page

Saturday, 28 November 2020

വിവാഹത്തിനും നിശ്ചയത്തിനുമിടയിൽ ?

 ‎‎‎‎‎‎‎‎‎‎‎‎‎‎‎‎               *🏠 കുടുംബ ജീവിതം 🏠*

   *✿•••┈┈┈┈┈•✿ 💓 ✿•┈┈┈┈┈•••✿*

*📌 നിശ്ചയത്തിനും നികാഹിനുമിടയിൽ...💞* 


       ✍🏼വിവാഹാലോചനയിലുള്ള സ്ത്രീ-പുരുഷന്‍മാര്‍ക്കിടയിലെ ബന്ധം ഏതുരൂപത്തിലായിരിക്കണം എന്നത് ഈയടുത്ത കാലത്തായി വളരെയധികം തെറ്റിദ്ധരിക്കപ്പെടുകയും സംശയങ്ങള്‍ ഉളവാക്കുകയും ചെയ്യുന്ന ഒന്നാണ്. ആധുനിക മാധ്യമങ്ങളും സംസ്‌കാരവുമാണ് അതിന് കാരണമായിരിക്കുന്നത്. അല്ലാഹു ﷻ അനുവദിച്ച കാര്യങ്ങളെ അവര്‍ നിഷിദ്ധവും നിഷിദ്ധമാക്കിയവയെ അനുവദനീയവുമാക്കി മാറ്റുന്നു. മതനിഷ്ഠ പുലര്‍ത്തുന്ന മുസ്‌ലിംകള്‍ പോലും അതിന്റെ കെണിയില്‍പെട്ടു പോകുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. അല്ലാഹുﷻവിന്റെയും അവന്റെ ദൂതന്റെയും (ﷺ) കല്‍പനകള്‍ ജീവിതത്തിലുടനീളം പാലിക്കേണ്ട മുസ്‌ലിംകള്‍ ആ രംഗത്തും വിട്ടുവീഴ്ചക്ക് തയ്യാറാവരുത്...


 ഒരു സ്ത്രീയെ വിവാഹം ചെയ്യാനുള്ള തന്റെ താല്‍പര്യം അറിയിക്കുന്നതില്‍ കവിഞ്ഞ ഒന്നുമല്ല വിവാഹാലോചന എന്ന് നാം ആദ്യമായി തിരിച്ചറിയേണ്ടതുണ്ട്. നികാഹ് ശരിയാകുന്നതിനുള്ള ഒരു നിബന്ധനയല്ല അതെന്ന് നാം തിരിച്ചറിയണം. നികാഹിലേക്കുള്ള ഒരു മാര്‍ഗം എന്ന നിലക്ക് മാത്രമാണ് വിവാഹാലോചനയെ കാണേണ്ടത്. അതുകൊണ്ട് തന്നെ ഭൂരിപക്ഷം പണ്ഡിതന്‍മാരും അതിനെ അംഗീകരിക്കുന്നവരുമാണ്...


 വിവാഹം അന്വേഷിക്കുന്ന സമയത്ത് പുരുഷന് രണ്ട് കാര്യങ്ങളാണ് അനുവദനീയമായത്. അതില്‍ ഒന്നാമത്തേത് അവളെ കാണലാണ്. 'നീ അവളിലേക്ക് നോക്കുക, നിങ്ങള്‍ക്കിടയില്‍ ഇണക്കമുണ്ടാക്കാന്‍ ഏറ്റവും നല്ലതാണത്' എന്ന പ്രവാചക (ﷺ) വചനമാണ് അതിനുള്ള തെളിവ്. അപ്രകാരം അനുവദനീയമായ മറ്റൊരു കാര്യം അവളെ സംബന്ധിച്ചുള്ള അനിവാര്യമായ വിവരങ്ങള്‍ ശേഖരിക്കുക എന്നതാണ്. അവളെകുറിച്ച് അറിഞ്ഞ് കൊണ്ടായിരിക്കണം വിവാഹത്തിലേക്ക് കാലെടുത്ത് വെക്കേണ്ടത് എന്നതിനാലാണത്.


 വിവാഹം അന്വേഷിക്കുന്ന സ്ത്രീയുമായുള്ള ബന്ധത്തിന്റെ പരിധി എത്രത്തോളമുണ്ടെന്ന് അത് നടത്തുന്നവര്‍ മനസിലാക്കല്‍ വളരെ പ്രധാനമാണ്. അവളുമായുള്ള നികാഹ് നടക്കുന്നതിന് മുമ്പ് നിഷിദ്ധമായ പല കാര്യങ്ങളും ചിലര്‍ അനുവദനീയമെന്ന് ധരിക്കുന്നുണ്ട്. അതില്‍പെട്ട ഒന്നാണ് ഹസ്തദാനം. നികാഹിന്റെ കരാര്‍ ഏര്‍പ്പെടുന്നത് വരെ അവള്‍ അന്യതന്നെയാണ്. അതുകൊണ്ട് തന്നെ മറ്റേത് അന്യസ്ത്രീയോടും സ്വീകരിക്കേണ്ട നിലപാട് തന്നെയാണ് അവളോടും സ്വീകരിക്കേണ്ടത്...


 പ്രവാചകന്‍ ﷺ ഒരിക്കല്‍ പറഞ്ഞു: 'തനിക്ക് അന്യയായ ഒരു സ്ത്രീയെ സ്പര്‍ശിക്കുന്നതിനേക്കാള്‍ നിനക്ക് നല്ലത് തലയില്‍ ഇരുമ്പിന്റെ ആണി അടിച്ച് കയറ്റുന്നതാണ്.' ഇതുപോലെ നിഷിദ്ധമായതാണ് വിവാഹം അന്വേഷിക്കുന്ന സ്ത്രീയോടൊപ്പം ഒറ്റക്കാകുന്ന സന്ദര്‍ഭങ്ങള്‍. വിവാഹം അന്വേഷിക്കുന്ന കാലയളവില്‍ അവളുടെ രക്തബന്ധത്തിലുള്ള പ്രായപൂര്‍ത്തിയായ പുരുഷന്റെ സാന്നിദ്ധ്യത്തിലല്ലാതെ അവളോടൊപ്പമാകുന്നതും ഒരുമിച്ച് പുറത്ത് പോകുന്നതും അനുവദനീയമല്ല. ഇതിലും അന്യസ്ത്രീയോട് പാലിക്കേണ്ട നിലപാട് തന്നെയാണ് ഇസ്‌ലാമിന്റേത്.


 ഇന്ന് വിവാഹാലോചിതര്‍ക്കിടയില്‍ തെറ്റായ പല പ്രവൃത്തികളും സംസാരങ്ങളും നമുക്ക് കാണാവുന്നതാണ്. യാതൊരു പരിധിയും നിബന്ധനയും പാലിക്കാതെ അവര്‍ പരസ്പരം ഇടപഴകുന്നു. പലപ്പോഴും ഒരാള്‍ തന്റെ ഭാര്യയോട് പെരുമാറുന്നതിന് സമാനമായ തലത്തിലേക്ക് വരെ അതെത്താറുണ്ട്. അവരുടെ വീട്ടുകാരും അവരുടെ നിലപാടിനെ അനുകൂലിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് ഏറെ അപകടകരം. അവര്‍ ഒരുമിച്ച് പുറത്ത് പോകുമ്പോള്‍ പലരും അവളുടെ ഉമ്മയെയോ, ചങ്ങാതിമാരെയോ, പ്രായപൂര്‍ത്തിയെത്താത്ത കുട്ടികളെയോ ആണ് കൂടെ കൂട്ടാറുള്ളത്. അതുകൊണ്ട് ഇസ്‌ലാം മുന്നോട്ട് വെക്കുന്ന നിബന്ധന പാലിക്കപ്പെടുന്നില്ല. ഇത്തരത്തിലുള്ള കൂടിക്കാഴ്ച്ചകളും ഒരുമിച്ചുള്ള പുറത്ത് പോക്കും ഇസ്‌ലാം അനുവദിക്കുന്നില്ല. അതുണ്ടാക്കുന്ന ദോഷങ്ങള്‍ നാം തിരിച്ചറിയേണ്ടതുണ്ട്.


 സ്ത്രീയുടെ ആദരണീയതക്കും ശ്രേഷ്ഠതക്കും ലജ്ജക്കും അനുഗുണമല്ലാത്തതാണ് അവര്‍ ഇരുവരും ഒറ്റക്കാകുന്ന സന്ദര്‍ഭങ്ങള്‍. വിവാഹം അന്വേഷിക്കുന്ന സന്ദര്‍ഭമെന്നത് ഓരോരുത്തരും ഏറ്റവും കൂടുതല്‍ അണിഞ്ഞൊരുങ്ങാനും തന്റെ സൗന്ദര്യം പരമാവധി പ്രകടിപ്പിക്കാനും താല്‍പര്യം കാണിക്കുന്ന സമയമാണ്. വിവാഹാലോചന തുടരുന്നതിനായി അവര്‍ മറ്റേയാളുടെ വീഴ്ചകള്‍ കണ്ടില്ലെന്ന് നടിക്കുന്ന സന്ദര്‍ഭം കൂടിയാണത്. ഇത്തരം കൂടിക്കാഴ്ചകള്‍ക്ക് ശേഷം എന്തെങ്കിലും കാരണത്താല്‍ വിവാഹം നടക്കാതിരുന്നാല്‍ ആളുകള്‍ക്ക് അവരില്‍ സംശയങ്ങളും ആരോപണങ്ങളും ഉന്നയിക്കുന്നതിനുള്ള അവസരം ഒരുക്കുകയാണത് ചെയ്യുന്നത്. ഈ സന്ദര്‍ഭത്തില്‍ തന്നെ ചുംബിക്കുകയും സ്പര്‍ശിക്കുകയും ചെയ്യുന്നവര്‍ പോലും സമൂഹത്തിലുണ്ട്. ദാമ്പത്യത്തില്‍ സംശയങ്ങള്‍ക്കുള്ള കവാടം തുറന്ന് കൊടുക്കുകയാണ് അതിലൂടെ ചെയ്യുന്നത്. വിവാഹത്തിന് മുമ്പ് തന്നെ എന്നെ ചുംബിക്കുകയും സ്പര്‍ശിക്കുകയും ചെയ്ത ആള്‍ മറ്റൊരു സ്ത്രീയുമായി ഇത്തരത്തില്‍ ഇടപഴകുമെന്ന് ഭാര്യ സംശയിച്ചാല്‍ തികച്ചും ന്യായമാണത്. ഇത്തരത്തില്‍ ഒന്നിലധികം വിവാഹാലോചനകള്‍ എത്തിയിട്ടുള്ള ഒരു സ്ത്രീ എല്ലാവര്‍ക്കും രുചി നോക്കാവുന്ന ഭക്ഷണം പോലെയായി മാറുന്നു. സ്ത്രീക്ക് അലങ്കാരവും സംരക്ഷണവുമായ ലജ്ജയെന്ന ഗുണം ആദ്യ വിവാഹാലോചനയോടെ തന്നെ പിച്ചിചീന്തപ്പെടുന്നു.


 വിവാഹം ആലോചിക്കുന്ന വേളയിലുള്ള സംസാരത്തില്‍ എന്തൊക്കെ കാര്യങ്ങള്‍ സംസാരിച്ചു കൂടാ എന്നതും പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. ലൈംഗികമായ കാര്യങ്ങളെകുറിച്ച് സംസാരിക്കരുത്. അവര്‍ രണ്ട് പേരും അന്യര്‍ തന്നെയാണെന്നതാണ് അതിന് പ്രധാന കാരണം. ലൈംഗികചുവയുള്ള സംസാരം ഘട്ടംഘട്ടമായി ലൈംഗികമായ പ്രവര്‍ത്തനങ്ങളിലേക്കും വഴിമാറാനുള്ള സാധ്യത വളരെയേറെയാണ്. സംസാരത്തില്‍ ചില യുവതീ-യുവാക്കള്‍ തങ്ങളുടെ കുടുംബത്തിലെ പ്രശ്‌നങ്ങള്‍ പങ്കുവെക്കുന്നവരുണ്ട്. താന്‍ പരിചയപ്പെട്ടു തുടങ്ങുന്ന ഒരാളോട് അത്തരം കാര്യങ്ങള്‍ പറയുന്നതില്‍ ചില അപകടങ്ങളുമുണ്ട്. കുടുംബത്തില്‍ നിലനില്‍ക്കുന്ന നിസ്സാരവും പരിഹരിക്കാവുന്നതുമായ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്ന ചിലര്‍ ആ വിവാഹത്തില്‍ നിന്ന് തന്നെ പിന്തിരിയുന്നതിന് കാരണമായേക്കാം. താന്‍ നേരിടാനിരിക്കുന്ന വലിയ പ്രശ്‌നങ്ങളെയും വെല്ലുവിളികളെയും കുറിച്ചുള്ള സൂചനയായി അവരതിനെ കാണുന്നു എന്നതിനാലാണത്. അത്തരം പരാമര്‍ശങ്ങള്‍ വിവാഹത്തിന് മുമ്പും ശേഷവുമെല്ലാം ദുരുപയോഗപ്പെടുത്താനുള്ള സാധ്യതയും വളരെയേറെയാണ്. വിവാഹം ആലോചിക്കുന്നവരില്‍ നിയമവിധേയമായിട്ടോ അല്ലാതെയോ മുന്‍ബന്ധങ്ങള്‍ ഉള്ളവരുണ്ടാകാം. അത്തരം ബന്ധങ്ങളെയും അനുഭവങ്ങളെയുംകുറിച്ച് സംസാരിക്കരുത്. തികച്ചും അപ്രതീക്ഷിതമായ ഫലങ്ങളായിരിക്കും അതുണ്ടാക്കുക. സന്തുഷ്ടകരമായ ഒരു വൈവാഹിക ജീവിതമാണ് നിങ്ങളുദ്ദേശിക്കുന്നതെങ്കില്‍ വിവാഹാലോചന മുതല്‍ തന്നെ ദൈവികമായ എല്ലാ കല്‍പനകളും മുറുകെ പിടിക്കല്‍ അനിവാര്യമാണ്. മുന്‍കാലത്ത് നിഷിദ്ധമായതിന്റെ പേരില്‍ ഒഴിവാക്കിയ കാര്യങ്ങള്‍ വിവാഹത്തിന് ശേഷം നിങ്ങള്‍ക്ക് ആവോളം ആസ്വദിക്കാവുന്നതാണെന്ന് ഓര്‍ക്കുക.