page

Friday, 5 February 2021

സമസ്ത ഭിന്നിക്കേണ്ടത് ആരുടെ താൽപര്യമായിരുന്നു ?


കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തന്റെ നാട്ടിലെ മുസ്‌ലിം ലീഗിന്റെ പരാജയത്തിന് പരിശ്രമിച്ചു എന്ന ഒറ്റക്കാരണത്താൽ അബ്ദുറഹ്‌മാൻ ഔഫ് എന്ന സുന്നീ പ്രവർത്തകനെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ ലീഗിന്റെ കൊലപാതക രാഷ്ട്രീയത്തെ അപലപിച്ചു പൊതുസമൂഹം രംഗത്ത് വരികയുണ്ടായി. ജനമധ്യേ മാനംകെട്ട് നിന്ന ലീഗിന് കൊലപാതക ചർച്ച ദ്രോഹം ചെയ്തപ്പോഴാണ് ചർച്ച വഴിതിരിച്ചുവിടാൻ ലീഗുകാരായ ചേളാരി വിഭാഗം എസ്‌വൈഎസ് സെക്രട്ടറി അമ്പലക്കടവ് ഫൈസി പഴകിപ്പുളിച്ച ഒരു ദുരാരോപണവുമായി നിർലജ്യം വീണ്ടും രംഗത്തുവന്നത്.

അതായത് കാന്തപുരം ഉസ്താദിന്റെ രാഷ്ട്രീയ നിലപാടാണത്രെ സമസ്ത പിളരാനുണ്ടായ കാരണം. എന്നാൽ എന്താണ് വസ്തുത? രണ്ട് കാര്യങ്ങളാണ് പ്രധാനമായും സമസ്തയുടെ പിളർപ്പിന് നിദാനം. ഒന്ന്, സമസ്തയുടെ സ്ഥാപിത ലക്ഷ്യത്തിൽ നിന്നും ചിലർ വ്യതിചലിച്ചു. രണ്ട്, വഹാബീവൽകൃത മുസ്‌ലിം ലീഗിന്റെ പിടിയിലമർന്ന സ്വാധീനശേഷിയുള്ള ചില മെമ്പർമാർ സമസ്തയുടെ രാഷ്ട്രീയ നിലപാടുകളിൽ മാറ്റം വരുത്തി സുന്നികളെ പീഡിപ്പിച്ചു.


സമസ്തയുടെ സ്ഥാപിത ലക്ഷ്യം:

ഭരണഘടന പരിശോധിക്കാം


‘എ. പരിശുദ്ധ ഇസ്‌ലാം മതത്തിന്റെ ആചാരങ്ങളെയും വിശ്വാസങ്ങളെയും അഹ് ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ യഥാർത്ഥ വിധിക്കനുസരിച്ച് പ്രബോധനം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുക. ആ അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വിശ്വാസത്തിനും ആചാരത്തിനും എതിരായ പ്രസ്ഥാനങ്ങളെയും പ്രചരണങ്ങളെയും നിയമാനുസൃതം തടയുകയും അത്തരം അബദ്ധങ്ങളെ കുറിച്ച് മുസ്‌ലിമീങ്ങൾക്ക് ബോധം ഉണ്ടാക്കിത്തീർക്കുകയും ചെയ്യുക (സമസ്ത കേരള ജംഇയ്യത്തൽ ഉലമാ നിയമാവലി പേ. 2).

ഈ പറയപ്പെട്ട പ്രവർത്തന മേഖലയിൽ ഊന്നിനിന്നു കൊണ്ടാണ് 1930 മാർച്ച് 16ന് മണ്ണാർക്കാട് വെച്ച് നടന്ന സമസ്ത കേരളാ ജംഇ യത്തുൽ ഉലമയുടെ നാലാം വാർഷിക സമ്മേളനം അംഗീകരിച്ച് പാസാക്കിയ പ്രമേയം വരുന്നത്.

‘ചോറ്റൂർ കൈക്കാർ, കോരൂർ കൈക്കാർ, കുണ്ടോട്ടി കൈക്കാർ, ഖാദിയാനികൾ, ഒഹാബികൾ മുതലായവരുടെ ദുർവിശ്വാസ നടപടികൾ അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ സുന്ദരമായ വിശ്വാസ നടപടികളോട് കേവലം മാറായത് കൊണ്ട് അവരുടെ വിശ്വാസ നടപടികളോട് പിന്തുടരലും അവരോടുള്ളതായ കൂട്ടുകെട്ടും സുന്നി മുസ്‌ലിംകൾക്ക് കേവലം പാടുള്ളതല്ലെന്ന് ഈ യോഗം തീർച്ചപ്പെടുത്തുന്നു (അൽബയാൻ പു: 1 ലക്കം: 5).

പുത്തൻ പ്രസ്ഥാനക്കാരോട് ഒരു നിലക്കുമുള്ള കൂട്ടുകെട്ട് പാടില്ല എന്ന സമസ്തയുടെ സ്ഥാപിത ലക്ഷ്യത്തിന്റെ സാക്ഷാത്കാരത്തിന് വേണ്ടിയാണ് മുസ്‌ലിം ലീഗിലെ വഹാബി സ്വാധീനത്തോടും അവർക്ക് അടിമപ്പെടുന്ന സമസ്തയിലെ ചില പണ്ഡിതരോടും സമസ്തയുടെ നിലപാട് വിശ്വസിച്ചംഗീകരിച്ച് നടപ്പിലാക്കുവാൻ പാടുപെടുന്ന പണ്ഡിതർക്ക് വിയോജിപ്പുണ്ടാകുന്നത്. അതായത് സമസ്തയെ തളർത്തുകയല്ല, മറിച്ച് സംരക്ഷിക്കുകയാണ് കാന്തപുരം ഉസ്താദ് ചെയ്തത്. ഇത് ബുദ്ധിയുള്ളവർ മനസ്സിലാക്കിയ യാഥാർത്ഥ്യവുമാണ്. അമ്പലക്കടവിനെ പോലെ കുത്തിത്തിരിപ്പ് മാത്രം കൈമുതലാക്കി വഹാബി സ്ഥാപനമായ റൗളത്തുൽ ഉലൂമിൽ പഠിച്ച് (കടപ്പാട്: കേരളനാട് കൂട്ടായ്മ മാസിക, 2005 ജൂലൈ പേ. 24) വഹാബി സൗഹൃദം കാത്തുസൂക്ഷിക്കുന്നവർക്ക് മനസ്സിലാകണമെന്നില്ല.

ഈ യാഥാർത്ഥ്യം അവർ തന്നെ സമ്മതിച്ചതുമാണ്. ശംസുൽ ഉലമാ ഇകെ ഉസ്താദിനെ കുറിച്ച് കോഴിക്കോട് വലിയ ഖാളി ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങൾ പറയുന്നു: ‘ശരീഅത്ത് സംരക്ഷണ പ്രശ്‌നത്തിൽ മുസ്‌ലിം ഐക്യവേദിക്കു രൂപം നൽകുവാനുള്ള ആലോചനയുണ്ടായി. സുന്നികളല്ലാത്ത പ്രസ്ഥാനക്കാരുമായി സഹകരിച്ച് അതു വേണ്ടെന്ന് ചിലർ ശക്തിയായി സമസ്തക്കുള്ളിൽ വാദിച്ചു. ആ വാദഗതിയെ ഇകെ ശക്തിയായി എതിർക്കുകയുണ്ടായി. സമസ്തയുടെ ഭിന്നിപ്പിനു തന്നെ വലിയൊരർത്ഥത്തിൽ കാരണമാവുകയും ചെയ്തു ഈ സംഭവം. എന്നിട്ടും ഇതര പ്രസ്ഥാനക്കാരുമായി യോജിച്ചു കൊണ്ടു തന്നെ ശരീഅത്ത് സംരക്ഷണ വേദിക്കു രൂപം നൽകാൻ സമസ്തയുടെ മുൻപന്തിയിൽ അദ്ദേഹം ഉണ്ടായിരുന്നു’ (ചേളാരി സമസ്ത പുറത്തിറക്കിയ ശംസുൽ ഉലമാ സ്മരണിക പേ. 4).

ശരീഅത്ത് സംരക്ഷണ വിഷയത്തിൽ പുത്തൻവാദികളുമായി യോജിച്ച് ഐക്യവേദി ഉണ്ടാക്കുന്നതിനെ സമസ്തയുടെ സ്ഥാപിത ലക്ഷ്യത്തിന് എതിരായതുകൊണ്ട് എപി ഉസ്താദിന്റെ നേതൃത്വത്തിലുള്ള സംഘം എതിർത്തിട്ടും അത് വകവെക്കാതെ പുത്തൻ പ്രസ്ഥാനക്കാരോടുള്ള കൂട്ടുകെട്ട് പാടില്ലെന്ന സമസ്തയുടെ തീരുമാനത്തെ കാറ്റിൽപറത്തി ജന.സെക്രട്ടറി മുന്നോട്ടു പോയതാണ് സമസ്ത പിളർപ്പിന്റെ കാരണമെന്ന് അവർ തന്നെ എഴുതിവെച്ചതാണ് നാം കണ്ടത്. പിന്നീട് സമസ്തയുടെ നയനിലപാടുകൾക്ക് വിരുദ്ധമായ പല പ്രവർത്തനങ്ങളും അദ്ദേഹത്തിൽ നിന്നുണ്ടായത് സമുദായം വേദനയോടെ കണ്ടു.

എന്നാൽ ലീഗിന്റെ കരവലയത്തിൽ അമരുന്നതിനു മുമ്പ് സുന്നികൾ വേറിട്ടു തന്നെ നിൽക്കണം എന്ന് വാദിച്ച ആളായിരുന്നു അദ്ദേഹം. പ്രസ്തുത സമസ്തയുടെ നിലപാട് മാറ്റങ്ങൾ പിന്നീടും തുടർന്നു. ഇത് അവസാനമായി എത്തി നിൽക്കുന്നത് കൊണ്ടോട്ടിക്കൈക്കാർക്കെതിരെയും സമസ്തയുടെ തീരുമാനം ഉണ്ടായിരിക്കെ (മുകളിലുദ്ധരിച്ച അൽബയാൻ ശ്രദ്ധിക്കുക) ആ തീരുമാനത്തെ അവഹേളിക്കുന്നതിലാണ്. കൊണ്ടോട്ടി തങ്ങളെ വെള്ളപൂശിയ ‘കൊണ്ടോട്ടി തങ്ങൾ’ എന്ന പുസ്തകം പ്രകാശനം ചെയ്തതും അവതാരിക എഴുതി കൊടുത്തതും ചേളാരി സമസ്തയുടെ സെക്രട്ടറി പ്രൊഫ: കെ ആലിക്കുട്ടി മുസ്‌ലിയാരായിരുന്നു. ഈ അവതാരിക സമസ്തയെ വെല്ലുവിളിക്കുന്നതാണെന്നതാണ് ഏറെ കൗതുകം.

‘ചിശ്തി, ഖാദിരി ത്വരീഖത്തുകളെ ഒരു കാലത്ത് മുന്നിൽനിന്ന് നയിച്ച ഈ യുഗപുരുഷനെക്കുറിച്ച് നിലനിൽക്കുന്ന തെറ്റിദ്ധാരണകളും അവ്യക്തതകളും നീങ്ങാൻ ഇത്തരം ഉദ്യമങ്ങൾ സഹായകരമാകും… അവരെ കേന്ദ്രീകരിച്ച് പ്രചരിക്കുന്ന വിവാദങ്ങൾ സമചിത്തതയോടെയല്ലാതെ വിലയിരുത്തുന്നതും വിശദമായ അന്വേഷണങ്ങൾക്ക് മുതിരാതെ പക്ഷം പിടിക്കുന്നതും അപകടം ക്ഷണിച്ചു വരുത്തും’ (കൊണ്ടോട്ടി തങ്ങൾ അവതാരിക പേ. 12).


അപ്പോ കൊണ്ടോട്ടിക്കൈക്കാർക്കെതിരെ തീരുമാനമെടുത്ത പണ്ഡിതർക്ക് ചിത്തഭ്രമമായിരുന്നു എന്നാണോ താങ്കളുദ്ദേശിച്ചത്?

സമസ്തയുടെ ഈ തീരുമാനത്തോട് പക്ഷം ചേർന്നാൽ അപകടം ക്ഷണിച്ച് വരുത്തുമത്രെ? മുമ്പ് ഇതുപോലെ ഒരു ഐക്യവേദിയിലേക്ക് ക്ഷണിച്ചുകൊണ്ട് കെഎൻഎം കത്ത് നൽകിയപ്പോൾ സമസ്ത അതിന് കൊടുത്ത മറുപടി ഇന്നും പ്രസക്തമാണ്:

16/07/1979 ന് ചേർന്ന മുശാവറ: ‘ഐക്യ വേദിയിലേക്ക് പ്രതിനിധിയെ അയക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നദ്‌വത്തുകാർ അയച്ച കത്തിന് ഇപ്രകാരം മറുപടി കൊടുക്കാൻ തീരുമാനിച്ചു. ‘മുസ്‌ലിം ഐക്യവേദിയാണല്ലോ ആവശ്യം. അതിനാൽ സുന്നികൾ മുസ്‌ലിംകളാണെന്ന് നിങ്ങൾ തീരുമാനിച്ചാലേ ആ വേദിയിലേക്ക് സുന്നികളെ ക്ഷണിക്കാൻ പറ്റുകയുള്ളൂ. അതുകൊണ്ട് സുന്നികൾ മുസ്‌ലിംകളാണെന്നും അവർ മുശ്‌രിക്കുക ളല്ലെന്നും ആദ്യമായി തീരുമാനിക്കുക. എന്നിട്ട് ക്ഷണിക്കുക. പരിഗണിക്കാം‘ (അറുപതാം വാർഷിക സുവനീർ പേ. 65).


സമസ്തയുടെ രാഷ്ട്രീയ നിലപാട്


16/06/1979 ന് ചേർന്ന മുശാവറയുടെ തീരുമാനം: ‘സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും അതിന്റെ കീഴ്ഘടകങ്ങളും രാഷ്ട്രീയമായി സംഘടിക്കേണ്ടതില്ല എന്നും എന്നാൽ സുന്നത്ത് ജമാഅത്തിനും അതിന്റെ സ്ഥാപനങ്ങൾക്കും എതിരായി പ്രവർത്തിക്കുന്ന ഏത് രാഷ്ട്രീയക്കാരനേയും എതിർത്ത് പരാജയപ്പെടുത്താൻ യുക്തമായ നടപടികൾ സാന്ദർഭികമായി സീകരിക്കും’ (അറുപതാം വാർഷിക സുവനീർ പേ. 65). സമസ്തയുടെ ഈ തീരുമാനത്തിന് ഒരു പശ്ചാത്തലമുണ്ട്. അതാണ് എപി ഉസ്താദ് കൊടുത്തു എന്ന് പ്രചരിപ്പിക്കപ്പെടുന്ന കത്ത്. വിശദീകരണം ശേഷം വരുന്നുണ്ട്.

07/10/79 ന് ചേർന്ന മുശാവറ തീരുമാനം: ‘സമസ്തയുടെ രാഷ്ട്രീയ തീരുമാനം നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി രാഷ്ട്രീയ നേതാക്കളെ കണ്ട് അടുത്ത തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി മുസ്‌ലിംകളിൽ നിന്ന് സുന്നികളല്ലാത്തവരെ നിറുത്തരുതെന്ന് ഉണർത്തുവാൻ തീരുമാനിച്ചു’ (60-ാം വാർഷിക സുവനീർ). ഇതാണ് സമസ്തയുടെ രാഷ്ട്രീയ നിലപാട്. ഈ നിലപാടിന്റെ ഭാഗമായി വഹാബി, മൗദൂദികളെ പരാജയപ്പെടുത്താൻ വേണ്ടി പ്രവർത്തകർ ശ്രമം നടത്തിയിട്ടുണ്ടെന്നത് സത്യമാണ്. സുന്നത്ത് ജമാഅത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി ലീഗിലുള്ള വഹാബീ സ്വാധീനത്തെ ചെറുക്കുക എന്നത് മാത്രമായിരുന്നു ഇതിന്റെ ലക്ഷ്യം. ഈ ചെറുത്തുനിൽപ്പിന്റെ ഭാഗമായി അവിഭക്ത സുന്നി യുവജന സംഘത്തിന്റെ മുഖപത്രമായിരുന്ന സുന്നിവോയ്‌സ് ധീരമായി ഇടപെട്ടിട്ടുണ്ട്. അതിലെ ചില തലവാചകങ്ങൾ ഇങ്ങനെ: ‘നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ വഹാബി മൗദൂദികളെ തറപറ്റിക്കുക’ (1979 സെപ്തംബർ 14), ‘സമസ്തയുടെ തീരുമാനവും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പും’ (1979 സെപ്തംബർ 21), ‘ദീനിനെക്കാൾ വലുതല്ല രാഷ്ട്രീയം’ (1979 സെപ്തംബർ), ‘രാഷ്ട്രീയ നയത്തിൽ മാറ്റമില്ല-സമസ്ത, തീരുമാനം ലംഘിച്ചവർക്കെതിരെ നടപടി എടുക്കും’ (1979 ഡിസംബർ), ‘സമസ്തയുടെ തീരുമാനം സർവ്വത്ര വിജയം, വഹാബികളും മൗദൂദികളും തോറ്റു തറപറ്റി‘ (1979 ഡിസംബർ).


ഇങ്ങനെ ശക്തമായ നിലപാടുകളുമായി സമസ്ത മുന്നോട്ട് പോയപ്പോൾ പാർട്ടിയുടെ നീരാളിപ്പിടുത്തത്തിലമർന്ന ചില ലീഗുസമസ്ത നേതാക്കൾ പച്ചക്കളവുമായി രംഗത്ത് വരാൻ തുടങ്ങി. കോഴിക്കോട് മുതലക്കുളത്ത് വെച്ച് ചേളാരി സമസ്ത ജോയന്റ് സെക്രട്ടറി കൂറ്റനാട് കെവി മുഹമ്മദ് മുസ്‌ലിയാർ ചെയ്ത പ്രസംഗം ചന്ദ്രിക പത്രം റിപ്പോർട്ട് ചെയ്തു: ‘സമസ്ത ആർക്കെങ്കിലും വോട്ട് ചെയ്യാനോ ആർക്കെങ്കിലുമെതിരെ വോട്ട് ചെയ്യരുതെന്നോ ഇന്നേവരേ തീരുമാനിച്ചിട്ടില്ല. മുജാഹിദിനെ പരാജയപ്പെടുത്താനും തീരുമാനിച്ചിട്ടില്ല’ (25/12/88 ചന്ദ്രിക). ഈ പച്ചക്കളവ് ശ്രദ്ധയിൽ പെട്ട ഉടനെത്തന്നെ ‘സമസ്തയും രാഷ്ട്രീയവും’ എന്ന പേരിൽ 1989 മാർച്ച് മാസം സുന്നത്തിലൂടെ മറുപടി കൊടുത്തിട്ടുള്ളതുമാണ്. എന്നിട്ടും ഒരു ഉളുപ്പുമില്ലാതെ ഒരു വിഭാഗം ഈ കളവുകൾ ആവർത്തിച്ച് പോന്നു. ‘മുജാഹിദ് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ സമസ്ത തീരുമാനിച്ചിരിക്കുന്നു എന്ന വ്യാജ പ്രചാരണവുമായി തെരഞ്ഞെടുപ്പ് കാലത്ത് ഇയാളുടെ സിൽബന്ധികളും രംഗത്തിറങ്ങി’ (സുന്നി അഫ്കാർ 2007 നവംബർ 21).

ഇങ്ങനെ വഹാബികളെ പരാജയപ്പെടുത്താൻ രംഗത്തിറങ്ങിയ സിൽബന്ധികളിൽ ഒന്നാമതായിരുന്നു സമസ്ത പ്രസിഡന്റ് കണ്ണിയത്ത് അഹ്‌മദ് മുസ്‌ലിയാർ. മഹാനവർകൾ ‘സുന്നിവിരുദ്ധരെ പരാജയപ്പെടുത്തണം അതാണ് സമസ്തയുടെ നയം. സുന്നത്ത് ജമാഅത്തിന്റെ വിശ്വാസാചാരങ്ങളെ എതിർക്കുകയും സുന്നികളുടെ സ്ഥാപനങ്ങൾ അന്യായമായി പിടിച്ചെടുക്കുവാൻ ശ്രമിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന സുന്നി വിരുദ്ധരെ എല്ലാ രംഗത്തും പരാജയപ്പെടുത്തേണ്ടത് സുന്നീ മുസ്‌ലിംകളുടെ കടമയാണ്.

തദടിസ്ഥാനത്തിലാണ് 16 / 6/79 ൽ ചേർന്ന മുശാവറ ഏത് രാഷ്ട്രീയ പാർട്ടിയിൽ പെട്ടവരായാലും സുന്നി വിരുദ്ധരെ തിരഞ്ഞെടുപ്പു കളിൽ പരാജയപ്പെടുത്തുവാൻ യുക്തമായ നടപടികൾ സ്വീകരിക്കുമെന്നു തീരുമാനിച്ചിട്ടുള്ളത്. സമസ്ത അങ്ങിനെ ഒരു തീരുമാനം ചെയ്തിട്ടില്ലെന്നും മറ്റും കാണിച്ചുകൊണ്ടുള്ള പത്ര റിപ്പോർട്ടുകളും പ്രസ്താവനകളും സത്യവിരുദ്ധവും സമസ്തക്ക് ബാധകമല്ലാത്തതുമാണ്. എന്ന് കണ്ണിയത്ത് അഹ്‌മദ് മുസ്‌ലിയാർ. 17/1/80 വാഴക്കാട്.’ എന്ന് നോട്ടീസടിച്ച് കുപ്രചാരണങ്ങളെ നേരിടുകയുണ്ടായി.

ഇതൊക്കെ നിലനിൽക്കെയാണ് പണ്ഡിത സഭയെ ലീഗിന്റെ ഉപഘടകമെന്ന വിധം അവരുമായി വിധേയത്വം പുലർത്തുന്ന തലത്തിലേക്ക് ചിലർ വലിച്ചിഴച്ചത്. ഈ സാഹചര്യത്തിൽ സമസ്തയുടെ സ്വത്വം സംരക്ഷിക്കാനായിരുന്നു പുന:സംഘടന.

ഇതും ചേളാരി സമസ്തക്കാർ തന്നെ സമ്മതിക്കുന്നത് നോക്കൂ: ‘മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തോട് സമസ്തയിലെ പല നേതാക്കളും അനുയായികളും പുലർത്തിയിരുന്ന അനുഭാവപൂർണമായ നിലപാടുകളും മുസ്‌ലിംകളെ പൊതുവായി ബാധിക്കുന്ന പ്രശ്‌നങ്ങളിൽ പുത്തൻ പ്രസ്ഥാനക്കാരോടൊപ്പം സഹകരിക്കുന്നതിനെ ചൊല്ലിയുള്ള അഭിപ്രായ ഭിന്നതകളും ആണ് പ്രധാനമായും ഈ പിളർപ്പിൽ കലാശിച്ചത് എന്ന് പറയാം’ (സുന്നി അഫ്കാർ പു.16, ലക്കം 8, പേ. 32).

മുസ്‌ലിം ലീഗും നിങ്ങൾ സമസ്ത എന്ന് പറയുന്ന ആ സാധനവും ഒന്നല്ല എങ്കിൽ സമസ്ത ഐക്യത്തിന് നിങ്ങൾ മുന്നോട്ടുവെച്ച ഫോർമുലയിൽ എന്തിനാണ് ലീഗ് വിരോധം വെടിയുക എന്നുള്ളത്?

‘ഏതായാലും സമസ്ത ഇപ്പോഴും ഐക്യത്തിന് തയ്യാറാണ്. ശംസുൽ ഉലമ ഉണ്ടായിരുന്നപ്പോൾ തന്നെ ജ: കെഎസ് അബ്ദുല്ല സാഹിബ് മുൻകൈയെടുത്ത് ഒരു ഐക്യശ്രമം നടത്തിയിരുന്നല്ലോ. അതിൽ സമസ്ത വച്ച നിബന്ധനകൾ പലതും ഉണ്ട്. അതിലെ രണ്ട് നിബന്ധനകൾ ഞാൻ വായിക്കാം. അതിലൊന്ന്: ലീഗ് വിരോധം കൈവെടിയുക. ഇത് ഞങ്ങൾ എഴുതിയതല്ല, ശംസുൽ ഉലമയുടെ തീരുമാനമാണ്. മറ്റൊന്ന് തീരുമാനങ്ങളുടെ പ്രഖ്യാപനം പാണക്കാട് തങ്ങൾ മുഖേനയാവുക സമദൂരക്കാർ ആലോചിക്കണം. ഈ നിബന്ധനകൾ അടക്കം മുമ്പ് പറഞ്ഞ നിബന്ധനകൾ പാലിച്ചാണെങ്കിൽ ഐക്യത്തിന് യാതൊരു തടസ്സവുമില്ല’ (സുന്നി അഫ്കാർ 2008 മെയ് 14, പേ. 15). ഇത് ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാരുടെ 2008 ലെ മലപ്പുറം ജില്ലാ സമ്മേളന പ്രഭാഷണത്തിൽ നിന്നാണ് ഇതിൽ ഉദ്ധരിച്ചിട്ടുള്ളത്. എന്നാൽ 2009 ൽ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സുവർണ ജൂബിലിയിൽ ഇതുവരെ ഈ ഐക്യത്തിനുള്ള നിബന്ധനകൾ ഞങ്ങൾ പുറത്തുവിട്ടിട്ടില്ല എന്നു പറഞ്ഞ് ചെറുശ്ശേരി നടത്തിയ പ്രസംഗം സുവർണ ജൂബിലി റിവ്യൂ 229, 230 പേജുകളിൽ കാണാം. 2008 ൽ അദ്ദേഹം തന്നെ പുറത്തുവിട്ടിട്ടുണ്ട് എന്നത് മറന്നുപോയതോ എന്തോ? ഈ ഐക്യ നിബന്ധനകൾ പുറത്തുവിടാതെ കെട്ടിപ്പൂട്ടി വെച്ചാൽ ഐക്യം പൂവണിയുമോ? എന്തിനാണ് സമസ്തയുടെ തീരുമാന പ്രഖ്യാപനം ലീഗ് ഓഫീസിൽ വെച്ചാക്കുന്നത്? ഇതിൽ നിന്ന് വ്യക്തമല്ലേ നിങ്ങളുടെ ആദർശം ലീഗിൽ പണയം വെച്ചിരിക്കുകയാണെന്ന്. എന്നിട്ടാണോ അമ്പലക്കടവോരെ, സമസ്തയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കാൻ കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിൽ ശ്രമിച്ചതാണ് സമസ്ത ഭിന്നിപ്പിന് കാരണമെന്ന് പറയുന്നത്? ലീഗും ദീനും ഒന്നാണെന്ന് പ്രചരിപ്പിക്കുകയും ലീഗ് നേതാക്കളെ സമസ്തയുടെ പണ്ഡിതസഭയിൽ ഉന്തിക്കയറ്റാൻ ശ്രമിക്കുകയും ചെയ്തതിനെ, അങ്ങനെ പച്ചപ്പാർട്ടിയുടെ ഉപഘടകമായി സമസ്തയെ മാറ്റാൻ ശ്രമിച്ചത് അനുവദിക്കാതിരുന്നതാണ് കാന്തപുരം ഉസ്താദും മറ്റും ചെയ്ത വലിയ അപരാധം(?). എന്നിട്ടിപ്പോൾ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് ശ്രമിച്ചത് കൊണ്ട് പുറത്താക്കിയെന്ന് ഇല്ലാ കത്തും കത്തിക്കുത്തുമൊക്കെയായി പ്രചരിപ്പിക്കുകയാണ് ചേളാരി വിഭാഗം.


[എംവി അബ്ദുറഊഫ് പുളിയംപറമ്പ്, സുന്നീ വോയിസ്]