page

Friday, 20 April 2018

ശിർക്കിൽ നിന്ന് തലയൂരുന്ന മുജാഹിദ് പ്രസ്ഥാനം!

ശിര്‍ക്കില്‍ നിന്ന് തലയൂരുമ്പോള്‍ ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.....

ശിര്‍ക്കാരോപണത്തിലും സമൂഹത്തെ ഇസ്ലാമിന്‍റെ ധവളിമയില്‍ നിന്ന് പുറത്താക്കുന്നതിലുമായിരുന്നു എക്കാലത്തും മുജാഹിദ് മൗലവിമാരുടെ തടിമിടുക്ക്. സാധാരണക്കാര്‍ മുതല്‍ മഹാപണ്ഡിതര്‍ വരെയും അവരുടെ ശിര്‍ക്കുലാബില്‍ പരീക്ഷിക്കപ്പെട്ടു. തൗഹീദിന്‍റെ ഒരംശംപോലും കണ്ടുകിട്ടാനാവാതെ വന്നതിനാല്‍ അവരുടെയും മുസ്‌ലിം ലോകത്തെ ആകമാനവും മൗലവിമാര്‍ തെമ്മാടിക്കുഴിയില്‍ വരവു ചേര്‍ത്തു. ഉറുക്ക്, മന്ത്രിച്ചൂതല്‍, സിഹ്റ്, മൗലിദ്, ഇസ്തിഗാസ, തവസ്സുല്‍, ഖബര്‍സിയാറത്ത് തുടങ്ങി ആദരവും ബഹുമാനവുമടക്കം എല്ലാം ശിര്‍ക്കുവല്‍ക്കരണത്തിന് മതിയായ കാരണങ്ങളായി മുജാഹിദ് ഗവേഷണാലയത്തിലെ ശാസ്ത്ര പടുക്കള്‍ കണ്ടുപിടിച്ചുകളഞ്ഞു.
ഇതങ്ങനെ തുടരുന്നതിനിടയിലാണ് ചില ഗവേഷണങ്ങള്‍ക്ക് ഗതിമാറ്റം വരുന്നത്. ശിര്‍ക്കാന്‍ തേച്ചത് തൗഹീദായി തോന്നിയത്. എക്സറേ അടക്കം യാദൃച്ഛികമായുണ്ടായ ചില കണ്ടെത്തലുകളുണ്ടല്ലോ, അപ്രകാരം ശിര്‍ക്കുലാബില്‍ ജിന്നു കേറുന്നതും ഭൗതിക അഭൗതിക മാനദണ്ഡങ്ങള്‍ കീഴ്മേല്‍ മറിയുന്നതുമൊക്കെ ഇതിന്‍റെ അനുബന്ധമായുണ്ടായി. തൗഹീദിന്‍റെ നിര്‍വചനം പലയാവര്‍ത്തി വെട്ടിത്തിരുത്തി. തൗഹീദിനായധ്വാനിച്ചു മണ്‍മറഞ്ഞ പല മൗലവിമാരുടെയും ജീവിതം വൃഥാവിലായെന്നു മാത്രമല്ല, കടുകട്ടി ശിര്‍ക്കും പേറി ചരമം കൊണ്ട് ഭാഗ്യശൂന്യരുമായി അവര്‍. സിഹ്ര്‍ ഫലിക്കുന്നത് അഭൗതികമായും കാര്യകാരണബന്ധങ്ങള്‍ക്ക് അതീതമായുമാകയാല്‍ തൗഹീദ് തലകുത്തി നിന്നു. ആകെ ഓടക്കാട്ടില്‍ ഒറ്റയാന്‍ കയറിയ പ്രതീതി. അങ്ങനെയാണ് മൗലവി ഗ്രൂപ്പും മടവൂര്‍ ഗ്രൂപ്പും ഉണ്ടായത്. ജിന്നൂരികളെന്ന് ഇരുകൂട്ടരും ഓമനിച്ചു വിളിച്ച സക്കരിയ്യ ഗ്രൂപ്പും ജനിച്ചു. പിന്നെയും ഗവേഷണം മുറുകിയപ്പോള്‍ മൂന്നാം മുന്നണിയുടെ നേതാവ് കളംചാടി. രാഹുല്‍ ഗാന്ധിയെ കാണാതായപ്പോഴുണ്ടായപോലെ അഭ്യൂഹം മാത്രമാണ് ടിയാനെ കുറിച്ച് ഇപ്പോഴുള്ളത്.
മുജാഹിദ് പാളയത്തിലെ ഈ ജാതി കുത്തിമറിച്ചിലുകള്‍ കേട്ടും വായിച്ചും തലചുറ്റി ഓക്കാനം മുട്ടി നില്‍ക്കുന്ന കേരളക്കാര്‍ക്ക് പിന്നെയും ഇതോര്‍മപ്പെടുത്തിയത് മഹത്തായ ഒരു കരണംകുത്തി മറിയലിനുകൂടി ഈ ‘നവോത്ഥാന’ പ്രസ്ഥാനം വിധേയമായിരിക്കുന്നത് പരിചയപ്പെടുത്താനാണ്. മന്ത്രിച്ചൂതിയുള്ള ആത്മീയ ചികിത്സയാണ് ഇപ്പോള്‍ മുജാഹിദുകളുടെ പോസ്റ്റുമോര്‍ട്ടം ടേബിളില്‍ വിറങ്ങലിച്ചു കിടക്കുന്നത്.
മതം ചികില്‍ത്സക്ക് പ്രോത്സാഹനം നല്‍കിയിട്ടുണ്ട്. അത് ഭൗതിക-ആത്മീയ രീതികളിലൊക്കെയാവാം. വേറിട്ടും സംയുക്തമായും ചെയ്യാം. അന്യത്ര വിശദീകരിക്കപ്പെട്ടതാകയാല്‍ അതിന്‍റെ ആധികാരികതയും പ്രാമാണികതയുമൊന്നും ഇവിടെ പരാമര്‍ശിക്കുന്നില്ല. മതം അനുവദിച്ച, റസൂല്‍(സ്വ) പ്രോത്സാഹിപ്പിച്ച, പില്‍ക്കാല പണ്ഡിതരൊക്കെയും നടത്തിക്കാണിച്ച മന്ത്രിച്ചൂത്ത് ചികിത്സ കേരളത്തില്‍ നടന്നു വന്നിരുന്നു; ഇപ്പോഴും വ്യാപകമായി നിലകൊള്ളുന്നു. മുസ്‌ലിം സമൂഹത്തിന് ഈ കാര്യത്തില്‍ അല്‍പമാത്ര സന്ദേഹം പോലുമുണ്ടായിരുന്നില്ല.
വിഷം തീണ്ടി മരണാസന്നനായ ഒരു ഗോത്ര തലവനെ അബൂസഈദിനില്‍ ഖുദ്രി(റ) മന്ത്രിച്ചൂതി സുഖപ്പെടുത്തിയതും പ്രതിഫലമായി ലഭിച്ച മുപ്പത് ആടുകളെ തിരുനബി (സ്വ) അംഗീകരിച്ചതുമടക്കം നിരവധി പ്രമാണങ്ങള്‍ അവര്‍ക്ക് മുമ്പിലുണ്ടല്ലോ. മന്ത്രിച്ചൂത്ത് പ്രോത്സാഹിപ്പിക്കുന്നതിന്‍റെ  ഭാഗമാവാം, തിരുനബി(സ്വ) പ്രതിഫലമായി ലഭിച്ച ആടുകളില്‍ നിന്ന് വിഹിതമാവശ്യപ്പെടുക പോലുമുണ്ടായി.
പിന്നെയും ഇക്കാര്യത്തില്‍ ശങ്കിക്കുക നബി(സ്വ)യുടെ ദര്‍ശനങ്ങളില്‍ തരിമ്പും താല്‍പര്യമില്ലാത്ത ഇടമറുകാദികള്‍ മാത്രം. പക്ഷേ, മുജാഹിദുകള്‍ ഈ രംഗത്ത് ഇടമറുകിനെയും ചാള്‍സ് ഡിക്കന്‍സിനെയും സാക്ഷാല്‍ ബര്‍ണഡ് റസ്സലിനെയും കടത്തി വെട്ടി. നബി  (സ്വ) ചെയ്താലും അംഗീകരിച്ചാലും ലോക മുസ്‌ലിംകളഖിലം അനുവര്‍ത്തിച്ചാലുമൊന്നും മന്ത്രിച്ചൂത്ത് പറ്റില്ലെന്ന് അവര്‍ വാശിപിടിച്ചു. കാരണം ലളിതം, ശിര്‍ക്കോഫോബിയ! മന്ത്രിച്ച വെള്ളം കുടിച്ച് രോഗം മാറിയാല്‍ അത് അഭൗതിക രീതിയാണ്, കാര്യകാരണബന്ധങ്ങള്‍ക്കതീതമാണ്. ഇതിനപ്പുറം ശിര്‍ക്കെന്ത്? മുജാഹിദ് പുറംപോക്കിലെ ഓരോ അംഗവും  ഈ ആവശ്യാര്‍ത്ഥം തൊണ്ട കീറി. ലേഖനങ്ങളും പുസ്തകങ്ങളും പിറന്നു. അവര്‍ നിര്‍മാര്‍ജനം ചെയ്ത മഹാ ദ്രോഹങ്ങളില്‍ മുഖ്യമായി ഇതിനെ എണ്ണി. ചില പഴംപുരാണങ്ങള്‍ വായിക്കുക:
‘നൂല്, മന്ത്രം, പിഞ്ഞാണമെഴുത്ത്, മന്ത്രിച്ചൂതിയ വെള്ളം, മൗലൂദ്… എന്നിവ ചികിത്സാരീതികളായി സ്വീകരിക്കുന്ന ശിര്‍ക്കന്‍ വിശ്വാസം (അവിഭക്ത കെ.എന്‍.എം പ്രസിദ്ധീകരിച്ച ഇസ്ലാഹി പ്രസ്ഥാനം എന്ന കൃതി പേജ് : 161)  നബി(സ്വ) പോലും ചെയ്ത മന്ത്രിച്ചൂതല്‍ ശിര്‍ക്കാണെന്ന്!
അല്‍ ഇസ്വ്ലാഹ് മാസികയിലെ നിറസാന്നിധ്യം എസ്.എസ് ചങ്ങലീരി എഴുതിയതിപ്രകാരം: ‘എന്നാല്‍ മന്ത്രത്തോടൊപ്പം എന്തെങ്കിലും ഊതിക്കുടിക്കുകയോ ശരീരത്തിലോ മറ്റോ കെട്ടുകയോ ചെയ്യാന്‍ പാടില്ലെന്നും അത് ശിര്‍ക്കും കുഫ്റുമാണെന്നും വ്യക്തമായി’ (ആദര്‍ശ ഡയറി, പേ 57).
മറ്റ് നിരവധി പുസ്തകങ്ങളിലും പ്രഭാഷണങ്ങളിലും ഇക്കാര്യം വിശദീകരിച്ചു പറഞ്ഞിട്ടുണ്ട്.
മന്ത്രിക്കലും വെള്ളത്തില്‍ ഊതിക്കുടിക്കലുമൊക്കെ തനിശിര്‍ക്കും അന്ധവിശ്വാസവും പരമാബദ്ധവും ആയി കൂവി നടന്നവര്‍ ഹദീസും ആയത്തും പഠിച്ച് കുറച്ച് ‘വെളിവ്വെച്ചു’ തുടങ്ങിയപ്പോള്‍ ആകെ മാറിയ കൗതുകമാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇതൊക്കെ തൗഹീദിന്‍റെ കടുകട്ടിയാണത്രെ! ഇപ്പോള്‍ തുപ്പല്‍ തെറിപ്പിച്ച് വരേെ ഊതി ചികിത്സിക്കാമത്രെ മുജാഹിദുകള്‍ക്ക്!
അല്‍ ഇസ്വ്ലാഹ് മാസിക 2015 മാര്‍ച്ച് ലക്കം പ്രസിദ്ധീകരിച്ച മന്ത്രങ്ങളുടെ രീതികള്‍ എന്ന ദീര്‍ഘ ലേഖനത്തിന്‍റെ ചില വരികള്‍ കാണുക:
‘മന്ത്രത്തിന്‍റെ രൂപങ്ങള്‍ വിവിധ രീതികളില്‍ പ്രമാണങ്ങളില്‍ വന്നിട്ടുണ്ട്. ചില ഹദീസുകള്‍ കാണുക:
ആയിശ(റ)യില്‍ നിന്നും ഉദ്ധരിക്കുന്നു. അവര്‍ പറഞ്ഞു: ‘തന്‍റെ കുടുംബത്തിലാരെങ്കിലും രോഗിയായാല്‍ അവിടുന്ന് മുഅവ്വിദാത്ത് (സൂറ:നാസ്, ഫലക്വ്) ഓതി ഊതാറുണ്ടായിരുന്നു. നബി(സ്വ) വഫാത്തായ രോഗത്തിലായപ്പോള്‍ ഞാന്‍ അവിടുത്തെ മേല്‍ ഊതുകയും അവിടുത്തെ കൈകൊണ്ട് തന്നെ തടവുകയും ചെയ്തു കൊണ്ടിരുന്നു. എന്‍റെ കൈകളേക്കാള്‍ അവിടുത്തെ കൈകള്‍ക്ക് ബറകത്ത് ഉള്ളതു കൊണ്ടാണ് (അവിടുത്തെ കൈകള്‍ കൊണ്ടു തന്നെ തടവിയത്’ (ബുഖാരി. ഖുര്‍ആനിന്‍റെ സവിശേഷതകള്‍).
അബൂ സഈദ്(റ)വിന്‍റെ ഹദീസില്‍ വന്നിട്ടുള്ള പാമ്പുകടിയേറ്റവന്‍റെ കഥയില്‍ പറഞ്ഞ സംഭവം…. പിന്നെ അദ്ദേഹം പോയി തുപ്പല്‍ തെറിപ്പിച്ച് ഊതാന്‍ തുടങ്ങി, സൂറത്തുല്‍ ഫാതിഹ ഓതികൊണ്ടായിരുന്നു. ആ കാര്യം പിന്നീട് നബി(സ്വ) അംഗീകരിച്ചു കൊടുത്തു (ബുഖാരി).
മുസ്‌ലിമിന്‍റെ റിപ്പോര്‍ട്ടിലുള്ളത്, ‘അദേഹം ഉമ്മുല്‍ ക്വുര്‍ആന്‍ ഓതാന്‍ തുടങ്ങി. തന്‍റെ ഉമിനീര്‍ കൂട്ടിവെച്ചു കൊണ്ട് ഊതുകയും ചെയ്തു കൊണ്ടിരുന്നു. അങ്ങനെ ആ മനുഷ്യന്‍ വിഷമത്തില്‍ നിന്ന് മോചിതനായി’ എന്നാണ് (സ്വഹീഹ് മുസ്‌ലിം).
മന്ത്രത്തില്‍ ‘നഫ്സും’ ‘തഫ്ലും’ (ഊത്തും തുപ്പലും-ലേ) ആകാം എന്ന് ഈ ഹദീസുകളില്‍ നിന്ന് തെളിയുന്നു. അപ്രകാരമാണ് സ്വഹാബത്തിലെ ഒരു സംഘം പറഞ്ഞത്. പണ്ഡിതന്‍മാരില്‍ മഹാഭൂരിപക്ഷവും ഈ വീക്ഷണക്കാരാണ് (പേ:33).
മന്ത്രത്തിന്‍റെ വിഷയത്തില്‍ വന്നിട്ടുള്ള ഹദീസുകളും അതേപോലെ നഫ്ഥ്-തഫ്ല് എന്നിവ പരാമര്‍ശിക്കപ്പെട്ട നസ്സ്വുകളും വിശകലന വിധേയമാക്കിയാല്‍ ക്വിറാഅത്തിന് മുന്നേയും പിന്നേയും ഒപ്പവുമൊക്കെ ഊത്ത് നടത്തപ്പെട്ടതായി മനസ്സിലാക്കാം. ഈ പറഞ്ഞ മൂന്ന് രീതിയും അനുവദനീയമാണെന്ന് ഹദീസുകളില്‍ നിന്ന് കിട്ടും (പേജ്:34).
ഈ മന്ത്രത്തിന്‍റെ രീതി ഇപ്രകാരമാണ്. ഒരു പാത്രത്തില്‍ വെള്ളമെടുത്ത് നിയമ വിധേയമായ മന്ത്രങ്ങള്‍ ചൊല്ലി അതില്‍ ഊതുക. അതിന് ശേഷം രോഗി അത് കൊണ്ട് കുളിക്കുകയോ കുടിക്കുകയോ രോഗമുള്ള ഭാഗത്ത് അത് (ഒഴിച്ച്)കൊണ്ട് തടവുകയോ ചെയ്യുക (പേജ്:35).
അഹമദ് പറഞ്ഞു-അദ്ദേഹം (ഥാബിത്) രോഗിയായിരുന്നു. അപ്പോള്‍ നബി(സ്വ)… ഒരല്‍പ്പം മണ്ണെടുത്തു. പിന്നെ അതൊരു പാത്രത്തിലാക്കി. പിന്നെ അതില്‍ വെള്ളത്തില്‍ ഊതി അദ്ദേഹത്തിന്‍റെ മേല്‍ ഒഴിച്ചു (സുനനു അബീദാവൂദ്).
ലൈഥ്ബ്നു അബീസുലൈമില്‍നിന്ന്. അദ്ദേഹം പറഞ്ഞു: ഈ ആയത്തുകള്‍ ഒരു പാത്രത്തിലെ വെള്ളത്തില്‍ ഓതി സിഹ്റ് ബാധിതന്‍റെ ശരീരത്തില്‍ ഒഴിച്ചാല്‍ ശമനം കിട്ടും (ഇബ്നു അബീ ഹാതിമിന്‍റെ തഫ്സീര്‍). ഇമാം അഹ്മദിന്‍റെ മകന്‍ സ്വാലിഹ് പറഞ്ഞു. ഞാന്‍ ചിലപ്പോഴൊക്കെ വയ്യാത്തവനാവും. അപ്പോള്‍ എന്‍റെ പിതാവ് ഒരു പാത്രം വെള്ളമെടുത്ത് അതില്‍ ഓതുകയും എന്നോട് അത് കുടിക്കാനും മുഖവും കൈയ്യും കഴുകാനും പറഞ്ഞിരുന്നു (പേജ്:36). ഇബ്നു തൈമിയ്യ പറഞ്ഞു. ഖുര്‍ആനില്‍ നിന്നോ മറ്റു ദിക്റുകളില്‍ നിന്നോ വല്ലതും പാത്രത്തിലോ പലകയിലോ മറ്റോ എഴുതി അത് വെള്ളം കൊണ്ട് മായ്ച്ചശേഷം കുടിക്കുന്നത് കൊണ്ട് തെറ്റില്ലെന്ന് ഇമാം അഹ്മദും മറ്റും ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട് (മജ്മഉല്‍ ഫതാവാ) (പേജ്:37).
മന്ത്രത്തിന്‍റെ ആധികാരികത ഇത്ര ആവേശത്തില്‍ സമര്‍ഥിച്ച് ഞെളിഞ്ഞിരിക്കുന്ന നവ മുജാഹിദുകളോട് ചില ഓര്‍മകള്‍ ഉണ്ടായിരിക്കണമെന്ന് സൂചിപ്പിക്കട്ടെ. പ്രധാനമായും ഇത് പറഞ്ഞായിരുന്നു ലോക മുസ്‌ലിംകളെ നിങ്ങള്‍ മുശ്രിക്കുകള്‍ ആക്കിയത്. അടിയന്തരമായി അവരോട് ക്ഷമ ചോദിക്കുക. മുശ്രികല്ലാത്തവരെ ശിര്‍ക്ക് ആരോപിക്കുമ്പോള്‍ അത് തിരിഞ്ഞ് കുത്തുമെന്ന് ഉറപ്പ്, അത്കൊണ്ട് ശഹാദത്ത് പുതുക്കുക. അനേകം മുജാഹിദുകള്‍ ഇങ്ങനെയാണ് ചരമമടഞ്ഞത്-അവരുടെ ആഖിറത്തെ കുറിച്ച് വിശദീകരിക്കുക, എന്തായാലും നിങ്ങളുടെ പഠനം തുടരണം. എങ്കില്‍ സമീപ ഭാവിയില്‍ ഇസ്തിഗാസയും തവസ്സുലുമൊക്കെ പ്രാമാണികമാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാനാവും.