page

Tuesday, 22 May 2018

മെൻസസും മെൻസ്ട്രൽ കപ്പും


നെഗറ്റീവ് കമന്റുകൾ ഭയന്ന് എഴുതാതെ മാറ്റി വെച്ച ഒരു ടോപിക് ആയിരുന്നു menstrual cup നെ കുറിച്ചുള്ളത്..പക്ഷെ, ഒരു സ്ത്രീ എന്ന നിലയിൽ ഏറ്റവും കൂടുതൽ അനുഭവിച്ചു കൊണ്ടിരുന്ന ഒരു ബുദ്ധിമുട്ടിൽ നിന്ന് ഒരുപാട് ഒരുപാട് ആശ്വാസം കിട്ടിയ ഒരു കാര്യം മറ്റുള്ളവർക്ക് കൂടി പറഞ്ഞു കൊടുത്തില്ലെങ്കിൽ ഞാൻ ഏറെ സ്വാർത്ഥ ആയിപ്പോകും..ഇന്ന് ഒരുപാട് സ്ത്രീകൾ മെനസ്ട്രൽ കപ്പ്  ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ടെങ്കിലും ആ ഉപയോഗം നൽകിയ സന്തോഷം വിളിച്ചു പറയാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും യോനി, വജൈന, ആർത്തവം , മുല ഇതൊക്കെ തുറന്നു പറയുന്ന പെണ്ണുങ്ങൾ വേറെ എന്തൊക്കെയോ ആണെന്നും, അത്തരം പോസ്റ്റിൽ പോയി സദാചാരം വിളമ്പി ഉത്ഘോഷിക്കുകയും ചെയ്യുന്ന 'കുറച്ചു മാന്യന്മാർ' ഉള്ളത് കൊണ്ടും പലരും മിണ്ടാതെ പോകുന്നു.. ഞാനും മിണ്ടാതെ ഇരുന്നു..പക്ഷെ ഇന്നലെ എന്റെ കൂട്ടുകാരിയോട് എന്തെ മെനസ്ട്രൽ കപ്പ് ഉപയോഗിച്ചൂടെ നിനക്ക് എന്ന് ചോദിച്ചപ്പോൾ, പിന്നെ, അതൊക്കെ ഉള്ളിൽ വെച്ചിട്ട് വേണം ഭാവിയിൽ ഇനി വല്ല അസുഖവും ഉണ്ടാകാൻ എന്ന മറുപടി ഏറെ വിഷമം ഉണ്ടാക്കി..വജൈനയുടെ ഉള്ളിൽ വെക്കുക എന്നത് കൊണ്ട് എന്തോ സംഭവിക്കും എന്ന് ചിന്തിച്ചു മാത്രം ഇത്രയും നല്ലൊരു മാറ്റം വേണ്ടെന്ന് വെക്കുന്ന ഒരുപാട് പേർ കാണും എന്ന് തോന്നി..ഈ പ്രൊഡക്ടിനെ കുറിച്ച് കുറെ നാളുകൾ മുൻപ് കേട്ടിരുന്നു ,പക്ഷെ മുഖപുസ്തകത്തിൽ ഒരു ജേർണലിസ്റ്റ് കുട്ടിയുടെ പോസ്റ്റ് കണ്ടപ്പോൾ ആണ്, ഉപയോഗിച്ച് നോക്കാം എന്ന് എനിക്കും തോന്നിയത്.. പിന്നീട് ഗൂഗിളിലും, യൂടൂബിലും ഒക്കെ ഒരുപാട് തിരച്ചിൽ ആയിരുന്നു, അവയെ കുറിച്ചുള്ള ആർട്ടിക്കിൾ വായിച്ചു, ഗൈനക്കോളജിസ്റ്റ് പറയുന്ന വിഡിയോ കണ്ടു, ഉപയോഗിക്കുന്ന രീതി നോക്കി .ഇക്കയോട് പറഞ്ഞപ്പോൾ ബർത്ഡേക്ക് ഗിഫ്റ്റ് ആയി വാങ്ങി തരാം എന്ന് പറഞ്ഞു.. പക്ഷെ, ജോലിക്ക് പോയി കിട്ടിയ ആദ്യ വരുമാനം കൊണ്ട് തന്നെ ഞാൻ ആ 'വിപ്ലവമാറ്റത്തിന്' ഓർഡർ കൊടുത്തു..പർപ്പിൾ കളറിൽ ആ മാറ്റം എന്റെ വീട്ടിൽ എത്തി..പിന്നീട് പീരിയ്ഡ്സ് ആകാൻ ഉള്ള കാത്തിരിപ്പ് ആയിരുന്നു.
നഴ്സ് ആണെങ്കിലും വജൈനയിൽ മെഡിസിൻ ഒക്കെ ഇന്സെർട് ചെയ്തിട്ടുണ്ടെങ്കിലും ഒരു ഫോറിൻ ബോഡി ഉള്ളിലേക്ക് വെക്കുന്ന എല്ലാ ആശങ്കയോടും കൂടെ തന്നെ ആയിരുന്നു ആദ്യ ദിനങ്ങൾ.. ആദ്യത്തെ ഒന്ന് രണ്ടു ദിവസമേ ഉപയോഗ പരിചയക്കുറവിന്റെ ബുദ്ധിമുട്ട് ഉണ്ടായിയുന്നുള്ളൂ..ഉപയോഗിച്ച് തുടങ്ങി മെനസ്ട്രൽ കപ്പിന്റെ സൗകര്യം അറിഞ്ഞപ്പോ ജീവിതത്തിൽ ആരോടും ചോദിക്കാതെ ഒറ്റയ്ക്ക് ഞാൻ എടുത്ത ഏറ്റവും നല്ല തീരുമാനം ആയിരുന്നു ഇതെന്ന് ഉറപ്പിച്ചു..
ഇത് മെനസ്ട്രൽ കപ്പിന്റെ ബ്രാൻഡ് പരിചയപ്പെടുത്തലോ പരസ്യമോ ഒന്നും അല്ല..പണ്ട് തുണി(ഇന്നും ഉണ്ട്) അതും വിയർപ്പും അഴുക്കും ഒക്കെ പറ്റി, അലക്കി അലക്കി മുഷിഞ്ഞ ലുങ്കി തുണി കീറി ഉപയോഗിച്ചിരുന്ന കാലം, കോളേജിൽ പോകുന്ന ഒരു ചേച്ചി ആണ് പാഡ് കാണിച്ചു തരുന്നത്.. വീട്ടിൽ അത് വാങ്ങി തരാൻ അന്ന് വഴക്ക് ഉണ്ടാക്കേണ്ടി വന്നിട്ടുണ്ട്.. കടയിൽ പോയി ഇതൊക്കെ വാങ്ങുന്നത് എങ്ങനെ ആണ്, മോശം അല്ലെ എന്നൊക്കെ വിദ്യാഭ്യാസം ഉള്ള ഉമ്മച്ചി പോലും ചിന്തിച്ചിരുന്നു.. പക്ഷെ പാഡ് ഉപയോഗിച്ചപ്പോൾ രക്തത്തിന്റെ ഉളുമ്പ് മണം പിടിച്ച തുണിയിൽ നിന്നും കിട്ടിയ ആശ്വാസം ചെറുത് ആയിരുന്നില്ല.. അന്നും ഏറെ കഴിഞ്ഞാണ് വീട്ടിലെ മുതിർന്നവർ തുണി ഒഴിവാക്കിയത്..വൃത്തി രഹിതമായ ആർത്തവ പരിപാലനം(തുണി ഉപയോഗം) ആണ് ഇത്രയും നാൾ ശീലിച്ചു പോന്നതെന്നും അതിന്റെ ഭവിഷ്യത്തുകൾ എത്രത്തോളം എന്നും നഴ്സിംഗ് പഠിക്കാൻ ചെന്നപ്പോൾ ആണ് അറിഞ്ഞത്..

പാഡ് ഉപയോഗം തുണിയിൽ നിന്നും സുഖകരം എങ്കിലും ഏതൊരു പെൺകുട്ടിയെ പോലെയും അത്ര സുഖകരം ആയിരുന്നില്ല ആർത്തവ ദിനങ്ങൾ..അതും തൂവെള്ള യൂണിഫോം ഒക്കെ അണിഞ്ഞ സമയങ്ങളിൽ..ഇന്നും കറുത്ത പർദ്ദ അണിഞ്ഞാലും ആർത്തവ ദിനങ്ങൾ ആശങ്കയിൽ തന്നെ ആയിരുന്നു.. വസ്ത്രത്തിൽ പറ്റുമോ..പുറത്തൊക്കെ യാത്രക്ക് പോയാൽ എവിടുന്ന് മാറും, ചില കാര്യങ്ങൾക്ക് ഒക്കെ രാവിലെ ഇറങ്ങിയാൽ പാഡ് മാറ്റാൻ ഉള്ള സമയവും സൗകര്യവും പലർക്കും ഉണ്ടാകില്ല..ജോലിക്കാരുടെ കാര്യം പറയേണ്ടതില്ല.. നാലു മുതൽ ആറ് മണിക്കൂർ വരെ മാത്രം ഉപയോഗിക്കാവുന്ന പാഡ് മിക്കപ്പോഴും ആദ്യ ദിവസങ്ങളിൽ രക്‌തം കൊണ്ട് നിറഞ്ഞിട്ടുണ്ടാകും. മൂത്രം ഒഴിക്കാൻ പോയാൽ പാഡ് മാറ്റേണ്ടി വരും എന്നും എന്നാൽ അതിനുള്ള സമയം ഇല്ല എന്നും ഒക്കെ കരുതി മൂത്രം പിടിച്ചു വെച്ചും ,പാഡിന്റെ ഇറിട്ടേഷനും ഒക്കെ ആയി മനം മടുപ്പിക്കുന്ന ദിനങ്ങൾ.. ഹോർമോൺ വ്യതിയാനങ്ങൾ വരുത്തുന്ന മൂഡ് സ്വിങ്സിനെക്കാൾ എനിക്ക് ദേഷ്യവും സങ്കടവും കൂടുതൽ ഈ സമയത്ത് വരാൻ ഉള്ള കാരണം ആയി തോന്നിയിട്ടുള്ളത്, രക്തത്തിന്റെ കൊഴുപ്പ് വജൈനക്കും പാഡിനും ഇടയിൽ ശരീരത്തിൽ അറിയിക്കുന്ന അസ്വസ്ഥത ആണെന്നാണ്..അങ്ങിനെ പറയാൻ കാരണം, ആ ദേഷ്യവും ഇറിട്ടേഷനും എനിക്ക് ഇപ്പോൾ ഇല്ല എന്നതാണ്..

പറഞ്ഞു വരുന്നത് മെനസ്ട്രൽ കപ്പ് നൽകുന്ന ഉപകാരങ്ങൾ ആണ്.. ഇത് ഉപയോഗിച്ച് തുടങ്ങിയപ്പോൾ പലപ്പോഴും, എനിക്ക് പീരിയ്ഡ്സ് ആണെന്ന് ഞാൻ മറന്നു തുടങ്ങിയിരിക്കുന്നു..ഇടയ്ക്ക് ഉണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾ മാത്രം ആണ് ഓർമ്മിപ്പിക്കുന്നത്.. കാലും നടുവും വയറും വേദന എടുക്കുമ്പോഴും പാഡ് തെന്നി മാറി രക്തം ഡ്രസ്സിലൊ, ബെഡ്ഷീറ്റിലോ ആകുമോ എന്നോർത്തു വടി പോലെ കിടക്കാറെ ഉണ്ടായിരുന്നുള്ളൂ.. എന്നാൽ ഇപ്പോൾ ഏറ്റവും കംഫർട് തോന്നുന്ന പൊസിഷനിൽ കിടക്കാൻ സാധിക്കുന്നു..കട്ടിക്ക് വെച്ച പാഡിന്റെ ഉരച്ചിൽ നോവിൽ നിന്നുള്ള മോചനം നടത്തത്തിന്റെ വേഗത കുറയ്ക്കുന്നില്ല.. സീറ്റ് ഉണ്ടായിട്ടും ബസിൽ ഒഴിവാക്കി നിൽക്കേണ്ടി വന്നിട്ടില്ല..മോളെയും കൊണ്ട് അവധിക്കാലത്ത് ഉള്ള പുഴയിൽ പോക്ക് മാറ്റി വെച്ചില്ല..ഉപയോഗിച്ച പാഡ് വീട്ടിൽ ആരും കാണാതെ ഒളിപ്പിച്ചു വെച്ചിട്ട് ദുർഗന്ധം സഹിച്ചു കത്തിച്ചു കളയേണ്ടി വന്നിട്ടില്ല, കൂട്ടിൽ കെട്ടി ആരും കാണാതെ തൊട്ടിലോ തൊടിയിലോ പുഴയിലോ വലിച്ചെറിഞ്ഞു പ്രകൃതിയെ ഉപദ്രവിക്കേണ്ടിയും വന്നില്ല..

99 ശതമാനം ഉപകാരം മാത്രമേ ഉണ്ടായിട്ടുള്ളൂ..ബാക്കി ഒരു ശതമാനം പുറത്തു പോകുമ്പോൾ കപ്പ് എടുത്തു മാറ്റി ക്ളീൻ ചെയ്യേണ്ടതായി വന്നാൽ വൃത്തിയായ വെള്ളം കിട്ടുമോ എന്നുള്ള  ടെൻഷൻ മാത്രം ആണ്.. അതിന് മെഡിക്കൽ സ്റ്റോറിൽ നിന്നോ കപ്പ് വാങ്ങുമ്പോഴോ കൂടെ ക്ലെൻസിങ് സ്പ്രേ കിട്ടും..ഇല്ലെങ്കിൽ ഒരു കുപ്പി വെള്ളം കരുതിയാൽ മതി( നമ്മുടെ നാട്ടിലെ പബ്ലിക് ടോയിൽറ്റിലെ വെള്ളം കൊണ്ട് കപ്പ് കഴുകി വെറുതെ ബാക്ടീരിയയെ ഉള്ളിലേക്ക് ക്ഷണിക്കണ്ട)
മെനസ്ട്രൽ കപ്പിന്റെ ചിത്രം കണ്ട് ആരും ടെൻഷൻ അടിക്കേണ്ട.അതിന്റെ മെറ്റീരിയൽ ഏത് വിധേനയും ഉള്ളിലേക്ക് വെക്കാവുന്ന രീതിയിൽ സോഫ്റ്റും ഫ്ലെക്സിബിളും ആണ്..നമുക്ക് യോജിച്ച സൈസ് തിരഞ്ഞെടുത്താൽ മാത്രം മതി.( യു ടൂബിൽ ഒക്കെ കൃത്യമായ വീഡിയോകൾ ഉണ്ട്). ഒരു തവണ വാങ്ങിയാൽ പിന്നെ കുറഞ്ഞത് 8 വര്ഷം എങ്കിലും ഉപയോഗിക്കാം.. ഓരോ ആർത്തവ മാസങ്ങളിലും ആവശ്യം കഴിഞ്ഞാൽ തിളപ്പിച്ചെടുത്തു വെച്ചാൽ മാത്രം മതി..(ഇനി പാഡ് വാങ്ങാൻ പോകുമ്പോ ഉള്ള ചേട്ടന്മാരുടെ അടക്കി ചിരിയും വേണ്ടെന്ന് വെക്കാം).

വായിച്ചവർ ആരായാലും ആണുങ്ങൾ എങ്കിൽ നിങ്ങളുടെ അമ്മയ്ക്കോ ഭാര്യാക്കോ പെങ്ങൾക്കോ സ്ത്രീ സുഹൃത്തുക്കൾക്കോ വാങ്ങി നൽകാവുന്ന ഏറ്റവും നല്ല സമ്മാനം ആകും.. ( ചിലരെ പറഞ്ഞു ബോധ്യപ്പെടുത്താൻ ബുദ്ധിമുട്ട് ആണെങ്കിലും അവരുടെ നന്മയ്ക്ക് വേണ്ടി ബോധ്യപ്പെടുത്താൻ ശ്രമിക്കുക). പൊതുവെ കല്യാണം കഴിഞ്ഞ സ്ത്രീകൾ ആണ് ഉപയോഗിക്കുന്നത്..സ്‌കൂളിൽ പോകുന്ന  പെൺകുട്ടികൾക്ക് ആണ് ശരിക്കും ഇത് ഉപയോഗ പ്രദം.. കന്യാചർമ്മം ചാരിത്ര്യത്തിന്റെ ഐ എസ് ഐ മാർക്ക് ആക്കി വെച്ചു പെണ്മക്കളെ വളർത്തുന്ന മാതാപിതാക്കളും, ആദ്യ രാത്രിയിലെ വെള്ള ബെഡ്ഷീറ്റിലെ ചുവന്ന തുള്ളി കാത്ത് നിൽക്കുന്ന ഭര്തൃവീടും ഒക്കെ നിലനിൽക്കുന്നിടത്തോളം നിര്ബന്ധിക്കുന്നില്ല..പക്ഷെ ഒന്നുണ്ട്, പാഡ് ഉപയോഗിച്ച് ഉണ്ടായേക്കാവുന്ന വജൈനൽ ഇൻഫെക്ഷൻ തൊട്ട് സെർവിക്കൽ കാൻസർ വരെ തടയാവുന്ന ഒരു മാർഗ്ഗം വേണ്ടെന്ന് വെക്കുന്ന വിഡ്ഢികൾ ആകാതെ നോക്കാം നമുക്ക്...


🌷🌷🌷🌷🌷🌷

മെൻസ്ട്രൽ കപ്പ് ഉപയോഗിച്ചവരുടെ കുറിപ്പുകൾ...
👇👇👇👁️👁️👁️
ഏറ്റവും അത്ഭുതവും സന്തോഷവും അനുഭവപ്പെട്ടത് ഏറ്റവും അവസാനമായിട്ട് ഉപയോഗിച്ചപ്പോഴാണ്

ആർത്തവ കപ്പ് എന്ന മനോഹരമായ കണ്ടുപിടുത്തത്തെ സംബന്ധിച്ച് ഗവേഷണങ്ങളും സർവേകളും നന്നേ കുറവായതുകൊണ്ടും, ഞാൻ അത് ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ എന്നെ ഏറ്റവും കൂടുതൽ സഹായിച്ചത്, അനുഭവങ്ങളും അനുഭവക്കുറിപ്പുകളും യൂട്യൂബ് ലെ വീഡിയോ കളുമായതുകൊണ്ടാണ് ഇതേ കുറിച്ച് എഴുതാം എന്ന് തീരുമാനിച്ചത്.
തയ്യാറെടുപ്പ് മെൻസ്ട്രൽ കപ്പിനെ പറ്റി വളരെ വൈദേശികമായ അറിവ് മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. കപ്പ് ഉപയോഗിക്കുന്ന അനുഭവശാലികൾ എനിക്ക് ചുറ്റും അധികം ഉണ്ടായിരുന്നില്ല. ആയതിനാൽ തന്നെ ഈ സംഗതിയെപ്പറ്റി പഠിക്കാനും അറിയാനും എന്നെ ഏറ്റവും കൂടുതൽ സഹായിച്ചതും പ്രചോദനം ചെലുത്തിയതും യൂട്യൂബ് വീഡിയോകളും,
കപ്പ് ഉപയോഗിക്കുന്ന ചുരുക്കം ചില സുഹൃത്തുക്കളുമാണ്. അങ്ങനെ ഇതിനെപ്പറ്റി വളരെ വിരസമായ ഒരു അന്വേഷണം നടത്തി വരവേയാണ് പാഡ് ഉപയോഗിക്കുമ്പോഴുള്ള വൃത്തിയില്ലായ്മയെ പറ്റി കൂടുതൽ ബോധവതിയാകുന്നത്.
അത്തരം ചില ദൃശ്യങ്ങളും വിവരങ്ങളും ഞെട്ടിക്കുന്നതായിരുന്നു. നാല് മണിക്കൂറിൽ കൂടുതലൊക്കെ പാഡ് ഉപയോഗിക്കുമ്പോൾ ത്വക്ക്, യോനി, ഗർഭാശയ സംബന്ധിയായ രോഗങ്ങൾ വരാനുള്ള സാധ്യതയെ കുറിച്ച് അറിയുകയുണ്ടായി. ഉന്തിന്റെ കൂടെ ഒരു തള്ള് എന്ന രീതിയിൽ കപ്പ് ഉപയോഗം തുടങ്ങണം എന്ന തീരുമാനത്തിലേക്ക് അതെന്നെ കൂടുതൽ അടുപ്പിച്ചു.
അനുഭവം ധൈര്യവും പണവും സംഭരിച്ച് ഞാൻ ഒരു കപ്പ് വാങ്ങി. ഒരു പെരിയഡ്‌സ് ലെ പാഡ് ന്റെ വില വെച്ച് നോക്കുമ്പോൾ നിസാര വിലയേ ആയിട്ടുള്ളൂ. 275 രൂപ. ആദ്യത്തെ വട്ടം വളരെ ദയനീയമായിരുന്നു. ഒരു പോപ്പ് സൗണ്ട് കേൾക്കണം എന്നൊക്കെ പല ട്യൂട്ടോറിയൽ വീഡിയോ കളിലും പറഞ്ഞിരുന്നു. അതൊക്കെ കേട്ടുവെങ്കിലും പൂർണ്ണമായി അകത്ത് കയറിയിരുന്നില്ല.
വൈകാതെ ഞാൻ ആ സത്യം മനസ്സിലാക്കി. അത് എനിക്ക് പകമാവുന്ന സൈസ് ആയിരുന്നില്ല. അല്ലെങ്കിലും ആദ്യത്തെ വട്ടമല്ലേ. ഞാൻ കണ്ട പല ട്യൂട്ടോറിയൽ കളിലും ആദ്യത്തെ ട്രൈ ഇൽ നമുക്ക് വളരെയധികം ദേഷ്യം തോന്നും എന്നൊക്കെ പറഞ്ഞിരുന്നത് കൊണ്ട് ഞാൻ അതൊക്കെ സഹിച്ചു. എന്നാലും അപ്പോൾ തന്നെ വേറെ വാങ്ങാനൊന്നും നിന്നില്ല.
2021 ഫെബ്രുവരി മാസം, ഞാൻ സ്മാൾ സൈസ് ഇൽ ഉള്ള Sirona യുടെ ഒരു മെൻസ്ട്രൽ കപ്പ് വാങ്ങിച്ചു. രണ്ടാമത്തെ അങ്കം. സാധനം വന്നു. നേരത്തേ ഉപയോഗിക്കാൻ ശ്രമിച്ചപ്പോൾ ഉള്ള പാളിച്ചകൾ മനസ്സിലുണ്ട്. പിന്നെ, അനുഭവശാലികളുടെ അടുത്ത് ഒന്നുകൂടി ചോദിച്ച് വ്യക്തത വരുത്തിയിട്ട് ഒന്നുകൂടി വയ്ക്കാൻ ശ്രമിച്ചു. അത് സുന്ദരമായിട്ട് ശെരിയായി.
അതെന്റെ പിരിയഡ്‌സ് ന്റെ ആദ്യത്തെ ദിവസമായിരുന്നു. പക്ഷെ, പിറ്റേ ദിവസം കപ്പ് വൃത്തിയാക്കിയതിന് ശേഷം വയ്ക്കാൻ നോക്കിയപ്പോൾ കയറുന്നില്ല. മൂന്നാമത്തെ ദിവസവും ഇത് തന്നെ കഥ. ഒന്ന് കൂടി നിരാശയാകേണ്ടി വരുമോ എന്ന് ആലോചിച്ച് നിൽക്കുമ്പോൾ,
രണ്ടും കല്പിച്ച് ഒന്നൂടി ആലോചിച്ചും, യൂട്യൂബ് വീഡിയോ കൾ കണ്ടും വ്യക്തത വരുത്തിയിട്ട് ട്രൈ ചെയ്തു. ശെരിയായില്ല. ഒന്നുകൂടി ട്രൈ ചെയ്തു. ശെരിയായി. ആദ്യത്തെ ദിവസത്തെ പോലെ തന്നെ. വളരെ സുന്ദരമായി.
ഞാൻ കപ്പ് വയ്ക്കാൻ നോക്കിയ ഓരോ വട്ടത്തെയും പറ്റി ഇങ്ങനെ പറഞ്ഞത്, ഞാൻ അറിഞ്ഞിടത്തോളം ഇതിന് പെർഫെക്റ്റ് ഫസ്റ്റ് ടൈം ഇല്ല എന്ന് പറയാൻ വേണ്ടിയാണ്.
ചിലപ്പോൾ പെർഫെക്റ്റ് സെക്കന്റ് ടൈം ഉം ഉണ്ടാവണമെന്നില്ല. നിങ്ങൾക്ക് Convenient ആയി ഒരു മനോഹരമായ നിത്യോപയോഗ സാധനം ഉപയോഗിക്കാൻ നിങ്ങൾ എത്ര വട്ടം ട്രൈ ചെയ്യണം എന്ന് പറയാൻ വേണ്ടിയാണ് ഇത്രയും പറഞ്ഞത്. നിങ്ങളുടെ ദൃഢനിശ്ചയം മാത്രമാണ് ഫാക്ടർ . എത്ര വട്ടം ട്രൈ ചെയ്യണമോ അത്രയും വട്ടം ട്രൈ ചെയ്യണം.
പന്ത്രണ്ട് മണിക്കൂർ നേരം Mild Flow യുള്ള സമയത്ത് അങ്ങനെ ഒരു സാധനം അവിടെ ഇരിക്കുന്നുണ്ടെന്ന് പോലും എന്റെ മനസ്സിനെ തോന്നിപ്പിക്കാതെയിരുന്നിട്ടുണ്ട് മെൻസ്ട്രൽ കപ്പ് , എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഹെവി ഫ്‌ലോ ആണെങ്കിൽ ഇതേ സുഖത്തോട് കൂടി ആ കപ്പ് ന്റെ limit ആകുന്നത് വരെ, അതായത് ഏകദേശം 4 മുതൽ 8 മണിക്കൂർ വരെ യാതൊരു ഈർപ്പവും കൂടാതെയുള്ള സമയം. അതൊന്ന് അനുഭവിച്ച് തന്നെ അറിയണം.
Heavy Flow ന്റെ സമയത്ത്‌ ഏകദേശം 250 രൂപയിലധികം പാഡ് വാങ്ങാൻ ചിലവ് വരാറുണ്ട്. പക്ഷെ, കപ്പ് ഉപയോഗിച്ച് തുടങ്ങിയ പിരിയഡ്‌സ് ന്റെ സമയത്ത് എനിക്കാകെ 89 രൂപയുടെ panty liner ആണ് വേണ്ടി വന്നത്. അത് ആവശ്യമുണ്ടായിട്ടല്ല.
ലീക്ക് ആയാലോ എന്ന പേടി കൊണ്ട് മാത്രമാണ്. ഒന്നുരണ്ടു വട്ടം cupping ന്റെ പ്രശ്നം കൊണ്ട് ലീക്കായതൊഴിച്ചാൽ ആ panty liner ന്റെയും ആവശ്യം പിന്നീട് എനിക്കുണ്ടായിട്ടില്ല. Method perfect ചെയ്യുന്നത് വരെ ഒരു protection എന്ന രീതിയിൽ അതൊക്കെ ഉപയോഗിക്കാവുന്നതാണ്. ഇത് വെച്ചിട്ട് perfect ആയതോടെ ബൈക്കിൽ കയറുന്നതിനോ ഒന്നും ഒരു പ്രശ്നവും ഉണ്ടായിട്ടില്ല.
ഏറ്റവും അത്ഭുതവും സന്തോഷവും അനുഭവപ്പെട്ടത് ഏറ്റവും അവസാനമായിട്ട് ഉപയോഗിച്ചപ്പോഴാണ്. പാലക്കാട് നിന്നും തിരുവനന്തപുരം വരെ ട്രെയിനിലുള്ള ഒമ്പത് സുന്ദരമായ മണിക്കൂറുകൾ. ചില സമയത്ത് ബസ്സിൽ പാഡ് വെച്ച് കൊല്ലത്ത് നിന്ന് തിരുവനന്തപുരം വരെ എത്തുമ്പോഴേക്കും ലീക് ആവാറുണ്ട്. ഇപ്പോഴാണെങ്കിൽ, ട്രെയിനിൽ വെച്ച് പോലും ഇടയ്ക്ക് പാഡ് മാറ്റേണ്ട കാര്യമേ വരുന്നില്ല.
ചെലവ് ഒരു കപ്പ് ന് ഏകദേശം 300 രൂപയാണ് സ്റ്റാൻഡേർഡ് വില.ബ്രാൻഡ് മാറുന്നത് അനുസരിച്ച് വില വ്യത്യാസം വരാം. ആളുകൾ ഉപയോഗിച്ചത് അനുസരിച്ചാണ് ഞാൻ ഒരു ബ്രാൻഡ് വാങ്ങിയത്. അത് എനിക്ക് ചേരുന്നതായിരുന്നു. വേറെബ്രാൻഡ് കൾ നിങ്ങൾക്ക് നോക്കാവുന്നതാണ്. ഞാൻ വാങ്ങിയതിന് 275 രൂപയായിരുന്നു. Sirona എന്ന ബ്രാൻഡ് ആയിരുന്നു അത്.
സാധാരണ പിരീഡ്‌സ് ന്റെ സമയത്ത് flow days ഒക്കെ അനുസരിച്ച്‌ പാഡ് വാങ്ങുന്നതിൽ വില 200 രൂപ മുതൽ 300 രൂപ വരെ പോകാറുണ്ട്. ആയിടത്താണ്, perfect ആയിട്ട് ഉപയോഗിച്ചാൽ ഏകദേശം 5 വർഷം, എന്തായാലും 2 വർഷം വരെയെങ്കിലും ഉപയോഗിക്കാവുന്ന കപ്പ് നമ്മൾ വാങ്ങിക്കുന്നത്. ഒരു protection ന് വേണ്ടി വാങ്ങിച്ചു വെച്ച പാഡ് ഇപ്പോൾ വീട്ടിൽ വെറുതെ കിടക്കുന്നു.
വൃത്തി പാഡ് ന്റെ വൃത്തിയില്ലായ്മയുടെ കാര്യം ഞാൻ പ്രത്യേകം പറയേണ്ടതുണ്ടോ? യാതൊരു രീതിയിലുള്ള വൃത്തികെട്ട മണമോ, പാഡ് നിറയാൻ തുടങ്ങുമ്പോൾ ഉള്ളതുപോലുള്ള ഒരു ഈർപ്പത്തിന്റെ അനുഭവമോ ഒന്നുമേ ഇല്ല. ബ്ലഡ് ക്ലോട്സ് വരുമ്പോൾ പാഡ് ഉപയോഗിക്കുന്നത് എത്ര ദുസ്സഹമാണെന്ന് എനിക്ക് അറിയാം. ആ പ്രശ്നങ്ങൾ ഒന്നും തന്നെ കപ്പ് ഉപയോഗിക്കുമ്പോൾ ഇല്ല.
പിന്നെ ചിലർ പറയുന്നുണ്ട്, translucent cup കുറേ use ചെയ്ത് കഴിയുമ്പോൾ അതിൽ ചെറുതായിട്ട് ബ്ലഡ് സ്റ്റൈൻസ് കറ പോലെ നിൽക്കുമെന്ന്. എന്റതിൽ ഇത് വരെ അങ്ങനെ ഒന്നും വന്നിട്ടില്ല. അതൊന്നും പാഡ് ഉപയോഗത്തിലെ വൃത്തിക്കുറവ് വെച്ച് താരതമ്യപ്പെടുത്തുമ്പോൾ അത്ര കാര്യമായ പ്രശ്നങ്ങൾ അല്ല.ഒരു കാരണ വശാലും റാഷസ് വരികയില്ല. കാരണം ഇത് മൂലം നമ്മുടെ പ്രൈവറ്റ് ഏരിയ യിൽ ഈർപ്പം നിൽക്കുന്നില്ല. രക്തം ശരീരത്തിന്റെ അകത്ത് കളക്റ്റ് ചെയ്യുന്നതുകൊണ്ട് ബാക്റ്റീരിയൽ ഇൻഫെക്ഷൻ ഉം വരില്ല.
പിന്നെ ആദ്യ വട്ടമൊക്കെ ഊരിയപ്പോൾ, ‘ഇനിയിപ്പോ ഊരാൻ പറ്റിയില്ലെങ്കിലോ’ എന്നൊക്കെയുള്ള പേടി കാരണം sucction കളയാതെ തന്നെ താഴേക്ക് പിടിച്ച് വലിച്ചു. അന്നേരം കുറച്ച് പെയിൻഫുൾ ആയിരുന്നു. അതാണ് ഞാൻ വീണ്ടും വീണ്ടും പറയുന്നത്, മെത്തേഡ് പെർഫെക്റ്റ് ചെയ്യുക. അതിന് ഒന്ന് രണ്ട് യൂട്യൂബ് വീഡിയോസ് കാണുക. എന്നിട്ട്, ഒന്നല്ല രണ്ടല്ല, നിങ്ങൾക്ക് എത്ര വട്ടം ചെയ്യണമോ അത്രയും വട്ടം ചെയ്ത് നോക്കുക. പിന്നെ കയ്യിൽ കുറച്ച് രക്തം ഒക്കെ ആവും. അത് എനിക്ക് പ്രശ്നമായി തോന്നിയില്ല.
കളയൽ നന്നായി ഊരാൻ പഠിച്ചിട്ടാണെങ്കിൽ, ഊരുക, കക്കൂസിൽ ഒഴിക്കുക. ഇത്രയുമേയുള്ളൂ. ഒന്നല്ലെങ്കിൽ intimate wash ഓ മെൻസ്ട്രൽ കപ്പ് wash ഓ ഉപയോഗിച്ച് കഴുകുക. തിരികെ വയ്ക്കുക.ഇനി പാഡ് ന്റെ കാര്യത്തിലേക്ക് വരാം. Incinerator ആണ് ഏറ്റവും പ്രകൃതി മാലിന്യം കുറച്ചുകൊണ്ടുള്ള പാഡ് കത്തിക്കാനുള്ള വഴി. അത് എത്ര പേരുടെ വീട്ടിലുണ്ടെന്ന് എനിക്ക് അറിയില്ല.
എന്തായാലും ഞാൻ സാധാരണ അത് കണ്ടിട്ടുള്ളത് എന്റെ college ലാണ്. അവിടെ തന്നെ അതിന്റെ ഉപയോഗം ബഹു കഷ്ടമാണ്. സകലമാന സാധനങ്ങളും അതിലിട്ട് കത്തിക്കും. അത് മറ്റൊരു പ്രശ്നം. എന്തായാലും വീടുകളിൽ ഒരേ ഒരു വഴി കത്തിക്കുക എന്നതാണ്. അല്ലെങ്കിൽ കോര്പറേഷന് വേസ്റ്റ് ലേക്ക് seperate ആയിട്ട് collect ചെയ്ത് കൊടുക്കുക.
കത്തിക്കുകയാണെങ്കിൽ പേപ്പറോ പ്ലാസ്റ്റിക്കോ പോലെ ഇത് എളുപ്പം കത്തുകയില്ല. കാരണം, ബ്ലഡ് ഉണ്ട് . ചിലർ ഇത് കൂട്ടി വെച്ചിട്ടാണ് കത്തിക്കാറ്. അങ്ങനെയാവുമ്പോൾ കൂടിയിരുന്ന് ഒരുമാതിരി ഉണക്കമീൻ ചീഞ്ഞ മണമാവും അതിന്. അങ്ങനെ അവസാനം, അത് കത്തിച്ചാൽ തന്നെ ചിലത് കത്താതെ കിടക്കും. ബ്ലഡ് ഉം പ്ലാസ്റ്റിക്ക് ഉം ഒക്കെയാണത്. വീണ്ടും പ്രകൃതി മലിനീകരണം.
ഞാൻ ടൌൺ ൽ താമസിച്ചിരുന്നപ്പോൾ, എന്റെ വീടിന് മുറ്റമില്ലായിരുന്നു. അത് കൊണ്ട് തന്നെ കത്തിക്കാൻ പറ്റില്ല. വേസ്റ്റ് നിയമപരമായിട്ട് കളയാൻ ആണെങ്കിൽ കോര്പറേഷന് വഴി മാത്രമേ പറ്റൂ. അവരും എല്ലാ ദിവസമൊന്നും വരില്ല. അങ്ങനെ നമ്മൾ സ്ഥലത്ത് ഇല്ലെങ്കിൽ ഇത് ഒരാഴ്ചയൊക്കെ കൂട്ടി വെച്ചാൽ അതിരിക്കുന്ന റൂമിലേക്ക് പോകാൻ പറ്റില്ല.
അത്രയും ചീഞ്ഞ മണമായിരിക്കും.നൈറ്റ് ലീക്കേജ് ആണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രശ്നമായിരുന്നത്. ഒരു പിരീഡ്‌സ് ഇൽ ഒരു തവണയെങ്കിലും ഡ്രസ്സ് ഇൽ ആവാതെ ഇരിക്കാറില്ല. അബ്നോർമൽ ഫ്‌ലോ ഒക്കെ ആവാം കാരണം. ആ ഒരു പ്രശ്നം, പെർഫെക്റ്റ് ആയിട്ട് വച്ചിരിക്കുന്ന മെൻസ്ട്രൽ കപ്പ് ഇൽ എനിക്ക് അനുഭവപ്പെട്ടിട്ടില്ല.
മേൽ പറഞ്ഞ പ്രശ്നങ്ങളെല്ലാം ഒരാൾക്ക് തന്നെ അനുഭവമുള്ളതാവണമെന്നില്ല. പക്ഷെ, ചിലതൊക്കെ പലർക്കായിട്ടെങ്കിലും അനുഭവം ഉണ്ടാവും. അങ്ങനെ ഉള്ളവർക്ക്, അതിൽ നിന്ന് ഒരു തീർപ്പ് വേണം എന്നുള്ളവർക്ക് തീർച്ചയായും മെൻസ്ട്രൽ കപ്പ് ഒന്ന് ട്രൈ ചെയ്ത് നോക്കാവുന്നതാണ്.ഉപയോഗിച്ച് തുടങ്ങുമ്പോൾ ഒരേ ഒരു കാര്യം മാത്രം ശ്രദ്ധിക്കുക. ‘ഒളിമ്പ്യൻ അന്തോണി ആദം’ ലെ വട്ടോളി പറഞ്ഞ പോലെ, പ്രാക്ടീസ് മുടക്കരുത്.