page

Thursday, 8 March 2018

വീട്-ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



വീട് നിര്‍മിക്കാന്‍ നല്ല പ്ലാനിംഗ് ആവശ്യമാണ്. സ്ഥലം, റൂമുകള്‍, രൂപം എല്ലാം വളരെ ആലോചിച്ചു വേണം തീരുമാനിക്കാന്‍. പൂര്‍ത്തിയായ ശേഷം പൊളിച്ചുമാറ്റേണ്ടിവരരുത്. തീരുമാനത്തിലെത്താത്ത ആലോചന ഒരുതരം വസ്‌വാസാണ്. അത്തരക്കാരുടെ പണം ചോര്‍ന്നുകൊണ്ടിരിക്കും. നിര്‍മാണത്തിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പറയാം.
സ്ഥലം അനുയോജ്യമാണെന്ന് ഉറപ്പ് വരുത്തുക. ശുദ്ധജലം, വഴി, കൃഷിയോഗ്യമായ മണ്ണ്, നല്ല പരിസരം, നല്ല അയല്‍വാസികള്‍ തുടങ്ങിയവ പ്രധാനമാണ്. റെയില്‍പാളത്തിന് തൊട്ടടുത്ത്, വികസന സാധ്യതയുള്ള റോഡുകളുടെ അടുത്ത്, വെള്ളം കുറയുന്ന പ്രദേശങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വീടു നിര്‍മിക്കുന്നത് നന്നല്ല. ശ്മശാന ഭൂമിയും ഗുണകരമല്ല.
പിടിച്ചെടുത്തതും കള്ള രേഖ ചമച്ചതും മറ്റു കാര്യങ്ങള്‍ക്ക് വഖ്ഫ് ചെയ്തതുമായ ഭൂമികളിലൊന്നും വീടുണ്ടാക്കരുത്. സ്വന്തം മാതാപിതാക്കളില്‍ നിന്നായാല്‍ പോലും മറ്റു മക്കള്‍ക്ക് നല്‍കാതെ അനര്‍ഹമായി നേടിയ ഭൂമിയില്‍ വീട് പണിതാല്‍ ശാന്തിയും സ്വസ്ഥതയും നഷ്ടമാകും. ഇത്തരം വീടുകളില്‍ വഴക്കും കുടുംബ കലഹങ്ങളും സ്ഥിരമാകുകയും കുട്ടികള്‍ ദുശ്ശീലം പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും. പുറമെ ഇത്തരം സ്ഥലത്ത് വെച്ചുള്ള നമ്മുടെ ആരാധനാ കര്‍മങ്ങള്‍ പോലും നിഷ്ഫലമാകാന്‍ ഇടവരുത്തും.
ഭൂമി ശുദ്ധമാവുന്നതുപോലെ തന്നെ, വീട് നിര്‍മാണത്തിനും ഭൂമി വാങ്ങുന്നതിന് ഉപയോഗിക്കുന്ന പണവും വിശുദ്ധമായിരിക്കണം. സ്‌പോണ്‍സറെ മുക്കിയും മുതലാളിയെ യതീംഖാനയില്‍ ചേര്‍ത്തുമൊക്കെ ആകാശം മുട്ടെ വീടും ബില്‍ഡിംഗും നിര്‍മിക്കുന്നവരുണ്ട്. ഇത്തരക്കാര്‍ ചിന്തിക്കുക. നമ്മുടെ കുടുംബത്തെ എക്കാലവും ഹറാമായ സ്ഥലത്ത് താമസിപ്പിക്കുന്നത് ഒരു വന്‍ ദുരന്തമാണ്. നാം മരണമടഞ്ഞാലും ഖബറിലേക്ക് കുറ്റങ്ങളുടെ കുത്തൊഴുക്ക് തുടരാന്‍ ഇത് കാരണമാകും.
വരുമാനത്തിന്റെ തോതനുസരിച്ചായിരിക്കണം വീടിന്റെ പ്ലാന്‍. പിന്നീട് വികസിപ്പിക്കാനുള്ള സാധ്യത മുന്നില്‍ കാണുന്നതിന് വിരോധമില്ല. വരവിനനുസരിച്ചല്ല ഇന്ന് പലരും പ്ലാന്‍ തയ്യാറാക്കുന്നത്. ചിലര്‍ അയല്‍വാസികളോടും ചിലര്‍ നാട്ടുകാരോടും മത്സരിക്കാനാണ്. ഇത്തരക്കാര്‍ക്ക് വീടുപണി കഴിയുമ്പോള്‍ വീടും സ്ഥലവും പണയത്തിലായിരിക്കും. ഇത്തരം പൊങ്ങച്ചത്തിന്റെ വീടുകളില്‍ സമാധാനവും അല്ലാഹുവിന്റെ അനുഗ്രഹങ്ങളും അന്യമായിരിക്കും.
വിശാലമായ മുറ്റം വീടിനെ സൗകര്യമുള്ളതാക്കും. അതിന്റെ അഭാവം ഒരുപാട് നഷ്ടങ്ങളുണ്ടാക്കും. ഒരു വിരുന്നുകാരന്‍ വീട്ടിലേക്കെത്തുന്നത് ആയിരം ബറകത്തുകളോടെയാണെന്ന് തിരുനബി(സ) പറഞ്ഞിട്ടുണ്ട്. കല്യാണ സദ്യ പോലും മണ്ഡപങ്ങളിലേക്ക് മാറ്റി ഈ അനുഗ്രഹങ്ങള്‍ നഷ്ടപ്പെടുത്തേണ്ടിവരും സൗകര്യപ്രദമായ മുറ്റമില്ലെങ്കില്‍.
റൂമുകളുടെ എണ്ണം അംഗങ്ങളുടെ എണ്ണത്തിനനുസരിച്ചായിരിക്കണം.
നാലാളുകള്‍ക്ക് പാര്‍ക്കാന്‍ പത്ത് റൂമുകള്‍ ആവശ്യമില്ല. ആള്‍പ്പാര്‍പ്പില്ലാത്ത അറകള്‍ പിശാചിന്റെ സങ്കേതമായിരിക്കും. സ്ത്രീകള്‍ക്ക് വൃത്തിയാക്കാന്‍ പോലും കഴിയില്ല. ധൂര്‍ത്ത് പൈശാചികവും അല്ലാഹു പൊരുത്തപ്പെടാത്തതുമാണെന്നത് മറക്കാതിരിക്കുക. സമ്പാദ്യം മുഴുവന്‍ ഇത്തരത്തിലുള്ള കരിങ്കല്‍ കൂനകളാക്കി മാറ്റുന്നതിലെ നിരര്‍ഥകതയെങ്കിലും ചിന്തിക്കുക. ”ചെലവഴിക്കുമ്പോള്‍ ധൂര്‍ത്തടിക്കുകയോ പിശുക്ക് കാണിക്കുകയോ ചെയ്യാതെ അവ രണ്ടിനുമിടയില്‍ മിതവ്യയ ശീലക്കാരുമാണ്- അല്ലാഹുവിന്റ അടിമകള്‍.” (അല്‍ ഫുര്‍ഖാന്‍) വെളിച്ചവും ആവശ്യത്തിനു വിശാലതയും വായുഗതാഗത സൗകര്യങ്ങളുമുള്ളതാകണം റൂമുകള്‍. ഖിബ്‌ല ഭാഗത്ത് വീടിനകത്തോ പുറത്തോ ടോയ്‌ലറ്റ് നിര്‍മിക്കുന്നത് ഒഴിവാക്കേണ്ടതാണ്. പടിഞ്ഞാറു ഭാഗത്ത് സെപ്റ്റിക് ടാങ്ക് തയ്യാറാക്കുന്നതും ഒഴിവാക്കണം. വിശുദ്ധ കഅ്ബയോടുള്ള ആദരവിന്റെ ഭാഗമാണിത്. മറ്റു ഭാഗത്തുണ്ടാക്കിയ കക്കൂസുകളില്‍ ഇരിക്കുമ്പോള്‍ ഖിബ്‌ലയുടെ ഭാഗത്തേക്ക് മുന്നിടുന്നതിനോ പിന്നിടുന്നതിനോ വിരോധനമില്ല. സൗകര്യമെങ്കില്‍ കിണര്‍ വടക്കുഭാഗത്ത് ആകുന്നതാണ് നല്ലത്.
മനുഷ്യന്റെ മുഖത്തിന്റെ സ്ഥാനമാണ് വീടിനെ സംബന്ധിച്ചിടത്തോളം അതിന്റെ മുന്‍ഭാഗത്തിനുള്ളത്. അത് നിരീക്ഷിക്കുന്ന ഒരാള്‍ക്ക് ആ വീട്ടുകാരുടെ സ്വഭാവവും സംസ്‌കാരിക നിലവാരവും അളക്കാനാകും. അതിനാല്‍ പ്രത്യേക ശ്രദ്ധയോടെ ചിട്ടപ്പെടുത്തേണ്ട ഭാഗമാണിത്. ഒന്നോ രണ്ടോ തണല്‍ മരങ്ങള്‍ വീടിന്റെ മുന്‍ഭാഗത്തുണ്ടായിരിക്കണം. ഇവ പിന്നീട് ഉപകാരപ്പെടുന്നതും പുഴുക്കള്‍ നിറഞ്ഞ് ശല്യമുണ്ടാകുന്നതുമാകാതിരിക്കണം. കലാബോധത്തോടെ സംവിധാനിച്ച പൂച്ചെടികള്‍ വീടിന് സൗന്ദര്യവും സൗരഭ്യവും നല്‍കും. നല്ല ഓക്‌സിജന്‍ ലഭിക്കാനും മനസ്സമാധാനത്തിനും ഇത് ഉപകരിക്കും.
വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ആലയും അതിന്റെ വളക്കുഴിയും മുന്‍ വശത്തുണ്ടാകുന്നത് ദുര്‍ഗന്ധത്തിനു കാരണമാകും. കാര്‍ പോര്‍ച്ചുകളില്‍ ഒരു കാരണവശാലും ചകിരി, വിറക്, മണല്‍ തുടങ്ങിയവ കൂട്ടിയിടുകയോ കന്നുകാലികളെ കെട്ടുകയോ ചെയ്യരുത്. ഇഴ ജന്തുക്കള്‍ താമസമാക്കാനും പൂച്ചകള്‍ വിസര്‍ജിച്ച് കടുത്ത ദുര്‍ഗന്ധമുണ്ടാകാനും ഇത് കാരണമാകും. വീടിനു മുന്‍ഭാഗത്ത് തലങ്ങും വിലങ്ങും അയലുകള്‍ കെട്ടി ആറിയിടുന്നവരുണ്ട്. അതിഥികള്‍ക്ക് വീട്ടുകാരുടെ നിലവാരമളക്കാന്‍ ഇത് ധാരാളം മതിയാകും. പുറത്ത് ചിതറിക്കിടക്കുന്ന ചെരിപ്പുകള്‍ അച്ചടക്കരാഹിത്യത്തിന്റെ അടയാളമായി ഗണിക്കപ്പെടും.
വൃത്തി, സൗകര്യം, അച്ചടക്കം, താമസക്കാരുടെ ഒരുമ എന്നീ മേന്മകള്‍ ഒത്തു വന്നാല്‍ വീട് ഒരു സാന്ത്വന കേന്ദ്രമാകും. തിരുനബി(സ) പറഞ്ഞു: ”ഒരാളുടെ വിജയത്തിന്റെ ഭാഗമാണ് മൂന്ന് കാര്യങ്ങള്‍. സ്വാലിഹത്തായ ഭാര്യ. സൗന്ദര്യമുള്ള വീട്. നല്ലൊരു വാഹനം” (അഹ്മദ്)

റഹ്മത്തുല്ലാഹ് സഖാഫി എളമരം

 March 9, 2018 
SirajDaily