page

Tuesday, 9 March 2021

നബി(സ്വ) തന്നെ ഖുർആൻ ക്രോഡീകരിച്ചിട്ടുണ്ട്

‘മുഹമ്മദ് നബി മരിക്കുന്നതു വരെ ഖുർആൻ വാക്യങ്ങൾ ക്രോഡീകരിച്ചിരുന്നില്ല’ എന്ന വിമർശകരുടെ വാദം അടിസ്ഥാന രഹിതമാണ്. വിശുദ്ധ ഖുർആനിന്റെ അവതരണത്തെപ്പറ്റി എല്ലാവർക്കും അറിയാവുന്ന ഒരു പൊതുസത്യമാണ് അത് ഒറ്റയടിക്ക് പുസ്തക രൂപത്തിൽ അവതരിച്ച ഒരു ഗ്രന്ഥമായിരുന്നില്ല എന്നത്. തികച്ചും യുക്തവും പ്രസക്തവുമായ കാരണങ്ങൾ അതിനുണ്ടായിരുന്നു. പ്രധാനമായും പ്രവാചകത്വ നിയോഗവുമായി തിരുനബി(സ്വ) രംഗത്തു വന്നതോടെ നേരിട്ട പരിഹാസങ്ങൾക്കും ആക്ഷേപങ്ങൾക്കും വിമർശനങ്ങൾക്കുമിടയിൽ ദൃഢചിത്തനായി പ്രബോധനരംഗത്ത് ഉറച്ചുനിൽക്കാനുള്ള സ്ഥൈര്യം പകരുവാനായി സമയാസമയം നേരിടുന്ന പ്രതിസന്ധികൾക്കും വിമർശനങ്ങൾക്കുമുള്ള മറുപടിയും പ്രതിവിധിയുമായി ഖുർആൻ അവതരിക്കുക എന്നതായിരുന്നു അത്.

‘എന്തുകൊണ്ട് ഒറ്റയടിക്ക് ഒരു ഗ്രന്ഥമായി ഖുർആൻ അദ്ദേഹത്തിന് ഇറക്കപ്പെട്ടില്ല എന്ന് സത്യനിഷേധികൾ ചോദിക്കുന്നു. ഇപ്രകാരം നാമതിനെ ഇറക്കിയത്, തദ്വാരാ അങ്ങയുടെ മനസ്സിനെ ദൃഢപ്പെടുത്തുവാനത്രെ’ എന്ന് വിശുദ്ധ ഖുർആൻ തന്നെ (25/32) പ്രസ്താവിച്ചിട്ടുണ്ടല്ലോ. നബി(സ്വ)യുടെ സമകാലത്തുണ്ടായ നിരവധി സംഭവങ്ങളെ നിരൂപിച്ചും വിമർശിച്ചും ഖുർആനിൽ അനേകം സൂക്തങ്ങളുണ്ട്. പ്രസ്തുത സംഭവങ്ങൾ ഉണ്ടാകുന്നതിനു മുമ്പ് ആ സൂക്തങ്ങൾ അവതരിക്കുന്നത് പ്രായോഗികമല്ല.

പ്രത്യയശാസ്ത്രപരമായി ഖുർആൻ മുന്നോട്ടുവെക്കുന്ന ജീവത്പദ്ധതിയുടെ സമ്പൂർണവും സുന്ദരവുമായ ആവിഷ്‌കാരത്തിന് തദ്വിഷയകമായ നിയാമക തത്ത്വങ്ങളുടെ പ്രഖ്യാപനത്തിൽ ക്രമാനുഗതികത്വം ഒഴിച്ചുകൂടാനാവാത്ത ഘടകമായിരുന്നു. മദ്യനിരോധനം തന്നെ ഉദാഹരണം. മദ്യത്തിൽ ആറാടിക്കൊണ്ടല്ലാതെയുള്ള ഒരു ജീവിതത്തെ ഭാവനയിൽ പോലും കാണാൻ സാധിക്കാതിരുന്ന ഒരു സമൂഹത്തെ സമ്പൂർണ മദ്യമുക്തമാക്കാൻ ഖുർആനിനു സാധ്യമായത് ക്രമപ്രവൃദ്ധമായി അവരെ കൈപിടിച്ചുയർത്തിയതു കൊണ്ടാണ്. ആദ്യം നിരുത്സാഹപ്പെടുത്തുകയും പിന്നീട് ആരാധനാവേളകളിൽ നിരോധിക്കുകയും ഒടുവിൽ സമ്പൂർണ നിരോധനം പ്രഖ്യാപിക്കുകയും ചെയ്തു. ഒഴിച്ചുകൂടാനാവാത്ത സ്ത്രീലമ്പടത്വം വ്യാപകമായിരുന്ന ആ സമൂഹത്തിൽ വ്യഭിചാരത്തിന്റെ ശിക്ഷ പ്രഖ്യാപിച്ചതിലും ഈ രീതി കാണാനാവും.

അച്ചടി നിലവിൽ വന്നിട്ടില്ലായിരുന്ന അക്കാലത്ത് ഖുർആന്റെ സംരക്ഷണത്തിനു സ്വീകരിക്കാവുന്ന ഏറ്റവും ഫലപ്രദമായ രീതി അവ മനഃപാഠമാക്കി സൂക്ഷിക്കുന്നതായിരുന്നു. ഖുർആൻ സൂക്തങ്ങൾ കുറേശ്ശെയായി ഇടവിട്ട് അവതരിപ്പിക്കുകവഴി അനുയായികൾക്ക് ഹൃദിസ്ഥമാക്കുക അനായാസമായി. ചുരുക്കത്തിൽ, ക്രോഡീകൃത രൂപത്തിലുള്ള ഒരു ഗ്രന്ഥമായി ഖുർആൻ അവതരിപ്പിക്കാത്തതിനു അനേകം ലക്ഷ്യങ്ങളുണ്ടായിരുന്നു. ഇങ്ങനെ, ഇരുപത്തിമൂന്ന് വർഷങ്ങൾ കൊണ്ടാണ് ഖുർആനിന്റെ അവതരണം പൂർണമാകുന്നത്. അവസാനത്തെ സൂക്തം അവതരിച്ചത് തിരുവഫാത്തിന്റെ വെറും ഒമ്പതു ദിവസങ്ങൾക്കു മുമ്പായിരുന്നുവെന്ന് ഖുർആൻ വ്യാഖ്യാതാക്കളുടെ നേതാവായ ഇബ്‌നു അബ്ബാസ്(റ)വിൽ നിന്ന് ഇമാം സുയൂഥി(റ) ‘അൽഇത്ഖാൻ ഫീ ഉലൂമിൽ ഖുർആൻ’ എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. വെറും ഒമ്പതു ദിവസത്തിനുള്ളിൽ ഖുർആനിനെ ഗ്രന്ഥാവിഷ്‌കാരം നടത്താതെയാണ് മുഹമ്മദ് നബി(സ്വ) മരണപ്പെട്ടത് എന്ന് പരിഹസിക്കുന്നത് എന്തുമാത്രം ജുഗുപ്‌സാവഹമാണെന്ന് പറയേണ്ടതുണ്ടോ.

ഖുർആനിന്റെ സംരക്ഷണത്തിനു ഫലകമുദ്രണത്തേക്കാൾ ഹൃദയമുദ്രണത്തിനായിരുന്നു തിരുനബി(സ്വ) പ്രാധാന്യം നൽകിയതെന്നു സൂചിപ്പിച്ചുവല്ലോ. വിവിധ ദേശങ്ങളിലേക്കും ഗോത്രങ്ങളിലേക്കും ഖുർആൻ അധ്യാപകരെ നിയോഗിച്ചപ്പോൾ അവരുടെ ഹൃദിസ്ഥമാക്കാനുള്ള അനുപമമായ കഴിവിനെയാണ് അവിടുന്ന് അവലംബിച്ചത്. അന്നത്തെ അറബുജനസാമാന്യം അക്ഷരാഭ്യാസമില്ലാത്തവരായിരുന്നു. എങ്കിലും അവരുടേതായ ഒരു ലോകം അവർക്കുമുണ്ടായിരുന്നല്ലോ. അവരുടെ ലോകത്തുമുണ്ട് അനുഭവങ്ങളും സംഭവങ്ങളും സ്മാരകങ്ങളും ചിത്രങ്ങളും. കൊണ്ടും കൊടുത്തും പറഞ്ഞും പകർന്നും അവരും ഒരു കാലഘട്ടത്തെ ആവിഷ്‌കരിച്ചിട്ടുണ്ട്. ആ മഹാ ചരിത്രനിർമിതിക്ക് അവർ ആശ്രയിച്ചത് അവരുടെ ഓർമശക്തിയെയായിരുന്നു. മരുഭൂമിയിലെ പരുപരുക്കൻ ജീവിത സാഹചര്യങ്ങളും നിഷ്‌കരുണമായ കാലാവസ്ഥയും വഴി മായ്ച്ചുപോകുന്ന മണൽക്കാറ്റും എല്ലാം അവരുടെ സൂക്ഷ്മലാക്കും ജാഗ്രതയും തീവ്രമായ ഓർമശക്തിയും ക്ഷണികബോധവും വർധിപ്പിച്ചു.

പദാനുപദം മന:പാഠമാക്കാനും അപ്പടി പുന:രാവിഷ്‌കരിക്കാനുമുള്ള വിസ്മയജനകമായ കഴിവും കരുത്തും നേടിയവരായിരുന്നു അവർ. എഴുപത്തിയഞ്ചു വരികളുള്ള ഇബ്‌നു റബീഅയുടെ കവിത കേട്ടമാത്രയിൽ ഇബ്‌നു അബ്ബാസ്(റ) മന:പാഠമാക്കി. ഹദീസ് നിവേദകരിൽ പ്രമുഖനായിരുന്ന ഇമാം സുഹ്‌രി(റ) ഇപ്രകാരം പറയാറുണ്ടായിരുന്നു: ‘ബഖീഇലൂടെ നടക്കുമ്പോൾ കാതുകളിൽ ശീലവെച്ചടക്കുക എന്റെ പതിവായിരുന്നു. വല്ലതും കേൾക്കുമോ എന്നു പേടിച്ചായിരുന്നു ഇത്. കേൾക്കുന്നതെന്തും ഹൃദിസ്ഥമാക്കുന്ന അവസ്ഥയായിരുന്നു എനിക്കുണ്ടായിരുന്നത്’. അറബികളുടെ അതിശയിപ്പിക്കുന്ന ഈ ഓർമശക്തി ഇപ്പോഴും പല ഗോത്രസമൂഹങ്ങളിലും നിലനിൽക്കുന്നുണ്ടെന്ന് മുഹമ്മദ് അസദ് ‘റോഡ് ടു മക്ക’യിൽ നിരീക്ഷിക്കുന്നുണ്ട്.

വിശുദ്ധ ഖുർആനിന്റെ സംരക്ഷണത്തിനു ഹൃദയ മുദ്രണത്തിനു ഊന്നൽ കൊടുത്തു നബി(സ്വ) നടത്തിയ സംഭാഷണ ശകലങ്ങളും പ്രോത്സാഹന വാക്കുകളും ഹദീസുകളിൽ നിന്ന് എമ്പാടും വായിക്കാൻ സാധിക്കുന്നുണ്ട്. ‘ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ് നിങ്ങളിൽ ഏറ്റവും ഉത്തമൻ’ എന്ന സ്വഹീഹുൽ ബുഖാരിയുടെ കിതാബു ഫളാഇലുൽ ഖുർആനിൽ ഉസ്മാൻ(റ)വിനെ തൊട്ട് ഉദ്ധരിച്ച ഹദീസ് പ്രസിദ്ധമാണ്. ‘ഖുർആൻ പാരായണവും മനനവും പതിവാക്കുക. എന്റെ ആത്മാവിന്റെ നിയന്ത്രണം ആരുടെ പക്കലാണോ, അവനാണ! ഒട്ടകം കയർ പൊട്ടിച്ചു ചാടിപ്പോകുന്നതിനേക്കാൾ വേഗത്തിൽ ഖുർആൻ ചാടിപ്പോകും’ എന്നു നബി(സ്വ) ഉണർത്തിയത് എത്രത്തോളം തങ്ങൾ തദ്വിഷയകമായി ബദ്ധശ്രദ്ധരായിരിക്കണമെന്നു കാട്ടുന്നതാണ്. സമാനമായ മറ്റൊരു ഹദീസ് ഇങ്ങനെ വായിക്കാം: ‘ഖുർആൻ മന:പാഠമാക്കിയവന്റെ ഉപമ കെട്ടിയിട്ട ഒട്ടകത്തിന്റെ ഉടമയെപ്പോലെയത്രെ. നേരാംവണ്ണം പരിപാലിച്ചാൽ പിടിച്ചുനിർത്താനായേക്കും; കയറൂരി വിട്ടാൽ അത് പോവുകയും ചെയ്യും’. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസ്: ‘ഇന്നയിന്ന ആയത്തുകൾ മറന്നുപോയെന്നു ഒരാൾ പറയേണ്ടി വരുന്നത് എത്ര മോശം! മാത്രമോ, മറവിയുടെ പേരിലും അയാൾ ആക്ഷേപിക്കപ്പെട്ടു കൊണ്ടിരിക്കും. നിങ്ങൾ ഖുർആൻ ഓർമിച്ചുകൊണ്ടേയിരിക്കുക, ഉടമകളെ വിട്ട് ഓടിയകലുന്ന ഒട്ടകങ്ങളെക്കാൾ വേഗത്തിൽ ഖുർആൻ ഹൃദയങ്ങളിൽ നിന്നു മാഞ്ഞ് അപ്രത്യക്ഷമാകും’. ഈ ഹദീസുകളെല്ലാം ഇമാം ബുഖാരി(റ) സ്വഹീഹിൽ ഉപര്യുക്ത അധ്യായത്തിൽ ഉദ്ധരിച്ചവയാണ്.

തിരുപ്രേരണയാൽ കുട്ടികൾ പോലും ഇക്കാര്യത്തിൽ നന്നായി ശ്രദ്ധ പുലർത്തിയിരുന്നു. സ്വഹീഹുൽ ബുഖാരിയിൽ തന്നെ കിതാബുൽ ജനാഇസിൽ ഉദ്ധരിച്ചിട്ടുള്ള ഒരു ഹദീസിൽ അബൂത്വൽഹ-ഉമ്മുത്വൽഹ ദമ്പതിമാരുടെ ഒമ്പത് മക്കൾക്കും ഖുർആനറിയാമായിരുന്നുവെന്ന സ്വഹാബികളുടെ സാക്ഷ്യം ഇതിനു ഉപോത്ബലകമാണ്. ഖുർആൻ ഹൃദിസ്ഥമായിരുന്നവരെ പ്രത്യേകം പരിഗണിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും തിരുനബി(സ്വ) ശ്രദ്ധിച്ചിരുന്നു. ജാബിർ ബ്‌നു അബ്ദില്ലാഹ്(റ) നിവേദനം: ‘ഉഹുദ് യുദ്ധത്തിലെ രക്തസാക്ഷികളിൽ ഈരണ്ടു പേരെ വീതം തിരുമേനി(സ്വ) ഒറ്റ ഖബ്‌റിൽ മറമാടുകയുണ്ടായി. അപ്പോൾ അവിടുന്ന് ചോദിക്കുമായിരുന്നു: ‘ഇവരിൽ ഖുർആൻ അധികം ഹൃദിസ്ഥമാക്കിയവൻ ആരാണ്?’ രണ്ടിലൊരാളെ ചൂണ്ടിക്കാണിച്ചു കൊടുത്താൽ അദ്ദേഹത്തെയാണ് ആദ്യം ഖബ്‌റിലേക്ക് വെക്കുക. അനന്തരം: ‘അന്ത്യനാളിൽ ഇവർക്കായി ഞാൻ സാക്ഷി നിൽക്കുന്നതാണ്’ എന്ന് അരുൾ ചെയ്യും. അവരെ രക്തക്കറയോടെ തന്നെ മറവു ചെയ്യാനാണ് അവിടന്ന് നിർദേശിച്ചത്. അവരെ കുളിപ്പിക്കുകയോ അവർക്കായി ജനാസ നിസ്‌കരിക്കുകയോ ചെയ്തില്ല’ (അതേ ഗ്രന്ഥം, കിതാബുൽ ജനാഇസ്).

പ്രബോധന രംഗത്ത് ഫലകമുദ്രണത്തിനില്ലാത്ത അനേകം സവിശേഷതകൾ ഹൃദയമുദ്രണത്തിനുണ്ടായിരുന്നു എന്നതിനാലാണ് അതിനിത്രയും പ്രാധാന്യം ലഭിച്ചത്. സ്ഥലകാല വിവേചനമില്ലാതെ എപ്പോഴും ഉപയോഗപ്പെടുത്താവുന്നതാണ് ഓർമ. അത് ജീർണിച്ചോ തുരുമ്പിച്ചോ നഷ്ടപ്പെടുന്നില്ല. ആവശ്യം വരുമ്പോൾ വേണ്ട ഭാഗം കൃത്യമായി എടുത്തുദ്ധരിക്കാം.

നബി(സ്വ) ഹൃദയദർപ്പണത്തിലാണ് ഖുർആൻ ഏറ്റുവാങ്ങിയത്. ഹൃദയങ്ങളിലേക്ക് കൈമാറുകയും ചെയ്തു. ആർക്കും കൈകടത്താനോ മാറ്റിത്തിരുത്താനോ സാധ്യമല്ലാത്തവിധം അനേകം ഹൃദയങ്ങളിൽ അവ മുദ്രിതമായി. അവർ ഹുഫ്ഫാളുകൾ എന്ന വിളിപ്പേരിൽ അറിയപ്പെട്ടു. അന്നു തൊട്ടിന്നോളം ഖുർആൻ പൂർണമായും മന:പാഠമാക്കുന്ന ലക്ഷക്കണക്കിനാളുകളുടെ ഒരു മഹാശൃംഖല നിലനിൽക്കുകയും ചെയ്യുന്നു. ലോകത്തെല്ലായിടത്തുമുള്ള മുഴുവൻ ഖുർആൻ പ്രതികളും ഒറ്റയടിക്കു നശിപ്പിക്കപ്പെട്ടുവെന്ന് സങ്കൽപ്പിക്കുക. ഹൃദയദർപ്പണത്തിൽ നിന്നു വള്ളിപുള്ളി വ്യത്യാസമില്ലാതെ പകർത്തിയെഴുതാൻ കഴിയുന്ന അനേക ലക്ഷം പേർ ഇപ്പോഴും ജീവിച്ചിരിക്കുന്നു. ഇതിലും വലിയ അമാനുഷിക വിസ്മയം മറ്റെന്തുണ്ട്?

ഹൃദയമുദ്രണത്തിന് ഊന്നൽ നൽകിയിരുന്നപ്പോഴും ഖുർആൻ ലിഖിത രൂപത്തിൽ സംരക്ഷിക്കാനും തിരുനബി(സ്വ) അന്നേ നിർദേശങ്ങൾ നൽകിയിരുന്നു. പിൽക്കാലത്ത് രണ്ടാം ഖലീഫയായ ഉമർ(റ)വിന്റെ ഇസ്‌ലാം ആശ്ലേഷത്തെപ്രതി സീറതുബ്‌നു ഇസ്ഹാഖ് ഉൾപ്പടെയുള്ള ചരിത്ര ഗ്രന്ഥങ്ങൾ ഉദ്ധരിക്കുന്ന പ്രസിദ്ധ സംഭവങ്ങൾ ഇതേകുറിച്ച് വചാലമാവുന്നവയാണ്. തന്റെ സഹോദരി ഫാത്വിമയും ഭർത്താവും ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട് എന്നറിയാനിടയായപ്പോൾ കോപാവേശത്തോടെ അദ്ദേഹം അവരുടെ വീട്ടിലേക്കു പാഞ്ഞുകയറി വരുമ്പോൾ അവർ ചർമപടത്തിലിരുന്നു ഖുർആൻ ഓതിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും ഉമർ(റ)ന്റെ കോപാകുലനായുള്ള ആഗമനം മനസ്സിലാക്കി ഫാത്വിമ(റ) ഖുർആൻ ഒളിപ്പിക്കുകയാണുണ്ടായതെന്നും ചരിത്രരേഖകൾ സംസാരിക്കുന്നു. പ്രവാചകത്വ ലബ്ധിയുടെ ആറാം വർഷത്തിൽ ഇസ്‌ലാം പരസ്യമായി പ്രബോധനം ചെയ്യപ്പെടുന്നതിനു മുമ്പായിരുന്നു ഈ സംഭവം. ഇസ്‌ലാം പ്രബോധനത്തിന്റെ വളരെ പ്രാരംഭദശയിൽ തന്നെ വിശുദ്ധ ഖുർആൻ ലിഖിത രൂപത്തിൽ എഴുതി സൂക്ഷിക്കാൻ നിർദേശിക്കപ്പെട്ടിരുന്നു എന്നു സാരം. യോഗ്യരായ ആളുകളെ അതിനായി പ്രത്യേകം തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

ഹിജ്‌റ പോകുന്നതിനു മുമ്പ് മക്കയിൽ വെച്ച് അവതരിച്ച വചനങ്ങൾ അവിടെ വെച്ച് തന്നെ എഴുതിവെക്കാൻ തിരുനബി(സ്വ) നിർദേശിച്ചിരുന്നതായി ഇബ്‌നു അബ്ബാസ്(റ)വിൽ നിന്നു മുഹമ്മദ് ബ്‌നു ശിഹാബിസ്സുഹുരി(റ) സാക്ഷ്യപ്പെടുത്തുന്നു (അൽബിദായതു വന്നിഹായ-ഇബ്‌നു കസീർ). അബ്ദുല്ലാഹി ബ്‌നു സഅദി ബ്‌നി അബീസർഹ് ആയിരുന്നു മക്കയിൽ വെച്ച് എഴുതാൻ നിയോഗിക്കപ്പെട്ടിരുന്ന ആൾ (ഫത്ഹുൽബാരി-ഇമാം ഇബ്‌നു ഹജരിൽ അസ്ഖലാനി). ഖാലിദുബ്‌നു സഈദിബ്‌നിൽ ആസ്വ്(റ)വും ഇക്കാലത്ത് ഖുർആൻ പകർത്തിയെഴുതിയിരുന്ന ആളായിരുന്നു (ഇമാം സുയൂത്വി(റ)ന്റെ അദ്ദുർറുൽ മൻസൂർ കാണുക). പിൽക്കാലത്ത് ഹദീസുകൾ ഉല്ലേഖനം ചെയ്യാൻ അനുമതി നൽകപ്പെടുന്നതിനു മുമ്പ് ‘എന്നിൽ നിന്നു ഖുർആനല്ലാതെ മറ്റൊന്നും നിങ്ങൾ എഴുതി സൂക്ഷിക്കരുത്’ (സ്വഹീഹു മുസ്‌ലിം, കിതാബു സ്സുഹുദ്) എന്ന ഹദീസ് അറിയിക്കുന്നത് ഖുർആൻ എഴുതാൻ വ്യാപകമായി അനുവാദം നൽകിയിരുന്നു എന്നാണ്. ഹിജ്‌റക്ക് മുമ്പ് മദീനയിൽ നിന്നു വന്ന വ്യാപാരികളുമായി അഖബയിൽ വെച്ചുണ്ടാക്കിയ ഒന്നാം ഉടമ്പടിയിൽ വെച്ച് അൻസ്വാരീ സ്വഹാബിയായ റാഫിഉ ബ്‌നു മാലികുസ്സുറഖീ(റ)വിനു അന്നുവരെ അവതരിപ്പിക്കപ്പെട്ട എല്ലാ വചനങ്ങളും ഉല്ലേഖനം ചെയ്ത ഒരു കയ്യെഴുത്തുപ്രതി തിരുമേനി(സ്വ) തന്നെ നൽകിയിരുന്നു എന്നും അദ്ദേഹം മദീനയിലെത്തിയപ്പോൾ തന്റെ ഗോത്രക്കാരെയല്ലാവരെയും വിളിച്ചുചേർത്തു അത് അവർക്ക് പാരായണം ചെയ്തു കൊടുത്തിരുന്നുവെന്നും സുബൈറുബ്‌നു ബക്കാർ അഖ്ബാറുൽ മദീനയിൽ പറഞ്ഞിട്ടുണ്ടെന്ന് മുഹമ്മദ് അബ്ദുൽ ഹയ്യുൽ കത്താനീ ഉദ്ധരിച്ചിട്ടുണ്ട് (നിളാമുൽ ഹുകൂമത്തിന്നബവിയ്യ: അൽമുസമ്മാ അത്തറാതീബുൽ ഇദാരിയ്യ, പേ. 44).

ഖുർആൻ എഴുതി സൂക്ഷിക്കുവാൻ നബി(സ്വ) ഏൽപ്പിച്ച സ്വഹാബിമാരെ കുറിച്ച് അനേകം ഹദീസുകളിൽ പരാമർശമുണ്ട്. എല്ലാ നിവേദനങ്ങളെയും ചേർത്തുവെച്ചാൽ അവരുടെ എണ്ണം അറുപത്തഞ്ചിലധികം വരും. ഓരോ തവണയും വഹ്‌യ് അവതരിക്കുമ്പോൾ യോഗ്യരായ ആരെയെങ്കിലും ഒരാളെ വിളിച്ച് ആ സൂക്തം എവിടെ എങ്ങനെ എഴുതണമെന്നു തിരുമേനി നിർദേശിക്കാറുണ്ടായിരുന്നു എന്നു തിർമിദി, നസാഈ, അബൂദാവൂദ്, ഹാകിം എന്നിവരെ ഉദ്ധരിച്ച് ഇമാം ഇബ്‌നു ഹജറുൽ അസ്ഖലാനി(റ) എഴുതിയിട്ടുണ്ട്.

സ്വന്തമായി എഴുതാൻ കഴിയാതിരുന്നവർ തോൽച്ചുരുളുകളും തുണിക്കഷ്ണങ്ങളുമായി വന്നു എഴുത്ത് അറിയുന്നവരെക്കൊണ്ട് എഴുതിവാങ്ങിക്കുന്ന പതിവുണ്ടായിരുന്നെന്നു ഇമാം ബൈഹഖി(റ) ഉദ്ധരിച്ചിട്ടുണ്ട് (സുനനുൽ കുബ്‌റ). സ്വഹീഹുൽ ബുഖാരിയിലെ കിതാബുൽ ജിഹാദിലെ 127ാമത് അധ്യായത്തിന്റെ തലവാചകം ബാബു കറാഹിയ്യതിസ്സഫർ ബിൽ മസ്വാഹിഫി ഇലാ അർളിൽ അദുവ്വി (ശത്രുക്കളുടെ നാട്ടിലൂടെ മുസ്വ്ഹഫുകൾ കൈവശം വെച്ച് യാത്ര ചെയ്യുന്നത് അഭീഷ്ടകരമല്ല എന്നു വിശദമാക്കുന്ന അധ്യായം) എന്നാണ്. റസൂൽ(സ്വ) അത് നിരോധിച്ചിരിക്കുന്നു എന്ന ഹദീസ് അബ്ദുല്ലാഹി ബ്‌നു ഉമർ(റ) നിവേദനം ചെയ്യുന്നു. മദീനയിൽ എമ്പാടും ഖുർആൻ ഹാഫിളുകൾ ഉണ്ടായിരുന്ന പോലെ വ്യാപകമായി ഖുർആനിന്റെ ലിഖിത ശേഖരങ്ങളും തിരുമേനി(സ്വ)യുടെ കാലത്ത് തന്നെ ഉപയോഗിച്ചിരുന്നുവെന്നു ഈ ഹദീസ് സുതരാം വ്യക്തമാക്കുന്നു. ഇപ്രകാരം സമ്പൂർണമായ ഖുർആൻ ക്രോഡീകരണം തിരുമേനിയുടെ കാലത്ത് തന്നെ നിർവഹിക്കപ്പെട്ടിട്ടുണ്ട്.

അനസ്(റ) ഉദ്ധരിക്കുന്നു: ‘പ്രവാചകരുടെ കാലത്ത് അൻസാറുകളിൽപെട്ട നാലുപേർ ഖുർആൻ ക്രോഡീകരിക്കുകയുണ്ടായി. ഉബയ്യ്ബ്‌നു കഅ്ബ്, മുആദുബ്‌നു ജബൽ, സൈദുബ്‌നു സാബിത്, അബൂസൈദ് എന്നിവരായിരുന്നു അവർ’ (ബുഖാരി).

ഇവർക്കു പുറമെ അബൂബക്കർ, ഉമർ, ഉസ്മാൻ, അലിയ്യ്, അബ്ദുല്ലാഹിബ്‌നു മസ്ഊദ്, അബ്ദുല്ലാഹിബ്‌നു അംറിബ്‌നിൽ ആസ്വ്, സാലിം മൗലാ ഹുദൈഫ, ഖൈസുബ്‌നു സകൻ (റ.ഹും) എന്നിവരും തിരുനബി(സ്വ)യുടെ കാലത്തുതന്നെ ഖുർആൻ ലിഖിത രൂപത്തിൽ സൂക്ഷിച്ചിരുന്നവരിൽ പ്രധാനികളാണ്. നാൽപത്തിമൂന്നു പേർ തിരുനബി(സ്വ)യുടെ വഹ്‌യ് എഴുത്തുകാരായി സേവനം ചെയ്തിട്ടുണ്ട്. ‘കുത്താബുൽ വഹ്‌യ്’ എന്നായിരുന്നു ഇവർ അറിയപ്പെട്ടിരുന്നത്. ‘നബിയുടെ എഴുത്തുകാരൻ’ എന്നു പറയപ്പെട്ടാൽ അതുകൊണ്ട് ഉദ്ദേശ്യം സൈദ്(റ)വാണ് (ഫത്ഹുൽബാരി 8/639).

ഓരോ അധ്യായവും അവതരിക്കുമ്പോൾ എഴുത്തുകാരിൽ ആരെയെങ്കിലുമൊരാളെ വിളിച്ച് നിലവിലെ ഏതെങ്കിലും അധ്യായത്തിന്റെ മുമ്പിലോ പിന്നിലോ ആയി പ്രസ്തുത പാഠത്തിന്റെ നിർണിത സ്ഥാനത്ത് എഴുതിച്ചേർക്കാൻ നിർദേശിക്കുക തിരുനബി(സ്വ)യുടെ പതിവായിരുന്നു. സ്വതന്ത്ര അധ്യായമല്ലാത്ത ഏതെങ്കിലും സൂക്തങ്ങളോ സൂക്തഖണ്ഡങ്ങളോ അവതരിക്കുമ്പോൾ ഏത് അധ്യായത്തിൽ എവിടെ ചേർക്കണമെന്ന് തിരുനബി(സ്വ) പ്രത്യേകം പറഞ്ഞുകൊടുക്കും.

ഇക്കാര്യം തിരുനബിയുടെ വഹ്‌യ് എഴുത്തുകാരൻ എന്നു വിശ്രുതനായ സൈദ്(റ) തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രശസ്തമായ ഇന്നല്ലാഹ യഅ്മുറു ബിൽ അദ്‌ലി വൽ ഇഹ്‌സാനി… എന്നു തുടങ്ങുന്ന വചനം അവതരിച്ചപ്പോൾ പതിനാറാം അധ്യായം അന്നഹ്‌ലിലെ തൊണ്ണൂറാം വചനമായി ചേർക്കാൻ എന്റെയടുക്കൽ ജിബ്‌രീൽ(അ) വന്ന് അറിയിക്കുന്നു എന്ന ഹദീസ് സ്വഹാബിയായ ഉസ്മാനു ബ്‌നു അബിൽ ആസ്വ്(റ)വിൽ നിന്നു ഇമാം അഹ്‌മദ് മുസ്‌നദിൽ ഉദ്ധരിച്ചിട്ടുണ്ട് (ഹ. ന. 17918). ഖുർആനിലെ സൂക്തങ്ങളുടെ ക്രമം പോലും ഇലാഹികമായ ക്രമീകരണത്തിന്റെ ഭാഗമാണെന്നു സാരം. ഈത്തപ്പനത്തണ്ടുകളിലും തോൽപ്പാളികളിലും വീതിയുള്ള എല്ലിൻ കഷ്ണങ്ങളിലും ശിലാഫലകങ്ങളിലുമാണ് ഇപ്രകാരം ഖുർആൻ മുദ്രണം ചെയ്യപ്പെട്ടിരുന്നത്.

എന്തിനായിരുന്നു എഴുതിയെടുത്തത്, ഹൃദയദർപ്പണം മതിയായിരുന്നില്ലേ? പ്രസക്തമായൊരു ചോദ്യമാണിത്. ഖുർആനിന്റെ മുദ്രണരീതിയിൽ ചില സവിശേഷതകളുണ്ട്. പലപ്പോഴും പാരായണം ചെയ്യുന്നതിൽ നിന്നുമാത്രം അവ ഗ്രഹിച്ചുകൊള്ളണമെന്നില്ല. ഉദാഹരണത്തിന്, ഖുർആനിന്റെ ആദ്യപദമായ ബിസ്മിയും മൂന്നാം പദമായ റഹ്‌മാനും എഴുതുമ്പോൾ സാധാരണ രീതിയനുസരിച്ച് ഒരു അലിഫ് കുറവുണ്ട്. വേറെ പത്തൊമ്പത് സ്ഥലങ്ങളിൽ അലിഫ് ചേർത്താണ് ‘ബിസ്മി’ പ്രയോഗം ഖുർആൻ നടത്തിയിട്ടുള്ളത്. അതുപോലെ, സൂറതുന്നംലിലെ 21-ാം വചനത്തിൽ ‘ലഅദ്ബഹന്നഹു’ എന്നത് ഉച്ചാരണത്തിലില്ലാത്ത ഒരു അധിക അലിഫ് ചേർത്താണ് എഴുതിയിട്ടുള്ളത്. ‘ഞാൻ അതിനെ അറുക്കുക തന്നെ ചെയ്യും’ എന്നർത്ഥം. അധികാടയാളമായ അലിഫ് ഉച്ചരിച്ചാൽ ഞാൻ അതിനെ അറുക്കുകയില്ല എന്ന വിപരീതാർത്ഥമാണ് ലഭിക്കുക. സൂറതുൽ ഖലമിലെ ആറാം വാക്യത്തിൽ ‘ബി അയ്യികും’ എന്ന് എഴുതേണ്ടതിനു പകരം ‘ബി അയ്യീകും’ എന്ന് ‘യാഅ്’ അധികമായി എഴുതിക്കാണാം; അയ്യീകും എന്ന ഒരു പദംതന്നെ അറബിയിലില്ല. തഥൈവ ‘ബസ്ത്വത്’ എന്ന് അൽബഖറ 247ൽ ഉപയോഗിച്ച ഖുർആൻ, അതേപദം സൂറതുൽ അഅ്‌റാഫിൽ ‘ബസ്വ്ത്വത്’ എന്ന് ‘സ്വാദ്’ ഉപയോഗിച്ച് എഴുതിയിരിക്കുന്നു.

നമ്മുടെ പഠനവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു വസ്തുത ഇങ്ങനെ അക്ഷരം മാറ്റിയെഴുതാനുണ്ടായ കാരണം ചൂണ്ടിക്കാട്ടുന്നു. ഈ വാക്യം അവതരിച്ചപ്പോൾ അതെഴുതിവെക്കാൻ നിർദേശിച്ചുകൊണ്ട് സൈദ്(റ)വിനോട് തിരുനബി(സ്വ) പറഞ്ഞു: ‘അവിടെ ബസ്വ്ത്വത് എന്ന് സ്വാദ് ഉപയോഗിച്ച് എഴുതാൻ ജിബ്‌രീൽ അറിയിക്കുന്നു’. അങ്ങനെ സീനിനു പകരം സ്വാദ് എഴുതുകയും അക്ഷരവ്യതിയാനം കാണിക്കാൻ അതിനു മുകളിൽ സീൻ കുറിച്ചിടുകയും ചെയ്തു. ഖുർആനിന്റെ എല്ലാ പതിപ്പുകളിലും ഇപ്പോഴും ഈ രീതി തന്നെയാണ് തുടരുന്നത്. ഖുർആനിന്റെ മുദ്രണത്തിനും ചില പ്രത്യേകതകളും സവിശേഷതകളുമുണ്ടെന്നും അതു ജിബ്‌രീൽ(അ) മുഖേന നിർദേശിക്കപ്പെട്ടതിന്റെ പ്രത്യക്ഷര പാലനമാണെന്നും ഗ്രഹിക്കാൻ ഈ സംഭവം തന്നെ ധാരാളമായിരിക്കും.

ഇങ്ങനെ ചില അക്ഷര മാറ്റങ്ങൾ ഖുർആനിന്റെ കൈയെഴുത്തിൽ വരുകയും ഇതഃപര്യന്തം തെല്ലും മാറ്റമില്ലാതെ നിലനിർത്തപ്പെടുകയും ചെയ്തത് മൂല കൈയെഴുത്തുപ്രതിയുടെ ആധികാരികതയും സാർവികാംഗീകാരത്തെയും ദിവ്യസ്രോതസ്സിനെയുമാണ് ജ്വലിപ്പിച്ചു കാണിക്കുന്നത്. ഖുർആൻ അതിന്റെ എല്ലാവിധ സവിശേഷതകളോടും കൂടി തിരുനബി(സ്വ)യുടെ നിർദേശപ്രകാരം അവിടത്തെ ജീവിതകാലത്തു തന്നെ സമ്പൂർണമായും മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സംക്ഷിപ്തം.

വിവിധ സന്ദർഭങ്ങളിലായി അവതീർണമായ ഖുർആൻ സൂക്തങ്ങൾ അവയുടെ അവതരണ ക്രമത്തിലല്ല മുസ്ഹഫിൽ അധ്യായങ്ങളായി സമാഹരിച്ചിട്ടുള്ളത്. അവസാനത്തെ സൂക്തവും അവതരിച്ചുകഴിഞ്ഞ ശേഷമേ അന്തിമമായി ഖുർആൻ ക്രോഡീകരണം സാധ്യമാവുമായിരുന്നുള്ളൂവല്ലോ. എന്നുവെച്ചാൽ, അവസാനത്തെ സൂക്തവും അവതരിക്കുംവരെയും ഖുർആനിൽ അധ്യായങ്ങൾ വേർതിരിക്കപ്പെട്ടിരുന്നില്ല എന്ന് ഇതിന് അർത്ഥമില്ല. വ്യത്യസ്ത നിസ്‌കാരങ്ങളിലും വിവിധ സന്ദർഭങ്ങളിലും പാരായണം ചെയ്യേണ്ട സൂറതുകൾ നബി(സ്വ) തന്നെ നിർദേശിച്ചതായി പല ഹദീസുകളിലും കാണാം. അനേകം സൂറതുകളുടെ സവിശേഷതകൾ അവിടുന്ന് തന്നെ വിവരിച്ചിട്ടുണ്ട്.

‘രാത്രിയിൽ സൂറതുൽ ബഖറയുടെ അവസാനത്തിലുള്ള രണ്ടു വചനങ്ങൾ പാരായണം ചെയ്യുന്നവർക്ക് അത് മതിയാകുന്നതാണ്’ എന്ന അബൂമസ്ഊദിൽ ബദ് രിയുടെ ഹദീസും (സ്വഹീഹുൽ ബുഖാരി, ഫളാഇലുൽ ഖുർആൻ) ‘താങ്കൾക്കു സൂറതുന്നിസാഇലെ അവസാന വചനങ്ങൾ മതി’ എന്ന് ഉമർ(റ)വിനോട് അരുളിയതും (സ്വഹീഹു മുസ്‌ലിം, കിതാബുൽ ഫറാഇദ്) ‘എന്റെ അമ്മായിയായ മൈമൂന ബീവിയുടെ വീട്ടിൽ താമസിക്കുന്ന രാത്രികളിൽ തിരുമേനി(സ്വ) ഉറക്കത്തിൽ നിന്നെഴുന്നേറ്റ് ആലുഇംറാനിലെ അവസാന പത്തു വചനങ്ങൾ പാരായണം ചെയ്യുന്നത് ഞാൻ കേൾക്കാറുണ്ട്’ എന്ന ഇബ്‌നു അബ്ബാസ്(റ)വിന്റെ അനുഭവ വിവരണവും (സ്വഹീഹുൽ ബുഖാരി, കിതാബുൽ വുളൂഅ്) അറിയിക്കുന്നത് ഇന്നത്തെ അതേ ക്രമത്തിൽ ഖുർആനിലെ ആയത്തുകളും സൂറതുകളും സ്വഹാബികൾക്ക് സുപരിചിതമായിരുന്നു എന്നാണ്. ‘അല്ലാഹു സത്യം, തിരുഅധരത്തിൽ നിന്നു നേരിട്ട് എഴുപതിൽ പരം അധ്യായങ്ങൾ ഞാൻ ഹൃദിസ്ഥമാക്കിയിട്ടുണ്ട്; അല്ലാഹുവാണ, തിരുമേനിയുടെ സ്വഹാബി വൃന്ദത്തിൽ അല്ലാഹുവിന്റെ വിശുദ്ധ ഗ്രന്ഥം ഏറ്റവും അറിയാവുന്നവൻ ഞാനാണെന്നും എന്നാൽ അവരിൽ ഏറ്റവും മഹത്ത്വമുള്ളവൻ ഞാനല്ലായെന്നും അവർക്കൊക്കെ അറിയാവുന്നതാണ്’ (അതേ ഗ്രന്ഥം, കിതാബു ഫളാഇലിൽ ഖുർആൻ) എന്ന് അബ്ദുല്ലാഹി ബ്‌നു മസ്ഊദ്(റ) പറയുകയുണ്ടായി. മറ്റൊരിക്കൽ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവാണ, അവനല്ലാതെ യാതൊരു ആരാധ്യനുമില്ലല്ലോ, അല്ലാഹുവിന്റെ കിതാബിൽ അവതരിപ്പിക്കപ്പെട്ട ഒരു അധ്യായവും എവിടെയാണ് അവതരിപ്പിക്കപ്പെട്ടത് എന്ന് എനിക്ക് അറിയാത്തതില്ല. അല്ലാഹുവിന്റെ കിതാബിൽ അവതരിപ്പിക്കപ്പെട്ട ഒരു സൂക്തവും ഏതു അധ്യായത്തിലാണ് അവതരിപ്പിക്കപ്പെട്ടത് എന്നും എനിക്ക് അറിയാത്തതില്ല. അല്ലാഹുവിന്റെ കിതാബിൽ എന്നേക്കാൾ അറിവുള്ള ഒരാളെങ്കിലും ഒട്ടകം (വാഹനം) ചെന്നെത്തുന്നയിടത്ത് എവിടെയെങ്കിലുമുണ്ടെന്നു ഞാനറിഞ്ഞാൽ തീർച്ചയായും ഞാൻ അയാളുടെ അടുത്തു പോവുക തന്നെ ചെയ്യും’. സ്വഹാബികൾ ഉത്സാഹപൂർവം സൂറതുകളുടെയും ആയത്തുകളുടെയും ക്രമവും പൂർണരൂപവും ഹൃദിസ്ഥമാക്കിയിരുന്നത് എന്നു മനസ്സിലാക്കാം.

ഇതിൽ നിന്നെല്ലാം അധ്യായങ്ങളുടെ ക്രമീകരണവും തിരുജീവിതകാലത്തു തന്നെ ഉണ്ടായിട്ടുണ്ടെന്നു മനസ്സിലാക്കാമെന്നു പണ്ഡിതന്മാർ രേഖപ്പെടുത്തുന്നു. ആ ക്രമത്തിലാണ് അവിടന്ന് നിസ്‌കാരങ്ങളിൽ ഓതിക്കാണിച്ചത്. ശബ്ദമാധുരിയുള്ള പല സ്വഹാബികളോടും എല്ലാവർക്കും കേൾക്കാവുന്ന വിധത്തിൽ ഉറക്കെ ഓതാനാവശ്യപ്പെട്ട സംഭവങ്ങൾ നിരവധിയുണ്ട്. അവയെല്ലാം ഇന്നു നാം പാലിക്കുന്ന അതേ ക്രമത്തിലായിരുന്നു. മാത്രമല്ല, ‘ഓരോ വർഷവും ജിബ്‌രീൽ(അ) ഒരു തവണ വന്ന് തിരുപ്രവാചകരുടെ ഖുർആൻ മന:പാഠം പരിശോധിക്കാറുണ്ടായിരുന്നു. തിരുവഫാതുണ്ടായ വർഷത്തിൽ രണ്ടുതവണ പരിശോധിക്കുകയുണ്ടായി. എല്ലാ വർഷവും പത്തുദിവസം തിരുനബി(സ്വ) ഇഅ്തികാഫിരിക്കാറുണ്ടായിരുന്നു. വഫാതുണ്ടായ വർഷത്തിൽ ഇരുപത് ദിവസം അവിടന്ന് ഇഅ്തികാഫിരിക്കുകയുണ്ടായി (ഫത്ഹുൽബാരി 8/639).

ചുരുക്കത്തിൽ, തിരുനബി(സ്വ)യുടെ ജീവിതകാലത്തുതന്നെ വിശുദ്ധ ഖുർആൻ ഇന്നുള്ള ക്രമത്തിലും രൂപത്തിലും ഹൃദയങ്ങളിൽ സമാഹരിക്കപ്പെടുകയും അതിന്റെ മുഴുവൻ ഭാഗത്തിന്റെയും ലിഖിതരൂപങ്ങൾ -ഗ്രന്ഥരൂപത്തിലല്ലാതെ- സൂക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അവിടന്ന് വഫാതാകുമ്പോൾ അനേകായിരങ്ങൾ ഖുർആൻ ഹാഫിളുകളായി ഉണ്ടായിരുന്നു.

‘തീർച്ചയായും ഖുർആനിന്റെ ക്രോഡീകരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു. അപ്പോളിനി, നാം ഓതിത്തന്നാൽ ആ ഓത്ത് പിന്തുടരുക; പിന്നീട്, അത് വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു’ (അൽഖിയാമ: 1719). ‘നാം അങ്ങേയ്ക്ക് ഈ ഉദ്‌ബോധനം ഇറക്കിത്തന്നിരിക്കുന്നത് ജനങ്ങൾക്ക് അവരിലേക്ക് അവതീർണമായതിനെ അങ്ങ് വിവരിച്ചു നൽകേണ്ടതിനും അവർ അതേ കുറിച്ച് പര്യാലോചിച്ചു കൊണ്ടേയിരിക്കുന്നതിനും ആകുന്നു’ (അന്നഹ്ൽ 44).

(തുടരും)

[ സുന്നീ വോയിസ് ,മാർച്ച് 1 - 2021]

http://sunnivoice.net/നബി(സ്വ)-തന്നെ/