page

Sunday, 20 September 2020

കോവിഡ് മയ്യിത്തും നിസ്കാരവും


 

കോവിഡ് 19 ഗുരുതരമായി വ്യാപിക്കുകയാണ് നമ്മുടെ നാട്ടിലും. മരങ്ങളും വർധിക്കുന്നു. കൊറോണ രോഗി മരണപ്പെടുമ്പോൾ മയ്യിത്തിന് നാം ചെയ്തുകൊടുക്കേണ്ട നിർബന്ധമായ പല സംഗതികളും ചെയ്യാൻ സർക്കാർ പ്രോട്ടോക്കോൾ പ്രകാരം തടസ്സമുണ്ട്. അത്തരം സന്ദർഭത്തിൽ ഏറ്റവും പ്രായോഗികമായി നമുക്ക് എന്തു ചെയ്യാനാവുമെന്ന് പരിശോധിക്കേണ്ടതുണ്ട്. ഒരാൾ രോഗബാധിതനായി മരിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ വൈദ്യശാസ്ത്രത്തിന്റെ ഭാഗത്തുനിന്നും അദ്ദേഹം ജീവിച്ചുപോന്ന വിശ്വാസആദർശ ഭാഗത്തുനിന്നുമുള്ള നിരീക്ഷണങ്ങൾ പ്രസക്തമാണ്.
രോഗത്തിന്റെ വ്യാപന, സംക്രമണ സാധ്യതകൾ മുൻനിറുത്തി തയ്യാറാക്കിയ വൈദ്യ ശാസ്ത്ര നിയമങ്ങൾ പാലിക്കുന്നതോടൊപ്പം ജീവിതത്തിലുടനീളം അയാൾ കൊണ്ടുനടന്ന മതനിയമം അവഗണിക്കാൻ പാടില്ലതാനും. സാമൂഹികമായ നന്മക്ക് വേണ്ടിയാണ് സർക്കാർ നിയമങ്ങൾ നടപ്പിലാക്കുന്നത്. അതിനാൽ ഈ നിയമങ്ങളുടെ പരിധിയിൽ നിന്നുകൊണ്ട് പ്രാവർത്തികമാക്കാനാവുന്ന കാര്യങ്ങൾ ചെയ്യാൻ നമുക്ക് രാജ്യത്തെ നിയമവ്യവസ്ഥ സൗകര്യമൊരുക്കുന്നുണ്ട്. മതത്തെ ജീവവായുവിനു തുല്യം കൊണ്ടുനടന്ന വ്യക്തിയെ അതേ പരിഗണനയോടെ മരണ ശേഷവും കാണുമ്പോഴാണ് മതേതരത്വം വിജയിക്കുന്നത്.
കോവിഡ് ബാധിതനായി മരണപ്പെട്ട വ്യക്തിയിൽ ഗവൺമെന്റ് നിർദേശിച്ച പ്രോട്ടോക്കോൾ പാലിക്കുമ്പോൾ തന്നെ മുസ്‌ലിമെന്ന നിലക്ക് നിർവഹിക്കേണ്ട ശുദ്ധിവരുത്തൽ (കുളിപ്പിക്കൽ), കഫൻ ചെയ്യൽ, നിസ്‌കാരം, മറമാടൽ എന്നിവ നിർവഹിക്കേണ്ടതെ ങ്ങനെയെന്ന് പരിശോധിക്കാം. ഇത്തരം കർമങ്ങൾ നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്ന് നമ്മുടെ സഹോദരങ്ങൾക്കായി ചെയ്യാതെ ഒഴിഞ്ഞുമാറാൻ സമൂഹത്തിന് പഴുതുകളില്ല.

മുസ്‌ലിംകൾ പരസ്പരം പാലിക്കേണ്ട അനേകം ബാധ്യതകളുണ്ട്. അതിൽ പ്രധാനമാണ് മരണാനന്തര കർമങ്ങൾ. തിരുനബി(സ്വ) പറഞ്ഞു: ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിനോട് ആറ് ബാധ്യതകളുണ്ട്. കണ്ടുമുട്ടിയാൽ സലാം പറയുക, ക്ഷണിച്ചാൽ സ്വീകരിക്കുക, ഉപദേശം ആവശ്യപ്പെട്ടാൽ നല്ല ഉപദേശങ്ങൾ നൽകുക, തുമ്മിയ ശേഷം അൽഹംദുലില്ലാഹ് പറഞ്ഞാൽ യർഹമുകല്ലാഹ് എന്ന് തിരിച്ച് പ്രാർത്ഥിക്കുക, രോഗിയായാൽ സന്ദർശിക്കുക, മരണപ്പെട്ടാൽ മയ്യിത്തിനെ അനുഗമിക്കുക (മുസ്‌ലിം 2162).
ഇമാം നവവി(റ) മിൻഹാജിൽ കുറിച്ചു: മരണപ്പെട്ടവരെ കുളിപ്പിക്കുക, കഫൻ ചെയ്യുക, അവരുടെ മേൽ നിസ്‌കരിക്കുക, മറമാടുക എന്നിവ ഫർള് കിഫയാണ്. അതായത് സമൂഹത്തിൽ ഒരാളെങ്കിലും ചെയ്യൽ നിർബന്ധമാണ്.
ശഹീദല്ലാത്ത(രക്തസാക്ഷി) മരണപ്പെട്ട എല്ലാ മുസ്‌ലിമിനെയും കുളിപ്പിക്കൽ മരണ വിവരം അറിഞ്ഞ മുസ്‌ലിംകൾക്കെല്ലാം സാമൂഹ്യ ബാധ്യതയാണ്. ഒരാളെങ്കിലും നിർവഹിച്ചില്ലെങ്കിൽ എല്ലാവരും കുറ്റക്കാരാകും. അറിഞ്ഞവരുടെ സ്ഥാനത്താണ് സമീപത്തുള്ള അറിയാത്തവരും. കാരണം അന്വേഷണത്തിലൂടെ അവന് വിഷയം അറിയാൻ സൗകര്യമുണ്ടല്ലോ. അതിനാൽ അറിയാത്തത് അവന്റെ വീഴ്ചയായി പരിഗണിച്ച് അവനും ഫർള് കിഫയുടെ പരിധിയിൽപെടും (തുഹ്ഫ 3/98).
നജസെല്ലാം(മാലിന്യം) നീക്കം ചെയ്ത ശേഷം ശരീരം മുഴുവൻ ഒരു തവണ വെള്ളം എത്തിക്കുക എന്നതാണ് കുളിയുടെ ചുരുങ്ങിയ രൂപം. ഈ രൂപത്തിൽ കുളി പ്രയാസമാകുന്ന സന്ദർഭങ്ങളിൽ എന്തു ചെയ്യാം എന്നതാണ് നമ്മുടെ വിഷയം. പുരുഷൻ പുരുഷനെയും സ്ത്രീ സ്ത്രീയെയുമാണ് കുളിപ്പിക്കേണ്ടത്. ഭർത്താവിന് ഭാര്യയെയും തിരിച്ചും കുളിപ്പിക്കാം. അന്യ സ്ത്രീ പുരുഷന്മാരല്ലാതെ കുളിപ്പിക്കാനില്ലാത്ത ഘട്ടം വരുകയാണെങ്കിൽ കുളിപ്പിക്കാതെ പകരം തയമ്മും ചെയ്യുകയാണ് വേണ്ടത് (മിൻഹാജ്).
ഇതുപോലെ കുളി പ്രയാസമാകുന്ന മറ്റു ഘട്ടങ്ങളിലും തയമ്മും ചെയ്തു കൊടുക്കണമെന്നാണ് നിയമം. വെള്ളം ഇല്ലാതിരിക്കുക, കുളിപ്പിച്ചാൽ ശരീരഭാഗങ്ങൾ വേർപിരിയുന്ന രൂപത്തിൽ കത്തിയതോ മുറിവേറ്റതോ ആയ മയ്യിത്താവുക, കുളിപ്പിക്കുന്നവനു മേൽ വല്ലതും ഭയപ്പെടുക, അതിനെ സംരക്ഷിക്കാൻ മറ്റു മാർഗങ്ങൾ ഇല്ലാതിരിക്കുക തുടങ്ങിയവ കുളി ഒഴിവാക്കുന്നതിനെ സാധൂകരിക്കുന്ന കാര്യങ്ങളാണ് (തുഹ്ഫ 3/84).
ഇതിൽ അവസാനം പറഞ്ഞ കുളിപ്പിക്കുന്നവനുണ്ടാകുന്ന ഭയമാണ് കോവിഡ് രോഗം മൂലം മരിച്ചവരെ കുളിപ്പിക്കുന്നിടത്തുള്ള പ്രതിസന്ധി. കോവിഡ് രോഗം വായുവിലൂടെ പകരുമെന്നതിന് ഇതുവരെ തെളിവില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വ്യക്തമാക്കുന്നുണ്ട്. അന്തരീക്ഷത്തിലെ ജലകണങ്ങളിലൂടെ മാത്രമേ വൈറസ് പടരൂ എന്നതാണ് പൊതുവെയുള്ള നിഗമനം. ആളുകൾ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ പുറത്തുവരുന്ന വൈറസ് അടങ്ങിയ ദ്രവകണങ്ങളിലൂടെയാണ് രോഗം പടരുന്നത്. സ്വതന്ത്രമായി പുറത്തുവന്ന് മറ്റൊരാളിൽ പ്രവേശിക്കാൻ വൈറസിന് കഴിയില്ലത്രെ.
പി.പി.ഇ കിറ്റ് ഉപയോഗിച്ച് രോഗിയെ കുളിപ്പിക്കുകയാണെങ്കിൽ പകരാൻ സാധ്യത കുറവാണ്. എങ്കിലും കുളിപ്പിക്കാനുപയോഗിക്കുന്ന വെള്ളം എങ്ങനെ കൈകാര്യം ചെയ്യുമെന്നത് പ്രതിസന്ധിയുയർത്തുന്നു. പത്തടിയിലധികം ആഴത്തിലേക്ക് വെള്ളം ഒഴിക്കുകയും ബ്ലീച്ചിംഗ് പൗഡറും അണുനശീകരണികളും ഉപയോഗിക്കുകയും വേണം. പക്ഷേ, സമീപത്തെ കിണറുകളിലേക്ക് അത് ഉറവയായി എത്താനും അതുവഴി രോഗം പകരാനും സാധ്യതയുണ്ട്. ആയതിനാൽ ആവശ്യമായ സംരക്ഷണോപാധികളോടെ സർക്കാർ നിർദേശിക്കുന്നതനുസരിച്ച് കുളിപ്പിക്കാൻ കഴിയുമെങ്കിൽ കുളിപ്പിക്കണം.
അതിനു കഴിയാത്ത സാഹചര്യത്തിൽ തയമ്മും ചെയ്യണമെന്നതാണ് മതത്തിന്റെ കാഴ്ചപ്പാട്. ജീവിച്ചിരിക്കുന്നവർ തയമ്മും ചെയ്യുന്നതു പോലെ തന്നെയാണ് ഇവരെയും തയമ്മും ചെയ്യേണ്ടത്. കുളിപ്പിക്കുന്നവന് ഭയമുണ്ടാവുക എന്നത് കുളി ഒഴിവാക്കാവുന്ന കാരണമാണെങ്കിലും അതിൽ നിന്നു സംരക്ഷണ കവചങ്ങളില്ലെങ്കിലേ അത് പരിഗണിക്കൂ എന്ന് നേരത്തെ ഉദ്ധരിച്ച തുഹ്ഫയിലെ വാചകത്തിൽ നിന്നു വ്യക്തമാണ്. അതിനാൽ കുളി പ്രയാസമായാലും ആവശ്യമായ സംരക്ഷണത്തോടെ തയമ്മും ചെയ്തുകൊടുക്കുന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. കാരണം കേവലം വായുവിലൂടെ രോഗം പകരില്ലല്ലോ. ആവശ്യമായ കയ്യുറ ധരിച്ച് മയ്യിത്തിന്റെ മുഖവും മുട്ടുൾപ്പെടെ രണ്ടു കൈകളും തടവേണ്ട ആവശ്യമേ ഉള്ളൂ.
ഭയത്തെ മറികടക്കുന്ന സംരക്ഷണ മാർഗങ്ങളുള്ള സാഹചര്യത്തിൽ തയമ്മും ഒഴിവാകില്ല. കോവിഡ് രോഗികളെ ആരോഗ്യ പ്രവർത്തകർ സുരക്ഷാ സജ്ജീകരണങ്ങളോടെ ദിവസവും പരിചരിക്കുന്നുണ്ടല്ലോ. ആവശ്യമായ ഘട്ടങ്ങളിൽ സൂക്ഷ്മതയോടെ അവരെ സമീപിക്കാനാകുമെന്ന് ഇതിൽ നിന്നു മനസ്സിലാക്കാം. അപ്പോൾ ജീവിത കാലത്തേക്കാൾ രോഗ വ്യാപന സാധ്യത കുറവുള്ള മരണ ശേഷം തയമ്മും ചെയ്യുന്നതിൽ ഭീതിയില്ല. തയമ്മും ചെയ്യാനും കഴിയാതെ വരുമ്പോഴേ മയ്യിത്തിനെ ശുദ്ധി വരുത്താതെ മറവു ചെയ്യാൻ ഇസ്‌ലാം അനുവദിക്കുന്നുളളൂ.

കോവിഡ് മയ്യിത്ത് നിസ്‌കാരം

മയ്യിത്തുമായി ബന്ധപ്പെട്ട അടുത്ത ഫർള് കിഫ കഫൻ ചെയ്യലാണ്. ജീവിതകാലത്ത് ധരിക്കാൻ അനുവദിക്കപ്പെട്ട എല്ലാതരം വസ്ത്രങ്ങൾ കൊണ്ടും കഫൻ ചെയ്യാം. ഒരു വസ്ത്രം കൊണ്ട് മൂടലാണ് ഇതിന്റെ ചുരുക്ക രൂപം. പുരുഷന് മൂന്നും സ്ത്രീക്ക് അരയുടുപ്പും ഖമീസും മുഖമക്കനയുമടക്കം അഞ്ച് വസ്ത്രവുമാണ് പരിപൂർണത.
അടുത്തത് മയ്യിത്തിനു വേണ്ടിയുള്ള നിസ്‌കാരമാണ്. മയ്യിത്തിന്റെ മേൽ നിസ്‌കരിക്കണമെങ്കിൽ ശുദ്ധി മുൻകടക്കൽ അനിവാര്യമാണ്. അല്ലെങ്കിൽ നിസ്‌കാരം സ്വഹീഹല്ല. കഫൻ ചെയ്യുന്നതിന് മുമ്പ് നിസ്‌കരിക്കൽ കറാഹത്തുമാണ് (മിൻഹാജ്). കെട്ടിടം പൊളിഞ്ഞു വീണോ, കുഴിയിലോ സമുദ്രത്തിലോ അകപ്പെട്ടോ, അതു പോലോത്തത് മൂലമോ ഒരാൾ മരണപ്പെടുകയും മൃതദേഹം പുറത്തെടുക്കാനും കുളിപ്പിക്കാനും തയമ്മും ചെയ്യാനും പ്രയാസമാവുകയും ചെയ്താൽ ആ മയ്യിത്തിനു മേൽ നിസ്‌കരിക്കാൻ പാടില്ല (മിൻഹാജ്).
കുളിയോ തയമ്മുമോ കഴിഞ്ഞതിന് ശേഷമേ മയ്യിത്ത് നിസ്‌കരിക്കാവൂ. അല്ലാത്തപക്ഷം നിസ്‌കരിക്കരുത്. ഇവിടെ നിസ്‌കാരം വിലക്കിയത് മയ്യിത്തിന് ശുദ്ധിയില്ലെന്ന കാരണത്താൽ മാത്രമാണ്. അത്തരം മയ്യിത്തിനു മേൽ നിസ്‌കരിച്ചില്ല എന്നത് അവർക്കൊരിക്കലും ന്യൂനതയല്ല. മാത്രമല്ല, മുകളിൽ സൂചിപ്പിച്ച പോലെ മരണപ്പെടുന്നവർ ആഖിറത്തിൽ ശഹീദിന്റെ പദവിയിലാണെന്ന് ഇസ്‌ലാം പഠിപ്പിച്ചിട്ടുമുണ്ട്.
എന്നാൽ കുളിപ്പിക്കാനും തയമ്മും ചെയ്യാനും ഒരുനിലക്കും സാധിക്കാത്ത അവസരത്തിൽ നിസ്‌കരിക്കാമെന്ന ഒരഭിപ്രായം പിൻഗാമികളായ ചില പണ്ഡിതർ രേഖപ്പെടുത്തിയിട്ടുണ്ട്. അവർ പറയുന്നു: നിസ്‌കാരം ഒഴിവാക്കുന്നതിന് ഒരു ന്യായവുമില്ല. പ്രയാസമുള്ളതിനാൽ ചില ബാധ്യതകൾ ചെയ്യാതിരുന്നാലും കഴിയുന്നത് ചെയ്യേണ്ടെന്നു വരില്ല. ഒരു കാര്യം കൽപിക്കപ്പെട്ടാൽ കഴിയുന്ന അത്ര നിങ്ങൾ എടുക്കണമെന്നാണ് ഹദീസിൽ വന്നിട്ടുള്ളത്. ഇമാം ദാരിമി(റ) ഇതു വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഹൃദയത്തിൽ ഈ അഭിപ്രായത്തോടാണ് ചായ് വെങ്കിലും മശാഇഖന്മാരിൽ നിന്നും കേട്ടു പോരുന്നത് നിസ്‌കരിക്കരുതെന്ന അഭിപ്രായമാണ് (മുഗ്‌നി 2/50).
ഈ അഭിപ്രായം ഉദ്ധരിച്ച് ഇമാം ശർവാനി(റ) എഴുതി: ഇവരുടെ അഭിപ്രായം തഖ്‌ലീദ് ചെയ്തു പ്രവർത്തിക്കാവുന്നതാണ്. മയ്യിത്തിന്റെ കുടുംബത്തിന് ആശ്വാസമാകാനും മയ്യിത്തിനെ മോശമാക്കാതിരിക്കാനും വേണ്ടിയാണിത് (ശർവാനി 3/189).

ഖബറടക്കൽ

ഖബർ ആവശ്യാനുസൃതം നീളവും വീതിയും ആഴവും ഉള്ളതായിരിക്കണമെന്നാണ് മതവിധി. അധികം നീണ്ടതോ കുറിയതോ അല്ലാത്ത ഒരാൾ ഖബറിൽ ഇറങ്ങിനിന്ന് കൈയുയർത്തിയാൽ മറയുന്ന അത്രയും ആഴം ഖബറിനുണ്ടായിരിക്കൽ സുന്നത്താണ്.
സാധാരണ ഗതിയിൽ നമ്മുടെ നാടുകളിൽ ആറടിയോളം ആഴത്തിൽ ഖബർ കുഴിക്കാറുണ്ട്. എന്നാൽ കോവിഡ് മൂലം മരിച്ചവരെ മാനദണ്ഡങ്ങൾ പാലിച്ച് നല്ല ആഴത്തിലുള്ള കുഴികളിൽ ബ്ലീച്ചിംഗ് പൗഡറും അണുനശീകരണികളും ഉപയോഗിച്ച് പാസ്റ്റിക് കവറുകളിൽ പൊതിഞ്ഞാണ് അടക്കം ചെയ്യുന്നത്. സാധാരണ നിലയിലുള്ള ഭൂമിയാണെങ്കിൽ ചുരുങ്ങിയത് പത്ത് അടിയും അല്ലാത്ത ഇടങ്ങളിൽ അതിനേക്കാൾ ആഴമുള്ള കുഴിയിലുമാണ് കോവിഡ് രോഗികളെ മറമാടുക.
ഖബറിൽ ഇറക്കി വെക്കുമ്പോൾ ഖിബ് ലയിലേക്ക് ചെരിച്ച് കിടത്തൽ നിർബന്ധമാണ്. വലതു ഭാഗത്തിന്റെ മേൽ ആകൽ സുന്നത്തും ഇടതു ഭാഗത്തിന്റെ മേൽ കിടത്തൽ കറാഹത്തുമാണ്. ഇതിനു വിപരീതമായി മയ്യത്തിനെ ഖിബ്‌ലയിലേക്ക് പിന്തിരിഞ്ഞോ മലർത്തിയോ കിടത്തൽ (കാല് ഖിബ്‌ലയിലേക്കായാലും ശരി) ഹറാമാകുന്നു. അങ്ങനെ മറമാടിയാൽ മയ്യിത്ത് ദ്രവിച്ചു തുടങ്ങാത്തപക്ഷം ഖബർ തുറന്ന് ശരിപ്പെടുത്തൽ നിർബന്ധം (തുഹ്ഫ 3/171).
ഇത്തരം രീതിയിൽ മറമാടാൻ സാധിക്കുന്ന കോവിഡ് രോഗികളിലും ഇതു പാലിക്കൽ നിർബന്ധമാണ്. ഇന്ന് ചില നാടുകളിൽ കണ്ടുവരുന്നത് പോലെ, കുളിപ്പിക്കാനും കഫൻ ചെയ്യാനും പ്രയാസമാണെന്ന് പറഞ്ഞ് ലാഘവത്തോടെ മയ്യിത്ത് നിസ്‌കരിച്ച് മറമാടുന്നത് മതപരമായി തികച്ചും തെറ്റാണ്. അതേസമയം ഒരു നിലക്കും കുളിപ്പിക്കാനും കഫൻ ചെയ്യാനും സാധിക്കാതെ വന്നാൽ നേരത്തെ പരാമർശിച്ച അഭിപ്രായം തഖ്‌ലീദ് ചെയ്തുകൊണ്ട് മയ്യിത്ത് നിസ്‌കരിക്കുന്നുവെന്ന നിയ്യത്തോടെ നിസ്‌കാരം നിർവഹിക്കണം. അത്തരമൊരു അഭിപ്രായം കിതാബുകളിലുണ്ടല്ലോ എന്ന നിലക്കു ചെയ്യാവതല്ല, ആ അഭിപ്രായം തഖ്‌ലീദ് ചെയ്തുകൊണ്ട് പ്രവർത്തിക്കുന്നുവെന്ന വിചാരം അനിവാര്യമാണ്.
ചുരുക്കത്തിൽ, മുസ്‌ലിമായി ജീവിച്ച വ്യക്തി മരണശേഷവും അർഹിക്കുന്ന ഇസ്‌ലാമിക പരിഗണനകൾ കോവിഡ് കാലത്ത് പലപ്പോഴും അറിവില്ലായ്മ കൊണ്ടോ അനാവശ്യ ഭയം കാരണമായോ തെറ്റിദ്ധാരണ മൂലമോ ലഭിക്കാതെ പോകുന്നുണ്ട്. മയ്യിത്തിന്റെ അവകാശം എന്നതോടൊപ്പം മുസ്‌ലിം സമൂഹത്തിന്റെ ബാധ്യത കൂടിയാണ് ശരിയായ സംസ്‌കരണം. ചെറിയ തടസ്സങ്ങൾ നിരത്തി ആ ബാധ്യതയിൽ നിന്ന് ഒഴിവാകാൻ പഴുതില്ല. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ നാം ചെയ്യണം. കോവിഡ് വിഷയത്തിലെ ജാഗ്രത മുസ്‌ലിമിനെ മതാനുബന്ധ ജാഗ്രതയിൽ നിന്നുള്ള അലംഭാവത്തിലേക്ക് നയിക്കരുത്.

അബൂബക്കർ അഹ്‌സനി പറപ്പൂർ