page

Monday, 14 January 2019

അപ്ഡേഷൻ അവസാനിക്കാത്ത സലഫി തൗഹീദുകൾ!


*അപ്ഡേഷൻ അവസാനിക്കാത്ത സലഫി തൗഹീദുകൾ*
 "മൂന്ന് മിനുട്ട് 50 സെക്കൻഡ് നീളമുള്ള ക്ലിപ്പിൽ 33 കളവുകൾ!" എന്ന ശീർഷകം കണ്ടപ്പോൾ ഒരു കൗതുകത്തിന് കേട്ടു നോക്കിയതാണ്. അലവി സഖാഫി ആണ് അവതാരകൻ. ഒരു സലഫി പ്രഭാഷകന്റെ പ്രഭാഷണത്തെ കുറിച്ചാണ് പറയുന്നത്. ഇസ്തിഗാസയുമായി ബന്ധപ്പെട്ട് വിവരണമാണ് പ്രതിപാദ്യം. പ്രഭാഷകന്റെ ക്ലിപ്പ് കേൾപ്പിച്ചുകൊണ്ട് കളവുകൾ പിടികൂടുകയാണ് സഖാഫി.


കളവുകൾ എത്രയുണ്ട് എന്നൊന്നും ഞാൻ എണ്ണിനോക്കിയില്ലെങ്കിലും പ്രഭാഷകന്റെ മറുപടിയിൽ ആവർത്തിച്ചു കട്ടായമായിപ്പറയുന്ന ഒരു വാചകം എന്നെ അതിശയിപ്പിച്ചു കളഞ്ഞു. ഇതുവരെ പറഞ്ഞുകൊണ്ടിരുന്ന തൗഹീദിന്റ ഒരു അപ്ഡേഷൻ ആയിരുന്നു അത്.

ഒരുകാലത്ത് വഹാബീ തൗഹീദ് അപ്ഡേഷൻസ് ഫോളോ ചെയ്യുന്നത് എനിക്ക് വലിയ ഹരമായിരുന്നു. ഓരോ മാറ്റങ്ങളും അതിലെ കാരണങ്ങളും അവ തമ്മിലുള്ള വ്യത്യാസങ്ങളും നല്ല ഒരു അക്കാദമിക് പഠനത്തിനുള്ള വകുപ്പുണ്ടായിരുന്നു. എന്നാൽ പിന്നീട് അതൊരു തമാശയായി മാറുകയും പല ഗ്രൂപ്പുകളും പലസമയത്തായി തൗഹീദ് വ്യാഖ്യാനങ്ങളിലെ നവോത്ഥാനക്കളികൾ നിരന്തരമായി തുടരുകയും ചെയ്തു. അങ്ങനെ ഡോക്ടറെ സമീപിക്കുന്നത് പോലും ശിർക്കായി (ബഹുദൈവ വിശ്വാസമായി) മാറിയ സാഹചര്യം വന്നപ്പോൾ ഞാൻ അവരെ ഫോളോ ചെയ്യുന്നത് നിർത്തി.ഇപ്പാൾ യാദൃശ്ചികമായി അതിലേക്ക് തന്നെ വന്ന് വീണിരിക്കുകയാണ്.

സംഗതി പറയാം. കാഞ്ഞങ്ങാട് മുജാഹിദ് മുഖാമുഖം നടക്കുകയാണ്. ഉമർ (റ) ന്റെ കാലത്ത് നടന്ന ഒരു ചരിത്ര സംഭവത്തെ കുറിച്ച് ഒരാൾ ചോദ്യത്തിന് മൗലവി മറുപടി പറയുകയാണ്.
ചരിത്രമിതാണ്: മനുഷ്യരാകെ വറുതി കൊണ്ട് കഷ്ടപ്പെടുന്ന സന്ദർഭത്തിൽ ഒരാൾ (അത് ബിലാലു ബൻ ഹാരിസ് അൽ മുസ്നി എന്ന സ്വഹാബിവര്യൻ ആണന്ന് ചില രിവയത്തുകളിൽ കാണാം) തിരുനബിയുടെ ഖബർ ശരീഫിന്റെ അടുക്കൽ വന്നു.
"യാ റസൂലല്ലാഹ്! ഇസ്തസഖി ലി ഉമ്മതിക..."
"അല്ലഹു വിന്റെ ദൂതരേ, അങ്ങയുടെ സമുദായത്തിന് വേണ്ടി. അല്ലാഹുവിനോട് മഴ തേടൂ..അവരാകെ പ്രയാസത്തിലാണ്.."
എന്ന് വഫാതായ തിരുനബിയെ നേരിട്ട് വിളിച്ച് സങ്കടം ബോധിപ്പിക്കുകയാണ് . ഉടൻ പരിഹാരമുണ്ടായി. ബിലാൽ (റ) തിരുനബിയെ സ്വപനം കണ്ടു. പെട്ടന്ന് ഉമർ (റ)നെ കാണണമെന്നും ഭരണത്തിൽ ചില പരിഷ്കരണങ്ങൾ വരുത്താൻ ആവശ്യപ്പടണമെന്നും മഴ ലഭിക്കുന്ന സുവാർത്ത അറിയിക്കണമെന്നും നബി (സ) പറഞ്ഞു. ഈ സംഭവം മുസന്നഫ് ഇബ്നു അബീ ശൈബ, ദലാഇലുന്നുബുവ്വ തുടങ്ങി പലഹദീസ്ഗ്രന്ഥങ്ങളിലും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. പലരും സ്വഹീഹാക്കിയിട്ടുമുണ്ട്.


ഈ സംഭവത്തിൽ സ്വഹാബി ചെയതത് ഇസ്തിഗാസ (സഹായതേട്ടം) ആണല്ലോ. ഇസ്തഗാസ ശിർക്കാണങ്കിൽ ഈ സ്വഹാബി മുശ്രിക്ക് ആണെന്ന് പറയേണ്ടി വരില്ലേ? ഇത് ഉദ്ധരിച്ചവരും പ്രബലപ്പെടുത്തിയവരുമൊക്കെ ശിർക്ക് പ്രചാരകരാണ് എന്ന് വരില്ലേ? എന്നൊക്കെയായിരിക്കണം ചോദ്യത്തിന്റെ ആത്മാവ്.

മറുപടി പറയുന്ന മുജാഹിദ് യുവ പണ്ഡിതൻ ഇത് വരെ വഹാബി സ്റ്റേജുകളിൽ നിന്ന് കേൾക്കാത്ത ഒരു കാര്യം പറഞ്ഞു കളഞ്ഞു. പ്രസ്തുത സംഭവത്തിൽ ഇസ്തിഗാസ ഇല്ല എന്നായിരുന്നു അത്! പ്രത്യുത തവസ്സുൽ (ഇടതേട്ടം) മാത്രമേയുള്ളൂ. തവസ്സുൽ ശിർക്കല്ല താനും! ഈ ഉത്തരമാണ് എന്നെ അതിശയപ്പിച്ചു കളഞ്ഞത്.

മൗലവി തുടർന്നു." അത് മുജാഹിദുകൾ എല്ലാകാലത്തും പഠിപ്പിച്ചിട്ടുണ്ട് . 25 കൊല്ലം മുജാഹിദ് പ്രസ്ഥാനത്തിന്റെ ( KNM )ന്റെ ജനറൽ സെകട്ടറി ആയ പണ്ഡിതൻ കെ പി മുഹമ്മദ് മൗലവി അദ്ദേഹത്തിന്റെ അതവസ്സുൽ എന്ന ഗ്രന്ഥത്തിലാണ് - അൽ ഇസതിഗാസ എന്ന ഗ്രന്ഥത്തിലല്ല - ഈ സംഭവം ഉദ്ധരിക്കുന്നത്. ലോകത്ത് ഈ വിഷയം ചർച്ച ചെയ്ത പണ്ഡിതന്മാരെല്ലാം ഇത് തവസ്സുൽ ആണെന്നാണ് മനസ്സിലാക്കിയത് " ഈ മറുപടി പ്രകാരം
അപ്പോൾ എന്തായി? നബിയേ മഴക്ക് വേണ്ടി പ്രാത്ഥിച്ച് ഞങ്ങളെയൊന്ന് ഈ വറുതിയിൽ രക്ഷപ്പെടുത്തണേ എന്ന് തേടിയാൽ പോലും (അതാണല്ലോ ഹദീസിലെ തേട്ടത്തിന്റെ പൊരുൾ- അതിനെ ഇസ്തിഗാസ എന്ന് വിളിച്ചാലും തവസ്സുൽ എന്ന് വിളിച്ചാലും) ആ തേട്ടം ശിർക്കല്ല!

അണികളും നേതാക്കളും ഇത് കേട്ട് അന്തം വിട്ടു. ഇത് വരെ ഇസ്തിഗാസക്കതിരെ പൊരുതിപ്പൊരുതി അവസാനം നാറാണത്തു ഭ്രാന്തന്റെ പണിയെടുത്തത് പോലെയായില്ലേ എന്ന് തൗഹീദ് പോരാളികൾ ചോദിച്ചിരിക്കണം. നിരന്തരമായ പരിണാമങ്ങൾക്ക് ഒടുവിൽ ജിന്ന് വിളിയും സിഹ്റ് വിശ്വാസവും ബർകത്തെടുക്കലും സംസം വെള്ളം കുടിക്കലും കണ്ണേറും എല്ലാം തൗഹീദിന് പരിധിയിൽ വന്നു കഴിഞ്ഞല്ലോ. ഇനി ആകപ്പാടെ ഒരു കട്ട ശിർക്ക് ഇസ്തിഗാസ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതും ഇപ്പോൾ പിടുത്തംവിട്ട മാതിരിയായി; കഷ്ടം! നിരന്തരമായ ഈ കുശുകുശുപ്പുകൾക്കും ചോദ്യം ചെയ്യലുകൾക്കും ഒടുവിൽ അദ്ദേഹത്തിന് തന്നെ തന്റെ പ്രസ്താവന പിൻവലിക്കേണ്ടിവന്നു.പ്രസ്തുത തേട്ടം ശിർക്ക് തന്നെയാണത്രെ!

അദ്ദേഹത്തിന്റെ ഫെയ്സ് ബുക്ക് കുമ്പസാരത്തിൽ നിന്ന് ..



"പ്രിയ സുഹൃത്തുക്കളേ,
.. അറിയാത്ത കാര്യങ്ങൾ അറിയില്ലെന്ന് തുറന്ന് പറഞ്ഞും, അബദ്ധം വന്നാൽ ഏതൊരാൾ ചൂണ്ടിക്കാട്ടിയാലും തിരുത്തുമെന്നും ചോദ്യങ്ങൾക്ക് മറുപടി പറയുന്ന വേളയിൽ നാം നിരന്തരം ആവർത്തിക്കാറുള്ള കാര്യങ്ങളാണ്.

30-11-2018-ന് കാഞ്ഞങ്ങാട് നടന്ന മുഖാമുഖത്തിൽ
പല ചോദ്യങ്ങളിൽ ഒന്നിന് മറുപടി പറയവെ എന്നിൽ നിന്നുണ്ടായ ഒരു പരാമർശത്തിലെ അബദ്ധം വ്യക്തമാക്കാനാണ് ഈ കുറിപ്പ്. ..അബദ്ധം സംഭവിച്ച എനിക്ക് അല്ലാഹു പൊറുത്ത് തരുകയും ചെയ്യുമാറാകട്ടെ.

നബി(സ)യുടെയോ അല്ലാത്തവരുടെയോ ഖബ്റിങ്ങൽ ചെന്നോ അല്ലാതെയോ
പ്രാർത്ഥിക്കുന്നതും പ്രാർത്ഥിക്കാൻ ആവശ്യപ്പെടുന്നതും,എല്ലാം തീർച്ചയായും ശിർക് തന്നെയാണ്.

...ഒരു മുസല്യാരുടെ ചോദ്യത്തിന് മറുപടി പറയുമ്പോൾ മുൻഗാമികളായ മുജാഹിദ് പണ്ഡിതന്മാർ എഴുതുകയും പഠിപ്പിക്കുകയും, മുമ്പൊരിക്കൽ ഞാൻ തന്നെ ഒരു പ്രസംഗത്തിൽ അർഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുകയും ചെയ്തത് പോലെത്തന്നെ
അത് ശിർക്കാണ്, പാടില്ലാത്തതാണ്
എന്നായിരുന്നു ഞാൻ മറുപടി പറയേണ്ടിയിരുന്നത്. മറിച്ചുള്ള പരാമർശങ്ങൾ അബദ്ധം സംഭവിച്ചതാണ്"

തൗഹീദ് സംബന്ധമായ വിഷയത്തിൽ.. "അതെനിക്ക് തെറ്റുപറ്റിയതാണ്.അല്ലാഹു എനിക്ക് പൊറുത്ത് തരട്ടേ" എന്ന് പറയുന്നതായി ഞാൻ എന്റെ ചെവി കൊണ്ട് കേൾക്കുന്ന മൂന്നാമത്തെ മുജാഹിദ് പണ്ഡിതനാണിയാൾ. മൂന്നും മൂന്ന് കാര്യങ്ങളിലാണ് എന്ന് മാത്രം. അല്ലാഹുവിനെ കുറിച്ച് നേരത്തെ എഴുതിയത് മൊത്തമായും പിൻവലിച്ച് പശ്ചാതപിച്ച വേദ പണ്ഡിതനെ കൂട്ടാതെയാണ് ഇപ്പറഞ്ഞത്. ഒരു വസ്ത്രം മാറുന്ന ലാഘവം. ചാണകത്തിൽ ചവിട്ടിയതുപോലുള്ള ഒരു ചേ പ്രത്തരം. ഒരു.അസ്തഗ്ഫിറുല്ലാഹ്.മംഗളം! ശുഭം!! ഒരു സമൂഹത്തിന്റെ ഇമാൻ കൊണടുള്ള ചൂതാട്ടം! ഹെന്താ ലേ .

ഒരാൾ നേരത്തെ പറഞ്ഞ ഒരാശയം പിൻവലിക്കുമ്പോൾ സ്വാഭാവികമായും ചെയ്യേണ്ട ഒരു കാര്യമുണ്ട്. തനിക്കു പറ്റിയ അബദ്ധം എന്താണെന്ന് പ്രേക്ഷകർക്ക് വിശദീകരിച്ചുകൊടുക്കുക എന്നതാണത്. ഇപ്പോൾ പറയുന്നത് ശരിയാവാനുള്ള കാരണവും വിശദീകരിക്കണം എന്നാൽ ഒന്നും സംഭവിച്ചില്ല. എല്ലാം ഒരു കുമ്പസാരത്തിൽ ഒതുങ്ങുകയായിരുന്നു.

അബദ്ധം പറ്റി എന്നൊക്കെ പറയുന്നത് ഒരു ഭംഗിവാക്കാ. അബദ്ധം ഒരു ശീലമാക്കിയതാണങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യവുമില്ല. പക്ഷേ ഇത് ഇതിനെക്കുറിച്ച് അബദ്ധം പറ്റിപ്പോയി എന്ന് വരുത്തിത്തീർക്കുന്നതാണ് മഹാ അബദ്ധം. കാരണം, തെളിവുകൾ ഒന്നാന്നായിബോധപൂർവം തന്നെയാണ് പറഞ്ഞത്. പച്ചയായ ഹറാമുകളെ ക്കുറിച്ച് ഇസ്ലാമിന്റെ പ്രാഥമിക ധാരണയുള്ളവർ പോലും നാക്കബദ്ധത്തിൽ അത് ഹലാലാണ് എന്ന് പറയില്ല. വ്യഭിചാരം ഹലാലാണ് എന്ന് തെളിവുകൾ നിരത്തി ഒരു മുസ്ലിം നാക്ക ബദ്ധത്താൽ പറഞ്ഞ് പോകുമോ? എന്നിട്ടാണിപ്പോ തൗഹീദ് പ്രഭാഷകന് ഏറ്റവും വലിയ കൊടും പാപമായ ശിർക്ക്, തൗഹീദിന്റെ ലിസ്റ്റിൽ വരുന്നത്!

ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം എല്ലാമെല്ലാമാണ് തൗഹീദ്. തൗഹീദിന് കാര്യത്തിൽ ഒരു സ്ഥായി ഭാവത്തിലേക്ക് ഇവർ ഇനിയും ഉയർന്നിട്ടില്ല എന്നാണ് ഈ മറുപടിയും തുടർന്നുള്ള കുമ്പസാരവും അർത്ഥമാക്കുന്നത്. പണ്ടൊക്കെ ഒരു തവ്ഹീദ് അപ്ഡേഷന് നാലഞ്ച് വർഷമൊക്കെ എടുത്തിരുന്നു.( 2007 ഏപ്രിലിലെ തൗഹീദ് അപ്ഡേറ്റ് ചെയ്തത് 2012 ലായിരുന്നല്ലോ ) എന്നാൽ എല്ലാ കാലത്തേയും വാദം എന്ന് പറഞ്ഞ് സമർത്ഥിച്ച കാര്യം വെറും അഞ്ച് ദിവസം കൊണ്ട് മാറുന്ന ഗിമ്മിക്ക് ലോക ഭൂപടത്തിൽ കേരള വഹാബികൾക്ക് മാത്രം അവകാശപ്പെട്ടതായിരിക്കും.

അബദ്ധമല്ലന്ന് ഞാനിങ്ങനെ കട്ടായമായി പറയാൻ മറ്റൊരു കാരണമുണ്ട്. പ്രഥമപിളർപ്പാനന്തര കാലത്ത് രൂപപ്പെട്ട നിർവ്വചനത്തിന്റെ പശ്ചാത്തലത്തിൽ ഇതൊന്നും ശാർക്കാവില്ല എന്ന ബോധ്യത്തിന്റെ
ബോധപൂർവ്വമായ ഏറ്റുപറച്ചിലാണ് ആ മറുപടി എന്നതാണത്. ബോധ്യങ്ങളുടെ കുത്തുകൾ സഹിക്കന്നതിനുമുണ്ടല്ലോ ഒര തിര്. മുമ്പും ഒരു മുഖാമുഖത്തിൽ ഇദ്ദേഹം സമാനമായ കാര്യം പറഞ്ഞിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങൾ അന്ന് ഇത്ര തന്നെ സജീവമായിരുന്നില്ലാത്തത് ഭാഗ്യം.

പണ്ട് ജിന്ന് വിളിക്ക് ശിർക്ക് മോക്ഷം കിട്ടിത്തുടങ്ങിയത് മണ്ണാർക്കാട് സംവാദത്തിൽ വെച്ചായിരുന്നല്ലോ. അന്ന് ഒഴുക്കൻ മട്ടിൽ സംവാദകൻ പറഞ്ഞതിനെ ആരും വിമർശിച്ചില്ല. അതൊരു റിഹേഴ്സൽ ആയിരുന്നു. അങ്ങനെ അയാൾ പിന്നീട് അതൊരു ഒരു കാമ്പയിനാക്കി. തുടർന്ന് അതൊരു പ്രസ്ഥാനമായി.. അങ്ങനെ സംഘടന പിളർന്നു. അന്നത്തെ ശിഷ്യനാണ് ഗുരുവിന്റെ ശൈലിയിൽ ഒരു അപ്ഡേഷൻ ശ്രമം ഇപ്പോൾ നടത്തുന്നത്.. പക്ഷേ, ഗുരു പറഞ്ഞത് പോലെ ഒഴുക്കൻ മട്ടിലായില്ല.. പണി പാളി.



എന്താണ് പ്രാർത്ഥന എന്നതിൽ ചൊല്ലിയുണ്ടായ വിവാദം ആണല്ലോ വഹാബികൾക്കിടയിൽ ഉണ്ടായ ആദർശപരമായ പിളർപ്പിന് കാരണമായി ഭവിച്ചത്. സൃഷ്ടികളുടെ കഴിവിന് അതീതമായ കാര്യങ്ങളിൽ സഹായം തേടുന്നതാണ് പ്രാർത്ഥന എന്നുപറഞ്ഞാണ് വിമത സംഘം പൊട്ടിപ്പുറപ്പെട്ടത്. അതുകൊണ്ട് ജിന്നുകളോട് അവരുടെ കഴിവിൽപെട്ട കാര്യങ്ങൾ ചോദിക്കുന്നത് പ്രാർത്ഥനയല്ല എന്ന് വിമത വിഭാഗം സിദ്ധാന്തിച്ചു. ജിന്നിനെ വിളിച്ചു പ്രാർത്ഥിക്കാൻ ഞങ്ങൾ ഇല്ല എന്ന് പറഞ്ഞു ഔദ്യോഗിക വിഭാഗം വിമതരെ പുറത്താക്കി. നേരത്തെ പറഞ്ഞ നിർവചനത്തിൽ വിശ്വസിച്ച് ഗിരി പ്രഭാഷണങ്ങൾ നടത്തിയ പ്രഭാഷകർ സംഘടന കണ്ണുരുട്ടിയപ്പോൾ പരസ്യമായി തൗബ ചെയ്തു സംഘടനയിൽ തങ്ങളുടെ നില ഭദ്രമാക്കി.

അതിനു കൂട്ടാക്കാതെ മാറിനിന്ന് വേറിട്ട പ്രവർത്തിക്കുന്ന വിഭാഗമാണ് ഇപ്പോൾ മരിച്ചുപോയ മഹാനായ തിരുനബിയോട് ചോദിക്കുന്നതും ശിർക്കല്ല എന്ന് പഠിപ്പിച്ചിരിക്കുന്നത്.ഇവിടെയും നിർവചനം തന്നെയാണ് വില്ലൻ. അഥവാ സൃഷ്ടികളുടെ കഴിവിന് അപ്പുറത്തുള്ളത് ഒന്നും ബിലാലുബ്നു ഹാരിസ് എന്ന സഹാബി ചോദിച്ചില്ലല്ലോ. അമ്പിയക്കൾ അവരുടെ ഖബറിൽ ജീവിച്ചിരിക്കുകയാണെന്നാണ് മുസ്ലിം ലോകത്തിന്റെ ഇജ്മാഅ. ഒരു വിസ്ഡം പ്രഭാഷകൻ തന്നെ ഇക്കാര്യം വ്യക്തമാക്കുകയുട്ടുണ്ട്. അമ്പിയാക്കൾ അവരുടെ ഖബറിൽ ജീവിച്ചിരിക്കുകയാണ് എന്ന സമർത്ഥിക്കുന്ന ഒരു ഗ്രന്ഥം തന്നെ ഇമാം ബൈഹഖിക്ക് ഉണ്ട്.

തിരുനബിക്ക് നമ്മുടെ പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കപ്പെടുന്നു എന്നും നന്മ കാണുമ്പോൾ അവിടുന്ന് സന്തോഷിക്കുകയും തിന്മ കാണുമ്പോൾ നമുക്കുവേണ്ടി പൊറുക്കലിനെ തേടുന്നുവെന്നും ഹദീസിൽ കാണാം. ബർസഖീ ലോകത്ത് തിരുനബിക്ക് ശഫാഅത്ത് ഉണ്ട് എന്ന സ്വഹീഹായ ഹദീസിൽ നിന്ന് തന്നെവ്യക്തമാണ്. അപ്പോൾ വഫാത്തായ നബിയോട് ശുപാർശ ചെയ്യാൻ വേണ്ടി ആവശ്യപ്പെടുന്നത് സൃഷ്ടികളുടെ കഴിവിന് അതീതമായ കാര്യം ആവശ്യപ്പെടലല്ല; പ്രത്യുത സൃഷ്ടികൾക്ക് അല്ലാഹു നൽകുന്ന കഴിവിൽ നിന്നും ആവശ്യപ്പെടൽ തന്നെയാണ്. അപ്പോൾ അതിൽ ശിർക്ക് വരുന്നുമില്ല.

നടേ പറഞ്ഞനിർവ്വചനത്തിന്റെ ബലത്തിൽ മനസ്സിൽ താലോലിച്ച നടക്കുന്ന ഒരു കിടിലൻ ആശയമാണ് മൗലവി പ്രഖ്യാപിച്ചുകളഞ്ഞത്. ഇവിടെയും കണ്ണുരുട്ടാൻ സംഘടന ഉണ്ടായിരുന്നു. കുമ്പസരിക്കാൻ മൗലവിയും. ഇനി നേരത്തെ വിമത സംഘം രൂപപ്പെട്ടത് പോലെ ഒരു സംഘത്തെ കൂടി പ്രതീക്ഷിക്കാം. ഒറ്റയായി ചിലരൊക്കെ അത് പറഞ്ഞു തുടങ്ങിയിട്ടുണ്ട്. നേരത്തെ പറഞ്ഞ ഹദീസുകൾ സ്വഹീഹായി സ്ഥിരപ്പെട്ടിട്ടില്ല എന്ന് തന്നെ സങ്കൽപ്പിക്കുക. അല്ലാഹു അങ്ങനെ കഴിവ് നൽകിയിട്ടുണ്ടെങ്കിൽ, അത് കാരണമായി എന്നെ സഹായിക്കണേ എന്നാണ് ഉദ്ദേശിക്കുന്നതെങ്കിൽ അപ്പോഴും നിർവചനത്തിനു പുറത്ത് ആവുകയില്ല.
ഈയ്യടുത്ത് മറ്റൊരു സലഫിയുടെ മറുപടിയും സാമൂഹിക മധ്യ മങ്ങളിൽ കേട്ടു . മരിച്ചവർ കേൾക്കുമെങ്കിൽ, അറിയുമെങ്കിൽ, അവർക്ക് അവർക്ക് സഹായിക്കാൻ കഴിയുമെങ്കിൽ സഹായിക്കട്ടെ എന്നുകരുതിയാണ് മഹാന്മാരെ വിളിക്കുന്നതെങ്കിൽ അത് ശിർക്കല്ല എന്നായിരുന്നു അത്! തൗഹീദ് പ്രചാരണരംഗത്ത് നമ്മുടെ പ്രവർത്തനങ്ങൾ ഏറെക്കുറെ ഫലം കാണുന്നു എന്നാണ് ഇതൊക്കെയും അർത്ഥമാക്കുന്നത്.



ഈ നിർവ്വചന പ്രകാരം സൃഷ്ടികൾക്ക് ഒരിക്കലും പ്രാപ്യമാവാത്ത കാര്യങ്ങളാണ് പ്രാർഥനയുടെ പരിധിയിൽ വരിക.അഥവാ അല്ലാഹുവിന് മാത്രം കഴിയുന്ന കാര്യങ്ങൾ സൃഷ്ടികൾക്ക് ഉണ്ട് എന്ന് വിശ്വസിക്കുമ്പോഴാണ് ശിർക്ക് വരിക എന്ന് വരും. അതിലിപ്പോ ആർക്കും തർക്കവുമില്ലല്ലോ. മരിച്ചു പോയവരിൽ നിന്നും സഹായം പ്രതീക്ഷിക്കുന്നവരും രോഗശമനം തേടുന്നവരും പരലോകരക്ഷ ആവശ്യപ്പെടുന്നവരുമൊക്കെ അവരൊക്കെ നേരിട്ട് ഈ കാര്യങ്ങളൊക്കെ നിവൃത്തിയാക്കിത്തരേണമേ എന്നല്ലല്ലോ ഉദ്ദേശിക്കുന്നത്; പ്രത്യത.. അവർക്ക് ചെയ്യാവുന്ന കാര്യങ്ങൾ..( ഉദാ:ദുആ/ ശഫാഅത്ത്/ ആഗ്രഹം/ ) ചെയ്ത് തരാനും അത് കാരണമായി അല്ലാഹു അവരുടെ പ്രശ്നങ്ങൾ പരിഹരിച്ച് തരാനുമാണ് തേടുന്നത്. ചുരുക്കത്തിൽ കുമ്പസരിച്ചത് കൊണ്ട് മാത്രം തൗഹീദ് ശിർക്കാവില്ല; സൃഷടികളുടെ കഴിവിനതീതമായ കാര്യങ്ങളിൽ സഹായം തേടലാണ് പ്രാർത്ഥന എന്ന പുതിയ വിഡ്ഡം നിർവ്വചന പ്രകാരം ജിന്ന് വിളി മാത്രമല്ല ഇസ്തിഗ്ഫാഅ മാത്രമല്ല പ്രത്യക്ഷത്തിലുള്ള ഇസ്തിഗാസയും ശിർക്കാവില്ല!

ബോധ്യത്തിന്റെ ഏറ്റു പറച്ചിൽ മാത്രമല്ല ഒരു ഹിഡൻ അജണ്ട കൂടി ഈ അപ്ഡേഷനിൽ ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ. സുന്നികൾ ചെയുന്നത് ഈ ഇസ്തിശ്ഫാ അല്ല എന്നും പ്രത്യക അല്ലാഹു വിന് മാത്രം സവിശേഷമായ കാര്യങ്ങളിൽ അവനെ പങ്ക് ചേർക്കുന്ന ആരാധനായായ പ്രാർത്ഥനകൾ മാത്രമാണന്നും വരുത്തിത്തീർക്കുക. അതിനായി അല്ലഹുവിനോട് തുല്യമായ അറിവും കഴിവും ശൈഖൻമാർക്കുണ്ടെന്നാണ് ഇക്കൂട്ടർ വാദിക്കുന്നതെന്ന് പുളുവടിക്കുക. അത് തെളിയിക്കാനെന്നോണം മുൻഗാമികളുടെ മാതൃകകളില്ലാത്ത ചില ഉത്തരാധുനിക ഇസ്തിഗാസ കോപ്രായങ്ങളുടെ ക്ലിപ്പുകൾ കാണിക്കുക. (അതു കൊണ്ട് മാത്രം അത് തെളിയില്ലന്നത് വേറെ കാര്യം). പക്ഷേ; കാര്യങ്ങളുടെ അന്തർധാരകൾ തിരിയാത്ത വിസ്ഡം കുട്ടികൾ എല്ലാം കുളമാക്കിയല്ലോ മൗലവീ..ഒരടി പിഴച്ചു. ശൈഖിനെ പൂർണ്ണമായി തഖ്ലീദ് ചെയ്യണമായിരുന്നു. ബൈ ഗോൺസ് ആർ ബൈ ഗോൺസ്


(Dr ഫൈസൽ അഹ്സനി രണ്ടത്താണി..സിറാജ് 15/1/19ചൊവ്വ )
👇👇👇👁👁👁
*അപ്‌ഡേഷന്‍ അവസാനിക്കാത്ത സലഫീ തൗഹീദുകള്‍*