page

Friday, 28 May 2021

ഇസ്തിഗാസയിലെ ആധുനിക വായനകളും വഹാബീ മണ്ടത്തരങ്ങളും

 ബദ്രീങ്ങളേ ,കാക്കണേ 

🔵 ഒന്ന് : 


" ബദ്രീങ്ങളേ കാക്കണേ , മുഹ്യദ്ദീൻ ശൈഖേ കാക്കണേ " തുടങ്ങിയ സഹായർത്ഥനകൾ ഇസ്തിഗാസയാണ് .അല്ലാഹുവിനോടല്ലാതെ പ്രാർത്ഥിക്കാൻ പാടില്ലെന്നിരിക്കേ സൃഷ്ടികളോട് അവരുടെ ഭൗതിക സാന്നിധ്യമില്ലാതെ സഹായം തേടാമോ എന്ന ശങ്കയാണ് ഇസ്തിഗാസാനിരാകരണവാദത്തിൻ്റെ മർമ്മം .

ഇവിടെ ,പ്രാർത്ഥന എന്ന മലയാളപദത്തെ കുറിക്കുന്ന അറബ്പദം ദുആഅ' എന്നതാണല്ലോ .അല്ലാഹു അല്ലാത്തവരോടുള്ള ദുആയാണ് വിലക്കപ്പെട്ടിട്ടുള്ളത്. ഏതൊരു സഹായഭ്യർത്ഥനയും പ്രാർത്ഥനയാവുന്നത് ,അഭ്യർത്ഥകന് അഭ്യർത്ഥിതനോടുള്ള മനോഭാവം അനുസരിച്ച് മാത്രമാണ്. ഒരു സഹായർത്ഥനയിൽ രണ്ട് ഘടകങ്ങൾ ഒരുമിക്കോമ്പാഴാണ് അത് പ്രാർത്ഥനയാവുന്നത് : അർത്ഥിക്കുന്നവൻ തൻ്റെ  ഉബൂദിയ്യതും അർത്ഥിക്കപ്പെടുന്നവൻ്റെ റുബൂബിയ്യതും ഒരുമിച്ച് ഉൾക്കൊള്ളുക എന്നതാണത് , തഫ്സറുറാസി ; 135 / 7 .


ഇത്തരം സന്ദർഭത്തിൽ , വിളിക്കപ്പെടുന്ന വ്യക്തികളുടെ പരിമിതികൾക്ക് ചുറ്റിലും കറങ്ങുന്നതാണ് ഇസ്തിഗാസാവിരോധത്തിൻ്റെ ചിന്താധാരകൾ .എന്നാൽ ,വിളിക്കപ്പെടുന്ന വ്യക്തികളല്ല ,അല്ലാഹുവാണ് ലക്ഷ്യമെന്നും അവന് പരിമിതികളുമില്ല എന്നതാണ് മർമ്മം .

മർമ്മവിദ്യയറിയാത്ത ഉഴിച്ചുലുകാർ ,ഇസ്തിഗാസയെ പരതുന്നത് മക്കൻശിർക്കിലാണ് .തലച്ചോറ് തേടി കാൽപ്പാദം മുറിച്ചിട്ടെന്താണ് കാര്യം ?

ഇസ്തിഗാസ ഉള്ളത് ശിർക്കിലല്ല ,തൗഹീദിലാണ്. 

 " പ്രാർത്ഥന അല്ലാഹുവിനോട്

മാത്രം " എന്ന ഇസ്തിഗാസാവിരുദ്ധ വാക്യം Idiot syndrom ത്തിൻ്റെ ഭാഗമാണ് .കാരണം ,സഹായർത്ഥന അല്ലാഹുവിനോടാകുമ്പോൾ മാത്രമേ അത് പ്രാർത്ഥനയാവുകയുള്ളൂ എന്ന് വിശ്വസിക്കുന്നവരാണല്ലോ ഇസ്തിഗാസ ചെയ്യാറുള്ളത്. അല്ലെങ്കിൽ , പ്രജനനപ്രകൃതം നന്നായറിയുന്ന ഭിഷഗ്വരന്മാരോട് "പ്രസവം സ്ത്രീക്ക് മാത്രം " എന്ന് പറയുന്ന അനൗചിത്യമെങ്കിലും മേൽ പ്രസ്താവനയിലുണ്ട് .


🔵 രണ്ട് :


" നിന്നെമാത്രം ഞങ്ങളാരാധിക്കുന്നു ,നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു " , 

"നീ വല്ലകാര്യത്തിനും പരസഹായം തേടുന്നുവെങ്കിൽ അത് അല്ലാഹുവിനോടാവുക " 

തുടങ്ങിയ ഖുർആനിക - പ്രവാചക വചനങ്ങൾ മുന്നിർത്തിയാണ് പൊതുവേ ഇസ്തിഗാസയിലെ ശിർക്കന്വേഷണം .അപ്പറയപ്പെട്ടതിൻ്റെ പ്രത്യക്ഷസാരം തന്നെയാണ് പ്രായോഗിയവിവക്ഷ എന്ന് വന്നാൽ ,ഭൗതിക- സാമൂഹിക ജീവിതത്തിൽ സർവ്വസാധാരണമായി നടക്കുന്ന മനുഷ്യസഹായങ്ങൾ അനിസ്ലാമികമാവേണ്ടി വരും .അത്കൊണ്ട്തന്നെ , കുറ്റകരമാവുന്ന ,ദൈവബഹുത്വത്തിലേക്ക് ചേരുന്ന സഹായർത്ഥനക്ക് ഇസ്തിഗാസാ നിരാസകർ ഒരു യുക്തിന്യായം മുന്നോട്ട് വെക്കാറാണ് പതിവ് . "അഭൗതികമായ ,അതിപ്രകൃതമായ നിലയിലുള്ള സഹായർത്ഥന അല്ലാഹു അല്ലാത്തവരോടാവുമ്പോഴാണ് കുഴപ്പം .ഭൗതികമായ സഹായം അല്ലാഹു അല്ലാത്തവരോടും തേടാം "  എന്നതാണ് പ്രസ്തുത യുക്തിന്യായം .ഒരു ന്യായത്തിൻ്റെ ആധാരം ബുദ്ധിവിചാരം ആവുകയെന്നത് മാത്രം ഒരു പ്രശ്നമല്ല ,പക്ഷെ ,ആ ന്യായം പ്രശ്നരഹിതമാവണമെന്ന് മാത്രം. 

അവിടെയുണ്ടാവുന്ന അനർത്ഥങ്ങൾ അനവധിയാണ് .


ഒന്ന് 👉 , കഴിവുകളെയും സിദ്ധികളെയും ശേഷികളെയും സംബന്ധിച്ച് ഒന്നുകിൽ ഭൗതികം അല്ലെങ്കിൽ അഭൗതികം എന്ന വിഭാഗീകരണം പ്രമാണബദ്ധമല്ല .ഖുർആനിലോ ഹദീഥിലോ മറ്റവലംബങ്ങളിലോ അങ്ങനെയില്ല .


രണ്ട് 👉, ഭൗതികം അല്ലാത്തത് അഭൗതികം എന്ന കേവലത്വത്തിനപ്പുറം , എവിടെന്നെവിടെവരെയാണ് , ഏതിനുമേതിനും മധ്യേയാണ് ഭൗതികം എന്ന നിർവ്വചനം അങ്ങനെ വിഭാഗീകരിക്കുന്നവർക്ക് നിർണ്ണിതമായി പറയാനാവുന്നില്ല .


മൂന്ന്👉 , മരണത്തോടെയാണ് കഴിവ് അഭൗതികമാവുന്നതെങ്കിൽ ജീവിച്ചിരിക്കുന്ന ആൾദൈവങ്ങളോട് 'അസാധാരണ ' കാര്യങ്ങളിൽ സഹായർത്ഥന നടത്തുന്നത് ശിർക്കാവരുതല്ലോ ,ജീവിച്ചിരിക്കുന്ന സ്വാമിദൈവത്തോട് ജീവിച്ചിരിക്കുന്ന ഭക്തൻ "എനിക്ക് മന:ശാന്തിയും മാർഗദർശനവും നൽകേണമേ " എന്ന്  "പ്രാർത്ഥിക്കുന്നത് " ഭൗതികമായ സഹായഭ്യർത്ഥനയാവുമപ്പോൾ .


നാല്👉 , മരണത്തോടെ പൂർണ്ണമായും അഭൗതികമാവുന്നുവെങ്കിൽ ,ജീവിച്ചിരിക്കുന്നവരുടെ അഭിവാദ്യങ്ങൾ അവരെങ്ങനെ കേൾക്കുന്നു , സംസ്ക്കരണാനന്തരം ആളുകൾ നടന്നകലുന്ന പാദപതനങ്ങളുടെ മുഴക്കം പോലും അവർ കുടീരങ്ങൾക്കുള്ളിൽ വെച്ച് കേൾക്കുമെന്നത് മുതലുള്ള എത്രയോ പ്രമാണങ്ങളെ എങ്ങനെ അപവ്യാഖ്യാനിക്കും ?


അഞ്ച്👉 ഭൗതികം ,അഭൗതികം എന്ന വേർതിരിവ് പ്രമാണബദ്ധമല്ലെന്നിരിക്കേ , മരണപ്പെട്ടവർക്ക് മരണപ്പെടാത്തവരുടെ ലോകത്ത് ഇടപെടാൻ കഴിയില്ല എന്ന വിശ്വാസം അല്ലാഹുവിൻ്റെ കർമ്മ സ്വാതന്ത്ര്യത്തിൽ ഇടപെടലാണ്. കാരണം ,മരണപ്പെട്ടവരിലൂടെ മരണപ്പെടാത്തവർക്ക് പ്രയോജനം ചെയ്യാൻ അല്ലാഹുവിന് ഉദ്ദേശ്യമില്ല ,അല്ലാഹു അങ്ങനെ ചെയ്യുന്നില്ല എന്ന് അതേ സംബന്ധിച്ച് അറിവോ നിഗമനോ ഇല്ലാതെ സംസാരിക്കുന്നവരാണ് ഇസ്തിഗാസ ശിർക്കാണെന്ന് പറയുന്നവർ. 

അല്ലാഹു എങ്ങനെയൊക്കെ മാത്രമേ സഹായിക്കാവൂ എന്ന ചട്ടം അടിമകളായ മനുഷ്യർ സോഷ്യൽമീഡിയകളിലിരുന്ന് തീരുമാനിക്കുന്ന വൈരുധ്യമാണവിടെ കാണുന്നത്. ചുരുങ്ങിയത് ,അല്ലാഹുവിന് അവൻ്റെ ജോലി ചെയ്യാനുള്ള താത്വിക സമ്മതമെങ്കിലും നൽകാൻ അവർ തയ്യാറാവണം ." ഞങ്ങൾ കരുതുന്നത് പോലെ ഞങ്ങളെ സഹായിക്കാത്ത ദൈവം വ്യാജമാണെന്ന് "  കരുതുന്ന ,അതായത് ,ദൈവം എന്നാൽ മനുഷ്യർ തീരുമാനിക്കുന്നത് ചെയ്യാനുള്ള സംരക്ഷകനാണ് എന്ന് ധരിച്ച നാസ്തികതയുടെ തൊട്ടിപ്പുറത്തുള്ള നിലപാടാണ് ഇസ്തിഗാസാഹത്യ .

ബദ്രീങ്ങളേ കാക്കണേ എന്ന് വിളിച്ച മനുഷ്യനെ സഹായിക്കാനുള്ള കഴിവ് മരണാന്തര സ്ഥിതിയിലുള്ള ബദ്രീങ്ങൾക്ക് അല്ലാഹു നൽകില്ല ,നൽകിയിട്ടില്ല ,നൽകിയാലും ഇല്ലെങ്കിലും നിങ്ങൾ ചോദിക്കരുത് എന്നൊക്കെയുള്ള അതിവാദങ്ങൾക്ക് വേറെന്താണർത്ഥങ്ങൾ ?


ആറ്👉 :ഭൗതികകാര്യങ്ങളിൽ അല്ലാഹു അല്ലാത്തവരോട് സഹായം ' തേടാം 'എന്ന സമ്മതം മാത്രമേ പ്രസ്തുത വിഭാഗീകരണമനുസരിച്ച് പരാമൃഷ്ട പ്രമാണവായന അർത്ഥം കുറിക്കുന്നുള്ളൂ ,ഭൗതികകാര്യങ്ങളിലും അല്ലാഹുവിനോട് തന്നെ സഹായം തേടലാണ് ഉചിതം എന്നോ ,ചുരുങ്ങിയത് ,ഭൗതികകാര്യങ്ങളിലും അല്ലാഹുവിനോട് സഹായം തേടാം എന്നും വരുന്നുണ്ടർത്ഥം .ഇസ്തിഗാസ ചെയ്യാതെ നേരിട്ട് അല്ലാഹുവിനോട് ചോദിക്കലല്ലേ ഉചിതം എന്ന നിരാകരണയുക്തി ഭൗതികമായ കാര്യത്തിലും പ്രായോഗികമാക്കാമല്ലോ .

വിശപ്പിനും വിനാശങ്ങൾക്കും മുമ്പിൽ

എന്തിന് കാരണങ്ങൾക്ക് പിന്നാലെ നാം നടക്കണം ,കാരണങ്ങൾ രൂപപ്പെടുത്തുന്ന മുസബ്ബിബായ അല്ലാഹുവിനോട് കാര്യം പറഞ്ഞ് അടങ്ങിയിരിക്കലല്ലേ യഥാർത്ഥ തൗഹീദ്. 

കാരണങ്ങളെ നാം ഉണ്ടാക്കുകയല്ലല്ലോ ,അവൻ ചിലതിനെ ചിലതിനുള്ള കാരണങ്ങളാക്കുകയല്ലേ ചെയ്യുന്നത്.

മാത്രമല്ല , "ചെരുപ്പിൻ്റെ വാറ് പൊട്ടിയാലും നീ അല്ലാഹുവിനോട് ചോദിക്കുക " എന്ന് ഹദീഥിലുണ്ട് .അതനുസരിച്ച് ഭൗതികകാര്യങ്ങളും അല്ലാഹുവിനോടല്ലേ ചോദിക്കേണ്ടത് .ഈ ഹദീഥ് വിശദീകരിക്കപ്പെടാമെങ്കിൽ ആ തത്വം നടേ പറഞ്ഞ ഹദീഥിനും കിട്ടണ്ടേ ? 


🔵


അതായത് , ഭൗതികം ,അഭൗതികം എന്നത്  നിയതമോ നിർവ്വചനീയമോ അല്ല ,മറിച്ച് ആപേക്ഷികമാണ്. ഇങ്ങനെ വ്യക്തിക്കോ ,വസ്തുവിനോ അനുസരിച്ച് മാറുന്ന നിർണ്ണയത്തിന്മേലാധാരമാക്കി പൊതുതത്വം രൂപീകരിക്കാൻ വിഡ്ഢികൾക്കേ സാധിക്കുകയുള്ളൂ. ചില കഴിവുകൾ ഭൗതികമാണ് എന്ന വിശ്വാസം ഭൗതികവാദത്തിൻ്റെയും നിരീശ്വരവാദത്തിൻ്റെയും അംശമാണ് .ഇഅ'തിസാലീ ചിന്താധാരയെ ദു:സ്വാധീനിച്ച ഭ്രംശിതയുക്തി അത് തന്നെയായിരുന്നു. അവരങ്ങനെ പറഞ്ഞത് ,ഭൗതികവാദികളുടെ ആരോപണങ്ങളിൽ നിന്നും അല്ലാഹുവിനെ സംരക്ഷിക്കുക എന്ന വയ്യാവേല ഏറ്റെടുത്ത് കൊണ്ടാണെങ്കിൽ ,ആധുനിക ഇസ്തിഗാസാനിരാസകർ അവ്വിധം പറയുന്നത് യൂറോപ്യൻ നാസ്തിക ജ്ഞാനോദയത്തിൻ്റെ ദു:സ്വാധീനം കൊണ്ടുമാണ് .


🔵മൂന്ന് :


കഴിവുകളുടെ കാര്യത്തിലെ വാസ്തവമെന്താണപ്പോൾ ?

മക്കയിലെ മുശ്രികുകൾക്ക് ഒരു സ്വഭാവം ഉണ്ടായിരുന്നു , നിസ്സാരമായ കാര്യങ്ങളിൽ അല്ലാഹുവേതരമായ ദൈവങ്ങളോട് സഹായം തേടുക ,ഗൗരവതരമായ വിഷയങ്ങളിൽ  അല്ലാഹുവിനോടും എന്നതായിരുന്നു അത് .വിശുദ്ധഖുർആൻ പലയിടങ്ങളിലായി ആ തോന്ന്യാസത്തെ നിശിതമായി വിമർശിക്കുന്നത് കാണാം.

അക്കാര്യത്തിൻ്റെ അൽകാര്യം ബോധ്യപ്പെടുത്തുന്ന വചനമാണ് സൂറ:ബകറയുടെ 165 ആം വചനം .

എല്ലാതരം കഴിവുകളും അല്ലാഹുവിന് മാത്രമാവുന്നു - അന്നൽ ഖുവ്വത ലില്ലാഹി ജമീ ആ - എന്ന പരമമായ പ്രഖ്യാപനമാണതിൻ്റെ കാതൽ .ഇസ്തിഗാസാനിരാസകരും മക്കാമുശ്രികുകളും സന്ധിക്കുന്ന ഒരുതലമതാണ് .ഇക്കൂട്ടർ ഭൗതികം എന്നും അക്കൂട്ടർ സാധാരണം എന്നും പരികൽപ്പിക്കുന്ന കാര്യങ്ങളാണ് അല്ലാഹുവേതരർക്കും സിദ്ധിച്ച ശേഷിയായി ഇരുകൂട്ടരും ഏറെക്കുറെ മനസ്സിലാക്കിയിരുന്നത്.

വാസ്തവം അങ്ങനെയല്ല , സൂക്ഷമാവട്ടെ ,സ്ഥൂലമാവട്ടെ ,ഭൗതികമാവട്ടെ ,അഭൗതികമാവട്ടെ ,സാധാരണമാവട്ടെ ,അസാധാരണമാവട്ടെ ,മരണാനന്തരമാവട്ടെ ,പൂർവ്വമൃതമാവട്ടെ ,കാര്യകാരണീയമാവട്ടെ - ആവാതിരിക്കട്ടെ , സക്രിയയാവട്ടെ ,നിഷ്ക്രിയയാവട്ടെ  എന്തുമാവട്ടെ ,എപ്പോഴുമാവട്ടെ ,എവിടെയുമാവട്ടെ : അല്ലാഹുവിന് മാത്രമേ കഴിവുള്ളൂ. അവൻ നൽകിയാൽ മാത്രം അവനല്ലാത്തതിന് കഴിവ് കിട്ടുന്നു എന്ന് മാത്രം. 

എന്തും ചോദിക്കേണ്ടത് അല്ലാഹുവിനോടാണ്. ആ അർത്ഥനക്ക് വിവിധ രൂപങ്ങളുണ്ടെന്ന് മാത്രം .സ്വയംകഴിവുണ്ടെന്ന് കരുതി കൂട്ടുകാരനോട് " പാട്ട്പാടി ആനന്ദിപ്പിക്കൂ " എന്നർത്ഥത്തിൽ അപേക്ഷിക്കൽ തെറ്റാവും .ആ വിശ്വാസമില്ലാതെ , കണ്ണിമ ചിമ്മിത്തുറക്കും വേഗത്തിൽ ബൽഖീസിൻ്റെ സിംഹാസനം കൊണ്ടുത്തരാമോ എന്ന് പ്രവാചകൻ ചോദിക്കലും  സ്വർഗത്തിൽ കൂട്ട് തരാമോ എന്ന് അനുചരൻ അപേക്ഷിക്കലും ശരിയാവും .

പ്രവാചകന്മാർ അല്ലാഹുവിനോട് , ''മറന്നതിൻ്റെ പേരിൽ പിടികൂടരുതേ നാഥാ "എന്ന് പ്രാർത്ഥിച്ചത് സുറ: ബഖറയിലും ,അവരിൽ പെട്ട മൂസ (അ) '' മറന്നിതതിന് ശിക്ഷിക്കരുതേ "  എന്ന് ഖളിർ (അ) മിനോട് അപേക്ഷിക്കുന്നത് സൂറ: കഹ്ഫിലും കാണാം .മനോഗതിയാണാധാരം .


🔴


എപ്പോൾ മുതലാണ് അല്ലാഹു ഇടപെടുന്നത് എന്നന്നതിന് ഇസ്തിഗാസാനിരാസകർ കൊടുത്ത ഉദാഹരണം പരിശോധിച്ചാൽ അപ്പറയുന്നതല്ല കാര്യം എന്നകാര്യം  പിടികിട്ടും  .

X പുസ്തകത്തിൽ പറയുന്നു :

" വാഹനമോടിച്ച് കൊണ്ടിരിക്കേ ബ്രേക്ക് പൊട്ടി നിയന്ത്രണം വിടുന്ന രംഗത്തിൽ ,നിയന്ത്രണം വിടുന്നത് വരെ ഭൗതികവും വിട്ടുകഴിഞ്ഞാൽ അഭൗതികവുമാണ് " .

നിയന്ത്രണം വിടും വരെ ഡ്രൈവർക്ക് വണ്ടി ഓടിക്കാം ,അതിന് ശേഷം അല്ലാഹു പ്രത്യേകം ഇടപെടലേ രക്ഷയുള്ളൂ എന്നാണല്ലോ അപ്പറഞ്ഞതിൻ്റെ വളച്ചുകെട്ടില്ലാത്ത സാരം .ഉദാഹരണം ബാലിശമാണെന്നതിനേക്കാൾ പ്രധാനം വിശ്വാസം വികലമാണെന്നതാണ്. 

നിയന്ത്രണം വിടുമ്മുമ്പും വിട്ടശേഷവും ഡ്രൈവർക്ക് സ്വന്തമായി യാതൊരു കഴിവുമില്ല എന്ന് തന്നെയാണ് ശരിയായ ഇസ്ലാമിക വിശ്വാസം. അനിയന്ത്രിതമാവുന്നതിന് മുമ്പത്തേതിനേക്കാൾ അല്ലാഹു പ്രത്യേകം ഇടപെടുന്ന ഒരു രൂപവും ശേഷമില്ല.

സാധാരണ കാര്യങ്ങളിൽ മനുഷ്യർക്ക് കഴിവുണ്ടെന്നും അതിനാൽ ഡോക്ടറോട് സഹായം തേടാമെന്നും അസാധാരണ കാര്യങ്ങളിൽ മനുഷ്യർക്ക് കഴിവില്ലെന്നും അതിനാൽ അല്ലാഹുവിനോടേ ചോദിക്കാവൂ എന്നും പറയുന്നതിനേക്കാൾ വികലമായി എങ്ങനെയാണ് ഒരാൾക്ക് അല്ലാഹുവിൻ്റെ കഴിവിനെ ചെറുതാക്കാനാവുക. 

👉

മക്കയിലെ മുശ്രികായിരുന്ന ഇക്രിമ ,മുസ്ലിംകൾ മക്കവരിച്ച ദിവസം , ഇസ്ലാമാശ്ലേഷിക്കുമ്മുമ്പ് ജിദ്ദയിലോക്കോടി കപ്പൽ മാർഗം നാട് വിടുകയാണ്. യാത്രാമധ്യേ കടൽച്ചൊരുക്കും കടൽക്കാറ്റുമേറ്റ് മരണഭയം പിടികൂടിയപ്പോൾ ഇക്രിമ തനിക്കറിയുന്ന ദൈവങ്ങളെ വിളിച്ച് പ്രാർത്ഥിച്ചു ,അത്കേട്ട സഹയാത്രികർ പറഞ്ഞത് ,ഇത്തരം തീക്ഷണഘട്ടത്തിൽ അവരെയൊന്നും വിളിച്ചിട്ട് കാര്യമില്ല - അല്ലാഹുവിനെത്തന്നെ വിളിക്കണമെന്നായിരുന്നു. ഇക്രിമ അതനുസരിച്ച് അല്ലാഹുവിനെ വിളിക്കുകയും ചെയ്തു. സാധാരണ കഴിവും അസാധാരണ കഴിവും എന്ന ആധുനികമത ജൽപ്പനത്തിനാണ് മക്കാദൈവബഹുത്വത്തോട് നേരിട്ട് ബന്ധം എന്നർത്ഥം .


🔵നാല്: 


അർത്ഥിക്കപ്പെടുന്ന കാര്യങ്ങൾ ചെറുതോ വലുതോ എന്നതല്ല ശിർക്കാവാനുള്ള ന്യായം .

അർത്ഥനയുടെ മനോഭാവം എന്താണെന്നതാണ്. 

ആരാധനാമനോഭാവമാണ് ശിർക്കിൻ്റെ മാനദണ്ഡം .എന്താണപ്പോൾ ആരാധന എന്നത് പ്രസക്തമാണ്. ബൈളാവി 1/8 ,മദാരികുത്തൻസീൽ 1 /16 ,ഫത്ഹുൽഖദീർ 1/35 അടക്കം നിരവധി ഗ്രന്ഥങ്ങൾ പറഞ്ഞ, ജനവൃത്താത്തസത്യം പോലെ അംഗീകൃതമായ നിർവ്വചനമാണല്ലോ : ആരാധന എന്നാൽ ഏറ്റവും പരമമായ വണക്കം എന്ന് . ഏതൊന്നിന് മുകളിൽ മറ്റൊന്ന് വരുന്നുവോ അപ്പോഴാ ഒന്നിനോടുള്ള ഒന്നും പരമമാവുകയില്ല .പാരമ്യത്തിൻ്റെ പാരമ്യതയാണ് ആരാധനയാവുന്ന ഏറ്റവും പരമവണക്കം. ഇയ്യാകനഅ'ബുദു വ ഇയ്യാക നസ്തഈൻ എന്നതിൻ്റെ സാരം അതാണ് , ജാമിഉൽ ബയാൻ: 1/ 69 . ഈ നിർവ്വചനം സമഗ്രമല്ലെങ്കിൽ സമഗ്രമായ മറ്റൊന്ന് കൊണ്ടുവരണം , ഖുർആനിലോ ഹദീഥിലോ വാചികമായി പറയപ്പെട്ടത് മാത്രമാണ് പ്രമാണം എന്ന അത്യാശാസന കൊണ്ടു നടക്കുന്നവർ ആദ്യം വേണ്ടത് തൗഹീദിൻ്റെ നിർവ്വചനം അവയിൽ നിന്ന് കൊണ്ടുവരലാണ് .


മുകളിൽ അല്ലാഹു ഉണ്ട് വിശ്വസിക്കുന്ന ഒരാൾ

 "യാ മുഹമ്മദ് (സ്വ) ,സഹായിക്കേണമേ " എന്ന് പറഞ്ഞാൽ പോലും ശിർക്കാവില്ല .അല്ലാഹുവിൻ്റെ ദൂതന്  നൽകപ്പെടുന്ന ആദരവിനേക്കാൾ താഴെയാവുമല്ലോ ആ ദൂതൻ്റെ ദൂതരായ അനുയായികളും ശേഷകാലക്കാരും .

ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണിത് : ആരാധനാമനോഭാവമില്ലാതെയുളള സഹായർത്ഥന അല്ലാഹുവിനോടുള്ള സഹായർത്ഥനക്ക് തുല്യമാവുമെന്ന വാദത്തിൻ്റെ സാരം ,അല്ലാഹുവിനോടുള്ള സഹായർത്ഥന ആരാധനാമനോഭാവത്തിലല്ല എന്ന് തന്നെയല്ലേ ,അത് കുഫ്റോ നിഫാഖോ ആവില്ലേ ?

അല്ലാഹുവിൻ്റെ അരികെ ഉന്നതസ്ഥാനീയരും മരണാനന്തരം ആത്മാവിന് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കപ്പെടുകയും ചെയ്തവരെ മരണപ്പെടാത്തവർ വിളിച്ചാൽ അല്ലാഹുവിനെ വിളിച്ചത് പോലെയാണ് എന്ന് പറയുന്നതിനേക്കാൾ അല്ലാഹുവിൻ്റെ സ്ഥാനം ഇകഴ്ത്തുന്ന മറ്റൊരുവാദം ലോകത്തുണ്ടായിട്ടുണ്ടോ ?


🔵അഞ്ച് : 


സാധാരണം ,അസാധാരണം എന്നത് ആപേക്ഷികമാണ് .വർഗം ,ലിംഗം ,ശേഷീഭിന്നത തുടക്കിയവയനുസരിച്ച് ഭൗതികം തന്നെ അസാധാരണമാവും. അന്ധന് നിറങ്ങൾ ,ബധിരന് ശബ്ദം ,സ്ത്രീ-പുരുഷന്മാർക്ക് വിരുദ്ധ ഹോർമോണുകൾ , മുടന്തന് വേഗത ഇവയൊക്കെ അസാധാരണമാണ്. 

കാക്കക്ക് പറക്കൽ സാധാരണവും മനുഷ്യന് അസാധാരണവുമാണ്. സിദ്ധികളുടെ വൈവിധ്യം വസ്തുനിഷ്ഠമാണ് ,ആത്മനിഷ്ഠമല്ല .എന്നാൽ ഇവയൊന്നും അവയുടെ ആർജ്ജിത സിദ്ധികളുമല്ല ,അതതു സമയാംശങ്ങളിൽ അല്ലാഹു നൽകുന്നതാണ്. ഇതേപോലെ, ജീവിച്ചിരിക്കുന്നവർക്ക് അസാധാരണമായത് മരണപ്പെട്ടവർക്ക് ചിലപ്പോൾ സാധാരണമാവും ,ആത്മാവിന് ദേഹം എന്ന പരിമിതി മരണത്തോടെ ഇല്ലാതാവുകയാണ് ചെയ്യുന്നത് ,അതോടെ ദേഹിയുടെ സ്വാതന്ത്ര്യം വർദ്ധിക്കും ,അതായത് അല്ലാഹു വർദ്ധിപ്പിക്കുമ്പോൾ വർദ്ധിക്കും .

അത് വർദ്ധിപ്പിക്കില്ല എന്ന ശാഠ്യം നടേ സൂചിപ്പിച്ചത് പോലെ ,അല്ലാഹു ഞങ്ങൾ പറയുന്നത് പോലെ മാത്രം ചെയ്യുന്ന ദൈവമാണ് എന്ന മണ്ടയില്ലാത്തരമാണ്. കാരണം അതിനർത്ഥം ,അല്ലാഹു എന്ത് ചെയ്യും ,ചെയ്യില്ല എന്ന് ഞങ്ങൾ തീരുമാനിച്ചു എന്നാണല്ലോ .


🔵


വാദങ്ങൾക്ക് തെളിവ് വേണം ,അല്ലാതെ ,ഇസ്തിഗാസ ശിർക്കാണെന്ന്  പറയാൻ , വിഷയബന്ധിതമല്ലാത്ത ഖുർആനിലിടം നേടിയ കുറേ പ്രാർത്ഥനകൾ പകർത്തിപ്പുരട്ടിയത് കൊണ്ട് കാര്യമില്ല .അല്ലെങ്കിലുമെ

ന്തിനാണ് നൂറുകൂട്ടം ദുആ കൊണ്ടുവരുന്നത് ,ഒരൊറ്റ ഇഹ്ദിനസ്സ്വിറാത മതിയല്ലോ .അത്തരം കേവലക്ഷര വായനകളുടെ മറുപുറം ഉത്തരമില്ലാത്ത ശൂന്യതയാണ്. 

അത്തരം അൽപ്പത്തങ്ങൾ എന്തെങ്കിലും അർഹിക്കുന്നുവെങ്കിൽ അത് അവജ്ഞയാണ്. 

ഈ അടിസ്ഥാനം അറിയാത്തവരാണ് , ബദ്രീങ്ങളേ കാക്കണേ എന്ന് കേൾക്കുമ്പോഴേക്ക് ,ബദ്രീങ്ങളെ സഹായിച്ചത് അല്ലാഹുവല്ലേ ,ആ അല്ലാഹുവിനെയല്ലേ വിളിക്കേണ്ടത് , ഉഹ്ദിൽ കുറേ ബദ്രീങ്ങൾ തോറ്റിട്ടില്ലേ എന്നൊക്കെ ചോദിച്ച് പ്രായം തികയാതെ സംയോഗശ്രമം നടത്തുന്നത്. 

അതെന്താ ,അതനുസരിച്ച് ഉഹ്ദിൽ മുസ്ലിംകൾ തോറ്റു എന്ന് പറഞ്ഞ് നിർത്താതെ അല്ലാഹു തോറ്റു എന്ന് തന്നെ പറയാമല്ലോ ,അപ്പോൾ അല്ലാഹുവിനോടും ചോദിച്ചിട്ട് കാര്യമില്ല എന്നാവും! എന്താണ് യഥാർത്ഥ തോൽവി, ദൈവികപരീക്ഷണം ,എന്തിനാണ് പ്രാർത്ഥന ,പ്രാർത്ഥനയുടെ ഉത്തരമെങ്ങനെയൊക്കെയാണ് ,എന്താണ് ഇസ്തിഗാസ എന്നൊന്നും അവർക്കറിയില്ല ,അറിയില്ലെന്നും അറിയില്ല .


🔵ആറ് :


* Cause & Effect അഥവാ കോസൽ സൈക്ലിംഗാണ് പ്രാപഞ്ചികത എന്ന ഭൗതികവാദമാണ് ഇസ്തിഗാസാ നിഷേധത്തിൻ്റെ ഏക ദാർശനികമാനം .

ആധുനിക ഇസ്തിഗാസാനിരാസകർ അകപ്പെട്ട ബൗദ്ധികമായ അടിമത്വത്തിൻ്റെ യഥാർത്ഥ കാരണം നിരീശ്വരത്വസ്വാധീനമാണ് . വാസ്തവത്തിൽ ,ദൈവാസ്തിക്യം നിഷേധിക്കുന്ന ഭൗതിക - പദാർത്ഥവാദികളുടെ നുഴഞ്ഞുകയറ്റമാണ് ,അവരുടെ പ്രേതബാധമാണ് ഇസ്തിഗാസയിൽ ശിർക്ക് കാണുന്നവർക്ക് പിണഞ്ഞത്. ഭൗതികശാസ്ത്രം കൊണ്ട് അതിഭൗതിക - അലൗകിക തത്വശാസ്ത്രമായ ദൈവവിശ്വാസം അളന്നെടുക്കാൻ ശ്രമിച്ചു എന്നതാണ് പദാർത്ഥവാദികളുടെ പരാജയം .

കിണ്ണം കൊണ്ട് കടലളക്കാനാവില്ല ,കടലയേ അളക്കാനാവൂ എന്നവർ അറിയാതെ പോയി. ഭൗതികശാസ്ത്രമല്ല അവിടെ പിഴവ് ,അതാണെല്ലാം എന്ന ധാരണയാണ്. ക്ലാസിക്കൽ ഫിസിക്സ് അനുസരിച്ച് പ്രാപഞ്ചിക പ്രക്രിയകളും പ്രതിഭാസിക വൈവിധ്യങ്ങളും വിശദീകരിക്കപ്പെടാൻ ചില പൊതുതത്വങ്ങൾ നിലവിലുണ്ട് - തത്വങ്ങൾ ശാസ്ത്രീയമല്ല ,താത്വികമാണെന്നതിനാലാണ് ശാസ്ത്രത്തെക്കാൾ ഫിലോസഫി മികച്ച് നിൽക്കുന്നത്. Law of Unity / Universal Law of Unity അല്ലെങ്കിൽ Spacious and temperal regularity എന്ന Jorn staurt Mill കൊണ്ടുവന്ന തത്വമാണ് പരമപ്രധാനം. ചൈനയിൽ വെള്ളം തിളക്കാനാവശ്യമായത് 100 ഡിഗ്രി താപമാണെങ്കിൽ ചാഡിലും അങ്ങനെത്തന്നെയാവും , ഇംഗ്ലണ്ടിൽ ആപ്പിൾവീഴ്‌ച്ച കീഴോട്ടാണെങ്കിൽ അമേരിക്കയിലും തഥൈവ എന്ന തത്വമാണത്. ഈ തത്വത്തിൻ്റെ മർമ്മമാണ് അടുത്ത തത്വമായ Cause & Effeect എന്ന കൊസാലിറ്റി.

നിയതവും നിർണ്ണിതവുമായ കാരണങ്ങൾ ഒരുമിക്കുമ്പോൾ കാര്യം സംഭവിക്കുന്നതാണ് പ്രപഞ്ചം എന്നതാണാ തത്വം .കാര്യകാരണബന്ധം എന്ന ചങ്ങലയെ അതി:ലംഘിച്ച് കൊണ്ട് പ്രാപഞ്ചികത സംഭവിക്കില്ലെന്നും , കാരണങ്ങൾ രൂപപ്പെട്ടാൽ കാര്യം ഉണ്ടാവൽ നിർബന്ധമാണെന്നും ഈ തത്വത്തിന് ആശയമുണ്ട്. 

ദൈവവിശ്വാസരഹിതമായ ഭൗതികവായനയിൽ അത് ശരിയാണെന്ന് തോന്നും. പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത് ദൈവമല്ല , പ്രപഞ്ചം അതിൻ്റെ അനാദിയായ കാര്യകാരണങ്ങളുടെ തുടർച്ചയിൽ കണ്ടെത്തുന്ന താളനിബദ്ധത മുഖേനെ സ്വയം ക്രമപ്പെടുകയാണെന്നും ചിലപ്പോൾ അക്രമമാണ് ക്രമമെന്നും കൊസാലിറ്റി തിയറി പ്രകാരം സ്ഥാപിക്കാൻ കഴിയും. നിയോഡാർവ്വനിസ്റ്റുകൾ അഥവാ പ്രകൃതിയുടെ സ്വയം നിർദ്ധാരണവാദികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഈ തത്വം ക്വാണ്ടം ഫിസിക്സിൻ്റെ വിവിധ വിശദീകരണങ്ങൾ വഴി ദുർബലമായെങ്കിലും ശാസ്ത്രത്തിലെ തൽപ്പരചേരികൾ കൊസാലിറ്റിയെ തന്നെ ജയിപ്പിച്ചെടുക്കുന്ന പുതിയ പഠനങ്ങൾ നിരവധിയാണ്. കൊസാലിറ്റി പ്രകാരം ദൈവാസ്തിത്വം കണ്ടെത്താനും അതിനെ അപ്രസക്തമാക്കാനും കഴിയും എന്നത് മറ്റൊരു കാര്യം. 

🔵

*ഇവിടെ , കാര്യകാരണ ബന്ധങ്ങൾക്കതീതമായി ഒന്നും സംഭവിക്കില്ല എന്ന വാദമുഖം പശ്ചാത്യ ഭൗതികവാദത്തിൽ നിന്നും പാശ്ചാത്യ ആശയവാദികൾ അഥവാ നാസ്തികരായ ആശയവാദികൾ കോപ്പിയടിക്കുകയായിരുന്നു ,അല്ലെങ്കിൽ സഹസ്രാബ്ദങ്ങളായി ഇരുചേരികളായ് സത്യാന്വേഷണം നടത്തിവരികയായിരുന്ന വിപരീതധാരകളായ എംപരിസിസവും ഐഡിയലിസവും ഈയൊരു പോയിൻ്റിൽ ഒരുമിച്ചു. കാര്യകാരണബന്ധത്തെ മറികടക്കുന്ന ഒരുശക്തിയും ഇല്ല ,ഉണ്ടാവാൻ പാടില്ല എന്ന തത്വത്തിന്മേൽ നിന്ന് കൊണ്ട് അവർ ദൈവവിശ്വാസം മിഥ്യയാണ് ,ശാസ്ത്രബോധത്തിനെതിരാണ് എന്ന് പ്രചരിപ്പിക്കാൻ തുടങ്ങി. അതനുസരിച്ച് കാര്യകാരണബന്ധത്തിനതീതമായ എല്ലാതരം മിറാക്കിൾസും - ദിവ്യബോധനം ,അമാനുഷികത - കെട്ടുകഥകൾ മാത്രമാണ്. ഈ വരണ്ടവായന കൊളോണിയൽ യൂറോപ്പ് ഈജിപ്ത് വഴി  മുസ്ലിംലോകത്തേക്ക് കയറ്റുമതി ചെയ്യുകയായിരുന്നു. ഇസ്ലാമിനെ ഹൃദയത്തിൽ നിന്നും മസ്തിഷ്ക്കത്തിലേക്ക് ഗതിതിരിച്ച് മുസ്ലിംകളെ തർക്കോൽപ്പാദന യന്ത്രങ്ങളാക്കുക ,അങ്ങനെ കലങ്ങുന്ന വെള്ളത്തിൽ ചൂണ്ടയിടുക  എന്നതായിരുന്നു അവരുടെ ലക്ഷ്യം .

ദിവ്യബോധനം ജന്മാർജ്ജിത യോഗ്യതയായിരുന്നു ,അല്ലാതെ മാലാഖ ഇറങ്ങിയതല്ല എന്ന് പറഞ്ഞ് അടിത്തറ മാന്തിയ മുഹമ്മദ് അബ്ദയും ഖുർആനിലെ അമാനുഷിക സംഭവങ്ങൾ നീക്കം ചെയ്താൽ  യൂറോപ്പ് മുഴുവൻ മുസ്ലിംകളാവും എന്ന അപകർശത പ്രകടിപ്പിച്ച് Ex .lslam Union താത്വികമായി ഉദ്ഘാടനം ചെയ്ത ശൽതൂതിയും മുഹമ്മദ് (സ്വ ) അദൃശ്യജ്ഞാനം പൂർവ്വവേദങ്ങളിൽ നിന്നും മനസ്സിലാക്കിയതാണ് ,അല്ലാതെ വഹ്യല്ല നിദാനം എന്ന് പറഞ്ഞ് ശത്രുക്കളുടെ കയ്യടി വാങ്ങിയ ഹുസൈൻ ഹൈക്കലുമൊക്കെ വരുന്നത് ആ ചരടിലാണ്. കാര്യകാരണബന്ധത്തിനതീതമായ എല്ലാ മതവാദങ്ങളെയും അവർക്ക് തള്ളേണ്ടി വന്നു. 

അവർ മരണപ്പെട്ടവരോടുള്ള ഇസ്തിഗാസയെ എതിർത്തത് ശിർക്കുണ്ടാവുന്നുവെന്ന ഭയത്താലല്ല , കാര്യകാരണപ്രകൃതിവാദത്തിന് പരിക്കേൽക്കുമോ എന്ന ഭയത്താലായിരുന്നു. 

അല്ലാഹുവിനെ പ്രപഞ്ചത്തിൻ്റെ പരിമിതികൾക്കുള്ളിൽപ്പെടുത്തി അവനും കൊസാലിറ്റി ബാധകമാണെന്ന് ജൽപ്പിച്ച അത്തരം സെമി യുക്തിവാദികൾ എന്താണോ പറഞ്ഞത് , അത് തന്നെയാണ് " ബദ്രീങ്ങളേ കാക്കണേ " വിരോധികളും പറഞ്ഞത്. 

പക്ഷെ ,ഈ വിവരശൂന്യർ വിചാരിക്കുന്നു : അവർ ഇസ്ലാമിനെ സംരക്ഷിക്കുകയാണെന്ന് .

പ്രാക്തന ,നിരീശ്വര അരിസ്റ്റോലിയൻ ഹേതുവാദമാണ് ഇസ്തിഗാസയിലെ ശിർക്ക് വാദം .പക്ഷെ ,അതറിയാതെ വിമർശകർ പറയുന്നു , ഇസ്തിഗാസക്കാരുടെ ഫിലോസഫി സൂക്ഷിക്കണം എന്ന് !


🔵ഏഴ് :


കൊസാലിറ്റിയെ അഹ്ലുസ്സുന്ന: ആത്യന്തികമായി അംഗീകരിക്കുന്നില്ല. അവ്വിഷയകമായി വിപ്ലവാത്മക രചനകൾ നടത്തിയ ഇമാം ഗസ്സാലി ( റ ) സബബ് - മുസബ്ബബ് വാദത്തെ പൊളിച്ചടക്കിയതിൻ്റെ ദേഷ്യം ഇപ്പോഴും നാസ്തിക യൂറോപ്പിന് തീർന്നിട്ടില്ല. ഇന്നാട്ടിലെ അൽപ്പം വിവരമുള്ള തുഛം നവനാസ്തികർ ഏറ്റവും അരിശം കൊള്ളുന്നത് ഇമാം ഗസ്സാലി (റ) വിനെതിരെയാണെന്ന് നിരീക്ഷിച്ചാൽ ബോധ്യമാവും. തഹാഫതുൽ ഫലാസിഫയും അൽ മുൻഖിദു മിനല്ലലാലും മനസ്സിരുത്തി വായിച്ചാൽ കാര്യകാരണനിർബന്ധബന്ധവാദം മുസ്ലിം ലോകത്തിനുണ്ടാക്കിയ നഷ്ടം എത്ര ഭീകരമാണെന്ന് പരോക്ഷമായി മനസ്സിലാക്കാം. കോർദോവയും അലക്സാണ്ട്രിയയുമൊക്കെ ഉണ്ടാക്കുന്ന വേപുഥുവിനേക്കാൾ ,ഇസ്ലാമിൻ്റെ ആത്മാശം ചോർന്ന നഷ്ടബോധം അവിടെയുണരും .സബബും മുസബ്ബബും അഥവാ കാരണവും കാര്യവും തമ്മിൽ അവിഭജിതമായ ബന്ധമില്ല ,മറിച്ച് അനുഭവപരമായ ഒരു തുടർച്ച മാത്രമാണുള്ളത് ,അതേയുള്ളൂ എന്നാണ് ഇമാമും മറ്റു അശ്അരീ പണ്ഡിതന്മാരും സ്ഥാപിച്ചത്. തീയിൽ വീണ പട്ട് കരിയുന്നത് , തീക്ക് കരിക്കാനുള്ള ശക്തി സ്വയം ഉള്ളത് കൊണ്ടാണോ അല്ലേ എന്ന ചർച്ചയിൽ ഇമാം അക്കാര്യം വിശദീകരിച്ച് പറയുന്നുണ്ട്. 

തീയും പട്ടും കരിയലും മൂന്നും മൂന്ന് കാര്യമാണ്. 

പരസ്പരം ബന്ധമില്ല. തീയിൽ വീണത് കൊണ്ട് പട്ട് കരിയൽ നിർബന്ധമില്ല .മറിച്ച് ,അഗ്നിക്ക് പട്ട് കരിയാനുള്ള ഹേതുത്വം ബാഹ്യലോകത്ത് നിന്നും ലഭിക്കുന്നതാണ് ,ആ ഹേതുത്വം തീക്കകത്ത് ആദ്യമേയില്ല .ആ ബാഹ്യനിയന്താവ് കാര്യകാരണങ്ങളെ സംവിധാനിക്കുന്ന അല്ലാഹുവാണ് ,ഇതാണ് ശരിയായ ഇസ്ലാമിക വിശ്വാസം .അല്ലാഹു ഹേതുത്വം അതത് സമയം നൽകുന്നില്ലെങ്കിൽ തീ കരിക്കില്ല ,വെള്ളം നനക്കില്ല ,കാത് കേൾക്കില്ല ,കണ്ണ് കാണില്ല .

അഗ്നിപതനം സംഭവിച്ച പ്രവാചകൻ്റെ രോമം പോലും കരിയാതിരിക്കാൻ കാരണം അല്ലാഹു ആ ഹേതുത്വം നൽകാതിരുന്നതാണ്.

എന്നാൽ ,കൊസാലിറ്റി എന്ന അനുഭവത്തെ ഇസ്ലാം നിഷേധിക്കുന്നില്ല .പാത്രം പൊട്ടിച്ചപ്പോൾ , ബലസമ്മർദ്ധമുണ്ടായപ്പോൾ പൊട്ടി എന്നത് അനുഭവമാണ് .പക്ഷെ കാരണം കേവലം ബലസമ്മർദ്ധമല്ല .ഈ വസ്തുതയെ 'ആദത് '  എന്നാണ് അശ്അരിയ്യത് വിശേഷിപ്പിക്കുന്നത്. പതിവ് എന്നാണതിനർത്ഥം. പക്ഷെ ,പതിവ് പതിവാകണമെന്നില്ല , ഖാരിഖുൽ ആദത് - അഥവാ  മിറാക്കിൾ ഉണ്ട് എന്നത് തീർച്ചയാണ് . ഓരോ വസ്തുവിലും അതിനറിയപ്പെട്ട ശക്തി സ്വയം ഉണ്ട് എന്നത് നിരീശ്വരത്വവും അല്ലാഹുവാൽ ആദ്യമേ നിക്ഷേപിതമാണെന്ന ധാരണ ഇഅ'തിസാലിസവുമാണ്. ആദ്യമേ നിക്ഷേപിതമല്ല ഒരു കഴിവും. കണ്ണിൽ കാഴ്ച്ചയില്ല ,കാതിൽ കേൾവി ഇല്ല ,തലച്ചോറിൽ അവ വകതിരിക്കുന്ന സിദ്ധിയില്ല - മറിച്ച് ഓരോ നിമിഷാംശത്തിലും അവ അല്ലാഹു അവിടെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

അതാണ് അഹ്ലുസ്സുന്ന വീക്ഷണം.

ഈ വാദത്തിനാണ് തിയോളജിയിൽ  ഒക്കേഷണലിസം എന്ന് പറയുന്നത്.

അപ്പോൾ കണ്ണ് മുഖേനെ കാഴ്ച്ച പ്രവർത്തിക്കുന്നു. കാത് മുഖേനെ കേൾവി സാർത്ഥകമാവുന്നു. ആ ശക്തി അതത് സമയം അല്ലാഹുവിന് കുറക്കാം ,കൂട്ടാം. 

മദീനയിലെ മിമ്പറിൽ പ്രസംഗിക്കവേ ,രണ്ടാം ഖലീഫ ഉമർ (റ) പേർഷ്യയിലെ നഹാവന്ദിലുള്ള തൻ്റെ സൈന്യത്തെ നിയന്ത്രിച്ചത് ,ഭൂമിയിലെ അന്നേരം അല്ലാഹു ഉമറിൻ്റെ (റ) കണ്ണിലേക്ക് അസാധാരണമായ കാഴ്ച്ച ശക്തി ഒഴുക്കിയത് കൊണ്ടാണ്. ഖലീഫക്കതപ്പോൾ ഭൗതികമായി ,കാഴ്ച്ചക്കാർക്ക് അഭൗതികവും. 

കാര്യകാരണബന്ധം അപ്പോൾ മറ്റൊരു വിതാനം പ്രാപിച്ചു. ഇതാണ് വാസ്തവം. കൊസാലിറ്റി പൂജകരാണ് തങ്ങളെന്നറിയാതെ ,കാര്യകാരണബന്ധം സമ്മതിക്കാത്തതിനാൽ ഇസ്തിഗാസ അന്ധവിശ്വാസമാണ് എന്ന് പറയുന്നവരുടെ അവസ്ഥ ആലോചിച്ച് നോക്കൂ .

കൊസാലിറ്റി അനിവാര്യബന്ധമല്ലെന്നും അത് കേവലം കസ്റ്റം അഥവാ നടപ്പ് മാത്രമാണെന്നും ചില ഭൗതികവാദികൾക്ക് തന്നെ അഭിപ്രായമുണ്ട്. ഡേവിഡ് ഹ്യൂമിൻ്റെ തിരുത്തൽ വാദങ്ങൾ കൊസാലിറ്റിയെ നിർവ്വീര്യമാക്കുന്നതാണ്. ആ കൊസാലിറ്റി ബന്ധം മാനസികമായ തോന്നൽ മാത്രമാണ് - ക്ലാസിക്കൽ കണ്ടീഷനിംഗ് - എന്ന വിശദീകരണം പോലും യൂറോപ്പിൽ തന്നെ പിന്നീടുണ്ടായി. 

പ്രാപഞ്ചികതയുടെ പിറകിൽ ദൈവം എന്ന ഏകഘടകമാണെന്ന് പറയുന്ന ഒക്കേഷണലിസം സത്യത്തിൽ മുസ്ലിം വ്യവഹാരപദമല്ല.ജ്ഞാനോദയ സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവായ സാക്ഷാൽ റെനെ ദെക്കാർതിൻ്റെ അരുമശിഷ്യൻ കൂടിയായിരുന്ന നിക്കോളസ് മാൽബ്രാഞ്ചിയാണ്. ഒട്ടനവധി കൾട്ടീഷ്യൻ ഫിലോസഫേഴ്സ് ആ വാദം പിന്താങ്ങി. ഒക്കേഷണൽ കോസ് എന്ന വിഖ്യാദപദപ്രയോഗം നടത്തിയ ലാ ഫോർജ് കൂട്ടത്തിൽ കൂടുതൽ ചരിത്രപരമായി ശ്രദ്ധേയനായി .


🔵എട്ട് :


ഇതൊക്കെയാണെങ്കിലും ,നേരിട്ട് അല്ലാഹുവിനോട് പറഞ്ഞാൽ മതിയല്ലോ ,പിന്നെന്തിനാണ് ഇസ്തിഗാസ എന്ന ശങ്കയെ ഈ ശീർഷകത്തിന് ചുവട്ടിൽ നിന്ന് കൊണ്ട് വിശദീകരിക്കുന്നില്ല. 

ആത്മീയസരണിയിലെ അഭിജ്ഞരുടെ ,പരിണിതപ്രജ്ഞരുടെ രീതിയാണ് ഇസ്തിഗാസ ,പൊതുജന രീതിയല്ല.പക്ഷെ ,ആ രീതി ബഹുദൈവവിശ്വാസമാണെന്ന ആരോപണത്തെ താത്വികമായി വിശദീകരിക്കൽ മാത്രമാണുദ്ദേശ്യം .

സൂക്ഷ്മതക്ക് രണ്ട് പുറങ്ങളുണ്ട്. 


🔵


ഹറാം കലരുമോ എന്ന് കരുതി ഹലാൽ വർജ്ജിച്ച പുണ്യനബി (സ്വ) യെ തിരുത്താനായ് അവതരിച്ച അധ്യായം തന്നെയുണ്ട് ഖുർആനിൽ ,സൂറ:തഹ്രീം .

വാസ്തവ വിരുദ്ധമായ പ്രചരണം വഴിയുണ്ടാവുന്ന ഭീതി ഇസ്ലാം ഗൗനിക്കുന്നില്ല .

അല്ലാഹുവിൻ്റെ ഏകത്വത്തെ അവമതിക്കലാണ് ഇസ്തിഗാസ എന്ന പ്രശ്നവും പ്രധാനപ്പെട്ടതാണ് .

മക്കാമുശ്രികുകൾ അല്ലാഹുവിനോട് പങ്കാളികളാക്കിയ ദൈവങ്ങൾക്ക് സ്വയം പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ശിപാർശക്ക് അധികാരമുണ്ടായിരുന്നു. 

അതും ഇസ്തിഗാസയും ഒന്നാണെന്ന ആരോപണം തൗഹീദിന് വിരുദ്ധമാണ്.

മാത്രമല്ല ,അല്ലാഹുവിലേക്ക് കേവലം ഇടയാളന്മാരെ നിർത്തലല്ല ഇസ്ലാമികമായി പ്രശ്നം ,പ്രത്യുത അല്ലാഹു പവിത്രമാക്കാത്തതിനെ വസീലയാക്കലാണ്. ഇസാഫിനെയും നാഇലയെയും തളളിയ ഇസ്ലാം മഖാമു ഇബ്റാഹീമും ഹജറുൽ അസ്വദും പുണ്യകരമായി നില നിർത്തി. അടിമയുടെ, ജനങ്ങളുടെ ഫാനിസമോ ഹിതതാൽപര്യമോ അല്ല ,മറിച്ച് അല്ലാഹുവിൻ്റെ നിയമമാണ് ആധാരം എന്നതാണ് ആധാരം .

അല്ലാഹു നൽകുന ശക്തിയാണെന്ന് കരുതി സായിഭാവയോട് ഇസ്തിഗാസ ചെയ്യാമോ എന്ന അഖിലേന്ത്യാ ചോദ്യങ്ങൾ അജ്ഞത മാത്രമാണ്. 

സായിഭാവക്ക് അല്ലാഹുവിൻ്റെ കഴിവിൽ വിശ്വാസമുണ്ടായിരുന്നില്ല എന്നതിന് പുറമെയാണത് .മാത്രമല്ല ,മക്കാ മുശ്രിക് വിശ്വസിച്ചിരുന്നത് മുഹമ്മദ് നബി (സ്വ) പരിചയപ്പെടുത്തിയ അല്ലാഹുവിനെയല്ല .രിസാലതിലൂടെ തൗഹീദിലെത്തലാണ് ഇസ്ലാം .

പുണ്യ റസൂൽ (സ്വ ) യാണ് ആധാരങ്ങൾ മൊഴിഞ്ഞ അധരം - സ്വല്ലല്ലാഹു അലൈഹി

 വ സല്ലം .