ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Tuesday, 1 August 2017

തഖ്ലീദ് സത്യവിശ്വാസികളുടെ മാര്‍ഗം

തഖ്ലീദ് സത്യവിശ്വാസികളുടെ മാര്‍ഗം

അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കണം. എങ്കിലേ ഒരാള്‍ മുസ്ലിമാകൂ. ഖുര്‍ആനും സുന്നത്തും സ്വീകരിക്കുകയാണ് ഈ അനുസരണത്തിന്റെ സരണി. അവ രണ്ടില്‍ നിന്നും സ്വയം വിധി ആവിഷ്കരിക്കാന്‍ കഴിയുന്നവര്‍ ഇജ്തിഹാദു ചെയ്യുക. കഴിവില്ലാത്തവര്‍ പണ്ഢിതന്മാരെ അനുഗമിക്കുക. ഇതാണ് സത്യ വിശ്വാസികളുടെ മാര്‍ഗം. ഈ മാര്‍ഗത്തില്‍ നിന്നും വ്യതിചലിച്ചു, സ്വയം പാണ്ഢിത്യം നടിച്ചു സ്വേഷ്ടം. ഗവേഷണത്തിനൊരുങ്ങുന്നവര്‍ വിശുദ്ധ ഖുര്‍ആന്റെ താക്കീത് ഓര്‍ത്തിരിക്കണം :
“സന്മാര്‍ഗം വ്യക്തമായതിനു ശേഷം വല്ല വ്യക്തിയും റസൂലിനോടു വിരുദ്ധം കാണിക്കുകയും സത്യവിശ്വാസികളുടെ മാര്‍ഗമല്ലാത്തതിനെ അനുഗമിക്കുകയും ചെയ്താല്‍ അവന്‍ സ്വയം, ഏറ്റടുത്തത് അവനും നാം ഏല്‍പിച്ചു കൊടുക്കുകയും അവനെ നരകത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യും. അതു ചീത്തയായ മടക്കസ്ഥാനമത്രെ” (വിശുദ്ധ ഖുര്‍ആന്‍ 4 :110).
പണ്ഢിത ഭൂരിപക്ഷത്തെ അനുഗമിക്കണമെന്നാണ് അല്ലാഹുവിന്റെ പ്രവാചകന്‍ മുസ്ലിംകളെ പഠിപ്പിച്ചിട്ടുള്ളത്. അതു കൊണ്ട് മദ്ഹബ് അംഗീകരിക്കല്‍ അനുപേക്ഷണീയമാണ്. അതു അവഗണിക്കല്‍ ആപല്‍ക്കരവും. ശാഹ് വലിയുല്ലായി (റ) പറയുന്നു :
“ഈ നാലു മദ്ഹബുകള്‍ സ്വീകരിക്കുന്നതില്‍ വലിയ പ്രയോജനമുണ്ടെന്നും, അവ മുഴുവന്‍ അവഗണിക്കുന്നതില്‍ വലിയ നാശമുണ്ടെന്നും മനസ്സിലാക്കുക. ഈ നാലു മദ്ഹബുകള്‍ക്കു പുറമേ, ഈ ഗുണവൈശിഷ്ട്യമൊത്ത മറ്റൊരു മദ്ഹബും ഇക്കാലത്തില്ല. നിങ്ങള്‍ ഭൂരിപക്ഷത്തെ അനുഗമിക്കണമെന്ന് നബി (സ്വ) ആജ്ഞാപിച്ചിട്ടുണ്ട്. സത്യ മദ്ഹബുകളില്‍ ഈ നാലെണ്ണമൊഴിച്ചു മറ്റുള്ളവയെല്ലാം നാമാവശേഷമായപ്പോള്‍ ഇവയെ അനുഗമിക്കല്‍ ഭൂരിപക്ഷത്തെ അനുഗമിക്കലും ഇവയില്‍ നിന്നു പുറത്തു പോകല്‍ ഭൂരിപക്ഷത്തില്‍ നിന്നു പുറത്തു പോകലുമായിത്തീര്‍ന്നു” (ഇഖ്ദുല്‍ ജിദ്).
മദ്ഹബുകള്‍ അതിലംഘിക്കുന്നവരെ സൂക്ഷിക്കുക
നബി (സ്വ) യെയും തിരുമേനിയുടെ മുഅ്ജിസത്തുകളേയും നേരില്‍ കണ്ടു മനം കുളിര്‍ക്കുകയും പ്രവാചക ശിക്ഷണം നേരിട്ടു ലഭിക്കുകയും ചെയ്ത സ്വഹാബത്തിനാണ് സമുദായത്തില്‍ ഒന്നാം സ്ഥാനം. അവരില്‍ നിന്ന് ഇസ്ലാം ഉള്‍കൊണ്ട താബിഉകള്‍ക്കാണ് രണ്ടാം സ്ഥാനം. താബിഉത്താബിഉകള്‍ക്കു മൂന്നാം സ്ഥാനവും. നബി (സ്വ) പറയുന്നു :
‘എന്റെ സമുദായത്തിലുത്തമര്‍ എന്റെ നൂറ്റാണ്ടുകാരാണ്. പിന്നീട് അവരോടടുത്തവരും; പി ന്നീടു അവരോടടുത്തവരും’ (ബുഖാരി, മുസ്ലിം).
ലോകം മുന്നോട്ടു പോകും തോറും ജനം ദുഷിച്ചു കൊണ്ടിരിക്കുമെന്ന് ഹദീസുകള്‍ വ്യക്തമാക്കുന്നു. ഉത്തമ നൂറ്റാണ്ടുകളിലാണ് മദ്ഹബിന്റെ ഇമാമുകള്‍ ജീവിച്ചത്. പിന്നീട് മുജ്തഹിദുകളില്ലാതെ പത്തു നൂറ്റാണ്ടുകള്‍ കഴിഞ്ഞു കടന്നുവെന്ന് വിവിധ കാലഘട്ടങ്ങളിലെ പണ്ഢിതന്മാരുടെ പ്രസ്താവനകള്‍ വെളിപ്പെടുത്തുന്നു. ഈ സുദീര്‍ഘ കാലഘട്ടത്തിന്നിടയില്‍ ജീവിച്ചു മരിച്ചു പോയ വിജ്ഞാന സമുദ്രങ്ങളായ ലക്ഷക്കണക്കിനു പണ്ഢിതന്മാര്‍ നാലിലൊരു മദ്ഹബ് സ്വീകരിച്ചവരായിരുന്നു അവര്‍ വഴിക്കാണ് നമുക്ക് ഖുര്‍ആനും സുന്നത്തും മറ്റു ദീനീ വിജ്ഞാനങ്ങളും  ലഭിച്ചിട്ടുള്ളത്. അവരെ ഖുര്‍ആന്‍ ഭാഷ്യങ്ങളും ഹദീസുവ്യാഖ്യാനങ്ങളും അവലംബിച്ചാണ് ഇന്നുള്ളവരെല്ലാം ഖുര്‍ആനും സുന്നത്തും ഗ്രഹിക്കുന്നത് എന്നിരിക്കെ, അജ്ഞതയുടെയും ധാര്‍മികത്തകര്‍ച്ചയുടെയും കാലഘട്ടമായ ഇന്ന് ‘മുറി മൌലവികള്‍’ ഗവേഷണത്തിനിറങ്ങിത്തിരിച്ചാല്‍ അതു സമുദായത്തിനു വല്ല ഗുണവും ചെയ്യുമോ? ഇല്ല; മറിച്ചു സമുദായം കൂടുതല്‍ പിഴക്കാനും ഭിന്നിക്കാനും മാത്രമേ വഴിതെളിയിക്കുകയുള്ളൂ. മഹാനായ ശാഹ്വലിയുല്ലാഹി (റ) രേഖപ്പെടുത്തി :
“ക്രോഡീകരിക്കപ്പെടുകയും സംസ്കരിച്ചെഴുതപ്പെടുകയും ചെയ്തിട്ടുള്ള ഈ നാലു മദ്ഹബുകള്‍ തഖ്ലീദ് ചെയ്യല്‍ അനുവദനീയമാണെന്നതില്‍ സമുദായം അഥവാ അവരില്‍ പരിഗണിക്കപ്പെടുന്നവര്‍ നാളിതുവരെ ഏകോപിച്ചിരിക്കുന്നു. അതില്‍ വ്യക്തമായ നിരവധി ഗുണങ്ങളുണ്ട്. ഉദ്ദേശ്യങ്ങള്‍ വളരെ തളര്‍ന്നു പോവുകയും മനസ്സുകളില്‍ തന്നിഷ്ടം സ്ഥലം പിടിക്കുകയും ഓരോ അഭിപ്രായക്കാരനും തന്റെ അഭിപ്രായത്തില്‍ സംതൃപ്തനാവുകയും ചെയ്തിട്ടുള്ള ഇക്കാലത്ത് പ്രത്യേകിച്ചും” (ഹുജ്ജത്തുല്ലാഹില്‍ ബാലിഗ 1-154).
നാലു മദ്ഹബുകളില്ലാത്തതിനെ തഖ്ലീദ് ചെയ്യല്‍ അനുവദനീയമല്ല. സ്വഹാബത്തിന്റെ വാക്കിനോടോ, സ്വഹീഹായ ഹദീസിനോടോ ആയത്തിനോടോ ബാഹ്യത്തില്‍ ഒത്തു വന്നാലും ശരി. നാലു മദ്ഹബുകളില്‍ നിന്നും പുറത്തു പോയവന്‍ വഴിപിഴച്ചവനും പിഴപ്പിക്കുന്നവനുമാണ്. അതു ചിലപ്പോള്‍ അവനെ അവിശ്വാസത്തിലേക്കു തന്നെ കൂട്ടിക്കളയും. കാരണം, ഖുര്‍ആനിന്റെയും സുന്നത്തിന്റെയും ബാഹ്യവശങ്ങളെ (യഥാര്‍ഥ വ്യാഖ്യാനങ്ങള്‍ക്കു വിരുദ്ധമായി) പിടികൂടുകയെന്നതു അവിശ്വാസത്തിന്റെ അടിസ്ഥാന കാരണങ്ങളില്‍ പെട്ടതത്രെ” (സ്വാവി 3-9).

ഇജ്തിഹാദും തഖ്ലീദും

ഇജ്തിഹാദും തഖ്ലീദും

ഇനിയൊരു ഗവേഷണം(ഇജ്തിഹാദ്) ആവശ്യല്ലാത്തവിധം നബി(സ്വ) പറഞ്ഞും പഠിപ്പിച്ചും തന്ന കാര്യങ്ങള്‍ അത്രയും സുവ്യക്തമായ നിലയില്‍ ഹിജ്റ ഒന്നും രണ്ടും നൂറ്റാണ്ടുകളില്‍ ജീ വിച്ച ഇമാമുകള്‍ സമൂഹത്തിന് ക്രോഡീകരിച്ചു തന്നിട്ടുണ്ട്. ഇതനുസരിച്ച് ഐക്യത്തോടെ ജീവിക്കലാണ് മുസ്ലിം ധര്‍മ്മം. സമകാലിക പ്രശ്നങ്ങള്‍ക്ക് സമകാലിക പണ്ഢിത സംഘടന നല്‍കുന്ന ഫത്വ മദ്ഹബ് അംഗീകരിച്ചുകൊണ്ടുതന്നെയായിരിക്കും. എല്ലാ ഓരോ പണ്ഢിതരും ഓരോ മദ്ഹബ് എന്ന സ്വതന്ത്ര ചിന്താവാദം അംഗീകരിച്ചാല്‍ മുസ്ലിം ഉമ്മത്തില്‍ പിന്നെ ഐക്യം അസാദ്ധ്യമാണെന്ന് സാമാന്യബുദ്ധിയുള്ള ആരും സമ്മതിക്കും.
എന്നാല്‍ ഇജ്തിഹാദും തഖ്ലീദും ഏറെ വാഗ്വാദങ്ങള്‍ക്ക് വഴി തെളിയിച്ച വിഷയമാണ്. തഖ് ലീദ് നിഷിദ്ധം മാത്രമല്ല ചിലപ്പോള്‍ അത് വീരാരാധനയായ ശിര്‍ക്കിലേക്ക് എത്തിക്കുമെന്നുപോ ലും ഗാൈറുമുഖല്ലിദുകള്‍ ആശങ്കിക്കുന്നു. ഇജ്തിഹാദ് തഖ്ലീദ് സംബന്ധമായ വിശദ പഠനം ‘മദ്ഹബ്’ എന്ന ഭാഗത്ത് ചേര്‍ത്തിട്ടുണ്ട്.
ഈ വാദത്തിന്റെ ഒരു സാമ്പിളാണ് ഖത്വ്ര്‍ ശരീഅത്ത് കോര്‍ട്ടിലെ ഖാസിയായിരുന്ന ശൈഖ് അഹ്മദ്ബ്നു ഹജറിന്റെ വാക്കുകളില്‍ ഒരു മാസികയില്‍ പ്രത്യക്ഷപ്പെട്ടത്. അദ്ദേഹം പറയുന്നു: “നവംനവങ്ങളായ നൂറു നൂറു പ്രശ്നങ്ങളെയും തികച്ചും ആധുനികമായ ഇടപാടുകളെയും ന്യായവും യുക്തവുമായി വ്യാഖ്യാനിക്കാനും പരിഹാരം നിര്‍ദ്ദേശിക്കാനും കെല്‍പ്പുള്ള ദീനാ ണ് ഇസ്ലാമെന്ന് ലോകത്തിന് ബോദ്ധ്യപ്പെടുത്തുവാന്‍ ശരിയായ മുജ്തഹിദുകള്‍ക്കേ സാധിക്കുകയുള്ളു. ഈ ദൌത്യം നിറവേറ്റുവാന്‍ നിലവിലുള്ള മദ്ഹബ് ഗ്രന്ഥങ്ങള്‍ മാത്രം മതിയാകുമെന്ന വാദം പല കാരണങ്ങളാലും സ്വീകാര്യമല്ല.
ഒന്നാമതായി, അത് തികഞ്ഞ തഖ്ലീദിലേക്കുള്ള പ്രബോധനമാണ്. തഖ്ലീദാകട്ടെ അന്ധതയിലേക്കും വിവരക്കേടിലേക്കുമാണ് ക്ഷണിക്കുന്നത്. നയിക്കപ്പെടുന്ന ഒരു മൃഗവും അന്ധമായ മുഖല്ലിദും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. രണ്ടാമതായി, ഖുര്‍ആന്‍, ഹദീസ്, ശരിയായ ഫിഖ്ഹ് എന്നിവ മുഖേന ലഭിക്കുന്ന ശറഈ വിജ്ഞാനങ്ങളെ വകവരുത്താനുള്ള പ്രബോധനമാണത്. മൂന്നാമതായി, ആ വാദം മടിയും മരവിപ്പും ക്ഷണിച്ചുവരുത്തുന്നു. തല്‍ഫലമായി പണ്ഢിതന്മാര്‍ ദീനി വിജ്ഞാന രംഗത്ത് നിഷ്ക്രിയരാകുന്നു. പ്രശ്ന പരിഹാരത്തിനായി തനി അനിസ്ലാമികമായ നിയമങ്ങളെയും വിധികളെയും ഇറക്കുമതി ചെയ്യുന്ന ദുരവസ്ഥ സംജാതമാകുകയും ചെയ്യുന്നു. ഞങ്ങള്‍ക്ക് പൂര്‍വ്വീകരുടെ കിതാബുകള്‍ തന്നെ ധാരാളമാണെന്ന് വാദിക്കുന്ന അനുകര്‍ത്താക്കള്‍ ഖുര്‍ആനും ഹദീസുമൊക്കെ വായിക്കുന്നത് വെറും പുണ്യകര്‍മ്മമെന്ന നിലക്കാണ്. അവരുടെ പ്രശ്നങ്ങള്‍ക്കെല്ലാം തീര്‍പ്പ് കല്പിക്കുന്നത് യഥാര്‍ഥത്തില്‍ തനി ‘കാഫിറ’ായ നിയമ വ്യവസ്ഥകളെത്രെ!
നാലാമതായി, പൂര്‍വീകരുടെ കിതാബുകളില്‍ എക്കാലത്തും ഉത്ഭവിക്കുന്ന മുഴുവന്‍ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരങ്ങളില്ല. ഉള്ളതില്‍ തന്നെ ചിലത് ഖുര്‍ആന്റെയും സുന്നത്തിന്റെയും അവലംബമില്ലാത്ത കേവലമായ അഭിപ്രായങ്ങളാണ്.
തഖ്ലീദിനെ എതിര്‍ക്കുന്നവരുടെ വാദങ്ങളാണ് മേലുദ്ധരിച്ചവ. മുസ്ലിം ബഹുജനങ്ങള്‍ക്ക് തഖ്ലീദ് മാത്രമെ മാര്‍ഗ്ഗമുള്ളു എന്ന് വാദിക്കുന്ന മദ്ഹബ് പക്ഷക്കാര്‍ ഈ വാദമുഖങ്ങളോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് നോക്കാം.
തഖ്ലീദ്
മറ്റൊരാളില്‍ വിശ്വാസമര്‍പ്പിച്ച് അയാളുടെ അഭിപ്രായം തെളിവ് അന്വേഷിക്കാതെ സ്വീകരിക്കുന്നതിനാണ് തഖ്ലീദ് എന്ന് പറയുന്നത്. ഇമാം ഗസ്സാലി(റ) തന്റെ അല്‍മുസ്വ്തസ്വ്ഫ എന്ന ഗ്രന്ഥത്തില്‍ ഈ അര്‍ഥമാണ് കൊടുത്തിട്ടുള്ളത്. ഇമാം താജുദ്ദീനുസ്സുബുകി(റ)യും ഇമാമുല്‍ ഹറമൈനി(റ)യും ഏതാണ്ട് ഇതേയര്‍ഥം തന്നെയാണ് കൊടുത്തിട്ടുള്ളത്. മുഖല്ലിദ് എന്നാല്‍ തെളിവ് കൂടാതെ അന്യന്റെ വാക്ക് സ്വീകരിക്കുന്നവന്‍ എന്നാണ് ബാബുമഅ്രിഫതുസ്സുഗ് റാിയില്‍ കൊടുത്ത അര്‍ഥം. മതത്തിന്റെ സാങ്കേതിക ഭാഷയില്‍, തെളിവൊന്നും നോക്കാതെ മു ജ്തഹിദായ ഒരു ഇമാമിന്റെ അഭിപ്രായമനുസരിച്ച് മതത്തിലെ വിധിവിലക്കുകള്‍ നടപ്പിലാക്കുക എന്നതാണ് തഖ്ലീദ്.
ഇജ്തിഹാദ്
തഖ്ലീദിന്റെ വിപരീതമാണ് ഇജ്തിഹാദ്. കഠിനദ്ധ്വാനം ചെയ്യുക എന്നതാണ് ഇതിന്റെ പദാര്‍ഥം. മതത്തിന്റെ സാങ്കേതിക ഭാഷയില്‍ ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ്, ഖിയാസ് എന്നീ നാല് അടിസ്ഥാന പ്രമാണങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ സ്വീകരിക്കുക എന്നാണ് ഇജ്തിഹാദിന്റെ അര്‍ ഥം. ഇങ്ങനെ ചെയ്യുന്നയാളെ മുജ്തഹിദ് എന്ന് പറയുന്നു.
അഹ്ലുസ്സുന്നത്തിവല്‍ ജമാഅത്തിന്റെ അഥവാ ഇസ്ലാമിന്റെ വീക്ഷണത്തില്‍ ഇജ്തിഹാദ് വളരെ പ്രധാനപ്പെട്ട ഒരു ഇബാദത്താണ്. അര്‍ഹനായ മുജ്തഹിദ് നടത്തുന്ന ഗവേഷണം ശരിയായ നിഗമനത്തിലെത്തുകയാണെങ്കില്‍ അദ്ദേഹം ഇരട്ടി പ്രതിഫലത്തിനര്‍ഹനാണ്. നിഗമനം ശരിയായില്ലെങ്കില്‍ പോലും പ്രവര്‍ത്തനത്തിന്റെ പുണ്യം മുജ്തഹിദിന് ലഭിക്കും. അര്‍ഹതയില്ലാത്തവര്‍ ഇജ്തിഹാദ് നടത്തുന്നത് കുറ്റകരമാണ്. അയാളുടെ ഇജ്തിഹാദ് ശരിയായാല്‍ പോലും അയാള്‍ കുറ്റമുക്തനല്ല. അര്‍ഹനായ ഒരു സര്‍ജന്‍ ഓപ്പറേഷന്‍ നടത്തുന്നതിനോട് ഇതിനെ ഉപമിക്കാം. അയാളുടെ ഓപ്പറേഷന്‍ വിജയിച്ച് രോഗിക്ക് ഭേദമായാല്‍ അത് വളരെ നല്ല കാര്യമായി അംഗീകരിക്കപ്പെടുന്നു. രോഗി മരിച്ചുപോയാലും നിയമ ദൃഷ്ട്യാ ഓപ്പറേഷന്‍ നടത്തി എന്നതി ന്റെ പേരില്‍ ഡോക്ടര്‍ കുറ്റക്കാരനാകുന്നില്ല. എന്നാല്‍ സര്‍ജനല്ലാത്ത ഒരാള്‍ ഓപ്പറേഷന്‍ നട ത്തി രോഗിക്ക് ഭേദമായാല്‍ പോലും നിയമം അയാളുടെ മേല്‍ കേസെടുക്കും. ഇജ്തിഹാദിന്റെ ഇസ്ലാമിക മാനം വ്യക്തമാക്കാന്‍ ഈ നാടന്‍ ഉദാഹരണം ഉപകരിക്കുമെന്ന് തോന്നുന്നു.
അപ്പോള്‍ ഇജ്തിഹാദ് നടത്തുന്നതിന് യോഗ്യതയുള്ളവരുടെ ഗവേഷണത്തെ ഇസ്ലാം എതിര്‍ ക്കുന്നില്ല. അര്‍ഹരായവരുടെ അഭാവത്തില്‍ ഇജ്തിഹാദിന്റെ കവാടം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ, ആരും അടക്കാതെ സ്വയം അടഞ്ഞുപോവുകയായിരുന്നു. അതിനാല്‍ ഇജ്തിഹാദിന് തികച്ചും അര്‍ഹരായവര്‍ ക്രോഡീകരിച്ചവ അംഗീകരിച്ചു ജീവിക്കുകയാണിന്ന് ഒരു സത്യവിശ്വാ സിയുടെ കടമ. അങ്ങനെ ക്രോഡീകൃതമായവ ഇന്ന് നാലണ്ണമേ നിലവിലുള്ളൂ. അതിനാല്‍ ഇന്ന് അവയിലൊന്ന് പിന്‍പറ്റിയേ മതിയാവൂ. അതിലാണ് മുസ്ലിം ഉമ്മത്തിന്റെ ഐക്യവും ഭദ്രതയും നിലകൊള്ളുന്നത്. അപ്പോള്‍ നാല് മദ്ഹബുകളും കൂടി ക്രോഡീകരിച്ച് ഒറ്റ മദ്ഹബാക്കിക്കൂടേ എന്ന് വാദിച്ചേക്കാം. റിക്കണ്‍ ഓഫ് റിലീജ്യസ് തോട്ട് ഇന്‍ ഇസ്ലാം എന്ന ഗ്രന്ഥത്തില്‍ അല്ലാമാ ഇഖ്ബാല്‍ ഇങ്ങനെ വാദിച്ചിട്ടുണ്ട്. കര്‍മ്മപരമായ ചില കാര്യങ്ങളില്‍, വ്യത്യസ്ത സാ ഹചര്യങ്ങളില്‍, വ്യത്യസ്ത രൂപത്തില്‍ നബി(സ്വ) പ്രവര്‍ത്തിക്കുകയുണ്ടായിട്ടുണ്ട്. അത് കൊണ്ടാണ് ശാഖാപരം എന്ന് വിശേഷിപ്പിക്കുന്ന കാര്യങ്ങളില്‍ മദ്ഹബുകളില്‍ ഭിന്ന വീക്ഷണങ്ങളുണ്ടായത്. ഇത്തരം ഭിന്ന വീക്ഷണങ്ങള്‍ നിലനില്‍ക്കുന്നത് സമൂഹത്തിന് ഗുണകരമാണ്. അത് പ്രയാസങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കും. അത് കൊണ്ടാണ് എല്ലാം കൂടി ഒറ്റ മദ്ഹബാക്കാതെ നാലു മദ്ഹബുകളെയും അംഗീകരിച്ചത്. പുതിയ പ്രശ്നങ്ങള്‍ക്ക് മദ്ഹബുകള്‍ അവലംബമാക്കി തന്നെ പരിഹാരം കാണാന്‍ ഒരു പ്രയാസവുമില്ല.
അല്ലാഹുവിന്റെ ഏകത്വത്തിലും സ്വര്‍ഗ നരകങ്ങളുടെ സൃഷ്ടിപ്പിലും മലകുകളുടെ പ്രവര്‍ത്തനങ്ങളിലും വുളുവിന്റെയും കുളിയുടെയും ശര്‍ത്ത്വുകളിലും ഫര്‍ളുകളിലും ഇനിയെന്തിന് ഗവേഷണം? സ്വര്‍ഗവും നരകവും സ്ഥലങ്ങളല്ലെന്നും ഭാവന മാത്രമാണെന്നും ചില പുതിയ ഗവേഷകര്‍ എഴുതി വിട്ടിട്ടുണ്ട്. അല്ലാഹു ആകാശത്ത് ഇരിക്കുകയാണെന്ന് പറഞ്ഞവരുണ്ട്. ഇമാം മ ഹ്ദി(റ) വരില്ലെന്ന് പറഞ്ഞവരുണ്ട്. ഇതൊക്കെ അര്‍ഹരല്ലാത്തവരുടെ പുതിയ ഗവേഷണങ്ങളുടെ ഫലമത്രെ! ഇത്തരം അരാജകത്വത്തിലേക്ക് സമൂഹത്തെ നയിക്കുകയായിരിക്കും വിശ്വാസ കാര്യങ്ങളിലും ഇബാദത്തിലുമുള്ള പുതിയ ഗവേഷണ ഫലം. ഇത് സമുദായത്തെ നശിപ്പിക്കും.
ഇനി നമുക്ക് തഖ്ലീദിനെ ഖുര്‍ആന്‍ എതിര്‍ത്തുവെന്ന് പറയുന്നവരുടെ വാദം പരിശോ ധിക്കാം. നിനക്കറിവില്ലാത്തതിനെ നീ പിന്‍പറ്റരുത്. കേള്‍വി, കാഴ്ച, ബുദ്ധി എന്നിവയെല്ലാം എങ്ങനെ പ്രയോജനപ്പെടുത്തി എന്നതിനെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നതാണ് എന്ന സൂക്തവും സൂറത്ത് മുഹമ്മദിലെ ഖുര്‍ആനെപ്പറ്റി അവര്‍ ചിന്തിക്കുന്നില്ലേ? അതോ അവരുടെ ഹൃദയങ്ങളില്‍ പൂട്ടുകളുണ്ടോ? എന്ന ആയത്തും അല്ലാഹുവിങ്കല്‍ ഏറ്റവും നികൃഷ്ടരായ ജീവികള്‍ ചിന്തിക്കാത്ത ബധിരരും, മൂകരുമാണെന്ന് സൂറത്തുല്‍ അന്‍ഫാലിലെ പ്രഖ്യാപനവും തഖ്ലീദിന് എതിരെയുള്ള തെളിവുകളായാണ് മദ്ഹബ് നിഷേധികള്‍ നിരത്താറുള്ളത്.
ഇതുപോലെ തന്റെ ജനതയോട് ഇബ്രാഹീം നബി(അ) ഉന്നയിച്ച ചോദ്യത്തിന് അവര്‍ നല്‍കിയ ഉത്തരവും തഖ്ലീദിനെതിരെ തെളിവായി എടുത്തുകാണിക്കാറുണ്ട്. ഇബ്രാഹീം നബി(അ) ചോദിച്ചു: നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവന്‍ അത് കേള്‍ക്കുമോ? അതല്ല അവര്‍ നിങ്ങള്‍ക്ക് വല്ല ഉപകാരമോ ഉപദ്രവമോ ചെയ്യുമോ? ഈ ചോദ്യത്തിന് ആ  ജനതയുടെ മറുപടി ഇപ്രകാരമായിരുന്നു. ഞങ്ങളുടെ പൂര്‍വ പിതാക്കള്‍ അങ്ങനെ ചെയ്യുന്നതായി ഞങ്ങള്‍ കണ്ടിരിക്കുന്നു. സൂറത്തുശ്ശുഅറാഇലെ ഈ പ്രസ്താവന ചൂണ്ടിക്കാണിക്കുന്നത് കേവലം അനുകരണഭ്രമമല്ലാ തെ ചിന്താശക്തി ഇക്കൂട്ടരെ നയിച്ചിരുന്നില്ല എന്നതാണ്. സൂറത്തുല്‍ ബഖറയില്‍ ചിന്താ ശൂന്യരായ ദുര്‍മാര്‍ഗികളെ ആക്ഷേപിച്ച് അല്ലാഹു സംസാരിച്ചിട്ടുണ്ട്. അല്ലാഹു അവതരിപ്പിച്ചതിനെ പിന്‍പറ്റുക എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ പറയും: എന്നാല്‍ ഞങ്ങളുടെ പൂര്‍വ പിതാക്കളെ ഏതൊരു വിശ്വാസത്തിലാണോ ഞങ്ങള്‍ കണ്ടത് അതിനെയാണ് ഞങ്ങള്‍ പിന്‍പറ്റുന്നത്. അവരുടെ പൂര്‍വ പിതാക്കളാകട്ടെ ചിന്തിക്കുന്നവരോ സന്‍മാര്‍ഗം ഉള്‍ക്കൊണ്ടവരോ ഒട്ടുമല്ലതാനും. ഏതാണ്ട് ഇതെ ആശയം സൂറത്തു മാഇദയിലും കാണാം.
ഇത്തരം ആയത്തുകള്‍ നിരത്തിക്കൊണ്ടാണ് സജ്ജനങ്ങളായ പൂര്‍വീക മുജ്തഹിദുകളുടെ സന്മാര്‍ഗ സരണികളെ പിന്‍തുടരുന്നത് പാപമാണെന്ന് പറയുന്നത്. ആയത്തുകളുടെ പശ്ചാത്തലവും, തഖ്ലീദിന്റെ ഉദ്ദേശ്യവും വിലയിരുത്തുമ്പോള്‍ ഇവരുടെ അഭിപ്രായം തികഞ്ഞ അബദ്ധമാണെന്ന് മനസ്സിലാകും. ദുര്‍മാര്‍ഗികളുടെ പാത പിന്തുടരുന്നതിനെയാണ് ഈ സൂക്തങ്ങളെ ല്ലാം വിലക്കിയിട്ടുള്ളത്. നീ അനുഗ്രഹിച്ചവുരെട മാര്‍ഗത്തില്‍ ഞങ്ങളെ നീ ചേര്‍ത്തുതരേണമേ എന്ന് പ്രാര്‍ഥിക്കുവാന്‍ കല്‍പിക്കുക വഴി സജ്ജനങ്ങളുടെ മാര്‍ഗം പിന്തുടരുന്നതിനെ  പ്രോത്സാഹിപ്പിക്കുകയാണ് ഖുര്‍ആന്‍ ചെയ്തിട്ടുള്ളത്. ഞങ്ങളുടെ പൂര്‍വ പിതാക്കളുടെ മാര്‍ഗമാണ് ഞങ്ങള്‍ തിരഞ്ഞെടുത്തിട്ടുള്ളതെന്ന് പറഞ്ഞ് നബിമാരെ അവഗണിക്കുകയും, എതിര്‍ക്കുകയും ചെയ്ത ജനവിഭാഗത്തെയാണ് ഖുര്‍ആന്‍ എതിര്‍ത്തിട്ടുള്ളത്. ആ എതിര്‍പ്പിനുള്ള കാര ണവും ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതായത് അവര്‍ അനുഗമിച്ചിരുന്ന മുന്‍ തലമുറ ദുര്‍ മാര്‍ഗികളായിരുന്നു. അത്കൊണ്ട് തെറ്റായ ചിന്തകളെയും, അതിന്റെ വാക്താക്കളെയും അനുകരിക്കുന്നതിനെയാണ് ഖുര്‍ആന്‍ വിലക്കിയിട്ടുള്ളത്. നബി(സ്വ)യെയും, സജ്ജനങ്ങളെയും അനുകരിക്കുവാന്‍ ഖുര്‍ആന്‍ ആജ്ഞാപിക്കുകയാണ് ചെയ്തിട്ടുള്ളത്. നിലവിലുള്ള നാല് മദ്ഹബുകളും മഹാപണ്ഢിതരും, സജ്ജനങ്ങളും, അനുകരണീയരുമായ മഹാത്മാക്കളുടെതാണ്. അത്കൊണ്ട് അവരുടെ മദ്ഹബുകള്‍ സ്വീകരിക്കുന്നതിനെ എതിര്‍ക്കേണ്ടതില്ല. തഖ്ലീദുകള്‍ അന്ധതയിലേക്ക് നയിക്കുമെന്ന വാദം ഇതോടെ പൊളിയുന്നു. നല്ലവരെ അനുഗമിക്കുമ്പോള്‍ നന്മയിലാണ് എത്തിച്ചേരുക.
ശറഈ വിജ്ഞാനങ്ങളെ വകവരുത്താനുള്ള ശ്രമമാണ് തഖ്ലീദെന്ന വാദവും അസ്ഥാനത്താണ്. അംഗീകൃത മദ്ഹബുകള്‍ പിന്തുടരുക വഴി ശരിയായ കര്‍മ ശാസ്ത്രമാണ് നാം അനുഗമിക്കുന്നത്.
തഖ്ലീദ് കാരണം പണ്ഢിതര്‍ മടിയരായിത്തീരുന്നുവെന്ന അഭിപ്രായവും ശരിയല്ല. സമകാലിക സമൂഹം തന്നെ അതിന് സാക്ഷിയാണ്. മുസ്ലിം പണ്ഢിതന്മാര്‍ എക്കാലത്തും ഏറെ സജീവമാണ്. ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന നവംനവങ്ങളായ വിഷയങ്ങളുടെ വിധി, കര്‍മ ശാ സ്ത്ര ഗ്രന്ഥങ്ങളില്‍ പരതി കണ്ടെത്തുകയെന്ന ‘ബഹ്ഥ്’ (മദ്ഹബ് എന്ന ഭാഗം നോക്കുക) ഇന്നും പണ്ഢിതന്മാര്‍ നടത്തിക്കൊണ്ടിരിക്കുകയും വിധി കണ്ടെത്തുകയും ചെയ്തു വരുന്നു. ഇങ്ങനെ മദ്ഹബുകളുടെ അടിസ്ഥാനത്തില്‍ തീര്‍പ്പ് ലഭിക്കാത്ത ഒരു സമകാലിക പ്രശനവും ഇല്ലെന്ന് തീര്‍ത്ത് പറയാം. മദ്ഹബിലെ മുജ്തഹിദുകളല്ലാത്ത പണ്ഢിതന്മാും അവരുടെ പശ്ചാത്തലത്തിലൊതുങ്ങി നിന്നുകൊണ്ട് ‘ബഹ്ഥ്’ എന്ന ഗവേഷണം നടത്തി എല്ലാ വിഷയങ്ങള്‍ ക്കും പരിഹാരം നിര്‍ദ്ദേശിച്ചുവരുന്നു. അതിനാല്‍ അവര്‍ ഒരിക്കലും നിഷ്ക്രിയരാവാനോ അല സരാവാനോ ഇടവരുന്നില്ല.
മദ്ഹബ് സ്വീകരിക്കണമെന്ന് പറയുമ്പോള്‍ ഒരാള്‍ ജീവതകാലം മുഴുവന്‍ ഒരു മദ്ഹബ് തന്നെ പിന്തുടരണമെന്ന് നിര്‍ബ്ബന്ധമില്ല. ഒരു വിഷയത്തില്‍ പൂര്‍ണമായും ഒരു മദ്ഹബിന്റെ വിധി പി ന്തുടരണമെന്നേ നിര്‍ബന്ധമുള്ളു. എന്നാല്‍ എളുപ്പം നോക്കി മദ്ഹബുകള്‍ കൂടെ കൂടെ മാറുന്നത് തെറ്റും, കുറ്റകരവുമാണ്. ഇവിടെ ആളിന്റെ ഉദ്ദേശ്യവും സന്ദര്‍ഭത്തിന്റെ അനിവാര്യതയുമാണ് പരിഗണിക്കപ്പെടേണ്ടത്. ഒരു പ്രദേശത്തുള്ളവരെല്ലാം ഒരു മദ്ഹബ് സ്വീകരിക്കുന്നത് സാ മൂഹ്യ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിന് ആ പ്രദേശത്തുകാര്‍ക്ക് സൌകര്യപ്രദമായിരിക്കും.
ഇനി യുക്തിപരമായി ചിന്തിച്ചാലും മദ്ഹബ് സ്വീകരല്‍ അനിവാര്യമായി അംഗീകരിക്കേണ്ടിവരും. ഇന്ന് ഖുര്‍ആനും, സുന്നത്തും മനസ്സിലാക്കാന്‍ കഴിയുന്ന ഏതൊരാള്‍ക്കും ഇസ്ലാമിക വിജ്ഞാനീയങ്ങളില്‍ പാണ്ഢിത്യം അവകാശപ്പെടാം. പണ്ഢിതരൊക്കെ ഇജ്തിഹാദിന് അവകാശമുള്ളവരാണെന്ന് അംഗീകരിച്ചാല്‍ ഓരോരുത്തര്‍ക്കും അവരവരുടെ അഭിപ്രായമനുസരിച്ച് പ്രവര്‍ത്തിക്കാം എന്ന് സമ്മതിക്കേണ്ടിവരും. ഉദാഹരണമായി നിസ്കാരം മൂന്ന് സമയങ്ങളിലേ നിര്‍ബ്ന്ധമുള്ളൂ; അതിന് തന്നെ പ്രത്യേക രൂപങ്ങളൊന്നും വേണ്ട; ദൈവ സ്മരണ മാത്രമെ ഉദ്ദേശ്യമുള്ളു എന്നൊക്കെ ഒരു പണ്ഢിതന്‍ വാദിച്ചാല്‍ നാം എന്ത് ചെയ്യും? ഇസ്ലാമിന്റെ ഏറ്റവും വലിയ ആധാരമായ ഖുര്‍ആനെ ഉയര്‍ത്തിപ്പിടിച്ചായിരിക്കും ഇയാള്‍ ഇങ്ങനെ വാദിക്കുന്നത്. സ്വതന്ത്ര ഇജ്തിഹാദിന്റെ വാതില്‍ മലര്‍ക്കെ തുറന്ന് കിടക്കുകയാണെന്ന് പറയുന്നവര്‍ക്ക് ഇയാളെ എതിര്‍ക്കാന്‍ ഒരവകാശവുമില്ല. പക്ഷേ, നാല് മദ്ഹബിന് പുറത്തുള്ളവ ഇന്ന് അംഗീ കരിക്കാന്‍ പാടില്ലന്ന് പറയുന്നവരെ സംബന്ധിച്ചിടത്തോളം ഇത്തരം പുതിയ വാദം കേട്ട മാത്രയില്‍ തന്നെ അനിസ്ലാമികമാണെന്ന് വിധിയെഴുതാന്‍ കഴിയും. അപ്പോള്‍ ഇസ്ലാമിക സമൂഹത്തിന്റെ അഖണ്ഡതക്കും, സമൂഹത്തില്‍ അച്ചടക്ക രാഹിത്യം വളരാതിരിക്കാനും, സാമുദായിക ഐക്യത്തിനും മദ്ഹബ് സ്വീകരിക്കല്‍ അനിവാര്യമാണ്. ഈ വസ്തുത മനസ്സലാക്കിയത് കൊ ണ്ട് തന്നെയായിരിക്കും മുസ്ലിം ലോകത്തെ അനുഗ്രഹീതരും, അഗ്രഗണ്യരുമായ പല പണ്ഢി തന്മാരും പുതിയ മദ്ഹബിന് ശ്രമിക്കാതെ നാലിലൊരു മദ്ഹബ് സ്വീകരിച്ചുകൊണ്ട് ജീവിച്ചുപോന്നത്. ഹദീസിന്റെ ഇമാമുകളായ ബുഖാരി, മുസ്ലിം, തുര്‍മുദി, അബൂദാവൂദ്(റ.ഹും) തുടങ്ങിയവരാരും സ്വതന്ത്രമായ മദ്ഹബുകളുണ്ടാക്കിയില്ല. പണ്ഢിത ശ്രേഷ്ഠരായ ഇമാം മുഹമ്മദ്(റ)വും ഇമാം യൂസുഫ്(റ)വും ഹനഫീ മദ്ഹബ്കാരായിരുന്നു. ഇമാം നവവി(റ), റാഫിഈ(റ), സുബ്കി(റ), ഗസ്സാലി(റ) തുടങ്ങിയ മഹാ പണ്ഢിതരെല്ലാം ശാഫിഈ മദ്ഹബ് പിന്‍ പറ്റിയാണ് ജീവിച്ചത്. ഖുര്‍ആനിലും ഹദീസിലും ഇവരെയൊക്കെ കവച്ചുവെക്കുന്ന പ്രതിഭാശാലികള്‍ ആധുനിക മുസ്ലിം ലോകത്ത് ഇല്ലെന്ന് തന്നെ പറയാം. അതിനാല്‍ അംഗീകൃത മദ്ഹബുകളെ പിന്‍പറ്റേണ്ടത് ഇസ്ലാമിന്റെ നിലനില്‍പിന് അനിവാര്യമാണെന്നതില്‍ സംശയമില്ല. ലോക മുസ് ലിംകളില്‍ ബഹുഭൂരിപക്ഷവും ഈ ആശയം അംഗീകരിച്ചവരാണ്.
സലഫീ ചിന്തകളില്‍ ആകൃഷ്ടനായ ഇരുപതാം നൂറ്റാണ്ടിലെ മുസ്ലിം പണ്ഢിതനാണ് സയ്യിദ് അബുല്‍ അഅ്ലാ മൌദൂദി. എന്നാല്‍ മുസ്ലിംകള്‍ നാലിലൊരു മദ്ഹബ് സ്വീകരിക്കണമെന്ന നിര്‍ബന്ധക്കാരനാണ് മൌദൂദി. അദ്ദേഹത്തിന്റെ രിസാലെ ദീനിയ്യാത്ത് എന്ന കൃതിയുടെ ഇംഗ്ളീ ഷ് പരിഭാഷയായ ടുവേഡ് അണ്ടര്‍സ്റ്റാന്‍ഡിംഗ് ഇസ്ലാം എന്ന പുസ്തകത്തിലെ 153 മുതല്‍ 155 വരെയുള്ള പേജുകളില്‍ മദ്ഹബുകളെക്കുറിച്ച് അദ്ദേഹം ഇപ്രകാരം പറയുന്നു: ഖുര്‍ആനിലും ഹദീസിലും അവഗാഹം നേടുകയും സാധാരണക്കാരായ മുസ്ലിംകള്‍ക്ക് അവരുടെ നിത്യജീ വിതം ശരീഅത്തിന് അനുയോജ്യമാം വിധം രൂപപ്പെടുത്തുന്നതിന് സൌകര്യം ചെയ്തുകൊടുക്കുവാന്‍ ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്ത പണ്ഢിതന്മാരോട് മുസ്ലിംകള്‍ എക്കാല വും നന്ദിയുള്ളവരായിരിക്കണം. ഖുര്‍ആനിലോ ഹദീസിലോ തന്നിഷ്ടപ്രകാരം ശരിയും ആധികാരികവുമായ അഭിപ്രായം പറയാനുള്ള സിദ്ധികളൊന്നും ഉള്ളവരല്ല അവരെങ്കിലും അവരുടെ ശ്രമഫലമായി മാത്രമാണ് ലോകത്തെല്ലായിടത്തുമുള്ള മുസ്ലിംകള്‍ക്ക് ശരീഅത്ത് എളുപ്പത്തില്‍ അനുഗമിക്കാന്‍ സാധിക്കുന്നത്.
തുടക്കത്തില്‍ നിരവധി പണ്ഢിതന്മാര്‍ ഇക്കാര്യത്തില്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും ഇന്ന് വെറും നാലു ചിന്താസരണികള്‍ മാത്രമെ അവശേഷിക്കുന്നുള്ളൂ. ഈ മദ്ഹബുകളെല്ലാം നബി ക്ക് ശേഷം രണ്ടുനൂറ്റാണ്ടുകള്‍ക്കുള്ളില്‍ പൂര്‍ത്തീകരിക്കപ്പെട്ടിരുന്നു. സത്യത്തിന് പല മുഖങ്ങളുമുണ്ട് എന്ന സ്വാഭാവിക തത്വത്തിന്റെ അനന്തരഫലമാണ് ഈ നാലു മദ്ഹബുകളില്‍ കാണു ന്ന ഭിന്നതക്കടിസ്ഥാനം. ഒരു സംഭവം വ്യത്യസ്ത വ്യക്തികള്‍ വിലയിരുത്തുമ്പോള്‍ അവരുടെ അറിവിന്റെ വെളിച്ചത്തില്‍ അവര്‍ അതിന് വ്യത്യസ്ത വിശദീകരണങ്ങള്‍ നല്‍കുന്നു. ഈ വ്യ ത്യസ്ത മദ്ഹബുകള്‍ക്ക് ഇന്ന് ലഭിച്ചിട്ടുള്ള അംഗീകാരത്തിന് കാരണം ആ മദ്ഹബുകളുടെ നിര്‍മാതാക്കളുടെ ഉന്നത വ്യക്തിത്വവും അവര്‍ സ്വീകരിച്ച മാര്‍ഗങ്ങളുടെ ആധികാരിക സ്വഭാവ വുമാണ്. അതുകൊണ്ടാണ് വ്യത്യസ്ത മദ്ഹബുകള്‍ സ്വീകരിച്ചവരാണെങ്കിലും എല്ലാ മുസ്ലിംകളും ശരിയും സത്യവുമാണെന്ന് അംഗീകരിക്കുന്നത്. ഫിഖ്ഹിലുള്ള ഈ നാലു മദ്ഹബുകളും സര്‍വാംഗീകൃതമാണെങ്കിലും അവയില്‍ ഒന്നുമാത്രമെ ഒരാള്‍ ജീവിതത്തില്‍ പിന്തുടരാന്‍ പാടുള്ളു. എന്നാല്‍ ജ്ഞാനികള്‍ മാര്‍ഗദര്‍ശനത്തിന് ഖുര്‍ആനും ഹദീസും നേരിട്ട് അവലംബമാക്കണമെന്ന് വിശ്വസിക്കുന്ന അഹ്ലുല്‍ഹദീസ് എന്ന ഒരു വിഭാഗമുണ്ട്. അറിവില്ലാത്തവര്‍ പ്ര ത്യേക വിഷയങ്ങളില്‍ തങ്ങള്‍ക്കിഷ്ടമുള്ളവരെ പിന്തുടരണമെന്നും അവര്‍ വിശ്വസിക്കുന്നു. മൌദൂദിയുടെ ആമുഖത്തോടെ ഖുര്‍ശിദ് അഹ്മദ് വിവര്‍ത്തനം ചെയ്ത് മര്‍ക്കസീമക്തബ്, ജമാഅത്തെ ഇസ്ലാമിഹിന്ദ് ദല്‍ഹി 1961 ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ നിന്നുള്ള ഉദ്ധരണിയാണ് മുകളില്‍ കൊടുത്തത്.
ഇത് പോലെ മുഹമ്മദ് മന്‍സ്വൂര്‍ നുഅ്മാനിയും മദ്ഹബിനനുകൂലമായി എഴുതിയിട്ടുണ്ട്. സൌ ത്ത് ആഫ്രിക്കയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന എവെയ്ക്ക് ടു ദി കാള്‍ ഓഫ് ഇസ്ലാം എന്ന മാസികയുടെ 1977 മെയ് ലക്കത്തില്‍ 16ാം പേജില്‍ മൌദൂദിയന്‍ ചിന്തകനായ നുഅ്മാനി എഴുതുന്നു: ഫിഖ്ഹ് പോലെയുള്ള രണ്ടാമത് പ്രാധാന്യമര്‍ഹിക്കുന്ന കാര്യങ്ങളിലും ഇഷ്ടം പോലെ ഇജ്തിഹാദ് നടത്തുന്ന ഇക്കാലത്ത് സലഫുസ്സ്വാലിഹുകളുടെയും ഹനഫീ, ശാഫിഈ, മാലികി, ഹമ്പലി എന്നീ പ്രശസ്ത ഇമാമുകളുടെയും മാര്‍ഗം പിന്തുടരുകയാണ് ബുദ്ധി എന്നാണ് നമ്മുടെ അഭിപ്രായം.

ഹദീസ്‌ കിട്ടിയാൽ ശാഫിഈ ഇമാമിനെ തള്ളണോ?

ഇമാം ശാഫിഈ (റ) യുടെ വസ്വിയ്യത്ത്

“ഹദീസ് സ്വഹീഹായി വന്നാല്‍ അതാണെന്റെ മദ്ഹബ്. എന്റെ അഭിപ്രായം നീ ഉപേക്ഷി ക്കുക”. ഇമാം ശാഫിഈ (റ) യുടെ ശത്രുക്കള്‍ എക്കാലത്തും ദുര്‍വ്യാഖ്യാനം ചെയ്തിട്ടുള്ള ഒരു വാചകമാണിത്. പ്രസക്തമായൊരു പരാമര്‍ശം വളരെ മോശയമായ വിശദീകരണത്തിലൂടെ തരം താഴ്ത്താനാണ് വിമര്‍ശകര്‍ ശ്രമിക്കുന്നത്. നബിയുടെ ഹദീസുകള്‍ മൊത്തം പത്ത് ലക്ഷത്തില്‍ പരമാണെന്നാണ് പണ്ഢിത മതം. ഇവ മിക്കതും മനഃപാഠമുള്ള ലോക പണ്ഢിതനാ യിരുന്നു ഇമാം ശാഫിഈ (റ). ക്രോഡീകൃതമായ രൂപത്തില്‍ ഇന്ന് ലഭ്യമാകുന്ന മൊത്തം ഹദീസുകള്‍ ഒരു ലക്ഷത്തില്‍ താഴെ മാത്രമാണ്. ഇമാം ശാഫിഈ (റ) യുടെ വസ്വിയ്യത്തിനെ കുറിച്ച്  പരിശോധിക്കാം. പണ്ഢിത ലോകത്ത് ഇത് സമഗ്രമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പ്രബലമായ തെളിവുകളുടെ പിന്‍ബലത്തോടെയാണ് എല്ലാ അഭി പ്രായങ്ങളുമെന്നാണ് പ്രമുഖരായ മിക്ക പണ്ഢിതരും അഭിപ്രായപ്പെടുന്നത്. ഇമാം ശാഫി ഈ (റ) പറഞ്ഞതിനെതിരില്‍ ഒരു ഹദീസ് സ്ഥിരപ്പെടുന്ന പ്രശ്നമില്ലന്നവര്‍ ആണയിടുന്നു. ഏതെങ്കിലും ഒരു ഹദീസ് അപ്രകാരം സ്ഥിരപ്പട്ടതായി ആരെങ്കിലും വാദിക്കുന്നുവെങ്കില്‍ അവര്‍ ഉദ്ധരിക്കുന്ന ഹദീസ് ഇമാം ശാഫിഈ (റ) കാണാതിരിക്കാന്‍ നിര്‍വ്വാഹമില്ല. പ്രസ്തുത ഹദീസ് സ്വീകരിക്കുന്നതിന് തടസ്സമാകുന്ന മറ്റു വല്ല കാരണവുമുണ്ടായതിനാ ലാണ് ഇമാം ശാഫിഈ (റ) അത് ഉപേക്ഷിക്കുന്നത്. എന്നാലും സൂക്ഷ്മതയാണ് പ്രധാനം. ഇമാം നവവി (റ) പറയുന്നു. “ഹദീസ് സ്വീകാര്യമായി വന്നാല്‍ അത് സ്വീകരിക്കുക എന്ന വാക്കിലൂടെ തന്റെ അങ്ങേയറ്റത്തെ സൂക്ഷ്മതയും വിനയവുമാണ് ഇമാം ശാഫിഈ (റ) പ്രകടിപ്പിക്കുന്നത്” (ശറഹുല്‍ മുഹദ്ദബ് 1:10). ചുരുക്കത്തില്‍, ഇമാം ശാഫിഈ (റ) പറഞ്ഞ തിനെതിരില്‍ ഹദീസുകള്‍ കണ്ടെത്തുക അത്ര എളുപ്പമല്ല. കണ്ടെത്തിയതായി പറയപ്പെ ടുന്ന ഹദീസുകള്‍ ശാഫിഈ ഇമാമിനു കിട്ടിയിട്ടില്ലെന്ന് ഖണ്ഢിതമായി പറയാന്‍ നിര്‍വാ ഹവുമില്ല. കാരണം അവ ഉപേക്ഷിക്കാന്‍ ശാഫിഈ ഇമാമിനു വ്യക്തമായ കാരണങ്ങളുണ്ടായിരിക്കാം. ഉദ്ദൃത വസ്വിയ്യത്ത് ശാഫിഈ ഇമാമിന്റെ  സൂക്ഷ്മതയും വിനയവും സൂചിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.
ശാഫിഈ ഇമാമിന്റെ വസ്വിയ്യത്തിനെ കുറിച്ച് മറ്റൊരു വിശദീകരണവും ചിലര്‍ പറഞ്ഞി ട്ടുണ്ട് “ചില മസ്അലകളില്‍ ശാഫിഈ ഇമാമിന്റെ വാക്കുകള്‍ക്കെതിരായി കൂടുതല്‍ പ്രഭലമായ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കാരണം താരതമ്യേന പ്രബലമായ ഹദീസിനെതിരിലാണ് ശാഫിഈ ഇമാമിന്റെ അഭിപ്രായമെന്നതിനാല്‍ പ്രസ്തുത മസ്അല ഒഴിവാക്കി ഹദീസിനനുസൃതമായി അവര്‍ മസ്അല സ്വീകരിച്ചിരിക്കുന്നു” (ശറഹുല്‍ മുഹദ്ദബ് 1:11).
രണ്ടാം വിഭാഗത്തിന്റെ അഭിപ്രായപ്രകാരം തന്നെ എല്ലാവര്‍ക്കും യഥേഷ്ടം എടുത്തുപ യോഗിക്കാന്‍ പറ്റുന്ന ഒരായുധമല്ല. നിശ്പ്രയാസം നടപ്പാക്കാവുന്നതുമല്ല. പത്ത് ലക്ഷത്തോളം ഹദീസ് മനഃപാഠമുള്ള ഇമാം ശാഫിഈ (റ) ഒരു ഹദീസ് കണ്ടില്ലെന്ന് പറയുന്നവന് ചില യോഗ്യതകളുണ്ടായിരിക്കണം. ഇമാം നവവി (റ) പറയുന്നു: “ഇമാം ശാഫിഈ (റ) യുടെ ഉപര്യുക്തവാക്കിന്റെ താല്‍പര്യം, അവിടത്തെ മദ്ഹബിനെതിരായി സ്വഹീഹായ ഹദീസ് കണ്ടെത്തിയ ഏതൊരാള്‍ക്കും ഹദീസില്‍ പറഞ്ഞത് തന്നെയാണ് ശാഫിഈ (റ) യുടെ മദ്ഹബെന്ന് വെച്ച് ഹദീസിന്റ ബാഹ്യമനുസരിച്ച് പ്രവര്‍ത്തിക്കാമെന്നല്ല. കാരണം, മദ്ഹബില്‍ ഒതുങ്ങിനില്‍ക്കുന്ന ഇജ്തിഹാദിന്റെ പദവിയെങ്കിലും എത്തിച്ചവരോട് മാത്ര മാണ് ആ ഉപദേശം. എന്നാല്‍ തന്നെ ആ വസ്വിയ്യത്തനുസരിച്ച് പ്രവര്‍ത്തിക്കണമെങ്കില്‍ പ്രസ്തുത ഹദീസ് ഇമാം ശാഫിഈ (റ) ക്ക് ലഭിച്ചിട്ടില്ലന്നോ അതല്ലെങ്കില്‍ അതിന്റെ പരമ്പര സ്വഹീഹായി കിട്ടിയില്ലന്നോ ഉള്ള മികച്ച ഭാവന ഉണ്ടായിരിക്കണമെന്ന നിബന്ധനയുണ്ട്. ഇമാം ശാഫിഈ (റ) യുടെയും അവരില്‍ നിന്ന് വിജ്ഞാനം കരസ്ഥമാക്കിയ അസ്വ്ഹാബി ന്റെയും സര്‍വ്വ ഗ്രന്ഥങ്ങളും പാരായണം ചെയ്തതിന് ശേഷമല്ലാതെ അത് സാധ്യവുമല്ല. ഈ കഴിവുള്ളവര്‍ വളരെ വിരളമാണ്.  ഈ നിബന്ധനയുണ്ടാവണമെന്ന് അവര്‍ നിഷ്കര്‍ ശിക്കാനുള്ള കാരണമിതാണ്. ഇമാം ശാഫിഈ (റ) അറിയുകയും കണ്ടെത്തുകയും ചെയ്ത എത്രയോ ഹദീസുകളുടെ ബാഹ്യമനുസരിച്ചുള്ള പ്രവര്‍ത്തനം ഇമാം ശാഫിഈ (റ) ഉപേ ക്ഷിച്ചിട്ടുണ്ട്. പ്രസ്തുത ഹദീസുകള്‍ രേഖയായി അവലംബിക്കുന്നതിന്ന് വൈകല്യമുണ്ടാ ക്കുന്ന കാര്യങ്ങള്‍, അവയുടെ നിയമപ്രാബല്യം ഇല്ലാതാക്കുന്ന നസ്ഖ്, ആശയ വ്യാപ്തി ചുരുക്കുന്ന തഖ്സ്വീസ്, മറ്റ് നിലക്ക് വ്യാഖ്യാനിക്കപ്പടുന്ന തഅ്വീല് തുടങ്ങിയ വല്ല കാര്യ ങ്ങളും ഉള്ളതായി ഇമാം ശാഫിഈ (റ) ക്ക് രേഖ സ്ഥിരപ്പെട്ടത് കെണ്ടാണിത്’ (ശറഹുല്‍ മുഹദ്ദബ് 1:64).

ഇമാം ഇബ്നു സ്വലാഹ് (റ) രേഖപ്പെടുത്തുന്നു: “ഇമാം ശാഫിഈ (റ) യുടെ ഉപദേശം നടപ്പിലാക്കുക അത്ര എളുപ്പമല്ല. വാക്കുകളുടെ ബാഹ്യാര്‍ഥ പ്രകാരം ഈ സാഹസിക കൃത്യ ത്തിന് ശ്രമിച്ച പ്രമുഖ പണ്ഢിതന്മാര്‍ പോലും അബദ്ധത്തില്‍ വീണിട്ടുണ്ട്.” ഉദാഹരണവും ഇബ്നു സ്വലാഹ് (റ) തന്നെ രേഖപ്പെടുത്തുന്നു. “നോമ്പുകാരന്‍ കൊമ്പ് വെപ്പിച്ചാല്‍ വെച്ചവന്റെയും വെപ്പിച്ചവന്റെയും നോമ്പ്  മുറിയില്ലെന്ന് ഇമാം ശാഫിഈ (റ) പറയുന്നു. ഇതിനെതിരില്‍ തന്റെ അസ്വ്ഹാബില്‍ പ്രമുഖനായ അബുല്‍ വലീദ് രംഗപ്രവേശം ചെയ്യുകയും, “കെമ്പ് വെച്ചവനും വെപ്പിച്ചവനും നോമ്പ്  മുറിച്ചു” എന്ന സ്വഹീഹായ ഹദീസിന്റ അടിസ്ഥാനത്തില്‍ ഇമാം ശാഫിഈ (റ) യുടെ അഭിപ്രായമൊഴിവാക്കി ഹദീസി നോട് യോജിച്ച അഭിപ്രായമാണ് ശാഫിഈ മദ്ഹബെന്ന് വാദിച്ചപ്പോള്‍ അദ്ദേഹത്തെ ഖണ്ഢിച്ചു കൊണ്ട് അന്നുള്ള പണ്ഢിതര്‍ രംഗത്തു വന്നു. അബുല്‍ വലീദ് ഉദ്ദരിച്ച ഹദീസ് പ്രബലമാണ്. പക്ഷേ, മറ്റൊരു സ്വഹീഹായ ഹദീസ് കൊണ്ട് പ്രസ്തുത ഹദീസ് ദുര്‍ബലമായിപ്പോയത് കൊണ്ടാണ് ഇമാം ശാഫിഈ (റ) അതിനെതിരില്‍ അഭിപ്രായം പ്രകടിപ്പിക്കാന്‍ കാരണം”. ഇബ്നു സ്വലാഹ് (റ) ഇങ്ങനെ തുടരുന്നു: “ശാഫിഈ മദ്ഹബിലെ ഒരു പണ്ഢിതന്‍ ഈ വസ്വിയ്യത്ത് പ്രകാരം ശാഫി (റ) യുടെ അഭിപ്രായം ഉപേക്ഷിക്കണമെങ്കില്‍ അവര്‍ സ്ഥാപിച്ച അടിസ്ഥാന നിയമങ്ങള്‍ (ഉസ്വൂല്‍) പൂര്‍ണ്ണമായും അറിയുന്നവനും തെളിവുകള്‍ അവലംബിച്ച് ഗവേഷണം നടത്താനുള്ള യോഗ്യത കൈവരിച്ചവനുമാകണം”(ഫതാവാ ഇബ്നു സ്വലാഹ്).

അല്ലാമാ നബ്ഹാനി (റ) എഴുതുന്നു. “ഈ കാലത്തുള്ളവര്‍ക്ക് ഈ കഴിവുണ്ടാവുകയെന്നത് കേവലം സങ്കല്‍പം മാത്രമാണ്. ഈ കഴിവുള്ളവര്‍ കാലങ്ങള്‍ക്കു മുമ്പേ ഇല്ലാതായെന്ന് ഇബ്നു സ്വലാഹ് (റ) തന്നെ വ്യക്തമാക്കിയിട്ടുണ്ട്”. അല്ലാമാ നബ്ഹാനി (റ) ഇങ്ങനെ തുടരുന്നു. (ഏതാനും ഹദീസുകളുടെ കഷ്ണങ്ങളുയര്‍ത്തിപ്പിടിച്ച് ഇമാം ശാഫി ഈ (റ) യെ ഖണ്ഢിച്ചു കൊണ്ട്) ‘ഇജ്തിഹാദിന് പുറപ്പെടുന്നവര്‍ വ്യക്തമായ പിഴവിലാണ്. അവരുടെ അജ്ഞത ഊഹിക്കാവുന്നതേയുള്ളൂ. ശാഫിഈ (റ) യുടെ അഭിപ്രായത്തിനെതിരില്‍ ഒരു ഹദീസുദ്ധരിക്കാന്‍ കഴിയുന്നവര്‍ ഹിജ്റഃ ഏഴാം നൂറ്റാണ്ടുകാരനായ ഇബ്നു സ്വലാഹിന്റെയും മുമ്പ് അവസാനിച്ചിട്ടുണ്ട്’ (ജാമിഉ കറാമാത്തില്‍ ഔലിയാഅ് 1:167).

ഇമാം ശാഫിഈ (റ) യുടെ വസ്വിയ്യത്തനുസരിച്ച് ഒരു മസ്അല തള്ളാനും കൊള്ളാനു മുള്ള അധികാരം അസ്വ്ഹാബുല്‍ വുജൂഹിലും തര്‍ജീഹിന്റെ മുജ്തഹിദുളിലും നിക്ഷിപ്തമാണ്. ഇവരില്‍ അസ്വ്ഹാബിന്റെ കാലഘട്ടം ഹിജ്റഃ നാലാം നൂറ്റാണ്ടോടെ അവ സാനിച്ചു. തര്‍ജീഹിന്റെ മുജ്തഹിദുകളില്‍ അവസാനത്തവര്‍ ഇമാം നവവി (റ), ഇമാം റാഫിഈ (റ) എന്നിവരാണെന്ന് ഇബ്നു ഹജര്‍ (റ) ഫതാവയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

"എന്റെ വാക്കിന് എതിര് ഹദീസ് കണ്ടാൽ---"
ഇമാം ശാഫിഈ(റ)ന്റെ ഈ വാക്ക് കേള്‍ക്കാത്തവരുണ്ടാവില്ല. മുജാഹിദുകള്‍ മദ് ഹബ് അംഗീകരിക്കാതിരിക്കാൻ ഉപയോഗിക്കുന്ന ഒരു പൊടിക്കൈ ആണ് ഇത്. എന്നാൽ ഇമാം ശാഫിഈ(റ)യുടെ ഈ വാക്ക് ആരോടാണ് എന്ന് നമുക്ക് നോക്കാം.....
ഈ വാക്കിനെ കുറിച്ച് ഇമാം നവവി(റ) പറയുന്നു....

* ﻓﺼﻞ ﺻﺢ ﻋﻦ ﺍﻟﺸﺎﻓﻌﻲ ﺭﺣﻤﻪ ﺍﻟﻠﻪ ﺃﻧﻪ ﻗﺎﻝ ﺇﺫﺍ ﻭﺟﺪﺗﻢ ﻓﻲ ﻛﺘﺎﺑﻲ ﺧﻼﻑ ﺳﻨﺔ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻘﻮﻟﻮﺍ ﺑﺴﻨﺔ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻭﺩﻋﻮﺍ ﻗﻮﻟﻲ: ﻭﺭﻭﻱ ﻋﻨﻪ ﺇﺫﺍ ﺻﺢ ﺍﻟﺤﺪﻳﺚ ﺧﻼﻑ ﻗﻮﻟﻲ ﻓﺎﻋﻤﻠﻮﺍ ﺑﺎﻟﺤﺪﻳﺚ ﻭﺍﺗﺮﻛﻮﺍ ﻗﻮﻟﻲ ﺃﻭ ﻗﺎﻝ ﻓﻬﻮ ﻣﺬﻫﺒﻲ ﻭﺭﻭﻱ ﻫﺬﺍ ﺍﻟﻤﻌﻨﻰ ﺑﺄﻟﻔﺎﻅ ﻣﺨﺘﻠﻔﺔ: ﻭﻗﺪ ﻋﻤﻞ ﺑﻬﺬﺍ ﺃﺻﺤﺎﺑﻨﺎ ﻓﻲ ﻣﺴﺄﻟﺔ ﺍﻟﺘﺜﻮﻳﺐ ﻭﺍﺷﺘﺮﺍﻁ ﺍﻟﺘﺤﻠﻞ ﻣﻦ ﺍﻹﺣﺮﺍﻡ ﺑﻌﺬﺭ ﺍﻟﻤﺮﺽ ﻭﻏﻴﺮﻫﻤﺎ ﻣﻤﺎ ﻫﻮ ﻣﻌﺮﻭﻑ ﻓﻲ ﻛﺘﺐ ﺍﻟﻤﺬﻫﺐ ﻭﻗﺪ ﺣﻜﻰ ﺍﻟﻤﺼﻨﻒ ﺫﻟﻚ ﻋﻦ ﺍﻷﺻﺤﺎﺏ ﻓﻴﻬﻤﺎ
* ﻭﻣﻤﻦ ﺣﻜﻰ ﻋﻨﻪ ﺃﻧﻪ ﺃﻓﺘﻰ ﺑﺎﻟﺤﺪﻳﺚ ﻣﻦ ﺃﺻﺤﺎﺑﻨﺎ ﺃﺑﻮ ﻳﻌﻘﻮﺏ ﺍﻟﺒﻮﻳﻄﻲ ﻭﺃﺑﻮ ﺍﻟﻘﺎﺳﻢ ﺍﻟﺪﺭﺍﻛﻲ ﻭﻣﻤﻦ ﻧﺺ ﻋﻠﻴﻪ ﺃﺑﻮ ﺍﻟﺤﺴﻦ ﺇﻟﻜﻴﺎ ﺍﻟﻄﺒﺮﻱ ﻓﻲ ﻛﺘﺎﺑﻪ ﻓﻲ ﺃﺻﻮﻝ ﺍﻟﻔﻘﻪ ﻭﻣﻤﻦ ﺍﺳﺘﻌﻤﻠﻪ ﻣﻦ ﺃﺻﺤﺎﺑﻨﺎ ﺍﻟﻤﺤﺪﺛﻴﻦ ﺍﻹﻣﺎﻡ ﺃﺑﻮ ﺑﻜﺮ ﺍﻟﺒﻴﻬﻘﻲ ﻭﺁﺧﺮﻭﻥ: ﻭﻛﺎﻥ ﺟﻤﺎﻋﺔ ﻣﻦ ﻣﺘﻘﺪﻣﻲ ﺃﺻﺤﺎﺑﻨﺎ ﺇﺫﺍ ﺭﺃﻭﺍ ﻣﺴﺄﻟﺔ ﻓﻴﻬﺎ ﺣﺪﻳﺚ ﻭﻣﺬﻫﺐ ﺍﻟﺸﺎﻓﻌﻲ ﺧﻼﻓﻪ ﻋﻤﻠﻮﺍ ﺑﺎﻟﺤﺪﻳﺚ ﻭﺃﻓﺘﻮﺍ ﺑﻪ ﻗﺎﺋﻠﻴﻦ ﻣﺬﻫﺐ ﺍﻟﺸﺎﻓﻌﻲ ﻣﺎ ﻭﺍﻓﻖ ﺍﻟﺤﺪﻳﺚ ﻭﻟﻢ ﻳﺘﻔﻖ ﺫﻟﻚ ﺇﻻ ﻧﺎﺩﺭﺍ ﻭﻣﻨﻪ ﻣﺎ ﻧﻘﻞ ﻋﻦ ﺍﻟﺸﺎﻓﻌﻲ ﻓﻴﻪ ﻗﻮﻝ ﻋﻠﻰ ﻭﻓﻖ ﺍﻟﺤﺪﻳﺚ:

ഇമാം ശാഫിഈ(റ)യെ തൊട്ട് സ്തിരപ്പെട്ട് വന്നിട്ടുണ്ട്. എന്റെ കിതാബിൽ റസൂൽ(സ)യുടെ സുന്നത്തിന് എതിര് നിങ്ങൾ കണ്ടാൽ ആ സുന്നത്ത് കൊണ്ട് നിങ്ങൾ പറയുക. എന്റെ വാക്കിനെ നിങ്ങൾ ഉപേക്ഷിക്കുക; വീണ്ടും റിപ്പോർട്ട് ചെയ്യപ്പെട്ടു എന്റെ വാക്കിനെതിരെ ഹദീസ് സ്വഹീഹായി വന്നാൽ ആ ഹദീസ് കൊണ്ട് നിങ്ങൾ പ്രവർത്തിക്കുക. എന്റആയവാക്ക് നിങ്ങൾ ഉപേക്ഷിക്കുക./അതാണ് എന്റെ മദ്-ഹബ്. ഈ അർത്ഥത്തിലുളള പല റിപ്ലോർട്ടുകളും ഉണ്ട്.നമ്മുടെ അസ് ഹാബ് ഇത് കൊണ്ട് പല വിശയങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. സുബ് ഹ് ബാങ്കിലെ തസ് വീബ്, രോഗത്തിന്റെ കാരണം കൊണ്ട് ഇഹ്രാമിൽ നിന്ന് തഹല്ലുൽ ആവുമ്പോഴുളള നിബന്ധനകൾ എന്നിവ പോലെ മദ് ഹബിൽ അറിയപ്പെട്ട മറ്റു ചില കാര്യങ്ങൾ.
തുടർന്ന് പറയുന്ന ഭാഗം പ്രത്യേകം ശ്രദ്ധിക്കുക...

ﻭﻫﺬﺍ ﺍﻟﺬﻱ ﻗﺎﻟﻪ ﺍﻟﺸﺎﻓﻌﻲ ﻟﻴﺲ ﻣﻌﻨﺎﻩ ﺍﻥ ﻛﻞ ﺃﺣﺪ ﺭﺃﻯ ﺣﺪﻳﺜﺎ ﺻﺤﻴﺤﺎ ﻗﺎﻝ ﻫﺬﺍ ﻣﺬﻫﺐ ﺍﻟﺸﺎﻓﻌﻲ ﻭﻋﻤﻞ ﺑﻈﺎﻫﺮﻩ: ﻭﺇﻧﻤﺎ ﻫﺬﺍ ﻓﻴﻤﻦ ﻟﻪ ﺭﺗﺒﺔ ﺍﻻﺟﺘﻬﺎﺩ ﻓﻲ ﺍﻟﻤﺬﻫﺐ ﻋﻠﻰ ﻣﺎ ﺗﻘﺪﻡ ﻣﻦ ﺻﻔﺘﻪ ﺃﻭ ﻗﺮﻳﺐ ﻣﻨﻪ: ﻭﺷﺮﻃﻪ ﺃﻥ ﻳﻐﻠﺐ ﻋﻠﻰ ﻇﻨﻪ ﺃﻥ ﺍﻟﺸﺎﻓﻌﻲ ﺭﺣﻤﻪ ﺍﻟﻠﻪ ﻟﻢ ﻳﻘﻒ ﻋﻠﻰ ﻫﺬﺍ ﺍﻟﺤﺪﻳﺚ ﺃﻭ ﻟﻢ ﻳﻌﻠﻢ ﺻﺤﺘﻪ: ﻭﻫﺬﺍ ﺇﻧﻤﺎ ﻳﻜﻮﻥ ﺑﻌﺪ ﻣﻄﺎﻟﻌﺔ ﻛﺘﺐ ﺍﻟﺸﺎﻓﻌﻲ ﻛﻠﻬﺎ ﻭﻧﺤﻮﻫﺎ ﻣﻦ ﻛﺘﺐ ﺃﺻﺤﺎﺑﻪ ﺍﻵﺧﺬﻳﻦ ﻋﻨﻪ ﻭﻣﺎ ﺃﺷﺒﻬﻬﺎ ﻭﻫﺬﺍ ﺷﺮﻁ ﺻﻌﺐ ﻗﻞ ﻣﻦ ﻳﻨﺼﻒ ﺑﻪ: ﻭﺇﻧﻤﺎ ﺍﺷﺘﺮﻃﻮﺍ ﻣﺎ ﺫﻛﺮﻧﺎ ﻷﻥ ﺍﻟﺸﺎﻓﻌﻲ ﺭﺣﻤﻪ ﺍﻟﻠﻪ ﺗﺮﻙ ﺍﻟﻌﻤﻞ ﺑﻈﺎﻫﺮ ﺃﺣﺎﺩﻳﺚ ﻛﺜﻴﺮﺓ ﺭﺁﻫﺎ ﻭﻋﻠﻤﻬﺎ ﻟﻜﻦ ﻗﺎﻡ ﺍﻟﺪﻟﻴﻞ ﻋﻨﺪﻩ ﻋﻠﻰ ﻃﻌﻦ ﻓﻴﻬﺎ ﺃﻭ ﻧﺴﺨﻬﺎ ﺃﻭ ﺗﺨﺼﻴﺼﻬﺎ ﺃﻭ ﺗﺄﻭﻳﻠﻬﺎ ﺃﻭ ﻧﺤﻮ ﺫﻟﻚ:

സഹീഹായ ഹദീസ് കണ്ട എല്ലാവരും ഇപ്രകാരം ചെയ്യുകയും ഹദീസിന്റെ ഭാഹ്യമനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യണം എന്നല്ല ഈ വാക്കിന്റെ അർത്ഥം. മറിച്ച്; മദ് ഹബിൽ ഗവേഷണത്തിന്റെ പതവി എത്തിച്ചവരോ/തത്വുല്യ പതവി പ്രാപിച്ചവരോ ആയവർക്കാണ് ശാഫിഈ ഇമാമിന്റെ ഈ വാക്ക് ബാധകമാവുകയുളളു. ഈ പതവിക്കുളള യോഗ്യത താഴെ;-
ഇമാം ശാഫിഈ(റ) ഈ ഹദീസ് കണ്ടിട്ടില്ല എന്നോ/സഹീഹ് ആണെന്ന് അറിഞ്ഞിട്ടില്ല എന്നോ അവന്റെ ഭാവനയിൽ മികച്ചുവരണം. ഈ യോഗ്യത കൈവരിക്കാൻ വളരെ പ്രയാസമാണ്. ഇമാം ശാഫിഈ(റ)ന്റെ മുഴുവൻ കിതാബും, അനുചരന്മാരുടെ കിതാബുകളും അതു പോലെ മറ്റു കിതാബുകളും പാരായണം ചെയ്തിരിക്കണം... കാരണം പല സ്വഹീഹായ ഹദീസുകളുടെയും ഭാഹ്യാർത്ഥം അനുസരിച്ച് ശാഫിഈ ഇമാം പ്രവർത്തിച്ചിട്ടില്ലായിരിക്കാം. അതിന് പല കാരണങ്ങള്‍ ഉണ്ട്.അത് ചിലപ്പോള്‍ ആ ഹദീസ് മൻസൂഖ് ആയത് കൊണ്ടോ/ ഖാസ്സ് ആയ്ത് കൊണ്ടോ/ വേറെ ത അവീൽ ഉളളത് കൊണ്ടോ മറ്റു കാരണങ്ങള്‍ കൊണ്ടോ ആയിരിക്കാം.
(ശർഹുൽ മുഹദ്ദബ്) 

മദ്ഹബിന്റെ ഇമാമുകള്‍

മദ്ഹബിന്റെ ഇമാമുകള്‍
____________________________
മദ്ഹബിന്റെ ഇമാമുകള്‍ നാലുപേരാണ്. ഇവരില്‍ പ്രഥമന്‍ അബൂഹനീഫ (റ)യാണ്. ഹിജ്റ 80 ലാണ് അദ്ദേഹത്തിന്റെ ജനനം. മഹാന്മാരായ സ്വഹാബത്തില്‍ പലരും ജീവിച്ചിരിപ്പുള്ള കാലഘട്ടമായിരുന്നു അത്. വിജ്ഞാനങ്ങളിലും ഭക്തിയിലും ലോക പ്രസിദ്ധരായ അബ്ദുല്ലാഹിബ്നു മുബാറക്, ഇമാം ലൈസ്, ഇമാം മാലിക് തുടങ്ങിയവര്‍ ഇദ്ദേഹത്തിന്റെ ശിഷ്യന്മാരത്രെ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അധിവസിക്കുന്ന ഇദ്ദേഹത്തിന്റെ അനുയായികള്‍ ‘ഹനഫികള്‍’ എന്ന പേരില്‍ അറിയപ്പെടുന്നു. ഹിജ്റ 150 ല്‍ അദ്ദേഹം മരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ മദ്ഹബ് പടര്‍ന്നു പന്തലിച്ചിട്ടുണ്ടായിരുന്നു.
അബൂ ഹനീഫ (റ) യുടെ ശിഷ്യനായ ഇമാം മാലിക് (റ) അവര്‍കളാണ് ദ്വിതീയന്‍. ഹിജ്റ 95 ല്‍ അദ്ദേഹം ജനിച്ചു. 179 ല്‍ വഫാതായി. അദ്ദേഹം എഴുന്നൂറോളം ഗുരുവര്യരില്‍ നിന്ന് വിജ്ഞാന സമ്പാദനം നടത്തിയിട്ടുണ്ട്. അവരില്‍ മുന്നൂറ് പേര്‍ താബിഉകളായിരുന്നു. എഴുപതു പണ്ഢിതന്മാര്‍ ഫത്വാ നല്‍കുന്നതിന് താന്‍, അര്‍ഹനായിട്ടുണ്ടെന്ന് സാക്ഷ്യം വഹിച്ച ശേഷം മാത്രമാണ് ഫത്വാ നല്‍കാന്‍ തുടങ്ങിയത്. ഒരു രാജാവിന്റെ പടിവാതില്‍ക്കലെന്ന പോലെ വിജ്ഞാന ദാഹികളായി ശിഷ്യന്മാര്‍ ഹദീസും ഫിഖ്ഹും പഠിക്കുന്നതിനു വേണ്ടി അദ്ദേഹത്തിന്റെ വാതില്‍ക്കല്‍ തടിച്ചു കൂടാറുണ്ടായിരുന്നു. ഇമാം ശാഫിയെപ്പോലെയുള്ള പല മഹാപണ്ഢിതന്മാരും അദ്ദേഹത്തിന്റെ ശിഷ്യരില്‍ പെടുന്നു. ഇമാമിന്റെ ഗുരുനാഥന്മാരില്‍ സിംഹഭാഗവും പിന്നീട് അദ്ദേഹത്തിന്റെ ശിഷ്യന്മാരായിത്തീര്‍ന്നു എന്നത് അദ്ദേഹത്തിന്റെ സവിശേഷതയത്രെ. അനേക വര്‍ഷം മദീനയില്‍ പരിശുദ്ധ ദീന്‍ അധ്യാപനം ചെയ്തു കൊണ്ടിരുന്നു.
തൃതീയ മദ്ഹബുകാരനായ ഇമാം ശാഫി (റ), മാലിക് (റ) അവര്‍കളുടെ പ്രധാന ശിഷ്യനാണ്. ഹിജ്റ 150 ല്‍ ഖുറൈശ് ഗോത്രത്തിലെ മുത്ത്വലിബ് വംശത്തില്‍ ജനിച്ചു. ജനനം ഗസ്സായിലാണെങ്കിലും രണ്ടു വയസ്സുള്ളപ്പോള്‍ മക്കയില്‍ കൊണ്ടുവന്നു. ഏഴാം വയസ്സില്‍ തന്നെ വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ ഇമാം ശാഫി, പത്താമത്തെ വയസ്സില്‍ ഇമാം മാലിക്കിന്റെ മുവത്വ എന്ന ഹദീസു ഗ്രന്ഥം മനഃപാഠമാക്കുകയുണ്ടായി. ഒമ്പതിനായിരത്തി അഞ്ഞൂറു ഹദീസുകളുള്ള ഒരു ബൃഹത്തായ കിതാബായിരുന്നു അത്. ആയിരത്തി എഴുനൂറു ഹദീസുകള്‍ മാത്രമുള്ള ഇന്നത്തെ ‘മുവത്വാമാലിക്’  അതിന്റെ സംക്ഷേപം മാത്രമാണ്. ഹ്രസ്വകാലം കൊണ്ടു തന്നെ അദ്ദേഹം, വിജ്ഞാനത്തിലും ഇബാദത്തിലും ഐഹിക വിരക്തിയിലും ബുദ്ധി വൈഭവത്തിലും ഓര്‍മ ശക്തിയിലും നേതാക്കളില്‍ നേതാവും വിശ്രുതരില്‍ വിശ്രുതനുമായിത്തീര്‍ന്നു. പതിനഞ്ചാമത്തെ വയസ്സില്‍ തന്നെ തന്റെ ഗുരുവര്യനും മക്കാ മുഫ്തിയുമായ മുസ്ലിമുബിന്‍ ഖാലിദ് ഫത്വാ നല്‍കുന്നതിനനുമതി നല്‍കുകയുണ്ടായി. ഗുരനാഥനായ ഇമാം മാലിക് അദ്ദേഹത്തെ അത്യധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. ഒരവസരം അദ്ദേഹം പറഞ്ഞു : “അല്ലാഹുവെ ഭയപ്പെടുക. നിനക്ക് മഹത്തായ ഭാവിയുണ്ട്.”
വിജ്ഞാന ദാഹിയായി മദീനയിലെത്തിയ അദ്ദേഹം, ഇമാം മാലിക്കിന്റെ ശിഷ്യത്വം സ്വീകരിച്ചു കൊണ്ട് ദീര്‍ഘകാലം അവിടെ താമസിച്ചു. ഇമാം മാലിക്കിന്റെ മരണ ശേഷം ബഗ്ദാദില്‍ എത്തിച്ചേര്‍ന്നു. വിജ്ഞാന സമ്പാദനവും പ്രചാരണവും ഗ്രന്ഥരചനയുമായിരുന്നു പ്രധാന ജോലി. ഹിജ്റ 199 ല്‍ ഈജിപ്തിലെത്തി. തന്റെ മദ്ഹബിനു അന്തിമരൂപം നല്‍കിയതു ഇവിടെ വച്ചാണ്. പണ്ഢിത ശിരോമണികളുടെ കണ്ണിലുണ്ണിയായി വളര്‍ന്ന് വന്ന ഇമാം ശാഫി (റ), സകലരെയും ദുഃഖത്തിലാഴ്ത്തി ഹിജ്റ 204 ല്‍ ഈ ലോകത്തോട് വിടചൊല്ലി. നാല്‍പതോളം ഗ്രന്ഥങ്ങള്‍ മഹാന്മാരായ പൂര്‍വിക പണ്ഢിതന്മാര്‍, ഇമാം ശാഫിയുടെ അപദാനങ്ങളെ പ്രകീര്‍ത്തിച്ച് കൊണ്ട് എഴുതിയിട്ടുണ്ട്.
ഇമാം ശാഫിയുടെ പ്രധാന ശിഷ്യനായഅഹ്മദുബിന്‍ ഹമ്പല്‍ (റ) ആണ് ചതുര്‍ മദ്ഹബിന്റെ ഇമാമുകളില്‍ നാലാമന്‍. ഇസ്ലാമിക കര്‍മ ശാസ്ത്രത്തിലും ഹദീസിലും സൂക്ഷ്മതയിലും ഭക്തിയിലും ഇബാദത്തിലും മുന്നിലായിരുന്നു ഇമാം. ഹിജ്റ 164 ല്‍ ബഗ്ദാദില്‍ ജനിച്ച ഇമാം ബഗ്ദാദിലെ പണ്ഢിത പ്രമുഖരില്‍ നിന്നെല്ലാം അറിവു നേടിക്കഴിഞ്ഞതിനു ശേഷം വിജ്ഞാനസുധയും തേടി മക്ക, മദീന, കൂഫ, ബസ്വറ, യമന്‍ ശാം മുതലായ സ്ഥലങ്ങളിലെല്ലാം ഊരു ചുറ്റിയിട്ടുണ്ട്. അസാമാന്യമായ ഓര്‍മ ശക്തിയുടെ ഉടമയായ അദ്ദേഹം പത്തുലക്ഷം ഹദീസ് മനഃപാഠമാക്കിയിട്ടുണ്ടായിരുന്നു. ബുഖാരി, മുസ്ലിം, അബൂദാവൂദ് തുടങ്ങിയ ഹദീസ് പണ്ഢിതന്മാര്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. ഹിജ്റ 241 ല്‍ അദ്ദേഹത്തിന്റെ സേവന നിരതമായ ജീവിതത്തിനു തിരശ്ശീല വീണു. ജനം അണപൊട്ടിയൊഴുകി. ഇരുപത്തിയഞ്ച് ലക്ഷം മുസ്ലിംകള്‍ ഒന്നിച്ചു അദ്ദേഹത്തിന്റെ പേരില്‍ ജനാസ നിസ്കാരം നടത്തി. മഹാനായ അഹ്മദുബിന്‍ ഹമ്പലിന്റെ അനുയായികളായി ഹമ്പലികള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ധാരാളമുണ്ട്.
അറിവിന്റെ നിറകുടങ്ങള്‍
മദ്ഹബിന്റെ ഇമാമുകള്‍ വിജ്ഞാന ശാഖകളിലെന്ന പോലെ ഹദീസിലും അഗാധ പാണ്ഢിത്യമുള്ളവരായിരുന്നു. അവരില്‍ അവസാനത്തെ ആളായ അഹ്മദ്ബ്നു ഹമ്പലിനു തന്നെ പത്തുലക്ഷം ഹദീസ് മനഃപാഠമുണ്ടായിരുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ ഗുരുനാഥനായ ഇമാം ശാഫിക്കും അവരുടെ ഗുരുനാഥനായ ഇമാം മാലികിനും അവരുടെ ഗുരുവായ ഇമാം അബൂഹനീഫക്കും ഹദീസ് വിജ്ഞാനത്തില്‍ എത്രമാത്രം പാണ്്ഢിത്യമുണ്ടായിരുന്നു എന്ന് ഊഹിക്കേണ്ടതാണ്. ഹദീസ് പണ്ഢിതന്മാരില്‍ പ്രമുഖനും വിശ്രുതനുമായ ഇമാം ബുഖാരിക്കു തന്നെ ആറുലക്ഷം ഹദീസുകളേ വശമുണ്ടായിരുന്നുള്ളൂ.
പില്‍ക്കാലത്തു ഹദീസ് ഗ്രന്ഥങ്ങള്‍ നിലവില്‍ വന്നുവെങ്കിലും നബി (സ്വ) യില്‍ നിന്നും പരമ്പരാഗതമായി മഹാപണ്ഢിതന്മാര്‍ പഠിച്ചു വന്നിരുന്ന ഹദീസുകള്‍ മുഴുവന്‍ ഗ്രന്ഥങ്ങളില്‍ സ്ഥലം പിടിച്ചിട്ടില്ല. ഇമാം സുയൂഥി (റ) പ്രഗത്ഭനായ പണ്ഢിതനും ഗ്രന്ഥകാരനുമായിരുന്നു. അദ്ദേഹത്തിന്റെ മികവുറ്റ ഗ്രന്ഥങ്ങള്‍ അഞ്ഞൂറിലധികം വരുമെന്ന് അല്ലാമാ കുര്‍ദി (റ) അദ്ദേഹത്തിന്റെ ഫതാവ (പേജ് 257) യില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മഹാ പണ്ഢിതനു പോലും രണ്ടു ലക്ഷം ഹദീസുമാത്രമേ അറിയുമായിരുന്നുള്ളൂ. അദ്ദേഹം പറയുന്നു : ഇതില്‍ കൂടുതല്‍ കണ്ടെത്തിച്ചുവെങ്കില്‍ അതു ഞാന്‍ ഹൃദിസ്ഥമാക്കുമായിരുന്നു. (അശദ്ദുല്‍ ഇജ്തിഹാദ് പേജ് 31).
ഇന്നു നിലവിലുള്ള ഹദീസ് ഗ്രന്ഥങ്ങളെല്ലാം ഒരാള്‍ മനഃപാഠമാക്കിയാല്‍ തന്നെ ശാഫീ മദ്ഹബുകാരനായ ഇമാം സുയൂഥിയുടെ ഹദീസ് പാണ്ഢിത്യം പോലും നേടാന്‍ കഴിയില്ല. കാരണം നമ്മുടെ മുമ്പിലുള്ള ഹദീസുകള്‍ വളരെ കുറവാണ്. വിശ്രുത ഹദീസ് ഗ്രന്ഥമായ ബുഖാരിയില്‍ തന്നെ ആവര്‍ത്തനമൊഴിച്ചാല്‍ 2,761 ഹദീസുകളേ ഉള്ളുവെന്ന് ഇബ്നു ഹജറില്‍ അസ്ഖലാനി (റ) തന്റെ ഹദ്യുസ്സാരി എന്ന ഗ്രന്ഥത്തില്‍ (പേജ് 465) സമര്‍ഥിച്ചിട്ടുണ്ട്. നാലായിരം എന്നു ചിലര്‍ പറഞ്ഞിട്ടുണ്ടെങ്കിലും അതു ശരിയല്ലെന്നു അദ്ദേഹം സുദീര്‍ഘമായ ചര്‍ച്ചയിലൂടെ തെളിയിച്ചിരിക്കുന്നു. സ്വഹീഹു മുസ്ലിമില്‍ ആവര്‍ത്തനമൊഴിച്ചാല്‍ നാലായിരം ഹദീസുകളാണുള്ളത് (മിര്‍ഖാത്ത് 1-19). അവയില്‍ ഒട്ടേറെ ഹദീസുകള്‍ ബുഖാരിയില്‍ ഉദ്ധരിച്ചവ തന്നെയാണ്.
ഇപ്രകാരം തന്നെയാണ് മറ്റു ഹദീസു ഗ്രന്ഥങ്ങളുടെയും നില. ചുരുക്കത്തില്‍ മദ്ഹബിന്റെ ഇമാമുകളുടെ അത്ര വിവരമുള്ള ഒരു പണ്ഢിതന്‍ ഇനി വരില്ല. അന്ത്യദിനം വരെ ഉണ്ടാവില്ല. ഉണ്ടാവാന്‍ മാര്‍ഗമില്ല. അതു കൊണ്ട് തന്നെ അറിവും തഖ്വയും വിവേകവുമുള്ളവരൊക്കെ ആ വിജ്ഞാന സമുദ്രങ്ങളെ പിന്‍പറ്റി ജീവിച്ചു. ഈ ആജ്ഞതയുടെയും ഫിത്നയുടെയും യുഗത്തില്‍ ജീവിക്കുന്ന നാം അവരെ വിട്ടു സ്വയം ഗവേഷണം നടത്തിയാല്‍ എന്തായിരിക്കും ഭവിഷ്യത്ത്?

തഖ്ലീദ് പണ്ഡിത പൂജയോ ?

തഖ്ലീദ് പണ്ഢിത പൂജയല്ല

____________________________
സ്രഷ്ടാവായ അല്ലാഹുവിനു മാത്രമേ ശാസനാധികാരമുള്ളു. അവന്റെ പ്രവാചകന്‍ എന്ന നിലയില്‍ നബി (സ്വ) യുടെ വിധി വിലക്കുകളും അംഗീകരിക്കണം. പാപസുരക്ഷിതത്വവും അപ്രമാദിത്വവും അല്ലാഹു നല്‍കിയതു കൊണ്ട് നിരുപാധികം തിരുമേനിയെ അനുസരിക്കാവുന്നതാണ്. അല്ല; അനുസരിച്ചേ തീരൂ.
അല്ലാഹുവിന്റെ നിയമങ്ങളില്‍ മാറ്റത്തിരുത്തലുകള്‍ വരുത്താനും സ്വയം നിയമ നിര്‍മാണം നടത്താനും പണ്ഢിതന്മാര്‍ക്കധികാരമുണ്ടെന്നായിരുന്നു പൂര്‍വ വേദക്കാരുടെ വിശ്വാസം. അതു കൊണ്ടാണ് അവരുടെ അനുകരണം പണ്ഢിത പൂജയായിത്തീര്‍ന്നത്. റബ്ബുകളാക്കി എന്നു പറഞ്ഞിട്ടുള്ളതും അതു കൊണ്ട് തന്നെ. “ഞങ്ങള്‍ അവരെ ആരാധിക്കുന്നില്ലല്ലോ എന്നു ആദ്യം ഒരു ക്രിസ്ത്യാനിയായിരുന്ന അദിയ്യുബിന്‍ ഹാത്വിം (റ) സംശയമുന്നയിച്ചപ്പോള്‍ നബി (സ്വ) ഇപ്രകാരം ചോദിക്കുകയുണ്ടി; “അല്ലാഹു അനുവദിച്ചതു അവര്‍ ഹറാമാക്കുമ്പോള്‍ നിങ്ങളത് ഹറാമായി ഗണിക്കുകയും അല്ലാഹു ഹറാമാക്കിയതു അവന്‍ ഹലാലാക്കുമ്പോള്‍ നിങ്ങളതു ഹലാലായി ഗണിക്കുകയും ചെയ്യാറില്ലേ?” ‘അതെ’ എന്നു അദിയ്യ് സമ്മതിച്ചപ്പോള്‍ തിരുമേനി പറഞ്ഞു : അതു അവരെ ആരാധിക്കല്‍ തന്നെയാണ് (ഇബ്നു ജരീര്‍ വാല്യം 10 പേജ് 114).
എന്നാല്‍, ഹലാല്‍ ഹറാമാക്കുവാനോ ഹറാം ഹലാലാക്കുവാനോ പണ്ഢിതന്മാര്‍ക്ക ധികാരമുണ്ടെന്ന് അജ്ഞരില്‍ അജ്ഞനായ ഒരു മുസ്ലിം പോലും വിശ്വസിക്കുന്നില്ല. അങ്ങനെ വിശ്വസിക്കല്‍ കുഫ്റും ശിര്‍ക്കുമാണ്. അല്ലാമാ ശാഹ് വലിയുല്ലാഹി (റ) പറയുന്നത് കാണുക :”ഒരാള്‍ നബി (സ്വ) പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ മാത്രം മതമായംഗീകരിക്കുകയും അല്ലാഹു അനുവദിച്ചതു മാത്രം ഹലാലായും അവര്‍ നിഷിദ്ധമാക്കിയതു മാത്രം ഹറാമായും വിശ്വസിക്കുകയും ചെയ്യുന്നു. പക്ഷേ, നബിയുടെ പ്രസ്താവനകളെയും അവയില്‍ വൈരുദ്ധ്യം തോന്നിക്കുന്നവയുടെ സംയോജനത്തെയും, അവയില്‍ ഗവേഷണം ചെയ്തു വിധികള്‍ ആവിഷ്കരിക്കുന്നതിന്റെ വഴിയെയും സംബന്ധിച്ചു അറിയാതെ വന്നപ്പോള്‍ സന്മാര്‍ഗ ദര്‍ശകനായ ഒരു പണ്ഢിതനെ അവര്‍ അനുഗമിച്ചു. അതാകട്ടെ, ആ പണ്ഢിതന്‍ ഫത്വയിലും വിധിയിലും ബാഹ്യത്തില്‍ യാഥാര്‍ഥ്യം കണ്ടെത്തിയവനും അല്ലാഹുവിന്റെ പ്രവാചകന്റെ സുന്നത്തിനെ അനുധാവനം ചെയ്തവനുമാണെന്ന വിശ്വാസത്തോടു കൂടിയാണ്. ഈ അനുകരണം കുറ്റകരമല്ല.” (ഹുജ്ജത്തല്ലാഹില്‍ ബാലിഗ : 1-156)...

മദ് ഹബ് സ്വീകരിക്കൽ നിർബന്ധം

മദ് ഹബ് സ്വീകരിക്കൽ നിർബന്ധം

_______________________________
തിരുനബി (സ്വ) യുടെ ജീവിത രീതി ഒപ്പിയെടുത്ത യഥാര്‍ഥ മാതൃകാ പുരഷരാണ് സ്വഹാബഃ. അവരുടെ സുവര്‍ണകാലത്ത് മുജ്തഹിദുകള്‍ ഇജ്തിഹാദ് ചെയ്യുകയാണ് ചെയ്തിരുന്നത് (മുസ്തസ്വ്ഫാ 2-108). സ്വഹാബത്തിനു ശേഷവും ഈ സമ്പ്രദായം നിരാക്ഷേപം തുടര്‍ന്നു പോന്നു. മഹാനായ ശാഹ് വലിയുല്ലാഹി (റ) രേഖപ്പെടുത്തിയതു കാണുക :
സ്വഹാബത്തിന്റെ കാലം മുതല്‍ നാലു മദ്ഹബുകള്‍ പ്രത്യക്ഷപ്പെടുന്നതുവരെ, ജനങ്ങള്‍ സൌകര്യപ്പെട്ട പണ്ഢിതന്മാരെ തഖ്ലീദു ചെയ്തു കൊണ്ടിരുന്നു. പരിഗണനീയനായ ഒരാളുടെയും ആക്ഷേപം അക്കാര്യത്തിലുണ്ടായിരുന്നില്ല. പ്രസ്തുത തഖ്ലീദ് തെറ്റായിരുന്നുവെങ്കില്‍ അവരതു നിരോധിക്കുമായിരുന്നു” (ഇഖ്ദുല്‍ജീദ്).
മുജ്തഹിദുകള്‍ നിറഞ്ഞൊഴുകിയ കാലഘട്ടമായിരുന്നു ആദ്യ നൂറ്റാണ്ടുകള്‍. ഇഷ്ടമുള്ളവരോട് ചോദിക്കാനും അവരെ തഖ്ലീദു ചെയ്തു പ്രവര്‍ത്തിക്കാനും സൌകര്യമുണ്ടായിരുന്നു. കാലക്രമത്തില്‍ മുജ്തഹിദുകളുടെ എണ്ണം കുറഞ്ഞു വന്നു. ഉള്ളവരെ അനുഗമിക്കാന്‍ സമുദായം നിര്‍ബന്ധിതരായി. മുജ്തഹിദുകള്‍ പിന്‍തലമുറകളുടെ രക്ഷക്കായി തങ്ങളുടെ മദ്ഹബുകള്‍ രേഖപ്പെടുത്തി വെക്കാന്‍ തുടങ്ങി. പലരും രേഖപ്പെടുത്തിയെങ്കിലും വിജ്ഞാന സമുദ്രങ്ങളും ജനസമ്മതരുമായ നാലു ഇമാമുകളുടെ മദ്ഹബുകള്‍ മാത്രമാണ് പൂര്‍ണമായി ലിഖിത രൂപത്തില്‍ അവശേഷിക്കുകയും വിശ്വസ്തരായ പണ്ഢിത തലമുറകള്‍ മുഖേന ലഭിക്കുകയും ചെയ്തത്. അങ്ങനെ അല്ലാഹുവിന്റെ മുന്‍ നിശ്ചയ പ്രകാരം നാലു മദ്ഹബുകള്‍ സമ്പൂര്‍ണമായി അവശേഷിക്കുകയും മറ്റുള്ളവ അപ്രത്യക്ഷമാവുകയും ചെയ്തു.
കര്‍മ ശാസ്ത്രത്തില്‍, അപ്പോള്‍ നാലിലൊരു മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധമായിത്തീര്‍ന്നു. അഞ്ചാമത്തെ ഒരു മദ്ഹബ് സമുദായത്തിന്റെ മുമ്പിലില്ല എന്നതു തന്നെ കാരണം. ഇമാം സുബ്കി (റ) അദ്ദേഹത്തിന്റെ നിദാനശാസ്ത്ര ഗ്രന്ഥത്തില്‍ പറയുന്നു : “സാധാരണക്കാരനും ഇജ്തിഹാദിന്റെ പദവി പ്രാപിച്ചിട്ടില്ലാത്ത മറ്റു വ്യക്തികള്‍ക്കും മുജ്തഹിദുകളുടെ മദ്ഹബുകളില്‍ ഒരു നിശ്ചിത മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധമാണ് എന്നതാണ് ശരിയായ അഭിപ്രായം (ജംഉല്‍ ജവാമിഅ് 2-440).

മദ്ഹബും തഖ്ലീദും

മദ് ഹബ് വിരോധികളുടെ പുതിയതന്ത്രം

മദ് ഹബ് വിരോധികളുടെ പുതിയതന്ത്രം
_______________________________
‘ഇജ്തിഹാദിനു കഴിവുള്ളവര്‍ ഇജ്തിഹാദു ചെയ്യണം. കഴിവില്ലാത്തവര്‍’ ഇസ്തിഫ്താഅ്’ ചെയ്യണം. തെളിവു സഹിതം ഫത്വാ തേടുന്നതിനാണ് ഇസ്തിഫ്താഅ് എന്നു പറയുന്നത്. ഫത്വാ സ്വീകരിക്കുന്നത് തഖ്ലീദല്ല. അപ്പോള്‍ മുജ്തഹിദാണെങ്കില്‍, മുഖല്ലിദ് ആകണമെന്നില്ല. അതു പാടില്ല താനും. ഇസ്തിഫ്താ ചെയ്യുക അഥവാ തെളിവു സഹിതം ഫത്വാ തേടുക മാത്രമാണ് ചെയ്യേണ്ടത്.”
രണ്ടു ഉല്‍പതിഷ്ണു പണ്ഢിതന്മാര്‍ ഒന്നിച്ചെഴുതിയ ‘തഖ്ലീദ് ഒരു പഠനം’ എന്ന പുസ്തകത്തില്‍ ഇവ്വിഷയകമായി നടത്തിയ സുദീര്‍ഘമായ ചര്‍ച്ചയുടെ രത്നച്ചുരുക്കമാണ് മുകളില്‍ കൊടുത്തത്.
ഇജ്തിഹാദിനു കഴിവില്ലാത്തവര്‍ ഒരു മുജ്തഹിദിനെ അനുഗമിക്കല്‍ നിര്‍ബന്ധമാണെന്നതു ഇജ്മാഅ് കൊണ്ടു സ്ഥാപിതമായ കാര്യമാണ്. ഇതിനു ഇത്തിബാഅ് (പിന്‍പറ്റല്‍) ഇസ്തിഫ്താഅ് (ഫത്വാ തേടല്‍) തഖ്ലീദ് (അനുകരിക്കല്‍) എന്നീ മൂന്ന് പദങ്ങളും ഉപയോഗിക്കാറുണ്ട്. നിദാന ശാസ്ത്രത്തില്‍ ആധികാരിക പണ്ഢിതനായ ഇമാം ഗസ്സാലി (450-505) യുടെ വാക്യങ്ങള്‍ തെളിവായി ഉദ്ധരിക്കാം. ‘സാധാരണക്കാരനു ഫത്വാ ചോദിക്കലും പണ്ഢിതന്മാരെ പിന്‍പറ്റലും നിര്‍ബന്ധമാകും’ (മുസ്തസ്വ്ഫാ 2-124). സാധാരണക്കാരന്‍, അറിവും സ്വീകാര്യതയുമുണ്ടെന്ന് ബോധ്യപ്പെട്ടവരോടല്ലാതെ ഫത്വാ തേടരുത്” (മുസ്തസ്വ്ഫാ 2-125).
“സാധാരണക്കാരനു മുഫ്തിയെ പിന്‍പറ്റല്‍ നിര്‍ബന്ധമാണ്. കാരണം സാധാരണക്കാര്‍ക്കു അയാളെ പിന്‍പറ്റല്‍ നിര്‍ബന്ധമാണെന്ന് പണ്ഢിതന്മാരുടെ ഏകകണ്ഠമായ അഭിപ്രായം (ഇജ്മാഅ്) വ്യക്തമാക്കുന്നു” (മുസ്തസ്വ്ഫാ 2-123).
എന്നാല്‍ സാധാരണക്കാരനു ഇജ്തിഹാദിന്നാസ്പദമായ അറിവു നേടുവാനും മതവിധിയെക്കുറിച്ചു സ്വയം ഒരു ധാരണയിലെത്തിച്ചേരുവാനും സാധിക്കാത്തത് കൊണ്ട്, മറ്റുള്ളവരെ തഖ്ലീദ് ചെയ്യല്‍ അനുവദിക്കപ്പെട്ടിരിക്കുന്നു. (മസ്തസ്വ്ഫാ 2-122).
ഇജ്തിഹാദിനു കഴിവുള്ള പണ്ഢിതനും മറ്റൊരാളെ തഖ്ലീദ് ചെയ്യല്‍ അനുവദനീയമാണെന്നു പറഞ്ഞിട്ടുള്ളവരുടെ കൂട്ടത്തില്‍, അഹ്മദു ബിന്‍ ഹമ്പല്‍, ഇസ്ഹാഖു ബിന്‍ റാഹവൈഹി, സുഫ്യാനുസ്സൌരി എന്നിവരും പെടുന്നു’ (മുസ്തസ്വ്ഫാ 2-121).
പണ്ഢിതന്മാരെ അനുഗമിക്കുന്നതിനു ഇത്തിബാഅ് പിന്‍പള്‍ന്റ, ഇസ്തിഫ്താഅ് ഫത്വാ തേടല്‍ എന്നീ പദങ്ങള്‍ ഉപയോഗിക്കുന്നതു പോലെ തന്നെ  തഖ്ലീദ് അനുകരണം എന്നും ഉപയോഗിക്കാമെന്ന് ഇമാം ഗസ്സാലിയുടെ ഉദ്ധൃത വരികള്‍ തന്നെ സ്പഷ്ടമാക്കുന്നു. എന്നിരിക്കെ, സാധാരണക്കാരന്‍ ഫത്വാ സ്വീകരിക്കല്‍ തഖ്ലീദ് അല്ലെന്നു, എങ്ങനെ അദ്ദേഹം രേഖപ്പെടുത്തി? ഇതാണ് അടുത്തായി ചിന്തിക്കാനുള്ളത്.
തഖ്ലീദിനു രണ്ടു പ്രയോഗമുണ്ട്
തെളിവില്ലാതെ അഭിപ്രായം സ്വീകരിക്കുക – ഇതാണല്ലോ തഖ്ലീദ്. എന്നാല്‍ ഇനിതു രണ്ടു വ്യാഖ്യാനമുണ്ട്. ഒന്ന്, സ്വീകാര്യനായ ഒരു പണ്ഢിതന്‍ പറഞ്ഞ വിധി, ആ വിധിയുടെ തെളിവെന്തെന്നു മനസ്സിലാക്കാതെ, സ്വീകരിക്കുക. ഈ തഖ്ലീദാണ് അനുവദനീയമെന്ന് ഇമാം ഗസ്സാലിയും മറ്റു പണ്ഢിതന്മാരും  പറഞ്ഞിട്ടുള്ളത്. സാധാരണക്കാരന്റെ ‘ഇസ്തിഫ്താഅ്’ ഈ അര്‍ഥത്തിലുള്ള തഖ്ലീദാണ്; തെളിവോടു കൂടി ഫത്വാ സ്വീകരിക്കലല്ല. ഇതിന്റെ വിശദാംശം അന്യത്രവരുന്നുണ്ട്.
ഒരാളെ അംഗീകരിക്കണമെന്നതിനു യാതൊരു തെളിവുമില്ലാതെ അയാളുടെ അഭിപ്രായം സ്വീകരിക്കുക, ഇതാണ് രണ്ടാമത്തെ വ്യാഖ്യാനം. ഈ തഖ്ലീദ് അന്ധമായ അനുകരണമാണ്. അതു കൊണ്ടു തന്നെ അതു കുറ്റകരവും അധിക്ഷേപാര്‍ഹവുമാണ്. പണ്ഢിതന്മാരെ അനുകരിക്കല്‍ ഈ അര്‍ഥത്തിലുള്ള തഖ്ലീദല്ല. കാരണം അവരെ അനുകരിക്കണമെന്നതിനു മതിയായ തെളിവുണ്ട്. ഇമാം ഗസ്സാലി (റ) തന്നെ പറയട്ടെ :
“സാധാരണക്കാരനു മുഫ്തിയെ അനുഗമിക്കല്‍ നിര്‍ബന്ധമാണ്. കാരണം അതിന് ‘ഇജ്മാഅ്’ തെളിവാണ്; മുഫ്തി പറഞ്ഞതു വ്യാജമാകട്ടെ, സത്യമാകട്ടെ, അബദ്ധമാകട്ടെ, സുബദ്ധമാകട്ടെ. മുഫ്തിയുടെയും സാക്ഷിയുടെയും വാക്കു സ്വീകരിക്കല്‍, അപ്പോള്‍, ഇജ്മാഅ് എന്ന തെളിവു കൊണ്ട് നിര്‍ബന്ധമായിക്കഴിഞ്ഞു. അതു കൊണ്ട് അത് തെളിവോടു കൂടി ഒരു വാക്ക് സ്വീകരിക്കലാണ്. ആകയാല്‍ അത് തഖ്ലീദല്ല. ഈ തഖ്ലീദു കൊണ്ട് നാം വിവക്ഷിക്കുന്നത് ഒരാളെ അംഗീകരിക്കണമെന്നതിനു യാതൊരു തെളിവുമില്ലാതെ അയാളുടെ ഒരഭിപ്രായം സ്വീകരിക്കുകയെന്നതാണ്” (മുസ്തസ്വ്ഫാ 2-123).
ഇസ്തിഫ്താഉം തഖ്ലീദും
ഇജ്തിഹാദിനു കഴിവുള്ളവനാണ് മുജ്തഹിദ്. തഖ്ലീദ് ചെയ്യുന്നവന്‍ മുഖല്ലിദും. ഫത്വാ ചോദിക്കപ്പെടുന്നവനു മുഫ്തി എന്നും പറയുന്നു. ഇസ്തിഫ്താഅ് അഥവാ ഫത്വാ തേടല്‍ രണ്ടു പേരില്‍ നിന്നുമുണ്ടാകും. മുജ്തഹിദില്‍ നിന്നുണ്ടാകുമ്പോള്‍ തെളിവു സഹിതം ഫത്വാ ചോദിക്കലാണ്; മുഖല്ലിദില്‍  നിന്നുണ്ടാകുമ്പോള്‍ തെളിവുകൂടാതെയും. മുജ്തഹിദിനു തെളിവു മനസ്സിലായില്ലെങ്കില്‍ ഫത്വാ സ്വീകരിക്കല്‍ ഹറാമും സാധാരണക്കാരനു തെളിവു മനസ്സിലായില്ലെങ്കിലും അതു സ്വീകരിക്കല്‍ നിര്‍ബന്ധവുമാണ്.
മുഖല്ലിദ് തെളിവു ചോദിക്കാന്‍ പാടില്ലെന്നോ മുജ്തഹിദ് അവനോടു തെളിവു പറയാന്‍ പാടില്ലെന്നോ ഇതിനര്‍ഥമില്ല. തെളിവു പറഞ്ഞാലും പറഞ്ഞില്ലെങ്കിലും തെളിവു വേണ്ട വിധം ഗ്രഹിക്കാതെ, വിധി സ്വീകരിച്ചാല്‍ അതു തഖ്ലീദു തന്നെ.  നിദാന ശാസ്ത്ര പണ്ഢിതനായ സുബ് കിയുടെ നിര്‍വ്വചനം കാണുക: “മത പണ്ഢിതന്റെ വാക്ക് അതിന്റെ തെളിവു മനസ്സിലാവാതെ സ്വീകരിക്കുന്നതാണ് തഖ്ലീദ” (ജംഉല്‍ജവാമിഅ് 2-253).
തെളിവു മനസ്സിലാക്കുന്നുവെങ്കിലോ? അതു തഖ്ലീദല്ല; ഇജ്തിഹാദു തന്നെയാണ്. ഇമാം മഹല്ലി പറയുന്നു :”മറ്റൊരു പണ്ഢിതന്റെ വാക്ക്, അതിന്റെ തെളിവു വേണ്ടവിധം മനസ്സിലാക്കി സ്വീകരിക്കല്‍ അയാളുടെ ഇജ്തിഹാദോടൊത്തുവന്ന മറ്റൊരു ഇജ്തിഹാദാകുന്നു (ശര്‍ഹു ജംഉല്‍ജവാമിഅ് 2- 251). ചുരുക്കത്തില്‍ ഫത്വാ സ്വീകരിക്കുമ്പോള്‍ തെളിവു വേണ്ടവിധം ഗ്രഹിച്ചാല്‍ ഇജ്തിഹാദും ഇല്ലെങ്കില്‍ തഖ്ലീദുമാണ്. മുജ്തഹിദും മുഖല്ലിദുമല്ലാത്ത ഒരു മുഫ്തി ഇല്ലതന്നെ. ഉണ്ടെന്ന് തഖ്ലീദു വിരോധികള്‍ എഴുതിവിട്ടതു മിതമായി പറഞ്ഞാല്‍ വ്യാജമാണ്.
മുജ്തഹിദിനേ തെളിവു ഗ്രഹിക്കാന്‍ കഴിയൂ
ഒരു വൈദ്യശാസ്ത്ര പണ്ഢിതന്‍ രോഗികളെ പരിശോധിച്ചു രോഗ നിര്‍ണ്ണയം നടത്തി, ഔഷധങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. ഇതു കണ്ടു ഒരു സാധാരണക്കാരന്‍ അല്ലെങ്കില്‍ മറ്റു പല വിഷയങ്ങളിലും വൈദഗ്ധ്യമുണ്ടെങ്കിലും വൈദ്യശാസ്ത്രത്തില്‍ വേണ്ടത്ര വിവരമില്ലാത്ത ഒരു വ്യക്തി രോഗം നിര്‍ണയിക്കാനും ഔഷധ നിര്‍ദ്ദേശം നല്‍കാനും തുടങ്ങിയാല്‍ ഫലം എന്തായിരിക്കും? മറുപടി ഊഹിക്കാവുന്നതേയുള്ളൂ. ഇതു തന്നെയാണ് ഇജ്തിഹാദിന്റെയും നില. ഗവേഷണ പടുവായ  ഒരു മഹാപണ്ഢിതന്‍ ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളെ ആധാരമാക്കി തന്റെ മുമ്പില്‍ വരുന്ന പ്രശ്നങ്ങള്‍ക്കു സ്വയം മതവിധികള്‍ ആവിഷ്കരിക്കുന്നു. ഇതു കണ്ടു മറ്റുള്ളവരും ഗവേഷണത്തിനൊരുങ്ങിയാല്‍  അപകടങ്ങള്‍ സംഭവിക്കും.
വൈദ്യശാസ്ത്രമറിയാത്തന്‍ അറിയുന്നവനെ സമീപിക്കുകയാണ് വേണ്ടത്. ബുദ്ധിയുള്ളവര്‍ ഇക്കാര്യത്തില്‍ പ്രതികൂലമായി പ്രതികരിക്കാനിടയില്ല. എന്നാല്‍ ഡോക്ടര്‍ രോഗം കണ്ടുപിടിച്ചു ഔഷധം നിര്‍ണയിച്ചു കൊടുക്കുമ്പോള്‍ തെളിവു പറയാറുണ്ടോ? പറഞ്ഞാല്‍ പ്രയോജനമു ണ്ടോ? ഇല്ല; അതാണു ശരി. രോഗം നിങ്ങള്‍ പറഞ്ഞതു തന്നെയാണെന്നതിനു എന്താണ് തെളിവ്? ഈ ഔഷധം അതിന്റെ ശമനത്തിനുതകുമെന്നതിനെന്തു ലക്ഷ്യം? ഇതില്‍ എന്തൊ ക്കെ  ചേരുവകള്‍ ചേര്‍ത്തിട്ടുണ്ട്? അവയുടെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്? ശാസ്ത്ര വിശാരദന്മാര്‍ക്ക് ഇക്കാര്യത്തില്‍ എന്തൊക്കെ അഭിപ്രായങ്ങളുണ്ട്? എന്നിങ്ങനെ സാധാരണക്കാരന്‍ ചോദിച്ചാല്‍ ബുദ്ധിയുള്ള വല്ല ഡോക്ടറും അതിനു മറുപടി പറയാനൊരുങ്ങുമോ? ഒരുങ്ങിയാല്‍ തന്നെ രോഗിക്കതു മനസ്സിലാകുമോ? മനസ്സിലായില്ലെങ്കില്‍ ചികിത്സ നടത്തേണ്ടതില്ലെന്നു ലോകത്താര്‍ക്കെങ്കിലും അഭിപ്രായമുണ്ടോ? ഇല്ല എന്നല്ലാതെ മറുപടിയില്ല.
സാധാരണക്കാരന്‍ മതവിധി തേടുന്നതിന്റെ നില ഇതില്‍ നിന്നു ഭിന്നമല്ല. മുജ്തഹിദ് പ്രശ്നത്തിനു പരിഹാരം നിര്‍ദ്ദേശിക്കുമ്പോള്‍ തെളിവു പറയണമെന്നില്ല. പറഞ്ഞാല്‍, പഠിക്കാത്തവ ര്‍ക്ക് മനസ്സിലാവുകയുമില്ല. തെളിവു മനസ്സിലായില്ലെങ്കില്‍ അതു സ്വീകരിക്കേണ്ടതില്ലെന്നു നൂ തന വാദികള്‍ക്കല്ലാതെ മറ്റാര്‍ക്കും അഭിപ്രായമില്ല.
ഇമാം മഹല്ലി പറയുന്നു; “തെളിവു ഗ്രഹിക്കാന്‍ മുജ്തഹിദിനു മാത്രമേ കഴിയൂ. കാരണം, അതു ലക്ഷ്യം, എതിര്‍ ലക്ഷ്യത്തില്‍ നിന്നു സംരക്ഷിതമാണെന്നറിയുന്നതിനെ ആശ്രയിച്ചിരിക്കുന്നു. അതാകട്ടെ സകല ലക്ഷ്യങ്ങളെയും സൂക്ഷ്മ പരിശോധന നടത്തുന്നതിനെ ആസ്പദിച്ചുമിരിക്കുന്നു. അതു മുജ്തഹിദിനേ സാധിക്കൂ (ശര്‍ഹു ജംളല്‍ ജവാമിഅ് 2-393).