page

Wednesday, 16 August 2017

ഇസ്തിഗാസ-ഫാതിഹ

ചോദ്യം: നിന്നോട് മാത്രമാണ് ഞങ്ങള്‍ സഹായം തേടുന്നത് എന്ന് സൂറ: ഫാതിഹയില്‍ പറയുന്നതിനോട് എതിരല്ലെ സുന്നികള്‍ നടത്തുന്ന ഇസ്തിഗാസ ? —————————— ഉത്തരം: ഒരിക്കലുമല്ല. സര്‍വ്വ കഴിവും അല്ലാഹുവിനാണെന്നും അടിസ്ഥാനപരമായ സഹായം അല്ലാഹുവില്‍ നിന്നാണെന്നും വിശ്വസിക്കുന്നവരാണ് സുന്നികള്‍. ഒരു യഥാര്‍ത്ഥ മുസ്ലിം ഒരു ഡോക്ടറെ സമീപിച്ച് എന്റെ രോഗം മാറ്റിത്തരണം എന്ന് പറയുന്നതും മുഹ്യദ്ദീന്‍ ശൈഖെ രക്ഷിക്കണെ എന്ന് പറയുന്നതും ഡോക്ടറോ ശൈഖവറുകളോ അടിസ്ഥാന പരമായി സഹായിക്കും എന്ന നിലക്കല്ല. മറിച്ച് ഇവര്‍ കാരണക്കാരാണെന്നും യഥാര്‍ത്ഥ സഹായം അല്ലാഹുവില്‍ നിന്നാണെന്നും വിശ്വസിച്ചുകൊണ്ടാണ്. ഇതൊരിക്കലും നിന്നോട് മാത്രം സഹായം തേടുന്നു എന്നതിനോടെതിരല്ല. ഈ ആയത്ത് മനസ്സിലാക്കാത്തവര്‍ നവീന വാദികളാണ്. സുന്നികളല്ല. കാരണം സുന്നികള്‍ പറയുന്നത് എല്ലാ വിഷയത്തിലും അല്ലാഹുവെ നിന്നോട് മാത്രമാണ് സഹായം തേടുന്നത് എന്നാണ്. മുഫസ്സിറുകളും ഇങ്ങനെത്തന്നെയാണ് പറയുന്നത്. ഇതിനെ വിശദീകരിച്ച ഇബ്നു കസീര്‍(റ) പറയുന്നത് കാണുക. നിന്നോട മാത്രം സഹായം തേടുന്നു എന്നാല്‍ നിന്നെ വഴിപ്പെടുന്നതിന്റെ മേലിലും ഞങ്ങളുടെ സര്‍വ വിഷയങ്ങളിലും നിന്നോട് സഹായം തേടുന്നു എന്നാണ്. എന്നാല്‍ സുന്നികളെ മുശ്രിക്കാക്കാന്‍ മൌലവിമാര്‍ ഇത് തിരുത്തി എഴുതുന്നത് നോക്കുക. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു എന്ന വാക്യം മനുഷ്യ ശക്തിക്ക് അപ്പുറത്തുള്ള കാര്യങ്ങളില്‍ ദൈവത്തോടല്ലാതെ മറ്റാരോടും നാം സഹായം അര്‍ത്ഥിക്കരുതെന്ന് പഠിപ്പിക്കുന്നു (ഫാതിഹയുടെ തീരത്ത് 83 ഉമര്‍ മൌലവി). മനുഷ്യ ശക്തിക്ക് അപ്പുറത്തുള്ള കാര്യങ്ങളില്‍ എന്നാണ് മൌലവി വിശദീകരിച്ചത്. മുന്‍കാല മുഫസ്സിറുകളില്‍ അംഗീകൃതരായ ഒരാള്‍ പോലും ഇങ്ങിനെ ഒരു വിഭജനം നടത്തിയിട്ടില്ല. മനുഷ്യ ശക്തിക്ക് അപ്പുറത്തുള്ളതില്‍ അല്ലാഹുവിനോട് മാത്രവും ഇപ്പുറത്തുള്ള വിഷയങ്ങളില്‍ ആരോടുമാവാം എന്ന വാദമാണ് തൌഹീദിനു വിരുദ്ധമാവുന്നത്. സുന്നികളെ മുശ്രിക്കാക്കാനാണ് ഇങ്ങനെ ഒരു വിഭജനം മൌലവി നടത്തിയത്. ചുരുക്കത്തില്‍ ഈ ആയത്തിന്റെ ആശയത്തിനോട് എതിരായത് നവീന വാദികളാണ്. സുന്നികളല്ല.