page

Monday, 3 May 2021

കാന്തപുരം അബ്ദുൽ ഹകീം അസ്ഹരി

 സമസ്തയിലെത്തിയ  പ്രതിഭാശാലി; വളർച്ചയുടെ നാൾവഴികൾ

.......................................................

സുൽത്താനുൽ ഉലമയുടെ മകൻ പിച്ചവെച്ചു തുടങ്ങിയപ്പോൾ തന്നെ അദ്ദേഹത്തിലുള്ള പ്രതിഭാത്വം ജനം കണ്ടു തുടങ്ങിയിരുന്നു. പിതാവിൻ്റെ കൈപിടിച്ച് ഒട്ടേറെ  മഹാൻമാരുടെ സവിധത്തിലെത്തി ചെറുപ്പത്തിലേ ആ പ്രതിഭാശാലി പൊരുത്തം സമ്പാദിച്ചിട്ടുണ്ട്. ഈയിടെയായി അതിലൊരു കഥ വിനീതൻ കക്കിടിപ്പുറം പ്രദേശവുമായി ബന്ധപ്പെട്ടവരോട്  ചോദിച്ചറിയുകയുണ്ടായി. വലിയ്യുല്ലാഹി കക്കിടിപ്പുറം അബൂബക്കർ മുസ്ലിയാരുടെ സവിധത്തിൽ ആ മകനെ പിതാവ് കൊണ്ടുപോയത്രെ. കക്കിടിപ്പുറം ഉസ്താദ് ചോദിച്ചു: ഇതാരാണ്? മകൻ. പേരെന്താണ്? അബ്ദുൽ ഹകീം. തുടർന്ന് കക്കിടിപ്പുറം വലിയ്യ് ഖുർആനിലെ ഒരു ആയത്ത് ഓതിയത്രെ. 'ഹിക്മത്തിലൂടെ ദീനിന് കരുത്ത് പകരുന്നവൻ' എന്നാണത്രെ അതിൻ്റെ സാരാംശം.

      അതാണീ പ്രതിഭയിൽ നിന്നുമിപ്പോൾ പ്രോജ്ജ്വലിച്ചു വരുന്നത്. ഇൽമും ഹിക്മത്തും. പഠിച്ച കാലവും സമയവും സമം ചേർത്തു നോക്കിയാലും  ഇത്രമാത്രം അറിവ് പകരാനാകുന്ന കഴിവ് എവിടന്ന് കിട്ടി എന്ന് നാം അത്ഭുതം കൂറും. പക്ഷെ, ഉത്തരം ഇതാണ്: മഹാൻമാരുടെ പൊരുത്തം. അനിതരസാധാരണമായ കഴിവിലൂടെ (ഹിക്മത്ത് ) അദ്ദേഹം ചെല്ലുന്നിടം കീഴടക്കുന്നു. ചെറുതും വലുതുമായ സദസ്സുകളിൽ ജ്ഞാനികൾക്കു മുമ്പിൽ ധൈര്യപൂർവം കിതാബ് പറയുന്നു. ശാസ്ത്ര സാങ്കേതിക വിദഗ്ദരുടെ മുമ്പിൽ ശാസ്ത്ര സത്യങ്ങൾ വിവരിക്കുന്നു. ഭാഷാപണ്ഡിതരുടെ മുമ്പിൽ ഭാഷാ വൈവിധ്യങ്ങൾ സ്ഫുടമായി പരന്നൊഴുകുന്നു. ആരോഗ്യ വിദഗ്ദരുടെ മുമ്പിൽ ആരോഗ്യ ജീവിതം വരച്ചുകാണിക്കുന്നു. രാഷ്ട്രീയ-സർക്കാർ സംവിധാനത്തോട് ത്രാണിയോടെ സംവദിക്കുന്നു. തൻ്റെ മകൻ്റെ വൈജ്ഞാനിക വളർച്ചക്ക് വെള്ളവും വളവും അതിരറ്റ് നൽകിയത് പിതാവ് കാന്തപുരം ഉസ്താദ് തന്നെയാണ്. പക്ഷെ, പിതാവിന് ഭാരമേകാതെ അറിവിൻ്റെ പ്രവിശാല സാധ്യതകൾ താണ്ടി മകൻ യാത്രയിലായിരുന്നു. കേരളത്തിനകത്തും പുറത്തും. രാജ്യത്തിനു പുറത്തും. ത്യാഗനിർഭരമായ യാത്ര.

        2000ത്തിന് മുമ്പും പിമ്പുമായി മലയോര ദഅവയുടെ സഹ ഭാരവാഹികളായി ഒന്നര പതിറ്റാണ്ട് ഞങ്ങളൊന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അതിനിടെയാണ് താമരശ്ശേരിയിൽ ജില്ലാ ബാലസഞ്ചയം നടക്കുന്നത്. 2005ൽ. അദ്ദേഹമായിരുന്നു, സംഘാടക സമിതി ചെയർമാൻ. വിനീതൻ എസ് എസ് എഫ് ജില്ലാ സെക്രട്ടറിയും. ആ സമയത്ത് താമരശ്ശേരിയിലും പരിസരങ്ങളിലും ഒരു ബൈക്കിലായിരുന്നു യാത്ര. പലപ്പോഴും ഞാനൊപ്പമുണ്ടാകും. അദ്ദേഹത്തിൻ്റെ സംഘാടക മികവ് അന്ന് അനുഭവിച്ചറിഞ്ഞതാണ്. പരിപാടിയുടെ സാമ്പത്തിക സ്രോതസ്സൊക്കെ കണ്ടെത്തുന്നതിൽ അദ്ദേഹം മുന്നിൽ നിന്നു. അന്നൊരിക്കൽ മർകസിൽ ഉസ്താദിൻ്റെ റൂമിലെത്തിയപ്പോൾ ഉസ്താദ് ഒരൽപ്പം കർക്കശമായ രൂപത്തിൽ എന്നോട് പറഞ്ഞു: അവനെ നീ ഇങ്ങനെ കൊണ്ട് നടക്കരുത്, അവന് ഒരു പാട് പഠിക്കാനുള്ളതാണ്. ഉസ്താദിന് മുമ്പിൽ വിനീതവിധേയനായി ഞാൻ മൗനിയായിനിന്നു. ഈ യാത്രക്കിടയിലും അദ്ദേഹം പഠിക്കുന്നുണ്ടെന്നറിയാം. ബീഹാർ യൂനിവാഴ്സിറ്റിയിൽ റിസർച്ച് നടത്തുന്ന സമയമാണത്. തൊട്ടടുത്ത വർഷം ഒരുനാൾ ഉസ്താദിൻ്റെ അതേ റൂമിലെത്തിയപ്പോൾ മറ്റൊരനുഭവം എൻ്റെ മനസ്സിനെ കോൾമയിർ കൊള്ളിച്ചു. ഉസ്താദ് ഒരു കോട്ടുമായി നിൽക്കുന്നു. അന്വേഷിച്ചപ്പോൾ മനസ്സിലായി: സ്വന്തം മകനും ശിഷ്യനുമായ ആ പ്രതിഭാശാലിക്ക് ഡോക്ടറേറ്റ് ലഭിച്ച വകയിൽ ഉസ്താദിൻ്റെ ആദരവാണ് റൂമിൽ നടക്കാൻ പോകുന്നത്.(1)

                ✍️ മജീദ് പുത്തൂർ