page

Thursday, 2 July 2020

കാന്തപുരവും സ്ത്രീ വിദ്യാഭ്യാസവും

കാന്തപുരം ഉസ്താദിന്റെ കാര്യത്തിൽ കേരളത്തിലെ പല പൊതുധാരാ പ്രവർത്തകരും അജ്ഞരാണെന്ന ബോധത്തിന് കൂടുതൽ ആക്കം കൂട്ടുന്നതായിരുന്നു ഇന്നലത്തെ സോഷ്യൽ മീഡിയ. മർകസ് ലോ കോളേജിൽ നിന്നും പതിനഞ്ചു പെൺകുട്ടികൾ എൽ.എൽ.ബി പാസ്സായി എൻറോൾ ചെയ്തപ്പോഴാണ് ശരിക്കും ചിലരെങ്കിലും ഈ സ്വയം നിർമിത കിണറ്റിൽനിന്നും പുറം ലോകത്തേക്ക് വന്നത്.
യഥാർത്ഥത്തിൽ മർകസ് ലോ കോളേജിൽ നിന്നും ആദ്യമായല്ല പെൺകുട്ടികൾ പഠിച്ചു പുറത്തിറങ്ങുന്നത്. കഴിഞ്ഞ രണ്ടുവർഷവും ഇത് സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ വര്ഷം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും രണ്ടാം റാങ്ക് വാങ്ങിയത് മർകസ് ലോ കോളേജിലെ ഒരു പെൺകുട്ടിയായിരുന്നു. 'സ്ത്രീ വിരുദ്ധത' ആമുഖമിട്ടു എഴുതുന്നവരും അവരെ പകർത്തുന്നവരും അറിയാത്ത നൂറുകൂട്ടം വസ്തുതകളുണ്ട് മർക്കസുമായി ചുറ്റിപ്പറ്റിപ്പറയാൻ. കേരളത്തിൽ മുന്നൂറിലധികം സ്‌കൂളുകൾ കാന്തപുരം ഉസ്താദിന്റെയോ അദ്ദേഹം നേത്രത്വം കൊടുക്കുന്ന പ്രസ്ഥാനത്തിന്റെയോ മേൽനോട്ടത്തിൽ നടക്കുന്നുണ്ട്. ഇവയിൽ ബഹുഭൂരിഭാഗവും പെൺകുട്ടികളാണ് പഠിക്കുന്നത്. മർകസ് നേരിട്ട് നടത്തുന്ന മെഡിക്കൽ കോളേജിലും എൺപത് ശതമാനം കുട്ടികളും പെൺകുട്ടികളാണ്. ഡിഗ്രി, പി.ജി തലങ്ങളിൽ മർകസ് ധരാളം സ്ഥാപനങ്ങൾ നടത്തുന്നു. ഇവയിലും പെൺകുട്ടികൾ ധാരാളമാണ്. സ്ത്രീകൾക്ക് മാത്രം തൊഴിൽ നൽകുന്ന ധാരാളം സംരംഭങ്ങളുണ്ട് മര്കസിനു കീഴിൽ. സഹ്‌റ സംവിധാനം ഇതിന്റെ മികച്ച ഉദാഹരണമാണ്. ഇവരിൽ പലരും അനാഥകൾ കൂടിയാണെന്ന ബോധം  നമ്മുക്ക് വേണം. ആയിരക്കണക്കിന് അനാഥ കുട്ടികൾക്ക് ഇന്നും വീട്ടിലേക്ക് ഓരോ മാസവും പണമെത്തിക്കുന്ന ഏക വ്യക്തി കാന്തപുരമായിരിക്കും. 'ഹാദിയ' എന്ന പേരിൽ പെൺകുട്ടികൾക്ക് മാത്രം നൂറിലധികം സ്ഥാപനങ്ങൾ നടത്തുന്ന ഏക വ്യക്തിയും ഈ കാന്തപുരമായിരിക്കും. നൂറുകണക്കിന് അഗതി-അനാഥ പെൺകുട്ടികളെ റെസിഡൻഷ്യൽ സംവിധാനത്തോടെ പഠിപ്പിക്കുന്ന ഏക വ്യക്തിയും ഉസ്താദ് മാത്രമായിരിക്കും. കേരളത്തിൽ മാത്രമല്ല-കശ്മീർ മുതൽ കന്യാകുമാരി വരെ ഇതാണാവസ്ഥ.

ഇന്ത്യയിലെ ഒട്ടുമിക്ക യൂണിവേഴ്സിറ്റികളിലായും ഐഐടി-ഐഐഎം കളുമായും നൂറുകണക്കിന് കാന്തപുരം ഉസ്താദിന്റെ സ്വന്തം ശിഷ്യന്മാർ തന്നെ പഠിക്കുന്നു; ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് മർകസും പ്രസ്ഥാനവും സ്കോളർഷിപ്പുകൾ നൽകുന്നു; യൂറോപ്പ്, അമേരിക്ക തുടങ്ങിയ വൻകരകളിൽ PhD ക്കു വരെ ഉസ്താദിന്റെ വിദ്യാർത്ഥികൾ പഠിച്ചുകൊണ്ടിരിക്കുന്നു; ഇതിലപ്പുറം ആളുകൾ ഉന്നത തൊഴിൽ രംഗത്ത് ഉസ്താദിന്റെ തണലിൽ പഠിച്ചതിനു ശേഷം ജോലിചെയ്യുന്നു.
അക്കാദമിക് സ്വഭാവമുള്ള മുഴുവൻ ആളുകളോടും പറയട്ടെ, കാന്തപുരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയത് മുതലുള്ള മലബാറിലെ വിദ്യാഭ്യാസ മാറ്റം നാം പഠിക്കണം. എക്കണോമെട്രിക്സിലും സ്റ്റാറ്റിസ്റ്റിക്സിലും അടിസ്ഥാന പരമായി ഉപയോഗിക്കുന്ന ടി ടെസ്റ്റ് (t-test) ഉപയോഗിച്ചെങ്കിലും  കാന്തപുരം എഫ്ഫക്റ്റ് നാം അളക്കണം. അപ്പോഴേ ഇത് മനസ്സിലാകൂ.
സ്വാതന്ത്ര്യത്തിനു ശേഷം മലബാറിന്റെയും പ്രത്യേകിച്ച് മുസ്ലിംകളുടെയും അവസ്ഥ എല്ലാവർക്കുമറിയുന്നതാണ്. എല്ലാ മുന്നണികളും മാറിമാറി ഭരിച്ചിട്ടും എന്നാണ് മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ മാറ്റങ്ങൾ കണ്ടുതുടങ്ങിയതെന്ന് നാം ശരിക്കും അളക്കണം. ഒരു പാർട്ടിയും രൂപീകരിക്കാതെ, പല പാർട്ടികളോടും പൊരുതിയാണ് കാന്തപുരം ഇത് നേടിയത്. ഇപ്പോൾ മുസ്ലിംകളിൽ പലരും വിദ്യാഭ്യാസ കാര്യത്തിൽ അൽപ്പമെങ്കിലും ശ്രദ്ധിക്കാൻ തുടങ്ങിയിട്ടുണ്ട്. പക്ഷെ ഇതെന്ന് മുതലാണെന്നു ശരിക്കും ആലോചിക്കണം. കുറച്ച് അറബി മുൻഷിമാരെയുണ്ടാക്കി അതാണ് മലബാറിലെ മുസ്ലിംകളുടെ നവോത്ഥാനമെന്നു വരെ പറയാൻ ധൈര്യം കാണിച്ചവർ നമുക്കിടയിൽ കഴിഞ്ഞുപോയി. പാവപ്പെട്ടവനെ കാണാതെ പണക്കാർക്കുവേണ്ടി മാത്രം സ്ഥാപനങ്ങൾ പണിത് നവോത്ഥാനം അവകാശപ്പെട്ടവരും ഇപ്പോൾ പണപ്പെട്ടിയുടെ മുന്നിൽ പണമെണ്ണിയിരിക്കുന്നുവെന്നല്ലാതെ സമൂഹത്തിനു  വല്ലതും നൽകിയോയെന്ന് നാം ആലോചിക്കണം. മണ്ഡലം ഒരിക്കൽ പോലും കാണാതെ നിരന്തരം ജയിച്ചുകയറിയിരുന്ന ജനപ്രതിനിധികൾ എന്നാണ് മണ്ഡലത്തിൽനിന്നും എണീക്കാതെ വർക്ക് ചെയ്തതെന്നും നാം ചിന്തിക്കണം. എല്ലാത്തിനും പിന്നിൽ ഒരു കാന്തപുരം എഫ്ഫക്റ്റ് ഇല്ലേ? ഇപ്പോഴും ഇതൊരാവർത്തി വായിക്കാനോ കാണണോ കേൾക്കാനോ തയ്യാറില്ലാതെയാണ് പലരും ഉസ്താദിന്റെ വിഷയം വരുമ്പോൾ പ്രതികരിക്കാറുള്ളത്. അക്കാദമിക് സ്വഭാവമുള്ളവർ ഇതെല്ലം പഠിക്കാൻ തെയ്യാറാകുകയല്ലേ വേണ്ടത്.

പിന്നെന്താണ് കാന്തപുരത്തിന്റെ വിഷയത്തിലെ ഈ സ്ത്രീ വിരുദ്ധതയെന്നു മനസ്സിലാകുന്നില്ല. സ്ത്രീയെക്കുറിച്ച് മനുസ്‌മൃതിയും ബൈബിളും ഖുർആനും പറഞ്ഞത് കേരള സമൂഹത്തിനു അത്ര അപരിചിതമല്ലല്ലോ. ഒരു താരതമ്യ പഠനമല്ലേ പൊതുപ്രവർത്തകർ ഇവ്വിഷയത്തിൽ ചെയ്യേണ്ടത്? അഴിഞ്ഞാട്ടം പാടുണ്ടെന്ന് കേരളത്തിലെ ഏതെങ്കിലുമൊരു ഉത്തരവാദിത്ത ബോധമുള്ള മതനേതാവ് പറയുമോ? പെൺകുട്ടികളുടെ സുരക്ഷയിൽ കണിശ സ്വഭാവമുള്ള കാന്തപുരം ഉസ്താദിന് ഇതിലപ്പുറം മറ്റൊരു നിലപാട് എടുക്കാനാവുമോ? മുൻവിധിയിലൂടെയല്ലായിരുന്നു കാര്യങ്ങളെ സമീപിക്കേണ്ടിയിരുന്നത്. നേരെചൊവ്വേ ചിന്തിക്കുന്നവർക്ക് സ്ത്രീ ശാക്തീകരണത്തിലും അതോടൊപ്പം സ്ത്രീ സുരക്ഷയിലും കാന്തപുരത്തിന്റെ നിലപാട് അധികം വൈകാതെ സ്വീകരിക്കേണ്ടിവരും. കാന്തപുരം മറ്റെല്ലാവരേക്കാളും ഒരല്പം ദീർഘ ദൃഷ്ടികൂടി അധികമുള്ളയാളാണ്.
2-7-2020