page

Wednesday, 6 June 2018

കാന്തപുരത്തെക്കുറിച്ച് പേരോട് അബ്ദുറഹ്മാൻ സഖാഫി

കാന്തപുരം ഉസ്താദിനെക്കുറിച്ച് ഒരു അനുഭവക്കുറിപ്പ് തയ്യാറാക്കുക എന്നത് വലിയ സാഹസമാണ്. പ്രിയ ശിശുൻ
പേരോട് അബ്ദുറഹ്മാന്‍ സഖാഫിയുടെ വാക്കുകളിലൂടെ ....

ഉസ്താദുമായി അടുത്ത ശേഷം എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും ഉസ്താദിന്റെ നിര്‍ദ്ദേശവും ഇടപെടലും ഉണ്ടാവാറുണ്ട്. പരിപാടികള്‍ക്കും മറ്റും ബസ്സില്‍ സഞ്ചരിക്കുന്ന കാലത്ത് ഒരു ദിവസം ഉസ്താദ് എന്നെ വിളിച്ചു പറഞ്ഞു, ബസ്സില്‍ പിന്നിലെ സീറ്റിലേ ഇരിക്കാവൂ എന്ന്. കാരണമന്വേഷിച്ചപ്പോള്‍ പറഞ്ഞു: ‘പിന്നിലൂടെ അക്രമിക്കാന്‍ ആരും വരില്ല’. നെല്ലിക്കുത്ത് ഉസ്താദിനെ പ്രാസ്ഥാനിക ശത്രുക്കള്‍ അപകടപ്പെടുത്തിയ സമയത്തായിരുന്നു അത്.

കാന്തപുരം ഉസ്താദിനെക്കുറിച്ച് ഒരു അനുഭവക്കുറിപ്പ് തയ്യാറാക്കുക എന്നത് വലിയ സാഹസമാണ്. കാരണം ഒരേ സമയം ഉസ്താദും മാര്‍ഗദര്‍ശിയും പിതാവുമായി എന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ വ്യക്തിത്വമാണ് വന്ദ്യരായ ശൈഖുന. കാണുകയും ഇടപഴകുകയും ചെയ്യുന്നതിനു മുമ്പു തന്നെ ഉസ്താദ് എന്റെ ഹൃദയത്തില്‍ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. അതിനു കാരണം എന്റെ പിതാവിന് ഉസ്താദിനോടുള്ള അതിയായ സ്നേഹം തന്നെയാണ്. ഉപ്പയുടെ വാക്കുകളില്‍ എപ്പോഴും ഉസ്താദ് കടന്നുവരും. രോഗശയ്യയിലായിരിക്കെ കൊട്ടപ്പുറം സംവാദത്തിന്റെ കേസറ്റ് കേള്‍ക്കുകയും ഉസ്താദിന് സ്നേഹം ചൊരിയുകയും പ്രശംസിക്കുകയും ചെയ്യുന്നതിന് ഞാന്‍ സാക്ഷിയായിട്ടുണ്ട്.

ഞാന്‍ നാദാപുരത്തിനടുത്ത് ചിയ്യൂര്‍ ജുമുഅത്ത് പള്ളിയില്‍ നഹ്വ് കിതാബ് ഓതുന്ന കാലം. വാണിമേലില്‍ വിപുലമായ സുന്നീ മതപഠനസംഗമം നടന്നു. ഇ കെ ഹസന്‍ മുസ്ലിയാര്‍, കാന്തപുരം ഉസ്താദ് തുടങ്ങിയ പ്രഗത്ഭരാണ് ക്ളാസ് നയിച്ചത്. മലയാള ഖുതുബ എന്ന വിഷയമാണ് ഉസ്താദ് അന്ന് അവതരിപ്പിച്ചത്. ഞാന്‍ അന്ന് ആദ്യമായാണ് ഉസ്താദിന്റെ ക്ളാസ് കേള്‍ക്കുന്നത്. ലളിതവും പ്രൌഢവുമായ അവതരണം. ക്ളാസ് സമാപിച്ചപ്പോള്‍ ഇനിയൊരു തയ്യാറെടുപ്പു കൂടാതെ തന്നെ ആ വിഷയത്തില്‍ ആരുമായും സംവാദം നടത്താന്‍ കഴിയുമെന്ന് എന്നില്‍ ആത്മവിശ്വാസം നിറഞ്ഞിരുന്നു.

പിന്നീടൊരിക്കല്‍ രോഗബാധിതനായ ഉപ്പക്കൊപ്പം ഞാന്‍ കാലിക്കറ്റ് നഴ്സിംഗ് ഹോമില്‍ ഉള്ള സമയം. മറ്റാരെയോ കാണാനായി ഉസ്താദ് ഹോസ്പിറ്റലിലേക്ക് കയറിവന്നു. മടങ്ങുമ്പോള്‍ വലിയ പരിചയമൊന്നുമില്ലാത്ത ഞാന്‍ ഉസ്താദിനെ ചെന്നു കണ്ടു. ‘എന്റെ പിതാവ് ഇവിടെ ചികിത്സയിലാണ്’ എന്ന് അറിയിച്ചു. വലിയ ധൃതി ഉണ്ടായിട്ടും എന്നെ അത്ഭുതപ്പെടുത്തി ഉസ്താദ് ഉപ്പയുടെ കിടക്കക്കരികിലെത്തി. വിവരങ്ങള്‍ അന്വേഷിച്ചു ദുആ ചെയ്തു മടങ്ങി. ഉസ്താദ് എപ്പോഴും അങ്ങനെയാണ്. തിരക്കുകള്‍ക്കിടയിലും തന്നെ കാത്തിരിക്കുന്നവര്‍ക്കരികിലേക്ക് ചെല്ലും. കുടിലും മാളികയും ഈ കാര്യത്തില്‍ ഉസ്താദിന് സമമാണ്. മരണവീട്ടില്‍, അസുഖബാധിതര്‍ക്കിടയില്‍, കല്യാണ വീട്ടില്‍, ഗൃഹപ്രവേശത്തിന് എല്ലാം ഉസ്താദ് വരും.

ഉസ്താദുമൊന്നിച്ച് കൂടുതല്‍ സമയം ചെലവഴിക്കാന്‍ എനിക്കു ലഭിച്ച ആദ്യത്തെ അവസരം ഒരിക്കലും മറക്കാനാവാത്തതാണ്. ഞാന്‍ പുല്ലൂക്കരയില്‍ പഠിക്കുന്ന കാലം. അവിടെ മര്‍ഹൂം ടി സി മുഹമ്മദ് മുസ്ലിയാരുടെ മതപ്രഭാഷണ പരമ്പര സംഘടിപ്പിച്ചു. ഒന്നു രണ്ടു ദിവസം എന്റെ ഗുരു പുല്ലൂക്കര ഉസ്താദിന്റെ അനുഗ്രഹ പ്രകാരം ഞാനും വഅള് പറഞ്ഞു. പരമ്പരയുടെ സമാപനം അല്‍പം വിപുലമായി തന്നെ സംവിധാനിച്ചു. ഒരു ദിവസം ഇ കെ ഹസന്‍ മുസ്ലിയാരും രണ്ടു ദിവസം കാന്തപുരം ഉസ്താദും പ്രസംഗിക്കുമെന്നാണ് നിശ്ചയിക്കപ്പെട്ടത്. എന്നാല്‍ ഹസന്‍ മുസ്ലിയാര്‍ക്ക് വരാന്‍ പറ്റാത്ത സാഹചര്യമുണ്ടായി. അന്ന് അബൂ ഹന്നത്ത് ഉസ്താദും പൊയിലൂര്‍ അബ്ദുല്ല മുസ്ലിയാരും പ്രസംഗിച്ചു. പിറ്റേ ദിവസം കാന്തപുരം ഉസ്താദ് വന്നില്ലെങ്കില്‍ പ്രസ്ഥാനത്തിന് പ്രാദേശികമായി വലിയ ക്ഷീണം വരുമെന്ന് എനിക്ക് തോന്നി.

ഉസ്താദുമായി വലിയ ബന്ധമോ പരിചയമോ ഇല്ലാത്ത ഞാന്‍ അടുത്ത ദിവസം നേരെ മര്‍കസില്‍ ചെന്നു. ഉസ്താദിനെ കണ്ടു കാര്യം പറഞ്ഞു. ഞാനും ഉസ്താദും നടന്ന് കാരന്തൂരിനടുത്തുള്ള ബസ് സ്റോപ്പില്‍ ചെന്നു. അവിടെ നിന്ന് കോഴിക്കോട് സിറ്റി ബസ്സ്റോപ്പില്‍ ചെന്നിറങ്ങി. ഒരു ഓട്ടോ വിളിച്ച് പാളയം സ്റാന്റിലെത്തി. അവിടെ നിന്നു കണ്ണൂരേക്ക് പോകുന്ന കോ ഓപറേറ്റീവ് ബസില്‍ മാഹിയിലേക്ക് ടിക്കറ്റെടുത്തു.

ഞങ്ങള്‍ ഒരു സീറ്റില്‍ അടുത്തടുത്ത് ഇരുന്നു. മനസ്സില്‍ വല്ലാത്ത സന്തോഷം. മറ്റാരുടെയും സാന്നിധ്യമില്ലാതെ ജീവിതത്തില്‍ ഏറെ സ്നേഹിക്കുന്ന വ്യക്തിത്വം തൊട്ടടുത്തിരിക്കുന്നു. ഉസ്താദിനെ ശ്രദ്ധിച്ചപ്പോള്‍ കാലു താഴേക്ക് തൂക്കിയിരിക്കാന്‍ പ്രയാസപ്പെടുന്നു എന്നു മനസ്സിലായി. നിരന്തരമായ യാത്രയും നടത്തവും ദീര്‍ഘനേരത്തെ പ്രഭാഷണവും മൂലം കാലില്‍ നീരുവന്നു വീര്‍ത്തിരിക്കുന്നു. ക്ഷീണം കാരണം ഇടക്കിടെ ഉറക്കം വന്ന് ആടിപ്പോവുന്നുണ്ട്. നല്ല ഉറക്കം ആഗ്രഹിക്കുന്നു എന്നു വ്യക്തം. വേണമെങ്കില്‍ മാഹി വരെ നല്ല ഒരു ഉറക്കമാവാം. പക്ഷേ അടുത്തിരിക്കുന്ന ഞാന്‍ ഒരു മുതഅല്ലിമായിട്ടു പോലും എന്നെ പരിഗണിക്കാനും സംസാരിക്കാനും ഉസ്താദ് തയ്യാറായി.

ലഭിച്ച സമയം ഉപയോഗപ്പെടുത്താന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു സംശയം ഞാന്‍ ഉയര്‍ത്തിക്കൊണ്ടുവന്നു: ‘താങ്കള്‍ മരിച്ചവരെ കേള്‍പ്പിക്കില്ല’ എന്ന അര്‍ത്ഥമുള്ള ആയത്തുണ്ട്. നാം സുന്നികളാവട്ടെ മരിച്ചവര്‍ കേള്‍ക്കും എന്ന് വിശ്വസിക്കുന്നു. മാത്രമല്ല ഇമാം ബുഖാരി ഉദ്ധരിച്ച ഒരു ഹദീസില്‍ ‘മയ്യിത്തിനെ മറവു ചെയ്തു മടങ്ങുന്നവരുടെ ചെരിപ്പിന്റെ ശബ്ദം പോലും ഖബ്റിലുളളവര്‍ കേള്‍ക്കും’ എന്ന് നബി(സ) പറഞ്ഞതായി കാണുന്നു. രണ്ടും തമ്മില്‍ വൈരുദ്ധ്യമില്ലേ എന്നതായിരുന്നു എന്റെ സംശയം.

‘നബിയുടെ കാലത്ത് മക്കയിലെ അസത്യവാദികള്‍ എത്ര തന്നെ തെളിവു കാണിച്ച് ക്ഷണിച്ചാലും സത്യം കേള്‍ക്കാന്‍, അഥവാ സ്വീകരിക്കാന്‍ തയ്യാറല്ലാത്ത ബുദ്ധിശൂന്യരായിരുന്നു. ഹൃദയം നിര്‍ജീവമായ ഒരു വിഭാഗം ജനങ്ങള്‍. അവരെ സംബന്ധിച്ച് നിര്‍ജീവികള്‍ എന്ന് ആലങ്കാരികമായി പ്രയോഗിക്കുകയാണ് ഖുര്‍ആന്‍. മരണപ്പെട്ടവരെ പ്രബോധനം നടത്തി നേരെയാക്കാന്‍ കഴിയാത്തതു പോലെ ഈ നിര്‍ജീവ ഹൃദയരെയും വിശ്വസിപ്പിക്കാന്‍ കഴിയില്ല എന്നതാണ് ഖുര്‍ആന്‍ പറഞ്ഞ ആശയം. സമാഅ് എന്നതിന്റെ പദാനുപദ അര്‍ത്ഥം കേള്‍ക്കുക എന്നതാണെങ്കിലും സ്വീകരിക്കുക എന്ന അര്‍ത്ഥത്തില്‍ അതുപയോഗിക്കുന്നത് സര്‍വസാധാരണമാണ്. നിസ്കാരത്തിലെ ‘സമിഅല്ലാഹു ലിമന്‍ഹമിദഹു’ എന്നതിന്റെ അര്‍ത്ഥം അല്ലാഹു കേള്‍ക്കട്ടെ എന്നല്ലല്ലോ. അല്ലാഹു സ്വീകരിക്കട്ടെ എന്നല്ലേ? മകന്‍ പറഞ്ഞതു കേള്‍ക്കുന്നില്ല എന്ന് ഒരാള്‍ പറഞ്ഞാല്‍ സ്വീകരിക്കുന്നില്ല എന്നാണ് അര്‍ത്ഥം. ഈ ആശയത്തില്‍ ഈ പദം മലയാളത്തിലും പ്രയോഗിക്കാറുണ്ട് എന്നു ചുരുക്കം. അപ്പോള്‍ ഖുര്‍ആന്‍ പറഞ്ഞത് നിര്‍ജീവ ഹൃദയമുള്ളവരെ അംഗീകരിപ്പിക്കാന്‍ കഴിയില്ല എന്ന അര്‍ത്ഥത്തിലാണ്. ഹദീസിലുള്ളതും നാം വിശ്വസിക്കുന്നതും കേള്‍പ്പിക്കുക എന്ന അര്‍ത്ഥത്തില്‍ തന്നെയുള്ളതാണ്. അവ തമ്മില്‍ ഒരു വൈരുദ്ധ്യവുമില്ല’. ഉസ്താദിന്റെ മറുപടി കേട്ടപ്പോള്‍ വല്ലാത്ത നിര്‍വൃതി തോന്നി. പിന്നീട് ഇമാം സുയൂഥി(റ) തന്റെ ഫതാവയില്‍ ഈ വിഷയം ഇതേരൂപത്തില്‍ പറഞ്ഞത് എനിക്കു തന്നെ കാണാന്‍ പറ്റി.

ഞങ്ങള്‍ മാഹി പാലത്ത് ഇറങ്ങി. ഉസ്താദ് തന്നെ ഇറങ്ങിച്ചെന്ന് ഒരു ടാക്സി കാര്‍ വിളിച്ചു. പുല്ലൂക്കരയിലെത്തി. പ്രൌഢമായ പ്രഭാഷണം. സദസ്സിന് മനസ്സ് നിറഞ്ഞു. പ്രഭാഷണം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ മുതഅല്ലിമീങ്ങള്‍ക്ക് ഒരു ജോലി കിട്ടി; ഖുര്‍ആനിലെ ചില ആയത്തുകള്‍ ദീര്‍ഘ നേരം ഓതി മന്ത്രിക്കുക. അന്വേഷിച്ചപ്പോഴാണ് സിഹ്റിന്റെ പ്രതിവിധിയാണെന്ന് മനസ്സിലായത്. സുന്നത്ത് ജമാഅത്തിന് വേണ്ടി കഷ്ടപ്പെടുന്നതിന് ശത്രുക്കള്‍ നല്‍കുന്ന കുരുക്കുകള്‍. ഉസ്താദിനെ മൂലക്കിരുത്തിയാല്‍ സുന്നികള്‍ വീണുപോവും എന്ന ധാരണയില്‍ ചിലര്‍ ഒരുക്കിയിട്ടുള്ള കെണിവലകള്‍.
അന്ന് പുല്ലൂക്കരയില്‍ ഉറങ്ങി. സുബ്ഹ് നിസ്കാരം കഴിഞ്ഞ് ഉസ്താദ് മടങ്ങി. പിറ്റേ ദിവസവും കൃത്യമായി പുല്ലൂക്കരയില്‍ വന്നു. പ്രഭാഷണം കഴിഞ്ഞ് തലേദിവസത്തേതു പോലെയുള്ള മന്ത്രം നടത്തിയാണ് ഉസ്താദ് മടങ്ങിയത്.
അധികനാള്‍ കഴിയുന്നതിനു മുമ്പ് ഇ കെ ഹസന്‍ മുസ്ലിയാര്‍ മരണപ്പെട്ടു. പിന്നെയാണ് കൊട്ടപ്പുറം സംവാദം നടക്കുന്നത്. ഹസന്‍ മുസ്ലിയാരുടെ അസാന്നിധ്യത്തില്‍ ഒരു കുതിച്ചുകയറ്റം ബിദ്അത്തുകാര്‍ സ്വപ്നം കണ്ടിരുന്നു. എന്നാല്‍ മനോഹരമായി പുഞ്ചിരിച്ച് ചോദ്യങ്ങള്‍ സ്വീകരിക്കുകയും ഉത്തരം നല്‍കുകയും ചെയ്ത ഉസ്താദിന് മുന്നില്‍ എല്ലാ സ്വപ്നങ്ങളും നിലംപൊത്തി. പരാജയ ഭീതി അവരുടെ പ്രവര്‍ത്തനങ്ങളിലും മുഖഭാവങ്ങളില്‍ പോലും കാണാന്‍ സാധിച്ചു. സംവാദം എന്ന പദം പോലും അവര്‍ക്കു അലര്‍ജിയായി. കാന്തപുരം ഉസ്താദിന്റെ സാന്നിധ്യത്തില്‍ പദ്ധതികള്‍ വിജയം കാണില്ല എന്നത് ഇതോടെ അവര്‍ മനസ്സിലാക്കി.

ഒരാളില്‍ നിക്ഷിപ്തമായ മഹത്വം വെളിപ്പെടുത്താന്‍ അല്ലാഹു ഉദ്ദേശിച്ചാല്‍ മറ്റൊരു ശക്തിക്കും അത് തടുക്കാനാവില്ല എന്നത് ചരിത്ര പാഠമാണ്. അത്തരക്കാര്‍ക്ക് അസൂയാലുക്കളുടെ പ്രവര്‍ത്തനം കൊണ്ട് ഒരു മനഃപ്രയാസവും ഉണ്ടാവുകയില്ല. ഇമാം ശാഫിഈ(റ) പണ്ഡിതനല്ലെന്നു പറഞ്ഞ് പ്രമുഖനായ മറ്റൊരു പണ്ഡിതന്‍ രംഗത്തു വന്ന വിവരം അറിഞ്ഞപ്പോള്‍ ചിരിച്ചു കൊണ്ട് ശാഫി ഇമാം പാടി:
‘കുറെയേറെ അസൂയാലുക്കളുടെ ഇടയിലാണ് എന്റെ വളര്‍ച്ച/
സ്ഥാനങ്ങളുടെ പദവികള്‍ കൊടുക്കുന്ന റബ്ബേ, അവരുടെ എണ്ണം നശിപ്പിച്ച് നീ ചുരുക്കിക്കളയരുതേ.’
ഇതാണ് അസൂയക്കാരോട് ശാഫിഈ ഇമാമിന്റെ മറുപടി. വിമര്‍ശനങ്ങള്‍ക്ക് എണ്ണമറ്റ ശിഷ്യ•ാരിലൂടെയും ഗ്രന്ഥങ്ങളിലൂടെയുമാണ് ഇമാം അവര്‍കള്‍ മറുപടി നല്‍കിയത്.
ഈ ഒരു ചിത്രമാണ് പിന്നീട് നാം കാണുന്നത്. ഉസ്താദ് ഇടപെടുന്ന മേഖലകളിലെല്ലാം ആരോപണങ്ങള്‍ ഉയര്‍ത്തി പ്രയാസം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ശത്രുക്കള്‍; എല്ലാം പുഞ്ചിരിയോടെയും സഹനത്തോടെയും നേരിടുന്ന ഉസ്താദ്. ഇത് ചരിത്രത്തിന്റെ ആവര്‍ത്തനമാണ്.

അരീക്കാട് പള്ളി വിവാദ കാലത്ത് നാദാപുരത്ത് ഉസ്താദ് പങ്കെടുക്കുന്ന ഒരു സമ്മേളനം സംഘടിപ്പിച്ചു. തുടക്ക സംഘാടകരില്‍ ഞാനുണ്ടായിരുന്നില്ല. ഞാനന്നു തലശ്ശേരി താലൂക്കിലെ പ്രവര്‍ത്തകനായിരുന്നു. നന്തിയില്‍ ഒരു പ്രത്യേക ക്ളാസിന് ഉസ്താദിനെ ശംസുല്‍ ഉലമ വിളിച്ചു വരുത്തി. അതു കഴിഞ്ഞാണ് നാദാപുരത്തേയ്ക്കു വരുന്നത്. നാദാപുരത്തെ സംഘാടകര്‍ എന്നെയായിരുന്നു ഉസ്താദിനെ കൂട്ടിവരാന്‍ നിയോഗിച്ചത്. ഞാന്‍ ഉസ്താദിന്റെ കൂടെ വണ്ടിയില്‍ കയറി. വടകര തെരുവത്ത് മുദരിസായിരുന്ന കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ വഴിയില്‍ നിന്നു കാറില്‍ കയറി. സമ്മേളന നഗരിയിലെത്തി. നാദാപുരത്തും പരിസരത്തും ഇതിനകം നോട്ടീസിറക്കി ക്കഴിഞ്ഞ എന്റെ ചില വഅളുകള്‍ ഈ സമ്മേളനത്തിലെ പ്രഭാഷകനായതിന്റെ പേരില്‍ മുടക്കി. എനിക്ക് അതില്‍ ഒരു പ്രയാസവും തോന്നിയില്ല. സമസ്തയില്‍ പിളര്‍പ്പുണ്ടാകുന്നതിന്റെ മുമ്പ് ശംസുല്‍ ഉലമ ക്ഷണിച്ച ഒരു പരിപാടിയില്‍ പങ്കെടുത്ത അതേ ദിവസം നാദാപുരത്ത് ഉസ്താദിനെ കൂട്ടിവന്നതാണ് ഈ രീതിയിലുള്ള പ്രകോപനത്തിനു കാരണം. അപ്പോള്‍ കേരളത്തില്‍ കാന്തപുരം ഉസ്താദിനു നേരെ ഉണ്ടായ നീക്കങ്ങളുടെ പ്രഭവകേന്ദ്രം വിശ്വസിക്കപ്പെടുന്നതിനും അപ്പുറത്താണ് എന്ന് മനസ്സിലാവുന്നു. ഈ പ്രതിസന്ധികളുടെ ആദ്യ ഘട്ടം മുതലേ ഉസ്താദ് അനുഭവിക്കുന്ന പരീക്ഷണങ്ങള്‍ കാണാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു.
അത്തരം ചില സംഭവങ്ങള്‍ പറയുന്നതിന് മുമ്പ് ഉസ്താദിന്റെ അറിവിന്റെ അപാരമായ ആഴം ബോധ്യമായ ചില സന്ദര്‍ഭങ്ങള്‍ ഇവിടെ കുറിക്കുകയാണ്. ‘ഉസ്താദ് നല്ല സംഘാടകനാണ്; എന്നാല്‍ പണ്ഡിതനല്ല’ എന്ന ഒരു പ്രചാരണം അറിയാത്ത ചിലര്‍ നടത്താറുള്ളതിനാലാണ് അതിന് മുതിരുന്നത്. മര്‍കസില്‍ പഠിക്കുന്ന കാലം. സംശയങ്ങള്‍ ചോദിക്കുന്നവരെ ഉസ്താദിനു വലിയ ഇഷ്ടമാണ്. പലപ്പോഴും അവരെ പ്രോത്സാഹിപ്പിക്കുന്നത് കാണാം. വിഷയത്തിന്റെ എല്ലാ ഭാഗങ്ങളും ചര്‍ച്ചയ്ക്കു വന്ന് എല്ലാവര്‍ക്കും കാര്യങ്ങള്‍ സുവ്യക്തമായി മനസ്സിലാവാന്‍ വേണ്ടി ചോദ്യകര്‍ത്താവിനെ മറു ചോദ്യങ്ങള്‍ കൊണ്ട് ബോധ്യപ്പെടുത്തുകയും ചെയ്യും. എട്ടും പത്തും വര്‍ഷം വിവിധ ദര്‍സുകളില്‍ പഠിച്ചു വന്ന പണ്ഡിത•ാരാണ് സംശയം ചോദിക്കുകയും സംവാദാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നത് എന്നത് ശ്രദ്ധേയമാണ്.

ഒരിക്കല്‍ ഞാന്‍ ഒരു സംശയം ചോദിച്ചു: വാഗ്ദത്തം ലംഘിക്കുന്നത് മുനാഫിഖിന്റെ ലക്ഷണമാണ് എന്ന് ഹദീസില്‍ വന്നിട്ടുണ്ട്. കര്‍മ്മശാസ്ത്ര പണ്ഡിത•ാര്‍ അത് കറാഹത്താണ് (അനഭിലഷണീയം) എന്നും പറഞ്ഞിട്ടുണ്ട്. ഇത് വൈരുദ്ധ്യമല്ലേ എന്നതായിരുന്നു സംശയം. മര്‍കസിലെത്തിയ ശേഷം ഞാന്‍ ആദ്യം ചോദിച്ച സംശയവും ഇതായിരുന്നു. ഉടനെ വന്നു ഉസ്താദിന്റെ മറുപടി: ‘വാഗ്ദത്തം ചെയ്യുന്ന സമയത്ത് തന്നെ ലംഘനം ഉദ്ദേശിച്ചാവുമ്പോഴാണ് കാപട്യമാവുന്നത്. അത് ഉദ്ദേശിക്കാതെ സാഹചര്യപരമായ കാരണങ്ങളാല്‍ ലംഘിക്കേണ്ടി വന്നാലാണ് ഫിഖ്ഹില്‍ പറഞ്ഞ കറാഹത്തു വന്നു ചേരുന്നത്.’ എന്റെ ഏറെക്കാലത്തെ ഒരു സംശയമാണ് ദൂരീകരിക്കപ്പെട്ടത്. പിന്നീട് മര്‍കസില്‍ നിന്നു പിരിഞ്ഞ് സിറാജുല്‍ ഹുദയില്‍ ബുഖാരി ഓതിക്കൊടുക്കുമ്പോള്‍ ഫത്ഹുല്‍ ബാരിയില്‍ ഈ വിഷയം ഞാന്‍ തന്നെ കാണുകയുണ്ടായി.

ഒരിക്കല്‍ ഒരു പെണ്‍കുട്ടിക്ക് വ്യഭിചാരിണി എന്നര്‍ത്ഥം വരുന്ന ‘സാനിയത്ത്’ എന്ന പേര് അധികം അറിവില്ലാത്ത ഒരാള്‍ വച്ചു പോയതിനെ പരാമര്‍ശിച്ച് ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ഉസ്താദ് ഉണര്‍ത്തി. അപ്പോള്‍ ഒരു വിദ്യാര്‍ത്ഥി ചര്‍ച്ചയുടെ ഒരു വാതില്‍ തുറന്നു: ‘ബദ്രീങ്ങളില്‍ ‘ഹറാം’ – നിഷിദ്ധം- എന്ന് പേരുള്ള ഒരാളുണ്ടല്ലോ?’ ഉടനെ മറുപടി: മസ്ജിദുല്‍ ഹറാം എന്ന പേരിന് എന്താണര്‍ത്ഥം? അത് ഖുര്‍ആനില്‍ തന്നെ വന്നതാണല്ലോ? ആ ഹറാമാണ് ഇവിടത്തെ ഉദ്ദേശ്യമെന്ന് വച്ചാലോ?’ മറുപടിയുടെ സമഗ്രതയില്‍ ഉപചോദ്യത്തിനുപോലും പഴുതില്ല.
ബുദ്ധിയും തന്റേടവുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉസ്താദിന്റെ ക്ളാസിന്റെ ഹരം എത്ര കിട്ടിയാലും തീരില്ല. അതിനാലാവണം ലോകത്ത് തുല്യതയില്ലാത്ത വിധം വിദ്യാര്‍ത്ഥികളുടെ എണ്ണം ഉസ്താദിന്റെ ബുഖാരിയില്‍ സമ്മേളിക്കുന്നത്. സാമൂഹ്യ പ്രതിബദ്ധതയും രാഷ്ട്രസ്നേഹവും ആ ക്ളാസുകളില്‍ നിന്നു വിദ്യാര്‍ത്ഥികളിലേക്ക് പ്രസരിപ്പിക്കപ്പെടുന്നു. സ്ത്രീധനത്തിനെതിരെ വിദ്യാര്‍ത്ഥികളെ സജ്ജമാക്കുന്ന ഒരധ്യാപകനായി ഉസ്താദ് കഴിഞ്ഞേ മറ്റൊരാളെ കാണാനാവുകയുള്ളൂ. ഇടക്കിടെ അതിനെക്കുറിച്ച് പറയും. ഒരിക്കല്‍ ‘സ്ത്രീധനം വാങ്ങാതെ വിവാഹം ചെയ്യുമെന്ന് കൈപിടിച്ച് പ്രതിജ്ഞ ചെയ്യാന്‍ ആരാണുള്ളത്’ എന്ന് ക്ളാസില്‍ ചോദിച്ചു. എസ്വൈഎസിന്റെ കോഴിക്കോട് ജില്ലാ പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി അന്ന് കരാര്‍ ചെയ്തുവെന്ന് തങ്ങള്‍ എന്നോടു പറഞ്ഞു. ആ കരാര്‍ നടപ്പാക്കുകയും അതിന്റെ പേരില്‍ ഒരു പ്രയാസവും ഇല്ലാതെ ജീവിക്കുകയും ചെയ്യുന്ന തങ്ങളെ ഇവിടെ പരാമര്‍ശിക്കുന്നതിലൂടെ ഉസ്താദിന്റെ പ്രേരണ ശിഷ്യ•ാര്‍ക്ക് ആത്മധൈര്യം പകരുമെന്ന് കരുതുന്നു.

ഒരിക്കല്‍ അടുത്തു വിളിച്ച് ഉസ്താദ് പറഞ്ഞു: “പ്രഭാഷണങ്ങള്‍ക്കു ചെന്നാല്‍ ഹദ്യ ലഭിച്ചേക്കാം. അതു സ്വീകരിക്കാം. നബി(സ) ഹദ്യ സ്വീകരിച്ചതായി ഹദീസിലുണ്ട്. എന്നാല്‍ അത് എണ്ണി നോക്കരുത്. ഞാന്‍ ഇത്രയും കാലം നോക്കിയിട്ടില്ല. നീയും നോക്കരുത്. ഓരോ സ്ഥലത്ത് നിന്നും ലഭിക്കുന്ന ഹദ്യയുടെ വലുപ്പം നമ്മുടെ മനസ്സില്‍ സ്വാധീനം ഉണ്ടാക്കിയാല്‍ ചിലയിടങ്ങളില്‍ പരിപാടി ഏല്‍ക്കാതിരിക്കാനും കാരണമാവും.” ഇഖ്ലാസില്ലാത്ത വഅളാകുമെന്ന് സാരം. ഒരു ഉസ്താദ് ശിഷ്യ•ാരെ രൂപപ്പെടുത്തുന്നത് എത്ര സൂക്ഷ്മമായാണ് എന്ന് ചിന്തിച്ചു നോക്കൂ.

എതിരാളികള്‍ മുള്‍മുനയില്‍ നിര്‍ത്തിയ പരിപാടികള്‍ക്ക് നിരവധി തവണ ഉസ്താദ് പോയിട്ടുണ്ട്. പലപ്പോഴും ഞാനും കൂടെയുണ്ടായിട്ടുണ്ട്. എല്ലാം സഹിച്ചു എന്നല്ലാതെ പ്രകോപനങ്ങളും പ്രതികരണങ്ങളും ഉണ്ടാക്കാന്‍ ഉസ്താദ് ശ്രമിച്ചിട്ടേ ഇല്ല. ഒരിക്കല്‍ മലപ്പുറത്ത് ഉസ്താദ് പങ്കെടുത്ത പരിപാടിയില്‍ ഞാനും പങ്കെടുത്തു. കീലത്ത് മുഹമ്മദ് മാസ്ററും പ്രഭാഷകനായിരുന്നു. പരിപാടി കഴിഞ്ഞപ്പോള്‍ കൊണ്ടോട്ടി വഴി പോകാന്‍ പറ്റില്ലെന്നും അരീക്കോട് വഴി പോയാല്‍ മതിയെന്നും ഭക്ഷണം ഉണ്ടാക്കിയ വീട്ടില്‍ പോകരുതെന്നും പോലീസ് പറഞ്ഞു. സുരക്ഷാ പ്രശ്നങ്ങളായിരുന്നു കാരണം. വളരെ വൈകി അരീക്കോട് പത്തനാപുരത്ത് നിന്നു നിസ്കാരം കഴിഞ്ഞു. ശക്തമായ വിശപ്പില്‍ നില്‍ക്കുമ്പോള്‍ കീലത്ത് തമാശ പറഞ്ഞു: ‘ഇന്ന് പട്ടിണിക്കരയിലായിരുന്നു വഅള്.’

ഒരിക്കല്‍ ഇരിട്ടിയില്‍ ഇതേ പോലുള്ള അനുഭവമുണ്ടായി. ഞാന്‍ തിരുവള്ളൂരില്‍ വച്ച് കയ്യേറ്റം ചെയ്യപ്പെട്ടതിന്റെ ശേഷമുള്ള പരിപാടിയായിരുന്നു. അന്നും ഇതേപോലെ വല്ലാതെ വിശന്നാണ് മടങ്ങിയത്. അതിലും വലിയ കാര്യം, കൂത്തുപറമ്പ് എത്തിയപ്പോള്‍ ഉസ്താദ് പറഞ്ഞു: ‘ഇനിയൊന്ന് മൂത്രമൊഴിക്കാം’. ഇങ്ങനെ എത്ര ത്യാഗങ്ങള്‍.
ഞാന്‍ കൂടെയില്ലാത്ത സമയങ്ങളില്‍ കല്ലേറും കൂക്കുവിളിയും എത്രയോ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അനുയായികളെയോ ശിഷ്യ•ാരെയോ വിളിച്ച് പകരം വീട്ടാന്‍ പറയുക പോയിട്ട് പ്രകോപനപരമായി പ്രസംഗിക്കാന്‍ പോലും ഉസ്താദ് പറഞ്ഞിട്ടില്ല. എന്നുമാത്രമല്ല ചില സങ്കീര്‍ണ സാഹചര്യങ്ങളില്‍ ഞാനടക്കം പ്രസംഗിക്കാന്‍ പോവുന്നവര്‍ക്ക് എന്തെല്ലാം പറയണം, എന്തെല്ലാം പറയരുത് എന്ന കര്‍ശനമായ നിര്‍ദ്ദേശം നല്‍കി പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ ഉസ്താദ് ശ്രമിച്ചിട്ടുണ്ട്.
ഒരു ദിവസം ഉസ്താദിന്ന് വേദിയില്‍ വച്ച് ഏറ് കൊണ്ടു. തിരിച്ച് മര്‍കസിലെത്തിയപ്പോള്‍ ഞങ്ങള്‍ ശിഷ്യ•ാരെയെല്ലാം വിളിപ്പിച്ചു. തന്റെ ഏറു കൊണ്ട കുപ്പായം എടുത്തു കാണിച്ചു തന്നു. എന്നിട്ടു പറഞ്ഞു: ‘എന്നെ എറിഞ്ഞു എന്നത് ശരിയാണ്. എനിക്ക് ശരീരത്തില്‍ ഒരു ചെറിയ മുറിവു പോലും പറ്റീട്ടില്ല. അല്‍പ്പം മണ്ണായിട്ടുണ്ട്. അത് അലക്കിയാല്‍ പോവും. ഈ കാര്യം ഞാന്‍ തന്നെ നിങ്ങളെ വിളിച്ച് പറയുന്നത് മറ്റാരില്‍ നിന്നെങ്കിലും ഇതു കേട്ടാല്‍ നിങ്ങള്‍ പ്രകോപിതരായി പ്രശ്നമുണ്ടാക്കും എന്നതിനാലാണ്. അതുകൊണ്ട് ഇതിന്റെ പേരില്‍ ഒരു പ്രശ്നവും വേണ്ട.’ നോക്കൂ. എത്ര നല്ല നിലപാടാണ് ഉസ്താദിന്റേത്?

ഉസ്താദ് ഏറ്റെടുക്കുന്ന പദ്ധതികള്‍ക്ക് മുന്‍വിധിയൊന്നുമില്ല. പ്രസ്ഥാനത്തിനും ജനങ്ങള്‍ക്കും ഉപകാരപ്രദമായ എന്തും യാതൊരു മടിയുമില്ലാതെ ഏറ്റെടുത്തു ചെയ്യും. അത് എസ്വൈഎസിന്റെ കാര്യമാണ്, അല്ലെങ്കില്‍ എസ്എസ്എഫിന്റെ കാര്യമാണ്, അല്ലെങ്കില്‍ മര്‍കസിന്റേതല്ല, ഞാന്‍ ചെയ്യേണ്ടതല്ല എന്ന നിലപാട് ഉസ്താദിന് ഒരിക്കലും ഉണ്ടായിട്ടില്ല. എസ്എസ്എഫിന്റെ പത്താം വാര്‍ഷിക സമ്മേളനത്തിന് ഉസ്താദിന്റെ കൂടെ ഞാന്‍ പിരിവിനു പോയിട്ടുണ്ട്. ചൊക്ളിയില്‍ മദ്രസ ഉദ്ഘാടനത്തിന് വന്നപ്പോഴാണ് വീടുകള്‍ കയറി മാഹി ഭാഗത്ത് പിരിവെടുത്തത്. മാവൂര്‍ വിദ്യാനഗറില്‍ നടന്ന എസ്എസ്എഫ് കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ പിരിവിനായി എന്നെയും കൂട്ടി ബാംഗ്ളൂരില്‍ പോയിട്ടുണ്ട്. മര്‍കസ് ആവശ്യാര്‍ത്ഥമുള്ള യാത്രയില്‍ എന്നെ കൂടെകൊണ്ടുപോയത് എസ്എസ്എഫിന് പിരിവുണ്ടാക്കിത്തരാനായിരുന്നു. ഒരേ സമയം സംഘടനാ കുടുംബത്തിലെ എല്ലാ ഘടകത്തിനും ഏത് പ്രദേശത്തെ സ്ഥാപനത്തിനും കഴിയുന്നതെല്ലാം ചെയ്യുക. അത് തന്നെയാണ് ഉസ്താദിനെ വ്യത്യസ്തനാക്കുന്ന കാര്യവും.
ഉസ്താദുമായി അടുത്ത ശേഷം എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും ഉസ്താദിന്റെ നിര്‍ദ്ദേശവും ഇടപെടലും ഉണ്ടാവാറുണ്ട്. പരിപാടികള്‍ക്കും മറ്റും ബസ്സില്‍ സഞ്ചരിക്കുന്ന കാലത്ത് ഒരു ദിവസം ഉസ്താദ് എന്നെ വിളിച്ചു പറഞ്ഞു, ബസ്സില്‍ പിന്നിലെ സീറ്റിലേ ഇരിക്കാവൂ എന്ന്. കാരണമന്വേഷിച്ചപ്പോള്‍ പറഞ്ഞു: പിന്നിലൂടെ അക്രമിക്കാന്‍ ആരും വരില്ല. മുന്നില്‍ കൂടി വന്നാല്‍ കാണുകയും ചെയ്യാമല്ലോ? നെല്ലിക്കുത്ത് ഉസ്താദിനു നേരെ വധശ്രമം നടന്നതിന്റെ തൊട്ടടുത്ത ദിവസമാണ് ഇതെന്നാണ് ഓര്‍മ.

പ്രമുഖ വ്യവസായിയായ എം എ യൂസുഫലി സാഹിബ് ഒരു ദിവസം എന്നെ വിളിച്ച് ‘റമളാനില്‍ യുഎഇ ഗവണ്‍മെന്റിന്റെ ഔദ്യോഗിക അതിഥിയായി കൊണ്ടു പോവാന്‍ ഉദ്ദേശിക്കുന്നു’ എന്ന് പറഞ്ഞു. എന്റെ അഭിപ്രായം ചോദിച്ചപ്പോള്‍ ‘ഉസ്താദിനോട് ആലോചിച്ചു പറയാം’ എന്നായിരുന്നു എനിക്ക് പറയാന്‍ സാധിക്കുമായിരുന്ന ഏക മറുപടി.

ഞാന്‍ പുല്ലൂക്കര വിദ്യാര്‍ത്ഥിയായിരിക്കെ, കുറ്റ്യാടിയില്‍ ആദര്‍ശപ്രസംഗം നടത്തിയ ഉസ്താദിന്റെ പ്രഭാഷണം വയലില്‍ കടലാസുവിരിച്ച് ഇരുന്ന് ഗ്രഹിച്ചത് ഞാനോര്‍ക്കുന്നു. ഗംഭീരമായ മഴ വന്നപ്പോള്‍ സദസ്സ് എഴുന്നേറ്റു. ഉസ്താദിന്റെ നെഞ്ചുറപ്പുള്ള പ്രഖ്യാപനം; ‘എല്ലാവരും ഇരിക്കുക. ഗൌസുല്‍ അഅ്ളമിന്റെ ബറകത്ത് കൊണ്ട് മഴ പെയ്യില്ല’. മുഅ്ജിസത്ത്, കറാമത്തായിരുന്നു അന്നത്തെ വിഷയം. പരിസരങ്ങളില്‍ മുഴുവന്‍ മഴ പെയ്തു. കുറ്റ്യാടിയില്‍ മാത്രം മഴ പെയ്തില്ല. കറാമത്ത് നേരില്‍ തന്നെ അനുഭവിക്കുകയായിരുന്നു സദസ്സ്. ‘ചോദ്യകര്‍ത്താക്കള്‍ പേരും പിതാവിന്റെ പേരും ചോദ്യത്തില്‍ എഴുതണം എങ്കിലേ മറുപടി പറയൂ. അപ്പോള്‍ ഒരു എതിരാളിയുടെ ചോദ്യം: ഇങ്ങനെ പറയുന്നതിന് നബി ചര്യയുണ്ടോ? സംശയം ചോദിക്കാന്‍ സൈനബ പുറത്തിരിക്കുന്നു എന്ന് ഉണര്‍ത്തിയപ്പോള്‍ ‘ഏത് സൈനബ?’ എന്ന് നബി(സ) അഡ്രസ് ചോദിച്ച ഹദീസ് ഉസ്താദവര്‍കള്‍ എടുത്തുദ്ധരിച്ചപ്പോള്‍ സുന്നത്ത് ജമാഅത്തിന്റെ പണ്ഡിത•ാര്‍ക്ക് ഏതു ചോദ്യത്തിനും പ്രമാണബദ്ധമായി മറുപടി പറയാന്‍ കഴിയുമെന്ന് കുറ്റ്യാടിയിലുള്ള ജനങ്ങള്‍ക്ക് ബോധ്യപ്പെടുകയായിരുന്നു.

കുറ്റ്യാടി സിറാജുല്‍ഹുദാ കോംപ്ളക്സിന്റെ സ്ഥാപക കാലത്തു തന്നെ അതിന്റെ ആജീവനാന്ത പ്രസിഡണ്ടായി ഉസ്താദിനെ നിയമിച്ച് ഭരണഘടന എഴുതിയാണ് പ്രവര്‍ത്തനം തുടങ്ങിയത്. എല്ലാ തീരുമാനങ്ങളിലും ഉസ്താദിന്റെ സമ്മതവും നിര്‍ദ്ദേശവും ഉണ്ടാവാറുണ്ട്. ഇങ്ങനെ എന്റെ ജീവിതത്തിന്റെ എല്ലാമായാണ് ശൈഖുനയെ ഞാന്‍ കാണുന്നതും എനിക്ക് അനുഭവിക്കാനാവുന്നതും.

ആ തണൽ ഒരുപാട് കാലം ആസൊദിക്കാൻ ഞങ്ങള്ക്ക് അവസരം നൽകണേ റഹ്മാനെ ......ആമീൻ