page

Thursday, 4 February 2021

ഊമക്കത്തും സമസ്തയുടെ രാഷ്ട്രീയവും




 

സയ്യിദ് അബ്ദുറഹ്‌മാൻ അൽബുഖാരിയുടെ നേതൃത്വത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പുന:സംഘടിപ്പിക്കാനുണ്ടായ കാരണം, മഹത്തായ ഈ പണ്ഡിതസഭയെ ഭൗതിക രാഷ്ട്രീയ കക്ഷിയുടെ ആലയിൽ തളക്കാനുള്ള ചിലരുടെ ശ്രമമാണ് എന്ന വസ്തുത നിരവധി തവണ വ്യക്തമാക്കപ്പെട്ടതും ചരിത്രവും വർത്തമാനവും ഇതിനു സാക്ഷിയായതുമാണ്. സമസ്ത അതിന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാനുണ്ടായ സാഹചര്യം പുതിയ തലമുറ പഠിക്കേണ്ടതുണ്ട്. അമ്പലക്കടവ് ഫൈസി പറഞ്ഞ കത്തോ പുസ്തകമോ ഒന്നുമല്ല അതിന്റെ കാരണം. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ജനിക്കുന്നതിന്റെ 22 വർഷം മുമ്പ് നിലവിൽവന്ന പ്രസ്ഥാനമാണ് സമസ്ത. പാർട്ടിക്ക് അധികാര പങ്കാളിത്തം ലഭിച്ചതോടെ താക്കോൽ സ്ഥാനത്ത് നിലയുറപ്പിച്ച വഹാബി ആശയക്കാർ ലീഗിനെ സമസ്തയെ നിയന്ത്രിക്കാനുള്ള കടിഞ്ഞാണാക്കി ഉപയോഗിക്കാൻ തുടങ്ങി.

1963 ന് ശേഷം 1985 വരെ സമസ്തയുടെ ഒരു സമ്മേളനം പോലും നടത്താൻ സാധിച്ചിട്ടില്ല. ചിലർ അനുവദിച്ചില്ലെന്നതാണ് കൂടുതൽ ശരി. അതിനു മുമ്പുള്ള എല്ലാ വർഷങ്ങളിലുമെന്നോണം സമസ്ത ശ്രദ്ധേയമായ സമ്മേളനങ്ങൾ സംഘടിപ്പിക്കുകയും സമുദായത്തിന് മാർഗദർശനങ്ങൾ നൽകുകയും ചെയ്തുകൊണ്ടിരുന്നുവെന്നതാണ് ചരിത്രം. ഇനി എല്ലാത്തിനും ലീഗുണ്ട് എന്ന നിലപാടായിരുന്നു അവർ സൃഷ്ടിച്ചെടുത്തത്.

1954 ൽ രൂപീകരിച്ച എസ്‌വൈഎസിനെ ജനകീയവൽക്കരിക്കാനുള്ള ശ്രമങ്ങളൊന്നും വിജയിച്ചില്ല. വിദ്യാഭ്യാസ കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്താൽ, അത് എംഇഎസ് നടത്തിക്കൊള്ളും, റിലീഫ്, സാന്ത്വന പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിച്ചാൽ അത് യൂത്ത് ലീഗ് നിർവഹിക്കും എന്നിങ്ങനെയായിരുന്നു മറുന്യായങ്ങൾ. ഇതു കൊണ്ടുതന്നെ തീരെ ജനകീയതയോ വേരോട്ടമോ ഇല്ലാതെ നിർജീവമായിക്കിടക്കുകയായിരുന്നു സംഘടന. 1978 ൽ സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് സുന്നി യുവജന സംഘം സ്റ്റേറ്റ് ജനറൽ സെക്രട്ടറിയായി ചുമതലയേൽക്കുമ്പോൾ എസ്‌വൈഎസ് യൂണിറ്റുകളുടെ എണ്ണവും ശുഷ്‌കം.

എല്ലാം കയ്യേറ്റെടുത്ത ലീഗ് അഹ്‌ലുസ്സുന്നയുടെ വളർച്ചർക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നു മാത്രമല്ല, വഹാബിസം വളർത്താൻ ഒളിഞ്ഞും തെളിഞ്ഞും അവസരങ്ങളുണ്ടാക്കിക്കൊടുക്കുകയും ചെയ്തു. വഖഫ് ബോർഡ്, ഹജ്ജ് കമ്മിറ്റി, ഓറിയന്റൽ അറബിക് കോളേജ്, ബിഎഡ് കോളേജുകൾ, മറ്റു ഡിഗ്രി കോഴ്‌സുകൾ, അറബി പാഠ പുസ്തക കമ്മിറ്റി തുടങ്ങി എല്ലാം വഹാബികളെ ഏൽപിച്ചു. അവരാകട്ടെ ലീഗിന്റെ ചെലവിൽ സലഫിസം നന്നായി പ്രചരിപ്പിച്ചുപോന്നു.

സംസ്ഥാനത്തെ ഏക മുസ്‌ലിം ജിഹ്വയായിരുന്ന ചന്ദ്രിക ദിനപത്രത്തിൽ വഹാബിസം നന്നായി വെളിച്ചം കണ്ടു. പി മുഹമ്മദ് കുട്ടശ്ശേരി മൗലവി എല്ലാ വെള്ളിയാഴ്ചയും പത്രത്താളിൽ പച്ചയായി സലഫിസം വിളമ്പി. സുന്നി പരിപാടികൾ ഫോട്ടോകളിൽ ഒതുങ്ങിയപ്പോൾ വഹാബി പ്രോഗ്രാമുകളിൽ അവർ പറഞ്ഞ ആശയങ്ങൾ സഹിതം പത്രത്തിൽ വിശദ വാർത്തകളായി. സുന്നി വോട്ടു വാങ്ങി വിജയിച്ച പി സീതി ഹാജി എംഎൽഎ, എന്റെ അവസാന തുള്ളി രക്തവും ഞാൻ സുന്നികൾക്കെതിരെ ഉപയോഗിക്കുമെന്ന് പരസ്യമായി ആക്രോശിച്ചു.

ഈയൊരവസ്ഥിയിലാണ് സമസ്ത എന്ന പണ്ഡിത സഭക്ക് കക്ഷിരാഷ്ട്രീയവുമായി ബന്ധപ്പെട്ട തീരുമാനം പ്രഖ്യാപിക്കേണ്ടിവന്നത്. അതോടൊപ്പം പിളർന്നു രണ്ടായ ലീഗുകാർ സമസ്ത പണ്ഡിതന്മാർ ഞങ്ങളോടൊപ്പമാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം ആരംഭിക്കുക കൂടി ചെയ്തു. ഈ കലുഷിത സാഹചര്യത്തിൽ വഹാബികൾക്ക് ലീഗ് വളമായി മാറുന്നതിൽ ശക്തമായ പ്രതിഷേധം സമസ്തയിൽ രൂപപ്പെടുകയുണ്ടായി. ഇകെ അബൂബക്കർ മുസ്‌ലിയാർ, വാണിയമ്പലം അബ്ദുറഹ്‌മാൻ മുസ്‌ലിയാർ, ഇകെ ഹസൻ മുസ്‌ലിയാർ, താജുൽ ഉലമ സയ്യിദ് അബ്ദുറഹ്‌മാൻ അൽബുഖാരി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളായിരുന്നു ഇതിന്റെ തലപ്പത്ത്. രാഷ്ട്രീയത്തിലൂടെ വഹാബിവൽക്കരണം നടക്കുമ്പോൾ എങ്ങനെ പ്രതികരിക്കണമെന്ന് പല വിധത്തിൽ ചർച്ച നടന്നു. സുന്നികൾക്കായൊരു രാഷ്ട്രീയപ്പാർട്ടി വേണമെന്ന അഭിപ്രായവും കൂട്ടത്തിലുണ്ടായി.

എന്നാൽ ചർവിത ചർവണങ്ങൾക്കു ശേഷം സമസ്ത തീരുമാനം പ്രഖ്യാപിച്ചതിങ്ങനെ: ‘സമസ്ത രാഷ്ട്രീയമായി സംഘടിക്കേണ്ടതില്ല. സമസ്തയെ ചില രാഷ്ട്രീയപ്പാർട്ടിയുമായി ബന്ധപ്പെടുത്തി നടത്തുന്ന പ്രചാരണം ശരിയല്ല. സുന്നത്തു ജമാഅത്തിനെ എതിർക്കുന്നത് ഏതു രാഷ്ട്രീയപ്പാർട്ടിയിൽ പെട്ടവനായാലും അവനെ പരാജയപ്പെടുത്താൻ സാധ്യമാവുന്നത് ചെയ്യും. രാഷ്ട്രീയപ്പാർട്ടികൾ സ്ഥാനാർത്ഥികളെ നിർത്തുമ്പോൾ സുന്നിവിരുദ്ധരെ നിർത്താതിരിക്കാൻ അവരോട് ആവശ്യപ്പെടും.’ മൂന്നു പ്രമേയങ്ങളിലായി സമസ്ത എടുത്ത രാഷ്ട്രീയ തീരുമാനത്തിന്റെ സംക്ഷിപ്തമാണിത്. ഈ തീരുമാനത്തിന്റെ പേരിൽ സമസ്തയിൽ അന്ന് യാതൊരു പ്രശ്‌നവും ഉടലെടുത്തിരുന്നില്ല.

സമസ്തയുടെ രാഷ്ട്രീയ നിലപാടിൽ വെള്ളം ചേർത്തത് ആരാണെന്നു വഴിയേ പറയാം. അതിനു മുമ്പ് അമ്പലക്കടവും കൂട്ടരും 1990 കൾക്കു ശേഷം പടച്ചുണ്ടാക്കിയ കള്ളക്കത്തിനെ കുറിച്ച് ചിലതു പറയേണ്ടതുണ്ട്. സുന്നികൾക്കായി രാഷ്ട്രീയപ്പാർട്ടി ഉണ്ടാക്കിത്തരണമെന്നും, അല്ലെങ്കിൽ എസ്‌വൈഎസിനെ രാഷ്ട്രീയ പാർട്ടിയാക്കാൻ അനുവദിക്കണമെന്നും കാന്തപുരം ഉസ്താദ് സമസ്തക്ക് കത്തെഴുതിയത് കാരണമാണ് കാന്തപുരത്തെ മാറ്റിനിർത്തി സമസ്ത പുന:സംഘടിപ്പിച്ചത് എന്നാണ് അമ്പലക്കടവ് ഫൈസി ചാനലിൽ പറഞ്ഞത്. സത്യത്തിൽ ഇത് ലീഗുകാർക്ക് വേണ്ടി ചിലർ സൃഷ്ടിച്ചെടുത്ത കള്ളക്കഥയാണ്. ഇതേ മുസ്‌ലിയാർ തന്നെ പിന്നീട് പറഞ്ഞത് കത്തു കൊടുത്തത് എസ്‌വൈഎസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയാണെന്നാണ്.

1979 ൽ കാന്തപുരം ഉസ്താദ് എസ്‌വൈഎസിന്റെ സ്റ്റേറ്റ് സെക്രട്ടറിയും സമസ്തയുടെ ജോയന്റ് സെക്രട്ടറിയുമാണ്. അന്ന് ഒരു ജില്ലാ കമ്മിറ്റി കൊടുത്തു എന്നു പറയപ്പെടുന്ന കത്ത് എങ്ങനെയാണ് കാന്തപുരം ഉസ്താദ് കൊടുത്തുവെന്ന് പറയുക. എപി ഉസ്താദ് കോഴിക്കോട് ജില്ലക്കാരനാണ് എന്നതാണ് അതിന് കാരണമെങ്കിൽ അതേ ജില്ലക്കാരൻ തന്നെയല്ലേ ഇകെ ഉസ്താദും? മാത്രമല്ല, അക്കാലത്ത് ലീഗിനെ പച്ചയായി വിമർശിക്കാറുള്ളതും ഇകെ ഉസ്താദല്ലേ! പിന്നെ എങ്ങനെയാണ് ഫൈസി ഈ കത്തിന്റെ പിതൃത്വം (അങ്ങനെയൊരു കത്തുണ്ടെങ്കിൽ) എപി ഉസ്താദിന്റെ മേൽ വെച്ചുകെട്ടുക. ഊഹം വെച്ചു പ്രസ്താവനയിറക്കുന്നത് പണ്ഡിതന്മാർക്ക് ചേർന്നതാണോ?

അതിലേറെ അത്ഭുതം, പുതിയ പാർട്ടിയില്ലെങ്കിൽ എസ്‌വൈഎസിനെ രാഷ്ട്രീയപ്പാർട്ടിയാക്കിത്തന്നാൽ മതിയെന്നാവശ്യപ്പെട്ടുവെന്നതാണ്. എസ്‌വൈഎസ് എന്താണെന്നോ ഒരു രാഷ്ട്രീയപ്പാർട്ടിയുടെ സ്വഭാവമെന്താണെന്നോ ധാരണയില്ലാത്ത ആളായിട്ടാണ് എപി ഉസ്താദിനെ ഫൈസിയും സംഘവും മനസ്സിലാക്കിയിട്ടുള്ളതെങ്കിൽ സഹതപിക്കാനേ നിർവാഹമുള്ളൂ.

ഇനി, കാന്തപുരത്തെ മാറ്റിനിർത്താൻ ഈ കത്തായിരുന്നു കാരണമെന്ന് പറഞ്ഞ ഫൈസി സമസ്തയുടെ യഥാർത്ഥ ചരിത്രത്തിനു മുമ്പിൽ നിരായുധനാവുമെന്ന് തീർച്ചയാണ്. 1979 ൽ കത്തു കൊടുത്തതാണ് എപി ഉസ്താദിനെ പുറത്താക്കാൻ കാരണമെന്നാണല്ലോ ഫൈസി ആരോപിച്ചത്. എന്നാൽ സത്യത്തിൽ സംഭവിച്ചതെന്താണെന്നോ? 79, 82, 85, 89 വർഷങ്ങളിലെല്ലാം ഉസ്താദിനെ തന്നെ സമസ്തയുടെ കീഴ്ഘടകമായ എസ്‌വൈഎസിന്റെ സ്‌റ്റേറ്റ് ജനറൽ സെക്രട്ടറിയായി ആവർത്തിച്ചു തിരഞ്ഞെടുക്കുകയായിരുന്നു. പുറത്താക്കിയ ഒരാളെ ഇങ്ങനെ അമരത്തിരുത്തി അംഗീകരിക്കുന്ന സംഘടനയാണ് സമസ്തയെന്ന് ഫൈസി കരുതിയോ?!

1983 ലെ കൊട്ടപ്പുറം സുന്നി-മുജാഹിദ് സംവാദത്തിന് കാന്തപുരം ഉസ്താദിനെ തന്നെ ആശീർവദിച്ച് പറഞ്ഞയക്കുന്ന ഇകെ ഉസ്താദിനെ ചരിത്രത്തിൽ കാണുന്നു. 85 ൽ നടന്ന സമസ്ത സമ്മേളനത്തിന്റെ സ്വാഗത സംഘം ജനറൽ കൺവീനറായി ഇതേ കാന്തപുരം ഉസ്താദിനെ തന്നെ മുതിർന്ന ആലിമീങ്ങൾ നിശ്ചയിക്കുന്നതും കാണാം. സമസ്തയുടെ ജോയന്റ് സെക്രട്ടറിയായി വീണ്ടും പത്ത് കൊല്ലത്തോളം ഉസ്താദ് തന്നെ തുടരുകയും ചെയ്യുന്നു. ഇനി പറയൂ, ഇല്ലാ കത്തിന്റെ പേരിലാണ് കാന്തപുരത്തെ പുറത്താക്കിയതെന്ന കളവ് ആരാണ് ആദ്യം പറഞ്ഞത്? പലവട്ടം ആവർത്തിച്ച് നിങ്ങളുടെ മനസ്സിൽ അതു പതിഞ്ഞുപോയിട്ടുണ്ടെങ്കിൽ ഗീബൽസിയൻ സിദ്ധാന്തം ഓർമിപ്പിക്കുന്നുവെന്നു പറയാതെ വയ്യ. പണ്ഡിത വേഷധാരികൾ ഇത്തരമൊരു വസ്തുതാ വിരുദ്ധ ആരോപണത്തിനു പിറകിൽ പോകുന്നതിൽ സഹതാപം മാത്രമേയുള്ളൂ. അവാസ്തവമായൊരു കാര്യം വസ്തുതയായി തോന്നുന്നുവെങ്കിൽ ‘സ്വയം പ്രത്യയനം’ എന്ന മന:ശാസ്ത്ര ചികിത്സയിലൂടെ ആ തെറ്റിദ്ധാരണ മനസ്സിൽ നിന്ന് നീക്കാൻ ശ്രമിക്കുകയാണ് പ്രതിവിധി. കാന്തപുരം ഉസ്താദ് രാഷ്ട്രീയ പാർട്ടി ഉണ്ടാക്കുകയല്ല, സമസ്തയുടെ രാഷ്ട്രീയ നയത്തിൽ അടിയുറച്ചു നിൽക്കുക മാത്രമാണ് ചെയ്തത്.

ഹമീദ് ഫൈസിയുടെ നേതാവായിരുന്ന നാട്ടിക മൂസ മുസ്‌ലിയാരായിരുന്നു എംഡിപി എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതും അതിന്റെ പ്രഥമ പ്രസിഡന്റായിരുന്നതും. ഇകെ ഉസ്താദ് അതിന്റെ ഉപദേശക സമിതി അംഗമാണെന്ന് പ്രഖ്യാപനവേദിയിൽ വെച്ച് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ സമ്മതത്തോടെയായിരുന്നോ ഇതെന്ന് നമുക്കറിഞ്ഞുകൂടാ. എന്നാൽ പാർട്ടി പ്രഖ്യാപനം കഴിഞ്ഞപ്പോൾ നാട്ടികയെ ലീഗ് നേതൃത്വം കാണേണ്ടതു പോലെ കണ്ടുവത്രെ. അങ്ങനെ മേലാറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് വരെ ആകാൻ മൂസ മൗലവിക്ക് സാധിച്ചു.

പണ്ഡിതസഭ ഭൗതിക രാഷ്ട്രീയ കക്ഷികളുമായി ചേർന്നു പ്രവർത്തിക്കുന്നതിന്റെ അപകടം മനസ്സിലാക്കിത്തന്നെയാണ് സമസ്ത അതിന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്. അതിൽ നിന്നും വ്യതിചലിച്ചത് ആരാണെന്ന് പിന്നീട് നടന്ന സംഭവങ്ങളും വർത്തമാനകാല ചരിത്രവും നമുക്ക് പറഞ്ഞുതരും. ‘ലീഗും ദീനും രണ്ടല്ല, ലീഗോഫീസുകളെല്ലാം സുന്നത്ത് ജമാഅത്തിന്റെ ഓഫീസുകളാണ്, അവരുടെ പരിപാടികളിൽ പങ്കെടുക്കരുത്- ലീഗ്, സമദാനിയെ വിജയിപ്പിക്കുക- സമസ്ത, ലീഗും സമസ്തയും ഒറ്റക്കെട്ടാണ്’ തുടങ്ങിയ പ്രസ്താവനകൾ സുന്നികളുടെ മനസ്സിൽ ഇന്നും മായാതെ കിടപ്പുണ്ട്. ഇങ്ങനെ സമസ്തയെ ഒരു ഭൗതിക രാഷ്ട്രീയപ്പാർട്ടിയുടെ ആലയിൽ തളക്കാൻ വ്യക്തമായ ശ്രമമുണ്ടായപ്പോഴാണ് താജുൽ ഉലമയും സുൽത്വാനുൽ ഉലമയും നൂറുൽ ഉലമയും ചേർന്ന് സമസ്ത പുന:സംഘടിപ്പിച്ചത്. ഇതാണ് ചരിത്ര സത്യം.

ഇന്നും ലീഗിന്റെ കണ്ണുരുട്ടൽ കാണുമ്പോൾ ചിലർക്ക് മുട്ടുവിറക്കുകയും യാത്ര മാറ്റിവെക്കുകയുമൊക്കെ ചെയ്യേണ്ടിവരുന്നുണ്ടെങ്കിൽ, അതില്ലാതെ, ആരെയും ഭയപ്പെടാതെ ദീൻ പറയാനുള്ള അവസരമാണ് എപി ഉസ്താദും ഉള്ളാൾ തങ്ങളും സമസ്ത പുന:സംഘടിപ്പിച്ചതിലൂടെ നേടിയെടുത്തതെന്ന് മതത്തെ സ്‌നേഹിക്കുന്നവർക്കൊക്കെ വ്യക്തമായറിയാം. ഈ ഫൈസി മുതൽ വൈസ് പ്രസിഡന്റ് വരെ ലീഗ് ഭാരവാഹികളായിരിക്കെ, ഇവർക്ക് സ്വന്തമായി തീരുമാനങ്ങൾക്ക് സാധ്യമല്ല. സ്വത്വബോധം പച്ച പൊതിഞ്ഞ് പണയം വെച്ചവർക്ക് ഇന്ത്യൻ ഗ്രാന്റ് മുഫ്തി കണ്ണിലെ കരടാവാതിരുന്നാലല്ലേ അത്ഭുതമുള്ളൂ.


‘റഹ്‌മത്തുല്ലാഹ് സഖാഫി എളമരം