേരെ ഡൽഹിയിലാണ് എത്തിച്ചേർന്നത്. ഖാജാ മുഈനുദ്ദീൻ(റ)വിന്റെ ആഗമനത്തിനു മുമ്പ് ഡൽഹി ഒരു രണഭൂമിയായിരുന്നു. ഏതാനും വർഷങ്ങളായി പൃഥിരാജന്റെയും ശിഹാബുദ്ദീന്റെയും അനുയായികൾ തമ്മിൽ അതി ഘോരമായ ഏറ്റുമുട്ടൽ നടന്നുവരികയായിരുന്നു. അക്കാരണം കൊണ്ടു തന്നെ മുസ്ലീംകളോട് ഹിന്ദുക്കൾക്ക് വലിയ വെറുപ്പും വൈരാഗ്യവും ഉണ്ടായിരുന്നു. ഈ സമയത്താണ് ഖാജാ മുഈനുദ്ദീൻ(റ)വും സംഘവും ഡൽഹിയിലെത്തിച്ചേരുന്നത്. എന്നാൽ അചഞ്ചലമായ ഈമാനികാവേശത്തിന്റെയും ആത്മീയ ചൈതന്യത്തിന്റെയും പ്രതീകമായ ഖാജാ മുഈനുദ്ദീൻ (റ) വിന്റെ മാതൃകാപരവും ഉൽകൃഷ്ടവുമായ ജീവിത രീതിയിൽ ആകൃഷ്ടരായ പല അമുസ്ലീംകളും ക്രമേണ ഇസ്ലാം മതംസ്വീകരിക്കുകയാണുണ്ടായത്.

ഡൽഹിയിൽ നിന്ന് യാത്ര തിരിക്കും മുമ്പ് ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ) തന്റെ പ്രധാന മുരീദായ ഖാജാ ഖുതുബുദ്ദീൻ ബഖ്ത്തിയാർ കാക്കി (റ)വിനെ ഡൽഹിയിലെ പ്രതിനിധിയായി നിയമിച്ചു. ആത്മീയധൈര്യവും സത്യസന്ധതയും കൈമുതലാക്കി മത പ്രബോധനം നടത്താൻ അദ്ദേഹത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. ഡൽഹിയിൽ നിന്ന് സോണിപ്പത്ത് എന്ന ഗ്രാമത്തിലേക്കാണ് ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ) നേരെ പോയത്. അവിടെയുള്ള ദർഗ്ഗാശരീഫിൽ ഏതാനും ദിവസം താമസിച്ചു. സയ്യിദ് നാസിറുദ്ദീൻ എന്ന മഹാത്മാവാണവിടെ അന്ത്യവിശ്രമം കൊള്ളുന്നത്. ശേഷം പാട്യാലയിലെ നാർണൂർ എന്ന സ്ഥലത്തേക്കും അവിടെനിന്ന് സമാന ഏന്ന സ്ഥലത്തേക്കും ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ)പോയി. സമാന യിലെത്തിയ ഖാജാ മുഈനുദ്ദീൻ ചിശ്ത്തിയെ അവിടുത്തുകാർ വളരെയധികം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തു. അജ്മീറിലെ പൃത്വീരാജയുടെ ഭരണപരിധിയിലുള്ള ഒരു പ്രദേശമായിരുന്നു സമാന. അവിടുത്തുകാർ മാരണ വിദ്യയിൽ അതീവ നിപുണരായിരുന്നു. സ്ത്രീകൾക്കു പോലും സിഹ്റ് വിദ്യകൾ നന്നായി അറിയുമായിരുന്നു. അന്ന് അജ്മീർ എന്ന പ്രദേശം ഭരിച്ചിരുന്ന പൃഥ്വിരാജിന്റെ മാതാവ് മാരണ വിദ്യയിലും , ഗണിതശാസ്ത്രത്തിലും ഉള്ള പാടവം വെച്ചുകൊണ്ട് ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ)യുടെ ആഗമനത്തിനു മുമ്പ് ഒരിക്കൽ ഇങ്ങിനെ പറഞ്ഞു. അടുത്ത കാലത്ത് അറേബ്യയിൽ നിന്ന് പ്രഗൽഭനായ ഒരു മുസ്ലിം പണ്ഡിതൻ ഇവിടെ വരും. അത് നിന്റെ നാശത്തിന് കാരണമായിത്തീരും. അദ്ദേഹം നിന്റെ അധികാരം കൈവശപ്പെടുത്തും. ഈ വചനം പൃത്വീരാജൻ ഒരു മുന്നറിയിപ്പായി കരുതി. തന്റെ ഭരണപ്രദേശത്തിന്റെ എല്ലാ അതിർത്തികളിലും കാവൽക്കാരെ ഏർപ്പെടുത്തി. അറേബ്യയിൽ നിന്നു വരുന്ന ആരെയും അജ്മീറിലേക്ക് കടക്കാൻ അനുവദിക്കരുതെന്ന് കാവൽക്കാർക്ക് അദ്ദേഹം കർശനമായി നിർദ്ദേശം നൽകി. എന്നാൽ പ്രത്വീരാജന്റെയും അനുയായികളുടെയും പദ്ധതികളെക്കുറിച്ച് ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ) വിന് അല്ലാഹു നേരത്തെ വിവരം നൽകിയിരുന്നു. അവരുടെ കുതന്ത്രങ്ങളൊന്നും ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ)വിനെ, തന്റെ ലക്ഷ്യത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ പര്യാപ്തമായില്ല. ഇനി അൽപം പോലും വൈകിക്കൂടാ എന്ന് മനസ്സിലാക്കിയ ഖാജാ മുഈനുദ്ദീനും സംഘവും അജ്മീറിലേക്ക് പുറപ്പെട്ടു...

‬: ഭാഗം 6⃣
അജ്മീർ ഖാജാ(റ) ചരിത്രം തുടരുന്നു...
☘🌸🌸🌸🌸☘🌸🌸🌸

സത്യ നിഷേധവും അരാജകത്വവും കൊടികുത്തി വാണിരുന്ന ഒരു കാലത്താണ് ഹസ്രത്ത് ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ) അജ്മീറിലെത്തുന്നത്. പൃഥ്വിരാജായിരുന്നു അവിടുത്തെ ഭരണാധികാരി. അജനാമി എന്നു പേരുള്ള ഒരു ഭരണാധികാരി സംവിധാനിച്ചു നിർമിച്ചതാണ് അജ്മീർ പട്ടണം. ഈ പുരാതന പട്ടണത്തിന്റെ ചില അവശിഷ്ടങ്ങൾ താരാഘഡ് പർവതത്തിന്റെ താഴ് വരയിൽ ഇന്നും കാണപ്പെടുന്നുണ്ട്. വിജ്ഞാന സമ്പാദനത്തിനും, ആത്മീയോൽക്കർഷത്തിനും വേണ്ടിയുള്ള ഏറെക്കാലത്തെ ദീർഘ യാത്രക്ക് ശേഷം ഹിജ്റ 561 മുഹർറം പത്തിനാണ് ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ) അജ്മീറിൽ എത്തിയത്. അവിടെ വിജനമായ ഒരു സ്ഥലത്തുള്ള മരച്ചുവട്ടിൽ അവർ ഇരുന്നു. ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ) അജ്മീറിലെത്തിയ ശേഷം ആദ്യമായി ഇറങ്ങി സങ്കേതമാക്കിയ ആ മരച്ചുവട് രാത്രി സമയങ്ങളിൽ പൃഥി രാജന്റെ ഒട്ടകങ്ങൾ താമസിക്കുന്ന സ്ഥലമായിരുന്നു. ഒട്ടകങ്ങളെ മേയ്ക്കുന്ന പാലകർക്ക് ഖാജയുടെ ഈ ഇരുത്തം ഒട്ടും ഇഷ്ടപ്പെട്ടില്ല. രോഷാകുലരായ അവർ അവിടെ നിന്ന് എഴുന്നേറ്റു പോകാൻ ഖാജാ മുഈനുദ്ദീൻ (റ) വിനോട് ആവശ്യപ്പെട്ടു. അവർ പലവിധ അസഭ്യങ്ങളും വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. ഒടുവിൽ ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ)പറഞ്ഞു : ശരി, ഞങ്ങൾ പോയ്ക്കൊള്ളാം ; ഒട്ടകങ്ങൾ അവിടെ കിടക്കട്ടെ !!
ഇതും പറഞ്ഞ് ഖാജാ മുഈനുദ്ദീൻ (റ) വും ശിഷ്യന്മാരും അനാസാഗർ തടാകത്തിന്റെ സമീപത്തേക്ക് നീങ്ങി. അന്നു വൈകുന്നേരം ഒട്ടക പരിപാലകർ പതിവു പ്രകാരം ഒട്ടകങ്ങളെ അവിടെ കെട്ടിയിട്ടിരുന്നു. അടുത്ത ദിവസം ഒട്ടകങ്ങളെ കെട്ടഴിച്ചു കൊണ്ട് പോകാനൊരുങ്ങിയപ്പോഴാണ് അവർ അന്തം വിട്ടുപോയത്. ഒട്ടകങ്ങളൊന്നും എഴുന്നേൽക്കുന്നില്ല. ഒട്ടകങ്ങൾ അവിടെ കിടക്കട്ടെ എന്ന ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ) വിന്റെ വാക്കിന്റെ പ്രതിഫലനമായിരുന്നു അത്.
ഒട്ടകങ്ങൾ പിന്നെ എഴുന്നേൽക്കാൻ കൂട്ടാക്കിയില്ല. ഒട്ടകപാലകർ പൃഥിരാജനെ വിവരമറിയിച്ചു.

വിവരമറിഞ്ഞ പാടെ പൃഥിരാജന്റെ സ്മരണയിൽ ഓടിയെത്തിയത് മാതാവിന്റെ പ്രവചനമായിരുന്നു. അവിടെ ഇന്നലെ ആരെങ്കിലും വന്നിരുന്നോ? പൃഥിരാജൻ ചോദിച്ചു .

ഒരു ഫക്കീറും കുറെ ആൾക്കാരും വന്നിരുന്നു; അവർ പറഞ്ഞു.
മരച്ചുവട്ടിൽ വിശ്രമിക്കുകയായിരുന്ന അവരെ ഞങ്ങൾ തടഞ്ഞു. അപ്പോഴവർ അനാസാഗർ തടാകത്തിനടുത്തേക്ക് താമസം മാറ്റി.
ശരി, അതുകൊണ്ട് തന്നെയാണ് ഒട്ടകങ്ങൾ എഴുന്നേൽക്കാത്തത്. നിങ്ങൾ ഉടനെ അയാളുടെ അടുത്ത് ചെന്ന് ക്ഷമ ചോദിക്കുക !! പൃഥിരാജൻ ഒട്ടകപാലരോട് പറഞ്ഞു .

അവർ ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ) വിന്റെ അടുത്തുചെന്ന് മാപ്പിരന്നു. ഖാജാ(റ) പറഞ്ഞു : നിങ്ങൾ പോയ്ക്കൊള്ളുക! അല്ലാഹുവിന്റെ നിശ്ചയമുണ്ടെങ്കിൽ ഒട്ടകങ്ങൾ എഴുന്നേറ്റു കൊള്ളും . അതുകേട്ടു മടങ്ങിപ്പോയ അവർ ചെന്നു നോക്കുമ്പോൾ ഒട്ടകങ്ങളെല്ലാം എഴുന്നേറ്റു നിൽക്കുന്നതാണ് കാണാൻ കഴിഞ്ഞത്.
ഇതോടെ ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ) നോട് ശത്രുത പുലർത്തിയിരുന്ന പൃഥിരാജന്റെയും, അനുയായികളുടെയും എല്ലാ കുതന്ത്രങ്ങളും നിഷ്ഫലമായി. അവരുടെ ആദ്യനീക്കം തന്നെ അവർക്ക് തിരിച്ചടിയായിത്തീരുകയാണ് ഉണ്ടായത്.

‬: ഭാഗം -7⃣

അജ്മീർ ഖാജാ ചിശ്ത്തി (റ)
ചരിത്രം തുടരുന്നു
💢💢💢💢💢💢💢💢
ആറു ഫർലോങ് നീളവും മൂന്ന് ഫർലോങ് വീതിയുമുള്ള തടാകമാണ് അനാസാഗർ. മാത്രവുമല്ല, അതിന്റെ മൂന്നുഭാഗവും പർവ്വതങ്ങളാകുന്നു. തടാകത്തിന്റെ നാനാ ഭാഗത്തും ഒട്ടനേകം ക്ഷേത്രങ്ങളുണ്ടായിരുന്നു. ഈ ക്ഷേത്രങ്ങൾ പരിപാലിക്കാനും അവിടെ പൂജാകർമ്മങ്ങൾ നടത്തുവാനുമായി ധാരാളം ധാരാളം പൂജാരിമാരെ പൃഥ്വി രാജാവ് നിയമിച്ചിരുന്നു. ക്ഷേത്രങ്ങളുടെ ആവശ്യാർത്ഥം നിർമ്മിക്കപ്പെട്ട അനാസാഗർ തടാകം പരമ പരിശുദ്ധമാണെന്നാണവിടുത്തുകാർ വിശ്വസിച്ചിരുന്നത്.
അതിനാൽ മുസ്ലിംകൾ അനാസാഗർ തടാകത്തിനടുത്ത് വിശ്രമിക്കുന്നത് അവർക്ക് ഇഷ്ടമായില്ല. ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ) വിനോട് നേരിട്ട് ചെന്ന് എന്തെങ്കിലും പറയാനുള്ള ധൈര്യം അവർക്കുണ്ടായിരുന്നുമില്ല.
ഒടുവിൽ അവർ പൃഥിരാജനെ വിവരം ധരിപ്പിച്ചു.. "മഹാരാജാവേ ! വിദേശികളായ ഒരു മുസ്ലിം ഫക്കീറും കുറേ ശിഷ്യന്മാരും അനാസാഗറിനടുത്ത് താവളമുറപ്പിച്ചിരിക്കുന്നു. അവർ അവിടെ ആരാധനാ കർമ്മങ്ങൾ നടത്തുന്നു. വേട്ടയാടിക്കൊണ്ടു വന്ന പക്ഷികളുടെ മാംസങ്ങൾ അവിടെവെച്ച് പാകം ചെയ്യുന്നു. അങ്ങനെ അവർ നമ്മുടെ തടാകം അശുദ്ധമാക്കുന്നു."

ഇത് കേൾക്കേണ്ട താമസം പൃഥ്വി രാജൻ കൽപ്പിച്ചു: ധിക്കാരികളായ അവരോട് ഉടൻ അവിടെനിന്ന് മാറി താമസിക്കാൻ പറയുക !!
ഉടനെ അവർ ഖാജാമുഈനുദ്ദീൻ ചിശ്ത്തി (റ)വിന്റെയും അനുയായികളുടെയും അടുത്ത് വന്ന് രാജകൽപ്പന അറിയിച്ചു. ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ) അതു ശ്രവിച്ചു എന്നല്ലാതെ ഒന്നും പറഞ്ഞില്ല. അവിടെനിന്നും മാറി താമസിക്കാനും അവർ തയ്യാറായില്ല. ഈ നിലപാട് പൂജാരിമാരെ വളരെയേറെ ക്ഷുഭിതരാക്കി. പൂജാരിമാർ ഒരു സമ്മേളനം വിളിച്ചുകൂട്ടുകയും ഈ പ്രശ്നം സമ്മേളനത്തിന്റെ മുമ്പാകെ വെക്കുകയും ചെയ്തു. രാജകൽപ്പന ധിക്കരിക്കുന്ന ആ വിദേശികളെ വധിച്ചു കളയാമെന്നായിരുന്നു സമ്മേളനം തീരുമാനിച്ചത്. തീരുമാനം നടപ്പിലാക്കാൻ വേണ്ടി കോപാന്ധരായ ഒരു വലിയ ജനാവലി ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ) വിന്റെയും അനുയായികളുടെയും അടുത്തേക്ക് നീങ്ങി. ഈ വരവ് കണ്ടിട്ടും ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ) വിന്ന് യാതൊരു ഭയവും തോന്നിയില്ല. കാരണം, കോപന്ധരായ ജനാവലിയുടെ ആഗമനോദ്ദേശ്യം അദ്ദേഹത്തിനും അനുയായികൾക്കും അറിയാമായിരുന്നു. ഖാജാ തങ്ങളും അനുയായികളും ഭയന്നോടാതെ അനാസാഗറിന്നടുത്ത് തന്നെ നിന്നു. ആക്രമണോദ്ദേശ്യത്തോടെ വന്നവർക്ക്, ഖാജാ മുഈനുദ്ദീന്റെയും ശിഷ്യന്മാരുടെയും നിലപാട് വളരെയേറെ അൽഭുതപ്പെടുത്തി. ഏതോ ഒരദൃശ്യ ശക്തിയുടെ പിന്തുണയുള്ളത് കൊണ്ടാണ് ഇവർ നിർഭയരായിരിക്കുന്നത് എന്നു മനസ്സിലാക്കിയ ജനക്കൂട്ടം ആക്രമണം നടത്താതെ തിരിച്ചു പോന്നു. എന്നാൽ, വഴിയിൽ വെച്ച് ഇക്കാര്യത്തെ ചൊല്ലി അവർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയും പലർക്കും ജീവഹാനി സംഭവിക്കുകയും ചെയ്തു.

ഭാഗം -8⃣
ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ) ചരിത്രം തുടരുന്നു
💢💢💢💢💢💢💢💢
ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ) വിനെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങളെല്ലാം വിഫലമായിത്തീർന്നിരിക്കുന്നു. ഇനിയെന്താണ് മാർഗ്ഗം? ഇക്കാര്യം ആലോചിക്കാൻ വേണ്ടി പൃഥിരാജൻ തന്റെ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഒരു യോഗം വിളിച്ചു ചേർത്തു. ഖാജാ മുഈനുദ്ദീൻ (റ) വിനെയും സംഘത്തെയും പരാജയപ്പെടുത്താനുള്ള പോംവഴികളെക്കുറിച്ച് അവർ ഗാഢമായി ചിന്തിച്ചു. ഒടുവിൽ മാരണവും മന്ത്രവും കൊണ്ട് മാത്രമേ അവരെ പരാജയപ്പെടുത്താൻ കഴിയുകയുള്ളൂ എന്ന നിഗമനത്തിലാണവർ എത്തിച്ചേർന്നത്. അക്കാലത്ത് മാരണ കലയിലും മന്ത്രവാദത്തിലും അതീവ നിപുണനായ ഒരു വ്യക്തിയായിരുന്നു അജയ്പാൽ. അതുകൊണ്ട് അജയ്പാലിന്റെ സഹായം തേടാൻ പൃഥിരാജൻ തീരുമാനിച്ചു.

രാജ കൊട്ടാരത്തിലേക്ക് വിളിച്ചു വരുത്തിയ അജയ്പാലിന്റെ മുമ്പിൽ പൃഥിരാജൻ തന്റെ നിസ്സഹായാവസ്ഥ തുറന്നു കാണിച്ചു. വിദേശ ഫക്കീറിനെയും സംഘത്തെയും മാരണ ശക്തിയുപയോഗിച്ച് പുറത്താക്കി, അനാസാഗർ കുളവും പരിസരവും പരിശുദ്ധമാക്കിത്തരണമെന്ന് പൃഥ്വിരാജൻ അഭ്യർത്ഥിക്കുകയും ചെയ്തു. അജയ്പാൽ വേണ്ടത് ചെയ്യാമെന്ന് പറഞ്ഞ് രാജാവിനെ സാന്ത്വനപ്പെടുത്തി.ഇത് കേൾക്കേണ്ട താമസം; പൃഥ്വിരാജൻ അതീവ സന്തോഷത്താൽ അല തല്ലി. അജയ്പാലിന്റെ മനോ ധൈര്യം പൃഥ്വി രാജനിലും ആത്മവിശ്വാസം വർധിപ്പിച്ചു.
എന്നാൽ രാജ കൽപനയെ ശിരസ്സാവഹിച്ച് തികഞ്ഞ തയ്യാറെടുപ്പോടെ അജയ്പാലും സംഘവും ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ)വിന്റെ അടുത്തേക്കു പുറപ്പെട്ടു..

‬: ഭാഗം -9⃣
അജ്മീർ ഖാജാ ചരിത്രം തുടരുന്നു..
💢💢💢💢💢💢💢💢

ഖാജാ മുഈനുദ്ദീൻ ചിശ്ത്തിയും സംഘവും അനാസാഗർ തടാകത്തിനടുത്ത് താമസിക്കുകയാണ്. ആരാധനാ കർമ്മങ്ങൾക്കും മറ്റും അവിടെ സൗകര്യങ്ങളേർപ്പെടുത്തിയിട്ടുണ്ട്.
ശിഷ്യന്മാർ ക്രമേണ കൂടിക്കൊണ്ടേയിരുന്നു.
വുളു എടുക്കുക, കുളിക്കുക, വസ്ത്രങ്ങൾ കഴുകുക, ഭക്ഷണം പാകം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾക്ക് വെള്ളമെടുത്തിരുന്നത് അനാസാഗർ തടാകത്തിൽ നിന്ന് തന്നെ. എന്നാൽ മുസ്ലിം ഫഖീറിന്റെയും സംഘത്തിന്റെയും ഈ പ്രവർത്തനങ്ങളൊന്നും ക്ഷേത്രങ്ങളിലെ പൂജാരിമാർക്കും മറ്റും ഇഷ്ടമായിരുന്നില്ല. അന്യമതക്കാർ സ്പർശിച്ചാൽ തടാകം അശുദ്ധമാകും എന്നായിരുന്നു അവരുടെ ധാരണ. അതുകൊണ്ട് തന്നെ തടാകത്തിൽ നിന്ന് വെള്ളമെടുക്കുന്നതിന് അവർ വിലക്ക് കൽപ്പിച്ചു.
അജയ്പാല്‍ എന്ന മാന്ത്രികൻ തങ്ങളെ പരാജയപ്പെടുത്താൻ അനാസാഗറിലേക്ക് വരുന്നുണ്ടെന്ന വിവരം ഖാജാ തങ്ങൾ അറിഞ്ഞു.
അജയ്പാൽ കുതന്ത്രങ്ങളുമായി വരുന്നതിന് മുമ്പേ ഖാജാ തങ്ങൾ തന്റെ കറാമത്ത് വെളിവാക്കുകയാണ് ഈ സംഭവത്തിലൂടെ ..

* * * * * * * * * * * * * * * * *

നിസ്കാരത്തിന്ന് സമയമായി. ഖാജാ (റ) വുളു എടുക്കാനൊരുങ്ങി. പക്ഷെ, വുളു എടുക്കാൻ പറ്റാത്ത അവസ്ഥ. അനാസാഗറിന് ചുറ്റും കാവൽക്കാരിരിക്കുന്നു .....
ഖാജാ (റ) തന്റെ ശിഷ്യന്റെ പക്കൽ ഒരു പാത്രം കൊടുത്തു. ആ പാത്രത്തിൽ വെള്ളം കോരിയെടുക്കാൻ പറഞ്ഞു. ചുറ്റും കാവൽക്കാർ നോക്കിയിരിക്കെ എങ്ങനെ വെള്ളം കോരിയെടുക്കും? എങ്കിലും വളരെ സൂത്രത്തിൽ ശിഷ്യൻ വെള്ളം കോരിയെടുത്തു. ഖാജാ (റ) വിന്റെ കൽപ്പനയനുസരിച്ച് ആ പാത്രത്തിൽ വെള്ളം കോരിയെടുത്തപ്പോഴേക്കും തടാകത്തിലെ വെള്ളം മുഴുവനും വറ്റിപോയി. ഈ സംഭവം നേരിൽ കണ്ട കാവൽക്കാരെല്ലാം സ്തബ്ധരായിപ്പോയി.
ഉടനെ ഖാജാ(റ) ആ പാത്രത്തിൽ നിന്ന് വുളു എടുത്ത് രണ്ടു റക്അത്ത് നിസ്കരിച്ചതിനു ശേഷം തന്റെ ശിഷ്യന്മാരോട് കുളത്തിനരികെ ഒരു സ്ഥലത്ത് സമ്മേളിക്കാൻ നിർദ്ദേശിച്ചു. ശിഷ്യന്മാരെല്ലാം നിശ്ചിത സ്ഥലത്ത് ഒത്തുകൂടി. എല്ലാവരേയും ഉൾപ്പെടുത്തിക്കൊണ്ട് ഖാജാ (റ) ചുറ്റും ഒരു വൃത്തം വരച്ചു. എന്നിട്ട് ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ) പറഞ്ഞു. അല്ലാഹുവിന്റെ സഹായത്താൽ തീർച്ചയായും നാം രക്ഷപ്പെടും, ശത്രുക്കളുടെ കുതന്ത്രങ്ങളൊന്നും നമ്മെ ബാധിക്കുകയില്ല.

അധികം താമസിച്ചില്ല. പ്രശസ്ത മാന്ത്രികനായ അജയ്പാൽ വലിയ ഒരു ജനക്കൂട്ടത്തോടൊപ്പം അത്യാഹ്ലാദപൂർവം അനാസാഗർ തീരത്തേക്ക് കുതിക്കുന്നു. അപ്പോഴാണ് തടാകം വറ്റി വരണ്ട വാർത്ത അദ്ദേഹം അറിയുന്നത്.


: ഭാഗം -🔟
ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ)
ചരിത്രം തുടരുന്നു..
🕌🕌🕌🕌🕌🕌🕌🕌🕌

അനാസാഗർ തടാകം മാത്രമല്ല വറ്റിവരണ്ടത്. പരിസരത്തെ കിണറുകളെല്ലാം വറ്റിയിരിക്കുന്നു.
ഈ അത്ഭുത വാർത്ത കേട്ട് മറ്റു പലരുമെന്ന പോലെ അജയ്പാലും ഞെട്ടിയിരിക്കുന്നു!! എന്നാൽ അവന്റെ അഹങ്കാരവും ധിക്കാരവും വർദ്ധിച്ചു. തന്നെ കവച്ചു വെക്കാൻ കഴിവുള്ള ഒരു മാന്ത്രികനുണ്ടെന്നോ? അതൊന്നു കാണുകതന്നെ വേണം ! അജയ്പാൽ ഉടനെ ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ)വും ശിഷ്യന്മാരും ഇരിക്കുന്ന സ്ഥലത്തേക്കു ചെന്നു. ഖാജാ (റ) വരച്ച വൃത്തത്തിനുള്ളിലേക്ക് കടക്കാൻ വളരെ ശ്രമിച്ച് നോക്കിയെങ്കിലും സാധിച്ചില്ല.

ജനങ്ങളാകെ വിഭ്രാന്തിയിലാണ്. എല്ലാവരുടെയും മുഖത്ത് വെപ്രാളവും,അങ്കലാപ്പും ....
എവിടെയും വെള്ളമില്ല .
തങ്ങളുടെ വിഷമാവസ്ഥ അറിയിച്ചു കൊണ്ട് അവർ ഖാജാ (റ)വിനെ സമീപിച്ചു. കരഞ്ഞു സങ്കടമുണർത്തി. ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ)വിനെയും ശിഷ്യന്മാരെയും വെള്ളം തൊടാൻ പോലും സമ്മതിക്കാതെ തടഞ്ഞത് ഇവർ തന്നെയായിരുന്നല്ലോ; അതിനുള്ള ഫലം അവർക്ക് കാണിച്ചു കൊടുക്കുക മാത്രമാണ് ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ) ഇവിടെ ചെയ്തത്.
ഒടുവിൽ, വെള്ളമില്ലാത്തതിന്റെ അസ്വസ്ഥതക്ക് മുമ്പിൽ അജയ്പാൽ നിസ്സഹായനായി. അജയ്പാലിന്റെയും, ജന സഹസ്രങ്ങളുടെയും അപേക്ഷ മാനിച്ച് ഉദാര മനസ്കനായ ഖാജാമുഈനുദ്ദീൻ ചിശ്ത്തി (റ) അവർകൾ തന്റെ ശിഷ്യനോട് പാത്രത്തിൽ ബാക്കിയുള്ള വെള്ളം കുളത്തിൽ ഒഴിക്കാൻ പറഞ്ഞു. ഖാജാ (റ) ആരെയും കഷ്ടപ്പെടുത്തുന്നവരല്ല; മറിച്ച് കഷ്ടപ്പെടുന്നവരെ സഹായിക്കുന്നവരാണ്. ശത്രു പക്ഷത്തിന് തങ്ങളുടെ വ്യക്തിത്വം മനസ്സിലാക്കാൻ വേണ്ടിയുള്ള ദൃഷ്ടാന്തം കാണിച്ചു കൊടുക്കുകയായിരുന്നു ഇവിടെ.

പാത്രത്തിൽ ബാക്കിയുള്ള വെള്ളം ശിഷ്യൻ തടാകത്തിലൊഴിക്കേണ്ട താമസം, തടാകം നിറഞ്ഞു കവിഞ്ഞു...

ഖാജാമുഈനുദ്ദീൻ ചിശ്ത്തി (റ) അജ്മീറിൽ താമസമാക്കിയ ഉടനെ നടന്ന ഈ സംഭവങ്ങൾ ശത്രു പക്ഷത്തെയും നാട്ടുകാരെയും അത്ഭുത സ്തബ്ധരാക്കി. ഇത് അവിടുത്തുകാരുടെ മനസ്സിൽ ഭീതിയും ഭയവും ഉണ്ടാക്കിത്തീർത്തു. മാത്രമല്ല, ഖാജാ തങ്ങളുടെ ഈ അമാനുഷിക സംഭവങ്ങൾക്ക് സാക്ഷിയായ ലക്ഷക്കണക്കിന് ആളുകള്‍ ഇസ്ലാമിലേക്ക് കടന്നു വന്നു. വെള്ളം മുടക്കാൻ പിന്നീട് ആരും മുതിർന്നില്ല. എന്നാലും അജയ്പാലിന് ഖാജാ (റ) വിനോടുള്ള ശത്രുതയും വിദ്വേഷവും വർദ്ധിച്ചു കൊണ്ടിരുന്നു.
തന്റെ പക്ഷത്തെ നിരവധി ജനങ്ങൾ ആ ഫഖീറിനൊപ്പം കൂടിയതിലെ അമർശം മനസ്സിലൊളിപ്പിച്ച്, ഖാജയെ പരാജയപ്പെടുത്താനുള്ള പുതിയൊരു പദ്ധതിക്ക് അജയ്പാൽ അണിയറയിൽ ശ്രമം തുടങ്ങി.



ഭാഗം -1⃣1⃣
സർപ്പങ്ങളുടെ പ്രവാഹം
.........................................
അജ്മീർ ഖാജാ ചിശ്ത്തി (റ)
ചരിത്രം തുടരുന്നു..
💢💢💢💢💢💢💢💢💢

മാന്ത്രിക വിദ്യയുടെ സഹായത്തോടെ പർവ്വതങ്ങളിൽ നിന്നും സർപ്പങ്ങളേയും തേളുകളേയും കൂട്ടത്തോടെ വരുത്തുക, എന്നിട്ടവയെ ഖാജാ മുഈനുദ്ദീൻ (റ) വിന്റെ താവളത്തിലേക്കയക്കുക .......
ഇതായിരുന്നു അജപാലൻ പരീക്ഷിച്ച പുതിയ തന്ത്രം. കുറച്ചുനേരം കൊണ്ട് അവിടെ ഒരു സർപ്പക്കാവായി മാറി. പാമ്പുകളും,തേളുകളും ഖാജാ (റ) വിന്റെ നേരെ ചീറിപ്പാഞ്ഞു ചെന്നു. പക്ഷെ, ഖാജ (റ) വരച്ച വൃത്തത്തിനടുത്ത് അവ ചത്തു മലർന്നു വീണു. എന്ന് മാത്രമല്ല, ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ) വിനെയും ശിഷ്യന്മാരെയും ഭയപ്പെടുത്തുവാൻ അതുപകരിക്കാതെയാവുകയും ചെയ്തു. യഥാർത്ഥ സർപ്പങ്ങളെ ഭയപ്പെടാത്ത അവരുണ്ടോ കൃത്രിമ സർപ്പങ്ങളെ ഭയപ്പെടുന്നു !!
അല്ലാഹുവിനെ മാത്രം ഭയപ്പെടുകയും സത്യത്തിനുവേണ്ടി മരിക്കാൻ തയ്യാറാവുകയും ചെയ്ത അവർക്കെന്ത് സർപ്പ ഭയം?
മാരണ വിദ്യകളൊന്നും ഫലപ്പെടാതെ കണ്ടപ്പോൾ അജയ്പാലും, അനുയായികളും അന്തം വിട്ടു നിൽക്കുകയാണ്..

ഒരുകാലത്ത് അവരുടെ കൂട്ടത്തിലുണ്ടായിരുന്ന ശാദീദേവൻ (ഇപ്പോൾ സഹ്ദ്) ഖാജാ (റ) വരച്ച വൃത്തത്തിനകത്തുണ്ടായിരുന്നു. ഈ ദൃശ്യം ശത്രുക്കളെ കൂടുതൽ രോഷാകുലരാക്കി. പക്ഷെ രോഷം കൊണ്ടെന്തു കാര്യം? സത്യത്തിന് മാത്രമാണല്ലോ വിജയം !! അതാണിവിടെയും സംഭവിച്ചത്...
എന്നാൽ അജയ്പാൽ അടങ്ങിയിരിക്കാൻ തയ്യാറായിരുന്നില്ല. എല്ലാ ശക്തിയും സംഭരിച്ച് അവർ മറ്റൊരു മാർഗ്ഗം പരീക്ഷിക്കാൻ തീരുമാനിച്ചു. അന്തരീക്ഷത്തിൽ നിന്നും തീ വർഷിപ്പിക്കുകയെന്നതായിരുന്നു പുതിയ മാർഗ്ഗം. താമസം വിനാ ഉപരിഭാഗത്തുനിന്നും തീ മഴവർഷിച്ചു തുടങ്ങി. അവിടെ യാകെ ഇപ്പോൾ കത്തിച്ചാമ്പലാകുമെന്ന് കാണികൾക്ക് തോന്നി. പക്ഷെ, ഒന്നും സംഭവിച്ചില്ല; എന്ന് മാത്രമല്ല ഖാജാമുഈനുദ്ദീൻ ചിശ്ത്തി (റ) വരച്ച വൃത്തത്തിനകത്തേക്ക് ഒരു തീപ്പൊരി പോലും ചെന്നുപതിച്ചില്ല. അജയ്പാലിന്റെ മാന്ത്രിക ശക്തി ഇവിടെയും പരാജയപ്പെട്ടു. നിരാശനും കോപാന്ധനുമായിത്തീർന്ന അജയ്പാൽ ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ) വിനെ സമീപിച്ചു ഭീഷണി മുഴക്കാൻ തുടങ്ങി.
എന്നാൽ റബ്ബിന്റെ തിരു സാമീപ്യം കരസ്ഥമാക്കിയ ഖാജ (റ) അതൊന്നും കാര്യമാക്കിയില്ല.

നിങ്ങളുടെ ഈ നിഷ്ഠൂര കൃത്യത്തിൽ എന്റെ കൂടെയുള്ളവരാണ് കഷ്ടപ്പെടുന്നത്. അവർ നിങ്ങളോട് മത്സരിക്കാൻ വന്നവരല്ല. ഞാൻ വിളിച്ചപ്പോൾ പോന്നൂ എന്നെയുള്ളു. എന്നെ നിങ്ങൾക്കറിയാമല്ലോ: ഞാൻ അജയ്പാല നാണെന്നോർക്കുക. ജീവനിൽ കൊതിയുണ്ടെങ്കിൽ ഉടൻ ഇവിടെന്ന് സ്ഥലം മാറികൊള്ളുക. ഇല്ലെങ്കിൽ നിങ്ങളെ ചുട്ടു ചാമ്പലാക്കാൻ പറ്റുന്ന പല പണികളും ഞാൻ ചെയ്യും. അജയ്പാൽ ആക്രോശിച്ചു.
ഉടൻ ഖാജാ(റ) ചോദിച്ചു: ഭൂമിയിലുള്ളതെല്ലാം കഴിഞ്ഞു. ഇനി ഉപരിതലത്തിൽ വെച്ചാണോ? പരിഹാസച്ചുവയുള്ള ഈ വാക്ക് കേട്ടപ്പോൾ അജയ്പാലിന് കോപം വർദ്ധിച്ചു. പാഠം പഠിപ്പിച്ചേ പറ്റൂ എന്ന ഭാവത്തിൽ അവൻ വീണ്ടും ശ്രമം തുടങ്ങി

ഭാഗം- 1⃣2⃣
അജ്മീർ ഖാജാ(റ)
ചരിത്രം തുടരുന്നു....

🕌🕌🕌🕌🕌🕌🕌🕌
ഒരിക്കൽ സഅദ്, ഖാജാ മുഈനുദ്ദീൻ (റ) വിനോട് പറഞ്ഞു:
ബഹുവന്ദ്യരായ ഗുരുനാഥാ ! അങ്ങയിൽ നിന്നുള്ള അനുഗ്രഹാശിസ്സുകൾ എല്ലാവർക്കും ബുദ്ധിമുട്ട് കൂടാതെ കരസ്ഥമാക്കാൻ സൗകര്യമുള്ള ഒരു സ്ഥലത്തേക്ക് അങ്ങ് താമസം മാറ്റണമെന്ന് ഞങ്ങളാഗ്രഹിക്കുന്നു. അതിനാൽ അങ്ങ് ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ഞങ്ങളെ അറിയിച്ചാലും....

ഇതൊരു അപേക്ഷയായിരുന്നു....
അപേക്ഷ മാനിച്ച് ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ) അവർകൾ തന്റെ ശിഷ്യരിൽ ഒരാളെ വിളിച്ച് ഇപ്രകാരം പറഞ്ഞു:
നീ ഇവരോടൊപ്പം പോയി നമുക്ക് താമസിക്കാൻ കൊളളാവുന്ന സ്ഥലം നോക്കി ഇവരെ അറിയിക്കുക.
അങ്ങനെ ഖാജാ തങ്ങളുടെ മൂന്നു ശിഷ്യന്മാർ നടന്നു നടന്നു കുറെ സ്ഥലങ്ങൾ പരിശോധിച്ചു. ഒടുവിൽ, സഅദ് എന്നവർ താമസിച്ചിരുന്ന സ്ഥലമാണ് അവർ തിരഞ്ഞെടുത്തത്. പ്രസ്തുത സ്ഥലം സഅദ് എന്നവർ ഖാജാ മുഈനുദ്ദീൻ (റ) വിന് സൗജന്യമായി നൽകി. പിന്നീട് ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ)വും ശിഷ്യന്മാരും പുതിയ സ്ഥലത്തേക്ക് താമസം മാറ്റി. (ഇന്ന് ദർഗാ ശരീഫ് സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്. ) ഇവിടെ വെച്ച് ഇസ്ലാമിക സന്ദേശം പഠിപ്പിച്ചും ഇബാദത്തിലുമായി ജീവിതം കഴിച്ച് കൂട്ടി. ആയിരക്കക്കിനാളുകൾ ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ) മുഖേന ഇസ്ലാം മതം സ്വീകരിക്കുകയുണ്ടായി.

ഭാഗം -1⃣3⃣
ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ) ചരിത്രം തുടരുന്നു
💢💢💢💢💢💢💢💢💢
............................

ഖാജാ മുഈനുദ്ധീൻ ചിശ്തി തങ്ങളുമായി അജയ്പാൽ നടത്തുന്ന ഒളിയമ്പുകളും ഒന്നിനൊന്ന് കൃത്യമായി ഖാജാ തങ്ങളുടെ പ്രതിരോധവും വിജയവും അജ്മീറിന് പുറത്തേക്കും അറിയാൻ തുടങ്ങി. ഖാജാ തങ്ങളുടെ നേതൃത്വം ഒട്ടനേകം പേർ അംഗീകരിച്ചു കൊണ്ടിരുന്നു. എല്ലാ നിലയിലും അജയ്പാലിന്റെ പരാജയം ജനമൊന്നടങ്കം അറിഞ്ഞു. ഖാജാ തങ്ങളുടെ സുന്ദരാശയങ്ങളെ മനസ്സിലാക്കി, ഇസ്ലാമിലേക്ക് ജനം അധികരിച്ച് കൊണ്ടിരുന്നു. ഒടുവിൽ, പൃഥ്വി രാജിനും ഖാജാ ഞങ്ങളുടെ മഹത്വം മനസ്സിലായി.
അങ്ങനെയിരിക്കെ,
സഅദ് ദാനം ചെയ്ത സ്ഥലത്തേക്ക് ഖാജാ തങ്ങളും ശിഷ്യരും താമസം മാറ്റിയതിന് ശേഷം ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ) ഒരിക്കൽ പൃഥ്വിരാജിനെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയുണ്ടായി. പക്ഷെ, അദ്ദേഹം ക്ഷണം സ്വീകരിച്ചില്ല. ഇസ്ലാമിന്റെ ആശയങ്ങളും പ്രവർത്തനങ്ങളും അറിയാതിരുന്നത് കൊണ്ടല്ല പൃഥ്വിരാജൻ ക്ഷണം സ്വീകരിക്കാതിരുന്നത്; മറിച്ച്, അധികാര പീഠം നഷ്ടപ്പെട്ടേക്കുമോ
എന്ന ഭയം കൊണ്ടായിരുന്നു രാജാവ് ഈ നിലപാട് സ്വീകരിച്ചത്.
ഇസ്ലാമിലേക്ക് വരാനുള്ള ക്ഷണം നിരസിച്ച പൃഥ്വീരാജിനെക്കുറിച്ച് ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ) പറഞ്ഞു:
"പൃഥ്വിരാജനെ നാം അറസ്റ്റ് ചെയ്ത് ഇസ്ലാമിക സൈന്യത്തെ ഏൽപ്പിച്ചിരിക്കുന്നു".
ഖാജാ (റ)വിന്റെ വാക്കിന്റെ പൊരുൾ ആർക്കും മനസ്സിലായില്ല.

ഖാജാ (റ) ഇപ്രകാരം പറയുന്നതിനു മുമ്പ് സുൽത്താൻ ശിഹാബുദ്ദീൻ ഗോറിയും പൃഥീരാജനും തമ്മിൽ നടന്ന ഒരു യുദ്ധത്തെ പറ്റി പറയാം .. ലാഹോറിൽ വെച്ച് സുൽത്താൻ ശിഹാബുദ്ധീൻ ഗോറിയും പൃഥ്വിരാജനും തമ്മിൽ അതി ശക്തമായ യുദ്ധം നടന്നിരുന്നു. ആ ഏറ്റുമുട്ടലിൽ ഗോറി പരാജയപ്പെടുകയാണ് ചെയ്തത്. അതിന് പകരം വീട്ടാൻ തക്കം നോക്കിയിരിക്കുകയായിരുന്നു സുൽത്താൻ ശിഹാബുദ്ദീൻ ഗോറി.

ഇതിനിടയിൽ സുൽത്താൻ ഗോറി ഒരു സ്വപ്നം കണ്ടു. സ്വപ്നത്തിൽ ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ), ഗോറിയോട് പറഞ്ഞു.

'ഓ ശിഹാബുദ്ദീൻ ! ഇന്ത്യയുടെ ആധിപത്യം അല്ലാഹു നിങ്ങൾക്ക് നൽകിയിരിക്കുന്നു. ഉറക്കത്തിൽ നിന്നുണരൂ.... വേഗം ഒരുങ്ങി പുറപ്പെടൂ....

സുൽത്താൻ ഞെട്ടിയുണർന്നു.
താൻ കണ്ട സ്വപ്നത്തെപ്പറ്റി ചിന്തിച്ചു. സ്വപ്ന വ്യാഖ്യാതാക്കളെ ദർബാറിൽ വിളിച്ചുവരുത്തി സ്വപ്ന വ്യാഖ്യാനം ആവശ്യപ്പെട്ടു.

ഭാഗം -1⃣4⃣
ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ) ചരിത്രം തുടരുന്നു
💢💢💢💢💢💢💢💢💢
സ്വപ്ന വ്യാഖ്യാതാക്കൾ സുൽത്താന്റെ ദർബാറിൽ എത്തി.
താൻ കണ്ട സ്വപ്നത്തിന്റെ വ്യാഖ്യാനം ആവശ്യപ്പെട്ടു. സ്വപ്നം സത്യമാണെന്നും ഇത്തവണ ഇന്ത്യയിൽ പോയാൽ വിജയം സുനിശ്ചിതമാണെന്നും അതാണ് സ്വപ്നത്തിന്റെ അർത്ഥമെന്നും അവർ ഐക്യകണ്ഠേന തീർത്തു പറഞ്ഞു.
പിന്നെ താമസിച്ചില്ല. സൈന്യങ്ങളുമായി പുറപ്പെടാനൊരുങ്ങി. ആവശ്യമായ ഒരുക്കങ്ങളെല്ലാം തകൃതിയായി നടത്തി.
കർമ്മധീരനും തന്ത്രജ്ഞനുമായിരുന്ന സുൽത്താൻ ഗോറിയുടെ യുക്തിബോധവും, യുദ്ധ പാടവവും അസാമാന്യമായിരുന്നു. വമ്പിച്ച സൈനിക വ്യൂഹത്തെയും കൂട്ടി സുൽത്താൻ ഇന്ത്യയിലേക്ക് പുറപ്പെട്ടു.
ഈ സന്ദർഭത്തിൽ പൃഥിരാജൻ തന്റെ കോട്ടമുകളിൽ കയറി പുറത്തേക്ക് നോക്കി. ഖാജാ മുഈനുദ്ദീൻ എന്നവർ അജ്മീർ വിട്ടുപോയോ എന്നറിയാനായിരുന്നു അത്.
തദവസരം രണ്ടാളുകൾ ഒട്ടകപ്പുറത്ത് കൊട്ടാരത്തെ ലക്ഷ്യമാക്കി വരുന്നതാണ് കാണാൻ കഴിഞ്ഞത്. എന്തോ ഒരു പ്രത്യേക വിവരവുമായിട്ടാണവർ വരുന്നതെന്ന് മനസ്സിലാക്കിയ രാജാവ് വേഗം താഴോട്ടിറങ്ങി ഉപചാരപൂർവം അവരെ സ്വീകരിച്ചിരുത്തി. ആഗതർ ഒരെഴുത്ത് രാജാവിനെ ഏൽപ്പിച്ചു. ജിജ്ഞാസയോടെയാണ് അദ്ദേഹം എഴുത്ത് വായിച്ചത്. എഴുത്ത് വായിച്ച പൃഥ്വി രാജൻ ഞെട്ടിപോയി... സുൽത്താൻ ഗോറിയുടെ യുദ്ധ പ്രഖ്യാപനമായിരുന്നു കത്തിലെ ഉള്ളടക്കം. പൃഥ്വി രാജനെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായിരുന്നു അത്. എങ്കിലും ഉടനെത്തന്നെ പൃഥിരാജൻ വലിയ ഒരു സൈന്യത്തെ സജ്ജമാക്കി. ഖാജാ മുഈനുദ്ദീനും(റ) ശിഷ്യന്മാരും ഇന്ത്യയിലേക്കുള്ള യാത്രാ മദ്ധ്യേ ലാഹോറിൽ താമസിച്ചിരുന്ന കാലത്തായിരുന്നു ഡൽഹിക്കടുത്ത താനേശ്വരം എന്ന സ്ഥലത്തുവെച്ച് എ.ഡി.1191 ൽ സുൽത്താൻ ഗോറിയും പൃഥ്വീ രാജനും തമ്മിൽ ആദ്യം യുദ്ധം നടന്നതും സുൽത്താൻ ഗോറി പരാജിതനായതും... രണ്ടാമത്തെ ഈ ഏറ്റുമുട്ടലും താനേശ്വരത്തു വെച്ചു തന്നെയാണ് നടക്കുന്നത്. ഇപ്പോഴും മുസ്‌ലിംകൾ എണ്ണത്തിൽ കുറവാണെങ്കിലും ശൈഖ് ഖാജാ(റ) വിൽ നിന്നുള്ള ആത്മീയ സഹായം മുസ്ലീംകൾക്ക് ലഭിച്ചിരിക്കുന്നു...

സുൽത്താൻ ഗോറിയും പൃഥീരാജനും തമ്മിലുള്ള ഘോരമായ യുദ്ധം അരങ്ങേറി. പൊടിപടലങ്ങൾ കൊണ്ട് അന്തരീക്ഷം മ്ലാനമുഖമായിരിക്കുന്നു. ആർക്കും ഒന്നും കാണാൻ പറ്റാത്ത അവസ്ഥ! ഏറ്റുമുട്ടൽക്കിടയിലും വാളിന്റെ, പരിചയുടെ മൂർക്ക നാദങ്ങൾ അലയടിക്കുന്നു ...
ഒടുവിൽ, ശത്രുക്കൾ പരാജയം സമ്മതിച്ച് പിന്തിരിഞ്ഞോടി.. പൃഥ്വിരാജന്റെ സൈന്യാധിപനും രാജാക്കന്മാരും കൊല്ലപ്പെട്ടു.
സുൽത്താൻ ഗോറിയുടെ സൈന്യം പൃഥ്വി രാജനെ പിടിച്ച് ബന്ധനസ്ഥനാക്കി ...

"പൃഥ്വീരാജനെ നാം അറസ്റ്റ് ചെയ്തു ഇസ്ലാമിക സേനയെ ഏൽപ്പിച്ചിരിക്കുന്നു"
എന്ന ഖാജാ മുഈനുദ്ദീൻ (റ)വിന്റെ പ്രവചനം പുലർന്നു. യുദ്ധത്തിൽ വിജയം വരിച്ച സുൽത്താൻ ഗോറി, ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ)വിന്റെ സന്നിധിയിലെത്തി അഭിവാദനങ്ങളർപ്പിച്ചും, അനുഗ്രഹാശിസ്സുകൾ വാങ്ങിയും തിരിച്ച് പോയി.

ഭാഗം -1⃣5⃣
അജ്മീർ ഖാജാ (റ)
ചരിത്രം തുടരുന്നു.
💢💢💢💢💢💢💢💢💢

മൂന്ന് ലക്ഷത്തിലധികം വരുന്ന സൈനികരും 250 ഓളം നേതൃപദവിയുള്ള നേതാക്കളും ഗജ സൈനികരുമടങ്ങുന്ന സൈനിക വ്യൂഹം സുൽത്താൻ ശിഹാബുദ്ധീൻ ഗോറിയുടെ സൈന്യത്തിന്റെ മുന്നിൽ അടിയറവ് പറഞ്ഞ് പിന്തിരിഞ്ഞതോടെ അജ്മീർ ഭൂപ്രദേശത്ത് പൃഥ്വിരാജിന്റെ സങ്കുചിത ഭരണത്തിന് വിരാമം കുറിച്ചു. പൃഥിരാജിനെ ബന്ധനസ്ഥനാക്കിയ ഗോറിസൈന്യം ഉടൻ അദ്ദേഹത്തെ വധിക്കുകയും ചെയ്തു.

താമസിയാതെ, സുൽത്താൻ ശിഹാബുദ്ധീൻ മുഹമ്മദ് ഗോറി ഡൽഹിയുടെ ഭരണമേറ്റെടുത്തു. എല്ലാ മത വിഭാഗക്കാരോടും നല്ല നിലയിൽ വർത്തിച്ച് കുറച്ച് കാലം ഡൽഹിയിൽ താമസിച്ചു. അജ്മീറിൽ വന്ന് ഖാജാ (റ) വിനോട് അനുഗ്രഹങ്ങൾ തേടുകയും അവരുടെ ഖാദിമായി ബൈഅത്ത് ചെയ്യുകയും ചെയ്തു. പണ്ഡിതനായിരുന്ന സയ്യിദ് വജീഹുദ്ധീൻ മശ്ഹദി(റ)വിനെ അജ്മീരിലെ ഗവർണറായി നിയമിച്ചു.
അങ്ങനെ, അജ്മീറും പരിസര പ്രദേശങ്ങളും ഇസ്ലാമിക ദഅവത്തിന് സാഹചര്യമനുകൂലമായി . പ്രബോധന രംഗം വിശാലമായപ്പോൾ ഭക്തജനങ്ങൾ അധികരിച്ച് വന്നു. "ഖാൻഖാഹു"കളും (വിശ്രമകേന്ദ്രം) പള്ളികളും പാഠശാലകളൂം നിർമിക്കപ്പെട്ടു. എല്ലാ മതക്കാരും ഖാജാ തങ്ങൾക്കും ശിഷ്യർക്കും ഒത്താശകൾ ചെയ്തു കൊണ്ടിരുന്നു.

ക്രി. 1193 മുതൽ ക്രി. 1206 വരെ സുൽത്താൻ ഗോറിയുടെ ഭരണം നീണ്ടുനിന്നു. ഇക്കാലയളവിൽ ഇന്ത്യയുടെ ഒട്ടുമിക്ക ഭാഗങ്ങളും സുൽത്താൻ ഗോറിയുടെ അധീനതയിലായി.
ക്രി. 1206 ൽ ഖുതുബുദ്ധീൻ ഐബക്കിനെ ഇന്ത്യയുടെ ഭരണം ഏൽപ്പിച്ച് കൊണ്ട് സുൽത്താൻ ഗോറി സ്വദേശത്തേക്ക് തിരിച്ച് പോയി.
ഖാജാ തങ്ങളുടെ ഇസ്‌ലാമിക നവോത്ഥാന പ്രവർത്തനങ്ങൾ ഇന്ത്യയൊട്ടും പ്രചരിച്ച് കൊണ്ടിരുന്നു.
"700 ൽ പരം സൂഫീസൂരികൾ മുഖേന ചിശ്തി ത്വരീഖത്തിന്റെ ആധ്യാത്മിക മേഖലകൾ പ്രസരിച്ചതായും, ഖാദിരി - ചിശ്തി ത്വരീഖത്തിന്റെ ഒട്ടനേകം മഹത്തുക്കളെ സന്ദർശിക്കാൻ എനിക്ക് സാധിച്ചു" എന്നും വിശ്വ വിഖ്യാതനായ സഞ്ചാര സാഹിത്യകാരൻ ഇബ്നു ബത്തൂത്ത രേഖപ്പെടുത്തിയതായി കാണാം.

മത പ്രചരണത്തിലും ആധ്യാത്മിക ചിന്തയിലും ശിഷ്യഗണങ്ങളുടെ തർബിയത്തിലുമായി കഴിഞ്ഞു കൂടി.
അള്ളാഹു ഈ മഹാന്റെ മദദ് നമുക്ക് നൽകട്ടെ..ആമീൻ
🔚🔚🔚🔚🔚🔚🔚🔚🔚🔚
അവസാനിപ്പിക്കുന്നു‌