page

Thursday, 31 May 2018

കുഞ്ഞുങ്ങൾക്ക് ചുവട് തെറ്റിയതെവിടെ ?



*കുഞ്ഞുങ്ങൾക്ക് ചുവട് തെറ്റിയതെവിടെ ?*

🌷കുഞ്ഞുങ്ങളായാൽ
കുട്ടിത്തം വേണം.....
കണ്ണിൽ കുസൃതി വേണം.....
ചുണ്ടിൽ പുഞ്ചിരി വേണം
മൂക്കിൻ തുമ്പത്തിത്തിരി
ശുണ്ഠി വേണം....
നാവിൽ കൊഞ്ചൽ വേണം
വാക്കിൽ ഉല്ലാസം വേണം.....

നമ്മുടെ പൊന്നു മക്കൾക്കിതൊന്നുമില്ല!
അവരുടെ നോട്ടത്തിൽ
സ്നേഹമില്ല.....വാക്കിൽ
മൃദുത്വമില്ല .....
പെരുമാറ്റത്തിൽ
മിതത്വമില്ല .....
കുഞ്ഞിലേ വലുതായപോലെ!

അവർക്ക് അവകാശങ്ങളെപ്പറ്റി
ധീര ധീരം വാദിക്കാനറിയാം,
കടമകളെപ്പറ്റി മിണ്ടുകയേയില്ല .....
ആരോടും വഴക്കടിക്കാനറിയാം
മാപ്പു പറയാനറിയില്ല .....
തെറ്റു ചെയ്യാനറിയാം,
തിരുത്താനറിയില്ല .....
ചെറുത്തുനിൽക്കാനറിയാം
ചേർത്തു പിടിക്കാനറിയില്ല
പാട്ടിലാക്കാനറിയാം
കൂട്ടുകൂടാനറിയില്ല .....
എന്റേത് എന്നറിയാം
എല്ലാവരുടേതും എന്നറിയില്ല
തർക്കിക്കാനറിയാം
ഉൾക്കൊള്ളാനറിയില്ല......
സാഹോദര്യം അറിയുകയേയില്ല അത് ഒറ്റക്കുട്ടിക്കൂടാരങ്ങൾ തീർക്കുന്ന വലിയൊരു ദുരന്തം
ബുദ്ധി കൊണ്ട് കളിക്കാനറിയാം
വിവേകം കൊണ്ട് ജയിക്കാനറിയില്ല
തോൽക്കുവാനറിയുകയേയില്ല
പക്ഷെ തോൽപ്പിക്കാൻ
നന്നായറിയാം ......
യന്ത്രങ്ങളിൽ അമ്മാനമാടാനറിയാം ....... നന്നായിട്ടൊന്നൂഞ്ഞാലാടാനറിയില്ല
ആഗോള കാര്യങ്ങളൊക്കെയറിയാം.....
അടുത്തിരിക്കുന്നവന്റെ
കണ്ണു നിറഞ്ഞതെന്തിനെന്നറിയില്ല
വിട്ടുകൊടുക്കാനറിയില്ല
എല്ലാം വെട്ടിപ്പിടിക്കാൻ
നന്നായറിയാം......

ആരും അവരെ ഒന്നും
പറഞ്ഞും കൂടാ.......
കാരണം അവർക്കൊന്നും
തന്നെ സഹിക്കാനും കഴിയില്ല ......

ഇവരെങ്ങനെ നാളെ ജീവിക്കും
അതിനി പ്രത്യേകം പഠിപ്പിക്കണം
ഇവരെ ഇങ്ങനെ ആക്കിയതാര്...?...
കുട്ടികൾ ചിണുങ്ങുമ്പോൾ എളുപ്പ വഴിയായ്-
ടിവിയും മൊബൈലും ഗെയിമും കൊടുത്ത് ,
ഉത്തരവാദിത്വത്തിൽ നിന്നൊളിച്ചോടിയ
മാതാപിതാകൾക്കതിൽ മുഖ്യ പങ്കില്ലേ....
ആരോട് പറയാൻ...ആര് കേൾക്കാൻ....
മാറി മാറി വരുന്ന സീരിയലുകൾക്ക് മുന്നിൽ
ആരും കാണാതെ കണ്ണുനീർ തുടക്കുന്ന
നമുക്കെവിടെയാണ് മക്കളെ സ്നേഹിക്കാൻ സമയം........
ആരാകാനാണിഷ്ടമെന്ന ടീച്ചറുടെ ചോദ്യത്തിന്, ടിവി ആകാനാണിഷ്ടമെന്ന്
പറഞ്ഞ കുട്ടിയുടെ ഒറ്റപ്പെടലിന്റെ നൊമ്പരം
നാമെന്നാണിനി തിരിച്ചറിയുക.......!!!
ഒഴിവാക്കണമെന്ന് ഞാൻ പറയില്ല.
മനസ് തുറന്നൊന്ന് മിണ്ടാൻ സമയമില്ലാത്ത-
ഈ വീട്ടിലേക്കിനി ഇല്ലെന്ന് പറഞ്ഞ്
തിരിച്ച് പോയ സ്വന്തക്കാരും..... കൂടുമ്പോൾ ഇമ്പമുള്ള കുടുംബത്തിനിമ്പമില്ലാത്തതിന്റെ
കാരണവും ,പരസ്പരം പൾസറിയാത്ത
ഭാര്യാഭർത്താക്കൻമാരും, ഒരിറ്റ് സ്നേഹത്തിനായി മിനിസ്‌ക്രീനിലെ അഭിനയ- അമ്മമാരെ നോക്കി കൊതിക്കുന്ന സ്വന്തം മക്കളും, നിസ്കാരവും സ്വലാത്തുകളുമില്ലാത്ത ഇരുൾ നേരവും.....
ഓർത്തെടുക്കാൻ നിനക്ക് ഭാഗ്യമുണ്ടായാൽ
നീ-അതൊഴിവാക്കുമെന്നുറപ്പാണ്...... ''അത്'' ഏതാണെന്ന് തിരിച്ചറിഞ്ഞെങ്കിൽ -മാറ്റത്തിനായുള്ള കൗണ്ട് ഡൗൺ തുടങ്ങിക്കോളൂ......ഫിനിഷിംഗ് പോയിന്റിനെ ലക്ഷ്യമാക്കി......!!!.....