page

Thursday, 21 November 2019

ബിദ്അത്ത് ചെയ്യാത്തവർ കല്ലെറിയട്ടെ !

1. പള്ളിയുടെ മുകളിലോ താഴെയോ സ്ത്രീകൾക്ക് പ്രത്യേകം സ്ഥലം ഏർപ്പെടുത്തുന്ന രീതി നബിയോ സ്വഹാബത്തോ ചെയ്തിട്ടുണ്ടോ? അത് പിൽക്കാലത്താണ്ടായ ബിദ്അത്തല്ലേ?

2. ഇരു ഹറമുകളിലുൾപ്പെടെ റമള്വാൻ 27-ാം രാവിന് ഖതമുൽ ഖുർആനും പ്രത്യേക പ്രാർഥനയും നടത്തുന്ന ഏർപ്പാട് നബിയോ സ്വഹാബത്തോ ചെയ്തിട്ടുണ്ടോ? അത് പിൽക്കാലത്ത് ബിദ്അത്തല്ലേ?

3. മയ്യിത്ത് മറമാടുമ്പോൾ
اللهم ثبته عند السؤال اللهم الهمه الجواب اللهم جاف القبر جنبيه اللهم اغفر له وارحمه اللهم امنه من كل الفزع اللهم اغفر له وارحمه
എന്ന വാക്കുകൾ ഉപയോഗിച്ചു നബിയോ സ്വഹാബത്തോ തസ്ബീത്ത് ചൊല്ലിയിട്ടുണ്ടോ? ആ പദങ്ങൾ പിൽക്കാലത്തുണ്ടാക്കിയ ബിദ്അത്തല്ല?

4. ഇന്നു കാണുന്ന വിധത്തിലുള്ള 30 ജുസുകളുള്ള, ഹർക്കത്തുകളും പുള്ളികളുമുള്ള മുസ്ഹഫ് നബിയുടെ കാലത്തോ സ്വഹാബത്തിന്റെ കാലത്തോ ഉണ്ടോ? അപ്പോൾ, ഇബാദത്താണെന്ന ഉദ്ദേശ്യത്തോടെ അന്നില്ലാത്ത മുസ്ഹഫുകൾ ഉണ്ടാക്കുന്നതും അതിൽ നോക്കി ഓതുന്നതും ബിദ്അത്തല്ലേ?

5. പള്ളികൾക്ക് മിനാരം പണിയുന്ന ഏർപ്പാട് നബിയോ സ്വഹാബത്തോ ചെയ്തിട്ടുണ്ടോ? അപ്പോൾ പള്ളിക്ക് മിനാരം പണിതാൽ കൂലി കിട്ടും എന്നു കരുതിയോ അല്ലാതെയോ ചെയ്യുന്നത് ബിദ്അത്തല്ലേ?

6. വധൂ പിതാവിനും വരനും പുറമെ, നിക്കാഹിന് കാർമികത്വം വഹിക്കാൻ ഇടനിലക്കാരനായി ഒരു മൗലവിയെ വെക്കുന്ന ഏർപ്പാട്, അതിനു വേണ്ടി മഹല്ലുകളിൽ പ്രശ്നങ്ങൾ വരെ സൃഷടിക്കുന്ന ഏർപ്പാട് നബിയുടെയോ സ്വഹാബത്തിന്റെയോ കാലത്തുണ്ടോ? അത് ബിദ്അത്തല്ലേ?

7. അനറബി ഭാഷയിൽ ഖുതുബ നിർവഹിക്കുന്ന ശൈലി നബി നിർവഹിച്ചിട്ടുണ്ടോ? ആഫ്രിക്ക, ചൈന, യൂറോപ്പ്, ഇന്ത്യ തുടങ്ങിയ അനറബി നാടുകളിൽ ജീവിച്ചു മരിച്ച സ്വഹാബികൾ നിർവഹിച്ചിട്ടുണ്ടോ? അത് ബിദ്അത്തല്ലേ?

8. പ്രവാചകന്റെ ഹദീസുകൾ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തി വെക്കാൻ നബി കൽപ്പിച്ചതിനു ഖണ്ഡിതമായ രേഖകളുണ്ടോ? സ്വഹാബികൾ ഉണ്ടാക്കിയ ഹദീസ് ഗ്രന്ഥങ്ങൾ ഏതെല്ലാം? നബിയുടെയും സ്വഹാബത്തിന്റെയും കാലത്ത് ഇല്ലാത്ത ബുഖാരി, മുസ് ലിം തുടങ്ങിയ ഗ്രന്ഥങ്ങൾ കൂലി കിട്ടുമെന്ന വിചാരത്തിൽ പാരായണം ചെയ്യലും അതിനെ പ്രമാണമായി കാണലും ബിദ്അത്തല്ലേ?

9. നബിയോ സ്വഹാബികളോ ദീനി ദഅവത്തിനു സംഘടനകൾ രൂപീകരിച്ചിട്ടുണ്ടോ? അന്നില്ലാത്ത വിധം സംഘടനകൾ ഉണ്ടാക്കുന്നത് ബിദ് അത്താണെന്ന 'സംഘടനയില്ലാ സംഘടന'ക്കാരുടെ വാദം ന്യായമല്ലേ?

10. ഖുർആനിൽ ശാസ്ത്രീയ രഹസ്യങ്ങളുണ്ടെന്നു തെളിക്കാൻ ആയത്തുകൾക്കു ശാസ്ത്രീയ വ്യാഖ്യാനം പറയുന്ന ശൈലി നബിയോ സ്വഹാബത്തോ സ്വീകരിച്ചിട്ടുണ്ടോ? അത് ബിദ്അത്തല്ലേ?