page

Friday, 30 December 2022

മുജാഹിദ്പത്താം സമ്മേളനത്തിൽ ആഘോഷിക്കുന്ന നൂറ്റാണ്ടേത്?

മതയുക്തിവാദത്തിൻ്റെ നൂറാണ്ടോ മത തീവ്രവാദത്തിൻ്റെ നൂറാണ്ടോ? കേരളവഹാബിസത്തിൽ ആകെ ആശയകുഴപ്പമാണ്. ശ്മശാനവിപ്ളവത്തിൻ്റെ നൂറ്റാണ്ടും മത നശീകരണത്തിൻ്റെ ഒന്നാംനൂറ്റാണ്ടും ആഘോഷമാക്കാമെന്ന് കരുതുന്നവരുണ്ട്. വേറെയും നിലപാടുകൾ ഉയർന്ന് വരാം. പലിശയുക്തിയുടെ ( ഹീലത്തുർരിബ) നൂറാംവാർഷികം എന്നായാലോ? മുസ്ലിം ബേങ്കും പലിശയും മുസ്ലിംകൾക്ക് ഹലാലാക്കിക്കൊടുത്ത പൗരോഹിത്യ ഇണ്ടാസിൻ്റെ വാർഷികം ആഘോഷിക്കപ്പെടേണ്ടതാണല്ലോ.

ഖബ്ർ സംഹാരത്തിൻ്റെ നൂറാം വാർഷികവുമാകാം.കൊടുങ്ങല്ലൂരിൽ ഖബ്ർ പൊളിച്ചു കൊണ്ടാണല്ലോ നശീകരണത്തിൻ്റെ ആരംഭം. താലിബാൻ അഫ്ഗാനിൽ തുടങ്ങിയതും ഖബ്ർ പൊളിച്ചു കൊണ്ടായിരുന്നു. തീവ്രവാദം കുടഞ്ഞെറിയുന്ന പ്രഥമ സമ്മേളനം എന്ന തലക്കെട്ട് നന്നായി ചേരുന്നുണ്ട്.. സലഫിസത്തിൽ നിന്ന് മതേതരത്വത്തിലേക്കുള്ള ആ മാറ്റം പന്തൽ കെട്ടി തന്നെ ആഘോഷിക്കേണ്ടതാണ്. ഒറ്റിൻ്റെ നൂറാം വാർഷികം എന്നായാലോ? മുസ്ലിം ഭാഷയും സംസ്കാരവും തകർത്ത് അവരെ 'നന്നാക്കി 'യെടുക്കാൻ ബ്രിട്ടീഷുകാരോടൊപ്പം ചേർന്നു പ്രവർത്തിച്ചതിൻ്റെ (ഒറ്റിൻ്റെ ) വാർഷികം എന്തുകൊണ്ടും ആഘോഷിക്കപെടേണ്ടതാണ്. മതഭ്രഷ്ട് വാദത്തിൻ്റെ വാർഷികവുമാകാം. കാഫിറാക്കൽ പ്രസ്ഥാനത്തിൻ്റെ നൂറാണ്ട് എന്നായാൽ കെങ്കേമമായി. പ്രവാചകാനുചരൻമാർ തൊട്ട് പാണക്കാട് സയ്യിദൻമാർ ഉൾപ്പെടെയുള്ള സർവ്വ മുസ്ലിംകളും മതഭ്രഷ്ട് ബാധിച്ചവരാണെന്ന വിപ്ളവകരമായ നിലപാടിൻ്റെ വാർഷികം സാഘോഷം ആഘോഷിക്കപ്പെടേണ്ടതാണ്. ആഘോഷത്തിന് വേറെയുമുണ്ട് കാരണങ്ങൾ. മത യുക്തിവാദം സാക്ഷാൽയുക്തിവാദത്തിലേക്ക് പരകായപ്രവേശനം നടത്തുന്ന ഈ ശുഭമുഹൂർത്തം എന്ത് കൊണ്ട് ആഘോഷിച്ചുകൂടാ? വിദ്യാർത്ഥി, യുവജനസമ്മേളനത്തോടൊപ്പം മത യുക്തിവാദത്തിൻ്റെ നവാവതാരങ്ങളായ എക്സ്, യുക്തി, സ്വതന്ത്ര വാദികളുടെ സമ്മേളനം കൂടി ആയാൽ നൂറാം വാർഷികത്തിന് പകിട്ടേറുകയേ ഉള്ളു. നൂറ് വർഷത്തിൻ്റെ പത്താം സമ്മേളന കാര്യ പരിപാടി നോക്കുമ്പോൾ എന്തൊരു മാറ്റം. എവിടെ തിരഞ്ഞൊന്നു നോക്കിയാലും 'പ്രാർത്ഥന അല്ലാഹുവോട് മാത്രം' കാണുന്നില്ല. നൂറ്റാണ്ടായി അതായിരുന്നല്ലോ ബഹളം. ജിന്നിനും പിശാചിനും നല്ല കാലം വന്നതോടെ പ്രാർത്ഥന ആരോടായാലെന്ത്?

പഴയ ആ മുദ്രാവാക്യം തന്നെ ഇബ്ലീസിൻ്റേതായിരുന്നല്ലോ.സുജൂദ് അല്ലാഹുവിന് മാത്രം എന്ന തൻ്റെ പ്രഖ്യാപിത നിലപാടിൻ്റെ പാരടിയായിരുന്നല്ലോ പിൽകാലത്ത് സലഫിസ്റ്റുകൾ ഏറ്റു ചൊല്ലിയത്? രസാവഹമായ ഒരു കാര്യം ഇവിടെ പറഞ്ഞ് പോകണം. മലക്കുകൾ എങ്ങനെ ആദം നബിക്ക് മുമ്പിൽ സുജൂദ് ചെയ്തു എന്ന ചോദ്യത്തിന് അമാനി മൗലവി പറഞ്ഞ ഉത്തരം ഗംഭീരമായിരുന്നു. ആരാധനയുടെ മൂർത്തമായ രൂപമാണല്ലോ സുജൂദ്. ഇതെങ്ങനെ സൃഷ്ടികൾക്ക് മുമ്പിൽ ചെയ്യാനാകുമെന്ന ചോദ്യമാണ് അന്ന് ഇബ്ലീസ് അർത്ഥത്തിൽ ഉയർത്തിയത്. അതേ ചോദ്യം അക്ഷരത്തിൽ ഉയർത്തുകയായിരുന്നു പിൽകാലത്ത് കേരള മുജാഹിദുകൾ.അമാനി മൗലവിവിയുടെ ഉത്തരം ഇങ്ങനെ .സുജൂദ് രണ്ട് തരമുണ്ട്. ആരാധനയുടെ പരിധിയിൽ വരുന്നത്, വരാത്തത്.

ഇത് മലക്കുകൾക്കറിയാമായിരുന്നു.അവർ സുജൂദ് ചെയ്തു.ഇബ്ലീസിനറിയില്ലായിരുന്നു. അവൻ സുജൂദ് ചെയ്തില്ല. അമാനി മൗലവിയുടെ ഫത് വ അംഗീകരിക്കാതെ പോയാൽ മുജാഹിദുകൾ ബിംബാരാധനാരംഭത്തിൻ്റെ നൂറാണ്ട് കൂടി ആഘോഷിക്കേണ്ടിവരും..വെളിയംകോട് ഉമർ മൗലവിയാണ് കഥാപാത്രം. ബിംബത്തിന് മുമ്പിൽ സുജൂദ് ചെയ്യുന്നവനെ പെട്ടെന്ന് മുശ്രിക്ക് എന്ന് വിളിക്കരുത് എന്നായിരുന്നു അദ്ദേഹത്തിൻ്റെ പക്ഷം. ആരാധന മനോഭാവത്തോടെയായിരുന്നോ സുജൂദ് എന്ന് പരിശോദിക്കണം. സുജൂദിൽ തന്നെ രണ്ടിനമുണ്ടെങ്കിൽ അത് പ്രാർത്ഥനയിലും ആകാമല്ലോ? ആരാധനാ മനോഭാവത്തോടെയുള്ള പ്രാർത്ഥന അല്ലാഹുവിനോട് മാത്രം. അല്ലാത്ത പ്രാർത്ഥനകൾ കേവലസഹായർത്ഥനകൾ മാത്രമാണ്. അവ ആരാധനയുടെ പരിധിയിൽ വരില്ല.പക്ഷെ, അമാനി മൗലവിയേക്കാൾ വഹാബികൾക്ക് സ്വീകാര്യം പിശാചിൻ്റെ അറിവും ബോധ്യവുമായിരുന്നു.

വഹാബിസത്തിൻ്റെ ആരംഭം ഐക്യസംഘം മുതൽ എന്ന നിരീക്ഷണത്തിലാണ് പത്താം സമ്മേളനം ഗണിച്ചെടുക്കുന്നത്. ശരിക്കും ആരംഭം ആ സുജൂദ് വിവാദം മുതൽക്കല്ലേ, എന്ന് ചോദിക്കുന്നവരുടെ എണ്ണം ഇപ്പോൾ വർദ്ധിച്ച് വരുന്നുണ്ട്. അദൃശ്യ ശക്തികളെ ( ജിന്ന് പിശാചുക്കൾ) വിളിച്ചു തേടുന്ന ജിന്ന് വിഭാഗം മുജാഹിദുകളെ ആവേശം കൊള്ളിക്കുന്നതാണ് ഈ നിലപാട്. പ്രാർത്ഥന അല്ലാഹുവോട് മാത്രം എന്ന നിലപാടിൻ്റെ ആഘോഷമാണെങ്കിൽ അതിന് നൂറാണ്ടിൻ്റെ അല്ല, ആയിരത്താണ്ടുകളുടെ പഴക്കമുണ്ട്. മനുഷ്യോൽപ്പത്തിയുടെ പ്രഥമ ഘട്ടത്തിൽ ഉണ്ടായ രണ്ട് സംഭവങ്ങൾ. ഒന്ന്. ആദിമ മനുഷ്യനെ ആദരിക്കാൻ അദ്ദേഹത്തിന് സുജൂദ് ചെയ്യണമെന്ന് മലക്കുകളോട് അല്ലാഹു വിൻ്റെ കൽപ്പന. അതു പ്രകാരം നടന്ന സുജൂദ്. രണ്ട്. സുജൂദ് അല്ലാഹു വിന് മാത്രം എന്ന പിശാചിൻ്റെ നിലപാട്. ഈ നിലപാടാണല്ലോ പിൽകാലത്ത് പ്രാർത്ഥന അല്ലാഹുവോട് മാത്രം എന്ന നിലപാടായി പരിണമിക്കുന്നത്. ഇത് സംബൻധിച്ച് അമാനി മൗലവി നൽകിയ മതവിധി ഇബ്ലീസിനും മുജാഹിദുകൾക്കും ഒരുപോലെ ബാധകമാണ്. ഇതൊന്നും പരിഗണിക്കാതെയാണ് നൂറാണ്ട് നിശ് ക്ഷയിച്ചിരിക്കുന്നത്.

ഓർക്കേണ്ട പലതും ഓർക്കാതെയാണ് ഈ പത്താം സമ്മേളനം എന്ന വിമർശനം ഉയരുക സ്വാഭാവികം. മദ്ഹബ് നിരാകരണമെന്ന അശ്ളീലത്തിൻ്റെ വാർഷികം കൂടിയാണല്ലോ ഇത്. ഇസ്ലാമിക സമൂഹത്തിൻ്റെ ആഗോള നേതൃത്വമായിരുന്നു മദ്ഹബുകൾ.ഉമ്മത്തിനെ ഐക്യച്ചരടിൽ കോർത്തിണക്കി നിർത്തിയതും മദ്ഹബുകളായിരുന്നു. ബലവത്തായ ആ പാശം പൊട്ടിച്ചെറിഞ്ഞ് മുസ് ലിം സമുദായത്തെ തകർക്കാനായിരുന്നു മദ്ഹബ് നിരാകരണം. അനേകം മൗലവിമാർ മുജ്തഹിദ് ചമഞ്ഞ് തോന്യാസം പറയുന്ന ആഭാസം. മദ്ഹബ് പാശം വിട്ടവർ ജമാലുദ്ധീൻ അഫ്ഗാനിയുടേയും മുഹമ്മദ് അബ്ദുവിൻ്റെയും റശീദ് രിളയുടേയും ഒടുവിൽ ഇബ്നുഅബ്ദിൽ വഹാബിൻ്റെയും അമ്മിക്ക് ചോട്ടിൽ വാല് വെച്ചു കൊടുത്തു. തഖ്ലീദിൻ്റെ പുതിയ അവതാരങ്ങളായി.

അഫ്ഗാനിത്രയത്തിൻ്റെ യുക്തിവാദവും ഇബ്നു അബ്ദിൽ വഹാബിൻ്റെ തീവ്രവാദവും ചേർന്ന സങ്കരയിനം സലഫിസത്തിൻ്റെ ഒരു നൂറ്റാണ്ട് കൂടിയാണിത്.നിരവധിയായ മനുഷ്യജന്മങ്ങളെ കൊന്നൊടുക്കി, ഇസ്ലാമിൻ്റെ സാംസ്കാരിക ചിഹ്നങ്ങളേയും തിരുശേഷിപ്പുകളേയും തകർത്ത്, ഒടുവിൽ ദമ്മാജ് സലഫിസം വഴി തീവ്രവാദത്തിലേക്ക് നൂറോളം കേരളീയ മുസ് ലിം ചെറുപ്പത്തെ എറിഞ്ഞ് കൊടുത്ത മാപ്പർഹിക്കാത്ത ചതിയുടെ ഒരു നൂറ്റാണ്ട് കൂടിയാണിത്. പടിഞ്ഞാറിനോടുള്ള അഭിനിവേശം തലക്ക് പിടിച്ച് കള്ളും പലിശയും അനുവദനീയമാക്കി ജീവിതം ആഘോഷമാക്കിയ മുഹമ്മദ് അബ്ദുവിനെ നവോത്ഥാന നായകനാക്കി അവതരിപ്പിച്ചതിൻ്റെ നൂറാണ്ട് കൂടിയാണ് ഇപ്പോൾ പൂർത്തിയാകുന്നത്. സർവ്വ മത സത്യവാദിയും പടിഞ്ഞാറിൻ്റെ വളർത്തു പുത്രനുമായ ജമാലുദ്ധീൻ അഫ്ഗാനിയെ മുസ് ലിം നവോത്ഥാന നായകനാക്കി എഴുന്നെള്ളിച്ചതിൻ്റെ നൂറാം വാർഷികവും ഇപ്പോൾ തന്നെയാണ്. ഖുർആനിൽ പ്രവാചകൻമാരുടെ അമാനുഷിക സിദ്ധികൾ വിശദീകരിച്ചിരുന്നില്ലെങ്കിൽ കുറച്ചു കൂടി ബുദ്ധിജീവികൾ ഇസ് ലാമിലേക്ക് വരുമായിരുന്നുവെന്ന് അല്ലാഹുവിന് ന്യായമോതി കൊടുത്ത ഹദീസ് നിഷേധിയും മുഅജിസത്ത് നിഷേധിയുമായ റശീദ് രിളയെ നവോത്ഥാന നായകനായി അവതരിപ്പിച്ച് മുസ് ലിം കേരളത്തെ വഞ്ചിച്ച കൊടും പാതകത്തിൻ്റെ നൂറാണ്ട് കൂടിയാണ് മുജാഹിദുകൾ ഇപ്പോൾ ആഘോഷിക്കുന്നത്. ഇതേ കുറിച്ചൊന്നും മിണ്ടാതെ മതേതരത്വം അഭിമാനമാക്കി രക്ഷപ്പെടാമെന്നാണ് മോഹമെങ്കിൽ, നൂറ്റാണ്ടിൻ്റെ രക്തപങ്കിലമായ ആ കറുത്ത ഏടുകൾ മുസ്ലിം കേരളം വീണ്ടും വായിച്ചു തുടങ്ങുമെന്നേ പറയാനുള്ളു.

മദ്ഹബ് നിരാകരണത്തിൻ്റെ ആഘാതത്തിൽ അട്ടിമറിഞ്ഞ ഒരു കർമശാസ്ത്രത്തിൻ്റെ കഥ കൂടി ഈവേളയിൽ ഓർക്കണം. ലോക മുസ്ലിംകളുടെ ഏക ഖണ്ംമായ നിലപാടുകളെ തള്ളിക്കളഞ്ഞാണ് മലയാള ഖുതുബയിലേക്കും സ്ത്രീ രംഗ പ്രവേശത്തിലെക്കും മറ്റനേകം ആരാധനാകർമങ്ങളെ വക്രീകരിക്കുന്നതിലേക്കും കേരള മുജാഹിദുകൾ എത്തിച്ചേർന്നത്. പല തവണ മാറ്റി പറഞ്ഞാണ് വ്യകൃതമായ ആ കർമശാസ്ത്രം വിരചിതമായത്. പ്രമാണങ്ങളുടെ പിൻബലമോ മദ്ഹബിൻ്റെ ആധികാരികതയോ അവക്കില്ലായിരുന്നു.

കേരള മുസ്ലിംകളുടെ സ്വഫുകൾ പിളർത്തി, വ്യക്തിതലം മുതൽ കുടുംബം, മഹല്ലുകൾ, മരണ, കല്യാണ വീടുകളിൽ വരെ പിളർപ്പെത്തിച്ചതിൻ്റെ വാർഷികം കൂടിയാണല്ലോ ആഘോഷിക്കുന്നത്.? കൗതുകം അതല്ല. സർവ്വമാന കുഴപ്പങ്ങൾക്കും നിദാനമായി പറഞ്ഞത് അവർ അഭൗതിക ശക്തികളോട് അർത്ഥന നടത്തുന്നു എന്നായിരുന്നു. ഇപ്പോൾ ഈ നൂറാം വാർഷിക വേളയിൽ ജിന്ന് മലക്ക് തുടങ്ങിയ അഭൗതികശക്തികളോട് അർത്ഥനയാകാമെന്നായിരിക്കുന്നു. കണ്ണേറും നാവേറും ഉണ്ടെന്ന് വന്നിരിക്കുന്നു. ഉറുക്കും മന്ത്രവും എല്ലാം ഇസ്ലാമികമായാരിക്കുന്നു.പക്ഷെ മന്ത്രമെന്നല്ല, റുഖിയശർഇയ്യ എന്നേ പറയൂ.

ഉമ്മത്തിനെ പിളർത്താൻ ഉപയോഗിച്ചതൗഹീദ് മുജാഹിദ് വശം ഇപ്പോൾ ഇല്ല. പക്ഷെ ഉമ്മത്തിൻ്റെ സ്വഫ് പിളർന്ന് തന്നെ നിൽക്കുന്നു .

ചില ആഹ്ളാദനിമിഷങ്ങൾ കൂടി ഓർത്തെടുത്ത് ആഘോഷത്തിൻ്റെ ഭാഗമാക്കേണ്ടതുണ്ട്.സ്വയം അടർന്ന് പിളർന്ന ആ നല്ല കാലം തീർച്ചയായും ആഘോഷിക്കപ്പെടണം. ഉമ്മത്തിനെ പിളർത്തിയ കൊടുംപാതകത്തിന്കാലം നൽകിയ കനത്ത തിരിച്ചടി മറക്കുന്നതെങ്ങനെ? മുസ്ലിം ഉമ്മത്തിൻ്റെ മുഖത്ത് നോക്കി കാഫിറാക്കിയ നിങ്ങൾ പരസ്പരം ശിർക്കും കുഫ്റും വാരിയെറിഞ്ഞ നല്ല ദിനങ്ങളായിരുന്നു അവ.മുസ്ലിം സമുദായം ശിർക്കിൽ ആപതിക്കുന്നതിൽ വേപഥു കൊണ്ട് ഓടി നടന്നവർക്ക് ഒരു നൂറ്റാണ്ടായിട്ടും തൗഹീദ് തീരുമാനമായിട്ടില്ലെന്ന ആ തിരിച്ചറിവുണ്ടല്ലോ അതെന്തായാലും ആഘോഷിക്കണം. അപ്പോൾ തലക്കെട്ട് വീണ്ടും മാറും.നവോത്ഥാനത്തിൻ്റെ പിളർപാഘോഷം എന്നായാലോ?. എന്തെല്ലാമായിരുന്നു ആഘോഷവേളയിലെ കാര്യപരിപാടികൾ. അന്ന് മതേതരത്വം ഇത്രക്കങ്ങ് അഭിമാനമായിരുന്നില്ല. അത് കൊണ്ട് അധികാര ലഹരി, കുഴൽപ്പണം, അഴിമതി, കമ്യൂണിസ്റ്റ് ബാന്ധവം, വ്യഭിചാരാരോപണം, കക്ഷം വടി കാമ്പയിൻ, വിദേശമദ്യ വിതരണം, കാഫിറാക്കൽ, ശിർക്കാരോപണം.... എന്നിങ്ങനെയുള്ള കാര്യപരിപാടികൾ സ്വീകരിക്കുകയായിരുന്നു. പിളർപാനന്തരം രംഗം ജിന്നു പിശാചുക്കൾ ഏറ്റടുത്തതോടെ തൗഹീദ് പിളർന്നു.നവോത്ഥാനം പൊളിഞ്ഞു. തൗഹീദിൻ്റെ അപ്പോസ്തലൻമാർ പലരും ശിർക്കിൻ്റെ വാരിക്കുഴിയിൽ വീണ് കരഞ്ഞു. അവരിൽ പലരും ഇപ്പോഴും മുശ്രിക്കുകളായി പുറത്ത് നിൽക്കുന്നു. നൂറാണ്ടാ ഘോഷത്തിൽ അവർക്ക് പ്രവേശനമില്ല. 1921ൽ മറഞ്ഞ വഴിക്ക് മനുഷ്യ കഴിവിൽ പെടാത്ത ഉപകാരോപദ്രപങ്ങൾ ചെയ്യാൻ കഴിയുന്നത് അല്ലാഹു വിന് മാത്രം എന്നായിരുന്നു നിലപാട് ജിന്ന് പിശാചിൻ്റെ അരങ്ങേറ്റത്തോടെ ഇത് പൊളിഞ്ഞു.ജിന്നും പിശാചും മറഞ്ഞ വഴിയിൽ നിന്ന് തെളിഞ്ഞ വഴി കയറി വഹാബി തൗഹീദ് അട പടലം തകർത്തു. ജിന്നും പിശാചുംഭൗതികമായതോടെ അവയോട് തേടാമെന്നായി.തേട്ടം ശിർക്കല്ലന്നായി. അപ്പോൾ പഴയ തൗഹീദ് നിർവ്വചനം മാറ്റണമല്ലോ. മാറ്റി. മനുഷ്യ കഴിവിന്നതീതമായ കാര്യങ്ങളിലാണ് അല്ലാഹു സഹായിക്കുക എന്നത് സൃഷ്ടികളുടെ കഴിവിന്നതീതമായ കാര്യങ്ങളിൽ എന്നാക്കി. ചിന്ന മാറ്റം. പക്ഷെ തൗഹീദ് പെരിയ രീതിയിൽ പൊളിഞ്ഞു. ജിന്നിനേയും പിശാചിനേയും വിളിച്ച് തേടാമെന്നായി. അന്നത്തെ പുകില് ഇന്നാലോചിക്കുന്നത് കൗതുകകരമാണ്. സാൽവേഷനിൽ ജിന്ന് താത്ത വന്നിരുന്ന് കുശലം പറയുന്നു: മേശവലിപ്പിൽ ജിന്നിറങ്ങുന്നു, അടുക്കളപ്പുറത്ത് ജിന്നിരിക്കുന്നതിനാൽ വേസ്റ്റ് വെള്ളം പുറത്തൊഴിക്കാനാകാതെ മുജാഹിദ് വനിതകൾ കുഴങ്ങുന്നു, ജർമനിയിൽ നിന്ന് നിമിഷാർദ്ധം കൊണ്ട് ജിന്ന് മരുന്നെത്തിക്കുന്നു. പക്ഷെ കപട നവോത്ഥാനത്തിൻ്റെ അസുഖത്തിന് കുറവില്ല. ഒടുവിൽ മുജാഹിദ് പള്ളികളിൽ ജിന്ന് സിഹ്റ് ചികിൽസകൾ തുടങ്ങുന്നു കണ്ണേറിന് സ്പെഷ്യൽകോണക ചികിൽസയുമുണ്ടായിരുന്നു. ഈ ആഘോഷങ്ങൾക്ക് ശേഷം 2001 ൽ പുതിയ തൗഹീദ് പിറന്നു. ഓർക്കണം.ജിന്നുകൾ അപ്പോഴും ആറാട്ട് തുടരുന്നുണ്ടായിരുന്നു.പുളിക്കൽ മദീനത്തുൽ ഉലൂമിൽ ജൂൺ നാലിന് ചേർന്ന സലഫി പൗരോഹിത്യ സഭ പുതിയ തൗഹീദിന് അംഗീകാരം നൽകി. പതിറ്റാണ്ടുകളായി വഹാബികൾ തുടർന്ന് വന്ന അല്ലാഹുവിനെ സംബസിച്ച വിശ്വാസങ്ങളെ തകർത്തെറിയുന്നതായിരുന്നു പുതിയ തൗഹീദ്. രസാവഹമായ കാര്യം ഇതാണ്.ഇപ്പോൾ കൊണ്ടാടപ്പെടുന്ന നവോത്ഥാനത്തിൻ്റെ ഒരു നൂറ്റാണ്ടിൽ തൗഹീദില്ല. പഴയ തൗഹീദിൽ അല്ലാഹു വിന് ഭാഗമോ രൂപമോ ജഡമോ കൈകാലുകളോ ഇല്ലായിരുന്നു. അത്തരം വിശ്വാസങ്ങൾ മതഭ്രഷ്ടിന് കാരണമാകുമായിരുന്നു.പുതിയ തൗഹീദിൽ അല്ലാഹുവിന് ശരീരവും അവയവങ്ങളും ഉണ്ടായി.ഇതിനായി പഴയ പുസ്തകങ്ങൾ മാറ്റി എഴുതി. പാം പുസതകങ്ങളിൽ പുത്തൻ തൗഹീദ് സ്ഥലം പിടിച്ചു.അല്ലാഹുവിന് കൈയ്യും കാലും സ്ഥാപിച്ചെടുക്കാനുള്ള നവോത്ഥാനപരിശ്രമങ്ങളായിരുന്നു ദയനീയം .കൈകൾ വലത്തേക്കും ചിലപ്പോൾ ഇടത്തേക്കും മാറി. അല്ലാഹു വിൻ്റ രണ്ട് കരങ്ങളും ഇടത്ത് സ്ഥാപിക്കാനുള്ള ശ്രമം കണ്ട് വിശ്വാസികൾ മൂക്കത്ത് വിരൽ വെച്ച് കരഞ്ഞു.ആകാശങ്ങൾ അല്ലാഹു വിൻ്റെ വലത് കൈകളിലാണെന്നും അല്ലാഹു ആകാശത്താണുള്ളതെന്നും പ്രസ്താവിച്ചതോടെ സ്വന്തം കൈകളിൽ തന്നെ അല്ലാഹു കയറിപ്പറ്റുന്ന സ്ഥിതി ഉണ്ടായി. പ്രമാണ വിരുദ്ധമായ ഇത്തരം നിലപാടുകൾ മൂലം തങ്ങളുടെ വളർത്തുപുത്രൻമാരായ സ്വതന്ത്ര ,എക്സ്, യുക്തിവാദികൾക്ക് ഏണി വെച്ച് കൊടുക്കുകയായിരുന്നു മുജാഹിദുകൾ. എന്നാലും നാണമൊന്നും തോന്നാത്തതിനാൽ അവർ പുത്തൻ തൗഹീദിൻ്റെ പന്തലിൽ പൊളിഞ്ഞ് പോയ പഴയ തൗഹീദിൻ്റെ നൂറ്റാണ്ടാഘോഷിക്കുന്നു. അപ്പോഴും പുതിയ തൗഹീദ് പ്രകാരം മുശ്രിക്കുകളായ അനേകം മൗലവിമാർ പന്തലിൻ്റെ പുറത്തിരിക്കുന്നു. എന്നാലും ആഘോഷം കേമമാകണം. സംഘ് നേതാക്കളെയൊന്നും നിരാശരാക്കരുത്. പള്ളി നിങ്ങളും ഖബ്റ് ഞങ്ങളും പൊളിക്കാമെന്ന് സമവായത്തിലെത്താൻ ശ്രമിക്കണം.

ബിഗ് സെല്യൂട്ട്: ആയിരങ്ങളെ കൊന്നൊടുക്കിയ തീവ്രവാദം കുടഞ്ഞെറിഞ്ഞ് മതേതരത്വത്തിലേക്ക് കളം മാറാനുള്ള ആ മെയ് വഴക്കത്തിന് ...


 *✍️സുലൈമാൻ സഖാഫി മാളിയേക്കൽ*