page

Tuesday, 19 November 2019

നബിയുടെ ഖബർ സിയാറത്ത് ചെയ്യൽ !

ഇമാം നവവി(റ) പ്രസിദ്ധ ഗ്രന്ഥമായ ഈളാഹില്‍ തിരുനബി(സ്വ)യെ സിയാറത്ത് ചെയ്യുന്നത് സംബന്ധിയായി ഒരു അധ്യായം തന്നെ കുറിച്ചു. അതിന് നല്‍കിയ തലക്കെട്ട് “ഫീ സിയാറത്തി ഖബ്രി മൗലാനാ വ സയ്യിദിനാ റസൂലുല്ലാഹി(സ്വ)’’ എന്നാണ്. ഇമാം നവവി(റ) പറഞ്ഞു: “ഹജ്ജും ഉംറയും കഴിഞ്ഞതിനുശേഷം മക്കയില്‍ നിന്ന് മദീനയിലേക്കെത്തണം. നബിയുടെ വിശുദ്ധ റൗള സിയാറത്തിനാണത്. ഏറ്റവും പുണ്യമായ ആരാധനയാണത്. ബസ്സാര്‍, ദാറുഖുത്നി, ഇബ്നു ഉമര്‍(റ)വില്‍ നിന്ന് ഉദ്ധരിക്കുന്നു: നബി(സ്വ) പറഞ്ഞു, എന്റെ ഖബ്ര്‍ ഒരാള്‍ സിയാറത്ത് ചെയ്താല്‍ എന്റെ ശഫാഅത്ത് അവന് നിര്‍ബന്ധമായി. നബിയുടെ ഖബ്ര്‍ ശരീഫിനടുത്ത് അവന്‍ ചെന്നു നില്‍ക്കണം. റൗളയുടെ ചുമരിന്നഭിമുഖമായി ഖിബ്ലക്ക് പിന്നിട്ടാണ് നില്‍ക്കേണ്ടത്. ഭൗതികമായ മുഴുവന്‍ വിചാരങ്ങളില്‍ നിന്നും മുക്തനായി കണ്ണടച്ച് തിരുനബിയുടെ മഹത്ത്വവും സ്ഥാനവും മനസ്സില്‍ കൊണ്ടുവന്നുള്ള നില്‍പ്പ്. ശേഷം ശബ്ദം ഉയര്‍ത്താതെ സലാം പറയണം. ആരെങ്കിലും സലാം പറഞ്ഞേല്‍പ്പിച്ചതുണ്ടെങ്കില്‍ അതും പറയുക. ശേഷം സിദ്ദീഖ്(റ), ഉമര്‍(റ) എന്നിവര്‍ക്ക് സലാം പറയണം. അതിനു ശേഷം നബിയുടെ ഖബ്ര്‍ ശരീഫിന്നരികില്‍ തന്നെയെത്തി തിരുനബിയെ തവസ്സുല്‍ ചെയ്ത് പ്രാര്‍ത്ഥിക്കണം. പ്രാര്‍ത്ഥനയില്‍ വെച്ച് ഏറ്റവും നല്ലത് ഉതബിയില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന പ്രാര്‍ത്ഥനയാണ്’’ (ഈളാഹ്/487513).
ഈ ആശയം ഇമാം നവവി(റ) ശറഹുല്‍ മുഹദ്ദബ് 8/272ലും പറയുന്നുണ്ട്. അദ്കാറില്‍ ഇമാം പറഞ്ഞു: സിയാറത്ത് വര്‍ധിപ്പിക്കുക, നന്മയും മഹത്ത്വവുമുള്ളവരുടെ ഖബ്റുകള്‍ക്ക് സമീപം ധാരാളം സമയം നില്‍ക്കലും സുന്നത്താണ്’’ (അദ്കാര്‍ 152).
ഹമ്പലീ പണ്ഡിതപ്രമുഖന്‍ അബ്ദുല്ലാഹിബ്നു ഖുദാമ പറയുന്നു: “നബി(സ്വ)യുടെ ഖബ്ര്‍ സിയാറത്ത് ചെയ്യല്‍ സുന്നത്താണ്. ഇബ്നു ഉമര്‍(റ)ല്‍ നിന്ന് ദാറുഖുത്നി ഉദ്ധരിക്കുന്ന ഹദീസ് അതിന് തെളിവാണ്. ഒരാള്‍ ഹജ്ജ് ചെയ്യുകയും എന്റെ ഖബ്ര്‍ സിയാറത്ത് ചെയ്യുകയും ചെയ്താല്‍ അവന്‍ എന്റെ ജീവിതകാലത്ത് എന്നെ സന്ദര്‍ശിച്ചവനെ പോലെയാണ്. ഇബ്നു ഖുദാമയും ഈ ചര്‍ച്ച അവസാനിപ്പിക്കുന്നത് ഉതബിയുടെ സംഭവവും പ്രസിദ്ധമായ ഈരടികളും ഉദ്ധരിച്ചുകൊണ്ടാണ്’’ (മുഗ്നി 3/56).
മറ്റൊരു ഹമ്പലി പണ്ഡിതന്‍ അബ്ദുറഹ്മാനുബ്നു ഖുദാമ: “ഹജ്ജില്‍ നിന്ന് വിരമിച്ചാല്‍ നബിയുടെ ഖബ്ര്‍ ശരീഫ് സിയാറത്ത് ചെയ്യല്‍ സുന്നത്താണ്. സിദ്ദീഖ്, ഉമര്‍(റ) എന്നിവരുടെ ഖബ്റും സിയാറത്ത് ചെയ്യണം. സൂറതുന്നിസാഇലെ 64ാം ആയത്ത് ഉള്‍പ്പെടുത്തി സലാമും ദുആയും എടുത്തുദ്ധരിച്ച് കൊണ്ടാണ് ഇബ്നു ഖുദാമ സംസാരിക്കുന്നത്’’ (ശറഹുല്‍ കബീര്‍ 3/495).
ഇമാം മന്‍സൂറുല്‍ ബുഹൂതി: “ഹജ്ജില്‍ നിന്ന് വിരമിച്ച ശേഷം നബി(സ്വ), സിദ്ദീഖ്(റ), ഉമര്‍(റ) എന്നിവരുടെ ഖബ്ര്‍ സിയാറത്ത് സുന്നത്താണ്’’ (കശ്ശാഫുല്‍ ഖിനാഅ് 2/598). ശൈഖ് മര്‍ആബ്നു യൂസുഫ്: “നബി(സ്വ), സിദ്ദീഖ്(റ), ഉമര്‍(റ) എന്നിവരുടെ ഖബ്ര്‍ സിയാറത്ത് ചെയ്യല്‍ സുന്നത്താണ്’’ (ദലീലുത്വാലിബ് 3/523). അല്ലാമാ ശംസുദ്ദീന്‍ മഖ്ദൂസി: “നബിയുടെ മേല്‍ സ്വലാത്ത് ചൊല്ലലും നബിയുടെ ഖബ്ര്‍ ശരീഫ്, സിദ്ദീഖ്, ഉമര്‍(റ) എന്നിവരുടെ ഖബ്റുകള്‍ സിയാറത്ത് ചെയ്യലും സുന്നത്താണ്’’ (അല്‍ഫുറൂഅ് 3/523).
ഇമാം ഹാകിം മുസ്തദ്റകില്‍ അത്വാഅ്(റ)ല്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസ് ഇങ്ങനെ: നബി(സ്വ)യെ ഉദ്ധരിച്ച് അബൂഹുറൈറ(റ) പറയുന്നു: ഈസാ(അ) എന്റെ ഖബ്റിന്നരികില്‍ വരും, എനിക്ക് സലാം പറയും, ഞാന്‍ സലാം മടക്കും’’ (മുസ്തദ്റക് 2/251).
ഇമാം ഹാകിമിന്ന് പുറമെ, ഹാഫിള് ദഹബിയും ഹദീസിനെ ബലപ്പെടുത്തുന്നുണ്ട്. ഈ ഹദീസ് അബൂയഅ്ലാ തന്റെ മുസ്നദില്‍ മറ്റൊരു പരമ്പരയിലൂടെ ഉദ്ധരിക്കുന്നു. അതില്‍ ഇങ്ങനെ കൂടി കാണാം: “ഈസാ നബി(അ) എന്റെ ഖബ്റിന്നരികില്‍ വന്നുകൊണ്ട് യാ മുഹമ്മദ് എന്നു വിളിക്കും. ഞാന്‍ അതിനുത്തരം നല്‍കും’’ (മുസ്നദ് അബിയഅ്ലാ 11/462).
ഇബ്നുന്നജ്ജാര്‍ ഈ ഹദീസ് ചെറിയ വ്യത്യാസത്തോടെ ദുര്‍ത്തുസ്സമീന ഫീ താരീഖില്‍ മദീനയില്‍ ഉദ്ധരിക്കുന്നുണ്ട്. നബിയോട് നേരില്‍ സലാം പറയുന്ന പ്രാധാന്യത്തോടെ തന്നെ റൗളക്കരികിലെത്തി നബി(സ്വ)ക്ക് സലാം പറയുന്നതിലും ശുഷ്കാന്തി കാണിച്ചവരായിരുന്നു പൂര്‍വമഹത്തുക്കള്‍. ഖഫാജി പറയുന്നു: “നബി(സ്വ)ക്ക് സലാം പറഞ്ഞയക്കുക എന്നത് സലഫിന്റെ പതിവായിരുന്നു. ഇബ്നു ഉമര്‍(റ) അങ്ങനെ ചെയ്തിരിക്കുന്നു. എത്ര ദൂരെ നിന്ന് സലാം പറഞ്ഞാലും നബി(സ്വ) അത് കേള്‍ക്കുകയും മടക്കുകയും ചെയ്യുമെങ്കിലും സലാം പറഞ്ഞയക്കുന്നതിന് പ്രാധാന്യവും മഹത്ത്വവുമുണ്ട്’’ (നസീമുര്‍രിയാള് 3/516).
ഇമാം ബൈഹഖി(റ) ശുഅബില്‍ പറഞ്ഞു: ഉമറുബ്നു അബ്ദില്‍ അസീസ്(റ) മദീനയില്‍ പോകുന്നവരോട് നബി(സ്വ)യോട് സലാം പറഞ്ഞയക്കാറുണ്ടായിരുന്നു. ശാം ഭരണാധികാരിയായിരിക്കുമ്പോള്‍ യാസിറുബ്നു അബീ സഈദിനോട് പറഞ്ഞു: നിങ്ങള്‍ നബി(സ്വ)യുടെ ഖബ്ര്‍ ശരീഫിനടുത്തെത്തിയാല്‍ നബിക്ക് എന്റെ സലാം പറയണം.
ഹാഫിള് അല്‍ ഹലീമി നബി(സ്വ)യെ സിയാറത്ത് ചെയ്യുന്നത് സംബന്ധിച്ച് എഴുതി: “നബി(സ്വ)യെ സ്വഹാബത്ത് ആദരിച്ചു, ബഹുമാനിച്ചു. നബി(സ്വ)യെ നേരില്‍ കണ്ട സ്വഹാബത്തിന് അതിനു സാധിച്ചു. ഇന്നതിനുള്ള വഴി നബി(സ്വ)യെ സിയാറത്ത് ചെയ്യലാണ്. കാരണം, റസൂല്‍(സ്വ) പറഞ്ഞിട്ടുണ്ട്. എന്റെ വഫാത്തിനു ശേഷം എന്നെ സന്ദര്‍ശിക്കുന്നത് ജീവിതകാലത്ത് സന്ദര്‍ശിക്കുന്നത് പോലെയാണ് (ശുഅബുല്‍ ഈമാന്‍ 1/320).
നബി(സ്വ)യെ സിയാറത്ത് ചെയ്യുന്നവര്‍ക്ക് പ്രചോദനം എന്ന ശീര്‍ഷകത്തില്‍ തന്നെ ഹാഫിള് ഇബ്നു അസാകിര്‍ ഒരു രചന നടത്തി. അതില്‍ അദ്ദേഹം പറഞ്ഞു: “നബിയെ സിയാറത്ത് ചെയ്യുന്നത് സംബന്ധിയായ ഗ്രന്ഥമാണിത്. സിയാറത്ത് ചെയ്യുന്നവര്‍ക്ക് പ്രോത്സാഹനമായാണ് ഇത് രചിച്ചിട്ടുള്ളത്. നബിയുടെ റൗള സിയാറത്ത് ഏറ്റവും മുഖ്യമായ ആരാധനയും അവിടുത്തെ സാന്നിധ്യത്തില്‍ അഭയം തേടുന്നത് ഏറ്റവും ശ്രദ്ധേയ പരിശ്രമവും പള്ളിയിലെത്തുന്നത് ഏറ്റവും പുണ്യമായ ബന്ധവുമാണ്. അവിടെയെത്താന്‍ വാഹനങ്ങള്‍ തയ്യാര്‍ ചെയ്യുക. ആ തിരുസവിധത്തില്‍ കുറ്റങ്ങള്‍ കൊഴിഞ്ഞുവീഴും’’ (ഇത്തിഹാഫുസ്സാഇര്‍/17).
സലഫി വീക്ഷണക്കാര്‍ ആദരിക്കുന്ന ശൗകാനി റൗള സിയാറത്തിനെ കുറിച്ചെഴുതി: “ഭൂരിഭാഗം പണ്ഡിതന്മാരും അതു സുന്നത്താണെന്ന പക്ഷക്കാരാണ്. മാലികി പണ്ഡിതരില്‍ ചിലര്‍ നിര്‍ബന്ധമാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. നിര്‍ബന്ധ കര്‍മത്തോട് അടുത്ത് നില്‍ക്കുന്നതാണെന്ന് ഹനഫീപക്ഷം. ഇബ്നുതീമിയ്യയും ചില ഹമ്പലി പണ്ഡിതന്മാരും മാത്രമാണ് അത് മതപരമല്ലെന്ന് അഭിപ്രായപ്പെട്ടത്. ശേഷം ഓരോരുത്തരുടെയും വാദവും ലക്ഷ്യങ്ങളും ശൗകാനി ഉദ്ധരിക്കുന്നുണ്ട് (നൈലുല്‍ അത്വാര്‍ 5/94,95).
പ്രമുഖ മാലികി പണ്ഡിതന്‍ ശൈഖ് ഹസന്‍ അല്‍ അദ്വി: നീ അറിയുക, നബിയുടെ ഖബ്ര്‍ ശരീഫ് സിയാറത്ത് പ്രബലമായ ആരാധനയാണ്. ഉയര്‍ന്ന പദവികള്‍ സന്പാദിക്കാനുള്ള മാര്‍ഗവുമാണ്. സിയാറത്ത് ചെയ്യുന്നവന്‍ പരമാവധി ഭക്തരാവണം. ഖിബ്ലയുടെ ഭാഗത്തിലൂടെയാണ് ഖബ്ര്‍ ശരീഫിലേക്കെത്തേണ്ടത്. സിദ്ദീഖ്, ഉമര്‍(റ)ന്റെ കാല്‍ ഭാഗത്തിലൂടെ വരികയാണെങ്കില്‍ അതാണ് ഏറ്റവും നല്ല അദബ്. നബിയുമായി അഭിമുഖമായി അവന്‍ നില്‍ക്കണം. ഖലീഫ അബൂ ജഅ്ഫറുല്‍ മന്‍സൂര്‍ മഹാനായ മാലിക്(റ)നോട് ചോദിച്ചു: നബിക്കഭിമുഖമായാണോ ഖിബ്ലക്കഭിമുഖമായാണോ ഞാന്‍ നിന്ന് ദുആ ചെയ്യേണ്ടത്? മാലിക്(റ) പറഞ്ഞു: നീ എന്തിനാണ് നബിയില്‍ നിന്ന് മുഖം തിരിക്കുന്നത്? നബി നിന്റെയും നിന്റെ പിതാവ് ആദം നബിയുടെയും അല്ലാഹുവിലേക്കുള്ള മധ്യവര്‍ത്തിയല്ലേ? ശേഷം നബിക്ക് സലാം പറയണം. ഏറ്റവും നല്ല മര്യാദയും ഭക്തിയും താഴ്മയും അവന്‍ പ്രകടിപ്പിക്കണം. നബിയുടെ ജീവിതകാലത്ത് ആ സന്നിധിയില്‍ നില്‍ക്കുന്നത് പോലെയാണ് നില്‍ക്കേണ്ടത്. കണ്ണടച്ച് മനസ്സാന്നിധ്യത്തോടെ ശബ്ദം താഴ്ത്തി ശരീരാവയവങ്ങള്‍ അടക്കിവെച്ച് കൊണ്ടാണ് സലാം പറയേണ്ടത്.’’
ഹസന്‍ ബസ്വരി(റ) രേഖപ്പെടുത്തി: ഹാതിമുല്‍ അസ്വമ്മ്(റ) പറഞ്ഞു, പടച്ചവനേ നിന്റെ നബി(സ്വ)യുടെ ഖബ്ര്‍ ഞങ്ങള്‍ സിയാറത്ത് ചെയ്തിട്ടുണ്ട്. നീ ഞങ്ങളെ തള്ളിക്കളയരുതേ… ഹാതിമുല്‍ അസ്വമ്മിന് ഉത്തരം ലഭിച്ചു. ഹാതിം, നിങ്ങള്‍ എന്റെ ഹബീബാണല്ലോ, തിരിച്ചുപോവുക. നിങ്ങളും സഹയാത്രികരും മഗ്ഫിറത്ത് ലഭിച്ചവരാണ് (മശാരിഖുല്‍ അന്‍വാര്‍).
ഇമാം അബ്ദുല്‍ ഖാദിര്‍ ജീലാനി: നബി(സ്വ)യെ സിയാറത്ത് ചെയ്യുന്നവന്‍ ഖബ്ര്‍ ശരീഫിനഭിമുഖമായി നിന്നുകൊണ്ട് നബിക്ക് സലാം പറയണം (ഗുന്‍യത്ത്).
ഇങ്ങനെ പണ്ഡിതലോകത്ത് ഏകോപിതമായ ചര്‍ച്ചയാണ് തിരുറൗള സിയാറത്ത് സംബന്ധമായി കാണാനാവുക. പ്രമുഖ ഹദീസ് പണ്ഡിതന്മാര്‍, കര്‍മശാസ്ത്ര വിശാരദന്മാര്‍ തുടങ്ങി ആരും ഇതില്‍ നിന്നൊഴിവല്ല. അമൂല്യ ഗ്രന്ഥങ്ങള്‍ മുസ്‌ലിം ഉമ്മത്തിന് സമ്മാനിച്ച മഹാശയരില്‍ ഭൂരിഭാഗവും പ്രസ്തുത വിഷയത്തില്‍ ഗ്രന്ഥരചന നടത്തി. മറ്റു പലരും അവരുടെ ഗ്രന്ഥങ്ങളില്‍ സിയാറത്ത് സംബന്ധമായ അധ്യായങ്ങള്‍ ചേര്‍ത്തു. ഇമാം ബുഖാരി(റ) “കിതാബു ഫളാഇലില്‍ മദീനത്തില്‍ മുനവ്വറ’’ തന്റെ സ്വഹീഹില്‍ കൊണ്ടുവന്നു. ഇമാം മുസ്‌ലിം മദീനയുടെ ശ്രേഷ്ഠതകള്‍, മദീനക്ക് വേണ്ടി പ്രവാചകര്‍ നടത്തിയ പ്രാര്‍ത്ഥന, മദീനയില്‍ താമസിക്കുന്നതിന്റെ പുണ്യം, മദീന മഹത്ത്വം, അവിടത്തെ പ്രയാസങ്ങള്‍ ക്ഷമിക്കുന്നതിലുള്ള കൂലി, അവിടേക്ക് യാത്ര ചെയ്യുന്നതിന്റെ മഹത്ത്വം തുടങ്ങിയവ തന്റെ സ്വഹീഹില്‍ ഉദ്ധരിച്ചു. ഇമാം ഹാഫിള് അബൂദാവൂദ്, ഇമാം ഹാഫിള് ഇബ്നു മാജ, ഇമാം ഹാഫിള് നസാഇ(റ) എന്നിവര്‍ അവരുടെ സുനനുകളില്‍ മദീനയുടെ മഹത്ത്വങ്ങള്‍ പ്രതിപാദിച്ച് അധ്യായങ്ങള്‍ എഴുതി. ഹാഫിള് ബൈഹഖി തന്റെ സുനനില്‍ ഹജ്ജിനെക്കുറിച്ച് പറയുന്നിടത്ത് നബി(സ്വ)യുടെ ഖബ്ര്‍ സിയാറത്ത് സംബന്ധിച്ച് മാത്രം ഒരു അധ്യായം എഴുതിവെച്ചു. ഹാഫിള് നൂറുദ്ദീനില്‍ ഹൈസമി മജ്മഉസ്സവാഇദില്‍ നബി(സ്വ)യുടെ ഖബര്‍ ശരീഫ് സിയാറത്തിന് പുറമെ, സിയാറത്ത് ചെയ്യുന്നവന്‍ ഖബ്ര്‍ ശരീഫില്‍ മുഖം വെക്കുന്നത് സംബന്ധിച്ച് മാത്രം ഒരു അധ്യായം എഴുതി. ഹാഫിള് മുന്‍ദിരി അത്തര്‍ഗീബു വത്തര്‍ഹീബിലും സമാനമായ ശൈലി സ്വീകരിച്ചു.
ശാഫിഈ, ഹനഫി, ഹമ്പലി, മാലികി തുടങ്ങിയ പ്രസിദ്ധ മദ്ഹബുകളില്‍ ഗ്രന്ഥരചന നടത്തിയവരെല്ലാം സ്വീകരിച്ചതും മറ്റൊരു വഴിയല്ല. ഹജ്ജില്‍ നിന്ന് വിരമിച്ചാല്‍ മദീനയിലേക്ക് തിരിക്കണമെന്ന് ഇമാം നവവി(റ)യുടെ ഈളാഹിന്റെ വരികള്‍ വിശദീകരിച്ചുകൊണ്ട് ഇബ്നുഹജറില്‍ ഹൈതമി(റ) എഴുതി: “ഹജ്ജില്‍ നിന്ന് വിരമിച്ച ശേഷം എന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ നിബന്ധന വെച്ചതിന്റെ താല്‍പര്യം അധിക ഹാജിമാരുടെയും സഞ്ചാരവഴി മദീനയിലൂടെയാവില്ല എന്ന നിലക്കാണ്. അവര്‍ ആദ്യം ഹജ്ജ് നിര്‍വഹിക്കാന്‍ മക്കയിലേക്ക് തിരിക്കണം. ശേഷം ഹജ്ജ് ചെയ്യുന്നവന്റെ ശക്തമായ ബാധ്യതയാണ് മദീനയിലെത്തുക എന്നത്. കാരണം ഹജ്ജ് ചെയ്ത് എന്നെ സിയാറത്ത് ചെയ്യാത്തവന്‍ എന്നോട് പിണങ്ങിയവനാണെന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ട്. നബി(സ്വ)യുടെ ഖബ്ര്‍ ശരീഫ് സിയാറത്ത് ചെയ്യുക എന്നത് പുണ്യകര്‍മമാണെന്നത് മുസ്‌ലിംകളുടെ ഏകോപിതാഭിപ്രായമാണ്. അത് നിര്‍ബന്ധമാണെന്ന് വരെ അഭിപ്രായമുള്ളവരുമുണ്ട്. വിദൂര സ്ഥലങ്ങളില്‍ നിന്ന് ഹജ്ജിന് വരുന്നവര്‍ മദീനയുടെ പരിസരങ്ങളിലൂടെ സഞ്ചരിക്കുകയാണെങ്കില്‍ സിയാറത്തിന് വേണ്ടി ആദ്യം മദീനയിലെത്തുകയാണോ അതല്ല, ഹജ്ജിന് ശേഷം മതിയോ എന്നതില്‍ സലഫിന്നിടയില്‍ അഭിപ്രായാന്തരമുണ്ട്. ആദ്യം ഹജ്ജിന് വേണ്ടി മക്കയിലേക്ക് പോവുകയാണ് നല്ലതെന്നാണ് പ്രബലാഭിപ്രായം. എങ്കിലും സമയം ലഭിക്കുകയും ഹജ്ജിന് ശേഷത്തേക്ക് പിന്തിച്ചാല്‍, അസൗകര്യമാവുകയുമാണെങ്കില്‍ ആദ്യം തന്നെ ഈ പുണ്യകര്‍മം ചെയ്യലാണ് നല്ലത് (ഹാശിയതുബ്നി ഹജര്‍ അലല്‍ ഈളാഹ്/488).
മാലികി മദ്ഹബിലെ പ്രമുഖ കര്‍മശാസ്ത്ര ഗ്രന്ഥമാണ് “ഹിദായതുന്നാസികി അലാ തൗളീഹില്‍ മനാസിക്’’. അതില്‍ ഹജ്ജിന്റെ കര്‍മങ്ങള്‍ വിശദീകരിച്ച ശേഷം സിയാറത്ത് സംബന്ധിയായി ഒരധ്യായം തന്നെ കാണാം. അതില്‍ വിവരിക്കുന്നു: “റൗളാ ശരീഫ് സിയാറത്ത് ചെയ്യല്‍ സുന്നത്താണെന്ന് ഏകോപിച്ച അഭിപ്രായമാണ്. അത് കിതാബ്, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് കൊണ്ട് സ്ഥിരപ്പെട്ട ഏറ്റവും ശ്രേഷ്ഠമായ ആരാധനയാകുന്നു (പേ 170).
ഹനഫി മദ്ഹബിലെ പ്രശസ്ത രചനയാണ് ഇമാം സിന്‍ദിയുടെ ലുബാബുല്‍ മനാസികിന് ശൈഖ് മുല്ലാ അലിയ്യുല്‍ ഖാരി എഴുതിയ അല്‍ മസ്ലകുല്‍ മുതഖസ്സിത്. ഹനഫീ മദ്ഹബില്‍ ഏറ്റവും പ്രാമാണികമായ ഗ്രന്ഥമായ ഇതില്‍ ഹജ്ജിന്റെ ചര്‍ച്ചകള്‍ക്ക് ശേഷം ബാബു സിയാറത്തി സയ്യിദില്‍ മുര്‍സലീന്‍ എന്ന ഒരധ്യായമുണ്ട്. അതിന്റെ ആമുഖത്തില്‍ ഇങ്ങനെ വായിക്കാം: മുഹമ്മദ് നബി(സ്വ)യെ സിയാറത്ത് ചെയ്യല്‍ പുണ്യകരമായ ആരാധനയാണ്. ഉന്നത സ്ഥാനങ്ങള്‍ എത്തിപ്പിടിക്കാന്‍ കഴിയുന്ന സൗഭാഗ്യപാതയുമാണത്. അത് ഉപേക്ഷിക്കല്‍ ഗൗരവമുള്ള അശ്രദ്ധയും ശക്തമായ പിണക്കവുമാണ്. സിയാറത്തിന് തയ്യാറായാല്‍ ആത്മാര്‍ത്ഥമായി അത് നിര്‍വഹിക്കണം (പേ 334,335).
ഹമ്പലി മദ്ഹബിലെ പ്രമുഖ ഗ്രന്ഥമായ അല്ലാമാ അശ്ശൈഖ് അബ്ദുല്ലാഹില്‍ ജംസിറി(റ)ന്റെ “മുഫീദുല്‍ അനാം’’ നബിയെ സിയാറത്ത് ചെയ്യുന്നത് സംബന്ധിച്ച് പ്രത്യേകം പരാമര്‍ശിക്കുന്ന രചനയാണ്.


അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്





*പ്രശ്നോത്തരം*

*സിയാറത്തിന്റെ നേട്ടങ്ങൾ*
*** *** ***
           പ്രശ്‌'നം: അമ്പിയാക്കൾ, ഔലിയാക്കൾ തുടങ്ങിയവരുടെ ഖബർ സിയാറത്ത്‌ ചെയ്യുന്നതിൽ വല്ല പ്രത്യേകതകളും ഉണ്ടോ? എല്ലാ ഖബ്‌ർ സിയാറത്തുകളും ആദ്യം തടയപ്പെട്ടിരുന്നതല്ലേ? ഒരു പാട്‌ അമ്പിയാക്കളുടെ ഖബ്‌ർ ഉള്ള സ്ഥലമാണല്ലോ ശാം, ഫലസ്തീൻ. ഇവിടങ്ങളിൽ പോലും സിയാറത്ത്‌ ചെയ്യുവാൻ ഒരു പ്രോത്സാഹനവും നൽകാത്ത നബി പിന്നീട്‌ ഖബ്‌ർ സിയാറത്ത്‌ ചെയ്യുവാൻ അനുവാദം നൽകിയതിനു കാരണം മരണത്തെ ഓർക്കലല്ലേ?_

_ചില സ്ഥലങ്ങളിൽ വെള്ളിയാഴ്ച്ച രാവിലും തിങ്കളാഴ്ച്ച രാവിലും സ്‌'ത്രീകൾ ഉൾപ്പെടെയുള്ളവർ നേർച്ചയായും അല്ലാതെയും ധാരാളമായി മഹാന്മാരുടെ ഖബ്‌ർ സിയാറത്ത്‌ ചെയ്യൽ പതിവുണ്ടല്ലോ. ഇത്‌ ഏതടിസ്ഥാനത്തിലാണ്‌? ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു._

     
             ഉത്തരം: അമ്പിയാക്കൾ ഔലിയാക്കൾ തുടങ്ങിയവരുടെ ഖബ്‌ർ സിയാറത്ത്‌ ചെയ്യുന്നതിൽ പ്രത്യേകതയുണ്ട്‌. ആ മഹാത്മാക്കളുടെ പാരത്രിക സഹായം അവരെ സിയാറത്ത്‌ ചെയ്യുന്നവർക്ക്‌ ലഭ്യമാകും. ഇതാണ്‌ പ്രത്യേകത. ഭാഗ്യ ദോഷികളായ ഗുണംകെട്ടവരല്ലാതെ ഇത്‌ നിഷേധിക്കുകയില്ല. തുഹ്ഫ 3-201.

     എല്ലാ ഖബ്‌ർ സിയാറത്തുകളും ഇസ്ലാമിന്റെ പ്രാരംഭ കാലത്ത്‌ തടയപ്പെട്ടിരുന്നത്‌ ശരിയാണ്‌. അനിസ്ലാമിക വിശ്വാസങ്ങളിൽ നിന്നും ആചാരങ്ങളിൽ നിന്നും പുതുതായി കടന്നുവന്നിരുന്നവരാകയാൽ അക്കാലത്തെ പതിവനുസരിച്ചുള്ള അരുതായ്മകൾ സിയാറത്ത്‌ വേളയിൽ വന്ന് കൂടാനിടയുള്ളത്‌ കൊണ്ടാണ്‌ അന്നത്‌ തടയപ്പെട്ടിരുന്നത്‌. പിന്നീട്‌ ഇസ്ലാമിക വിശ്വാസങ്ങളും ആചാരങ്ങളുമെല്ലാം സുദൃഢവും സ്ഥിരീകൃതവുമായപ്പോൾ ആ വിലക്ക്‌ നീക്കപ്പെടുകയും സിയാറത്ത്‌ ചെയ്യാൻ നിർദ്ധേശിക്കപ്പെടുകയുമാണുണ്ടായത്‌. തുഹ്ഫ 3-199.

     ശാമിലെ ബൈതുൽ മുഖദ്ദസും പരിസരവും നിരവധി അമ്പിയാക്കളുടെ ഖബറുകളുള്ള സ്ഥലമായിരുന്നെങ്കിലും നബി (സ) യുടെ ജീവിത കാലത്ത്‌ സഹാബത്തിന്‌ അങ്ങോട്ട്‌ പോകുന്നതിനേക്കാൾ അനിവാര്യവും ബാദ്ധ്യതയും  നബിയോടൊപ്പം മദീനത്ത്‌ ജീവിച്ച്‌ ദീൻ പഠിക്കുകയും വരും തലമുറക്ക്‌ അത്‌ പകർന്ന് നൽകുവാൻ സജ്ജരാവുകയുമായിരുന്നു. ഇതിനിടയിലും മദീനത്തും പരിസരത്തും ലഭിക്കുന്ന പുണ്യമാർന്ന സിയാറത്തുകൾ നിർവ്വഹിച്ച്‌ കൊണ്ട്‌ തന്നെ നബി (സ) തങ്ങൾ  അവർക്ക്‌ മാതൃകയാവുകയും പ്രോത്സാഹനം നൽകുകയും ചെയ്തിരുന്നത്‌ സുവിദിതമാണ്‌. ഉഹ്ദ്‌ ശുഹദാക്കളെ നബി (സ) തങ്ങൾ എല്ലാ ശനിയാഴ്ചയും സിയാറത്ത്‌ ചെയ്യാനായി യാത്ര ചെയ്തിരുന്നത്‌ പ്രസിദ്ധ ചരിത്രമാണ്‌.

     താങ്കൾ ധരിച്ചത്‌ പോലെ എല്ലാ ഖബ്‌ർ സിയാറത്തിലും ഉള്ളടങ്ങിയിട്ടുള്ളത്‌ മരണത്തെ ഓർക്കൽ മാത്രമല്ല. ഇതേ കാരണത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല നബി (സ) സിയാറത്തിനു നിർദ്ധേശം നൽകിയിട്ടുള്ളതും. മുസ്ലിം-അമുസ്ലിം ഭേദമില്ലാതെ, പരിചിതരും അല്ലാത്തവരുമെന്ന വ്യത്യാസമില്ലാതെ ഏത്‌ ഖബറുകളെ സിയാറത്ത്‌ ചെയ്യുന്നതിലും എപ്പോൾ സിയാറത്ത്‌  ചെയ്യുന്നതിലുമുള്ള ഒരു നേട്ടം മാത്രമാണത്‌. സിയാറത്തിനെ വിലക്കുമ്പോളും പിന്നീട്‌ ആ വിലക്ക്‌ നീക്കുമ്പോളും നബി (സ) യുടെ സഹാബാക്കൾക്ക്‌ സിയാറത്ത്‌ ചെയ്യാനുണ്ടായിരുന്ന കൂടുതൽ ഖബ്‌റുകളും അനിസ്ലാമിക കാലത്ത്‌  മരണപ്പെട്ട അവരുടെ ബന്ധുക്കളുടേതായിരുന്നു. ആ ഖബ്‌റുകൾക്ക്‌ കൂടി ബാധകമാവുന്ന നേട്ടമായാണു 'പരലോക ചിന്ത ജനിപ്പിക്കുക' 'മരണത്തെ ഓർക്കുക' എന്നീ കാരണങ്ങൾ നബി (സ) വ്യക്തമാക്കിയത്‌.

     ഇമാം മുസ്ലിം നിവേദനം ചെയ്ത 'ഫ ഇന്നഹാ തുദക്കിറുകുമുൽ മൗത്ത' എന്ന പ്രയോഗമുള്ള ഹദീസിന്റെ ചില റിപ്പോർട്ടുകൾ ഇത്‌ പഠിക്കുന്നുണ്ട്‌. (സ്വഹീഹു മുസ്ലിം 1-314). അതേ സമയം, മുസ്ലിംകളുടെ ഖബ്‌റുകൾ സിയാറത്ത്‌ ചെയ്യുന്നതിൽ വേറെയും പല നേട്ടങ്ങളുമുണ്ട്‌. ഇമാം ഇബ്നു ഹജർ തന്റെ ഈആബിൽ വ്യക്തമാക്കിയത്‌ കാണുക. "ഖബ്‌ർ സിയാറത്തിന്റെ നേട്ടങ്ങളെ വിലയിരുത്തുമ്പോൾ സിയാറത്ത്‌ പല വിധമായി തരം തിരിക്കാം: (എ) മരണത്തെ ഓർക്കുക, പരലോക ചിന്ത ജനിപ്പിക്കുക എന്ന ലക്ഷ്യത്തിനു മാത്രമുള്ളത്‌. ഇതിന്‌ ഏത്‌ ഖബ്‌റുകളെ കണ്ടാലും മതിയാകുന്നതാണ്‌. അവരാരെന്നോ അവരുടെ നിലയെന്തെന്നോ അറിയേണ്ടതില്ല. (ബി) ഖബ്‌റാളികൾക്ക്‌ പ്രാർത്ഥനക്ക്‌ വേണ്ടിയുള്ളത്‌. ഏത്‌ മുസ്ലിമിന്റെ ഖബ്‌റും ഇതിന്നായി സിയാറത്ത്‌ ചെയ്യൽ സുന്നത്താണ്‌. (സി) ഖബ്‌റാളികളുടെ ബറകത്ത്‌ ലഭ്യമാകുന്നതിനുള്ളത്‌. സദ്‌'വൃത്തരായ മഹാത്മാക്കളുടെ ഖബ്‌റുകൾ ഇതിനായി സിയാറത്ത്‌ ചെയ്യൽ സുന്നത്താണ്‌. കാരണം ആ മഹാത്മാക്കളുടെ ബർസഖീ  ജീവിതത്തിൽ അവർക്ക്‌ എണ്ണിയാലൊടുങ്ങാത്ത കൈകാര്യാധികാരങ്ങളും ബറകത്തുകളുമുണ്ട്‌. (ഡി) ജീവിത കാലത്ത്‌ കടപ്പെട്ടവരുടെ കടമ നിർവ്വഹിക്കാൻ വേണ്ടിയുള്ളത്‌. മാതാ പിതാക്കൾ പോലുള്ള ബന്ധുക്കളും ഉറ്റ ചങ്ങാതിമാരുമെല്ലാം ഇതിൽ പെടും. (ഇ) ഖബ്‌റാളിയെ സന്തോഷിപ്പിക്കുന്നതിനും ഖബ്‌റാളിയോട്‌ കാരുണ്യം വർഷിക്കുന്നതിനും വേണ്ടിയുള്ളത്‌. 'ഒരു മയ്യിത്തിനു തന്റെ ഖബ്‌റിൽ ഏറ്റവും സന്തോഷമുണ്ടാകുന്ന സമയം തന്നെ ദുൻയാവിൽ വച്ചു സ്നേഹിച്ചിരുന്നവർ വന്നു കാണുമ്പോളാണെ'ന്ന ഹദീസ്‌ ഈ ലക്ഷ്യത്തെയാണു ചൂണ്ടിക്കാട്ടുന്നത്‌." ശർവാനി 3-200.

     വെള്ളിയാഴ്ച പോലുള്ള ചില പ്രത്യേക സമയങ്ങളിൽ മരണപ്പെട്ടവരുടെ ആത്മാക്കൾക്ക്‌ അവരുടെ ഖബ്‌റുകളുമായി ചില പ്രത്യേക ബന്ധങ്ങൾ ഉണ്ട്‌. വ്യാഴാഴ്ച അസ്വ്‌ർ മുതൽ ശനിയാഴ്ച സൂര്യാസ്തമയം വരെ ഇങ്ങനെ ആത്മാക്കൾ ഖബ്‌റിങ്കൽ ഹാജരാകുന്നതായി വന്നിട്ടുണ്ട്‌. ഇത്‌ കൊണ്ടാകാം വെള്ളിയാഴ്ച പലരും സവിശേഷമായി സിയാറത്ത്‌ ചെയ്യുന്നത്‌. ഹാശിയത്തുശബ്‌റാമല്ലിസി 3-36. വെള്ളിയാഴ്ച രാവും പകലും ശനിയാഴ്ച രാവിലെയും സിയാറത്ത്‌ സുന്നത്താണെന്ന് ഇമാം ഖുർത്വുബിയും മറ്റും പ്രസ്താവിച്ചിട്ടുണ്ട്‌. ഫതാവൽ കുബ്‌'റാ നോക്കുക.  മഹാന്മാരുടെ ഖബ്‌റുകൾ സിയാറത്ത്‌ ചെയ്യൽ പുരുഷന്മാർക്കെന്ന പോലെ സ്ത്രീകൾക്കും സുന്നത്താണ്‌. പക്ഷേ, അവർ പുറത്തിറങ്ങുമ്പോൾ പാലിച്ചിരിക്കേണ്ട എല്ലാത്തരം ചിട്ടയും പാലിച്ചിരിക്കണമെന്ന് മാത്രം തുഹ്ഫ 3-201. സുന്നത്തായ കാര്യങ്ങൾ നേർച്ചയാക്കാമല്ലോ. പ്രശ്നത്തിലുന്നയിച്ച വെള്ളിയാഴ്ച രാവിലും മറ്റും മഹാന്മാരുടെ  ഖബ്‌ർ സിയാറത്ത്‌ ധാരാളമായി നടക്കുന്നത്‌ ഈ വക അടിസ്ഥാനത്തിലാണ്‌.

(മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം ഭാഗം: 2, പേജ്: 193-195)