page

Thursday, 15 November 2018

എന്റെ ഉമ്മ

സൂര്യോദയത്തിന് മുമ്പേ ,കൈലുകളോടും പാത്രങ്ങളോടും സംസാരിക്കുന്ന തിരുഹൃദയമാണെന്റെ ഉമ്മി...തൊടിയിലെ വാടിക്കരിഞ്ഞ ചെടികളുടേയും കറിവേപ്പിന്റെയും വാഴകളുടേയുമൊക്കെ ദാഹം തീർക്കുന്ന, കർഷകശ്രീ അവാർഡ് ഒരിക്കൽ പോലും ലഭിക്കാത്ത മഹിളയാണെന്റെ ഉമ്മി... വിളമ്പിക്കൊടുത്ത് ,തനിക്ക് തികയാതെ വന്നാൽ-എനിക്കതിഷ്ടമല്ലെന്ന് കള്ളം പറയുന്ന, മാതൃസ്നേഹത്തിന്റെ തിടമ്പാണെന്റെ ഉമ്മി... അണ്ണാൻ കുഞ്ഞിനെപ്പിടിച്ച് ഉമ്മറപ്പടിയിലിരുത്തി താലോലിക്കുമ്പോൾ-''മോനൂ... അതിന്റെ അമ്മയതിനെ അന്വേഷിച്ചു കരയുന്നുണ്ടാകും, തുറന്നുവിടെന്ന്'' പറഞ്ഞ സ്നേഹത്തിന്റെ പറുദീസയാണെന്റെ ഉമ്മി...എന്റെ വിഴുപ്പലക്കാൻ വിധിക്കപ്പെട്ട സ്ത്രീരൂപത്തിന്റെ പേരാണ് ന്റെ ഉമ്മി...ഗൃഹാന്തരീക്ഷത്തിന്റെ ഇരുണ്ട ഇടനാഴികളിൽ ചുമരുകളോടും ചാരത്തോടും തൊടികളോടും മല്ലടിച്ച്,ജീവിതം മുഴുവൻ എനിക്കു വേണ്ടി നീക്കിവെച്ച 24 മണിക്കൂറും സേവന നിരതയായ സാമൂഹ്യ പ്രവർത്തകയാണെന്റെ ഉമ്മി... പാവനവും പവിത്രവുമായൊരു പ്രണയ ബന്ധത്തിന്റെ കഥ പറഞ്ഞു തന്നെന്നെ ജീവിതം പഠിപ്പിച്ച നനഞ്ഞ പൂവാണെന്റുമ്മി... കോളേജ് വിട്ടൊരല്പം താമസിച്ചാൽ, തുലാവർഷത്തെ പത്ത് മഴക്കാലത്തെ കാറ്റും കോളും ഒന്നിച്ചുവീശി അടിക്കുന്ന മുഖഭാവവുമായെന്നെക്കാത്ത് ഗെയ്റ്റിൽ നിൽക്കുന്ന,ശമ്പളമില്ലാത്ത കാവൽക്കാരിയാണെന്റെ ഉമ്മി... ഒരിക്കൽ കാറൊന്ന് സ്ലിപ്പായപ്പോൾ രക്തമൊലിക്കുന്ന മുറിപ്പാടുകൾ വകവെക്കാതെ എന്നെ ചങ്കോട് ചേർത്ത് സംരക്ഷണത്തിന്റെ അറബിക്കടൽ തീർത്ത, സ്നേഹത്തിന്റെ ആത്മസാഗരമാണെന്റെ ഉമ്മി...കാറ്റും കോളും നിറഞ്ഞ ഒരായിരം മഴക്കാല രാത്രികളിൽ ഇടിമിന്നലിന്റെ താളത്തിനു മുമ്പിൽ പേടിച്ച് വിറച്ച് കുഞ്ഞിക്കണ്ണുകളിറുക്കി അടച്ച എന്റെ തലമുടിയിൽ തലോടി നേരം വെളുക്കുവോളം കാവലിരുന്ന ഹൈടെക്ക് സെക്യൂരിറ്റി സിസ്റ്റമാണെന്റെ ഉമ്മി... എന്നെ നടക്കാനും ഇരിക്കാനും കിടക്കാനും ചിരിക്കാനും ചിരിപ്പിക്കാനും എല്ലാമെല്ലാം പഠിപ്പിച്ച, സുബ്ഹി നിസ്കരിക്കാത്തതിന്റെ പേരിൽ  ചിണുങ്ങിക്കരയുന്ന രൂപത്തിലൊരു പത്ത് വയസുകാരനെ വാർത്തെടുത്ത  ലോകോത്തര യൂണിവേഴ്സിറ്റിയാണെന്റെ ഉമ്മി...
ഇത്താത്താ... എന്റെ പൊന്നുമ്മിയെപ്പോലുള്ള ഉമ്മിമാർ നിങ്ങളുടെ എല്ലാം വീടുകളിലുമുണ്ട്... ഒരു വാക്കു കൊണ്ടോ നോക്കു കൊണ്ടോ ആ കണ്ണ് നിറയാൻ നാമൊരിക്കലും സമ്മതിക്കരുതിത്താത്താ... എത്ര പ്രായമായാലുമെന്നുമാ കവിളത്തോരോ മുത്തം കൊടുക്കാൻ,എന്നും രാവിലെയും വൈകിട്ടുമെങ്കിലും സുഖവിവരങ്ങളന്വേഷിക്കാൻ,നാം പുറത്തു പോകുമ്പോൾ- പാടത്തും പറമ്പിലും ബന്ധുവീട്ടിലുമെല്ലാം ഒപ്പം കൂട്ടാൻ നാം മടിക്കരുത്... നമുക്കെത്ര പ്രായമായാലുമാ കരങ്ങളിലൂടെയാണ് നമുക്കുള്ള ഇലാഹീ സംരക്ഷണം... ആ  കൈകളൊന്ന് നെഞ്ചോട് ചേർത്ത് ശ്രദ്ധിച്ചു നോക്കിക്കേ... നാം വിതുമ്പിക്കരഞ്ഞ ആയിരക്കണക്കിന് സമയങ്ങളിൽ... കവിൾ തടത്തിലൂടെ ചാലിട്ടൊഴുകിയ കണ്ണുനീരു തുടച്ച് നമ്മെ പൊക്കിയെടുത്ത് ചുടുചുംബനം തന്ന് ,അമ്പിളി മാമനെ കാട്ടിത്തന്ന് കരച്ചിൽ മാറ്റിയ ഇന്നലേകളുടെ ഒരുപാട് ചരിത്രങ്ങളാക്കരങ്ങൾ പറഞ്ഞു തരും...!... സത്യം പറഞ്ഞാൽ ,ഞാനിന്ന് പൊട്ടിക്കരയാനാഗ്രഹിക്കുന്നതുപോലുമെന്റുമ്മി കണ്ണുനീരു തുടച്ചാശ്വസിപ്പിക്കുമെന്ന ബലത്തിലാണ്...

ഒടുവിലാ സാഗരം കളമൊഴിയുമ്പോൾ വാടിക്കരിഞ്ഞ ചെടികളും പൂവും ഞാനും നിങ്ങളുമൊക്കെപ്പറയും-''ഉമ്മിയില്ലാത്ത വീട് വീടല്ലെന്ന്''... വൈകിട്ട് കോളേജ് വിട്ടോടി എത്തുമ്പോൾ ,ഉമ്മി തുറക്കാത്ത ഗെയിറ്റോ, വിശപ്പിന്റെ വിളിയാളം വട്ടം പിടിക്കുമ്പോൾ ഉമ്മി വിളമ്പാത്ത ഭക്ഷണമോ, സങ്കടങ്ങൾ നീർചാലുകളായി ചാലിട്ടൊഴുകുമ്പോൾ ഉമ്മി തുടക്കാത്ത കണ്ണുനീരോ ,എനിക്ക് താങ്ങാനാവില്ല റബ്ബേ... എന്തിനാ മോനൂ സങ്കടപ്പെടുന്നത്- ധൈര്യമായിട്ടിരിക്കെന്നാശ്വസിപ്പിക്കുന്ന ഉമ്മയെന്ന കവചം ഞങ്ങൾക്കെല്ലാം ദീർഘനാൾ നിലനിർത്തിത്തരണേ റബ്ബേ...
✍ഫാതിമാ റഷീദ്[FB പോസ്റ്റ്]