page

Saturday, 16 February 2019

സൂഫിസം ഇമാം ശാഫി(റ) പറഞ്ഞതെന്ത്...?

#സുജാതയും_സൂഫിയും_കുളം_കലക്കി_തിമിങ്കലത്തെ_പിടിക്കാനിറങ്ങിയ_വഹാബികളും...!
സിനിമ കലക്കപ്പുറം ഒരു ബിസിനസ് ഫീൽഡാണ്. കഥയിലോ പാട്ടിലോ പേരിലോ വിവാദങ്ങളുണ്ടാക്കിയോ അല്ലാതെയോ ശ്രദ്ധയാകർശിക്കുക എന്നത് ഇന്ന് വ്യാപകമായി പരീക്ഷിച്ച് വിജയിച്ച ഒരു മഹാ കർമ്മമാണ്. ഇതൊന്നും തിരിയാത്തവരായി ഭാവിച്ച് മതത്തെ സിനിമയിലേക്ക് വലിച്ചിഴച്ച് മികച്ച അഭിനയം കാഴ്ച വക്കുന്ന ചില ''വിമർശകർക്ക് '' പ്രത്യേക അവാർഡ് തന്നെ കൊടുക്കേണ്ടിയിരിക്കുന്നു. ഏതായാലും അനുകൂലിച്ചും പ്രതികൂലിച്ചും വൻ ഹിറ്റാക്കിയവർക്കെല്ലാം ''ആശംസകൾ ''  നേരുന്നു.
ഇതിനിടയിൽ ,കുളം കലക്കി തിമിങ്കലത്തെ പിടിക്കാനിറങ്ങിയ വഹാബീ പുത്തി ജീവികളെ നാം കാണാതെ പോകരുത്.ശാഫി[റ]ഇമാമിന്റെ ഒരു ഉദ്ധരണി കട്ടുമുറിച്ചാണ് മുസ്ലിംകൾക്കെതിരെ- ചെസ് ബോർഡിൽ ചെക്ക് വക്കാൻ മൗലവിമാർ കളത്തിലിറങ്ങിയത്.
യഥാർത്ഥത്തിൽ -സൂഫിസ വിഷയത്തിൽ  ഇമാം ശാഫി(റ) പറഞ്ഞതെന്ത്...?
ഇമാം ശാഫിഈ(റ) പറഞ്ഞതിന്റെ സാരമെന്ത്..?
ഫിഖ്ഹ്, അഖീദഃ, തസ്വവ്വുഫ് ഇവ ദീനിന്റെ മൂന്ന് അടിത്തറകളുടെ വിജ്ഞാനശാഖകളാണ്.
എന്നാല്‍ ഇതില്‍ ഏതെങ്കിലും ഒന്ന് സ്വീകരിച്ച് മറ്റുള്ളവ ഒഴിവാക്കുകയെന്നത് വലിയ പിഴവിലേക്കായിരിക്കും നമ്മെ കൊണ്ടെത്തിക്കുക .
എല്ലാ കാലങ്ങളിലും ഇത് നമുക്ക് കാണാനാകും. വെറും വിശ്വാസം മാത്രമുള്ളവര്‍.
കര്‍മ്മമോ ആത്മീയതയോ അവര്‍ക്കില്ല.
ഇനി കര്‍മ്മമുള്ളവര്‍ വിശ്വാസമോ ആത്മീയതയോ ഇല്ല.
ഇനിയൊരു വിഭാഗം ആത്മീയതയുണ്ട്, പക്ഷെ യഥാവിധത്തിലുള്ള വിശ്വാസമോ കര്‍മ്മങ്ങളോ അവര്‍ക്കുണ്ടാകില്ല.
ഇത്തരം വിഭാഗങ്ങളെ അക്കാലത്തെ എല്ലാ ഉലമാക്കളും ശക്തമായി എതിര്‍ത്തിട്ടുണ്ട്.
ദീനില്‍ പ്രധാനമായും മൂന്ന് അടിസ്ഥാനങ്ങളാണുള്ളത്. ഈമാന്‍, ഇസ്‍ലാം, ഇഹ്‍സാന്‍. ഇതില്‍ ഏതെങ്കിലും ഒന്ന് നഷ്‍ടപ്പെട്ടാല്‍ അവനൊരിക്കലും യഥാര്‍ത്ഥ മുഅ്‍മിനോ മുസ്‍ലിമോ ആവുകയില്ല.
മൂന്നും അവനില്‍ ഒരുമിക്കണം. ഇതില്‍ ഇസ്‍ലാം എന്ന അടിസ്ഥാനം പ്രാവര്‍ത്തികമാക്കാനാണ് ഫിഖ്ഹ് എന്ന വിജ്ഞാനശാഖയും മദ്ഹബുകളും ഉണ്ടായത്.
ഈമാന്‍ എന്ന അടിസ്ഥാനം വിശ്വാസത്തില്‍ രൂഢമൂലമാക്കാനാണ് ഇല്‍മുല്‍ അഖീദഃ എന്ന വിജ്ഞാനശാഖയും ത്വരീഖുകളും ഉണ്ടായത്. അത് പോലെ ഇഹ്‍സാന്‍ എന്ന അടിസ്ഥാനം നമുക്ക് ഉണ്ടാക്കിത്തീര്‍ക്കാനാണ് തസ്വവ്വുഫ് എന്ന വിജ്ഞാനശാഖയും ത്വരീഖത്തുകളും ഉണ്ടായത്. അപ്പോള്‍ തസ്വവ്വുഫ് എന്നത് ശരീഅത്തിന്റെ ഒരു വിജ്ഞാനശാഖയാണ്.
അഥവാ ആത്മാവിനെ ശുദ്ധീകരിച്ച് മോശം സ്വഭാവങ്ങളെ ഒഴിവാക്കി സദ്സ്വഭാവങ്ങളെ നമ്മില്‍ സ്ഥിരപ്പെടുത്തി അല്ലാഹുവിന് ആത്മാര്‍ത്ഥമായി ഇബാദത്ത് ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇഹ്സാന്‍ എന്നാണ് ഈ ലക്ഷ്യത്തിനെ പറയുക.
മഹാനായ ഇമാം മാലിക്(റ)വിന്റെ വചനം വളരെ പ്രസിദ്ധമാണ്.
"ആരെങ്കിലും തസ്വവ്വുഫ് പ്രാവര്‍ത്തികമാക്കി, പക്ഷെ ഫിഖ്ഹ് നേടിയില്ല. എങ്കില്‍ അവന്‍ വഴിപിഴച്ചവനായി. ആരെങ്കിലും ഫിഖ്ഹ് നേടി, പക്ഷെ തസ്വവ്വുഫ് നേടിയില്ല. എങ്കില്‍ അവന്‍ തെമ്മാടിയായി.
ആരെങ്കിലും ഫിഖ്ഹിനോടൊപ്പം തസ്വവ്വുഫും ഒരുമിച്ച് കൂട്ടി. എങ്കില്‍ തീര്‍ച്ചയായും അവന്‍ ഉറച്ച വിശ്വാസം നേടിയിരിക്കുന്നു".
ശ്രദ്ധിക്കൂ... ഇതില്‍ നിന്നും ഫിഖ്ഹും തസ്വവ്വുഫും ഒരുമിച്ച് വേണമെന്ന് നമുക്ക് മനസ്സിലായി.
ഇത് തന്നെയാണ് ഇമാം ശാഫിഈ(റ)വും പറഞ്ഞതും. "ആരെങ്കിലും പകലിന്റെ തുടക്കത്തില്‍ തസ്വവ്വുഫുള്ളവനായാല്‍, മഹാമണ്ടനായിട്ട് എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടല്ലാതെ ദുഹര്‍ അവന്റെ മേല്‍ കടന്നുവരികയില്ല.
ഇമാം ശാഫിഈ ഈ പറഞ്ഞത് ഫിഖ്ഹില്ലാതെ തസ്വവ്വുഫ് സ്വീകരിക്കുന്നവരെക്കുറിച്ചാണ്.
ഇക്കാലത്ത് ഇത്തരം സ്വഭാവക്കാര്‍ വളരെ അധികരിച്ചിട്ടുമുണ്ട്.
ഇതാണ് ഇമാം ശാഫിഈ(റ) ഉദ്ദേശിച്ചത്. എന്നല്ലാതെ, യഥാര്‍ത്ഥ സൂഫിയാക്കളെയല്ല. സഹോദരങ്ങളേ, ഇവിടെയാണ് ഒഹാബികളുടെ കള്ളക്കളി പുറത്താകുന്നത്. അവര്‍ വിവര്‍ത്തനത്തില്‍ വലിയൊരു കാപട്യം നടത്തിയിരിക്കുന്നു.
എന്തെന്നല്ലേ... നിങ്ങള്‍ ആ അറബി മൂലമൊന്ന് ശ്രദ്ധിച്ച് നോക്കൂ..
لو أن رجلاً تصوَّف من أول النهار لم يأت عليه الظهر إلا وجدته أحمق
: ഇതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മുകളില്‍ പറഞ്ഞത് പോലെയാണ്. എന്നാല്‍ വഹാബികള്‍ തസ്വവ്വുഫ് നേടി എന്നതിന് [യഥാർത്ഥ]സ്വൂഫിയായി എന്നാണ് വിവര്‍ത്തനം നല്‍കിയത്.
പ്രത്യേകം ശ്രദ്ധിക്കുക, [യഥാർത്ഥ]സൂഫി ആയാല്‍ എന്നല്ല, തസ്വവ്വുഫ് നേടിയാല്‍ എന്നാണ്. തസ്വവ്വുഫ് പഠിച്ചുവെന്ന് കരുതി ഒരാള്‍ യഥാർത്ഥ സൂഫിയാകില്ല. യഥാർത്ഥ സൂഫി കര്‍മ്മനിരതനായിരിക്കും. കർമ നിരതനാകണമെങ്കിൽ ഫിഖ്ഹ് കൂടിയേ തീരൂ...
ഫിഖ്ഹില്‍ അത്യാവശ്യമുള്ളതൊക്കെ പഠിച്ച് സദാ കര്‍മ്മം ചെയ്യുന്നവനായിരിക്കും സൂഫി.
എന്നാല്‍ വഹാബികള്‍ എന്താണ് ചെയ്‍തത്. അവര്‍ പതുക്കെ തസ്വവ്വഫ എന്ന ക്രിയയുടെ അര്‍ത്ഥം മാറ്റി [യഥാർത്ഥ]സൂഫി എന്നാക്കി. എന്തിന് വേണ്ടി...?.... സകലസൂഫികളെയും ഇമാം ശാഫിഈ(റ) മോശമാക്കി എന്ന് വരുത്തിത്തീര്‍ക്കാന്‍. ഇതാണ് അവരുടെ സ്ഥിരം പരിപാടി. വളരെ തന്ത്രപരമായി വിവര്‍ത്തനത്തില്‍ കളവ് കാട്ടും.
മൊത്തത്തില്‍ ഫിഖ്ഹ് പഠിക്കാതെ തസ്വവ്വുഫ് മാത്രം പഠിക്കുന്നവനെക്കുറിച്ചാണ് ഇമാം ശാഫിഈ(റ) പറഞ്ഞത് .അല്ലാതെ മൊത്തം സൂഫിയാക്കളെയല്ല. അപ്രകാരം ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ തനിച്ച കളവാണ് അവന്‍ വാദിക്കുന്നത്.
ഇവിടെ ഒരു കാര്യം ശ്രദ്ധിച്ചിരുന്നോ. എന്തിനാണ് ഇമാം ശാഫിഈ പകലിന്റെ ആദ്യവും ദുഹറും എടുത്ത് പറഞ്ഞത്. ഒരുവന്‍ പകലിന്റെ തുടക്കം മുതല്‍ തസ്വവ്വുഫ് മാത്രം പഠിക്കുകയും മറ്റൊന്നും പഠിക്കാത്തിരിക്കുകയും ചെയ്യുന്നതോട് കൂടി അവന് ഫിഖ്ഹിലെ ശുദ്ധീകരണനിയമങ്ങളോ നിസ്‍കാരനിയമങ്ങളോ പഠിക്കാന്‍ കഴിയാതാകും.
ഫലമോ, ദുഹര്‍ ആകുമ്പോഴേക്കും വേണ്ടവിധത്തില്‍ നിര്‍ബന്ധബാധ്യത നിറവേറ്റാനാകാത്ത ഒരു ഹമുക്കായിട്ടല്ലാതെ അവനെ കാണാന്‍ കഴിയില്ല. ഇതാണ് മഹാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം...
കണ്ടില്ലേ...തസ്വവ്വുഫിന്റെ ഇമാമീങ്ങളെ ബഹുമാനിക്കുന്നത് എങ്ങനെയാണെന്ന്... തസ്വവ്വുഫിന്റെ ഇമാമീങ്ങളെ പിന്‍പറ്റുന്നതിനെ വല്ലാതെ ആഗ്രഹിച്ചിരുന്ന മഹാനായിരുന്നു ഇമാം ശാഫിഈ(റ). മഹാനവര്‍കളുടെ ഈ പ്രഖ്യാപനം വളരെ പ്രസിദ്ധമാണ് :
حبب إلي من دنياكم ثلاث: ترك التكلف، وعشرة الخلق بالتلطف، والاقتداء بطريق أهل التصوف
ദുന്‍യാവില്‍ തനിക്കിഷ്‍ടമുള്ള മൂന്ന് കാര്യങ്ങളെയാണ് ഇമാമവർകൾ എടുത്ത് പറയുന്നത്. അതില്‍ മൂന്നാമത്തേതായി അവിടുന്ന് പറയുന്നത് എന്താണെന്ന് നോക്കൂ : "തസ്വവ്വുഫിന്റെ വക്താക്കളുടെ പാതയെ പിന്തുടരല്‍ "...
എത്ര കൃത്യമാണ് അവിടുത്തെ വാക്കുകൾ... അതു പോലും വെട്ടിമുറിച്ച്, സൂഫികൾ വിഢികളാണെന്ന് ശാഫി ഇമാം പറഞ്ഞെന്ന് പറഞ്ഞ് , പാവങ്ങളെ പറ്റിച്ച് ആഹിറം നഷ്ടപ്പെടുത്തുന്നവർ മാപ്പർഹിക്കുന്നുണ്ടോ എന്ന്- ഇവരെ അന്ധമായി വിശ്വസിക്കുന്ന പാമര ജനങ്ങൾ ചിന്തിക്കട്ടെ...!... ഓർക്കുക- ചിന്തിക്കുന്നവർക്ക് മാത്രമേ ദൃഷ്ടാന്തങ്ങളുള്ളൂ... നുണ പറയൽ മത്സരം നടത്തി റെക്സോണാ സോപ്പ് സമ്മാനം വാങ്ങിയ വഹാബികൾക്കെന്ത് ഇമാം ശാഫി... എന്ത് തസവ്വുഫ്...

          #ഫാതിമാ_റഷീദ്...