page

Wednesday, 19 August 2020

തങ്ങൻമാർ ആരാണ് ?

*ആരാണ് തങ്ങൾമാർ: അഹ്ലു സുന്നയുടെ വീക്ഷണം* ............................................. റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : " _ഏതൊരു വസ്തുവിനും ഒരു അടിത്തറയുണ്ട്. ഇസ്ലാമിന്റെ അടിത്തറ എന്നോടും എന്റെ കുടുംബതോടുമുള്ള സ്നേഹമാകുന്നു_ "( ഇബ്നു തീമിയ്യ ഫീ രിസാലത്തി ഫള്ലി അഹ്‌ലിൽ ബൈത് ) റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു _:"സ്വന്തം ശരീരത്തേക്കാൾ എന്നെയും അവന്റെ കുടുംബത്തേക്കാൾ എന്റെ കുടുംബത്തെയും ഇഷ്ടപെടുന്നത് വരെ ഒരാളും മുഅ്മിൻ ആവുന്നതല്ല"_(ബൈഹഖി ) റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു _:"ആലു മുഹമ്മദ്‌ നോടുള്ള ഒരു ദിവസത്തെ സ്നേഹം ഒരു വർഷത്തെ ഇബാദത്ത് നേക്കാൾ ശ്രേഷ്ഠമാണ്. ആ സ്നേഹത്തോടെ യാണ് മരിക്കുന്നതെങ്കിൽ അവൻ സ്വർഗത്തിൽ പ്രവേശിച്ചു "_(ഇബ്നു തീമിയ്യ ഫീ ഫളാഇലി അഹല് ബൈത് ) അഹല് ബൈത്തിനെ സ്നേഹിക്കുന്നവരാണ് മുസ്ലിം മത വിശ്വാസികൾ. ഖുർആനും ഹദീസും ഒരു അഭിവാജ്യ ഘടകമായി ഇതിനെ പരിചയപ്പെടുത്തുന്നു. സ്വഹാബാക്കളുടെയും സച്ചരിതരുടെയും മാർഗവും അത് തന്നെ. ഹൃദയത്തിൽ ഈമാനിന്റെ കണിക പോലും ഇല്ലാത്തവർക്കേ പ്രവാചക കുടുംബത്തോട് വിദ്വെഷവും അസഹിഷ്ണുത യും ഉണ്ടാവുകയുള്ളൂ എന്ന് പ്രവാചകർ പഠിപ്പിച്ചിട്ടുണ്ട്. അവർ മുനാഫിഖുകൾ ആണെന്ന് അസന്ദിങ്‌ദമായി അവിടുന്ന് അരുളിയിട്ടുണ്ട്. _'ആരാണ് തങ്ങൾമാർ '_എന്ന ശീർഷകത്തിൽ അഹല് ബൈത്തിനെ ഭല്സിക്കുന്ന ഒരു കുറിപ്പ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് കാണാൻ ഇടയായി. മത വിജ്ഞാനം തീരെയില്ലാത്ത അതിലുപരി മലയാള ഭാഷ ജ്ഞാനമോ ആവറേജ് യുക്തി ബോധമോ ഇല്ലാത്ത ഒരാൾ ആണ് ആ കുറിപ്പ് എഴുതിയത് എന്ന് ഒറ്റ വായനയിൽ തന്നെ മനസ്സിലാകും. 'തങ്ങൾ ' എന്ന പദത്തെ കേന്ദ്ര ബിന്ദുവാക്കി എഴുതുന്ന സമയത്തു ശബ്ദ താരാവലിയോ മറ്റു മലയാള നിഘണ്ടുവോ ഒന്ന് മറിച്ചു നോക്കുകയെങ്കിലും ചെയ്യാമായിരുന്നു. ഇസ്ലാമിക ഗ്രന്ഥങ്ങൾ നോക്കാൻ അറിയില്ലെങ്കിൽ ചുരുങ്ങിയത് വിക്കിപീഡിയ എങ്കിലും നോക്കാമായിരുന്നു. മലയാളം നിഘണ്ടുവിൽ "തങ്ങൾ " എന്ന പദത്തിന് "താൻ, പഴയ കാലത്ത് കേരളത്തിൽ ഗ്രാമാധികാരികളുടെ കീഴിൽ ഉണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥൻ, ചില നമ്പൂതിരി മാരുടെ സ്ഥാന പേര്, മുസ്ലിം സിദ്ധൻ "എന്നീ വിത്യസ്ത അർഥങ്ങൾ കൊടുത്തിട്ടുണ്ട്.ഇതിൽ 'നമ്പൂതിരി യുടെ സ്ഥാനപ്പേര്' എന്ന ഒരു അർത്ഥം മാത്രം പറഞ്ഞു വായനക്കാരെ തെറ്റുധരിപ്പിക്കാൻ ശ്രമിക്കുകയാണ് കുറിപ്പുകാരൻ. ഒരാൾ കണ്ണടച്ചതു കൊണ്ട് ലോകം ഇരുട്ടിൽ ആവുകയില്ലല്ലോ. "തങ്ങൾ " എന്നത് കുല നാമം ആയാണ് കുറിപ്പുകാരൻ മനസ്സിലാക്കിയത്. അതിനെ തുടർന്ന് തങ്ങൾ എന്ന വിഭാഗം പേർഷ്യയിലുണ്ടോ അറേബ്യ യിലുണ്ടോ എന്ന ആന വങ്കത്തരം ആണ് ചോദിക്കുന്നത്. മലയാളത്തിൽ ഉള്ള പദം മറ്റവിടെ കാണാനാണ്. അഹല് ബൈത്തിൽ പെട്ടവരെ സയ്യിദ് എന്നാണ് അറബിയിൽ അഭിസംബോധന ചെയ്യാറ്. സ്ത്രീ ആകുമ്പോൾ സയ്യിദത് എന്നും ബഹുവചനം ആകുമ്പോൾ സാദാത് എന്നും ഉപയോഗിക്കും. സീദീ എന്ന് ലോപിച്ചും ഉപയോഗിക്കാറുണ്ട്. ബഹുമാനപുരസ്സരം നൽകുന്ന ഒരു ടൈറ്റിൽ മാത്രമാണത്. Sayyid എന്ന് വിക്കിപീഡിയയിൽ തിരഞ്ഞാൽ തന്നെ sayyid is a honorific title എന്ന് കാണാം. അത്തരം ഒരു ഉദ്ദേശമേ മലയാളത്തിൽ "തങ്ങൾ "എന്ന് ഉപയോഗിക്കുമ്പോൾ ഉള്ളൂ എന്നാൽ അഹല് ബൈത്തിൽ ഗോത്രങ്ങൾ ഇല്ല എന്നല്ല പറയുന്നത്. ഗോത്രങ്ങളും ഉപ ഗോത്രങ്ങളുമായി ധാരാളം ഉണ്ട്.ഖുറൈശി ഗോത്രത്തിൽ ഹാഷിം കുടുംബത്തിലാണ് പ്രവാചകർ പിറന്നത്. പിന്നീട് ഹസൻ (റ )ലേക്ക് ചേർത്ത് ഹസനികൾ എന്നും ഹുസൈൻ (റ )ലേക്ക് ചേർത്ത് ഹുസൈനികൾ എന്നും വേർപിരിഞ്ഞു. അതിലും പിന്നീട് ഉപ ശാഖ കൾ ഉണ്ടായി. കേരളത്തിൽ തന്നെ നൂറിലധികം ഉണ്ടന്നാണ് കണക്ക്. ബാ അലവി, ജമലുല്ലൈലി, ബുഖാരി, ജീലാനി, ശിഹാബ് തുടങ്ങി ധാരാളം ഖബീലകളുണ്ട്‌. അത് പേർഷ്യയിൽ നോക്കിയാലും അറേബിയയിൽ നോക്കിയാലും കാണാൻ കഴിയും. അത്തരം നാമങ്ങൾ പേരിനോട് ചേർത്ത് തന്നെ യാണ് ഉപയോഗിക്കാറ്. യമനിലെ ഹളറ മൗത്തിൽ നിന്ന് വന്ന സയ്യിദ് അലവി (റ ) നെ കണ്ണൂരിലെ മമ്പ്രം സ്വദേശിയാക്കാനുള്ള കുറിപ്പുകാരന്റ ശ്രമം കണ്ടു വായനക്കാർ പൊട്ടി ചിരിച്ചിട്ടുണ്ടാകും. സാധുവിന് മലപ്പുറം ജില്ല യിൽ മമ്പുറം എന്ന ഒരു സ്ഥലം ഉണ്ട് എന്ന് അറിവുണ്ടാവുകയില്ല. അവിടെ താമസിച്ചത് കൊണ്ടാണ് മമ്പുറം തങ്ങൾ എന്ന് പേര് ലഭിച്ചത് എന്ന് പോഴത്തക്കാരനു മനസ്സിലായില്ല. പരിതാപകരം തന്നെ. സൂറത്തുൽ അഹ്സാബിലെ നാല്പതാമത്തെ ആയത്തിൽ അഹല് ബൈത് ഇല്ല എന്നാണത്രെ പ്രസ്താവിക്കുന്നത്. എന്തൊരു ദുർവ്യാഖ്യാനം.പുത്ര വാത്സല്യത്തോടെയാണ് ഭൃത്യനായ സൈദ് (റ )നെ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം സംരക്ഷിച്ചിരുന്നത്. താൻ സൈദ് നെ മകനായി ദത്തെടുത്തിരിക്കുന്നു എന്ന് ഔദ്യോഗിക മായി അവിടന്ന് പ്രഖ്യപിക്കുകയുണ്ടായി. എന്നാൽ ഈ ഒരു സമ്പ്രദായം ഇസ്ലാം റദ്ദ് ചെയ്തു. അതിനാൽ തനിക്ക് പ്രിയപ്പെട്ട വനായ സൈദ് ലീഗൽ ആയി ഇനി തന്റെ മകനല്ല എന്ന വിധിയും പ്രഖ്യാപനവുമാണ് ആയത്തിൽ അടങ്ങിയിരുന്നത്. ഈ ആയത്ത് ഉദ്ധരിച്ചാണ് അഹല് ബൈത്തിനെ സ്നേഹിക്കരുതെന്നും ബഹുമാനിക്കരുത് എന്നും മന്ത്രിച്ചു ഊതി തട്ടിപ്പ് കാണിച്ചു ജീവിക്കുന്ന വരാണെന്നൊക്ക ടിയാൻ എഴുതി വിടുന്നത്. അല്പം ഉളുപ്പ് വേണം. ഈ ആയത്തിൽ പേരെടുത്തു തന്നെ പരാമർശ വിധേയനായ സൈദ് (റ ) നോട്‌ പ്രവാചകരുടെ കാലത്തും പില്കാലത്തും സ്വഹാബാക്കൾ എങ്ങനെയാണ് പെരുമാറിയത്. ലീഗൽ ആയിട്ട് മകനല്ലെങ്കിലും അവിടുത്തെ സ്നേഹ ഭാജന മായതിനാൽ അവരങ്ങേയറ്റം സൈദ് (റ )നെ ബഹുമാനിച്ചിരുന്നു.പ്രവാചകരുമായി ബന്ധപ്പെട്ട എല്ലാത്തിനെയും സ്വന്തത്തേക്കാൾ അവർ സ്നേഹിച്ചിരുന്നു. ഖലീഫ ഉമർ (റ ) തന്റെ സ്വത്ത്‌ ഓഹരി വെക്കുന്നവസരത്തിൽ മകനായ അബ്ദുല്ലാഹി ബിൻ ഉമർ (റ ) നു മൂവായിരം ദിർഹം നൽകി. ആയത്തിൽ പരാമർശിതരായ സൈദ് (റ ) ന്റെ മകൻ ഉസാമ (റ ) നു മൂവായിരത്തി അഞ്ഞൂറ് ദിർഹം നീക്കി വെച്ചു. അതിനു കാരണമായി ഖലീഫ ഉമർ (റ ) പറഞ്ഞത് :" നിന്റെ പിതാവിനേക്കാൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് ഇഷ്ടം ഉണ്ടായിരുന്നത് സൈദ്നോടായിരുന്നു. എന്റെ മകനായ നിന്നെക്കാൾ റസൂലുല്ല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് ഇഷ്ടം സൈദ് ന്റെ പുത്രനായ ഉസാമയോട് ആണ്. അത് കൊണ്ടാണ് എന്റെ ഇഷ്ടത്തെക്കാളും റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഇഷ്ടത്തെ ഞാൻ തെരഞ്ഞെടുത്തത്. ഇങ്ങനെ എത്ര സംഭവങ്ങൾ ഉദ്ധരിക്കാൻ കഴിയും. ഈ ആയത്ത് ഓതിയിട്ട് സ്വഹാബാക്കൾ പ്രവാചകരുമായി ബന്ധപ്പെട്ടവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയുമാണ് ചെയ്തത്. എന്നാൽ ഇത് ഓതിയിട്ടു നബി കുടുംബത്തെ സ്നേഹിക്കരുത് എന്ന് പറയുന്നവന്റെ ഇസ്ലാമും സ്വഹാബാക്കളുടെ ഇസ്ലാമും തമ്മിൽ എത്ര വൈരുധ്യം. അഹ്സാബ് സൂറത്തിൽ തന്നെ യുള്ള മുപ്പത്തിമൂന്നാം ആയത്ത് അവതരിച്ചപ്പോൾ അലി (റ), ഫാത്തിമ (റ ), ഹസൻ (റ ), ഹുസൈൻ (റ ) എന്നിവരെ ഒരു പുതപ്പിൽ ഇരുത്തി ഇവരാണ് എന്റെ അഹല് ബൈത് എന്ന് പ്രഖ്യാപിച്ചു. മുബാഹലയുടെ ആയത്ത് ഇറങ്ങിയപ്പോഴും ഇവരെ ചേർത്ത് പിടിച്ചാണ് ഇതാണെന്റെ അഹല് ബൈത് എന്ന് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പഠിപ്പിച്ചത്. ഫാത്തിമ (റ )ലൂടെയാണ് എന്റെ സന്താന പരമ്പര എന്നും ഖിയാമത് നാൾ അടുക്കുമ്പോൾ ഇമാം മഹ്ദി എന്റെ ഈ പാരമ്പരയിലാണ് വരിക എന്നുമൊക്കെയുള്ള ധാരാളം ഹദീസുണ്ട്. അഹല് സ്സുന്നയുടെ ഇജ്മാഅ് ആണത്. ദൈർഖ്യ ഭയത്താൽ ഇവിടെ നിർത്തുന്നു. തങ്ങന്മാരുടെ കൈവശം ഉള്ള നസബ (വംശാവലി ) വെറുതെ കുത്തിയിരുന്ന് പേര് ചേർത്ത് ഉണ്ടാക്കിയതാണെന്നാണ് കുറിപ്പുകാരൻ മനസ്സിലാക്കിയത് എന്ന് തോന്നുന്നു. തങ്ങന്മാരുടെ മാത്രമല്ല മറ്റു അറബ് ഗോത്ര ങ്ങളുടെയും വംശാവലി പറയുന്ന ആയിരക്കണക്കിന് കിതാബുകൾ വിപണിയിൽ ലഭ്യമാണ് . വലിയൊരു വൈജ്ഞാനിക ശാഖയാണത്. മൗലദ്ദവീല കുടുംബത്തിൽ പിറന്ന മമ്പുറം തങ്ങളുടെയും കേരളത്തിലെ മറ്റു സാദാത്തുക്കളുടെയും വംശാവലി അത്തരം രേഖകളുടെ പിൻബലം ഉള്ളതാണ്. ആവശ്യം ഉള്ളവർക്ക് പരിശോധിക്കാവുന്നതാണ്. റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : " _ഓ ജനങ്ങളെ ആരെങ്കിലും അഹല് ബൈത്തിനോട് വിദ്വെഷം പുലർത്തിയാൽ ഖിയാമത് നാളിൽ അവനെ യഹൂദിയായിട്ടാണ് ഒരുമിച്ചു കൂട്ടുക "_(ഇമാം ഥബ്റാനി, ഇമാം സുയൂതി ) ............................................. സയ്യിദ് ഉബൈദ് തങ്ങൾ ബാ ഹസൻ ജമലുല്ലൈലി വളപട്ടണം.