page

Monday, 14 January 2019

തിരിയുന്ന ഖുതുബ വന്നപ്പോൾ ജുമുഅ തന്നെയില്ലാതായി !


ഇപ്പ ശെരിയാക്കിത്തരാമെന്ന് പറഞ്ഞാണ്,മുത്ത് നബി മുതലുള്ള  ചരിത്ര പാരമ്പര്യം വലിച്ചെറിഞ്ഞ് മലയാളത്തിൽ ഖുതുബ തുടങ്ങിയത്...എന്തായിരുന്നു- മലപ്പുറം കത്തി ,മാങ്ങാത്തൊലി...നാട്ടിലൊരു കുട്ടി ഒളിച്ചോടിയാൽ മുതൽ ബിരിയാണിയുടെ ഉപ്പ് കുറഞ്ഞതിന്റെ കാരണം വരെ ഒന്ന് മാത്രം ...സുന്നികളുടെ സകല പ്രശ്നങ്ങൾക്കും കാരണമൊന്നുമാത്രം...തിരിയാത്ത ഖുതുബ...!...എല്ലാം ശെരിയാക്കാനായി മലയാളത്തിൽ പ്രസംഗമെന്ന ഒറ്റമൂലിയുമായി മൗലവിമാരിറങ്ങി-വയനാട് ചുരത്തിലെ മൂന്നാം വളവിൽ വോൾവോ ബസിന്റെ സ്റ്റിയറിംഗ് തിരിയുന്നതു പോലെ തിരിഞ്ഞ് തിരിഞ്ഞ്, മ്മടെ നവോത്ഥാനം പുഷ്പിച്ചപ്പോൾ ജുമുഅ പോലുമില്ലാതായി... സമൂഹത്തിലെ പ്രശ്നങ്ങൾക്ക് കാരണം ഖുതുബ തിരിയാത്തതു കൊണ്ടാണെന്ന പുളിച്ചു തികട്ടിയ നവോത്ഥാന ഏമ്പക്കവുമായി ഒരു മൗലവിയുമിനി ഇറങ്ങരുത്...
                            ✍ ഖുദ്സി

👇👇👇👁👁👁
Read more http://www.sirajlive.com/2019/01/12/348900.html

തിരൂരങ്ങാടി: മുജാഹിദിലെ കെ എന്‍ എം വിഭാഗവും ജിന്ന് വിഭാഗവും തമ്മിലുള്ള അവകാശത്തര്‍ക്കത്തെ തുടര്‍ന്ന് പൂട്ടിക്കിടക്കുന്ന തിരൂരങ്ങാടിയിലെ മുജാഹിദ് പള്ളിയില്‍ ഇപ്പോള്‍ ജുമുഅ രണ്ടാഴ്ചയിലൊരിക്കല്‍ മാത്രം. നാല് വര്‍ഷത്തിലേറെയായി പൂട്ടിക്കിടക്കുന്ന തിരൂരങ്ങാടി പനമ്പുഴ റോഡിലെ മുജാഹിദ് പള്ളിയിലാണ് ഒരു മാസമായി രണ്ടാഴ്ചയിലൊരിക്കല്‍ ജുമുഅ നടക്കുന്നത്.

മുജാഹിദ് പ്രസ്ഥാനം വര്‍ഷങ്ങള്‍ക്ക് മുമ്പ് മൗലവി വിഭാഗവും മടവൂര്‍ വിഭാഗവുമായി പിളര്‍ന്നപ്പോള്‍ തിരൂരങ്ങാടിയില്‍ നിലവിലുണ്ടായിരുന്ന രണ്ട് മുജാഹിദ് പള്ളികളിലും മടവൂര്‍ വിഭാഗം നേതാക്കളായിരുന്നു ഖത്വീബുമാര്‍. യതീംഖാന പള്ളിയില്‍ സി പി ഉമര്‍ സുല്ലമിയും തറമ്മല്‍ പള്ളിയില്‍ പി കെ മൊയ്തീന്‍ സുല്ലമിയുമായിരുന്നു ഖത്വീബുമാര്‍. ഇതേത്തുടര്‍ന്ന് മൗലവി വിഭാഗം തങ്ങള്‍ക്ക് മാത്രമായുള്ള ജുമുഅയും നിസ്‌കാരവും നടത്തുന്നതിനായാണത്രെ ഇവിടെ പുതിയ പള്ളി നിര്‍മിച്ചത്.

എന്നാല്‍ പിന്നീട് മൗലവി വിഭാഗത്തില്‍ നിന്ന് വിസ്ഡം എന്ന പേരില്‍ ജിന്ന് വിഭാഗം പിളര്‍ന്നതോടെയാണ് ഈ പള്ളിയുടെ പേരില്‍ അവകാശ ത്തര്‍ക്കം ഉടലെടുത്തത്. പള്ളിയുടെ നടത്തിപ്പുകാര്‍ ജിന്ന് വിഭാഗക്കാരായിരുന്നു. 2014 ആഗസ്റ്റിലാണ് പള്ളി പോലീസ് പൂട്ടിയത്. തുടര്‍ന്ന് ജിന്ന് വിഭാഗം റോഡരികില്‍ വെച്ചാണ് ജുമുഅ നടത്തിയത്. തുടര്‍ന്ന് പലതലങ്ങളിലും ചര്‍ച്ചകള്‍ നടന്നുവെങ്കിലും ഇരുവിഭാഗവും വിട്ടുവീഴ്ചക്ക് തയ്യാറായില്ല. പിന്നീട് വിവിധ കോടതികളിലും എത്തി. അതിനിടെയാണ് ജുമുഅക്ക് മാത്രം പള്ളി തുറക്കാനും ഒരാഴ്ച മൗലവി വിഭാഗവും അടുത്ത ആഴ്ച ജിന്ന് വിഭാഗവും ജുമുഅക്ക് നേതൃത്വം നല്‍കാനും തീരുമാനമായത്. ഇതനുസരിച്ച് ഒരു വര്‍ഷത്തിലേറെയായി ഇവിടെ ജുമുഅ നടന്നുവരികയായിരുന്നു.

അതിനിടെയാണ് തങ്ങള്‍ക്ക് അനുകൂലമായ ഉത്തരവുണ്ടായതായി മൗലവി വിഭാഗം അവകാശപ്പെട്ടത്. ഇതോടെ മൗലവി വിഭാഗം അവരുടെ ഊഴമുള്ള വെള്ളിയാഴ്ച ജുമുഅ നടത്തുന്നുണ്ട്. എന്നാല്‍ ജിന്ന് വിഭാഗം അവരുടെ ആഴ്ചയില്‍ ജുമുഅ നടത്താത്തതിനാല്‍ രണ്ടാഴ്ചയിലൊരിക്കല്‍ മാത്രമാണ് ജുമുഅ നടക്കുന്നത്. ജിന്ന് വിഭാഗത്തിന്റെ ദിവസം ജുമുഅ നടത്താന്‍ മൗലവി വിഭാഗം മുന്നോട്ടുവരുന്നുമില്ല. കേസ് നീട്ടിക്കൊണ്ട് പോകാന്‍ ജിന്ന് വിഭാഗം പല തന്ത്രങ്ങളും ആവിഷ്‌കരിക്കുകയാണത്രെ.

മൗലവി വിഭാഗം പള്ളി സ്വന്തമാക്കാന്‍ വ്യാജരേഖകള്‍ ഉപയോഗിക്കുകയാണെന്നാണ് ജിന്ന് വിഭാഗം പറയുന്നത്. മൗലവി വിഭാഗത്തിന് അത്ര എളുപ്പത്തില്‍ പള്ളി കൈക്കലാക്കാന്‍ സാധിക്കുകയില്ലെന്ന് ജിന്ന് വിഭാഗം ഉറപ്പിച്ച് പറയുന്നു. അതേസമയം പ്രാദേശിക ലീഗ് നേതൃത്വം ഇതില്‍ രണ്ട് തട്ടിലാണ്. ലീഗിന്റെ ചില ഉന്നതരെ ജിന്ന് വിഭാഗം സ്വാധീനിക്കുന്നതായും മറുവിഭാഗത്തിന് ആരോപണമുണ്ട്.