page

Tuesday, 14 August 2018

ഉള്ഹിയ്യത്ത്-അറിയേണ്ടതെല്ലാം

ഉളുഹിയ്യത്ത്; സംശയ നിവാരണം



ഉള്ഹിയ്യത്തിന് നിയ്യത്ത് ആവശ്യമുണ്ടോ?

നിയ്യത്തുകള്‍ കൊണ്ടാണ് ഏതൊരുകാര്യവും പരിഗണിക്കപ്പെടുന്നത്. അത് കൊണ്ട് തന്നെ ഉളുഹിയ്യത്തിനെ കരുതലും അനിവാര്യമാണ്. അറുക്കുമ്പോഴോ നിശ്ചിത മൃഗത്തെ ഉളുഹിയ്യത്തിന് നിര്‍ണ്ണയിക്കുമ്പോഴോ നിയ്യത്ത് ചെയ്യാവുന്നതാണ്. അറവ് ഏല്‍പ്പിച്ച യാളെ നിയ്യത്ത് ഏല്‍പ്പിക്കല്‍ കൊണ്ടും വിരോധമില്ല.
 تحفة9/360
اسني المطالب1/538

 എങ്ങനെയാണ് നിയ്യത്ത് ചെയ്യേണ്ടത്?

 “സുന്നത്തായ ഉള്ഹിയ്യത്തിനെ ഞാൻ കരുതി” എന്നോ “സുന്നത്തായ ബലികർമ്മം നിർവഹിക്കുന്നു” എന്നോ കരുതൽ നിർബന്ധവും അത് നാവു കൊണ്ട് പറയൽ സുന്നത്തുമാണ്.

ആർക്കാണ് ഉള്ഹിയ്യത്ത് സുന്നത്ത്?

പ്രായപൂർത്തിയെത്തിയ ബുദ്ധിയുള്ള സ്വതന്ത്രനും ബലികർമ്മത്തിനാവശ്യമായ സാമ്പത്തീകശേഷിയുമുള്ള എല്ലാ മുസ്‌ലിംകൾക്കും ബലികർമ്മം നടത്തൽ ശക്തമായ സുന്നത്താണ്.

എപ്പോൾ അറുക്കണം?

ബലിപെരുന്നാൾ ദിനത്തിലെ സൂര്യനുദിച്ച് ലളിതമായ രണ്ട് റക്‌അത്തിനും രണ്ട് ഖുതുബക്കുമുള്ള സമയം കഴിഞതു മുതൽ ബലിയുടെ സമയം തുടങ്ങും. ഉത്തമമായ സമയം ബലി പെരുന്നാൽ ദിനത്തിൽ സൂര്യനുദിച്ച് ഇരുപത് മിനുട്ട് (മുകളിൽ വിവരിച്ച 2 റക്‌അത്തിനും 2 ഖുതുബക്കും വേണ്ട സമയം ) ആയത് മുതൽ ദുൽഹിജ്ജ പതിമൂന്നിന് സൂര്യനസ്തമിക്കും വരെയാണ്. എങ്കിലും രാത്രി അറവ് നടത്തൽ കറാഹത്താണ്.

എന്തിനെയാണ് അറുക്കേണ്ടത്?

അഞ്ച് വയസ് തികഞ്ഞ ഒട്ടകം, രണ്ട് വയസ്സ് പിന്നിട്ട മാട്, കോലാട്, ഒരു വയസ്സ് കഴിഞ്ഞ നെയ്യാട് എന്നിവയാണ് ബലിയറുക്കുന്ന മൃഗങ്ങൾ.

تحفة9/348

ഉള്ഹിയ്യത്തിന് പറ്റാത്ത മൃഗങ്ങൾ ഏവ?

 എന്നാൽ മെലിഞ്ഞ് മജ്ജ നശിച്ചതോ, ചെവി ,വാൽ പൃഷ്ടം, അകിട്, നാവ് തുടങ്ങി ഏതെങ്കിലും അവയവം മുറിച്ച് മാറ്റപ്പെട്ടതോ, കണ്ണിനു കാഴ്ച നഷ്ടപ്പെട്ടതോ, കാഴ്ച തടസ്സപ്പെടും വിധത്തിൽ കണ്ണിൽ പാട മൂടിയതോ , വ്യക്തമായ മുടന്തോ, ശക്തമായ രോഗമോ ഉള്ള മൃഗം ഉള്ഹിയ്യത്തിന് പറ്റില്ല. ഗർഭമുള്ള മൃഗത്തെയും ബലികർമ്മത്തിനു പറ്റില്ല.

تحفة9/351
ഉള്ഹിയ്യത്തിൽ ശെയറാകാമോ?
മാട് , ഒട്ടകം എന്നിവ ഏഴുപേർക്കിടയിൽ പങ്കിട്ടും ഉള്ഹിയ്യത്ത് നടത്താവുന്നതാണ്. എന്നാൽ ആടിന്റെ കാര്യത്തിൽ ഇത് പറ്റില്ല.

തനിക്കും താൻ ചിലവ് കൊടുക്കൽ നിർബന്ധമായവർക്കും കൂടി ഒരു ഉള്ഹിയ്യത്ത് അറുത്താൽ പ്രതിഫലം കുടുംബത്തിനു മുഴുവൻ ലഭിക്കും.

വിതരണം എങ്ങനെ?

ഉള്ഹിയ്യത്തിൽ നിന്ന് അല്‌പം ഒരു നിർധനനു നൽകലേ നിർബന്ധമുള്ളൂ. പക്ഷെ ബറക്കത്തിനു വേണ്ടി അല്‌പം മാത്രം എടുത്ത് ബാക്കി മുഴുവൻ ദാനം ചെയ്യുന്നതാണ് ഏറ്റവും പുണ്യം. വേവിക്കാതെയാണ് നൽകേണ്ടത്. ബലിയറുക്കുന്നവനെടുക്കുന്ന ഈ അല്പം കരളിൽ നിന്നാകുന്നതാണ് കൂടുതൽ ഉത്തമം.

നേർച്ചയായ ഉള്ഹിയ്യത്തിൽ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

ബലിയറുത്ത മൃഗം നേർച്ചയാക്കപ്പെട്ടതാണെങ്കിൽ അതിൻ റ്റെ മാംസമോ തോലോ മറ്റു ഭാഗങ്ങളോ ഒന്നും ബലിയറുത്തയാൾക്കും അയാൾ ചെലവിനു നൽകൽ നിർബന്ധമായവർക്കും അനുവദനീയമല്ല. അവ തീർത്തും ദാനം ചെയ്യൽ നിർബന്ധമാണ്. അതിൽ നിന്ന് വല്ല്ലതും അവൻ ഉപയോഗിച്ചാൽ അതീന്റെ ബദൽ (പകരം )ദരിദ്രർക്ക് നൽകാ‍ൻ അയാൾ ബാധ്യസ്ഥനായിരിക്കും.

ബലിമൃഗത്തിന്റെ തോൽ എന്ത് ചെയ്യണം?

സുന്നത്തായ ഉള്ഹിയ്യത്തിൻ റ്റെ കൊമ്പും തോലും ദാനം ചെയ്യുന്നതാണ് ഏറ്റവും ശ്രേഷ്ഠം.
തോൽ ദാനം ചെയ്യുകയാണ് വേണ്ടത്.
ബലിമൃഗത്തിന്റെ മാംസം ,തോൽ ,കൊമ്പ് തുടങ്ങി ഒരു ഭാഗവും വില്‌പന നടത്താൽ പാടില്ല. വാടകക്ക് നൽകാനോ അറവ്കാരന് കൂലിയായി നൽകാനോ പാടില്ല.

ഉള്ഹിയ്യത്തിന്റെ സുന്നത്തുകൾ എന്തെല്ലാം?

ഉള്‌ഹിയ്യത്ത് നടത്താനുദ്ദേശിച്ചവർ അറുക്കാനറിയുന്ന പുരുഷന്മാരാണെങ്കിൽ അവർ തന്നെ അറവ് നടത്തലും അല്ലാത്തവർ അറിയുന്നവരെ ഏല്പിക്കുകയും അറവ് നടത്തുന്നയിടത്ത് സന്നിഹിതരാവുകയും ചെയ്യുന്നത് സുന്നത്താണ്.
ബലിയറുക്കാനുദ്ദേശിക്കുന്നവർ , ദുൽഹിജ്ജ ഒന്ന് മുതൽ അറവ് നടത്തുന്നത് വരെ നഖം, മുടി തുടങ്ങിയ ശരീരത്തിന്റെ ഭാഗങ്ങളൊന്നും നീക്കം ചെയ്യാതിരിക്കൽ സുന്നത്താണ്. അവ നീക്കം ചെയ്യൽ കറാഹത്താണ്.
തടിച്ച് കൊഴുത്ത ന്യൂനതകളില്ലാത്ത മൃഗമാകലും പെരുന്നാൽ നിസ്കാരത്തിനു മുമ്പ് അറുക്കാതിരിക്കലും അറവ് നടത്തുന്നത് പകലിലാവലും സുന്നത്താണ്. ബലിമൃഗത്തെ ഖ്വിബ്‌ലക്ക് നേരെ തിരിക്കലും അറവ് നടത്തുന്നവർ ഖ്വിബ്‌ലക്ക് അഭിമുഖമാവലും ബിസ്‌മിയും സ്വലാത്തും സലാമും ചൊല്ലലും, തക്‌ബീർ ചൊല്ലലും , എന്നിൽ നിന്ന് ഇത് സ്വീകരിക്കേണമേ എന്ന് ദുആ ചെയ്യലും സുന്നത്താണ്.

ഉള്ഹിയ്യത്തും അഖീഖത്തും ഒന്നിച്ച്കരുതാമോ?
ഉള്ഹിയ്യത്തിനാവശ്യമായ ഒരു ആട് കൊണ്ടോ, മാട് , ഒട്ടകം എന്നിവയിൽ ഏഴിൽ ഒരു ഭാഗം കൊണ്ടോ ഉള്ഹിയ്യത്തും, അഖ്വീഖയും ഒന്നിച്ച് കരുതിയാൽ രണ്ടും നഷ്ടപ്പെടുന്നതാണ്. ഒട്ടകം, മാട് എന്നിവയിൽ ഒന്നിന്റെ ഏഴിൽ ഒരു ഭാഗം ഉള്ഹിയ്യത്തും ഒരു ഭാഗം അഖ്വീഖയും എന്ന് കരുതിയാൽ രണ്ടും ലഭിക്കുന്നതാണ്.

ബലി മൃഗം ഏത് നിറമായിരിക്കണം?

ബലി മൃഗത്തിന്റെ നിറത്തിൻ റ്റെ ശ്രേഷ്ഠതയുടെ ക്രമം : വെള്ള, മഞ്ഞ, മങ്ങിയ വെള്ള ,ചാരനിറം,ചുവപ്പ്, വെളുപ്പും ചുവപ്പും കലർന്നത്, വെളുപ്പും കറുപ്പും കലർന്നത്, കറുപ്പ് എന്നിങ്ങനെയാണ്. ഉത്തമ നിറമുള്ളത് മെലിഞ്ഞതാണെങ്കിൽ മറ്റു നിറത്തിലുള്ള തടിച്ച് കൊഴുത്തതാണ് ഏറ്റവും നല്ലത്.

ഉള്ഹിയ്യത്ത് അമുസ്ലിമിന് നൽകാമോ?

ഇസ്‌ലാമിക ദൃഷ്ട്യാ നിർബന്ധ സക്കാത്തല്ലാത്ത ദാ‍ന ധർമ്മങ്ങൾ അമുസ്‌ലിമിനും നൽകാമെങ്കിലും ഉള്ഹിയ്യത്തിന്റെ മാംസമോ മറ്റ് ഭാഗങ്ങളോ അമുസ്‌ലിമിനു നൽകൽ അനുവദനീയമല്ല. അവർക്ക് നൽകണമെങ്കിൽ ഉള്ഹിയ്യത്തിന്റെല്ലാത്ത ഇറച്ചി സംഘടിപ്പിച്ച്
ആ വിഷയം പരിഹരിക്കേണ്ടതാണ്.
വിതരണം എവിടെയായിരിക്കണം?

ബലിയറുത്ത നാട്ടിൽ തന്നെയാണ് അത് വിതരണം ചെയ്യേണ്ടത്. ഇതര നാടുകളിലേക്ക് കൊടുത്തയക്കാൻ പറ്റില്ല. എന്നാൽ അത് സ്വീകരിച്ച നിർധനർക്ക് അന്യർക്ക് വിൽക്കാനും ഇതര പ്രദേശങ്ങളിലേക്ക് കൊടുത്തു വിടാനും പറ്റുന്നതാണ്.

ഉടമക്ക് ഭക്ഷിക്കാമോ?

സുന്നത്തായ ഉളുഹിയ്യത്തിൻ റ്റെ മാംസം എത്രവേണമെങ്കിലും ഭക്ഷിക്കല്‍ കൊണ്ട് യാതൊരു വിരോധവുമില്ല. പക്ഷേ അല്‍പമെങ്കിലും പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യല്‍ അനിവാര്യമാണ്. എന്നാല്‍ കരള് പോലെയുള്ള അല്‍പം ഭാഗം മാത്രം എടുത്ത് വെച്ച് ബാക്കിയുള്ളതെല്ലാം പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യലാണ് ഏറെ പുണ്യകരം. മൂന്നില്‍ ഒന്നിനേക്കാള്‍ ഭക്ഷിക്കാതിരിക്കലും തോല്‍ ദാനം ചെയ്യലും പ്രത്യേകം സുന്നത്താണ്.

ധനികർക്ക് നൽകാമോ?

 സുന്നത്തായ ബലി മാംസം ധനികര്‍ക്ക് നല്‍കല്‍കൊണ്ടും വിരോധമില്ല. പക്ഷേ  അവരിത് വില്‍പനനടത്താന്‍ പാടില്ലെന്ന്മാത്രം. എന്നാല്‍ ഫഖീര്‍, മിസ്‌കീന്‍ പോലെയുള്ളവര്‍ക്ക് ഇതില്‍ വിനിമയം നടത്താവുന്നതാണ്.

നിർബന്ധ ഉള്ഹിയത്തിൽ നിന്ന് ഉടമക്ക് ഭക്ഷിക്കാമോ?

 നിര്‍ബന്ധമായ ഉളുഹിയ്യത്തില്‍നിന്ന് അറുത്തയാളോ അയാള്‍ ചെലവ് കൊടുക്കേണ്ടവരോ അല്‍പം പോലും ഭക്ഷിക്കാന്‍ പാടില്ല. സമ്പന്നര്‍ക്കിടയില്‍ വിതരണം ചെയ്യലും അനുവദനീയമല്ല. പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്‌തേമതിയാകൂ. നേര്‍ച്ചയാക്കല്‍ കൊണ്ടും സുന്നത്തിനെ കരുതാതിരിക്കല്‍ കൊണ്ടുമാണ് ഉളുഹിയ്യത്ത് നിര്‍ബന്ധമായി മാറുന്നത്. ഒരാള്‍ തന്റെ മൃഗത്തെ ചൂണ്ടിക്കൊണ്ട് ഇത് എന്റെ ഉളുഹിയ്യത്താണെന്ന് പറഞ്ഞാല്‍ നിര്‍ബന്ധ ഉളുഹിയ്യത്തായി പരിഗണിക്കപ്പെടുന്നതാണ്. അതില്‍ നിന്നും ഒരംശം പോലും അയാള്‍ക്ക് ഭക്ഷിക്കല്‍ അനുവദനീയമല്ല. സാധാരണ ഉളുഹിയ്യത്തുകള്‍ക്ക് സുന്നത്തായ ഉളുഹിയ്യത്ത് എന്ന് തന്നെ കരുതേണ്ടതുണ്ട്.

ഉള്ഹിയ്യത് വാങ്ങിയ നിർധനർക്ക് മാംസം അമുസ്ലിമന് കൊടുക്കാമോ?
മുസ്‌ലിമല്ലാത്ത ഒരാള്‍ ഒരു കാരണവശാലും ഉളുഹിയ്യത്തിന്റെ ഇറച്ചി ഭക്ഷിക്കരുത്. അതിന് നമ്മള്‍ അവസരമൊരുക്കാനും പാടില്ല. അത് വേവിച്ചതിന് ശേഷമാണെങ്കിലും ശരി. (തുഹ്ഫ 9/363)

അവർക്ക് നൽകണമെങ്കിൽ ഉള്ഹിയ്യത്തിന്റെല്ലാത്ത ഇറച്ചി സംഘടിപ്പിച്ച്
ആ വിഷയം പരിഹരിക്കേണ്ടതാണ്.

 ശ്രദ്ധിക്കുക...

🐄പണം ചിലവഴിച്ച് നാം ഉള്ഹിയ്യത്ത് അറുക്കുന്നത് റബ്ബിന്റെ പ്രതിഫലം ഉദ്ദേശിച്ച് മാത്രമാണ്. കേവലം മാംസ വിതരണമല്ല ഉള്ഹിയ്യത്ത്. അത് ഒരു ഇബാദത്താണ്. ഏത് ഇബാദത്തിനും അറിവും ശ്രദ്ധയും അനിവാര്യമാണ്. ഇല്ലെങ്കിൽ ഇബാദത്ത് അസാധുവാകുകയോ അപൂർണമാവുകയോ ചെയ്യും. പണം മുടക്കി റബ്ബിന്റെ പ്രതിഫലം ഉദ്ദേശിച്ച് നടത്തുന്ന ഉള്ഹിയ്യത്ത് സാധുതയുള്ളതും പരിപൂർണ്ണവുമാവാൻ താഴെ പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിക്കുമല്ലോ...

🐂ഉള്ഹിയ്യത്ത് ഉദ്ദേശിച്ചവൻ ദുൽഹിജ്ജ ഒന്ന് മുതൽ ഉള്ഹിയ്യത്ത് അറുക്കുന്നത് വരെ തന്റെ നഖം, രോമം, പല്ല്, രക്തം എന്നിവ നീക്കാതിരിക്കൽ സുന്നത്താണ്.

🐐മൃഗത്തെ കുറിച്ച് പറയുമ്പോൾ 'ഇതെന്റെ സുന്നത്തായ ഉള്ഹിയ്യത്താണ്' എന്ന് തന്നെ പറയുക. മറിച്ച്, 'ഇതെന്റെ ഉള്ഹിയ്യത്താണ്' എന്നോ മറ്റോ പറഞ്ഞാൽ അത് നേർച്ചയായി മാറും. പിന്നെ അത് മുഴുവനും ഫഖീർ, മിസ്കീൻമാർക്ക് തന്നെ കൊടുക്കേണ്ടി വരും.

🐏മൃഗത്തിന്റെ മുന്നിൽ വെച്ച് കത്തി മൂർച്ച കൂട്ടുകയോ, മറ്റു മൃഗങ്ങൾ കാണും വിധം അറുക്കുകയോ ചെയ്യരുത്.

🐑അറുക്കുന്നതിന്ന് മുമ്പ് മൃഗത്തിന് വെള്ളം കൊടുക്കുക.

🐪അറുക്കുന്നിടത്തേക്ക് മൃഗത്തെ മയത്തിൽ കൊണ്ട് പോവുക.

🐫കഴുത്ത് ഖിബ്'ലയിലേക്ക് വരുന്ന രൂപത്തിൽ ഇടത് വശത്തേക്ക് ചെരിച്ച് കിടത്തുക.

🐃അറുക്കാൻ വീഴ്ത്തുമ്പോൾ പരിക്ക് പറ്റാതിരിക്കാൻ ശ്രദ്ധിക്കണം. പരിക്കേറ്റാൽ ആ മൃഗം ഉള്ഹിയ്യത്തിന് പറ്റില്ല.

🐂ഉള്ഹിയ്യത്തിന് മൃഗത്തെ നിർണ്ണയിക്കുമ്പോഴോ, അല്ലെങ്കിൽ അറുക്കുമ്പോഴോ നിർബന്ധമായും നിയ്യത്ത് വെക്കുക. അല്ലെങ്കിൽ നിയ്യത്ത് വെക്കാൻ മറ്റൊരാളെ വകാലത്താക്കുക.

🐄സ്വന്തം അറുക്കുന്നില്ലെങ്കിൽ അറുക്കാൻ മറ്റൊരാളെ നിർബന്ധമായും വകാലത്താക്കുക.

🐐അറുക്കുമ്പോൾ
*بِسْمِ اللهِ الرَّحْمَنِ الرَّحِيمْ، اَللّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدْ*
എന്ന് ചൊല്ലുക.

🐏അറുക്കുന്നതിന് തൊട്ട് മുമ്പും അറുത്തതിന്റെ തൊട്ട് ശേഷവും മൂന്ന് പ്രാവശ്യം തക്ബീർ ചൊല്ലുക.

🐏തക്ബീർ ചൊല്ലി കഴിഞ്ഞതിന് ശേഷം
*اَللّهُمَّ هَذِهِ مِنْكَ، وَإِلَيْكَ، فَتَقَبَّلْ مِنِّي*
എന്ന് ചൊല്ലുക.

🐑പൂർണമായി ജീവൻ വേർപെടുന്നതിന്റെ മുമ്പ് മൃഗത്തെ ഇളക്കുകയോ, അറുത്ത സ്ഥലത്ത് നിന്ന് നീക്കുകയോ തോൽ പൊളിക്കുകയോ ചെയ്യരുത്.

🐪മൃഗത്തെ പിടയാൻ അനുവദിക്കുക. കെട്ട് അഴിക്കുക. പിടിച്ച് വെക്കരുത്.

🐫സമൂഹ ഉള്ഹിയ്യത്താകുമ്പോൾ ഒന്നിച്ച് വാങ്ങിയതാണെങ്കിൽ ഓരോ വിഭാഗത്തിനും ഇന്ന മൃഗം എന്ന് നിർബന്ധമായും നിശ്ചയിക്കുക.

🐃ഉള്ഹിയ്യത്ത് പ്രത്യേക ഇബാദത്തായതിനാൽ അമുസ്ലിംകൾക്ക് നൽകാൻ ഉള്ഹിയ്യത്തല്ലാത്ത മാംസം സംഘടിപ്പിക്കുക.

🐂അറവോടു കൂടി ഉടമസ്ഥത നഷ്ടപ്പെടുന്നതിനാൽ ഉള്ഹിയ്യത്തിൽ നിന്ന് ഒന്നും തന്നെ വിൽക്കാൻ പാടില്ല. വിറ്റ് കിട്ടുന്ന പണം സ്വദഖ ചെയ്യാമെന്ന ഉദ്ദേശ്യമുണ്ടെങ്കിൽ തന്നെയും അവൻ വിൽക്കലോടു കൂടി ഉള്ഹിയ്യത്തിന്റെ പ്രതിഫലം നഷ്ടപ്പെടുകയും അവൻ കുറ്റക്കാരനാവുകയും ചെയ്യും. ഏതെങ്കിലും ഫഖീറിനോ മിസ്കീനിനോ കൊടുക്കുകയും ശേഷം അവർക്കോ അവൻ ഏൽപ്പിച്ചവർക്കോ വിൽക്കാവുന്നതാണ്.

🐄ഉള്ഹിയ്യത്ത് അറുത്തവർ അതിന്റെ തോൽ വിൽക്കുന്നതിനെ ഇമാമുമാർ വൻദോഷത്തിൽ എണ്ണിയിട്ടുണ്ട്.

_🐐'തോൽ വിൽക്കുന്നവർക്ക് ഉള്ഹിയ്യത്തില്ല'_ എന്ന ഹദീസും ശ്രദ്ധിക്കേണ്ടതാണ്. തോൽ, എല്ല്, കൊമ്പ് എന്നിവയെല്ലാം ഫഖീർ, മിസ്കീൻ എന്നിവർക്ക് സ്വദഖയായി നൽകുകയാണ് വേണ്ടത്. തോൽ, എല്ല്, കൊമ്പ് എന്നിവയൊന്നും അറവ് കൂലിയായി നൽകാനും പാടില്ല.

ഉള്ഹിയ്യത്ത്; സൂക്ഷ്മത പാലിക്കണം

‘നബിയേ അങ്ങേയ്ക്ക് നാം കണക്കറ്റ നന്മകള്‍ നല്‍കിയിരിക്കുന്നു.അതിനാല്‍ നാഥനു വേണ്ടി നിസ്കരിക്കുകയും ബലികര്‍മ്മം നടത്തുകയും ചെയ്യുക(വി.ഖു)

ഉള്ഹിയ്യത്ത് എന്ന പുണ്യകര്‍മ്മം ഹിജ്റ രണ്ടാം വര്‍ഷത്തിലാണ് നിയമമായത്. ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ് എന്നീ പ്രമാണങ്ങള്‍ കൊണ്ട് ഈ പുണ്യ കര്‍മ്മം സ്ഥിരപ്പെട്ടിരിക്കുന്നു
ശക്തിയായ സുന്നത്താണ് ഉള്ഹിയ്യത്ത്.നിര്‍ബന്ധമാണെന്നും അഭിപ്രായമുള്ളതിനാല്‍ ഒഴിവാക്കല്‍ കറാഹത്താണ്.പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള,പെരുന്നാള്‍ ദിവസവും അയ്യാമുത്തശ്രീക്കിന്‍റെ ദിനങ്ങളിലും ആവശ്യമാകുന്നവയും കഴിച്ച് ഒരു ബലി മൃഗത്തെ സ്വന്തമാക്കാന്‍ സാമ്പത്തിക ശേഷിയുള്ള ഏതൊരാള്‍ക്കും ഇത് സുന്നത്താണ്
ഒരു വീട്ടില്‍ ഒന്നിലധികം പേരുണ്ടെങ്കില്‍ അവര്‍ക്ക് സുന്നത്ത് കിഫായാണ് ഉള്ഹിയ്യത്ത്.ഒരാള്‍ നിര്‍വ്വഹിച്ചാല്‍ മറ്റുള്ളവര്‍ക്കുകൂടി മതിയാകും. സുന്നത്ത് കിഫായ എന്നതിന്‍റെ വിവക്ഷ ഒരാള്‍ ചെയ്താല്‍ വീട്ടിലെ മറ്റുള്ളവരുടെ ബാധ്യത ഒഴിവാകുമെന്നതാണ്. നിര്‍വ്വഹിച്ച ആള്‍ക്ക് മാത്രമേ പ്രതിഫലം ലഭിക്കുകയുള്ളൂ. ഒരാള്‍ മാത്രമേ ഉള്ളൂവെങ്കില്‍ സുന്നത്ത് ഐനുമാണ്.
ആട്, മാട്, ഒട്ടകം ഇവയാണ് ബലി മൃഗങ്ങള്‍. മാട് വര്‍ഗ്ഗത്തില്‍ പശു, കാള, പോത്ത്, എരുമ എന്നിവ ഉള്‍പ്പെടും. ആടില്‍ കോലാടും നെയ്യാടും. ഒന്ന് മാത്രമാകുമ്പോള്‍ ഏറ്റവും സ്രേഷ്ഠമായത് ഒരു ഒട്ടകമാണ്. മാട് വര്‍ഗ്ഗം കോലാട,് നെയ്യാട്, ഒട്ടകത്തിന്‍റെ ഏഴില്‍ ഒന്ന്, മാട് വര്‍ഗ്ഗത്തിന്‍റെ ഏഴില്‍ ഒന്ന് ഇങ്ങനെയാണ് സ്രേഷ്ഠതാ ക്രമം. ഒരു ഒട്ടകത്തേക്കാള്‍ ഏഴ് ആടുകളെ അറുക്കലിനാണ് സ്രേഷ്ഠതയുള്ളത്.
എണ്ണം കൂടുന്നതിനേക്കാള്‍ സ്രേഷ്ഠത കല്‍പ്പിക്കപ്പെടുന്നത് വില കൂടുന്നതിനാണ്. നിറവ്യത്യാസമനുസരിച്ചും സ്രേഷ്ഠതയുണ്ട്. വെളുപ്പ്, മഞ്ഞ, ഇളം വെള്ള, വെള്ളയും കറുപ്പുമുള്ളത്, കറുപ്പ്, ചുവപ്പ് ഇതാണ് സ്രേഷഠതാ ക്രമം. നിറത്തേക്കാള്‍ പരിഗണന തടി കൂടുകയെന്നതും ആണ്‍ മൃഗമാവുകയെന്നതിനുമാണ്. അപ്പോള്‍ ഏറ്റവും ഉത്തമം വെളുത്ത തടിച്ചു കൊഴുത്ത കൊമ്പുള്ള ആണ്‍ മൃഗമാണെന്നു മനസ്സിലാക്കാം.
ഒട്ടകത്തിന് അഞ്ച് വയസ്സും പശുവര്‍ഗ്ഗത്തിനും കോലാടിനും രണ്ട് വയസ്സും പൂര്‍ത്തിയാവണം. നെയ്യാടിന് ഒരു വയസ്സ് തികയുകയോ അതിനു മുമ്പാണെങ്കില്‍ പല്ല് കൊഴിയുകയോ ചെയ്യണം. നമ്മുടെ നാട്ടില്‍ കണ്ടുവരുന്നവ കോലാടുകളാണ്.
മാംസം ചുരുക്കുന്ന വിധത്തില്‍ ന്യൂനതയുള്ളത്, ചൊറിയുള്ളത്, നല്ലനിലയില്‍ മുടന്തുള്ളത്, മെലിഞ്ഞ് മജ്ജ നശിച്ചത്, കാഴ്ച നഷ്ടപ്പെട്ടത്, മാംസം ദുഷിപ്പിക്കും വിധം രോഗമുള്ളത്, അകിട്, നാവ്, ചെവി, വാല്‍ എന്നിവ മുഴുവനും ഭാഗികമായോ മുറിക്കപ്പെട്ടത്, ഗര്‍ഭമുള്ളത്, പല്ല് മുഴുവനും നഷ്ടപ്പെട്ടത് ഇവയൊന്നും ഉള്ഹിയ്യത്തിന് മതിയാകില്ല.
കൊമ്പില്ലാതിരിക്കല്‍, മണി ഉടക്കപ്പെടല്‍ എന്നിവ ന്യൂനതയല്ല. കൊമ്പ് പൊട്ടിയത് മാംസത്തെ ബാധിക്കുമെങ്കില്‍ ന്യൂനതയായി ഗണിക്കപ്പെടും.
ഉള്ഹിയ്യത്ത് ഉദ്ദേശിക്കുന്നയാള്‍ ദുല്‍ഹിജ്ജ ഒന്നു മുതല്‍ ബലികര്‍മ്മം നിര്‍വ്വഹിക്കും വരെ ദേഹത്തു നിന്ന് മുടി, നഖം ഉള്‍പ്പടെ ഒന്നും നീക്കാതിരിക്കല്‍ സുന്നത്തുണ്ട്. നീക്കല്‍ കറാഹത്തുമാണ്. വെള്ളിയാഴ്ച നഖം പോലുള്ളത് നീക്കല്‍ സുന്നത്തുണ്ടെങ്കിലും ഉള്ഹിയ്യകത്തുകാരന് സുന്നത്തില്ല. മൃഗത്തെ അറവ് നടത്തുകയാണെങ്കില്‍ ആദ്യ മൃഗത്തെ അറുക്കലോടു കൂടിയും ഇല്ലെങ്കില്‍ ഉള്ഹിയ്യത്തിന്‍റെ സമയം കഴിയല്‍ കൊണ്ടും കറാഹത്ത് നീങ്ങും. പെരുന്നാള്‍ ദിവസം സൂര്യന്‍ ഉദിച്ച ശേഷം ചുരുങ്ങിയ തോതില്‍ രണ്ടു റകഅത്ത് നിസ്ക്കാരവും രണ്ടു ഖുതുബയും നിര്‍വ്വഹിക്കുന്ന സമയം കഴിഞ്ഞാല്‍ ബലി കര്‍മ്മത്തിന് സമയമായി. അയ്യാമുത്തശ്രീഖിന്‍റെ അവസാന ദിവസം സൂര്യന്‍ അസ്തമിക്കുന്നതോടുകൂടിയാണ് സമയം കഴിയുക. ഏത് അറവും വല്ല നډയ്ക്കും വേണ്ടിയല്ലെങ്കില്‍ രാത്രി കറാഹത്താകുന്നു. സമയം കഴിഞ്ഞാല്‍ സുന്നത്തായ ഉള്ഹിയ്യത്ത് ഖളാഅ് വീട്ടല്‍ ഇല്ല. ആ വര്‍ഷം അവന് ഉള്ഹിയ്യത്ത് നഷ്ടപ്പെട്ടു. നേര്‍ച്ചയാക്കിയതാണെങ്കില്‍ സമയം കഴിഞ്ഞാലും ആ വര്‍ഷം തന്നെ ഖളാഅ് വീട്ടാം.
മറ്റുള്ള സുന്നത്തു കര്‍മ്മങ്ങള്‍ പോലെത്തന്നെ ഉള്ഹിയ്യത്ത് എന്ന കര്‍മ്മവും നേര്‍ച്ചയാക്കിയാല്‍ നിര്‍ബന്ധമായിത്തീരും. ‘ഉള്ഹിയ്യത്ത് അറവ് ഞാന്‍ നേര്‍ച്ചയാക്കി’, ‘അല്ലാഹുവിന് വേണ്ടി ഉള്ഹിയ്യത്ത് അറുക്കുവാന്‍ ഞാന്‍ തീരുമാനിച്ചു’ തുടങ്ങിയ പദങ്ങള്‍ പറഞ്ഞാലാണ് നേര്‍ച്ചയാകുന്നത്. ഒരു നിശ്ചിത മൃഗത്തെ ലക്ഷ്യമാക്കി ഇതിനെ ഞാന്‍ ഉള്ഹിയ്യത്താക്കി എന്നോ, ഇത് എന്‍റെ ഉള്ഹിയ്യത്ത് മൃഗമാണെന്നോ പറഞ്ഞാലും നിര്‍ബന്ധമായി മാറി.
പ്രത്യേക മൃഗത്തെ നിര്‍ണ്ണയിക്കാതെ അല്ലാഹുവിന് വേണ്ടി ഞാന്‍ ബലിയറവ് നേര്‍ച്ചയാക്കി തുടങ്ങിയ പദങ്ങള്‍ കൊണ്ട് ഒരാള്‍ നേര്‍ച്ചയാക്കിയാല്‍ അറവ് സമയത്ത് നിബന്ധനയൊത്ത ഒരു മൃഗത്തെ അറുത്ത് നേര്‍ച്ച വീട്ടാം. ഒരു മൃഗത്തെ നിര്‍ണ്ണയിച്ചുകൊണ്ട് ഇതിനെ നേര്‍ച്ചായിക്കി എന്ന് പറഞ്ഞാല്‍ ആ മൃഗം ബലിമൃഗത്തിന്‍റെ ഇനത്തില്‍ പെട്ടതാണെങ്കില്‍ ആ വര്‍ഷത്തെ അറവു സമയത്ത് തന്നെ നേര്‍ച്ച വീട്ടേണ്ടതാണ്. ആ മൃഗത്തിന് വയസ്സു തികഞ്ഞിട്ടില്ലെങ്കിലും എന്തു ന്യൂനതകള്‍ ഉണ്ടെങ്കിലും നേര്‍ച്ച വീട്ടണം. നിര്‍ബന്ധ ഉള്ഹിയ്യത്തിന്‍റെ എല്ലാ നിയമങ്ങളും പാലിക്കണം. അതേ അവസരം നിബന്ധനയൊത്ത മൃഗമല്ലെങ്കില്‍ ഉള്ഹിയ്യത്തിന്‍റെ പുണ്യം അതിന് ലഭിക്കുകയുമില്ല.


സുന്നത്തായ ഉള്ഹിയ്യത്തില്‍ നിന്ന് ഭക്ഷിക്കാം. ധനികര്‍ക്ക് ഭക്ഷണമായി നല്‍കുകയും ചെയ്യാം. ധനികര്‍ക്ക് ബലിമാംസത്തില്‍ ഉടമാവകാശം വരാത്തതുകൊണ്ട് അവര്‍ക്ക് അത് മറ്റൊരാള്‍ക്ക് വില്‍ക്കല്‍ അനുവദനീയമല്ല. ഭക്ഷണമായി നല്‍കാം. ദരിദ്രര്‍ക്ക് ലഭിക്കുന്ന സുന്നത്ത്നിര്‍ബന്ധ ബലിമാംസത്തിലും തുകല്‍ തുടങ്ങിയവയിലും അവര്‍ക്ക് ഉടമസ്ഥതയുണ്ട്. അതിനാല്‍ അവര്‍ക്ക് അവ മുസ്ലിംകള്‍ക്ക് വില്‍പന നടത്താം.
സുന്നത്തായ ഉള്ഹിയ്യത്ത് വേവിക്കാത്ത നിലയില്‍ നാട്ടിലെ ദരിദ്രരില്‍ ആര്‍ക്കെങ്കിലും അല്‍പം ധര്‍മ്മം ചെയ്താല്‍ ബാക്കി സ്വന്തമായി എടുക്കാവുന്നതാണ്. ഏറ്റവും സ്രേഷ്ഠമായ രീതി ബര്‍കത്തിന് വേണ്ടി അല്‍പം എടുത്ത് ബാക്കി മുഴുവന്‍ വിതരണം ചെയ്യലാണ്. എടുക്കുന്നത് കരളിന്‍റെ ഭാഗമാകലും ഉത്തമമാണ്. മൂന്നായി ഭാഗിച്ച് ഒരു ഭാഗം ധര്‍മ്മമായും ഒരു ഭാഗം ധനികര്‍ക്ക് ഹദ്യയായും ഒരു ഭാഗം സ്വന്തമായെടുക്കുകയും ചെയ്യണമെന്ന അഭിപ്രായവുമുണ്ട്. ഈ രീതിയാണ് ഇന്ന് പല ഭാഗത്തും നടന്നുവരുന്നത്.
ഏഴുപേര്‍ ചേര്‍ന്ന് ഒരു ഒട്ടകത്തെയോ മാടുവര്‍ഗത്തില്‍പ്പെട്ടതിനെയോ അറുക്കുമ്പോള്‍ ഏഴുപേര്‍ക്കും അവരുടെ പൂര്‍ണ്ണ ഉള്ഹിയ്യത്ത് വീടപ്പെടും. ഏഴിലൊരു ഷെയര്‍ കൂടുന്നതിലും ഉത്തമം ഒരു ആടിനെ അറുക്കലാണെന്ന് പണ്ഡിതډാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഏഴിലൊന്ന് ഉള്ഹിയ്യത്ത് ആക്കുന്നവര്‍ വരും വര്‍ഷങ്ങളില്‍ ബാക്കിയുള്ള ആറു ഭാഗം പൂര്‍ത്തിയാക്കണമെന്ന ധാരണയ്ക്ക് അടിസ്ഥാനമില്ല.
ഉള്ഹിയ്യത്ത് മൃഗത്തെ സ്വന്തം കൈകൊണ്ട് തന്നെ അറവ് നടത്തല്‍ സുന്നത്താണ്. അറ്റൊരാളെ പകരമാക്കുകയും ചെയ്യാം. സ്ത്രീകള്‍ക്ക് മറ്റൊരാളെ ഏല്‍പ്പിക്കലാണ് സുന്നത്ത്. അറവ് നടത്തുന്ന സമയം ഉള്ഹിയ്യത്തിനെ കരുതല്‍ നിര്‍ബന്ധമാണ്. അറവ് മറ്റൊളെ ഏല്‍പ്പിക്കുന്ന രൂപത്തില്‍ ബലിമൃഗത്തെ അറവുകാരനെ ഏല്‍പ്പിക്കുമ്പോഴോ അയാള്‍ അറവ് നടത്തുമ്പോഴോ ഉടമസ്ഥന്‍ നിയ്യത്ത് ചെയ്യണം. ഏഴുപേര്‍ക്ക് അവരില്‍പെട്ട ഒരാളെയോ അന്യനെയോ അറവ് ഏല്‍പ്പിക്കാം. മേല്‍പറഞ്ഞതു പോലെ എല്ലാവരും നിയ്യത്ത് ചെയ്യേണ്ടതാണ്.
ഏഴിലൊന്നില്‍ കുറഞ്ഞതില്‍ പങ്കുചേര്‍ന്നാല്‍ ഉള്ഹിയ്യത്ത് ലഭിക്കില്ല. മൃഗത്തിന്‍റെ തുകയുടെ ഏഴിലൊന്ന് ഒരാള്‍ നല്‍കിയാലേ ഉള്ഹിയ്യത്ത് ആവുകയുള്ളൂ. ഒരു ഷെയറിന് അയ്യായിരം രൂപ എന്ന് പരസ്യം ചെയ്ത് ആ കിട്ടിയ സംഖ്യക്ക് വ്യത്യസ്ത വിലയുള്ള മൃഗങ്ങളെ വാങ്ങി ആരെല്ലാമോ അറവ് നടത്തുന്ന രീതി ഉള്ഹിയ്യത്ത് എന്ന പുണ്യകര്‍മ്മത്തില്‍പ്പെടില്ല.
ശരിയായ രീതി നോക്കാം. വിലയുടെ ഏഴിലൊരു വീതം ഓരോരുത്തരും ചെലവഴിച്ച് ഒരു ബലിമൃഗത്തെ വാങ്ങുന്നു. ഏഴുപേരും അവരില്‍ ഒരാളെയോ അന്യനെയോ അറവ് ഏല്‍പ്പിക്കുന്നു. അറവ് സമയത്തോ, ഏല്‍പ്പിക്കുമ്പോഴോ ഉള്ഹിയ്യത്തിനെ കരുതുന്നു. അറുത്ത ശേഷം ഏഴു ഭാഗമാക്കി ഓരോരുത്തരും തന്‍റെ വിഹിതത്തില്‍ നിന്ന് അല്‍പ്പമെടുത്ത് നാട്ടിലെ ദരിദ്രര്‍ക്ക് ധര്‍മ്മം ചെയ്യുന്നു. സ്വന്തമായെടുക്കുന്ന ഭാഗവും അതില്‍ നിന്നെടുത്ത ശേഷം തനിച്ചോ കൂട്ടിക്കുഴച്ചോ വിതരണം ചെയ്യുന്നു.
സാധാരണ നിലയില്‍ അറുത്ത മാംസവും മറ്റു സുന്നത്തായ ദാനധര്‍മ്മങ്ങളും അമുസ്ലിമിന്ന് നല്‍കാമെങ്കിലും ഉള്ഹിയ്യത്ത് മാംസത്തില്‍ നിന്ന് വേവിക്കാതെയോ വേവിച്ചോ അവര്‍ക്ക് നല്‍കല്‍ അനുവദനീയമല്ല. ദരിദ്രന് ലഭിച്ചത് വില്‍പ്പനയായും നല്‍കിക്കൂടാ.
മുസ്ലിം സമൂഹത്തിനുള്ള അല്ലാഹുവിന്‍റെ ആതിഥ്യമാണ് ഉള്ഹിയ്യത്ത്. നേര്‍ച്ചകൊണ്ടോ മറ്റോ നിര്‍ബന്ധമായ ഉള്ഹിയ്യത്തിന്‍റെ മാംസവും തോല്‍ ഉള്‍പ്പെടെ മുഴുവനും നാട്ടിലെ ഫഖീര്‍ മിസ്കീന്‍മാര്‍ക്ക് ദാനം ചെയ്യേണ്ടതാണ്. അറുത്തയാള്‍ക്കോ ആശ്രിതര്‍ക്കോ ഉപയോഗിക്കാന്‍ പാടില്ല, ഹറാമാണ്. സുന്നത്തായ ഉള്ഹിയ്യത്തിന്‍റെ തോലും കൊമ്പും ധര്‍മ്മം ചെയ്യലാണ് ഉത്തമം. സ്വന്തമായി എടുക്കുകയും ചെയ്യാം. ഉള്ഹിയ്യത്തിന്‍റെ മറ്റു ഭാഗങ്ങളെപ്പോലെത്തന്നെ തോലും വില്‍ക്കല്‍ ഹറാമാണ്. വാടകയ്ക്ക് കൊടുക്കലും ഹറാമാണ്. കമ്മിറ്റിക്കോ സ്ഥാപനത്തിനോ നല്‍കല്‍ ശറഈ വിരുദ്ധമാണ്. അറുത്തയാള്‍ക്ക് കൂലിയായി നല്‍കാനും പാടില്ല. ആരെങ്കിലും തന്‍റെ ഉള്ഹിയ്യത്തിന്‍റെ തോല്‍ വിറ്റാല്‍ അവന് ഉള്ഹിയ്യത്ത് ഇല്ല എന്ന് ഹദീസിലുണ്ട്.
അവലംബം: മിന്‍ഹാജ്, തുഹ്ഫത്തുല്‍ മുഹ്താജ്, ബുശ്റല്‍ കരീം






ഉള്ഹിയ്യത്ത് മാംസവും കുമാരേട്ടന്റെ കഥയും
🔹🔹🔹🔹🔹🔹🔹🔹🔹
ബലിപെരുന്നാ‍ാളിനോടനുബന്ധിച്ച് അല്ലാഹുവിന്റെ സാമീപ്യം ഉദ്ദേശിച്ച് അറുക്കപ്പെടുന്ന ബലിമൃഗത്തെക്കുറിച്ചാണ് ഉള്ഹിയ്യത്ത് എന്ന് പറയുന്നത്. പ്രായപൂർത്തിയെത്തിയ ബുദ്ധിയുള്ള സ്വതന്ത്രനും ബലികർമ്മത്തിനാവശ്യമായ സാമ്പത്തീകശേഷിയുമുള്ള എല്ലാ മുസ്‌ലിംകൾക്കും ബലികർമ്മം നടത്തൽ ശക്തമായ സുന്നത്താണ്.
എന്നാൽ ഉള്ഹിയ്യത്തിന്റെ മാംസം അമുസ്ലിങ്ങൾക്ക് കൊടുക്കുവാൻ പാടില്ലെന്നുള്ള നിയമം ശാഫിഈ മദ്ഹബിലുണ്ട്. അതു കൊണ്ട് ഞമ്മുടെ അയൽവാസികളായ അമുസ്ലിംങ്ങൾക്ക് സാധാരണ ഉള്ഹിയ്യത്ത് അറുക്കുമ്പോൾ പുറത്ത് നിന്ന് വാങ്ങി അവർക്ക് കൊടുക്കാറാണ് ഉള്ളത്. അമുസ്ലീംങ്ങൾക്ക് ഒന്നും കൊടുക്കരുത് എന്നൊന്നും ആരും പറയുന്നുമില്ല. കുമാരേട്ടന്റ പേരിൽ ആരോ എഴുതിയകഥയല്ല നമുക്ക് തെളിവ്.ശാഫിഈ മദ്ഹബിലെ ആധികാരിക ഗ്രന്ഥമായ തുഹ്ഫയിൽ ഇബ്നു ഹജർ(റ) പറയുന്നു:
സുന്നത്തായ ഉളുഹിയ്യത്തിന്റെ മാംസം എത്രവേണമെങ്കിലും ഭക്ഷിക്കല്‍ കൊണ്ട് യാതൊരു വിരോധവുമില്ല. പക്ഷേ അല്‍പമെങ്കിലും പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യല്‍ അനിവാര്യമാണ്. എന്നാല്‍ കരള് പോലെയുള്ള അല്‍പം ഭാഗം മാത്രം എടുത്ത് വെച്ച് ബാക്കിയുള്ളതെല്ലാം പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യലാണ് ഏറെ പുണ്യകരം. മൂന്നില്‍ ഒന്നിനേക്കാള്‍ ഭക്ഷിക്കാതിരിക്കലും തോല്‍ ദാനം ചെയ്യലും പ്രത്യേകം സുന്നത്താണ്. സുന്നത്തായ ബലി മാംസം ധനികര്‍ക്ക് നല്‍കല്‍കൊണ്ടും വിരോധമില്ല. പക്ഷേ അവരിത് വില്‍പനനടത്താന്‍ പാടില്ലെന്ന്മാത്രം. എന്നാല്‍ ഫഖീര്‍, മിസ്‌കീന്‍ പോലെയുള്ളവര്‍ക്ക് ഇതില്‍ വിനിമയം നടത്താവുന്നതാണ്.
എന്നാല്‍ നിര്‍ബന്ധമായ ഉളുഹിയ്യത്തില്‍നിന്ന് അറുത്തയാളോ അയാള്‍ ചെലവ് കൊടുക്കേണ്ടവരോ അല്‍പം പോലും ഭക്ഷിക്കാന്‍ പാടില്ല. സമ്പന്നര്‍ക്കിടയില്‍ വിതരണം ചെയ്യലും അനുവദനീയമല്ല. പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്‌തേമതിയാകൂ. നേര്‍ച്ചയാക്കല്‍ കൊണ്ടും സുന്നത്തിനെ കരുതാതിരിക്കല്‍ കൊണ്ടുമാണ് ഉളുഹിയ്യത്ത് നിര്‍ബന്ധമായി മാറുന്നത്. ഒരാള്‍ തന്റെ മൃഗത്തെ ചൂണ്ടിക്കൊണ്ട് ഇത് എന്റെ ഉളുഹിയ്യത്താണെന്ന് പറഞ്ഞാല്‍ നിര്‍ബന്ധ ഉളുഹിയ്യത്തായി പരിഗണിക്കപ്പെടുന്നതാണ്. അതില്‍ നിന്നും ഒരംശം പോലും അയാള്‍ക്ക് ഭക്ഷിക്കല്‍ അനുവദനീയമല്ല. സാധാരണ ഉളുഹിയ്യത്തുകള്‍ക്ക് സുന്നത്തായ ഉളുഹിയ്യത്ത് എന്ന് തന്നെ കരുതേണ്ടതുണ്ട്.
ബലിമാംസം അന്യമതസ്ഥര്‍ക്ക് നല്‍കല്‍ അനുവദനീയമല്ല. അത് അയല്‍വാസിയാണെങ്കിലും അല്ലെങ്കിലും ശരി. മുസ്‌ലിമല്ലാത്ത ഒരാള്‍ ഒരു കാരണവശാലും ഉളുഹിയ്യത്തിന്റെ ഇറച്ചി ഭക്ഷിച്ചുപോവരുത്. അതിന് നമ്മള്‍ അവസരമൊരുക്കാനും പാടില്ല. അത് വേവിച്ചതിന് ശേഷമാണെങ്കിലും ശരി. (തുഹ്ഫ 9/363)
: ولا
يصرف شيئ منها لكافرعلي النص ( تحفة9/364) ഉള്ഹിയ്യതിന്റെ മാംസമോ തോലോ കാഫിറിനു നൽകാ൯ പാടില്ല (തുഹ്ഫ9/364)
ഇതാണ് നമ്മുടെ മദ്ഹബിലെ ബലപ്പെട്ട അഭിപ്രായം. ഈ വിഷയം നമ്മുടെ ഇമാമുകൾ വ്യക്തമാക്കിയിരിക്കുന്നു.
പല കഥകളും പലരും പടച്ചു വിട്ടു കൊണ്ടിരിക്കുന്ന കാലമാണ്. പണ്ഡിതന്മാർ പറഞ്ഞത് നാംസ്വീകരിക്കുക. അതോടൊപ്പം - ഇസ്ലാമിലെ ,പ്രാമാണിക പണ്ഡിതരെ വർഗീയ വാദികളും അന്യമത വിരോധികളുമായി ചിത്രീകരിച്ച് - വെടക്കാക്കി തനിക്കാക്കാനുള്ള വഹാബീ ശ്രമങ്ങൾ എല്ലാ വരും കരുതി ഇരിക്കുക .നേർച്ചയാക്കിയ ഉളുഹിയ്യത്തിൽ നിന്ന് ,നേർച്ചയാക്കിയവനോ, അവൻ ചിലവിന് കൊടുക്കേണ്ടവരോ ,സമ്പന്നനോ-ഭക്ഷിക്കരുതെന്ന് പറഞ്ഞത് അവരോടുള്ള വിരോധം കൊണ്ടല്ലെന്ന് ഏത് കുട്ടിക്കും മനസിലാക്കാവുന്നതാണ്.
കേരളത്തിൽ ഇത്രയും കാലം അമുസ്ലിംങ്ങളുമായി കൂട്ടുകൂടി ,സൗഹൃദത്തോടെ ജീവിച്ചവരാണ് സുന്നികളായ നാം. അമുസ്ലിംകൾക്ക് ഈ ഇറച്ചി തന്നെ ഭക്ഷിക്കണമെന്ന് ഒരു പിടി വാശിയുമില്ല. മറ്റ് ഇറച്ചികൾ സംഘടിപ്പിച്ച്, സാമ്പത്തികമായി സഹായിക്കേണ്ടവരാണെങ്കിൽ - അത്തരത്തിൽ സഹായിച്ച്, നാം സാഹോദര്യം നിലനിർത്തുക.ബദ്രീങ്ങളുടെ ബറകത്ത് കൊണ്ട് അല്ലാഹു,.നമ്മുടെ ഈമാനിനെ ഉറപ്പിച്ച് നിറുത്തി മുസ്ലിമായി മരിപ്പിക്കട്ടെ! ആമീൻ....




നിയ്യത്ത്
ആരാധനകള്‍ സാധുവാകാന്‍ നിയ്യത്ത് (ഹൃദയത്തില്‍ ഉദ്ദേശ്യമുണ്ടാകല്‍) നിര്‍ബന്ധമാണ്. നാവുകൊണ്ട് മൊഴിയല്‍ സുന്നത്തും. ഉള്ഹിയ്യത്തിനും ഇത് ബാധകമാണ്. സുന്നത്തായ ഉള്ഹിയ്യത്ത് ഞാന്‍ അറുക്കുന്നു/സുന്നത്തായ മൃഗബലി ഞാന്‍ നടത്തുന്നു തുടങ്ങിയതാണ് നിയ്യത്തിന്റെ രൂപം.
അറവും വിതരണവും മറ്റൊരാളെ ഏല്‍പിക്കുന്നതുപോലെ നിയ്യത്തും ഏല്‍പിക്കാം. ഭ്രാന്തന്‍, അവിശ്വാസി, ബോധക്ഷയമുള്ളവന്‍, വിവേകമില്ലാത്ത കുട്ടി എന്നിവരെ നിയ്യത്ത് ഏല്‍പിക്കാന്‍ പാടില്ല. അറവ് ഒരാളെ ഏല്‍പിച്ചതുകൊണ്ട് അവന്‍ നിയ്യത്ത് ഏറ്റെടുത്തവനാകുന്നില്ല. ഏല്‍പിച്ചവന്‍ നിയ്യത്ത് ചെയ്തു; അറവ് ഏറ്റെടുത്തവന്‍ ഉള്ഹിയ്യത്താണെന്നറിയാതെ അറുത്താലും സാധുവാകും. ജീവിച്ചിരിക്കുന്ന ഒരാള്‍ക്കുവേണ്ടി അവന്റെ അനുമതി പ്രകാരവും മരിച്ചുപോയ ഒരാള്‍ക്കുവേണ്ടി അവന്റെ വസ്വിയ്യത്തു പ്രകാരവും മറ്റൊരാള്‍ക്ക് ഉള്ഹിയ്യത്ത് അറുക്കാം.
പരിഗണിക്കപ്പെടുന്ന മൃഗങ്ങള്‍
നെയ്യാട്, കോലാട്, ഒട്ടകം, മാടുകള്‍ (മൂരി, പശു, എരുമ, പോത്ത്) എന്നിവയാണ് ഉള്ഹിയ്യത്തിന് അംഗീകരിക്കപ്പെട്ട മൃഗങ്ങള്‍. നെയ്യാട് ഒരു വയസ്സ് പൂര്‍ത്തിയായിരിക്കുകയോ, ആറു മാസം തികഞ്ഞ് മുമ്പല്ലുകളില്‍ നിന്ന് ഒന്നെങ്കിലും കൊഴിഞ്ഞിരിക്കുകയോ വേണം. ഒട്ടകത്തിന് അഞ്ചു വയസ്സും കോലാടിനും മാടുകള്‍ക്കും രണ്ടു വയസ്സും പൂര്‍ത്തിയായിരിക്കണം. (നമ്മുടെ നാട്ടിലുള്ളവ കോലാടുകളാണ്) ഇവകളില്‍ ആണും പെണ്ണും നപുംസകവും ഉണ്ടായിരിക്കും. അതെല്ലാം ഉള്ഹിയ്യത്തിന് പര്യാപ്തമാണ്. ആണ്, നപുംസകം, പെണ്ണ് എന്നീ ക്രമത്തിലാണ് ശ്രേഷ്ഠത കല്‍പിക്കപ്പെടുന്നത്. പക്ഷെ, ഇണചേരല്‍ അധികമായ ആണിനേക്കാള്‍ പ്രസവിക്കാത്ത പെണ്ണിനാണ് ശ്രേഷ്ഠത.
നിബന്ധനകള്‍
ഒട്ടകം, മാട്, നെയ്യാട്, കോലാട് എന്നീ ക്രമത്തിലാണ് മൃഗങ്ങള്‍ക്ക് ശ്രേഷ്ഠത കല്‍പിക്കപ്പെടുന്നത്. ഏഴ് ആടുകളെ അറുക്കുന്നത് ഒട്ടകത്തെയോ മാടിനെയോ അറുക്കുന്നതിനേക്കാള്‍ ഉത്തമമാണ്. ഏഴില്‍ കുറവാണെങ്കില്‍ ഒട്ടകത്തിനും മാടിനുമാണ് ശ്രേഷ്ഠത. ഒരു മൃഗത്തില്‍ ആടിന്റെ തോതനുസരിച്ച് പങ്കുചേരുന്നതിനേക്കാള്‍ ആടിനെ അറുക്കലാണ് പുണ്യം. എണ്ണത്തിനേക്കാള്‍ വണ്ണത്തിനാണു പ്രാധാന്യം. തടിച്ചു കൊഴുത്ത ഒരു മൃഗത്തിന്റെ വിലക്ക് അതിന്റെ ഗുണങ്ങളില്ലാത്ത രണ്ടെണ്ണം കിട്ടുമെങ്കില്‍ ഒന്നാണ് ഉത്തമം. വെള്ള, മഞ്ഞ, മങ്ങിയ വെള്ള, നീല, ചുവപ്പ്, വെള്ളയോട് കറുപ്പോ ചുവപ്പോ കലര്‍ന്നത്, കറുപ്പ്, വെള്ളയിലേക്ക് കൂടുതല്‍ അടുത്തത് എന്നീ ക്രമത്തിലാണ് അടിസ്ഥാനമാക്കിയുള്ള ശ്രേഷ്ഠത. പക്ഷെ, ശ്രേഷ്ഠമായ നിറമുള്ളത് തടി കുറഞ്ഞതാണെങ്കില്‍ നിറത്തില്‍ ശ്രേഷ്ഠത കുറഞ്ഞ തടിച്ച മൃഗത്തിന് മുന്‍ഗണന നല്‍കണം.

പ്രായത്തിലും വളര്‍ച്ചയിലും മാംസത്തിന്റെ ഗുണമേന്മയിലും മൃഗങ്ങള്‍ അന്യൂനമായിരിക്കണം. ഭക്ഷ്യയോഗ്യമായ ഘടകങ്ങള്‍ക്ക് കുറവു വരുത്തുന്ന ന്യൂനതകള്‍ ഉണ്ടാവരുത്. മാംസത്തിന്റെ ഗുണനിലവാരം കുറക്കുന്നതോ ക്ഷയിപ്പിക്കുന്നതോ ആയ രോഗം, ചിരങ്ങ്, ചൊറി, മുറിവ്, ചൊള്ള, സ്പഷ്ടമായ മുടന്ത്, കാഴ്ചയില്ലായ്മ, കണ്ണ് നഷ്ടപ്പെടല്‍, അമിതമായി മെലിഞ്ഞ് മജ്ജയും പുഷ്ടിയും കുറയുക, ചെവി, നാക്ക്, വാല്, അകിട് എന്നിവ പൂര്‍ണമായോ ഭാഗികമായോ മുറിഞ്ഞുപോകുക, ഒരവയവം ഇല്ലാതിരിക്കുകയോ നഷ്ടമാകുകയോ, പൊട്ടുകയോ തളരുകയോ അതില്‍നിന്ന് ഒരു ഭാഗം നഷ്ടപ്പെടുകയോ ചെയ്യുക, ഗര്‍ഭം ധരിക്കുക, തീറ്റയെ പ്രതികൂലമായി ബാധിക്കുന്നവിധം പൂര്‍ണമായോ ഭാഗികമായോ പല്ല് പൊട്ടുകയോ കൊഴിയുകയോ ചെയ്യുക എന്നീ ന്യൂനതകളുള്ള മൃഗം ഉള്ഹിയ്യത്തിന് പറ്റുകയില്ല.
ചെവി പറ്റെ തളര്‍ന്നതും ചെവിയില്ലാത്തതും പറ്റില്ല. പല്ല് വരാതിരിക്കുക, തീറ്റയെ പ്രതികൂലമായി ബാധിക്കാത്തവിധം പല്ല് പൊട്ടുകയോ നഷ്ടപ്പെടുകയോ ചെയ്യുക, വാലും അകിടും സൃഷ്ടിപ്പില്‍ തന്നെ ഇല്ലാതിരിക്കുക, വലിയ ഒരവയവത്തില്‍ നിന്ന് അല്‍പം മാത്രം നഷ്ടമാകുക, മാംസത്തെ ബാധിക്കാത്ത വിധം കൊമ്പു പൊട്ടുക (രക്തം ഒലിച്ചാലും ശരി), കൊമ്പില്ലാതിരിക്കുക, ലിംഗം ഇല്ലാതിരിക്കുകയോ മുറിക്കപ്പെടുകയോ ചെയ്യുക, കണ്ണില്‍ നിന്ന് വെള്ളം ഒലിക്കുക, രാത്രി മാത്രം കണ്ണ് കാണാതിരിക്കുക, കഷ്ണം നഷ്ടപ്പെടാത്തവിധം ചെവിയില്‍ തുളയോ പിളര്‍പ്പോ ഉണ്ടാകുക, നേരിയ തോതില്‍ ചെവി കുഴയുക, വരിയുടക്കുക, കൂടുതല്‍ പ്രസവിക്കുക, ഇണചേരല്‍ അധികമാകുക, പ്രസവം കഴിഞ്ഞ് കാലം ദീര്‍ഘിക്കാതിരിക്കുക തുടങ്ങിയ ന്യൂനതകള്‍ ഉള്ഹിയ്യത്തിന് തടസ്സമല്ല.
💥 ദുല്‍ഹിജ്ജ പത്തിന്റെ സൂര്യോദയം മുതല്‍ പതിമൂന്നിന്റെ സൂര്യാസ്തമയം വരെയുള്ള സമയത്ത് അല്ലാഹുവിലേക്കടുക്കാന്‍ വേണ്ടി ബലിയറുക്കപ്പെടുന്ന മൃഗ (ആട്, മാട്, ഒട്ടകം) ത്തിനാണു ഉള്ഹിയത്ത് എന്നു പറയുക. ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ് എന്നീ പ്രമാണങ്ങള്‍ കൊണ്ട് സ്ഥിരപ്പെട്ട പുണ്യകര്‍മ്മമാണ് ഉള്ഹിയ്യത്ത്.

✅ നബി(സ) പറഞ്ഞു: രക്തമൊലിപ്പിക്കുന്നതിനെക്കാള്‍ അല്ലാഹിവിനു ഇഷ്ടമുള്ള മറ്റൊരു കര്‍മവും ബലിപെരുന്നാളില്‍ മനുഷ്യനില്ല. തീര്‍ച്ചയായും, ബലിമൃഗം അതിന്റെ കൊമ്പുകളും കുളമ്പുകളുമായി ഖിയാമത്ത് നാളില്‍ ആഗതമാകും. അതിന്റെ രക്തം ഭൂമിയില്‍ പതിയുന്നതിന് മുമ്പേ അല്ലാഹുവിങ്കല്‍ ഉന്നതമായ ഒരിടത്തതു സംഭവിച്ചിരിക്കും. അതിനാല്‍ ഉള്ഹിയ്യത്തറുത്ത് നിങ്ങള്‍ ശുദ്ധരായി കൊള്ളട്ടെ. (തുര്‍മുദി, അബൂദാവൂദ്) 

ബലിമൃഗങ്ങളെ നിങ്ങള്‍ ബഹുമാനിക്കണം. കാരണം അവ സ്വിറാത്ത് പാലത്തിന്‍മേല്‍ നിങ്ങളുടെ വാഹനങ്ങളാണ് എന്നുള്ള നബിവചനം ശ്രദ്ധേയമാണ്.

❓ഉള്ഹിയ്യത്ത് ഉമ്മത്തിന്റെ ഹഖില്‍ ശക്തിയായ സുന്നത്താണ്. എന്നാല്‍, നബി(സ)ക്കു നിര്‍ബന്ധവുമായിരുന്നു. തുര്‍മുദിയുടെയും ദാറഖുത്വ്‌നിയുടെയും നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ പണ്ഡിതന്‍മാര്‍ അക്കാര്യം വ്യക്തമാക്കുന്നു.

🌺 ബലിപെരുന്നാള്‍ ദിനങ്ങളില്‍ തനിക്കും ആശ്രിതര്‍ക്കും ആവശ്യം വേണ്ടുന്ന ചെലവുകള്‍ കഴിച്ച് സ്വത്തില്‍ ബാക്കിയുള്ള, വിവേവകും തക്‌ലീഫുമുള്ള ഏതൊരു മുസ്‌ലിമിനും ബലിദാനം സുന്നത്താണ്. പിതാവ്, പിതാമഹന്‍ എന്നിവര്‍ക്ക് സന്താനത്തിനുവേണ്ടി സ്വന്തം ധനത്തില്‍നിന്നെടുത്ത് ഉള്ഹിയ്യത്തറുക്കാവുന്നതാണ്. അറുത്തവന് ദാനത്തിന്റെയും കുട്ടിക്ക് ഉള്ഹിയ്യത്തിന്റെയും പ്രതിഫലം ലഭിക്കും. (ശര്‍വാനി 9/367)

🌺 ഒന്നിലധികം അംഗങ്ങളുള്ള വീട്ടുകാര്‍ക്ക് ഉള്ഹിയ്യത്ത് സുന്നത്ത് കിഫയാണ്. കൂട്ടത്തില്‍ ഒരാള്‍ അറുത്താല്‍ എല്ലാവര്‍ക്കു വേണ്ടിയും അതു മതിയാകുന്നതാണ്. ഒരാളെങ്കിലും അറുക്കാതിരിക്കുന്നത് കറാഹത്താണ്. കുടുംബത്തില്‍ ഒരാള്‍ മാത്രം അറുത്താല്‍ തേട്ടം ഒഴിവായിക്കിട്ടുമെങ്കിലും പ്രതിഫലം മറ്റുള്ളവര്‍ക്ക് ലഭിക്കുകയില്ല. ഒരാളുടെ കര്‍മത്തിന്റെ പുണ്യത്തില്‍ മറ്റുള്ളവരെ കൂടി പങ്കുചേര്‍ത്ത് നിയ്യത്ത് വയ്ക്കുന്നത് ജാഇസാണ്.

💥 സുന്നത്തായ ഉള്ഹിയ്യത്ത് നേര്‍ച്ചയാക്കിയാലതു നിര്‍ബന്ധമായി മാറും. ഞാനിതു ഉള്ഹിയ്യത്താക്കി, ഇത് ഉള്ഹിയ്യത്താണ് എന്നിങ്ങനെ ഒരു മൃഗത്തെ നിര്‍ണയിച്ചു പറഞ്ഞാല്‍ അതോടെ അതു നിര്‍ബന്ധമായിത്തീരും. എന്നാല്‍, വെറും വിവരമറിയിക്കല്‍ എന്ന ഉദ്ദേശ്യത്തോടെയാണ് ഇത് ഉള്ഹിയ്യത്താണ് എന്നു പറഞ്ഞതെങ്കില്‍ നിര്‍ബന്ധമാകില്ലെന്ന് സയ്യിദ് ഉമര്‍ ബസരി(റ) അഭിപ്രായപ്പെട്ടിരിക്കുന്നു. (കുര്‍ദി 2/204)

🌺 ഉള്ഹിയ്യത്തുദ്ദേശിച്ചവനു ദുല്‍ഹിജ്ജ ആദ്യത്തെ പത്തു ദിവസങ്ങളില്‍ മുടി, നഖം പോലുള്ളവ നീക്കംചെയ്യാതിരിക്കല്‍ സുന്നത്തുണ്ടെന്നു മാത്രമല്ല, നീക്കുന്നത് കറാഹത്തുമാണ്. ഹറാമാണെന്നും അഭിപ്രായമുണ്ട്. എന്നാല്‍, ഒന്നില്‍ കൂടുതല്‍ മൃഗത്തെ അറുക്കുന്നുണ്ടെങ്കില്‍ ഒന്നാമത്തേത് അറുക്കലോടെ കറാഹത്തില്ലാതെയാകുന്നതാണ്. എങ്കിലും നല്ലത്, എല്ലാത്തിനെയും അറുത്തതിന് ശേഷം കളയലാണ്. (മുഗ്‌നി 4/284)

💥 പുരുഷനു സ്വന്തമായി അറവ് നടത്തലാണ് അറവ് വശമുണ്ടെങ്കില്‍ പുണ്യകരം; സ്ത്രീക്കു മറ്റൊരാളെ ഏല്‍പ്പിക്കലും. സ്വയം അറുക്കുന്നില്ലെങ്കിലും അറവുസ്ഥലത്ത് ഹാജരാകല്‍ സുന്നത്താകുന്നു. വിദേശത്തുള്ളവര്‍ക്ക് നാട്ടില്‍ ഉള്ഹിയ്യത്തറുക്കാവുന്നതാണ്. ഭരണാധികാരിയല്ലാത്തവനു തന്റെ വീടിനോടനുബന്ധിച്ച് കുടുംബങ്ങളെ സന്നിധിയില്‍ വെച്ചു അറവു നടത്തലാണു ഉചിതം. അയല്‍വാസികള്‍ ഭാഗം ചേര്‍ന്നറുക്കുകയാണെങ്കില്‍, വീടുകള്‍ പരസ്പം തൊട്ടടുത്താണെങ്കില്‍ എല്ലാ വീടുകളുടെയും പരിസരത്തായി അറുക്കണം. വീടുവിട്ടുള്ള വീട്ടുകാരില്‍ ഒരാളുടെ വീട്ടുപടിക്കല്‍ അറവു നടത്തുകയാണെങ്കില്‍ അയാള്‍ക്കു മാത്രമീ സുന്നത്തു ലഭിക്കും. എല്ലാവര്‍ക്കും സൗകര്യപ്പെടുന്നപൊതുസ്ഥലം കണ്ടെത്തുന്നതില്‍ കുഴപ്പമൊന്നുമില്ല.

🌺 ഒട്ടകം, മാട്, ആട് എന്നീ ഇനങ്ങള്‍ മാത്രമേ ഉള്ഹിയ്യത്തിനും പറ്റുകയുള്ളൂ. ഒട്ടകം 5 വയസ്സ്, മാട്, കോലാട് 2 വയസ്സ്, നെയ്യാട് 1 വയസ്സ് എന്നിങ്ങനെ പ്രായം തികയേണ്ടതാണ്. വയസ്സ് തികയും മുമ്പേ നെയ്യാടിന്റെ പല്ല് കൊഴിഞ്ഞിട്ടുണ്ടെങ്കിലതും സാധുവാകുന്നതാണ്. (തുഹ്ഫ 9/348) ആണ്‍, പെണ്‍ ഇവ രണ്ടും പറ്റുമെങ്കിലും ആണ്‍ മൃഗമാണ് കൂടുതല്‍ ഉചിതം. എന്നാല്‍, കൂറ്റന്‍കയറലധികരിച്ചതാണെങ്കില്‍ പ്രസവിക്കാത്ത പെണ്‍മൃകമാണു ഉചിതം.

🍇ഒട്ടകം, മാട് എന്നിവയില്‍ ഏഴു പേര്‍ക്കു വരെ ഷെയര്‍ ചേരാവുന്നതാണ്. ഉള്ഹിയ്യത്ത്. അഖീഖത്ത്, ഫിദ്‌യ, വെറും മാംസം എന്നിങ്ങനെ വ്യത്യസ്ത ഉദ്ദേശ്യങ്ങള്‍ വെച്ച് ഒരാള്‍ക്കോ, ഒന്നിലധികം പേര്‍ക്കോ ഒരു മൃഗത്തില്‍ ഇപ്രകാരം ഓഹരി ചേരാവുന്നതാണ്. അറവിനു ശേഷം താന്താങ്ങളുടെ വിഹിതം വീതിച്ചെടുത്താല്‍ മതി. ഇനി ഭാഗിക്കാതെ വിതരണം ചെയ്താലും വിരോധമൊന്നുമില്ല. ആളെണ്ണമനുസരിച്ച് ധര്‍മം ചെയ്യേണ്ട ചുരുങ്ങിയ അളവ് മാംസം അര്‍ഹര്‍ക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നു മാത്രം.

✅ ഏഴു പേര്‍ ചേര്‍ന്നറുക്കുന്ന ഉള്ഹിയ്യത്തില്‍ അവരവരുടെ ഓഹരിയില്‍ നിന്നു തന്നെ സ്വദഖ ചെയ്യല്‍ നിര്‍ബന്ധമാണ്. എല്ലാവര്‍ക്കു വേണ്ടിയും ഒരാളുടെ ഓഹരിയില്‍നിന്നു സ്വദഖ ചെയ്താല്‍ മതിയാകുകയില്ല. കാരണം, ഏഴു പേര്‍ ചേര്‍ന്നറുക്കുന്ന മൃഗം ഏഴു ഉള്ഹിയ്യത്തിന്റെ വിധിയിലാണ്. (ശര്‍വാനി 9/349) ഇതിനര്‍ത്ഥം ഓരോരുത്തരും അവനവനുള്ളത് ഓഹരിവെച്ച് വെവ്വേറെ ധര്‍മ്മം ചെയ്യല്‍ നിര്‍ബന്ധമാണെന്നല്ല. വെവ്വേറെ ഓഹരി വയ്ക്കുന്നത് അനുവദനീയം മാത്രമാണ്. (ഫതാവാ ശാലിയാത്തി, പേ 138). മറിച്ച് ബാക്കിയുള്ളവര്‍ അവരുടെ ഓഹരികള്‍ മുഴുവനും സ്വന്തമായെടുത്ത് ഒരാള്‍ മാത്രം തന്റെ ഓഹരിയില്‍നിന്ന് എല്ലാവര്‍ക്കും വേണ്ടി സ്വദഖ ചെയ്താല്‍ മതിയാവില്ല എന്നാണ്. ഉദാഹരണത്തിന്, 70 കിലോ മാംസമുള്ളൊരു മൃഗത്തിന്റെ, പത്തു കിലോ വീതം ആറോഹരിയും (60 കിലോ) മറ്റുള്ളവര്‍ കൈക്കലാക്കി. അവശേഷിക്കുന്ന ആളാണ് തന്റെ കിലോയില്‍നിന്ന് എല്ലാവര്‍ക്കും വേണ്ടി വിതരണം നടത്തിയത്. എന്നാലതു മതിയാകുന്നതല്ല. അതേസമയം, ആകെ 70 കിലോയില്‍നിന്ന് 7 കിലോ ആദ്യം സാധുക്കള്‍ക്ക് വിതരണം ചെയ്തതിന് ശേഷം ബാക്കി 63 കിലോ 9 കിലോ വീതം തുല്യമായി ഓരോരുത്തരും വിഹിതിച്ചെടുത്തു. അന്നേരം ഓരോരുത്തരും അവരവരുടെ ഓഹരികളില്‍നിന് ഓരോ കിലോ സ്വദഖ ചെയ്തുകഴിഞ്ഞതിനാല്‍ ഉള്ഹിയ്യത്തിന്റെ നിര്‍ബന്ധദാനം നിയമപ്രകാരം തന്നെ നടന്നിരിക്കുകയാണ്.  ഈ ഉദാഹരണം മനസ്സിലാക്കിയാല്‍ ഇനി ഇവ്വിഷയത്തില്‍ തെറ്റിദ്ധാരണക്കിടമില്ല.

❓ഒന്നിലധികമാളുകള്‍ കൂടിയറുക്കുമ്പോള്‍, ബാക്കിയുള്ളവരുടെ അനുമതി പ്രകാരം ഒരാളോ, അവര്‍ ഏല്‍പ്പിക്കുന്നതു പ്രകാരം പുറത്തുള്ളവനോ അറവു നടത്തണം. വിതരണവും അപ്രകാരമാകാവുന്നതാണ്. ഷെയറുകാരിലൊരാളുടെ വിഹിതം ഒരു മൃഗത്തിന്റെ ആകെ വിലയുടെ ഏഴിലൊന്നില്‍ കുറയരുത്. 7000 രൂപയുടെ ഒരു മൃഗം ഏഴു പേര്‍ ഒന്നിച്ചറുക്കുമ്പോള്‍ കൃത്യം 1000 രൂപയുടെ ഏഴോഹരി തന്നെയാവേണ്ടതാണ്. താന്‍ ഓഹരിചേര്‍ന്ന മൃഗം ഇന്നതാണെന്ന് ഓരോ ഷെയറുകാരനും വേര്‍തിരിയാതെ ധാരാളം പേരില്‍നിന്നു നിശ്ചിത സംഖ്യം പിരിച്ചു കുറെ മൃഗങ്ങളെ വാങ്ങി ഒന്നിച്ച് അറുത്തുകൊണ്ടുള്ള ‘ബലികര്‍മം’ ചില നാടുകളില്‍ കണ്ടുവരുന്നു. അത് അസാധുവും അസ്വീകാര്യവുമാണ്.

✅ 21,000 രൂപക്ക് 21 പേര്‍ ചേര്‍ന്ന് മൂന്നു മൃഗത്തെയറുത്തുവെന്നിരിക്കട്ടെ. എങ്കില്‍ ഓരോ മൃഗത്തിനും ഏഴു പേര്‍ വീതം നിജപ്പെടുത്തി അതാതു മൃഗത്തിന്റെ ഏഴിലൊന്ന് വീതം സംഖ്യയടക്കേണ്ടതാണ്. മൂന്നു മൃഗത്തിനും തുല്യ വിലയാണെങ്കില്‍ ഓരോരുത്തര്‍ക്കും 1000 രൂപയാണു വരിക. മൂന്നു മൃഗത്തെയും ഒന്നിച്ചറുക്കുകയാണെങ്കില്‍ ഓരോ മൃഗത്തിന്റെയും ഏഴു വിഹിതത്തില്‍നിന്നും സ്വദഖ ചെയ്യേണ്ടുന്ന ചുരുങ്ങിയ അളവ് മാംസമെങ്കിലും ഫുഖറാഇന് എത്തുന്നുണ്ടെന്നുറപ്പ് വരുത്താന്‍ ഷെയറുടമകള്‍ ശ്രദ്ധിക്കേണ്ടതാണ.് അതുറപ്പുള്ളപക്ഷം മൂന്നു മൃഗങ്ങളുടെയും മാംസം ഒരുമിച്ചുകൂട്ടി വിതരണം ചെയ്യുന്നതില്‍ അപാകത വരാനില്ല.  തനിക്കു ഭക്ഷിക്കുവാനും സ്വന്തം നിലക്ക് ഹദ്‌യ നല്‍കുവാനും വേണ്ടി ഷെയറുകാരന്‍ സ്വന്തം മൃഗത്തില്‍നിന്ന് മാറ്റിവെച്ചതിനു ശേഷമാണ് വിതരണത്തിനുള്ളത് ഒന്നിച്ചുകൂട്ടേണ്ടത്. ചുരുക്കത്തില്‍, ഓരോരുത്തരും നിശ്ചിത മൃഗത്തിന്റെ വിലയുടെ ഏഴിലൊന്നിനെയാണ് ഓഹരിയെടുക്കേണ്ടത്. മൃഗത്തെ നിജപ്പെടുത്തുന്നപക്ഷം ഓരോ മൃഗത്തിന്റെയും 21-ല്‍ ഒന്ന് മാത്രമെ ഓരോരുത്തരും ഷെയറെടുക്കുന്നൂള്ളൂ. അതിനു പുറമെ അവരവരുടെ വിഹിതങ്ങളില്‍ നിന്നുതന്നെ വിതരണവും നടക്കണം.
അതും ഒന്ന് ഒരാള്‍ക്ക് മാത്രമേ മതിയാകുകയുള്ളൂ. രണ്ടുപേര്‍ ചേര്‍ന്ന് രണ്ടു ആടുകളെ വിലക്കു വാങ്ങി അറുത്താല്‍ ശരിയാകില്ല. കാരണം, ഓരോ ആടിലും ഇരുവരും കൂറായിരിക്കുകയാണ്.  അപ്പോള്‍ ‘ഒരു ആട് ഒരാള്‍ക്ക്’ എന്ന നിയമം നിരാകരിക്കപ്പെടുമെന്ന കുഴപ്പം സംഭവിക്കുന്നു.
⚜ പറ്റിയത്, മുന്തിയത്
മാംസത്തിനു കുറവു വരുത്തുന്ന ന്യൂനതകളില്‍നിന്ന് മുക്തമായിരിക്കണം ഉള്ഹിയ്യത്തു മൃഗം. ചെവി, ചന്തി, അകിട്, നാവ് പോലുള്ളവ മുറിച്ചുമാറ്റപ്പെട്ടത് മതിയാകില്ല. ഗര്‍ഭിണി പറ്റില്ലെന്നാണ് പ്രബലം. ചെവി കീറുക, തുളക്കുക എന്നിവ കുഴപ്പമില്ലെങ്കിലും തന്മൂലം വല്ലതും ചെവിയില്‍നിന്നടര്‍ന്നു പോകരുത്. ഭ്രാന്ത്, മുടന്ത്, കാഴ്ചയില്ലായ്മ, തീവ്രരോഗം, ചൊറി എന്നിവയുള്ളതും പല്ലുകള്‍ മുഴുവന്‍ കൊഴിഞ്ഞുപോയതും ഉള്ഹിയ്യത്തറുക്കാന്‍ പറ്റാത്തതാണ്.

ഒരു പൂര്‍ണ്ണ ഒട്ടകം, പിന്നെ പൂര്‍ണ്ണമാട്, പിന്നെ നെയ്യാട്, പിന്നെ കോലാട്, പിന്നെ ഒരൊട്ടകത്തിന്റെ ഓഹരി ചേരുക, പിന്നെ മാടില്‍ ഓഹരി ചേരുക എന്ന വിധം ശ്രേഷ്ഠതയെ ക്രമപ്പെടുത്തിയിരിക്കുന്നു. എന്നാല്‍, ഏഴ് ആട് അറുക്കുന്നത് ഒരു ഒട്ടകത്തെക്കാള്‍ പുണ്യമേറിയതാണ്. ഓരോ ഇനത്തിലും കൂടുതല്‍ തടിയുള്ളതാണ് ഏറെ ശ്രേഷ്ടം. എന്നിരിക്കെ അതില്‍ രണ്ടു മെലിഞ്ഞവയെക്കാള്‍ നല്ലത് ഒരു തടിച്ചതാണ്. മെലിഞ്ഞവ ഉല്‍കൃഷ്ട നിറമുള്ളവയോ കൂറ്റന്‍മാരോ ആയിരുന്നാലും ശരി. മാംസം തുല്യവും നിറം വ്യത്യാസവുമായിരുന്നവയില്‍ ഉല്‍കൃഷ്ട നിറമുള്ളതാണുത്തമം. യഥാക്രമം വെളുപ്പ്, മഞ്ഞ, തെളിവില്ലാത്ത വെള്ള, ചുവപ്പ്, കറുപ്പും വെളുപ്പും കലര്‍ന്നത്, കറുപ്പ് എന്ന ക്രമത്തിലാണ് നിറഭേദം തീര്‍ച്ചപ്പെടുത്തുന്നത്. തടിയുള്ള വെളുത്ത മൂരിയും താരതമ്യേന മെലിഞ്ഞ കറുപ്പുള്ള പോത്തും തമ്മില്‍ ശ്രേഷ്ഠമായത് മൂരിയാണ്. മാര്‍ക്കറ്റില്‍ പക്ഷേ പോത്തിനായിരിക്കും വില കൂടുതല്‍. എന്നാല്‍, കറുത്ത പോത്ത് അധികം തടിച്ചതാണെങ്കില്‍ അതാണുത്തമം.

അനസ്(റ) നിവേദനം: നബി(സ) അരുളി: വല്ലവനും നമസ്കാരത്തിനുമുമ്പ് ഉള്ഹിയ്യത്ത് അറുത്താല്‍ അതവന്‍ തന്റെ ശരീരത്തിനു വേണ്ടി അറുത്തതാണ്. വല്ലവനും നമസ്കാരത്തിനുശേഷം അറുത്താല്‍ അവന്റെ ബലികര്‍മ്മം സമ്പൂര്‍ണ്ണമാവുകയും മുസ്ലിംകളുടെ ചര്യ അവന്‍ കരസ്ഥമാക്കുകയും ചെയ്തു. (ബുഖാരി. 7. 68. 454)
ഇബ്നുഉമര്‍ (റ) നിവേദനം: നബി(സ) ബലിമൃഗത്തെ അറുത്തിരുന്നത് നമസ്കാരസ്ഥലത്തുവെച്ചായിരുന്നു. (ബുഖാരി. 7. 68. 459)
അനസ്(റ) പറയുന്നു: നബി(സ) രണ്ട് വെളുത്ത് തടിച്ചയാടുകളെ ഉള്ഹിയ്യത്തറുക്കുകയുണ്ടായി. ഞാനും അപ്രകാരം നിര്‍വ്വഹിക്കും. (ബുഖാരി. 7. 68. 460)

അനസ്(റ) നിവേദനം: ബിസ്മിയും തക്ബീറും ചൊല്ലി നബി(സ) തന്റെ കൈ കൊണ്ട് ഉളുഹിയ്യത്തറുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. (ബുഖാരി. 7. 68. 465)

സലമ:(റ) നിവേദനം: നബി(സ)അരുളി: നിങ്ങളില്‍ ആരെങ്കിലും ഒരു മൃഗത്തെ ബലികഴിച്ചാല്‍ അതിന്റെ മാംസം മൂന്നു ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കരുത്. അടുത്തവര്‍ഷം വന്നപ്പോള്‍ പ്രവാചകരേ! കഴിഞ്ഞ കൊല്ലം ചെയ്തപോലെതന്നെയാണോ ഞങ്ങള്‍ ചെയ്യേണ്ടത്? എന്ന് അനുചരന്മാര്‍ ചോദിച്ചു. നബി(സ) അരുളി: നിങ്ങള്‍ ഭക്ഷിക്കുകയും മറ്റുളളവര്‍ക്കു ഭക്ഷിക്കാന്‍ കൊടുക്കുകയും മിച്ചമുളളത് സൂക്ഷിക്കുകയും ചെയ്തുകൊളളുക. അക്കൊല്ലം വലിയ ഭക്ഷണക്ഷാമം ജനങ്ങള്‍ക്ക് ഉണ്ടായിരുന്നു. തന്നിമിത്തം ബലിയുടെ മാംസം മുഖേന നിങ്ങളില്‍ നിന്ന് അവര്‍ക്ക് സഹായം ലഭിക്കട്ടെയെന്ന് ഞാന്‍ വിചാരിച്ചു. (ബുഖാരി. 7. 68. 476)


അബൂഉബൈദ്(റ) നിവേദനം: ശേഷം അലി(റ)യിന്റെ കൂടെയും ഞാന്‍ പങ്കെടുത്തു. ഖുതുബ: ക്ക് മുമ്പായി അദ്ദേഹവും പ്രസംഗിച്ചു. ശേഷം ഇപ്രകാരം പ്രസംഗിച്ചു. നബി(സ) ഉളുഹിയ്യത്തിന്റെ മാംസം മൂന്ന് ദിവസത്തിലധികം തിന്നുന്നതിനെ നിങ്ങളോട് വിരോധിച്ചിട്ടുണ്ട്. (ബുഖാരി. 7. 68. 478)

ഉള്ഹിയ്യത്ത് മാംസം അമുസ്ലിമിനു നൽകാമോ?

ഉള്ഹിയ്യതിന്‍റെ ഒരംശവും വേവിച്ചോ അല്ലാതെയോ കറിയായോ തനിച്ചോ അമുസ്ലിമിന് നല്‍കാന്‍ പാടില്ല"
-തുഹ്ഫ(9-364).

⬅التحفة:


( وَلَهُ ) أَيْ الْمُضَحِّي عَنْ نَفْسِهِ مَا لَمْ يَرْتَدَّ إذْ لَا يَجُوزُ لِكَافِرٍ الْأَكْلُ مِنْهَا مُطْلَقًا وَيُؤْخَذُ مِنْهُ أَنَّ الْفَقِيرَ وَالْمُهْدَى إلَيْهِ لَا يُطْعِمُهُ مِنْهَا وَيُوَجَّهُ بِأَنَّ الْقَصْدَ مِنْهَا إرْفَاقُ الْمُسْلِمِينَ بِأَكْلِهَا فَلَمْ يَجُزْ لَهُمْ تَمْكِينُ غَيْرِهِمْ مِنْهُ ( الْأَكْلِ مِنْ أُضْحِيَّةِ تَطَوُّعٍ ) ...



⬅التحفة أيضا:


وَلِلْفَقِيرِ التَّصَرُّفُ فِيهِ بِبَيْعٍ وَغَيْرِهِ أَيْ لِمُسْلِمٍ كَمَا عُلِمَ مِمَّا مَرَّ وَيَأْتِي وَلَوْ أَكَلَ الْكُلَّ أَوْ أَهْدَاهُ غَرِمَ قِيمَةَ مَا يَلْزَمُ التَّصَدُّقُ بِهِ وَلَا يُصْرَفُ شَيْءٌ مِنْهَا لِكَافِرٍ عَلَى النَّصِّ وَلَا لِقِنٍّ إلَّا لِمُبَعَّضٍ فِي نَوْبَتِهِ وَمُكَاتَبٍ أَيْ كِتَابَةً صَحِيحَةً فِيمَا يَظْهَرُ

حواشي ابن قاسم على التحفة:


( قَوْلُهُ : أَيْ لِمُسْلِمٍ ) أَيْ فَلَا يَجُوزُ نَحْوُ بَيْعِهِ لِكَافِرٍ .

( قَوْلُهُ : وَلَا يُصْرَفُ شَيْءٌ مِنْهَا لِكَافِرٍ عَلَى النَّصِّ ) قَالَ فِي شَرْحِ الْعُبَابِ كَمَا نَقَلَهُ جَمْعٌ مُتَأَخِّرُونَ وَرَدُّوا بِهِ قَوْلَ الْمَجْمُوعِ وَنَقَلَهُ الْقَمُولِيُّ عَنْ بَعْضِ الْأَصْحَابِ وَهُوَ وَجْهٌ مَالَ إلَيْهِ الْمُحِبُّ الطَّبَرِيُّ أَنَّهُ يَجُوزُ إطْعَامُ فُقَرَاءِ الذِّمِّيِّينَ مِنْ أُضْحِيَّةِ التَّطَوُّعِ دُونَ الْوَاجِبَةِ أَيْ كَمَا يَجُوزُ إعْطَاءُ صَدَقَةِ التَّطَوُّعِ لَهُ وَقَضِيَّةُ النَّصِّ أَنَّ الْمُضَحِّيَ لَوْ ارْتَدَّ لَمْ يَجُزْ لَهُ الْأَكْلُ مِنْهَا وَبِهِ جَزَمَ بَعْضُهُمْ وَأَنَّهُ يَمْتَنِعُ التَّصَدُّقُ مِنْهَا عَلَى غَيْرِ الْمُسْلِمِ , وَالْإِهْدَاءُ إلَيْهِ ا هـ . وَعِبَارَةُ الْمَجْمُوعِ بَعْدَ أَنْ حُكِيَ عَنْ ابْنِ الْمُنْذِرِ أَنَّهُمْ اخْتَلَفُوا فِي إطْعَامِ فُقَرَاءِ أَهْلِ الذِّمَّةِ فَرَخَّصَ فِيهِ الْحَسَنُ الْبَصْرِيُّ وَأَبُو حَنِيفَةَ وَأَبُو ثَوْرٍ وَقَالَ مَالِكٌ غَيْرُهُمْ أَحَبُّ إلَيْنَا وَكَرِهَ مَالِكٌ إعْطَاءَ النَّصْرَانِيِّ جِلْدَ الْأُضْحِيَّةَ أَوْ شَيْئًا مِنْ لَحْمِهَا وَكَرِهَهُ اللَّيْثُ قَالَ فَإِنْ طُبِخَ لَحْمُهَا فَلَا بَأْسَ بِأَكْلِ الذِّمِّيِّ مَعَ الْمُسْلِمِينَ مِنْهُ مَا نَصُّهُ هَذَا كَلَامُ ابْنِ الْمُنْذِر وَلَمْ أَرَ لِأَصْحَابِنَا كَلَامًا فِيهِ وَمُقْتَضَى الْمَذْهَبِ أَنَّهُ يَجُوزُ إطْعَامُهُمْ مِنْ ضَحِيَّةِ التَّطَوُّعِ دُونَ الْوَاجِبَةِ ا هـ .

وفي حواشي الشرواني على التحفة:

وَقَوْلُهُ : أَيْ لِمُسْلِمٍ أَيْ فَلَا يَجُوزُ نَحْوُ بَيْعِهِ لِكَافِرٍ ا هـ . سم أَقُولُ وَقُوَّةُ كَلَامِهِمْ تُفِيدُ أَنَّهُ لَا يَجُوزُ لِلْفَقِيرِ نَحْوُ بَيْعِ نَحْوِ جِلْدِهَا لِلْكَافِرِ أَيْضًا فَلْيُرَاجَعْ ...



⬅نهاية المحتاج:


( وَلَهُ ) أَيْ الْمُضَحِّي عَنْ نَفْسِهِ إنْ لَمْ يَرْتَدَّ ( الْأَكْلُ مِنْ أُضْحِيَّةِ تَطَوُّعٍ ) ... وَخَرَجَ بِمَا مَرَّ مَا لَوْ ضَحَّى عَنْ غَيْرِهِ أَوْ ارْتَدَّ فَلَا يَجُوزُ لَهُ الْأَكْلُ مِنْهَا كَمَا لَا يَجُوزُ إطْعَامُ كَافِرٍ مِنْهَا مُطْلَقًا , وَيُؤْخَذُ مِنْ ذَلِكَ امْتِنَاعُ إعْطَاءِ الْفَقِيرِ وَالْمُهْدَى إلَيْهِ مِنْهَا شَيْئًا لِلْكَافِرِ , إذْ الْقَصْدُ مِنْهَا إرْفَاقُ الْمُسْلِمِينَ بِالْأَكْلِ لِأَنَّهَا ضِيَافَةُ اللَّهِ لَهُمْ فَلَمْ يَجُزْ لَهُمْ تَمْكِينُ غَيْرِهِمْ مِنْهُ لَكِنْ فِي الْمَجْمُوعِ أَنَّ مُقْتَضَى الْمَذْهَبِ الْجَوَازُ ...



⬅حواشي الشبراملسي:

( قَوْلُهُ : كَمَا لَا يَجُوزُ إطْعَامُ كَافِرٍ ) دَخَلَ فِي الْإِطْعَامِ مَا لَوْ ضَيَّفَ الْفَقِيرُ أَوْ الْمُهْدَى إلَيْهِ الْغَنِيُّ كَافِرًا فَلَا يَجُوزُ , نَعَمْ لَوْ اضْطَرَّ الْكَافِرُ وَلَمْ يَجِدْ مَا يَدْفَعُ ضَرُورَتَهُ إلَّا لَحْمَ الْأُضْحِيَّةِ فَيَنْبَغِي أَنْ يَدْفَعَ لَهُ مِنْهُ مَا يَدْفَعُ ضَرُورَتَهُ وَيَضْمَنُهُ الْكَافِرُ بِبَدَلِهِ لِلْفُقَرَاءِ وَلَوْ كَانَ الدَّافِعُ لَهُ غَنِيًّا كَمَا لَوْ أَكَلَ الْمُضْطَرُّ طَعَامَ غَيْرِهِ فَإِنَّهُ يَضْمَنُهُ بِالْبَدَلِ , وَلَا تَكُونُ الضَّرُورَةُ مُبِيحَةً لَهُ إيَّاهُ مَجَّانًا ( قَوْلُهُ : مُطْلَقًا ) أَيْ فَقِيرًا أَوْ غَنِيًّا مَنْدُوبَةٌ أَوْ وَاجِبَةٌ ( قَوْلُهُ وَيُؤْخَذُ مِنْ ذَلِكَ ) أَيْ حُرْمَةُ الْإِطْعَامِ ( قَوْلُهُ : وَالْمُهْدَى إلَيْهِ مِنْهَا شَيْئًا لِلْكَافِرِ ) أَيْ وَلَوْ بِبَيْعٍ كَمَا يَأْتِي


➡അല്ലാഹു മുസ്ലിംകൾക്ക് പ്രത്യേകമായി നൽകുന്ന വിരുന്നാണ് ഉൾഹിയ്യത്ത്. അത് മറ്റുള്ളവർക്ക് കൊടുത്താൽ അതിന്റ്റെ മഹത്വത്തിനു കളങ്കം വരുത്തലാവും.

➡ശാഫി മദ്ഹബും ലോകത്തെ ഭൂരിഭാഗം പണ്ഡിതരും കാഫിരീങ്ങൾക്ക് ഉള്ഹിയ്യത്തിൽ നിന്ന് കൊടുക്കാൻ പറ്റില്ല എന്ന് ഫത്വ നൽകിയിട്ടുണ്ട്.


➡തന്റ്റെ അയൽവാസികളായോ ബന്ധക്കാരായോ കാഫിരീങ്ങൾ ഉള്ളവർ വേണമെങ്കിൽ  വേറെ ഇറച്ചി സംഘടിപ്പിച്ചോ അറുത്തോ അവർക്ക് കൊടുക്കാവുന്നതാണ്. അവർക്ക് ഉള്ഹിയത്തെന്നോ അല്ലാത്തതെന്നോ ഉള്ള വിത്യാസമില്ലല്ലോ..


ബലിയറുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

മനുഷ്യന്റെ മുഖ്യാഹാരങ്ങളില്‍ ഒന്നാണ് മാംസം. കന്നുകാലികള്‍, പക്ഷികളില്‍ പെട്ട കോഴി, താറാവ് തുടങ്ങിയവയാണ് ഇതിനായി പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. ഉള്ഹിയ്യത്തിന് നിബന്ധനയൊത്ത കന്നുകാലികള്‍ തന്നെ വേണം. പക്ഷികള്‍ മതിയാകില്ല. നിയമവിധേയമായി അറുക്കപ്പെട്ടത് മാത്രമേ ഭക്ഷിക്കാന്‍ പാടുള്ളൂ. അറുക്കാതെ ജീവന്‍ നഷ്ടപ്പെട്ടത് ശവമാണ്. ഇത് രോഗം വന്നോ, പ്രായാധിക്യം കാരണമോ ചത്തത് മാത്രമല്ല, കഴുത്ത് കുരുങ്ങി ചത്തതും അടിയേറ്റു ജീവന്‍ നഷ്ടപ്പെട്ടതും മുകള്‍ ഭാഗത്ത് നിന്ന് താഴേക്ക് വീണു ചത്തതും മറ്റു മൃഗങ്ങള്‍ കുത്തിക്കൊന്നതുമെല്ലാം ശവങ്ങളാണ്. എന്നാല്‍, പരുക്കേറ്റ മൃഗങ്ങളെ അറുത്താല്‍ ഭക്ഷിക്കാവുന്നതാണ്. (മാഇദ-3)
ആവശ്യമില്ലാതെ ഒരു ജീവിയെ അറുത്തോ അല്ലാതെയോ കൊല്ലുന്നതും വേദനിപ്പിക്കുന്നതും നിഷിദ്ധമാണ്. മൃഗങ്ങളുടെ മുഖത്ത് പച്ചകുത്തുന്നതും ആവശ്യത്തിന് ആഹാരം കൊടുക്കാതെ അമിതഭാരം വഹിപ്പിക്കുന്നതും ജോലി ചെയ്യിപ്പിക്കുന്നതുമെല്ലാം നബി(സ) നിരോധിച്ചതായി കാണാം. അറവ് നടത്തുമ്പോള്‍ പോലും മൃഗങ്ങള്‍ക്ക് പ്രയാസം കുറക്കണം. നബി തങ്ങള്‍ പറഞ്ഞു: ‘നിങ്ങള്‍ അറവ് നടത്തുമ്പോള്‍ നല്ല രീതിയില്‍ അറുക്കുക. കത്തിയുടെ വായ്ത്തല നന്നായി മൂര്‍ച്ചവരുത്തുക മൃഗത്തിന് ആശ്വാസം നല്‍കുക. (മുസ്‌ലിം)
നാല് ഘടകങ്ങള്‍ ചേരുമ്പോഴാണ് അറവ് സംഭവിക്കുക. അറുക്കുന്നയാള്‍, അറുക്കപ്പെടുന്ന ജീവി, അറവിന്റെ ആയുധം, അറവ് എന്നിവയാണവ. ഇതില്‍ അറുക്കുന്നയാള്‍ മുസ്‌ലിമായിരിക്കുക എന്നത് ഒരു പ്രധാന നിബന്ധനയാണ്. ഉദ്ദേശ്യപൂര്‍വം അറുത്തതുമായിരിക്കണം. അറുക്കുന്ന സ്ഥലമായ കഴുത്തില്‍ കത്തി വീണു മുറിഞ്ഞുപോയത് അറുത്തതായി പരിഗണിക്കപ്പെടുകയില്ല. അറുക്കപ്പെടുന്ന ജീവി ഭക്ഷ്യയോഗ്യമായിരിക്കണം. നായ, പന്നി പോലെയുള്ളതും അറുക്കുന്ന സമയത്ത് സ്വയേഷ്ടപ്രകാരം ശരീരം ചലിപ്പിക്കാന്‍ കഴിയുന്ന, ജീവന്‍ ഇല്ലാത്തതുമാവരുത്. അറവ് നടത്താനുപയോഗിക്കുന്ന ആയുധം പല്ല്, നഖം, എല്ല് എന്നിവയല്ലാത്തതും മൂര്‍ച്ചയുള്ളതുമായിരിക്കണം. ആയുധത്തിന്റെ ഭാരം കൊണ്ട് ജീവന്‍ പോയാല്‍ പോരാ.
പ്രധാനമായും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം അറവാണ്. അറുക്കപ്പെടുന്നതിന്റെ ശ്വാസനാളവും അന്നനാളവും പൂര്‍ണമായും മുറിഞ്ഞിരിക്കണം. ഇത് കത്തിയെടുക്കാതെ തുടര്‍ച്ചയായി മുറിക്കുകയും വേണം. പല കോഴിക്കടകളിലും ശ്രദ്ധിച്ചാല്‍ ശരിയായ വിധത്തിലല്ല അറവ് നടത്തുന്നത് എന്ന് ബോധ്യമാകും. പലരും കഴുത്ത് പിടിച്ച് പിരടിയില്‍ ഒന്ന് വാര്‍ന്ന് ചോരയൊലിപ്പിക്കും. ഇനി കഴുത്തില്‍ അറുക്കുന്നവവരും അന്നനാളവും ശ്വാസ നാളവും പൂര്‍ണമായും മുറിയാന്‍ മാത്രം അറുക്കാതെ ഒന്ന് ചോരയൊലിപ്പിച്ചിടുന്നതാണ് കാണാറുള്ളത്. ഇത് ശവമാണ്. ഇങ്ങനെ അറവ് നടത്തുന്നവര്‍ മറ്റുള്ളവരെ ശവം തീറ്റിച്ച കുറ്റക്കാരാകും.
ഇനി പറയുന്ന മര്യാദകള്‍ പാലിച്ചുകൊണ്ടായിരിക്കണം അറവ് നടത്തേണ്ടത്. ബുദ്ധിയുള്ള മുസ്‌ലിമായ പുരുഷന്‍ അറുക്കുക, അറുക്കപ്പെടുന്നതിന്റെ മുന്നില്‍ വെച്ച് കത്തി മൂര്‍ച്ച കൂട്ടുന്നതും മറ്റൊരു മൃഗത്തെ അറുക്കുന്നതും ഒഴിവാക്കുക, അറുക്കുന്നതിന് മുമ്പ് വെള്ളം കൊടുക്കുക, ഒട്ടകത്തെ നിര്‍ത്തിയും ആടും മാടുമാണെങ്കില്‍ ഇടതു ഭാഗത്തിന്റെ മേല്‍ ഖിബ്‌ലക്ക് അഭിമുഖമായി ചെരിച്ചു കിടത്തിയും അറുക്കുക, അറുക്കുന്നയാള്‍ ബിസ്മിയും സ്വലാത്തും ചൊല്ലുക, ഉള്ഹിയ്യത്താണെങ്കില്‍ ബിസ്മിക്ക് മുമ്പും ശേഷവും മൂന്ന് വീതം തക്ബീര്‍ ചൊല്ലുകയും ശേഷം ‘അല്ലാഹുമ്മ ഹാദാ മിന്‍ക, വ ഇലൈക, ഫതഖബ്ബല്‍ മിന്നീ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യുക.
അന്നനാളവും ശ്വാസനാളവും മുറിക്കുന്നതിനു പുറമെ കണ്ഡനാഡികളും മുറിക്കുക. എന്നാല്‍ തല വേര്‍പെട്ടുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം. വഴിയില്‍ വെച്ചും പൊതുസ്ഥലത്ത് വെച്ചും അറുക്കുന്നതും രാത്രിയില്‍ അറുക്കുന്നതും ഒഴിവാക്കണം. പിടയാന്‍ അനുവദിക്കുന്നതിന് വേണ്ടി കൈകാലുകള്‍ കെട്ടിയിടുന്നുണ്ടെങ്കില്‍ അത് അഴിച്ചിടണം. ജീവ് പോകുന്നതിന് മുമ്പ് അതിനെ നീക്കിയിടുന്നതും തോല് പൊളിക്കുന്നതും പാടില്ലാത്തതാണ്. പിരടിയില്‍ നിന്നും കഴുത്തിന്റെ ഇരു പാര്‍ശ്വങ്ങളില്‍ നിന്നും അറവ് തുടങ്ങല്‍ ഹറാമാണ്. കുട്ടികള്‍ ജനിച്ചതില്‍ സന്തോഷിച്ച് നടത്തുന്ന അറവാണ് അഖീഖ. ഉളുഹിയ്യത്ത് പോലെത്തന്നെയാണ് ഇതിന്റെ മൃഗവും മാംസവിതരണവുമെല്ലാം. മറ്റു ദാനധര്‍മങ്ങള്‍ ഏത് മതക്കാര്‍ക്കും കൊടുക്കാമെങ്കിലും സകാത്തും ഉള്ഹിയ്യത്ത്, അഖീഖ എന്നിവയുടെ മാംസവും മുസ്‌ലിംകള്‍ക്ക് മാത്രമേ നല്‍കാന്‍ പാടുള്ളൂ.