page

Monday, 19 November 2018

നബിദിനം×സുന്നത്ത് ×ബിദ്അത്ത്-സത്യമെന്ത്?

തർക്കിക്കുന്നവർ അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഈ പോസ്റ്റിൽ ഉണ്ട്. വായിച്ചു മനസ്സിലാക്കുക. ഇത്തരം അടിസ്ഥാന വിവരങ്ങളുടെ അഭാവമാണ് പലരെയും സോഷ്യൽ മീഡിയയിൽ അനാവശ്യ തർക്കങ്ങളിലേക്കും ചോദ്യങ്ങളിലേക്കും എത്തിക്കുന്നത്.

ബിദ്അത്ത് - സുന്നത് - നബിദിനം

ഇന്നത്തെ രീതിയിലുള്ള നബിദിനാഘോഷം ബിദ്അത്താണ് എന്നതിൽ സുന്നികൾ ഒരിക്കലും തർക്കം പറഞ്ഞിട്ടില്ല. ബിദ്അത്ത് തന്നെയാണ്, അതായത് ബിദ്അത്തുൻ ഹസന (നല്ല ബിദ്അത്ത്) എന്ന്. അത് ഇമാമീങ്ങൾ തന്നെ വ്യക്തമാക്കിയതുമാണല്ലോ. ബിദ്അത്തുകളെ എതിർക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയ കിത്താബിൽ തന്നെയാണ് ഇമാം നവവി(റ) വിന്റെ ഗുരുവര്യരായ ഇമാം അബൂശാമ(റ) ഇത് നല്ല ബിദ്അത്താണ് എന്ന് പറഞ്ഞത് എന്നതിൽ തന്നെ കാര്യം വ്യക്തമാകും. നബിദിനാഘോഷം സുന്നത്താണ് എന്ന് സുന്നികൾ പറയുന്നത്  ഏത് സുന്നത്താണ് എന്നെങ്കിലും അറിയാൻ ബുദ്ധി വികസിക്കാത്ത സാധുക്കളായിപ്പോയല്ലോ വിരോധികൾ!. കർമ്മശാസ്ത്രത്തിലെ വാജിബ്, സുന്നത്ത്,  മുബാഹ്, കറാഹത്ത്, ഹറാം എന്നിങ്ങനെയുള്ള പഞ്ചവിധികളിലെ സുന്നത്ത് എന്നാണ് അതിന്റെ അർത്ഥം. അഥവാ, ചെയ്‌താൽ അല്ലാഹുവിങ്കൽ പുണ്യം ലഭിക്കുന്നതും ചെയ്തില്ലെങ്കിൽ അല്ലാഹുവിങ്കൽ ശിക്ഷ ഇല്ലാത്തതും എന്ന അർത്ഥത്തിൽ ഉള്ള സുന്നത്ത്.

സുന്നത്ത് എന്നാൽ നബിചര്യ എന്ന ഒന്നേ ഈ സാധുക്കൾ കേട്ടിട്ടുള്ളൂ?! നബിചര്യ എന്ന നിലക്ക് പറയുന്ന സുന്നത്ത് വേറെ, ചെയ്‌താൽ പ്രതിഫലം കിട്ടും എന്ന സുന്നത്ത് വേറെ. പ്രാഥമികമായ ഈ പാഠം പോലും ഇവർ മനസ്സിലാക്കുന്നില്ലല്ലോ!. എല്ലാം ഹറാമാണ് എന്ന് പറയുമ്പോൾ സുന്നത്താണ് എന്ന് ഇവർ തന്നെ സമ്മതിക്കുന്ന എത്ര എത്ര കാര്യങ്ങളെ നിഷേധിക്കേണ്ടി വരും?. നബിതങ്ങളുടെ(സ്വ) കാലത്ത് ഇല്ലാത്ത എന്ത് പുതിയ കർമ്മവും ഭാഷയിൽ ബിദ്അത്ത് എന്ന് പറയും. എന്നാൽ ഈ നിലക്കുള്ള ബിദ്അത്ത് എന്നത് ചിലപ്പോൾ വാജിബ് വരെ ആകും. ഖുർആൻ തെറ്റില്ലാതെ ഓതണമെങ്കിൽ തജ്'വീദ് എന്ന ശാസ്ത്രം അത്യാവശ്യത്തിനുള്ളത് പഠിക്കൽ നിർബന്ധമാണ്. എന്നാൽ അങ്ങനെ ഒരു ശാസ്ത്രം നബിതങ്ങളുടെ(സ്വ) കാലത്ത് ഇല്ലതന്നെ. എന്നിട്ടും അത് പഠിക്കൽ സുന്നത്ത് എന്നുമല്ല വാജിബാണ്‌ എന്ന് തന്നെ വരുന്നു!. നമ്മുടെ കയ്യിൽ ഇന്നുള്ള മുസ്‌ഹഫ്‌ നോക്കി ഖുർആനോതൽ ബിദ്‌അത്താണ്‌, എന്നാൽ അതോടൊപ്പം തന്നെ അത്‌ സുന്നത്തുമാണ്‌ എന്ന് പറയുമ്പോൾ അന്തം വിട്ട്‌ നിൽക്കുകയാണീ കൂട്ടർ!!.

നബിതങ്ങളുടെ കാലത്ത് ഇല്ലാത്തതെല്ലാം ഭാഷയിൽ ബിദ്അത്തെന്ന്‌ പറയുമെങ്കിലും അതൊന്നും സാങ്കേതികമായി നരകത്തിലേക്ക് നയിക്കുന്ന ബിദ്അത്ത് എന്ന അർത്ഥത്തിലുള്ളതല്ല. ജുമുഅ ദിവസത്തെ രണ്ടു ബാങ്ക് നബിതങ്ങളുടെ കാലത്ത് ഇല്ലേയില്ല. അതിനാൽ തന്നെ ഭാഷാപരമായി പറയുമ്പോൾ അത്  ബിദ്അത്താണ് എന്നതിൽ സംശയമില്ല. എന്നാൽ ഹസ്രത്ത് ഉസ്മാൻ(റ) തങ്ങൾ രണ്ടു ബാങ്ക് കൊണ്ട് വന്നപ്പോൾ അതിനെ അന്ന് ജീവിച്ചിരിപ്പുള്ള പതിനായിരക്കണക്കായ സ്വഹാബികളിൽ ആരും എതിർത്തില്ല, കാരണം അവർക്കെല്ലാം അറിയാം അത് ബിദ്അത്താണെങ്കിലും നരകത്തിൽ പോകുന്ന ബിദ്അത്ത് എന്ന അർത്ഥത്തിലുള്ളതല്ല എന്ന്.

എന്ത് കർമ്മങ്ങൾ പുതുതായി ഉണ്ടായാലും അതിനൊക്കെ മതത്തിൽ ഒരു നിയമം വേണം, നബിതങ്ങളുടെ(സ്വ) കാലത്ത് ഉള്ളതല്ലാത്ത എന്ത് കർമ്മം വന്നാലും അതൊക്കെ നരകത്തിലേക്കുള്ള ഹറാമായ ബിദ്അത്താണ് എന്ന് വാദിക്കുന്നവർക്ക് തലക്ക് വെളിവില്ല എന്ന് മനസ്സിലാക്കേണ്ടി വരും. ഇസ്‌ലാം സാർവ്വകാലികവും സമ്പൂർണ്ണവുമാണ്. ഏതു കാലത്ത് എന്ത് പുതിയ പുതിയ വിഷയങ്ങൾ വന്നാലും അതിനൊക്കെ മതത്തിനു കൃത്യമായ നിയമം ഉണ്ട്. കർമ്മപരമായ വിഷയങ്ങളാണ് എങ്കിൽ അതിനു അഞ്ചു പ്രധാനവിധികളിൽ ഒന്ന് വരും. 1400 വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ വിഷയങ്ങൾ മാത്രമേ ഇസ്‌ലാം അനുവദിക്കൂ, പുതുകാലത്ത് എന്ത് വന്നാലും അതൊക്കെ ഹറാമാണ് എന്ന് ഇസ്‌ലാമിനെ പറ്റി അരവരി അറിയുന്ന ആരും പറയില്ല.

അതിനാൽ തന്നെ എന്ത് പുതിയ കാര്യം വന്നാലും അത് ഇസ്‌ലാമിന്റെ നാല് പ്രമാണങ്ങളുമായി തട്ടിച്ചു നോക്കിയാണ് വിധി കണ്ടെത്തുക. പ്രമാണങ്ങളിൽ ഒന്നിന് പോലും എതിരില്ലാത്ത കർമ്മമാണ്‌ എങ്കിൽ അത് അനുവദനീയമാണ് എന്നറിയാൻ  ഇജ്തിഹാദിന്റെ മർത്തബ ഒന്നും എത്തണമെന്നില്ല, സാമാന്യ ബോധം ഉണ്ടായാൽ മതി. പ്രമാണങ്ങളിൽ ഏതിനോട് എങ്കിലും എതിരാകുന്നു എങ്കിൽ അത് തെറ്റായ ബിദ്അത്താണ് എന്നതിൽ സംശയമില്ല. അതായത്, നബിതങ്ങളുടെ(സ്വ) കാലത്ത് ഉണ്ടോ ഇല്ലേ എന്ന് നോക്കിയല്ല ഒരു കർമ്മത്തിന്റെ വിധി പറയുക, അന്ന് ഉണ്ടെങ്കിലും ഇല്ലെങ്കിലും ശരി - ഇന്നലെ വരെ ഉണ്ടെങ്കിലും ഇല്ലെങ്കിലും ശരി - ഇന്ന് ഈ നിമിഷം ഉണ്ടായ പുതിയ കർമ്മമാണ്‌ എങ്കിലും ശരി അതിന്റെ വിധി പ്രമാണങ്ങൾക്ക് എതിരല്ലെങ്കിൽ അനുവദനീയവും പ്രമാണങ്ങളിൽ ഏതിലെങ്കിലും എതിരാണെങ്കിൽ വിരോധിക്കപ്പെടേണ്ടതാണ് എന്നുമാണ്.

 വിരോധിക്കപ്പെടേണ്ടതും അനുവദനീയമായതും പല വിധത്തിൽ വരാം. അനുവദനീയമായവ ചിലപ്പോ മുബാഹ് എന്നതിന്റെ പരിധിയിലും ചിലപ്പോ സുന്നത്ത് എന്നതിന്റെ പരിധിയിലും ചിലപ്പോ വാജിബ് എന്ന പരിധിയിലും വരും. വിരോധിക്കപ്പെടേണ്ടത് ചിലപ്പോൾ കറാഹത്തും മറ്റു ചിലപ്പോൾ ഹറാമും ആകും. ഇതൊക്കെ വിശദീകരിക്കേണ്ടത് ഫുഖഹാക്കളാണ്. നാല് മദ്ഹബുകളുടെയും ഉസൂലുകൾ വ്യത്യസ്തമാണ്. അവരവരുടെ മദ്ഹബിന്റെ ഉസൂലിൽ നിന്ന് കൊണ്ട് വിജ്ഞന്മാരായ ഉലമാക്കൾ പഞ്ചവിധികളിൽ ഏതിലാണ് ഈ പുതിയ കർമ്മം പെടുക എന്ന് വിശദീകരിക്കുകയാണ് പതിവ്. അത് ആ മദ്ഹബ്‌ അംഗീകരിക്കുന്ന, ആ ആലിമിനെ പിന്തുടരുന്ന മുസ്ലിമീങ്ങൾ പിന്തുടർന്ന് ജീവിക്കും. അതാണ് എക്കാലവും മുസ്ലിം ലോകത്തിന്റെ വഴക്കം.

ബിദ്അത്ത് എന്ന് കേൾക്കുമ്പോഴേക്ക് എല്ലാം തള്ളേണ്ടതാണ് എന്ന ഹദീസും ഓതി വരേണ്ടതില്ല, ആ ഹദീസ് നമുക്കെത്തിച്ചു തന്ന സ്വഹാബത്ത് അടക്കം നിങ്ങൾ പറയുന്ന രീതിയിൽ നോക്കുമ്പോൾ ബിദ്അത്തുകാരാണ് എന്ന് പറയണം. തെറ്റായ ബിദ്അത്തുകൾ എല്ലാം നരകത്തിലേക്കുള്ളതാണ് എന്നാണ് ആ ഹദീസിനെ വായിക്കേണ്ടത് എന്നാണു പിൽക്കാലത്ത് വന്ന സകല ഇമാമീങ്ങളും പറഞ്ഞത്. പണ്ഡിത ലോകത്ത് തർക്കമേയില്ലാത്ത ഇമാം ശാഫിഈ(റ) തങ്ങൾ ബിദ്അത്ത് നല്ലതും ചീത്തയും ഉണ്ട് എന്ന് പറഞ്ഞത് ഈ ഹദീസ് കാണാതെയാണ് എന്ന് പറയുന്ന വിഡ്ഢികളും ഉണ്ടാകുമോ?.

 കേരളത്തിലെ മുസ്ലിമീങ്ങളിൽ ബഹുഭൂരിപക്ഷം വരുന്ന സുന്നികളിൽ 99% ആളുകളും ശാഫിഈ മദ്ഹബ് അനുസരിച്ചു ജീവിക്കുന്നവരാണ്. അവരോടു ഒരു കർമ്മത്തിന്റെ വിധി പറയുമ്പോൾ സ്വാഭാവികമായും മദ്ഹബിന്റെ ഇമാമീങ്ങൾ പറഞ്ഞ വിധിയാണ് കാണിക്കേണ്ടത്.  ഇന്നീ കാണുന്ന രീതിയിലുള്ള നബിദിനാഘോഷം നിലവിൽ വന്ന ശേഷം കഴിഞ്ഞു പോയ പരസഹസ്രം അർഹരായ ശാഫിഈ മദ്ഹബിലെ ഫുഖഹാക്കളിൽ ഏത് ഇമാമാണ് ഇത് ഹറാമായ, നരകത്തിലേക്ക് പോകുന്ന ബിദ്അത്താണ് എന്ന് പറഞ്ഞതുള്ളത്? ഏതെങ്കിലും ഒരാളെ കാണിക്കാൻ ആർക്കെങ്കിലും കഴിയുമോ? തീർച്ചയായും ഇല്ല.

നല്ല നല്ല കർമ്മങ്ങൾ ഓരോ കാലത്തും ആവശ്യങ്ങൾക്ക് അനുസരിച്ച് ഉണ്ടാകുകയും ഉണ്ടാക്കുകയും ചെയ്യണം. കാരണം ലോകവും കാലവും മാറുന്നതിനനുസരിച്ചു നമ്മൾ ചെയ്യുന്ന, പുലർത്തുന്ന രീതികൾ മാറിവരും. ദഅവത്ത് തന്നെ എടുത്താൽ നബിതങ്ങളുടെ(സ്വ) കാലത്ത് ഉള്ള രീതി മാത്രമേ സ്വീകാര്യമാകൂ എന്ന് വന്നാൽ അത് എത്രമാത്രം വിഡ്ഢിത്തമാണ്?! നൂതനമായ ഏത് ടെക്‌നോളജി വന്നാലും അത് മതപ്രമാണങ്ങൾക്ക് എതിരാകാത്ത രീതിയിൽ ഉപയോഗിച്ച് ദഅവത്ത് ചെയ്യുമ്പോൾ അത് പുണ്യവും ചിലപ്പോൾ നിർബന്ധവും തന്നെയാകും. അതായത് ബിദ്അത്തായ ഒരു ദഅവത്തിന്റെ രീതി ചെയ്യൽ നിർബന്ധമാകുന്നതായി മാറുന്നു. ലോകം മാറുമ്പോൾ കർമ്മങ്ങളും രീതികളും ശൈലികളും മാറും, അതിനനുസരിച്ചു കാലാകാലങ്ങളിൽ ഇസ്‌ലാമിന്റെ സമീപനങ്ങളും വ്യത്യസ്തമാകും.

മതത്തിന്റെ അടിസ്ഥാന നിയമങ്ങളിലും നിർണിതമായ ഇബാദത്തിന്റെ രീതികളിലും മാറ്റങ്ങൾ വരുത്തുക സാധ്യമല്ലെങ്കിലും അതപ്പടി നിലനിർത്തിക്കൊണ്ട് തന്നെ സകലകാലത്തും ഇസ്‌ലാം നവീനമായ നിലനിൽക്കാൻ പാകത്തിലാണ് അതിന്റെ ഘടന അല്ലാഹു സംവിധാനിച്ചത്. ലോകാവസാനം വരെ വരുന്ന ഓരോ കർമ്മങ്ങളുടെയും വിധികളല്ല നബിതങ്ങൾ(സ്വ) ഇവിടെ ബാക്കി വെച്ച് പോയത്. അവിടുത്തെ ജീവിതകാലത്തു തന്നെ  മുആദ്(റ) വിന്റെ മുമ്പിൽ ഇന്ന് വരെ നബിതങ്ങൾ വിധി വ്യക്തമാക്കി തരാത്ത പുതു വിഷയങ്ങൾ വന്നു ചേരാമെന്നും അതിനെ എങ്ങനെ നേരിടണം എന്നും അവിടുന്ന് പഠിപ്പിച്ചത് വ്യക്തമായ അടയാളമാണ്. എല്ലാ പുതു വിഷയങ്ങളുടെയും വിധി കണ്ടെത്താവുന്ന അടിസ്ഥാന പ്രമാണങ്ങളാണ് അവിടുന്ന് ബാക്കി വെച്ച രണ്ടു പ്രമാണങ്ങൾ. അതനുസരിച്ചു അടിസ്ഥാന പ്രമാണങ്ങളിൽ ചർവ്വിത ചർവ്വണം നടത്താൻ അർഹരായ ഉലമാക്കൾ അവരുടെ കഠിന പരിശ്രമത്താൽ വിധികൾ കണ്ടെത്താനുള്ള വഴികൾ (ഉസൂൽ) വ്യക്തമാക്കി.

പ്രമാണങ്ങളിൽ നിന്ന് നേരിട്ട്‌ മതവിധികൾ മനസ്സിലാക്കാൻ കഴിവുള്ളവർ ഹിജ്രയുടെ നാലാം നൂറ്റാണ്ടാകുമ്പോഴേക്ക്‌ ഇല്ലാതായെങ്കിലും അതിനു മുമ്പ്‌ തന്നെ ലോകാവസാനം വരെയുള്ള ജനതക്ക്‌ അഭിമുഖീകരിക്കേണ്ടി വരുന്ന ഏത്‌ വിഷയത്തിനും അതാത്‌ കാലത്തെ ആലിമുകൾക്ക്‌ മതത്തിന്റെ നിയമം മനസ്സിലാക്കാനുള്ള ചട്ടക്കൂട്‌ നാല്‌ മദ്‌ഹബിന്റെ വഴിയിലും ദൃഢമായിരുന്നു. നാല് വഴികളിലൂടെ ആ പരമ്പരാഗത രീതിയിൽ ഇസ്‌ലാം ലോകത്തെമ്പാടും ചലിച്ചു വന്നത് മതത്തിന്റെ പൂർണ്ണത വെളിപ്പെടുത്തിക്കൊണ്ടാണ്. മദ്‌ഹബുകളുടെ സമഗ്രത ഇല്ലായിരുന്നു എങ്കിൽ ആധുനികങ്ങളായ വിഷയങ്ങളിൽ പലതിലും ഖുർആനും സുന്നത്തും ഒന്നും പറഞ്ഞിട്ടില്ല എന്ന് പറഞ്ഞ്‌ കൈ കഴുകേണ്ടി വരുന്ന വഹ്ഹാബി മൗദൂദികളുടെ ഗതികേട്‌ മൊത്തം മുസ്ലിം ലോകം അനുഭവിക്കുമായിരുന്നു.

നബിദിനാഘോഷം എന്നത് ഏതു രീതിയിൽ നോക്കിയാലും ഇന്ന് പ്രോത്സാഹിപ്പിക്കേണ്ട കർമ്മമാണ്‌, ആ ദിനത്തിന്റെ പുണ്യവും പ്രസക്തിയും ആദരവായി തങ്ങൾ(സ്വ) തന്നെ നമുക്ക് മനസ്സിലാക്കിത്തന്നതാണ്. ആ ദിവസ, മാസങ്ങളുടെ പുണ്യത്തിന്റെ ഭാഗം മാറ്റിവെച്ചാലും സന്മനസ്സ് ഉള്ളവർക്ക് എതിർക്കാൻ വഴിയില്ലല്ലോ., അതിൽ നടക്കുന്നത് വിശുദ്ധ ഇസ്‌ലാമിലേക്ക് നബിതങ്ങളുടെ(സ്വ) സന്ദേശം ജനങ്ങൾക്ക് എത്തിക്കാൻ കഴിയുന്നതും സഹായകമാകുന്ന കർമ്മങ്ങളും ആഘോഷ വഴികളുമാണ്. തിരുനബിയുടെ ജന്മ മാസം എന്ന നിലക്ക് ലോകം തന്നെ ശ്രദ്ധിക്കുന്ന സമയത്ത് അവിടുത്തെ ജന്മ ചരിത്രങ്ങളും ജീവിത സന്ദേശങ്ങളും വ്യക്തി മാഹാത്മ്യങ്ങളും മഹാത്ഭുതങ്ങളും ഒക്കെ ആളുകൾക്ക് എത്തിച്ചു കൊടുക്കാൻ ഉപയോഗിക്കുക എന്ന നിലക്കെങ്കിലും ഇതിനെ സ്വീകരിക്കാൻ കഴിയുന്നില്ലെങ്കിൽ എത്ര പരിഹാസ്യമാണ് ഇവരുടെ നയമെന്ന് ആലോചിച്ചു നോക്കൂ.

ജന്മദിനാഘോഷത്തിന്‌ പ്രമാണമില്ലെന്ന് പറയുന്നവർ അതേ മാസത്തിൽ ജന്മദിനാഘോഷം ശരിയല്ലെന്ന് പറഞ്ഞു കൊണ്ട്‌ കാമ്പെയിൻ നടത്തുകയാണ്‌! അങ്ങനെ തീയതി നിശ്ചയിച്ച്‌ ഒരു മാസം നീണ്ടുനിൽക്കുന്ന കാമ്പെയിൻ നടത്താൻ എന്താണു പ്രമാണമെന്ന് ചോദിച്ചാൽ പല പല വരട്ടു ന്യായങ്ങളാണ്‌!. എങ്ങനെ നോക്കിയാലും സമൂഹത്തിൽ നടന്നു വരുന്ന കർമ്മങ്ങളിൽ ഒരായിരം നന്മകൾ കണ്ടെത്താൻ കഴിഞ്ഞാലും അതിനെ ഒക്കെ ചാടിക്കടന്ന് തങ്ങൾ തെറ്റായി മനസ്സിലാക്കിയ തത്വങ്ങളിൽ താങ്ങിപ്പിടിച്ചു കൊണ്ട് നന്മകളെ കൊല്ലാൻ നടക്കുന്ന ഒരു തരം വരട്ടു ചൊറി ബാധിച്ച സമൂഹമാണ് കേരളത്തിലെ ഇത്തരക്കാർ ..🤗

✍Noufal Abu Zahid