page

Tuesday, 27 December 2022

സ്വത്ത് വീതം വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

 പ്രായമേറുന്നു, എന്നാലിനി സ്വത്തെല്ലാം അനന്തരാവകാശികൾക്കു കൈമാറിയാലോ?’– ഈ ചിന്ത സുഹൃത്തിനോടു പറഞ്ഞ മുതിർന്ന പൗരനോട് സുഹൃത്തു പറഞ്ഞു– ‘‘നോക്കീം കണ്ടുമൊക്കെ ചെയ്യണം’’. സ്വത്ത് ഭാഗം വച്ച് പലരും വിഷമത്തിലായിട്ടുണ്ടെന്നും അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധ വേണമെന്നും സുഹൃത്ത് ഓർമപ്പെടുത്തി. ആവശ്യമെങ്കിൽ നിയമവിദഗ്ധരുമായി ആലോചിച്ചു വേണം ഭാഗം വയ്ക്കൽ എന്ന ഉപദേശവും നൽകി.


സ്വത്ത് അനന്തരാവകാശികൾക്കു നൽകുമ്പോൾ അവസാനകാലത്ത് അവർ സംരക്ഷിക്കുമെന്ന പ്രതീക്ഷ പലരും വച്ചുപുലർത്താറുണ്ട്. എന്നാൽ സ്വത്തു ലഭിച്ച ശേഷം അച്ഛനമ്മമാരെ സംരക്ഷിക്കാത്ത മക്കളുമുണ്ടെന്നതു മനസ്സിലാക്കി വേണം മുന്നോട്ടു പോകാൻ.


അനന്തരാവകാശികൾ തന്നെ പരിപാലിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ, സ്വത്ത് കൈമാറുന്ന രേഖയിൽ ആ വ്യവസ്ഥ ഉൾപ്പെടുത്തണം. അനന്തരാവകാശികൾക്കു സ്വത്തു കൈമാറുന്ന രേഖയിൽ പരിപാലന വ്യവസ്ഥ (മെയിന്റനൻസ് ക്ലോസ്) പരാമർശിച്ചിട്ടില്ലെങ്കിൽ സ്വത്തു കൈമാറ്റം റദ്ദാക്കാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചത് ഈയിടെയാണ്. സ്വത്തു കൈമാറ്റം അസാധുവാകണമെങ്കിൽ രണ്ടു നിബന്ധനകൾ പാലിക്കണം: സ്വത്തു ലഭിച്ചയാൾ അതു നൽകിയ ആളെ പരിപാലിക്കണമെന്ന വ്യവസ്ഥ ഉണ്ടാകണം. 2007ൽ ഇതു സംബന്ധിച്ച നിയമം പ്രാബല്യത്തിൽ വന്ന ശേഷം നടപ്പിലാക്കിയ കൈമാറ്റ രേഖയാകണമെന്നതാണ് മറ്റൊന്ന്. ഇവ ലംഘിക്കപ്പെട്ടെന്നു ബോധ്യമായാൽ കൈമാറ്റം റദ്ദാക്കാം.


മകനെതിരെയുള്ള തന്റെ പരാതിയിൽ നടപടിയെടുക്കാൻ ആർഡിഒയ്ക്കു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ചെന്നൈ സ്വദേശി എസ്.സെൽവരാജ് സിംപ്സൺ സമർപ്പിച്ച ഹർജി നിരസിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യത്തിന്റെ ഉത്തരവ്. മകനിൽ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് ഉചിതമായ നടപടികൾ ആരംഭിക്കാൻ ഹർജിക്കാരന് അവകാശമുണ്ടെന്നും മദ്രാസ് ഹൈക്കോടതി പറഞ്ഞു. അനന്തരാവകാശികൾക്കു സ്വത്തു കൈമാറുമ്പോൾ ഭാവിയിലെ സാധ്യതകൾ മുൻകൂട്ടി കാണേണ്ടതുണ്ടെന്ന ഓർമപ്പെടുത്തലാണ് ഇത്തരം സംഭവങ്ങൾ.

[കടപ്പാട് മലയാള മനോരമ]