page

Wednesday, 23 January 2019

അദ്ധ്യാപക ദിനാശംസകൾ

ഉമ്മയുടെ മടിത്തട്ടാണാദ്യ കലാലയമെന്നു പറഞ്ഞ്  ലോകോത്തര യൂണിവേഴ്സിറ്റിയുടെ മാതൃക ചൂണ്ടിയ...ജീവനെടുക്കാൻ കുതിച്ചെത്തിയ അക്രമികളെ എന്തും ചെയ്യാവുന്ന രൂപത്തിൽ കരവലയത്തിലെത്തിയിട്ടുപോലും, അക്ഷരം പകർന്നു കൊടുക്കുന്ന അദ്ധ്യാപകരാക്കിയവരെ പരിവർത്തിപ്പിച്ച്, പകരമായി ജീവനും ജീവിതവും തിരിച്ച് നൽകി, ലോകത്തിന് സാംസ്കാരിക മൂല്ല്യങ്ങൾ പ്രസരിപ്പിക്കുന്നൊരുത്തമ സമൂഹത്തെ വാർത്തെടുത്ത ...അനാഥ മക്കളുടെ മുന്നിൽ വച്ച് സ്വന്തം മക്കളെ താലോലിക്കരുതെന്ന് പഠിപ്പിച്ച്-അനാഥകളുടെയും അശരണരുടെയും സങ്കടങ്ങളുടെ നെടുവീർപ്പുകൾ സനാഥരുടെ ജീവിത തായ്വഴികളിൽ നെയ്തു ചേർത്ത തിരുനബിﷺയെക്കാളും വലിയൊരു മാതൃകാദ്ധ്യാപകനെ  ജീവിതത്തിലൊരിടത്തും  വായിച്ചിട്ടില്ല.''തീർച്ചയായും അദ്ധ്യാപകനായാണ് തിരുനബിയെ നിയോഗിക്കപ്പെട്ടത് ''എന്ന തിരുവാക്യം, സമകാലിക സമസ്യകളുടെ വെല്ലുവിളികളെ അതിജയിക്കാൻ അദ്ധ്യാപകർക്കെന്നും കരുത്താകട്ടെ ...
ഏവർക്കും അദ്ധ്യാപക ദിനാശംസകൾ...






*എന്റെ_സ്വന്തം_ടീച്ചറമ്മ...*
🌷🌷🌷🌷🌷🌷🌷🌷🌷🌷
ജീവിതത്തിലൊരിക്കലും മറക്കാനാകാത്ത ജെസി എന്ന എന്റെ ടീച്ചറമ്മ...പുസ്തകത്താളുകളിൽ നിന്ന് കുട്ടികളുടെ മനസിലേക്കിറങ്ങിയ...സങ്കടപ്പെടുമ്പോളെന്നെ നെഞ്ചോട് ചേർത്താശ്വസിപ്പിച്ച... കലാലയ കാമ്പസിലെ പതറാത്ത കാൽവെപ്പുകൾക്കീണം പകർന്ന ...അമ്മയായും ഉമ്മിയായും അദ്ധ്യാപികയായും...കലാലയത്തിലെ അവസാന ദിവസം വിട പറയാൻ കഴിയാതെ വിതുമ്പിക്കരഞ്ഞ ഗുരു ശിഷ്യബന്ധം...കലാലയത്തിലും ഞാൻ വിളിച്ചിരുന്നത് ടീച്ചറമ്മേന്ന്...പഠിക്കുന്ന കുട്ടികളെ പിറകിലിരുത്തി-പഠിക്കാത്ത കുട്ടികളെ മുന്നിലിരുത്തി- പഠിക്കാത്തവരെ മാത്രം പഠിപ്പിച്ച-പഠിക്കുന്നവർ അത് കേട്ട് പഠിക്കട്ടെ എന്ന് പറഞ്ഞ... കലാലയ ജീവിതത്തിലെ ഇണക്കങ്ങളിലും പിണക്കങ്ങളിലും പെറ്റമ്മയുടെ സ്നേഹവുമായൊപ്പമുണ്ടായിരുന്ന...ജീവിതത്തിലൊരിക്കലും വടി ഉപയോഗിക്കാതെ സ്നേഹം കൊണ്ട് കുട്ടി മനസുകളെ കീഴടക്കിയ...ടീച്ചറമ്മയുടെ സ്നേഹത്തിന് മുന്നിൽ എങ്ങിനെയാണ് പഠിക്കാതിരിക്കാൻ കഴിയുക എന്ന് പഠിക്കാത്ത കുട്ടികളെക്കൊണ്ട് പോലും പറയിപ്പിച്ച... ഒരിക്കൽ മാത്രം, അതും ഒരു വിഷയത്തിന് മാത്രമല്പം മാർക്ക് കുറഞ്ഞതിന്റെ പേരിൽ കണ്ണ് നിറഞ്ഞതെന്റെ ടീച്ചറമ്മയുടെ... അതൊലിച്ചിറങ്ങിയത് എൻ ഹൃദയത്തിലൂടെ...കോളേജ് കാമ്പസിന്റെ കളിക്കളം മാറിയെങ്കിലും ഓരോ ചുമരുകൾക്ക് പിന്നിലും എന്റെ ടീച്ചറമ്മ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു...എന്തെങ്കിലും കുറുമ്പ് കാട്ടാൻ തുനിയുമ്പോൾ ''മോളേ ഫാതീ...'' എന്ന വിളി അന്തരീക്ഷത്തിലലയടിക്കുന്നു... ടീച്ചറമ്മയുടെ ക്യാമ്പസിൽ നിന്ന് അവസാന ദിവസം കണ്ണീരിൽ കുതിർന്ന യാത്രാമംഗളം...നെറ്റിയിൽ ചുടുമുത്തം തന്ന്- കാതിൽ മന്ത്രിച്ച മാന്ത്രിക വാക്യം... ''എന്റെ മോളൂട്ടി പഠിച്ച് മിടുക്കിയാകണം... ആരുടെ മുന്നിലുമൊരിക്കലും തോറ്റ് കൊടുക്കരുത്... ഇന്ന് തോറ്റാൽ ഇനി ഒരിക്കലും ജയിക്കാനാകില്ലെന്ന തിയറി ഒരിക്കലും മറക്കരുത്...''... മടിച്ച് മടിച്ച് കലാലയ ഗെയിറ്റിലെത്തി തിരിഞ്ഞ് നോക്കിയപ്പോൾ ഉള്ളിലെ സങ്കടം കടിച്ചൊതുക്കി കൈ വീശി യാത്രയാക്കുന്ന ടീച്ചറമ്മ...അക്ഷരത്തിന്റെ കളിമുറ്റത്ത് പിച്ച വെച്ച ഇന്നലേകൾ കൊച്ചു നീറ്റലായി... എന്റെ നിറഞ്ഞ കണ്ണുകളിൽ ടീച്ചറമ്മയുടെ കാഴ്ച അവ്യക്തമായിക്കൊണ്ടിരുന്നു...
        ✍️ഫാതിമാ റഷീദ്[FB പോസ്റ്റ്]